എം.ടി എന്ന ആ സംസ്‌കാരം അസ്തമിച്ചു. മധുരമായൊരു സ്വപ്നത്തിനു തിരശ്ശീല വീണപോലെ...

എം.ടി എന്ന ആ സംസ്‌കാരം അസ്തമിച്ചു. മധുരമായൊരു സ്വപ്നത്തിനു തിരശ്ശീല വീണപോലെ...
Updated on
17 min read

എം.ടി എന്നും എനിക്ക് പ്രിയപ്പെട്ടവനായിരുന്നു. എന്റെ തലമുറയുടെ വിഗ്രഹമായിരുന്നു. അകന്നുനിന്ന് ഭക്തിയോടെ, ആരാധനയോടെ ഞങ്ങള്‍ ആ വിഗ്രഹത്തിനു മുന്നില്‍ കൈകൂപ്പി. എം.ടി എഴുതിയതൊക്കെ എന്റെ തലമുറയുടെ വികാരങ്ങളായിരുന്നു. കൊതിയോടെ ഞങ്ങള്‍ എഴുതിയതൊക്കെ വായിച്ചു. ആ എം.ടിയോടൊപ്പം കൂടല്ലൂരിലെ മാടത്ത് തെക്കേപ്പാട്ട് വീട്ടിലേയ്ക്ക് കയറിച്ചെല്ലുകയാണ്. പത്രപ്രവര്‍ത്തന ജീവിതത്തിലെ അവിസ്മരണീയമായ ഒരു ദിവസം, 1982 ഒക്ടോബര്‍ 12. വയല്‍വരമ്പിലൂടെ മുണ്ട് മടക്കിക്കുത്തി ബീഡി വലിച്ച് എം.ടി മുന്നില്‍ നടക്കുകയാണ്, ''ഈ വയല്‍വരമ്പിലൂടെ കാലികളോടിച്ച് നടന്നതാണ് എന്റെ ബാല്യം...'' എം.ടി മെല്ലെ പറഞ്ഞു. ഉഴുതുനിരത്തിയിരുന്ന പാടത്ത് തെളിഞ്ഞ വെള്ളം കെട്ടിക്കിടക്കുന്നു. അവിടവിടെ ചാണകവും ഇലച്ചവറും കൂട്ടിയിട്ടിരിക്കുന്നു. തെളിഞ്ഞ വെള്ളത്തില്‍ കൂത്താടികളും വരമ്പിനോരത്ത് ചെമ്പന്‍ തുമ്പികളും പാറിക്കളിക്കുന്നു. ഏതാനും വയലുകള്‍ക്കപ്പുറത്ത് ചെറുമികള്‍ ഞാറു നടുന്നു. വയലേലകളിലേയ്ക്ക് ചൂണ്ടി എം.ടി പറഞ്ഞു, ഈ പാടത്താണ് നുകം വെച്ച ഈര്‍ച്ചക്കാളകളുടെ പന്തയം നടന്നിരുന്നത്. പാടത്തിനു നടുവില്‍ ചരിഞ്ഞ തൂണുകളില്‍ ഞാന്നുകിടക്കുന്ന വൈദ്യുതി കമ്പികള്‍. അവിടവിടെ വരമ്പ് പൊളിഞ്ഞു ചെളിയുണങ്ങാതെ കെട്ടിക്കിടക്കുന്നു. ട്രാക്ടര്‍ കയറി അടര്‍ന്നുതെറിച്ച മടക്കുകളിലൂടെ വെള്ളം നുരച്ചിറങ്ങുന്നു. നടവരമ്പ് അവസാനിക്കുകയാണ്. മുന്നില്‍ 'മാടത്ത് തെക്കേപ്പാട്ട്' എന്ന് ചുവന്ന അക്ഷരങ്ങളിലെഴുതിയ ഗേറ്റ്. ഗേറ്റിനു ചുവട്ടിലെ കൈത്തോട് വക്കത്ത് കടലാവണക്ക് ചെടികള്‍ ഉണ്ടോയെന്നു നോക്കി. ഇല്ല. കൈത്തോട് ചുറ്റി കടലാവണക്കിന്റെ പൊള്ളുകള്‍ ഊതിനടന്ന വാസുവിനെ ഞാനോര്‍ത്തു. തെങ്ങും വാഴയും കവുങ്ങും നിറഞ്ഞ തൊടികളിലേയ്ക്ക് നോക്കി ഞങ്ങള്‍ പടികയറി. മുറ്റത്തുനിന്നു കുട്ടികള്‍ വിളിച്ചു പറയുന്നു:

''ഉണ്ണിമാമ, ഉണ്ണിമാമ വരുന്നു...''

പിന്നില്‍ നില്‍ക്കുമ്പോഴും എം.ടിയുടെ മുഖത്തെ പുഞ്ചിരി ഞാന്‍ കണ്ടു. നാലുകെട്ടിലേയ്ക്ക് ഇതാ ഞാന്‍ വീണ്ടും വരുന്നു. പടവിനു മുകളില്‍ നാലുമണിപ്പൂവുകള്‍, എം.ടി വീണ്ടും പറഞ്ഞു:

''എല്ലാം പഴയതുപോലുണ്ട്. ഉമ്മറം മാത്രം പുതുക്കിപ്പണിതിരിക്കുന്നു.''

അകത്തള ചുവരിനു നടുവില്‍ അമ്മയുടെ വലിയ ചിത്രം. അരികില്‍ നാല് സഹോദരന്മാരും ഒന്നിച്ചിരിക്കുന്ന ഫോട്ടോ. ഞാന്‍ മുറ്റത്തേയ്ക്കു നോക്കി. പഴുത്ത അടയ്ക്ക ഉണങ്ങാനിട്ടിരിക്കുന്നു. ഓലമേഞ്ഞ തൊഴുത്തും ഉരല്‍പ്പുരയും അവിടെത്തന്നെയുണ്ട്. തൊഴുത്തില്‍ കറുത്ത പശുക്കുട്ടി. ഉരല്‍പ്പുരയുടെ മുകളില്‍ കുമ്പളച്ചെടി പടര്‍ന്നുകിടക്കുന്നു. തൊഴുത്തിന്റെ ചായ്പില്‍ കലപ്പയും നുകവും പിന്നെയൊരു കൈക്കോട്ടും.

'മാടത്ത് തെക്കേപ്പാട്ട്' എന്ന ഈ നാലുകെട്ടില്‍നിന്നാണ് വാസുദേവന്‍ നായര്‍ വിഷാദമോഹങ്ങളുടെ താജ്മഹലുകള്‍ സൃഷ്ടിച്ചത്. ഒരിക്കല്‍ അടര്‍ന്നുവീഴാന്‍ കാത്തിരുന്ന ഈ ചുവരുകളില്‍നിന്നാണ് വാസുദേവന്‍ നായര്‍ മലയാളത്തെ മോഹിപ്പിച്ച മനോജ്ഞമായ കവിതകളെഴുതിയത്. ഈ നാലുകെട്ടും കോണിപ്പടിയം പത്തായപ്പുരയും വടക്കിനിയും വാസുവിന്റെ ഹൃദയത്തില്‍ എത്രയേറെ തേങ്ങലുകള്‍ സൃഷ്ടിച്ചു. ഇരുട്ടുമൂടിയിരുന്ന പൂമുഖത്ത് വെളിച്ചം കയറിയിരിക്കുന്നു. വടക്കിനിയിലും വടക്കേ തളത്തിലും കോണിമുറിയിലും ഇപ്പോഴും കണ്ണീരിന്റെ പാടുകള്‍ ഉണ്ടാകുമോ?

പൊട്ടിയ ഭിത്തികളും നനവുകിളരുന്ന നിലവുമുള്ള ഈ നാലുകെട്ടിനകത്ത് സഞ്ചരിക്കുമ്പോള്‍ പകലാണെങ്കിലും ഭയം തോന്നി. തലമുറകള്‍ ഈ ഇരുണ്ട മാളങ്ങളിലൂടെ ഇഴഞ്ഞുപോയി. ഇപ്പോള്‍ പഴയ ഓര്‍മ്മകളുമായി നില്‍ക്കുന്ന ഈ നാലുകെട്ട് എന്റെ സ്വന്തമാണ്. ഇവിടെ നിന്നാണ് ഒരുകാലത്ത് ജീവന്‍ കയ്യില്‍ പിടിച്ചുകൊണ്ട് ഓടിപ്പോയത്.

കൂടല്ലൂരിലെ വീട്
കൂടല്ലൂരിലെ വീട്

നാലുകെട്ടിന്റെ അകത്തളങ്ങള്‍

മൂത്ത ജ്യേഷ്ഠന്‍ എം.ടി. ഗോവിന്ദന്‍ നായരാണ് നാലുകെട്ടില്‍ താമസിക്കുന്നത്. ഞങ്ങള്‍ അകത്തളത്തില്‍ കയറി. ഓപ്പയും കുട്ടികളും കുറേക്കഴിഞ്ഞ് ജ്യേഷ്ഠനും വന്നു. ആഹ്ലാദത്തിന്റെ അലകള്‍. കൊച്ചുകുട്ടിയെ അരികില്‍ വിളിച്ച് എം.ടി പറഞ്ഞു:

''ഉണ്ണിമാമ നിനക്ക് മിഠായികൊണ്ടന്നിട്ടുണ്ട്.''

ഉമ്മറപ്പടിയിലിരുന്ന് എം.ടി വീട്ടുകാര്യങ്ങള്‍ ചോദിച്ചു. വീടുവയ്ക്കാനുള്ള വസ്തുകിട്ടുന്നതിനുള്ള ബുദ്ധിമുട്ട് ജ്യേഷ്ഠന്‍ പറഞ്ഞു. അപ്പോള്‍ തലേദിവസം എം.ടി പറഞ്ഞത് ഞാന്‍ ഓര്‍ത്തു.

എനിക്ക് കൂടല്ലൂരില്‍ രണ്ടേക്കര്‍ തെങ്ങിന്‍ തോപ്പുണ്ട്. പക്ഷേ, അവിടെ വീട് വയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. പുഴയുടെ അരികില്‍ ഒരു 15 സെന്റ് സ്ഥലം നോക്കുകയാണ്. വീടുവയ്ക്കാന്‍...

ഇടയ്ക്ക് എം.ടിയുടെ മൂന്നാമത്തെ ജ്യേഷ്ഠന്‍ നാരായണന്‍ നായര്‍ ഉമ്മറത്തളത്തിലേയ്ക്ക് വന്നു. നാട്ടുകാര്യങ്ങള്‍ കേട്ട് എം.ടി മന്ദഹസിച്ചിരുന്നു. ലോകത്തോട് മുഴുവന്‍ രോഷം കാട്ടുന്ന മുഖഭാവം അപ്പോള്‍ ഉണ്ടായിരുന്നില്ല.

നാലുകെട്ടിനു പിന്നിലെ കുണ്ടനിടവഴിയിലൂടെ ഞങ്ങള്‍ താന്നിക്കുന്നിലേയ്ക്ക് നടന്നു. മുളംകൂട്ടങ്ങളും പൊടിയണി മരങ്ങളും കാടുപിടിച്ച് കിടക്കുന്ന ഇടവഴി തലയ്ക്കല്‍വെച്ച് വേലിപ്പടര്‍പ്പിനപ്പുറത്തെ പുരയിലേക്ക് ചൂണ്ടി എം.ടി പറഞ്ഞു:

''അതാണ് കാലത്തിലെ മന...''

ഉണ്ണിനമ്പൂതിരി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് എം.ടി പറഞ്ഞു. പ്രായത്തെക്കാള്‍ തടിച്ച ശരീരവും കുലുക്കി, പലകപ്പല്ലുകളും പുറത്തുകാട്ടി നടന്ന ഉണ്ണി നമ്പൂതിരി. മന ആകെ നിലംപൊത്തി ക്ഷയിച്ചിരിക്കുന്നു. ജീവിക്കാന്‍ നിവൃത്തിയില്ലാതെ പ്രേതംപോലെ ഉണ്ണി നമ്പൂതിരി അലയുന്നു. മനവളപ്പില്‍ സര്‍പ്പക്കാവിനരികെ തേവടിച്ചിപ്പൂക്കള്‍ തലയാട്ടി നില്‍ക്കുന്നു.

ഉണ്ണി നമ്പൂതിരിയുടെ ഒരു ചിത്രമുണ്ട് നാലുകെട്ടില്‍. വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും നാലുകെട്ടിലെ ദാരിദ്ര്യത്തിന്റെ ചിത്രമാണത്. നായരുടെ തകര്‍ച്ചയുടെ ചിത്രമാണത്. ഫ്യൂഡലിസത്തിന്റെ തകര്‍ച്ചയുടെ ചിത്രമാണത്. വലിയ കുടുംബത്തില്‍ പിറന്നു വളര്‍ന്ന് അമ്മ ഇല്ലത്ത് പണിക്കു പോവുകയാണ്. കുഞ്ഞായിരിക്കുമ്പോള്‍ അമ്മയോടൊപ്പം ഇല്ലത്തു പോകാന്‍ ആഗ്രഹിച്ചിരുന്നു. അമ്മയ്ക്കു അതു പക്ഷേ, ഇഷ്ടമായിരുന്നില്ല. എങ്കിലും ഒരു ദിവസം അവന്‍ പോയിട്ടുണ്ട്. അഞ്ചെട്ടു വയസ്സുള്ളപ്പോഴാണ്. വലിയ ഇല്ലമാണ്. അവിടെ നെല്ലിടിക്കുകയും കുത്തുകയുമാണ് അമ്മയുടെ ജോലി. ആടിക്കളിക്കുന്ന വലിയ കാതില്‍ തിളങ്ങുന്ന വട്ടച്ചുറ്റുകളിട്ട കുഞ്ഞാത്തോല്‍ വിളിച്ചുപറയും:

''പാര്വോ, ആ പരമ്പ്ങ്ങട്ട് മടക്കിക്കോ...''

അല്ലെങ്കില്‍, ''ആ ഒരപ്പെരേന്ന് ഉമിത്തിരിബടെ കൊണ്ടെന്ന് കൂട്ടിക്കോ.''

പിന്നിലെ പടികടന്നാല്‍ നേരെ ഇല്ലത്തെ അടുക്കളമുറ്റത്താണെത്തുക. ആ വഴിക്കാണ് അമ്മ പോവുക.

അമ്മയുടെ കൂടെ ചെന്ന ദിവസം കുഞ്ഞാത്തോലു ചോദിച്ചു:

''പാറുന്റെ ചെക്കനാ?''

അവന് ഒട്ടും രസിച്ചില്ല. അവന്റെ അമ്മയുടെ പേര് പാറു എന്നല്ല, പാറുക്കുട്ടിയെന്നാണ്. അവനെപ്പറ്റിയാണ് ചോദിച്ചത്. ചെക്കന്‍!

ഉരല്‍പ്പുരയുടെ പരിസരത്തില്‍ അവന്‍ ചുറ്റിപ്പറ്റി നിന്നു. അമ്മയ്ക്ക് മുറയ്ക്ക് പണിയുണ്ടായിരുന്നു. ഉമ്മറത്തിനടുത്ത് മന്താരച്ചുവട്ടില്‍ കൂമ്പാളക്കോണകമുടുത്ത് കാലില്‍ ചിലമ്പുന്ന തളകളും കഴുത്തില്‍ ചരടില്‍ കോര്‍ത്ത് വട്ടമോതിരവും നെറുകയില്‍ ഉരുളയാക്കി കെട്ടിവച്ച മുടിയുമായി ഒരു ഉണ്ണി കളിച്ചിരുന്നു. അതു വല്യമ്പൂരിയുടെ ഉണ്ണിയാണ്.

ഉച്ചയ്ക്ക് വല്യനമ്പൂതിരിയുടെ ഊണുകഴിഞ്ഞ്, വലിയ കുഞ്ഞാത്തോലും ചെറിയ കുഞ്ഞാത്തോലും ഉണ്ണികളും ഉണ്ണിക്കിടാവും ഉണ്ടശേഷം ഉറക്കെ അകത്തുനിന്ന് കുഞ്ഞാത്തോലു വിളിച്ചു: ''പെണ്ണേ!'' അത് അവന്റെ അമ്മയെയാണ്.

വാതില്‍ക്കല്‍ ഒന്നിനുമീതേ ഒന്നായി രണ്ട് എച്ചിലിലകള്‍ വെച്ചിരുന്നു. രണ്ടിലും എച്ചില്‍ ചോറുണ്ട്. ഊമ്പിയ മാങ്ങയണ്ടിയും കറികളുമുണ്ട്.

അവന് ഓക്കാനം വന്നു

''എനിക്ക് വേണ്ട.''

''വെശ്ക്ക്ണില്ല്യേ!''

''നിക്ക് വേണ്ട, നിക്ക് വേണ്ട!''

കരച്ചിലടക്കിക്കൊണ്ട് അവന്‍ പറഞ്ഞു. അപ്പോള്‍ അമ്മ എച്ചിലിലകള്‍ താഴെയിട്ടു, കുനിഞ്ഞ് അവനെ മുറുകെ കെട്ടിപ്പിടിച്ചു.

''അമ്മേടെ യോഗാ മോനേ...!''

അവന്റെ ശിരസ്സില്‍ ചൂടുള്ള നനവുതോന്നി.

അതില്‍പ്പിന്നെ അവന്‍ അമ്മയുടെ കൂടെ പോയിട്ടില്ല.

താന്നിക്കുന്നിന്റെ നെറുകയില്‍ നിന്നാല്‍ നിളയിലെ മണല്‍തിട്ടകള്‍ കാണാം. പുഴ മണല്‍ തിട്ടകള്‍ക്കിടയില്‍ ചിന്നിക്കിടക്കുന്നു. എം.ടി കുന്നിന്റെ താഴ്വാരത്തേയ്ക്ക് വിരല്‍ചൂണ്ടി, അതാ അവിടെയാണ് മീനാക്ഷിയേടത്തിയുടെ വീട്, കാതുമുറിച്ച മീനാക്ഷിയേടത്തിയുടെ വീട്. എന്റെ കുട്ട്യേടത്തിയായി മാറിയ മീനാക്ഷിയേടത്തി... എന്റെ തറവാട്ടില്‍നിന്നു ഭാഗം വെച്ചുപോയ ഒരു തായ്വഴിയിലേതാണ് മീനാക്ഷിയേടത്തി, കാതുമുറിച്ച മീനാക്ഷിയേടത്തി കുട്ടിക്കാലത്ത് എനിക്കൊരു കൗതുകമായിരുന്നു. മീനാക്ഷിയേടത്തി ആത്മഹത്യചെയ്തത് എനിക്കൊരു ഞെട്ടലായി. ആ ഞെട്ടലില്‍നിന്നാണ് കാതില്‍ മണിയുള്ള എന്റെ കുട്ട്യേടത്തിയെ ഞാന്‍ സൃഷ്ടിച്ചത്.

പ്രിയപ്പെട്ട വായനക്കാര്‍ എം.ടിയുടെ കുട്ട്യേടത്തിയെ ഓര്‍ക്കുന്നില്ലേ. കയ്യാലയ്ക്ക് പിന്നിലിരുന്ന് കൊത്തക്കല്ല് കളിക്കുന്ന കുട്ട്യേടത്തി. മണലില്‍ മാന്തി കുഴിയാനയെ പിടിച്ചുനല്‍കുന്ന കുട്ട്യേടത്തി. മുണ്ട് മടക്കിക്കുത്തി മാവില്‍ കയറുന്ന കുട്ട്യേടത്തി.

''കാതിലെ മണിപോയാ കുട്ട്യേടത്തിനെ കാണാന്‍ ചന്തംണ്ടാവ്വോ ബാസ്വോ?'' കുട്ട്യേടത്തി ചോദിക്കുന്നു.

ഞാന്‍ പതുക്കെ വിളിച്ചു: ''കുട്ടേടത്തീ.''

'''ഒറങ്ങിക്കോ.''

അവരുടെ നനഞ്ഞ മാറിനോട് ചേര്‍ന്നു ഞാന്‍ കിടന്നു.

''ബാസു നല്ല കുട്ട്യാവണം. അമ്മീം വല്യമ്മീം ഒക്കെ നോക്കണം...''

ഞാന്‍ മൂളി.

പുലരുമ്പോള്‍ ഒരു നിലവിളികേട്ട് ഞെട്ടിത്തെറിച്ചാണ് ഞാന്‍ ഉണര്‍ന്നത്. ഭയപ്പാടോടെ ഞാന്‍ നോക്കി. അപ്പോള്‍ നടപ്പുരയുടെ ഉത്തരത്തില്‍നിന്ന് ഒരു കയറിന്‍ തുമ്പത്ത് കുട്ട്യേടത്തിയുടെ ശരീരം ആടുകയായിരുന്നു.

എംടി
എംടി

താന്നിക്കുന്നിന്റെ നെറുകയില്‍

മുന്നിലെ മഞ്ഞിണാത്തിച്ചെടികള്‍ക്കിടയിലൂടെ എം.ടി താന്നിക്കുന്നിന്റെ നെറുകയിലൊന്ന് വലംവച്ചു. മഞ്ഞിണാത്തിയില്‍നിന്നു കുറെ തേനുറുമ്പുകള്‍ ദേഹമാകെ വീണു. തേനുറമ്പുകളെ മാറ്റുന്നതിനിടയില്‍ എം.ടി പറഞ്ഞു. ഈ കുന്നിന്‍ നെറ്റിയും അടുത്ത പാടവും കഴിഞ്ഞ് താഴ്വാരത്തിലെത്തുമ്പോള്‍ അവിടെ, അവിടെയാണ് താലപ്പൊലിപ്പാല. പാലയുടെ താഴെ അമ്പലം. ആ അമ്പലച്ചുവട്ടില്‍ വെച്ചാണ് ഞാന്‍ ആദ്യമായി ഒരു ഭ്രാന്തനെ കണ്ടത്... കുന്നിന്‍ നെറുകയിലെ മാടത്തിനിടയിലൂടെ ഞാന്‍ അകലേയ്ക്ക് നോക്കി. മാടത്തിനു മുന്നിലെ കയ്യാലയില്‍ ചാരിനിന്ന് എം.ടി പറഞ്ഞു. കുട്ടിക്കാലത്ത് കണ്ട ആ ഭ്രാന്തന്‍ എന്റെ മനസ്സില്‍ കിടന്നു. പിന്നീട്, പിന്നീടെന്നോ ഒരിക്കല്‍ വേലായുധേട്ടനെ ഞാന്‍ കണ്ടു. എനിക്ക് ആ അനുഭവം മറക്കാനാവുകയില്ല. ഒരു ദിവസം ഞാന്‍ വീടിന്റെ ഉമ്മറത്ത് ഇരിക്കുകയായിരുന്നു. അപ്പോഴാണ് ചങ്ങല പൊട്ടിച്ച് വേലായുധേട്ടന്റെ വരവ്. ഉമ്മറത്തുവന്ന് വേലായുധേട്ടന്‍ അമ്മയെ ദയനീയമായി നോക്കി; ''മാളു ഏടത്തീ, എനിക്കിത്ര ചോറുവേണം'' അമ്മ ഊണു കൊടുത്തു. രണ്ടു പിടി തിന്നുന്നതിനു മുന്‍പ് പുറത്തുനിന്ന് വേലായുധേട്ടനെ പിടിക്കാന്‍ ആള്‍ക്കാര്‍ എത്തി. ആള്‍ക്കാരെ കണ്ട് കയ്യിലെ ചോറോടെ പുറത്തേയ്‌ക്കോടിയ വേലായുധേട്ടന്റെ ചിത്രം ഇപ്പോഴും മനസ്സിലുണ്ട്. എം.ടി താഴ്വാരത്തിലെ കവുങ്ങിന്‍ തോട്ടത്തിലേയ്ക്ക് വിരല്‍ ചൂണ്ടി. അവിടെ നാലുകെട്ടിനുമപ്പുറത്തുള്ള വടക്കേ വീട്ടിന്‍ മുറ്റത്തെ മരത്തൂണിലാണ് വേലായുധേട്ടനെ കെട്ടിയിരുന്നത്...

ഉച്ചവെയിലില്‍ വിയര്‍ത്തുകുളിച്ച് ഞങ്ങള്‍ താന്നിക്കുന്നിന്റെ പടവുകളിറങ്ങി. തൊട്ടാവാടിയും ആനത്തുവയും മൂടിക്കിടക്കുന്ന കുന്നിന്‍ തലപ്പുകള്‍. നീരോലിപ്പടര്‍പ്പുകളും ഞാവല്‍ കൂട്ടങ്ങളും പടര്‍ന്ന വഴിത്താരയിലൂടെ നടക്കവെ ഞാന്‍ ഓര്‍ത്തുപോയി, കരിമ്പാറകള്‍ ചത്തുമലച്ചു കിടക്കുന്ന വലിയ കുന്നിനെപ്പറ്റി. ഇവിടെ ഈ കുന്നിന്‍പടവില്‍ വെച്ചാണ് സേതു, സേതുവായത് (അല്ലെങ്കില്‍ വാസു, വാസുവായത്).

കുന്നിന്‍ചെരുവില്‍നിന്നു നിലം നന്നാക്കാന്‍ ചെങ്കല്ലുവെട്ടിയെടുത്ത ഭാഗം ഒരു ചെറിയ ഗുഹപോലെയാണ്. സുമിത്രയുടെ ആടുകള്‍ അവിടെ കയറിക്കൂടിയിരുന്നു. ആടുകളെ ഉന്തിത്തള്ളി പുറത്തു ചാടിച്ച് അവള്‍ അതില്‍ സ്ഥലം പിടിച്ചിരുന്നു. ആട്ടിന്‍ക്കാട്ടത്തില്‍ ചവിട്ടാതെ സേതു ഒതുങ്ങിയിരുന്നു. നിവര്‍ന്നുനിന്നാല്‍ തല മുട്ടും. ചെമ്മണ്ണു കലര്‍ന്ന വെള്ളം കുന്നിന്‍ചെരുവിലൂടെ കുത്തിയൊഴുകി. കുന്തിച്ചിരുന്നു കുതിര്‍ന്ന മണ്ണില്‍ ചെങ്ങണത്തണ്ട് കൊണ്ട് കുത്തിവരയ്ക്കുന്ന സുമിത്രയെ അവള്‍ കാണാതെ ഇടം കണ്ണിട്ടു നോക്കി.

''സുമിത്ര മുയ്യോന്‍ നനഞ്ഞുപോയി.''

വളരെ പതുക്കെയാണ് പറഞ്ഞത്. പുറത്ത് ഒട്ടിനില്‍ക്കുന്ന ജാക്കറ്റില്‍ പതുക്കെ വിരലുകൊണ്ട് വരച്ചപ്പോള്‍ അവള്‍ അനങ്ങിയില്ല. ചുമലില്‍ കൈവെച്ചപ്പോള്‍ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു.

വാശിയോടെ എഴുന്നേറ്റു. അവളുടെ മുഖത്ത് നോക്കാന്‍ ധൈര്യമുണ്ടായില്ല. നനഞ്ഞ മേല്‍ത്തട്ടില്‍ ശിരസ്സുരഞ്ഞു. കുതിര്‍ന്ന കളഭത്തിന്റേയും വിയര്‍പ്പിന്റേയും ഗന്ധം. വിജയത്തിന്റെ നിമിഷം...

പിടയുന്ന ശരീരം പൊടുന്നനെ ശക്തികൂടിയ കൈകള്‍ക്കുള്ളില്‍ ഒതുങ്ങിനിന്നപ്പോള്‍ ആകെ കോരിത്തരിച്ചു. അവളുടെ മുഖം കഴുത്തില്‍ മുട്ടുന്നു.

പഴയ സേതുവായി, ഭയപ്പാടോടെ സുമിത്രയുടെ മുഖത്തു നോക്കിയപ്പോള്‍ വിശ്വസിക്കാനായില്ല, തീയാളിയ കണ്ണുകളില്‍ നനവുള്ള നേര്‍ത്ത ചിരി മയങ്ങിനില്‍ക്കുന്നു.

വീട്ടിലെത്തിയപ്പോള്‍ അമ്മ ചോദിച്ചു:

''നീയീ മഴയത്ത് എവിടേര്ന്നെടാ?''

ഒന്നും മിണ്ടിയില്ല.

ലോകത്തോട് പറയണമെന്നുണ്ടായിരുന്നു, ഞാനാണ് സേതു. ഞാന്‍ സുമിത്രയെ കെട്ടിപ്പിടിച്ചു.

എം.ടി ഒരു മരത്തണലിലേയ്ക്ക് ഒതുങ്ങിനിന്നു. ഞാന്‍ അപ്പോള്‍ സേതുവിനെ (വാസുവിനെ) കുറിച്ചോര്‍ത്തു. സുമിത്രയെക്കുറിച്ചും. ആരായിരുന്നു സുമിത്ര, പതുങ്ങിയ ശബ്ദത്തില്‍ എം.ടിയോട് ചോദിച്ചു. കരയിലത്തണ്ടുകൊണ്ട് മുന്നിലൊരു കളംവരച്ച് എം.ടി ചിരിച്ചു. മങ്ങിയ ഒരു ചിരി. പിന്നെ കരിയിലത്തണ്ട് ദൂരേയ്ക്ക് എറിഞ്ഞു. ''സുമിത്ര ഒരു കഥാപാത്രമായിരുന്നു. വെറുമൊരു കഥാപാത്രം...'' എനിക്ക് വിശ്വസിക്കാനായില്ല. ഞാന്‍ വാസുവിന്റെ കണ്ണുകളിലേയ്ക്ക് നോക്കി. കണ്ണുകള്‍ ഒന്ന് മങ്ങിത്തുടുത്തുവെന്നു തോന്നി. നിലാവിന്റെ പുഴകളേയും നീണ്ടുമെലിഞ്ഞ വിരലുകളേയും ഓര്‍ത്തുകൊണ്ട് എത്രപ്രാവശ്യം മനസ്സില്‍ മന്ത്രിച്ചിരുന്നു. ''സുമിത്ര എനിക്കാരുമല്ല.'' ഇലഞ്ഞിപ്പൂക്കള്‍ വീണുകിടക്കുന്ന ഇടവഴിയിലൂടെ കാതോര്‍ത്തു നടന്ന നിമിഷങ്ങള്‍. സന്ധ്യയ്ക്ക് വിടര്‍ന്ന അരിമുല്ലപ്പൂക്കളുടെ ഗന്ധം. നിലാവും സുഗന്ധവും മേളമൊരുക്കി കാത്തിരുന്ന നിമിഷങ്ങള്‍.

ഈ നിമിഷത്തിനുവേണ്ടിയായിരുന്നു കാത്തിരുന്നത്. അതാരുടെ നിമിഷമായിരുന്നു.

''സുഹാനീരാത്ത് - തങ്കമണി കേട്ടിട്ടുണ്ടോ ആ പാട്ട്?''

''ഇല്ല.''

''സുഹാനീരാത്ത് ദില്‍ ചുഗി

നാ ജാനേതും കബൗനി''

ഊര്‍ന്നുവീണ കത്തിയുടെ മുകളില്‍ ശത്രുവീണ് നായകന്‍ രക്ഷപ്പെടുന്ന അന്ത്യത്തില്‍, തങ്കമണിയുടെ നേര്‍ത്ത വിരലുകള്‍ സേതുവിന്റെ കൈയ്ക്കകത്തായിരുന്നു.

എങ്കിലും വീണ്ടും പറയേണ്ടിവന്നു.

''തങ്കമണീ, എനിക്ക് മാപ്പു തരൂ.''

എം.ടി വീണ്ടും ഒരു ബീഡി കത്തിച്ചു. എന്നിട്ട് മാവിന്‍ ചോട്ടില്‍നിന്ന് ഒരുപിടി ചരല്‍ക്കല്ലുകള്‍ വാരി. തൊട്ടാവാടിയിലേയ്ക്ക് ഒരു കല്ലിട്ടു.

കുന്നിറങ്ങി നാലുകെട്ടിന്റെ പുറകിലെ ഇടവഴിയിലൂടെ നടക്കുകയാണ്. ഞാന്‍ നാലുകെട്ടിന്റെ പിന്നിലെ ജാലകത്തിലേയ്ക്ക് നോക്കി. ജാലക തിരശ്ശീല മെല്ലെ ആടുകയാണ്. ആരാണ് പിന്നില്‍. ഞങ്ങള്‍ വീണ്ടും പടിക്കെട്ടിലെത്തി. ആ തുറന്ന ജാലകത്തിലൂടെ അപ്പോഴും തണുതണുത്ത കാറ്റ് കടന്നുവരുന്നുണ്ടായിരുന്നു. എം.ടി വരച്ചിട്ട രംഗങ്ങള്‍ ഓര്‍മ്മയില്ലേ.

ജനാലയുടെ അഴികള്‍ക്കിടയിലൂടെ നോക്കുമ്പോള്‍ തൊഴുത്തും അതിനു പിറകിലെ അയണിമരത്തിന്റെ കൊമ്പുകളും ഇരുട്ടില്‍ നിഴലുകള്‍പോലെ കാണാം. തണുപ്പു തോന്നിയപ്പോള്‍ എഴുന്നേറ്റ് ജനാല അമര്‍ത്തിയടച്ചു. ആകെ ഇരുട്ട്. കണ്ണടച്ചു കിടന്നു. ഉറക്കം കണ്ണുകളിലേയ്ക്ക് നുഴഞ്ഞുകയറുകയായി.

മേഘങ്ങളുടെ ഇടയിലെ മാളികയിലേക്ക്, കുതിരപ്പുറത്ത് രാജകുമാരന്‍ പറക്കുകയാണ്, മട്ടുപ്പാവിലാണ് ചെന്നിറങ്ങിയത്. പട്ടുകിടക്കയില്‍ രാജകുമാരി ഇരുന്ന് വീണ വായിക്കുന്നു...

ആരോ നെഞ്ചില്‍ കൈവച്ചുവെന്നു തോന്നി. പെട്ടെന്നു ഞെട്ടിയുണര്‍ന്നു. എങ്കിലും കണ്ണു തുറന്നില്ല. നെഞ്ചില്‍ ഒരു കൈത്തലമിരിക്കുന്നു. നിലവിളിക്കാനാണ് തോന്നിയത്. മോതിരമിട്ട വിരലുകള്‍ മുഖത്തു തടഞ്ഞു.

''ഞാനാണ്, അപ്പുണ്ണീ!''

ഒരു നിമിഷം. കുപ്പിവളകളുടെ ശബ്ദം. നെഞ്ചില്‍ വെച്ച കൈത്തലത്തിനു ചൂടുണ്ട്. ചുടുള്ള ശ്വാസം മുഖത്തുതട്ടി, പതുക്കെപ്പതുക്കെ ഒരു ശബ്ദം കേള്‍ക്കുന്നു: ''പേടീണ്ടോ?'' ചൂടുള്ള പരുപരുത്ത കൈകള്‍ ശരീരത്തില്‍ അവിടവിടെ സഞ്ചരിക്കുകയാണ്. വാസനസോപ്പിന്റെ നേര്‍ത്ത മണം... ശരീരമാകെ പൊട്ടിത്തരിക്കുന്നതുപോലെ തോന്നി?

കണ്ണുകള്‍ തുറക്കണമെന്നുണ്ട്.

പറക്കുന്ന കുതിരപ്പുറത്ത് രാജകുമാരനും രാജകുമാരിയും സഞ്ചരിക്കുകയാണ്, മേഘകൂട്ടങ്ങള്‍ക്കിടയിലൂടെ:

''അപ്പുണ്ണ്യേട്ടാ.''

മാളുവിന്റെ ശബ്ദം കേട്ടാണുണര്‍ന്നത്.

''നേരെത്രായീശ്ശ്യണ്ടോ?''

അപ്പുണ്ണി പിടഞ്ഞെഴുന്നേറ്റിരുന്നു കണ്ണുതിരുമ്മി. മുണ്ട് ശരിയാക്കി. പായ മടക്കി മൂലയില്‍ ചാരിവെക്കാന്‍ ഉയര്‍ത്തിയപ്പോഴാണ് എന്തോ താഴെ വീണത്.

ചുവന്ന കുപ്പിവളപ്പൊട്ടുകള്‍. അകത്തു സ്വര്‍ണ്ണനൂലിട്ടപോലെ തിളങ്ങുന്ന മഞ്ഞരേഖയുള്ള ചുവന്ന വളപ്പൊട്ടുകള്‍.

മാളു പോയോ എന്നാണ് ആദ്യം നോക്കിയത്. അവള്‍ പോയിരിക്കുന്നു.

പാടത്തുനിന്നു നനവുള്ള കാറ്റ് അടിച്ചുവരികയാണ്. അപ്പുണ്ണി ഇരുട്ടിലേയ്ക്ക് നോക്കിക്കൊണ്ട് എന്തെല്ലാമോ ആലോചിച്ചിരുന്നു.

മറ്റൊരു രംഗം

അപ്പോള്‍ അമ്മിണിയേടത്തി അടുത്തുവന്നു.

''അപ്പുണ്ണി ഇരുന്ന് ഒറങ്ങ്വോ?''

അവന്റെ കഴുത്തിലൂടെ അമ്മിണിയേടത്തി കയ്യിട്ടപ്പോള്‍ വല്ലാതായി. അവരുടെ വസ്ത്രങ്ങള്‍ക്ക് നല്ല സോപ്പിന്റെ മണമുണ്ട്. കൈത്തണ്ടകൊണ്ട് കഴുത്തില്‍ അമര്‍ത്തി അമ്മിണിയേടത്തി ചോദിക്കുകയാണ്: ''പേടീല്യേ? പേടില്യേ?''

അപ്പുണ്ണിയുടെ മേനി കോരിത്തരിച്ചുപോയി. പിറ്റേന്നു രാവിലെ പായയില്‍നിന്നു പെറുക്കിയെടുത്ത കുപ്പിവളപ്പൊട്ടുകളുമായി കുളക്കടവില്‍ ചെന്നിരുന്നു. അപ്പോള്‍ വെറുപ്പും വ്യസനവും തോന്നി. കുപ്പിവളപ്പൊട്ടുകള്‍ ഓരോന്നായി കുളത്തിലേയ്ക്ക് വലിച്ചെറിഞ്ഞു കൊണ്ടിരുന്നു. അമ്മ അറിഞ്ഞാല്‍? മനസ്സൊന്നു തേങ്ങി.

പഴയ നാലുകെട്ട് പുതുക്കിപ്പണിതെങ്കിലും ഇപ്പോഴും ഇവിടെ പഴയൊരു ഗന്ധം കെട്ടി കിടക്കുന്നുണ്ട്. ഈ പടിക്കെട്ട് ഇറങ്ങവെയാണ്, വാസു ഒരിക്കല്‍ മനസ്സില്‍ കുറിച്ചിട്ടത്: ''വളരും വളര്‍ന്ന് വലിയ ആളാവും, കൈകള്‍ക്ക് നല്ല കരുത്തുണ്ടാവും. അന്ന് ആരെയും ഭയപ്പെടേണ്ടതില്ല. തല ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നില്‍ക്കാം, ആരെടാ?'' എന്നു ചോദിച്ചാല്‍ പരുങ്ങാതെ ഉറച്ച സ്വരത്തില്‍ പറയാം: ''ഞാനാണ്, കോന്തുണ്ണിനായരുടെ മകന്‍ അപ്പുണ്ണി. 1958-ലാണ് നാലുകെട്ട് പ്രസിദ്ധീകരിക്കുന്നത്.'' അപ്പോഴും അഴുകിദ്രവിച്ച് പഴയ നാലുകെട്ട് ഇവിടെ ഉണ്ടായിരുന്നു. അപ്പോള്‍ എം.ടിക്ക് 25 വയസ്സ്.

എംടി
എംടി

കഥകള്‍ നിറഞ്ഞ ഇടവഴികള്‍

കൈതക്കാടുകള്‍ക്ക് നടുക്കുള്ള ഇടവഴി ഇപ്പോഴും അവിടെയുണ്ട്, അല്പമൊന്ന് വലുതാക്കിയെന്നു മാത്രം. ഈ ഇടവഴിയിലൂടെ പേടിയോടെ, ചുറ്റും നോക്കിയാണ് കുട്ടിക്കാലത്ത് നടക്കാറ്. കൈതക്കൂട്ടങ്ങള്‍ക്കിടയിലെ മാളങ്ങളിലാണത്രേ മൂര്‍ഖന്‍ പാമ്പുകള്‍ താമസിക്കുക. കൈതപ്പൂവിന്റെ മണം പാമ്പിന് ഇഷ്ടമാണത്രേ. നല്ല മണം. നല്ല പാട്ട്, ചന്തമുള്ള പെണ്ണുങ്ങള്‍ - ഇതൊക്കെയാണ് വല്ലാത്ത വിഷമുള്ള മൂര്‍ഖന്‍ പാമ്പിന് ഇഷ്ടം. വിഷമുള്ള പാമ്പുകള്‍ക്കു മാത്രമാണോ ഇത്. ജീവിതം നിന്നു ത്രസിക്കുന്ന ഇരുപതുകളിലാണ് കൈതക്കൂട്ടങ്ങള്‍ക്കിടയിലെ മാളങ്ങള്‍ക്കരികിലൂടെ വാസു നടന്നുനീങ്ങിയത്. ആ നാലുകെട്ട് കൂടല്ലൂരിന്റെ ഹൃദയമായിരുന്ന കേരളത്തിന്റെ ഹൃദയമായിരുന്ന എം.ടിയുടെ ഹൃദയമായിരുന്നു.

പടിത്തിട്ടയിലിരുന്ന് എം.ടി വിയര്‍പ്പ് ഒപ്പുകയായിരുന്നു. അപ്പോഴും ഞാന്‍ ഓര്‍ക്കുകയായിരുന്നു. ഓളോര്‍ മാങ്ങയുടെ കവിളുകളുമായി കടന്നുപോയ അമ്മുക്കുട്ടിമാരെപ്പറ്റി, നിലത്തിഴയുന്ന വലിയ പാവാടയുടുത്ത് ഗണപതി ഹോമത്തിന്റെ കരിക്കുറിയും ചന്ദനത്തിന്റെ വരക്കുറിയും തൊട്ട് എത്രയെത്ര സുന്ദരിമാര്‍... പതിനാറാമത്തെ വയസ്സില്‍ നീറുന്ന ഒരു നിഴല്‍ത്തണ്ടുപോലെ ഹൃദയത്തില്‍ വീണ ആദ്യപ്രേമത്തെപ്പറ്റി എവിടെയോ എം.ടി പറഞ്ഞിട്ടുണ്ട്. ഞാനത് ചോദിച്ചില്ല: ''കരിയിലകള്‍ മൂടിയ വഴിത്താരകളിലേക്ക്'' നോക്കിയിരിക്കെ എം.ടിയുടെ മനസ്സില്‍ എന്താവുമെന്നു ഞാന്‍ ഓര്‍ത്തു.

പുലര്‍ച്ചെ കോഴിക്കോട് 'സിതാര'യില്‍നിന്നാണ് ഞങ്ങള്‍ കൂടല്ലൂരിലേയ്ക്കു വന്നത്. ചന്ദനനിറമുള്ള കാറില്‍, പുറകിലെ സീറ്റിന്റെ മൂലയില്‍ ഒതുങ്ങിയിരുന്ന് പുകവലിക്കുകയായിരുന്നു എം.ടി, അപ്പോഴാണ് ഞാന്‍ കൂടല്ലൂരിലെ ജീവിതത്തെപ്പറ്റി ചോദിച്ചത്. പകുതിപോലും കത്തിക്കഴിയാത്ത ബീഡി പുറത്തേയ്‌ക്കെറിഞ്ഞ് എം.ടി പറഞ്ഞു: ''മുക്കാലണയ്ക്ക് എനിക്കന്ന് കഴിവുണ്ടായിരുന്നില്ല. മുക്കാല്‍ അണയ്ക്ക് ഒരു സ്റ്റാമ്പു വാങ്ങി ഒട്ടിച്ച് ഒരു കത്ത് പോസ്റ്റ് ചെയ്യാന്‍ കഴിയാത്ത സ്ഥിതിയെപ്പറ്റി ഒന്ന് ഓര്‍ത്തുനോക്കൂ...''

ബി.എസ്സി പാസ്സായി ഉദ്യോഗത്തിന് അപേക്ഷ അയയ്ക്കാന്‍പോലും അഞ്ച് പൈസ കയ്യിലില്ലാതിരുന്ന കാലം. ഉദ്യോഗമൊഴിവുകള്‍ അറിയുന്നതിന് ഇംഗ്ലീഷ് പത്രത്തിന്റെ കോളങ്ങള്‍ കാണാന്‍ മൈലുകള്‍ നടക്കേണ്ടിവന്ന കാലം. ആ കാലത്തു തകര്‍ന്ന നാലുകെട്ടിന്റെ മുകളില്‍ ചാരുപടിയുടെ മുന്നില്‍ അരണ്ടവെളിച്ചത്തിലിരുന്ന് വാസു സ്വപ്നങ്ങള്‍ നെയ്തിരുന്നു. ഒരിക്കല്‍ പക്ഷേ, മനസ്സിലെ അപരിചിതങ്ങളായ അമര്‍ഷങ്ങളൊക്കെ പൊട്ടിയൊഴുകി. അച്ഛന്റെ വീടിന്റെ നടുത്തളത്തില്‍, ജ്യേഷ്ഠന്മാരോടൊപ്പം ഊണ് കഴിക്കാന്‍ ഇരിക്കുകയായിരുന്നു.

''മൂത്ത കുട്ടികളെക്കുറിച്ച് എനിക്ക് പരിഭ്രമമൊന്നുമില്ല. അവര്‍ എന്റെ അന്തസ്സും അഭിമാനവും നഷ്ടപ്പെടുത്തുന്നില്ല. വേണ്ടാത്തതൊക്കെ കുത്തിക്കുറിച്ചുകൊണ്ട് പത്തായപ്പുരയുടെ മുകളില്‍ കഴിയുന്ന നീയാണ് എന്റെ ശാപം. നിനക്കുവേണ്ടി ഞാന്‍ ചെലവഴിക്കുന്ന ഓരോ പൈസയും കടലിലെറിയുന്നതുപോലെയാണ്. നശിച്ച സന്തതി, വീടിനും നാടിനും അപമാനം... നിറഞ്ഞ കണ്ണുകളോടെ വാസു എഴുന്നേറ്റ് പത്തായപ്പുരയിലേയ്ക്കു പോയി. വേദനയെക്കാള്‍ ഏറെ രോഷമായിരുന്നു. എല്ലാവരും തനിക്കെതിരാണ്. താന്‍ നശിക്കുന്നതു കാണാന്‍ കാത്തിരിക്കുകയാണെല്ലാവരും. പ്രഭാതത്തിലെ നേര്‍ത്ത മൂടല്‍മഞ്ഞ് പൊതിഞ്ഞുനില്‍ക്കുന്ന ആ നാലുകെട്ടിനേയും അതിനകത്തെ മനുഷ്യരെയുമെല്ലാം ഞാന്‍ വെറുക്കുന്നു. പഴയ ഇരുമ്പു പെട്ടിയുമെടുത്ത് വീടുവിട്ടു. അറിയാത്ത അകലങ്ങളിലേക്ക് ഒരിക്കലും മടങ്ങിവരാതിരിക്കാന്‍ വേണ്ടി...

ഇന്ന് ആ കാലങ്ങളോട് എം.ടി നന്ദി പറയുന്നുണ്ടാവും. മാടത്ത് തെക്കേപ്പാട്ടെ വാസുവിനോട് എം.ടി വാസുദേവന്‍ നായര്‍ നന്ദി പറയുന്നുണ്ടാവും. അപൂര്‍വ്വമായി മാത്രം തെളിയുന്ന, നേര്‍ത്ത ആ ചിരിയോടെ എം.ടി പറഞ്ഞു.

''അതേ, ഞാന്‍ ആ കാലത്തിനോട് കടപ്പെട്ടിരിക്കുന്നു. ഇന്ന് ഒരു ചിരിയോടെ മാത്രമേ അതൊക്കെ ഓര്‍ക്കാന്‍ കഴിയൂ. കുടുക്കുകള്‍ വേറിട്ട മുഷിഞ്ഞ കാലുറ അരയില്‍ കുടുക്കി നിറുത്തി നടന്ന കാലം... ഞാന്‍ ആ കാലത്തിനോട് കടപ്പെട്ടിരിക്കുന്നു.''

വയറുനിറയെ ആഹാരം വലിയൊരു സ്വപ്നമായിരുന്ന കുട്ടിക്കാലം. ഒരു പിറന്നാള്‍ സദ്യയ്ക്കുവേണ്ടി, കര്‍ക്കിടകത്തിലെ പിറന്നാള്‍ സദ്യയ്ക്കുവേണ്ടി കൊതിച്ചിരുന്ന കാലം. ഒരിക്കല്‍ ധൈര്യം സംഭരിച്ച് അമ്മയോട് പറഞ്ഞു:

''പിറന്നാളിന് എനിക്കു കഞ്ഞിവേണ്ട, ചോറ് വേണം.'' കടം വാങ്ങി ഒരാളെ നെല്ലിനയച്ചു. ആളെത്തിയപ്പോള്‍ രണ്ടുമണി കഴിഞ്ഞിരുന്നു. നെല്ല് ചോറായപ്പോള്‍ വൈകുന്നേരമായി. വാസു അപ്പോള്‍ തളര്‍ന്ന് ഉറങ്ങിക്കഴിഞ്ഞിരുന്നു. അന്ന് വാസു ഉണ്ടില്ല.

ഇന്നോര്‍ക്കുമ്പോള്‍ അതു നന്നായി എന്നു തോന്നുന്നു! എത്രയെത്ര അപ്പുണ്ണിമാരും സേതുമാരും വാസുവിന്റെ ഇല്ലായ്മകളില്‍നിന്ന്, ഹൃദയത്തിലെ ഏകാന്ത രോഷങ്ങളില്‍നിന്നു കടന്നു വന്നിരിക്കുന്നു. ഇടയ്ക്ക് എപ്പോഴോ എം.ടി പറഞ്ഞു:

''അന്നു മനസ്സില്‍ ഒരുതരം പ്രതികാരമായിരുന്നു. എന്തിനോടെന്നറിയില്ല. ഒരു പരീക്ഷ ജയിച്ചാല്‍, ഒരു കഥ അച്ചടിച്ചുവന്നാല്‍ രണ്ട് നല്ല വാക്ക് പറയാന്‍ എനിക്കാരുമുണ്ടായിരുന്നില്ല. കാരണമൊന്നുമില്ലാതെ വീട്ടില്‍ ഞാന്‍ ഒരു അപരിചിതനായി ജീവിച്ചു...''

എം.ടി അപ്പോള്‍ ചിരിക്കുന്നുണ്ടെന്നു തോന്നി. ഓര്‍മ്മയില്‍ എവിടെയോ ഒരു നൊമ്പരം വീണപോലെ.

''ഭക്തിവിഷയത്തിലേക്ക് അവന്റെ ചിന്ത പോണുണ്ടോ? കണ്ണില്‍ക്കണ്ട പെണ്ണങ്ങടീം ആണങ്ങടീം തോന്ന്യാസത്തരല്ലേ അവന്‍ എഴുത്ണ്?'' അച്ഛന്റെ വാക്കുകള്‍.

എല്ലാവരില്‍നിന്നും അകന്ന്, ഹൃദയത്തില്‍ നിറയെ സ്വപ്നങ്ങളുമായി ജീവിച്ച കോളേജ് വിദ്യാഭ്യാസകാലത്ത് ഇതുപോലെ എത്രയെത്ര ശകാരങ്ങള്‍. ആദ്യമായി ഒരു ലേഖനം അച്ചടിച്ചു വന്ന ദിവസം. 1947-ലെ ഒരു ദിവസം കാലില്‍ ആണിപ്പുണ്ണുള്ള അഞ്ചല്‍ക്കാരന്‍ ഏന്തിവലിഞ്ഞു നടന്നുവരുന്നതും കാത്ത് കഴിച്ചുകൂട്ടിയ നീണ്ട നീണ്ട വൈകുന്നേരങ്ങള്‍ക്കുശേഷം വന്ന ദിവസം. ജീവിതം ധന്യമായെന്ന് തോന്നിയതന്നാണ്. പക്ഷേ, തന്റെ പ്രിയപ്പെട്ട ഓപ്പയോട് മാത്രേ അതു പറയാന്‍ വാസുവിനു ധൈര്യം വന്നുള്ളൂ. അവര്‍ക്കത് കാണിച്ചുകൊടുക്കുമ്പോള്‍ ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു. അവര്‍ അനുമോദിക്കുകയും ചെയ്തു. അതായിരുന്നു എഴുത്തിനു കിട്ടിയ ആദ്യത്തെ പ്രോത്സാഹനം.

ദീപാവലി ദിവസം രാവിലെയാണ് കോഴിക്കോട്ട് സിതാരയില്‍നിന്നു ഞങ്ങള്‍ എം.ടിയുടെ കാറില്‍ കൂടല്ലൂരിലേയ്ക്ക് തിരിച്ചത്. എന്നോടൊപ്പം ചന്ദ്രമോഹന്‍ എന്ന കലാകൗമുദിയുടെ ഫോട്ടോഗ്രാഫര്‍. ചന്ദ്രമോഹന്റെ കയ്യിലിരുന്ന ക്യാമറ വാങ്ങി നോക്കി എം.ടി പറഞ്ഞു: ''ഫോട്ടോഗ്രാഫി ഞങ്ങളുടെ ഒരു ഹോബിയാണ്. എന്റെ രണ്ടാമത്തെ ജ്യേഷ്ഠന്‍ മനോഹരമായ ചിത്രങ്ങളെടുക്കും. പണ്ട് സിലോണില്‍നിന്നു മടങ്ങിയെത്തിയ അച്ഛന്‍ കൊണ്ടുവന്ന ക്യാമറയെപ്പറ്റി എം.ടി പറഞ്ഞു. അവിടെനിന്നാണ് ഫോട്ടോഗ്രാഫിയോടുള്ള കൗതുകം തുടങ്ങിയത്... ഈ വരികള്‍ വീണ്ടും പഴയൊരു കൂടല്ലൂര്‍ യാത്രക്കുറിപ്പില്‍നിന്നു പകര്‍ത്തുമ്പോള്‍ ഞാന്‍ ചന്ദ്രമോഹനെ ഓര്‍ത്തുപോകുന്നു. ചന്ദ്രമോഹന്‍ ഒരുപാട് യാത്രകളില്‍ എന്നോടൊപ്പം കൂടിയിരുന്നു. കറുത്ത് കുറുകി എപ്പോഴും പുഞ്ചിരിക്കുന്ന ആ ചന്ദ്രമോഹനെ ചെറിയ പ്രായത്തിലാണ് മരണം തേടിവന്നത്. കൂടല്ലൂര്‍ യാത്രയുടെ മനോഹരമായ ചിത്രങ്ങള്‍ അടങ്ങിയ ആല്‍ബം ചന്ദ്രമോഹന്‍ എം.ടിക്ക് സമര്‍പ്പിച്ചിരുന്നു. മലയാളത്തിലെ വലിയ പത്രസ്ഥാപനം ഒരു അടിക്കുറിപ്പുപോലും കൊടുക്കാതെ, ഒരു വരി നന്ദിപോലും പ്രകടിപ്പിക്കാതെ ചന്ദ്രമോഹന്റെ ആ ഫോട്ടോ ആല്‍ബം പില്‍ക്കാലത്ത് ഉപയോഗിച്ചു. പത്രം എത്ര നന്ദികേടാണ് കാണിച്ചതെന്നു ഞാന്‍ ഒര്‍ത്തു പോകുന്നു. കൂട്ടത്തില്‍ എഴുതി എന്നേ ഉള്ളൂ. ദീപാവലി ദിനത്തിലെ കൂടല്ലൂര്‍ യാത്രയിലാണ് തന്റെ കുടുംബത്തെക്കുറിച്ച്, ജ്യേഷ്ഠന്മാരെക്കുറിച്ച് പറഞ്ഞത്. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററായി റിട്ടയര്‍ ചെയ്തിരുന്ന മൂത്ത ജ്യേഷ്ഠന്‍ എം.ടി ഗോവിന്ദന്‍ നായര്‍, ബ്രൂക്ബോണ്ട് കമ്പനിയിലായിരുന്ന എം.ടി. ബാലകൃഷ്ണന്‍ നായര്‍, റെയില്‍വേ ഉദ്യോഗസ്ഥനായിരുന്ന എം.ടി. നാരായണന്‍ നായര്‍. ഇടശ്ശേരി സ്‌കൂളില്‍പ്പെട്ട ഒരു കവിയായിരുന്നു നാരായണന്‍ നായര്‍. ഒരു സഹോദരിയില്ലാത്തതിന്റെ വേദന എം.ടി കുട്ടിക്കാലത്ത് ഏറെ അനുഭവിച്ചിട്ടുണ്ട്. ആ വിഷാദാനുഭവത്തിന്റെ നിഴലുകളാണ് നിന്റെ ഓര്‍മ്മയ്ക്ക് എന്ന കഥ. എം.ടി അത് രേഖപ്പെടുത്തിയിട്ടുണ്ട്. പത്തു വയസ്സുള്ള കാലത്ത് സിലോണില്‍നിന്നു നാലു കൊല്ലത്തിനുശേഷം അച്ഛന്‍ നാട്ടില്‍ വന്നു. അച്ഛന്റെ വരവ് വീട്ടില്‍ എല്ലാവരും ഉറ്റുനോക്കിയിരുന്നതാണ്. അച്ഛന്‍ വന്നപ്പോള്‍ കൂടെ ഒരു പെണ്‍കുട്ടിയുണ്ട്. സിംഹള ഭാഷ മാത്രം സംസാരിക്കാന്‍ അറിയുന്ന ഒരു വെളുത്ത പെണ്‍കുട്ടി. അവള്‍ അച്ഛന്റെ കൂടെ കോലായിലേയ്ക്ക് കാലുകുത്തിയതോടെ ആഹ്ലാദം നിറഞ്ഞുനിന്നിരുന്ന അന്തരീക്ഷമാകെ മരവിച്ചു പോയി. പലര്‍ക്കും പല സംശയങ്ങള്‍. ഞങ്ങള്‍ സ്വകാര്യമായി പറഞ്ഞു: അതച്ഛന്റെ മകളാണ്. ബോംബ് വീണ് മരിച്ചുപോയ ഒരു സുഹൃത്തിന്റെ മകള്‍ അനാഥയായപ്പോള്‍ കൂടെ കൊണ്ടുവന്നതാണ്, ഏതാണ് വാസ്തവം? എനിക്കറിഞ്ഞുകൂടാ ഇന്നും.

പക്ഷേ, ഞാന്‍ ആദ്യത്തെ പക്ഷത്തായിരുന്നു. അവള്‍ അച്ഛന്റെ മകളാണ്, ആവണം. എന്നാല്‍, അവള്‍ എന്റെ സഹോദരിയാവും. കലഹങ്ങളും പിറുപിറുപ്പുകളും സാന്ത്വനങ്ങളും തേങ്ങലുകളും നിറഞ്ഞ കുടുംബാന്തരീക്ഷത്തില്‍ ആ പെണ്‍കുട്ടിയെ സ്‌നേഹിക്കാന്‍ വാസു മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാളുകള്‍ക്കുശേഷം പെണ്‍കുട്ടി അച്ഛനോടൊപ്പം മടങ്ങിപ്പോകുമ്പോള്‍ തനിക്കെന്തോ നഷ്ടപ്പെട്ടതായി വാസുവിനു തോന്നി. പിന്നീടെന്നോ, ആ പെണ്‍കുട്ടിയുടെ കല്യാണം കഴിഞ്ഞതായി അറിഞ്ഞു. ഹൃദയത്തില്‍ നീറിപ്പിടിച്ച ആ ബാല്യകാലാനുഭവം ജീവിതത്തില്‍നിന്ന് ഒരേട് (പുസ്തകത്തില്‍ നിന്റെ ഓര്‍മ്മയ്ക്ക്) എന്ന കഥയാക്കി അടി വരയിടുമ്പോള്‍ എം.ടി കരയുകയായിരുന്നു.

എംടി
എംടിManu R Mavelil

പൂക്കോട്ടൂര്‍ ലഹളയുടെ ഓര്‍മ്മ

ചെറിയ പീടികകളും തലയില്‍ കെട്ടുകെട്ടിയ മനുഷ്യരും കടന്നുപോയപ്പോള്‍ എം.ടി പറഞ്ഞു:

''ഇത് തിരൂരങ്ങാടിയാണ്'', തിരൂരങ്ങാടിപ്പള്ളിക്ക് മുന്നിലെത്തവേ എം.ടി പുക്കോട്ടൂര്‍ ലഹളയെപ്പറ്റി പറഞ്ഞു. വടക്കേ വീട്ടില്‍ മുഹമ്മദിനെ തേടി തിരൂരങ്ങാടി പള്ളിയിലേയ്ക്ക് പൊലീസ് കടന്നുചെന്നതോടെ ആരംഭിച്ച ലഹള. കൂട്ടത്തില്‍ വാഗണ്‍ ട്രാജഡിയും പാറനമ്പിയുമൊക്കെ കടന്നുവന്നു. ഇത് ഏറനാടാണ്. ഞാന്‍ വള്ളുവനാട്ടുകാരനാണ്! എം.ടി ആഹ്ലാദത്തോടെ കൂട്ടിച്ചേര്‍ത്തു.

ഞാന്‍ കുഞ്ഞരയ്ക്കാനേയും സുല്‍ത്താനേയും നബീസുവിനേയും മമ്മത്ക്കനേയും ബീവാത്തുമ്മയേയും ബാപ്പുട്ടിയേയും സൈനബയുടെ തേങ്ങലുകളേയും ഓര്‍ത്തു. നിലാവു പുരണ്ട നദീതടത്തില്‍നിന്ന് എത്രയെത്ര ബാപ്പുട്ടിമാരുടെ കിനാവുകള്‍ എം.ടി ഒപ്പിയെടുത്തിരിക്കുന്നു. വളളുവനാട്ടിലെ ഹിന്ദു-മുസ്ലിം മൈത്രിയെപ്പറ്റി സംസാരിക്കെ, കാലങ്ങള്‍ക്കു പിന്നിലേക്കു ചെന്ന് എം.ടി ഒരു അനുഭവത്തിന്റെ താള്‍ വിടര്‍ത്തി.

ഒരു വെള്ളപ്പൊക്ക കാലം. ഇരച്ചുകയറുന്ന വെള്ളം. ഇരമ്പുന്ന കാറ്റും. നാലുകെട്ടിന്റെ കോലായോളം വെള്ളമെത്തിയിരിക്കുന്നു. പേടിച്ച് അകത്ത് ഇരിക്കുമ്പോഴാണ് പുറത്ത് ഇരമ്പലില്‍നിന്നു വേറിട്ട് ഒരു ശബ്ദം കേട്ടത്. ആരോ വിളിക്കുന്നു. അമ്മ വിളക്ക് ഉയര്‍ത്തി. ഉമ്മറവാതില്‍ അല്പം തുറന്നു. അപ്പോള്‍ കോലായില്‍ നനഞ്ഞുകുതിര്‍ന്ന ആമിനമ്മ തൊപ്പിക്കുടയും റാന്തലുമായി നില്‍ക്കുന്നു. അവര്‍ കിതയ്ക്കുന്നുണ്ട്. കരയുന്നുമുണ്ട്. മഴവെള്ളം നിശ്ശേഷം ഇറങ്ങുന്നതുവരെ അവര്‍ നാലുകെട്ടില്‍ കഴിഞ്ഞു.

എംടി
എംടി

എന്റെ രോഷം തീത്തൈലം

ഏറനാടിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ കര്‍ഷക കലാപങ്ങളെപ്പറ്റി ഓര്‍ത്തു. ഏറനാടന്‍ മണ്ണില്‍നിന്നും പൊട്ടിയുണര്‍ന്ന രാഷ്ട്രീയ സാമുദായിക പ്രസ്ഥാനങ്ങള്‍. ആ പ്രസ്ഥാനങ്ങളുടെ പോരാട്ടങ്ങള്‍ എം.ടിയുടെ ഉള്ളുലച്ചിട്ടില്ലേ? അല്പംകൂടി പരത്തി ചോദിച്ചു. മലബാറിലെ കര്‍ഷക പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പോരാട്ടങ്ങളും എന്തുകൊണ്ട് താങ്കളിലെ എഴുത്തുകാരനെ സ്വാധീനിച്ചില്ല?

''ഞാന്‍ എഴുതാന്‍ തുടങ്ങുമ്പോഴേക്കും ആ അനുഭവങ്ങളൊക്കെ കഥകളായി മാറിക്കഴിഞ്ഞിരുന്നു. എന്തുകൊണ്ടോ ആ കാലഘട്ടങ്ങളെ അകന്നുനിന്നല്ലാതെ എനിക്ക് കാണാന്‍ കഴിഞ്ഞില്ല. ഒരുപക്ഷേ, എന്റെ കൂടല്ലൂരിലേക്ക് ആ അനുഭവങ്ങളുടെ അലകളൊന്നും എത്താതിരുന്നതുകൊണ്ടാകാം. എന്റെ അറിവില്‍ അക്കാലത്ത് എന്റെ ഗ്രാമത്തില്‍ രണ്ട് കമ്യൂണിസ്റ്റുകാരേ ഉണ്ടായിരുന്നുള്ളൂ. കമ്യൂണിസത്തോട് എനിക്ക് മമതയുണ്ടായിരുന്നുവെന്നു മാത്രം. അതൊരു ജ്വരമായി എന്നെ ബാധിച്ചില്ല. കോണ്‍ഗ്രസ്സിനോടും എനിക്ക് മമതയുണ്ടായിരുന്നു. എന്റെ ഗ്രാമത്തില്‍നിന്ന് വളരെ അകലെയല്ലാതെയാണ് വി.ടിയുടെ മേഴത്തൂര്‍; പക്ഷേ, എനിക്ക് ഓര്‍മ്മയാകുമ്പോഴേക്കും വി.ടിയുടെ പ്രസ്ഥാനം കഴിഞ്ഞിരുന്നു.''

എം.ടി അങ്ങയുടെ മിക്ക കഥാപാത്രങ്ങളും ഏതാണ്ടൊരുതരം നിസ്സഹായരാണെന്നു തോന്നിയിട്ടുണ്ട്. അമര്‍ഷങ്ങള്‍ ഉള്ളിലൊതുക്കി പരാജയബോധത്തോടെ നടന്നകലുന്നതല്ലാതെ അവരുടെ മനസ്സിലെ തീ ആളിപ്പടരുന്നില്ല. അവര്‍ ഒരു പോരാട്ടത്തിനും തയ്യാറല്ലാത്തതുപോലെ നിസ്സംഗരാകുന്നു.

ഒരു പൊട്ടിത്തെറിപോലെയായിരുന്നു എം.ടിയുടെ മറുപടി.

''ഞാന്‍ മുദ്രാവാക്യം വിളിക്കാന്‍ ശീലിച്ചിട്ടില്ല. അതുകൊണ്ട് എന്റെ കഥാപാത്രങ്ങളും മുദ്രാവാക്യം വിളിക്കില്ല. എനിക്ക് രോഷമില്ലാഞ്ഞിട്ടല്ല. എന്റെ രോഷം ഒരു തീത്തൈലമായി എന്റെ ഹൃദയത്തില്‍ കെട്ടിക്കിടക്കും...''

ഒരു ബീഡി കത്തിച്ചുകൊണ്ട് എം.ടി തുടര്‍ന്നു: ''നമ്മില്‍ എത്ര പേര്‍ക്ക് എതിരിട്ട് നില്‍ക്കാന്‍ കഴിയും. ഒരു പരാജയം സംഭവിക്കുമ്പോള്‍ നിസ്സഹായതയോടെ തിരിഞ്ഞുനടക്കുകയല്ലാതെ സാധാരണ മനുഷ്യന് എന്തുചെയ്യാന്‍ കഴിയും? ഞാനത് പകര്‍ത്തിവയ്ക്കുന്നു. അത്രേയുള്ളൂ. ആരുടെ പ്രതിനിധി എന്നു നോക്കിയിട്ടല്ല ഞാന്‍ എന്റെ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത്. അവരുടെ മനസ്സിലേയ്ക്ക് കൃത്രിമമായി എന്തെങ്കിലും എറിഞ്ഞുകൊടുക്കാനും എനിക്കു കഴിയില്ല. ചുറ്റും കാണുന്ന ഹ്യൂമന്‍ സിസ്റ്റേഷ്യന്‍സാണ് എന്റെ മെറ്റീരിയല്‍സ്. ഈ സ്വിറ്റ്വേഷനില്‍ മനുഷ്യന്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നു ഞാന്‍ നോക്കുന്നു. ഒരു എഴുത്തുകാരനെന്ന നിലയില്‍ ഞാന്‍ ആ സിറ്റ്വേഷന്‍സും അതിനോടുള്ള പ്രതികരണങ്ങളും റെക്കോര്‍ഡ് ചെയ്യും. സാഹിത്യകാരന് ഒരു ഉപദേശിയുടെ പങ്കുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല. അയാളുടെ എഴുത്ത് സമൂഹത്തെ സ്വാധീനിച്ചിരിക്കാം. അതൊരു സോഷ്യല്‍ അവയര്‍നെസ്സ് മാത്രമാണ്...

''ആരുടെ ചോദ്യങ്ങളും കേട്ടല്ല ഞാന്‍ എഴുതിയത്. എനിക്ക് എഴുതണമെന്നു തോന്നിയപ്പോള്‍, എന്റെ മനസ്സില്‍ ഒരു ഹ്യൂമന്‍ സിറ്റ്വേഷനും അതിന്റെ പ്രതികരണങ്ങളും ഉണ്ടായപ്പോള്‍ ഞാന്‍ എഴുതി, അല്ലെങ്കില്‍ എഴുതുന്നു. എനിക്കിഷ്ടപ്പെട്ട ഹ്യൂമന്‍ സിറ്റ്വേഷന്‍സ് എന്താണെന്ന ചോദ്യമുണ്ടാകും. ജീവിതസന്ധികളും ജീവിത പ്രതിസന്ധികളും, അതാണ് എനിക്കിഷ്ടപ്പെട്ട സിറ്റ്വേഷന്‍സ്. കൂടുതല്‍ ലളിതമായി പറഞ്ഞാല്‍, മനുഷ്യനെ മനസ്സിലാക്കുകയെന്നത് ഒരു വലിയ കാര്യമായി ഞാന്‍ കരുതുന്നു. ഒരു എഴുത്തുകാരനെന്ന നിലയില്‍ എന്നും ഞാന്‍ ശ്രമിച്ചത് അതിനായിരുന്നു. മനുഷ്യനെ മനസ്സിലാക്കാന്‍. ഇന്നും ഞാന്‍ അതിനുവേണ്ടി ശ്രമിക്കുന്നു...''

ഫ്യൂഡല്‍ തകര്‍ച്ചകളുടെ നൊമ്പരങ്ങളെപ്പറ്റിയാണ് ഏറെ എഴുതിയിട്ടുള്ളത്. എന്തുകൊണ്ട് ഉണരുന്ന സമൂഹത്തെപ്പറ്റി എഴുതിയില്ല...?

''എന്നെ നോവിച്ചതിനെപ്പറ്റിയൊക്കെ ഞാന്‍ എഴുതിയിട്ടുണ്ട്. ഒരുപക്ഷേ, തകരുന്ന നാലുകെട്ടുകള്‍ എന്നെ ഏറെ വേദനിപ്പിച്ചിരുന്നുവെന്ന് പറയുകയാവും ശരി. എന്റെ കഥാപാത്രം ആരുടെ പക്ഷത്തു നില്‍ക്കണം എന്നു നോക്കി ഞാന്‍ എഴുതിയിട്ടില്ല. ഉണരുന്ന സമൂഹം എന്നതുകൊണ്ട് നിങ്ങള്‍ ഉദ്ദേശിച്ചത് കര്‍ഷകത്തൊഴിലാളികളെപ്പറ്റിയാകും, വ്യവസായ തൊഴിലാളികളെപ്പറ്റിയാകും, ചുമട്ടുതൊഴിലാളികളെപ്പറ്റിയാകും. ഒരിക്കല്‍ തൊഴിലാളികളെപ്പറ്റി എഴുതുന്നത് ഒരു ഫാഷനായിരുന്നു. ഇന്ന് തൊഴിലാളി വഞ്ചകനാണ്. കല്ലായിക്കാരന് വിലയങ്ങാടിയില്‍ തൊഴിലില്ല. ഇന്ന് തൊഴിലാളി പ്രതിനായകനാണ്. പക്ഷേ, അവനെ പ്രതിനായക സ്ഥാനത്ത് നിറുത്താന്‍ നമുക്കു ധൈര്യം പോര. സമ്പന്നനായ തൊഴിലാളി ഇടത്തരക്കാരനെ ചൂഷണം ചെയ്യുന്നതു കാണുമ്പോഴും നമ്മള്‍ അവനു കീജെയ് വിളിക്കുന്നു അപ്പോള്‍ എന്താണ് ഈ ഉണരുന്ന സമൂഹം? നാട്ടിന്‍പുറത്ത് കൃഷിക്കാരനു വിളവിറക്കാന്‍ കഴിയുന്നില്ല, തൊഴിലാളിയെ പേടിച്ച്. തൊഴിലാളികള്‍ പരസ്പരം പേടിക്കുന്നു. പേടിയുള്ളതുകൊണ്ട് എല്ലാവരും ഈ തൊഴിലാളിയുടെ കൂടെയാണ്. സിനിമയും കലയും എല്ലാം അവനുവേണ്ടിയാണ്... അക്ഷരങ്ങളെ ഈ തൊഴിലാളിക്ക് പുച്ഛമാണ്. അവന്റെ ശക്തി മുദ്രാവാക്യങ്ങളാണ്. നാം ഭയപ്പാടോടെ ആ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിക്കുന്നു.''

വീണ്ടും ഞാന്‍ തകരുന്ന നാലുകെട്ടുകളെപ്പറ്റി ചോദിച്ചു. എന്നും ഒരു വിഷാദത്തോടെയാണ് ആ തകര്‍ച്ച നോക്കിനിന്നത്. അതിനര്‍ത്ഥം ഞാനെന്നും നാലുകെട്ടുകളേയും ഫ്യൂഡലിസത്തേയും ഇഷ്ടപ്പെട്ടിരുന്നുവെന്നല്ല. നാലുകെട്ടുകളുടെ വേദനകള്‍ എല്ലാ അര്‍ത്ഥത്തിലും ഞാനനുഭവിച്ചിട്ടില്ല. എങ്കിലും തകരുന്ന തറവാട് ഒരു നൊസ്റ്റാള്‍ജിയപോലെ എന്നില്‍ നീറിപ്പിടിച്ചുനിന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, കഥകളിയും തെയ്യവും തിരയുമൊക്കെ നശിക്കുമ്പോള്‍ നിങ്ങള്‍ക്കു വേദന തോന്നാറില്ലേ. തെയ്യം കെട്ടിയാല്‍ രോഗം മാറുമെന്ന വിശ്വാസമല്ല നിങ്ങളില്‍ ആ വേദന സൃഷ്ടിക്കുന്നത്. അത് വര്‍ണ്ണാഭമായ ഒരുകാലത്തിന്റെ നഷ്ടസ്മൃതികളെപ്പറ്റിയുള്ള വേദനയാണ്. ഒരു വികാരപരമായ സമീപനം, ഏതാണ്ടൊരു നൊസ്റ്റാള്‍ജിക് അനുഭൂതി...''

എം.ടിയുടെ നാലുകെട്ടും കാലവും അസുരവിത്തും ഇരുട്ടിന്റെ ആത്മാവുമൊക്കെ വായിച്ച് അസ്വസ്ഥനാകുന്ന വായനക്കാരന്‍ മാടത്ത് തെക്കേപ്പാട്ടിലെ വാസുവിന്റെ എത്രയെങ്കിലും ജീവിത ചിത്രങ്ങളാണ് കാണുന്നത്. വാസു ജീവിച്ചുവളര്‍ന്ന കനല്‍വഴികളാണ്, അവയെന്ന് നമ്മള്‍ അസ്വസ്ഥപ്പെടുന്നു. സത്യത്തില്‍ ഫ്യൂഡല്‍ തകര്‍ച്ചയുടെ നൊമ്പരങ്ങള്‍ ഇത്രയും വൈവിദ്ധ്യങ്ങളോടെ, വിഷാദത്തോടെ, നൊമ്പരങ്ങളോടെ വരച്ചിട്ട മറ്റൊരു എഴുത്തുകാരനും മലയാളത്തിലില്ല. അത് മലയാളത്തിന്റെ ഭൂതകാലവും വര്‍ത്തമാനവുമായിരുന്നു. നമ്മുടെ ചരിത്രവും തനി നാടന്‍ ഗ്രാമീണ ജീവിതവുമായിരുന്നു. അത് നമ്മുടെ ഭാഷയും സംസ്‌കാരവുമായിരുന്നു. അത് നമ്മുടെ നിത്യജീവിതമായിരുന്നു. ഭൂമിയും ജന്മിയും ജാതിയും അധികാരവും ഒട്ടിനിന്നിരുന്ന നമ്മുടെ പഴയകാലമായിരുന്നു. ജീവിതം ചകിതമായിരുന്നു. വെറുപ്പും അനുകമ്പയും കുന്നായ്മകളും നിറഞ്ഞു തുളുമ്പിയിരുന്ന ആ കാലത്തായിരുന്നു സുമിത്രയും മാളുവേടത്തിയും അമ്മിണിയേട്ടത്തിയും ഓളോര്‍മാങ്ങയുടെ നിറമുള്ള കവിളുകളുമായി എത്രയെങ്കിലും അമ്മുക്കുട്ടിമാരും നാലുകെട്ടുകള്‍ എന്ന തടവറയ്ക്കുള്ളില്‍ കഴിഞ്ഞത്. ജീവിതം ദയനീയമായിരുന്നു. എങ്കിലും അത് ഹരംപിടിപ്പിച്ചിരുന്നു. നാലുകെട്ടുകളിലെ കോവണിപ്പടികളില്‍, ഇരുട്ടുവീണ അകത്തളങ്ങളില്‍ തങ്ങിനിന്ന നിശ്വാസങ്ങളെ എത്രയേറെ ചാരുതയോടെയാണ് എം.ടി വരഞ്ഞിട്ടത്. 'കഥയുടെ കൈവഴികള്‍' എന്നൊരു കുറിപ്പ് എം.ടി എഴുതിയിട്ടുണ്ട്. തെരഞ്ഞെടുത്ത കഥകളുടെ ആമുഖമാണത്. കാഥികന്റെ പണിപ്പുരയിലും മുന്‍പ് പല പ്രാവശ്യം കുറിച്ചിട്ടുണ്ട്. സത്യത്തില്‍ നാലുകെട്ട് എന്ന യാഥാര്‍ത്ഥ്യവും അതിനെ മൂടിനിന്ന ഭ്രമാന്മകതകളുമൊക്കെ വരച്ചിടുമ്പോള്‍ എം.ടി എന്ന എഴുത്തുകാരന്റെ അസാധാരണമായ ഭാവന പീലി വിടര്‍ത്തിയാടുകയാണ്. എം.ടി എഴുത്തിന്റെ മാജിക്കാണത്. എം.ടിക്ക് മാത്രം വഴങ്ങുന്ന ആ രസതന്ത്രത്തെയാണ് മലയാളി വാരിപ്പുണര്‍ന്നത്. ആ വിഷാദസൗന്ദര്യം എന്റെ തലമുറയുടെ മനസ്സാകെ കീഴടക്കി. അപ്പുണ്ണിമാരേയും സേതുമാരേയും വരച്ചിട്ട എം.ടി സ്വന്തം ജീവിതത്തെക്കുറിച്ച് എഴുതിയതും വായനക്കാര്‍ ഓര്‍മ്മിക്കുന്നുണ്ടാവും. ചെറിയ പ്രായത്തില്‍ തന്നെ കുടുംബത്തിലെ സാമ്പത്തിക തകര്‍ച്ച മനസ്സിലാക്കിയിരുന്നു. അച്ഛന്‍ സിലോണിലായിരുന്നു. മാസം 25 രൂപ മുടങ്ങാതെ വന്നിരുന്നു. മൂത്ത ജ്യേഷ്ഠന്മാരെ കഷ്ടിച്ചു പഠിപ്പിക്കുന്നതിനിടയിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം എസ്.എസ്.എല്‍.സി കഴിഞ്ഞ ഉടന്‍ കോളേജില്‍ ചേരാനായില്ല. ഒരു വര്‍ഷം പഠനം മുടങ്ങി, വീട്ടില്‍ കുത്തിയിരുന്നു വായിച്ചു കൂട്ടി. അക്കിത്തം മനയ്ക്കല്‍ ചെന്നു പുസ്തകങ്ങളെടുക്കും, പത്തായപ്പുരയിലിരുന്നു വായിക്കും. പകല്‍ കുന്നിന്‍പുറത്ത് അലഞ്ഞുനടക്കും. മനസ്സിലപ്പോള്‍ കവിതാശകലങ്ങള്‍ മുളച്ചുവരും. പഴയ നോട്ടുപുസ്തകങ്ങളുടെ എഴുതാത്ത പേജുകളില്‍ അവ കുറിച്ചിടും. കവിതകള്‍ കുറെ എഴുതി, ശരിയാകുന്നില്ലെന്നു തോന്നി. കവിത മാറ്റിവച്ച് കഥകള്‍ എഴുതാനുള്ള ശ്രമം തുടങ്ങി. ഇടയ്ക്ക് ചില ലേഖനങ്ങളും എഴുതിനോക്കി. ഗ്രാമത്തില്‍ അധികം കൂട്ടുകാരുണ്ടായിരുന്നില്ല. തനിയെ കളിക്കാവുന്ന ഒരു വിനോദം എന്ന നിലയ്ക്കാണ് ഞാന്‍ സ്വകാര്യമായി ഈ എഴുത്തുപണികളില്‍ ഏര്‍പ്പെട്ടത്. പത്രമാപ്പീസിലേയ്ക്ക് അയക്കാന്‍ മുക്കാല്‍ അണയുടെ സ്റ്റാമ്പൊട്ടിക്കണം. മുക്കാലണ കിട്ടുന്നത് അത്ര എളുപ്പമല്ല... കഥയുടെ കൈവഴികളില്‍ എം.ടി വിശദമായി എഴുതിയത് വായനക്കാര്‍ ഓര്‍മ്മിക്കുന്നുണ്ടാവും.

ആ കാലത്തെ ഏതെല്ലാം രീതികളിലാണ് എം.ടി വരച്ചിട്ടത്. ഇപ്പോള്‍ വായിക്കുമ്പോള്‍ അത് വളരെ സെന്റിമെന്റലായിപ്പോയോ എന്നു സംശയം തോന്നിയേക്കാം. ഞാന്‍ എം.ടിയോട് അങ്ങനെത്തന്നെ ചോദിക്കുകയാണ്:

''നമ്മള്‍ സെന്റിമെന്റലാകുമ്പോള്‍ നമ്മുടെ കൃതികളും സെന്റിമെന്റലാകും. സെന്റിമെന്‍സില്ലാതെ മനുഷ്യജീവിതമുണ്ടോ? പ്രേമവും സ്‌നേഹവും വെറുപ്പുമൊക്കെ സെന്റിമെന്റ്സല്ലേ. എന്നാല്‍, സെല്‍ഫ്പിറ്റി കൂടുമ്പോള്‍ സെന്റിമെന്റലിസം സൃഷ്ടികളെ വികലമാക്കും. വ്യക്തിപരമായ വികാരങ്ങളെ ഞാന്‍ ഏറെ ഉപയോഗിച്ചിട്ടില്ല. വിത്തുകളും കരിയില മൂടിയ വഴിത്താരകളും ശത്രുവുമൊക്കെ എന്റെ വ്യക്തിപരമായ വികാരങ്ങള്‍ക്ക് എതിരെ നിന്നുകൊണ്ടാണ് എഴുതിയത്. നിരവധി കഥകള്‍ അങ്ങനെത്തന്നെയാണ് എഴുതിയത്.

താന്നിക്കുന്നിറങ്ങി ഞങ്ങള്‍ നിളയുടെ മണല്‍തിട്ടയില്‍ എത്തിയിരുന്നു. മണല്‍ തിട്ടകള്‍ക്കിടയില്‍ ചിന്നിക്കിടക്കുന്ന നീര്‍ച്ചാലുകളിലേയ്ക്ക് നോക്കി എം.ടി നിശ്ശബ്ദനായി. ഈ നിളയും നിളയിലെ നിഴലും നിലാവുമാണ് വാസുവിന്റെ കഥകള്‍.

കഥകള്‍ ഒഴുകുന്ന നിളാനദി

കുറ്റിപ്പുറം പാലത്തിലൂടെ കാര്‍ നീങ്ങവെ, എം.ടി ഇടശ്ശേരിയെ ഓര്‍മ്മിച്ചു. ഈ പാലത്തെപ്പറ്റി ഇടശ്ശേരി എഴുതിയത് ഓര്‍ക്കുന്നില്ലേ...

''ഇനിയും നിളേ നീയിരച്ചുപൊന്തും

ഇനിയും തടംതല്ലി പാഞ്ഞണയും

ചിരി വരുന്നുണ്ടതു ചിന്തിക്കുമ്പോ-

ളിനി നീയ്യീപ്പാലത്തില്‍ നാട്ടുനുഴും!''

ഞാന്‍ നിളയിലേക്ക് നോക്കി. മണല്‍തിട്ടകള്‍ക്കിടയിലൂടെ ഒരു ഗാനംപോലെ നിള ഒഴുകി വരുന്നു. പാലം കടന്ന് വളവ് തിരിഞ്ഞ് നിള തീരത്തെ ബാംബു ഹോട്ടലിനു മുന്നിലിറങ്ങി. ഒരു ചായ കഴിച്ച് വീണ്ടും കാറില്‍. എവിടെനിന്നോ ഒഴുകിയെത്തിയ പാലപ്പൂക്കളുടെ ഗന്ധം. ആ ഗന്ധത്തില്‍ ലയിച്ചിരിക്കുമ്പോള്‍ ഞാന്‍ കുപ്പിവളകളുടെ കിലുക്കം കേട്ടു. ഇളം വെയിലില്‍ അലിയുന്ന മഞ്ഞച്ച വെള്ളത്തിലൂടെ ഒഴുകിപ്പോകുന്ന ചുവന്ന വളപ്പൊട്ടുകള്‍. അകത്ത് സ്വര്‍ണ്ണനൂലിട്ടപോലെ തിളങ്ങുന്ന മഞ്ഞരേഖയുള്ള വളപ്പൊട്ടുകള്‍, കുപ്പിവളപ്പൊട്ടുകളിലൂടെ, നനഞ്ഞ മണ്ണിലൂടെ, തണുത്ത കാറ്റിലൂടെ, ഇളംവെയിലിലൂടെ വാസന സോപ്പിന്റെ ഗന്ധത്തിലൂടെ എം.ടി പരത്തിയ രതിഗന്ധങ്ങള്‍. നാഗഫണം വിടര്‍ത്തിയാടിയ അമ്മിണിയോപ്പോള്‍, നാലുകെട്ടിലെ കോണിമുറിയില്‍ പറക്കുന്ന രാജകുമാരനായി മാറിയ അപ്പുണ്ണി... രതിയുടെ ചേതോഹരമായ നിമിഷങ്ങള്‍, ഞാന്‍ വരെ മെല്ലെയാണ് എം.ടിയെ ഓര്‍മ്മിപ്പിച്ചത്. വിന്‍ഡ് സ്‌ക്രീനിലൂടെ പുറത്തേയ്ക്ക് നോക്കി എം.ടി പറയുകയാണ്: ''രതി മോഹനമാണ്. ഞാന്‍ സജസ്റ്റീവായേ രതി ഉപയോഗിച്ചിട്ടുള്ളൂ. നമ്മുടെ ഭാഷയുടെ പരിമിതിയാണത്.''

രതിയുടെ വിലോല സൗന്ദര്യങ്ങള്‍ മുഴുവന്‍ ആവാഹിച്ചുവച്ച മാധവിക്കുട്ടിയുടെ കഥകള്‍ ഞാന്‍ ഓര്‍മ്മിപ്പിച്ചു. എം.ടി പറഞ്ഞു: ''മലയാളത്തില്‍ ഞാന്‍ ആരാധനയോടെ, കൊതിയോടെ വായിക്കുന്നത് ആമിയുടെ കഥകളാണ്. മലയാളത്തില്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന എഴുത്തുകാരിയാണ് ആമീ...''

മാധവിക്കുട്ടിയുടെ മനോജ്ഞമായ കഥകള്‍ ഞാനോര്‍ത്തു. ഞാനൊരു പരുന്തായിരുന്നു. അതിരുകളില്ലാത്ത ആകാശത്തിലൂടെ ഞാനെത്ര പറന്നു. അവസാനം ഞാന്‍ വീണു, വീണുപോയി...

കുമാരനല്ലൂരും പറക്കുളംകുന്നം കഴിഞ്ഞ്, കാര്‍ മെല്ലെ ഒഴുകി. വയലേലകള്‍ക്ക് നടുവില്‍ കറുത്തൊരു നൂല്‍പോലെ ഞാന്നുകിടക്കുന്ന റോഡ്. പാടത്ത് അവിടെവിടെ കൃഷിപ്പണികള്‍ നടക്കുന്നു.

ഇതാ എന്റെ കൂടല്ലൂരില്‍ എത്തിയിരിക്കുന്നു...

എം.ടി ആഹ്ലാദത്തോടെ പറഞ്ഞു. വയലേലകള്‍ക്കു നടുവില്‍ റോഡിനിരുവശവുമായി തണല്‍വൃക്ഷങ്ങള്‍, ചുവട്ടില്‍ പീടികകള്‍. ഇതാണ് കൂടല്ലൂരിലെ അങ്ങാടി. ചെമ്മണ്‍ പീടികകളും പെട്ടിപ്പീടികകളും നിറഞ്ഞ അങ്ങാടി. വൃക്ഷച്ചുവട്ടിലൊരു കാളവണ്ടി. അങ്ങാടിത്തലയ്ക്കലെ ആദ്യത്തെ പീടികയിലേക്ക് എം. ടി വിരല്‍ചൂണ്ടി.

പോസ്റ്റാഫീസ്

വാസുവിനെ എഴുത്തുകാരനാക്കിയതില്‍ ഈ അഞ്ചലാഫീസിന് വലിയൊരു പങ്കുണ്ട്. ഈ അഞ്ചലാഫീസിന്റെ വാതിലില്‍ പോസ്റ്റമാസ്റ്ററുടെ വിളി കേള്‍ക്കാന്‍ എത്രനാള്‍ കാത്തിരുന്നു...

ഒന്നും മാറിയിട്ടില്ല. എല്ലാം പഴയതുപോലെത്തന്നെയുണ്ട്. ചായപ്പീടികയ്ക്ക് മുന്നിലെ ബെഞ്ചുകളില്‍ ഇരുന്നവര്‍ കൗതുകത്തോടെ കാറിലേയ്ക്ക് നോക്കി. കാര്‍ മെല്ലെ നീങ്ങുമ്പോള്‍ അങ്ങാടി മുഴുവന്‍ വാസുവിനെ തിരിച്ചറിഞ്ഞിരിക്കുന്നു. അങ്ങാടി വാസുവിനെ നോക്കി ചിരിച്ചു, അങ്ങാടിയിലെ മനുഷ്യരും.

''പിന്നെ വരാം.'' കണ്ടവരോടൊക്കെ വാസു പിറുപിറുത്തു. കൂട്ടത്തില്‍ എന്നോട് പറഞ്ഞു, ഇതാ ഇവരാണ് എന്റെ കഥാപാത്രങ്ങള്‍. ഇവിടെ ഈ പീടികത്തിണ്ണയില്‍ എവിടെയ്‌ക്കെങ്കിലും നിങ്ങള്‍ക്കു കാണാം, ഗോവിന്ദന്‍കുട്ടിയേയും. അസുരവിത്തിലെ ഗോവിന്ദന്‍കുട്ടിയെ നിങ്ങള്‍ ഓര്‍ക്കുന്നില്ലേ.

അങ്ങാടിയില്‍ വലിയ തിരക്കുണ്ടായിരുന്നില്ല. കടവിന് അല്പം അകലെ കാര്‍ നിന്നു. എം.ടി ഇറങ്ങി, പിന്നാലെ ഞങ്ങളും. മുന്നില്‍ ഒരു ബോര്‍ഡ്, എം.ടി.ബി നായര്‍ ആന്‍ഡ് കമ്പനി! ബോര്‍ഡില്‍ കൃഷിക്കു ഉപയോഗിക്കുന്ന പമ്പുസെറ്റിന്റെ ചിത്രം. തുറന്നുകിടന്ന ഗേറ്റിലൂടെ എം.ടി അകത്തേക്ക് കടന്നു. ആരൊക്കെയോ മുറ്റത്തുണ്ടായിരുന്നു. ചുറ്റും തെച്ചിപ്പൂവും മന്ദാരവും ഇടയില്‍ ഒരു കിളിക്കൂടും. എം.ടി പരിചയപ്പെടുത്തി. എന്റെ ജ്യേഷ്ഠന്‍. അത് എം.ടിയുടെ രണ്ടാമത്തെ ജ്യേഷ്ഠന്‍ ബാലകൃഷ്ണന്‍ നായരായിരുന്നു. മുന്‍പ് സൂചിപ്പിച്ചതുപോലെ എം.ടി.ബി ഒരു ഫോട്ടോഗ്രാഫര്‍ കൂടിയാണ്. ആ ഏട്ടനെപ്പറ്റി എം.ടി എഴുതിയിട്ടുണ്ട്. എല്ലാ കുടുംബാംഗങ്ങളും എന്റെ കഥാപാത്രങ്ങളായിരുന്നു. എം.ടിയും ജ്യേഷ്ഠനും ചിരിച്ചു. കുറേനേരം അവിടിരുന്ന് നാട്ടുവര്‍ത്തമാനങ്ങള്‍. പിന്നെ അദ്ദേഹം തന്റെ ഫോട്ടോ ആല്‍ബമെടുത്തു. ഏറെയും പക്ഷികളുടേയും പ്രകൃതിയുടേയും ചിത്രങ്ങള്‍. മാതൃഭൂമി പ്രസിദ്ധീകരിച്ച കവര്‍ചിത്രങ്ങളും എന്നെ കാട്ടി. അല്പനേരം സംസാരിച്ച് പിന്നെ വരാമെന്നു പറഞ്ഞ് ഞങ്ങള്‍ പുറത്തിറങ്ങി. വഴിയാത്രക്കാര്‍ എം.ടിയെ കണ്ട് ആദരവോടെ ചിരിച്ചു. എതിരെ വന്നൊരു വൃദ്ധന്‍ സംശയിച്ചുനിന്നു: ''അല്ല വാസ്വേല്ല്യേ? ഇപ്പ കണ്ണ് തീരെ കാണുണ്ടായിരിക്കണ്'' വൃദ്ധന്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞു. എം.ടി പോക്കറ്റില്‍നിന്നൊരു അഞ്ചുരൂപ നോട്ടെടുത്ത് വൃദ്ധനു നല്‍കി. മുന്നോട്ട് നടക്കുമ്പോള്‍ എം.ടി പറയുകയായിരുന്നു. ''ഞാനിന്നും ഇവിടെ വാസുവാണ്...'' നിരത്തില്‍നിന്നു പാടത്തിലേയ്ക്ക് തള്ളി ഒരു ഓലക്കൊട്ടക. കൂടല്ലൂരില്‍ വന്ന മാറ്റങ്ങളില്‍ ഒന്നാണ് ആ തിയേറ്റര്‍. പാടത്തേയ്ക്ക് ഇറങ്ങുന്നതിനു മുന്‍പ് എം.ടി നിരത്തിനോരത്തെ ചെറിയ കൂരയിലേയ്ക്ക് ചൂണ്ടി.

''അതാണ് അസുരവിത്തിലെ കുഞ്ഞരയ്ക്കാരുടെ വീട്.''

ചെങ്കല്ലു കെട്ടിയ വീടിനു മുന്നില്‍ ആരുമുണ്ടായിരുന്നില്ല. മൊട്ടത്തലയില്‍ ചുറ്റിക്കെട്ടി സുല്‍ത്താനേയും കുഞ്ഞരയ്ക്കാരേയും നബീസുവിനേയും നിങ്ങള്‍ ഓര്‍ക്കുന്നില്ലേ.

നിരത്തിലെ മാവിന്‍ചോട്ടില്‍നിന്നു നടവരമ്പിലേക്കിറങ്ങുമ്പോള്‍ എം.ടി പറഞ്ഞു:

കൂടല്ലൂരില്‍ എന്നെ ഇഷ്ടപ്പെടാത്ത ഒരു കഥാപാത്രമേയുള്ളൂ, ആരാണെന്നറിയുമോ? മറ്റാരുമല്ല. അസുരവിത്തിലെ ഗോവിന്ദന്‍കുട്ടി. ഗോവിന്ദന്‍കുട്ടി എന്റെ ശത്രുവാണെന്ന് എനിക്കറിയില്ലായിരുന്നു. ഒരിക്കല്‍ കോവിലന്‍ കൂടല്ലൂരില്‍ വന്ന് എന്റെ കഥാപാത്രങ്ങളില്‍ ചിലരെ കണ്ടു. കൂട്ടത്തില്‍ ഗോവിന്ദന്‍ കുട്ടിയേയും. പിന്നീട് കോവിലന്‍ എന്നോട് പറഞ്ഞു: ''എടോ വാസൂ തനിക്ക് കൂടല്ലൂരില്‍ ഒരു ശത്രുവുണ്ട്.'' അങ്ങനെയാണ് ഗോവിന്ദന്‍കുട്ടിക്ക് എന്നോട് ശത്രുതയുണ്ടെന്ന് ഞാനറിഞ്ഞത്...

ഗോവിന്ദന്‍കുട്ടി പൊന്നാനിയില്‍ ചെന്നു മതം മാറി അബ്ദുള്ളയായത് ഓര്‍ക്കുന്നില്ലേ. അതു ശരിക്കും നടന്ന സംഭവമാണ്. വീണ്ടും അബ്ദുള്ള മതം മാറി ഗോവിന്ദന്‍കുട്ടിയായി. സത്യത്തില്‍ എം.ടിയുടെ അസുരവിത്തിലെ ഗോവിന്ദന്‍കുട്ടി യഥാര്‍ത്ഥ ഗോവിന്ദന്‍കുട്ടിയില്‍നിന്ന് എത്രയോ അകലെയായിരുന്നു. യഥാര്‍ത്ഥ ഗോവിന്ദന്‍കുട്ടിയുടെ സാഹചര്യങ്ങള്‍ക്കും സ്വഭാവങ്ങള്‍ക്കും വിരുദ്ധമായ മറ്റൊരു ഗോവിന്ദന്‍കുട്ടിയെ ഞാന്‍ സൃഷ്ടിക്കുകയായിരുന്നു.

ഇലപ്പടര്‍പ്പുകളും ചെമ്പന്‍ തുമ്പികളും നിറഞ്ഞ പറമ്പുകളിലൂടെയാണ് ഞങ്ങള്‍ എം.ടിയുടെ ചെറിയമ്മയെ കാണാന്‍ ചെന്നത്.

ശ്രീലേഖ എന്ന കൊച്ചുവീടിന്റെ ഉമ്മറപ്പടിയില്‍ സേതുവിന്റെ ചെറിയമ്മ ഇരിക്കുന്നു.

ചെറിയമ്മയോട് രണ്ട് ഡയലോഗ് ഫിറ്റ് ചെയ്യണോ?

എം.ടി ചോദിച്ചു.

''ഈ എം.ടി അമ്മയെപ്പറ്റി എന്തൊക്കെ കള്ളങ്ങള്‍ എഴുതിയിരിക്കുന്നു. പൊടി വലിക്കും എന്നു വരെ എഴുതിയിട്ടുണ്ട്.''

ചെറിയമ്മ ചിരിച്ചു. വാസു പൊട്ടിച്ചിരിച്ചു. കുഞ്ഞുട്ടിയമ്മ എന്ന ഈ ചെറിയമ്മയെ എത്ര ഭാവങ്ങളിലാണ് വാസു അവതരിപ്പിച്ചത്. ചെറിയമ്മയുടെ മകള്‍ വിലാസിനിയുടെ വീട്ടിന്റെ പടിത്തിട്ടയിലിരുന്നാണ് എം.ടി ലക്ഷ്മിയോപ്പയുടെ കഥ പറഞ്ഞത്.

അച്ഛന്റെ ഇളയ പെങ്ങളാണ് ലക്ഷ്മിയോപ്പ. ഒരിക്കല്‍ അച്ഛന്‍ സിലോണില്‍നിന്നു വന്നപ്പോള്‍ അച്ഛനോടൊപ്പം ജോലിയുണ്ടായിരുന്ന മാധവന്‍ എന്ന ചെറുപ്പക്കാരനുമുണ്ടായിരുന്നു. മാധവനോട് അച്ഛന്‍ ലക്ഷ്മിയോപ്പയെ കല്ല്യാണം കഴിക്കാന്‍ പറഞ്ഞു. കല്ല്യാണം കഴിഞ്ഞ് അയാള്‍ സിലോണിലേയ്ക്കു പോയി. ഓപ്പയ്ക്ക് ഒരു കുട്ടിയുമായി. കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും അയാള്‍ വന്നില്ല. അവസാനം വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരുനാള്‍ അയാള്‍ വന്നു. അപ്പോള്‍ ലക്ഷ്മിയോപ്പ പറഞ്ഞു: എനിക്കിനി നിങ്ങളെ കാണുകയേ വേണ്ട... അതോടെ ആ ബന്ധം തീര്‍ന്നു. എം.ടി എനിക്ക് ലക്ഷ്മിയോപ്പയെ കാട്ടിത്തന്നു. മങ്ങിയ നിലാവുപോലൊരു അമ്മ. ഇവിടെ എനിക്കിനിയും കഥാപാത്രങ്ങളുണ്ട്. ഞാന്‍ തൊട്ടിട്ടില്ലാത്ത കഥാപാത്രങ്ങള്‍. ഒറ്റയ്ക്ക് ഒരു കിണര്‍ കുഴിക്കുന്ന അച്ചുനായരെപ്പോലെ എത്രയെങ്കിലും പേര്‍...

താന്നിക്കുന്നിറങ്ങി ഞങ്ങള്‍ നിളയുടെ മണല്‍തിട്ടയില്‍ എത്തിയിരുന്നു. മണല്‍ തിട്ടകള്‍ക്കിടയില്‍ ചിന്നിക്കിടക്കുന്ന നീര്‍ച്ചാലുകളിലേയ്ക്ക് നോക്കി എം.ടി നിശ്ശബ്ദനായി. ഈ നിളയും നിളയിലെ നിഴലും നിലാവുമാണ് വാസുവിന്റെ കഥകള്‍. പുഴയിലെ മണല്‍ത്തിട്ടയിലൂടെ നടക്കുമ്പോള്‍ എം.ടിയുടെ ജ്യേഷ്ഠന്‍ നാരായണന്‍ നായര്‍ പറഞ്ഞു. തൂതപ്പുഴയും കുന്തിപ്പുഴയും സംഗമിക്കുന്ന സ്ഥലമായതുകൊണ്ടാണ് ഈ പ്രദേശത്തിന് കൂടല്ലൂര്‍ എന്ന പേര് കിട്ടിയത്. ഇവിടെ മാത്രമാണ് തെക്കുനിന്നും വടക്കോട്ട് പുഴയൊഴുകുന്നത്. എം.ടി മുന്നാലെ നടക്കുകയായിരുന്നു.

''പുഴ വരണ്ടുപോയിരിക്കുന്നു. മാറിയ മുഖച്ഛായകളും നൃത്തം ചെയ്യുന്ന രൂപമില്ലാത്ത കാനല്‍ച്ചോലകളും പിന്നിട്ട് നനവിന്റെ ഓര്‍മ്മകള്‍ സ്വപ്നം കണ്ട് കിടക്കുന്ന മണല്‍പ്പരപ്പിന്റെ തീരത്ത് നില്‍ക്കുമ്പോള്‍ ഒരു നിമിഷം അയാള്‍ ഓര്‍ക്കുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ തിരിച്ചെത്തിയിരിക്കുന്നു. കാലപ്രവാഹത്തിന്റെ തീരത്ത് തിരിച്ചെത്തിയിരിക്കുന്നു...''

എല്ലാവര്‍ക്കും മുന്നിലായി നടന്ന് എല്ലാവര്‍ക്കും പിന്നിലായി വാസു കടവിലെത്തി. കടവിലെ പാറയില്‍ നില്‍ക്കെ വാസു പറഞ്ഞു:

''ഇനി പുഴയില്‍ തുലാവെള്ളം ഇറങ്ങണം...''

തിരികെ നടക്കുമ്പോള്‍ ഞാന്‍ പിന്നിലായിരുന്നു. എന്റെയൊപ്പം എം.ടി.ബിയും. എം.ടി.ബി പറഞ്ഞു:

''വെള്ളം നിറഞ്ഞുനില്‍ക്കുമ്പോഴാണ് പുഴയില്‍ നോക്കേണ്ടത്. അപ്പോള്‍ പുഴയ്ക്ക് ജീവനുണ്ടെന്നു തോന്നും. നിമിഷങ്ങള്‍ തോറും മുഖം മിന്നിമറയും. ഏതാണ്ട് കാലത്തിന്റെ മുഖങ്ങള്‍പോലെ. വാസു മനോഹരമായി അത് എഴുതിയിട്ടുണ്ട്. ചിലപ്പോള്‍ പഞ്ചവാദ്യംപോലെ പുഴ അലയിളകിവരും... ചിലപ്പോള്‍ ഒരു യുദ്ധത്തിന്റെ പെരുമ്പറപോലെ കലിയിളകിവരും. ചിലപ്പോള്‍ ഒരു പൂനിലാവുപോലെ മന്ദഹസിച്ചെത്തും. ഈ പുഴയാണ് വാസുവിന്റെ ജീവന്‍. ഒരിക്കല്‍ കോവിലന്‍ ഇവിടെ വന്നു, വാസുവിന്റെ നാട് കാണാന്‍. എന്നോട് കോവിലന്‍ പറയുകയാണ്. ഞാന്‍ കുറ്റിപ്പുറം പാലത്തില്‍നിന്ന് ആലോചിച്ചു. എന്താണ് വാസുവിന്റെ ശക്തമായ ശൈലിയുടെ ഉറവിടമെന്ന്. അപ്പോള്‍ ഞാന്‍ കണ്ടു. പുഴയുടെ വരവ്, ശക്തമായ വരവ്...

ഇരുട്ട് വീണപ്പോഴായിരുന്നു ഞങ്ങള്‍ മടങ്ങിയത്. അപ്പോഴും എം.ടി ബാക് സീറ്റിന്റെ മൂലയിലിരുന്നു. എന്തോ നഷ്ടപ്പെട്ടതുപോലെ. യാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ അപരിചിതരെപ്പോലെ ഞങ്ങള്‍ നിശ്ശബ്ദരായിരുന്നു. ആ പകലിനെ മനസ്സില്‍ അടുക്കിവെയ്ക്കാന്‍ ഞാന്‍ ശ്രമിച്ചു. എല്ലാ ചോദ്യങ്ങളുടെ അവസാനത്തിലും ഉത്തരങ്ങള്‍ കഴിയുമ്പോള്‍ എം.ടി എന്തേ നിശ്ശബ്ദനാകുന്നുവെന്നു ഞാന്‍ ആലോചിച്ചു.

ആ കത്തിന്റെ അവസാനം ഇങ്ങനെയാണ്: ''ഈ നോവലിന്റെ കള്‍ച്ചര്‍ കിട്ടാന്‍ ഞാനൊരു അമ്പതിനായിരം പേജ് വായിച്ചുകാണും. ഞാന്‍ ഇരുപത്തിയേഴിന് പോകും. വെറുതേ ഒരാഴ്ച അലഞ്ഞ് തിരിയാന്‍. എഴുത്തിന്റെ ടെന്‍ഷനുശേഷം കെയര്‍ഫ്രീയായി കുറച്ച് നടക്കാന്‍. തമിഴ്നാട്ടിലെ അറിയാത്ത ചില ക്ഷേത്രനഗരങ്ങളില്‍.''

മരണം കണ്ട നിമിഷങ്ങള്‍

ആ നിശ്ശബ്ദതയ്ക്കിടയിലെപ്പോഴോ ആണ് ഞാന്‍ മരണത്തെപ്പറ്റി ചോദിച്ചത്. പിന്നെ തകര്‍ന്നുപോയ ബന്ധത്തെപ്പറ്റിയും. സേതു ആദ്യമായി മരണം കണ്ട നിമിഷം ഞാനോര്‍ത്തു. ഒരു സന്ധ്യയ്ക്ക് അകത്തുനിന്നു നിലവിളി കേട്ടു. പൂമുഖത്തിന്റെ മുകളിലിരുന്ന് മുള്ളിലഞ്ഞിയുടെ അച്ചില്‍ പേരുകൊത്തുമ്പോഴാണ്.

ഓടിച്ചെന്നപ്പോള്‍ ചെറിയച്ഛന്റെ കണ്ണുകള്‍ വട്ടത്തില്‍ വട്ടത്തില്‍ വിടര്‍ന്നുവരുന്നു. പിന്നെ എത്രയോ പ്രാവശ്യം മരണത്തിന്റെ മണം കേട്ടിരിക്കുന്നു. എരിയുന്ന ചന്ദനത്തിരികളുടെ രൂക്ഷമായ ഗന്ധത്തിലൂടെ എത്ര പ്രാവശ്യം കടന്നുവന്നിരിക്കുന്നു.

''എന്റെ തന്നെ മരണത്തെയാണ് ഞാന്‍ അവസാനം കണ്ടത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ്. ചോര ഛര്‍ദ്ദിച്ച് കൂട്ടിയ ഒരു പകല്‍. മരിക്കുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. പക്ഷേ, ഞാന്‍ മരിച്ചില്ല.''

ഒരു ആത്മഗതമെന്നോണം എം.ടി പറഞ്ഞു: ''മരണം ജീവിതത്തെപ്പോലെ ഒരു കളര്‍ഫുള്‍ ക്ലൈമാക്‌സാണ്. അതിന്റെ മുന്നിലാണ് നാം ഒരുപാട് പ്രതികരണങ്ങള്‍ കാണുന്നത്. ജീവിതത്തെപ്പറ്റിയുള്ള പല ചോദ്യങ്ങള്‍ക്കും മറുപടി കിട്ടിയേക്കും. മരണത്തെപ്പറ്റിയുള്ള ഒരു ചോദ്യത്തിനും മറുപടി കിട്ടില്ല...''

''എല്ലാ കഥകളും മരണത്തില്‍ അവസാനിക്കുന്നു. അങ്ങനെ അവസാനിക്കാത്തതാകട്ടെ, നല്ല കഥകളുമായിരിക്കില്ല.'' ആരാണ് അങ്ങനെ എഴുതിയത്. നേര്‍ത്ത ശബ്ദത്തില്‍ എം.ടി പറഞ്ഞു: ''ഹെമിങ് വേ.'' എനിക്കെന്നും പ്രിയപ്പെട്ട വിഷയമാണ് മരണം. ആ സ്വപ്നം എനിക്കു പ്രിയപ്പെട്ട വിഷയവുമാണ്.

എം.ടി എന്ന നീണ്ടകഥയിലെ രണ്ട് അദ്ധ്യായങ്ങള്‍ ഞാന്‍ വിട്ടുപോയത് വായനക്കാര്‍ പൊറുക്കണം. ഒന്ന് മാതൃഭൂമിയുമായുള്ള പിണക്കം, മറ്റൊന്ന് തകര്‍ന്നുപോയ ബന്ധം. മാതൃഭൂമിയില്‍നിന്ന് എം.ടി രാജിവെച്ച് പുറത്തുപോയ സാഹചര്യങ്ങള്‍ വിശദമായി പലരും എഴുതിയിട്ടുണ്ട്. എം.ടി പില്‍ക്കാലത്ത് മാതൃഭൂമിയിലേയ്ക്ക് മടങ്ങിച്ചെന്നിരുന്നു. എങ്കിലും പഴയ ഊഷ്മളത ഉണ്ടായിരുന്നില്ല. കൂടല്ലൂര്‍ യാത്രയില്‍ എം.ടി എന്നോട് പറഞ്ഞു: ''മാതൃഭൂമിക്ക് പുതിയ സാരഥികള്‍ വന്നു. എനിക്കവരോട് യോജിക്കാനായില്ല. എന്റെ സമയം പാഴാക്കുകയാണെന്ന് എനിക്കു തോന്നി, ഞാന്‍ ഇറങ്ങിപ്പോന്നു.'' എം.ടിയുടെ മാതൃഭൂമി ബന്ധമെന്നത് വെറുമൊരു എഡിറ്റര്‍ സ്ഥാനമായിരുന്നില്ല. അത് മലയാള സര്‍ഗ്ഗജീവിതത്തിലെ അതിമനോഹരമായൊരു കാലമായിരുന്നു. എം.ടി ഒരു വഴിവിളക്കായിരുന്നു. സര്‍ഗ്ഗപ്രക്രിയയിലേയ്‌ക്കൊരു പാലമായിരുന്നു. ഒരു തലമുറയാകെ പൂമരത്തണലില്‍ വളര്‍ന്നു.

തകര്‍ന്ന ബന്ധത്തെപ്പറ്റി വീണ്ടും ഓര്‍ക്കുന്നത് അത് അത്രയേറെ കേരളം ശ്രദ്ധിച്ചുവെന്നത് കൊണ്ടുമാത്രം. എന്റെ തലമുറയ്ക്ക് അത് അസാധാരണമായൊരു വിവാഹബന്ധമായിരുന്നു. എം.ടി തന്നെ എഴുതിയത് ഓര്‍മ്മയില്ലേ. ''എന്റെ കൂടെ എം.ബി ട്യൂട്ടോറിയലില്‍ ജോലി ചെയ്തിരുന്ന ഒരു സ്ത്രീയുമായി സൗഹൃദത്തിലായിരുന്നു. പുസ്തകത്തിലൂടെ ആരംഭിച്ചതാണ് സൗഹൃദം. അതു കൂടുതല്‍ അടുപ്പത്തിലെത്തി. ഓഫീസില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ അവര്‍ എനിക്കൊരു കുറിപ്പ് അയച്ചു. അമ്മയുമായി വഴക്കാണെന്നും വൈ.ഡബ്ല്യു.സി.എയിലോ മറ്റോ ഒരു മുറി ഏര്‍പ്പെടുത്തണമെന്നുമായിരുന്നു കുറിപ്പിലെ ഉള്ളടക്കം. ആ കടലാസ്സ് വലിച്ചുചീന്തി അപ്പോള്‍ത്തന്നെ മറുപടി എഴുതി: എന്റെ ഫ്‌ലാറ്റില്‍ വന്നു നിങ്ങള്‍ക്കു താമസിക്കാം.

അവര്‍ വന്നു. എന്റെ വീട്ടുടമസ്ഥയ്ക്ക് ഞാന്‍ പ്രമീളയെ പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്:

''ഇതാണെന്റെ ഭാര്യ.''

അമ്പലത്തിനും പള്ളിക്കും കൊടുക്കാത്ത വിശുദ്ധി രജിസ്ട്രാര്‍ക്കു കൊടുക്കാനും എം.ടി തയ്യാറായിരുന്നില്ല. സമൂഹത്തിന്റെ സാക്ഷ്യപത്രത്തിനു കാത്തുനില്‍ക്കാതെ തന്നെ സ്‌നേഹിച്ച സ്ത്രീയെ തന്റേടത്തോടെ എം.ടി കൂടെക്കൂട്ടി.

യാത്രയുടെ അവസാനത്തില്‍ എനിക്കു ചോദിക്കേണ്ടിവന്നു: എം.ടി നിങ്ങളുടെ ബന്ധം എങ്ങനെ പൊട്ടിപ്പോയി...?

ഇന്ന് ആലോചിക്കുമ്പോള്‍, എത്ര യാന്ത്രികമായിരുന്നു ആ ചോദ്യമെന്നു ഞാന്‍ തിരിച്ചറിയുന്നു. അതൊരു എഴുത്തുകാരന്റെ സ്വകാര്യ ജീവിതമല്ലേ. 42 വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു ഞാനങ്ങനെ ചോദിച്ചതെന്നു വായനക്കാര്‍ ഓര്‍ക്കുക. അന്ന് അത് സാഹിത്യ ചര്‍ച്ചകളിലെ അടക്കംപറച്ചിലുകളായിരുന്നു. ഇന്നായിരുന്നെങ്കില്‍ അത്തരമൊരു ചോദ്യം ചോദിച്ചെന്നു വരില്ല. എങ്കിലും നമ്മള്‍ സാധാരണ മനുഷ്യര്‍ ഇങ്ങനെയാണ്. ഏത് സെലിബ്രിറ്റികളോടും നമ്മള്‍ ഇങ്ങനെ അസംബന്ധം ചോദിച്ചെന്നിരിക്കും. എം.ടി എന്ന കാല്പനികതയിലെ ഒരംശമായിരുന്നു പ്രമീള എന്ന സ്ത്രീ. എം.ടി പ്രകോപിതനാകുമോ എന്ന ഭീതി എന്റെ മനസ്സിലുയര്‍ന്നു. പക്ഷേ, എം.ടി ശാന്തനായി പറഞ്ഞു:

''അങ്ങനെ സംഭവിച്ചു. ഡിസ്പാരിറ്റീസ് വരുമ്പോള്‍ അങ്ങനെ സംഭവിക്കും...''

''രണ്ട് ധ്രുവങ്ങളിലൂടെ സഞ്ചരിക്കേണ്ടിവന്നു. അപ്പോള്‍ വേര്‍പിരിയുന്നതാണ് നല്ലതെന്നു തോന്നി. ഞങ്ങള്‍ വേര്‍പിരിഞ്ഞു...''

ഒരു നിമിഷം എം.ടി മൂകനായി. കനത്തുവന്ന ഇരുട്ടിന്റെ മതിലുകള്‍ നേരിയ നിലാവില്‍ അലിയുകയായിരുന്നു.

''ബന്ധങ്ങള്‍ കണക്കുകളില്‍ ഒതുങ്ങരുത്. കടപ്പാടുകളിലും ഒതുങ്ങരുത്. എന്റെ എല്ലാ കുറവുകളോടും എന്നെ ഇഷ്ടപ്പെടുന്നവരെ ഞാന്‍ സ്‌നേഹിക്കുന്നു...''

ഇതാണ് ജീവിതം; ജീവിതത്തിലെ വൈചിത്ര്യം. അപ്പോള്‍ നാം ഓര്‍ക്കുന്നു, ജീവിതം എത്ര സങ്കീര്‍ണ്ണമാണെന്ന്. വരച്ച വരയിലൂടെ അതിനെ നടത്താന്‍ കഴിയില്ല... പിന്നെ സ്വപ്നങ്ങള്‍ ഓര്‍ത്ത് വിലപിക്കേണ്ടിവരും...

ബന്ധങ്ങള്‍ അവസാനിക്കുമ്പോള്‍ നാം കാരണങ്ങള്‍ തിരക്കും, എത്ര വിഡ്ഢിത്തമാണത്. എനിക്കത്രയേ പറയാനുള്ളൂ. 'It happened... we parted. ഞങ്ങള്‍ വേര്‍പിരിഞ്ഞു.''

എം.ടി അത്രയേ പറഞ്ഞുള്ളൂ. 'I may write' ഒരിക്കല്‍ ഞാന്‍ എഴുതിയേക്കും.

എം.ടി അതേക്കുറിച്ച് എഴുതിയോ. എനിക്കറിയില്ല.

മകള്‍ സിതാരയെ ഇടയ്ക്കിടെ കാണാറുണ്ടെന്ന് എം.ടി പറഞ്ഞു. ഊഷ്മളമായ ആ സ്‌നേഹബന്ധം ഓര്‍ത്ത് എം.ടി നിശ്ശബ്ദനായി. യാത്ര കഴിഞ്ഞ പിറ്റേ ദിവസം രാവിലെ ഒരു കുടുംബ ചിത്രമെടുക്കാന്‍ വീണ്ടും 'സിതാര'യില്‍ ചെന്നു. എം.ടിക്കും സരസ്വതി ടീച്ചര്‍ക്കുമിടയില്‍ വിടര്‍ന്ന ചിരിയോടെ അശ്വതി. അശ്വതിക്ക് അന്ന് നാലു വയസ്സായിരുന്നു.

പ്രിയപ്പെട്ട വായനക്കാരെ, ഈ കൂടല്ലൂര്‍ യാത്ര വിശദമായി 'എം.ടിയുടെ ഹൃദയത്തിലൂടെ' എന്ന ചെറിയ പുസ്തകത്തിലുണ്ട്. ഈ യാത്രയ്ക്കുശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് എനിക്കു പിന്നെ എം.ടിയെ കാണാന്‍ കഴിഞ്ഞത്. യാത്ര കഴിഞ്ഞ് അപൂര്‍വ്വമായി ചില കത്തുകള്‍ എഴുതിയിരുന്നു. അങ്ങനെ വന്ന ഒരു കത്തില്‍ 'രണ്ടാം ഊഴം' പൂര്‍ത്തിയാക്കി എസ്. ജയചന്ദ്രന്‍ നായര്‍ക്ക് അയച്ച വിവരം എഴുതിയിരുന്നു: ''നീണ്ടതായതുകൊണ്ട് എനിക്കു സംശയം. ജയചന്ദ്രന്‍ നായര്‍ക്ക് ഒട്ടും സംശയമില്ലതാനും...''

''എഴുതുന്ന കാലത്ത് അജ്ഞാതവാസത്തിലായിരുന്നു, ഏതാണ്ട് ഒരു 13 മാസക്കാലം. ഒരു മാസം കൂടല്ലൂരിലെ വീട്ടിലിരുന്ന് പണിതീര്‍ത്തു. ഒരുമാസം ചെറുതുരുത്തിയിലിരുന്ന് ഫെയര്‍ കോപ്പി എഴുതി. കൂടല്ലൂര്‍ യാത്ര പുസ്തകരൂപത്തില്‍ ആക്കും മുന്‍പ് നമുക്ക് ഈ നോവലിനെപ്പറ്റി വിശദമായി സംസാരിക്കാമെന്ന് എം.ടി എഴുതി. ജീവിത പങ്കപ്പാടുകള്‍ക്കിടയില്‍ എനിക്കു പക്ഷേ, വീണ്ടും എം.ടിയെ കണ്ട് സംസാരിക്കാനായില്ല. ചില അപൂര്‍വ്വ ഭാഗ്യങ്ങള്‍ അങ്ങനെ ചിലപ്പോള്‍ നമ്മുടെ കയ്യില്‍നിന്നു തെന്നിപ്പോകുന്നു.

ആ കത്തിന്റെ അവസാനം ഇങ്ങനെയാണ്: ''ഈ നോവലിന്റെ കള്‍ച്ചര്‍ കിട്ടാന്‍ ഞാനൊരു അമ്പതിനായിരം പേജ് വായിച്ചുകാണും. ഞാന്‍ ഇരുപത്തിയേഴിന് പോകും. വെറുതേ ഒരാഴ്ച അലഞ്ഞ് തിരിയാന്‍. എഴുത്തിന്റെ ടെന്‍ഷനുശേഷം കെയര്‍ഫ്രീയായി കുറച്ച് നടക്കാന്‍. തമിഴ്നാട്ടിലെ അറിയാത്ത ചില ക്ഷേത്രനഗരങ്ങളില്‍.''

നീണ്ട ഇടവേളയ്ക്കുശേഷം എം.ടിയുടെ എഴുപതാം പിറന്നാളിനാണ് പിന്നെ കോഴിക്കോട് 'സിതാര'യില്‍ എത്തിയത്. ആ കുറിപ്പും മേല്‍പ്പറഞ്ഞ പുസ്തകത്തിലുണ്ട്. ടീപ്പോയിലിരുന്ന് പത്രങ്ങള്‍ അടുക്കിവെച്ച് അന്ന് എം.ടി പറഞ്ഞു: ''ആരോ ഓര്‍മ്മിപ്പിക്കുകയാണ്, പ്രായമായി...''

ഈ കുറിപ്പിന് അടിവരയിടും മുന്‍പ് രണ്ട് കാര്യങ്ങള്‍കൂടി മനസ്സിലേക്ക് വരുന്നു. മരണക്കിടക്കയില്‍ കിടക്കവേ പ്രമീള എം.ടിയെ അവസാനമായി ഒന്നു കാണണമെന്ന് ആഗ്രഹിച്ചുവത്രേ. എം.ടി വിസമ്മതിച്ചുവെന്ന മധു നായരുടെ വെളിപ്പെടുത്തല്‍ വായിച്ച് ഞാന്‍ അസ്വസ്ഥനായി. ശരിയാണോ എന്ന് എനിക്ക് അറിയില്ല. അതിലോല വികാരങ്ങളുടെ മഹാസാഗരത്തിനു നടുവില്‍ നിശ്ചലമായൊരു തുരുത്ത്.

പാറപോലെ ഉറച്ച ഒന്ന്! എനിക്കത് അവിശ്വസനീയമായി തോന്നിയില്ല. എം.ടി അങ്ങനെയായിരുന്നു. വേഷം കെട്ടാനോ ആരെയും ബോദ്ധ്യപ്പെടുത്താനോ തയ്യാറായിരുന്നില്ല. മാസങ്ങള്‍ക്ക് മുന്‍പാണ് തന്റെ ശാരീരിക അവശതകള്‍ക്കിടയിലും കോഴിക്കോട് സാഹിത്യസമ്മേളനത്തില്‍ പിണറായി വിജയനെ അടുത്തിരുത്തി എം.ടി. ശാന്തനായി പറഞ്ഞത്: ''അധികാരം കൊള്ളരുതായ്മകള്‍ കാണിക്കാനുള്ള വഴിയല്ലെന്ന്.'' മുഖപടങ്ങളൊന്നുമില്ലാതെ ഇങ്ങനെ പറയാന്‍ നമുക്കൊരു എം.ടിയെ ഉണ്ടായിരുന്നുള്ളൂ. എം.ടി പാര്‍ട്ടികളുടെ തണല്‍തേടി പോയില്ല. പാര്‍ട്ടികളുടെ പക്ഷം പിടിച്ചില്ല. മനുഷ്യരുടെ പക്ഷത്തുനിന്നു. കാപട്യലേശമില്ലാത്ത ആ എഴുത്തിനെ, സിനിമയെ, മനുഷ്യനെ മലയാളി ഇഷ്ടപ്പെട്ടത് അതുകൊണ്ടാണ്. എം.ടി മലയാളിയുടെ ഒരുകാലത്തെ സംസ്‌കാരമായിരുന്നു.

പ്രിയപ്പെട്ട വായനക്കാരെ, എം.ടി എന്ന ആ സംസ്‌കാരം അസ്തമിച്ചു. മധുരമായൊരു സ്വപ്നത്തിനു തിരശ്ശീല വീണപോലെ. വികാരതീവ്രമായൊരു ചലച്ചിത്രത്തിനു തിരശ്ശീല വീണപോലെ. ഞാന്‍ നിശ്ശബ്ദനായി കൈകള്‍ കൂപ്പുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com