'തെറ്റു ചെയ്തവര്‍ തിരുത്തിപ്പോകണം; എസ്.എഫ്.ഐയുടെ വിശ്വാസ്യത തകര്‍ന്നിട്ടില്ല'

എസ്.എഫ്.ഐയുടെ വിശ്വാസ്യത തകര്‍ന്നു എന്ന രീതിയില്‍ ഞങ്ങള്‍ ഇപ്പോഴത്തെ വിഷയങ്ങളെ കാണുന്നില്ല. തെറ്റുകള്‍ മനുഷ്യസഹജമാണ്
'തെറ്റു ചെയ്തവര്‍ തിരുത്തിപ്പോകണം; എസ്.എഫ്.ഐയുടെ വിശ്വാസ്യത തകര്‍ന്നിട്ടില്ല'
Updated on
8 min read

ലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ സംഘടനാ  പ്രവര്‍ത്തനം തുടങ്ങിയ അനുശ്രീ കേരളത്തില്‍ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റാകുന്ന രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയാണ്; തുടക്കം ബാലസംഘത്തില്‍. ബ്രണ്ണനില്‍ ബിരുദ വിദ്യാര്‍ത്ഥിനി ആയിരിക്കെ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി. പിന്നീട് കണ്ണൂര്‍ സര്‍വ്വകലാശാലാ യൂണിയന്‍ വൈസ് ചെയര്‍പേഴ്സണ്‍, എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം, ജില്ലാ പ്രസിഡന്റ്, ബിരുദാനന്തര ബിരുദ പഠനകാലത്ത് കാലടി സംസ്‌കൃത സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍പേഴ്സണ്‍. കണ്ണൂര്‍ ജില്ലയിലെ പിണറായി സ്വദേശി; സി.പി.എം പിണറായി ഏരിയ കമ്മിറ്റി അംഗം. 

എസ്.എഫ്.ഐയുടെ വിശ്വാസ്യത വലിയതോതില്‍ തകര്‍ന്ന ഒരു ഘട്ടമല്ലേ. അത് അംഗീകരിച്ചുകൊണ്ടും മറികടക്കാന്‍ കഴിയുന്ന വിധത്തിലുമായിരിക്കുമോ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍? അങ്ങനെയെങ്കില്‍ പ്രവര്‍ത്തനരീതികളില്‍ എന്തുതരം മാറ്റങ്ങളാണ് വരുത്തുക? 

എസ്.എഫ്.ഐയുടെ വിശ്വാസ്യത തകര്‍ന്നു എന്ന രീതിയില്‍ ഞങ്ങള്‍ ഇപ്പോഴത്തെ വിഷയങ്ങളെ കാണുന്നില്ല. തെറ്റുകള്‍ മനുഷ്യസഹജമാണ്. എല്ലാ സംഘടനകളുടെ നേരെയും ആരോപണങ്ങള്‍ എല്ലാക്കാലത്തും ഉണ്ടാകാറുണ്ട്. ആരോപണങ്ങള്‍ വരുമ്പോള്‍, തെറ്റുകള്‍ സംഭവിക്കുമ്പോള്‍ അതിനെ മറികടക്കാന്‍ എങ്ങനെയാണ് സംഘടനകള്‍ ശ്രമിക്കുന്നത് എന്നതാണ് പ്രധാനം. പൂര്‍ണ്ണമായും തിരുത്തലിനു വിധേയമാകാനുള്ള ഒരു ശ്രമത്തിന് എസ്.എഫ്.ഐ ബോധപൂര്‍വ്വം ശ്രമിച്ചിട്ടുണ്ട്. അതായത്, ഇതു തെറ്റാണ്; തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം, അവരെ തിരുത്താനാവശ്യമായ നടപടിയെടുക്കണം എന്നാണ് സമീപനം. അവരെ മാറ്റിനിര്‍ത്താനും ഈ സംഘടന ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം ഇതല്ല എന്നു ബോധ്യപ്പെടുത്താനുമുള്ള ഇടപെടലാണ് നടത്തിയത്. പ്രതികരിക്കാനും തിരുത്താനും ഞങ്ങള്‍ തയ്യാറായിട്ടുണ്ട്. 

അടിയന്തരാവസ്ഥയോടു ശക്തമായി പ്രതിഷേധിച്ചും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ടുമാണ് എസ്.എഫ്.ഐ ക്യാമ്പസുകളില്‍ ഇടം പിടിച്ചത്. വര്‍ഗ്ഗീയ ഫാസിസം കൂടുതല്‍ സ്വേച്ഛാധിപത്യപരമാകുന്ന കാലത്ത് കൂടുതല്‍ ശക്തി സംഭരിക്കേണ്ട സംഘടന ദുര്‍ബ്ബലമാകുന്നു എന്ന വിമര്‍ശനങ്ങളെ എങ്ങനെ അഭിമുഖീകരിക്കുന്നു? 

എസ്.എഫ്.ഐയുടെ രാഷ്ട്രീയത്തിനു വലിയ പ്രാധാന്യം കിട്ടുന്ന ഒരു ഏടായി അടിയന്തരാവസ്ഥയ്ക്ക് എതിരായ പോരാട്ടം മാറിയിട്ടുണ്ട്. ഇന്നിപ്പോള്‍ ഫാസിസം വലിയ തോതില്‍ വളര്‍ന്നു വരുമ്പോഴും എസ്.എഫ്.ഐ പ്രാധാന്യമുള്ള ഒരു വിദ്യാര്‍ത്ഥി സംഘടനയായി നിലനില്‍ക്കാന്‍ കാരണം വര്‍ഗ്ഗീയതയ്‌ക്കെതിരെ ഈ സംഘടന ഉയര്‍ത്തിയിട്ടുള്ള കാഴ്ചപ്പാടാണ്. പൂര്‍ണ്ണമായും ഹിന്ദുരാഷ്ട്ര വക്താക്കളായ ആളുകള്‍ ഇന്ന് രാജ്യം ഭരിച്ചുകൊണ്ടിരിക്കുകയാണ്. അത്തരം നയങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. അതിനെതിരായ സമരങ്ങളൊക്കെയും വര്‍ഗ്ഗീയതയ്‌ക്കെതിരായ സമരങ്ങള്‍ കൂടിയാണ്. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും എതിരായ നിലപാടുകള്‍ ക്യാമ്പസില്‍ കൊണ്ടുവരാന്‍ വിവിധ സംഘടനകള്‍ ശ്രമിക്കുന്നു എന്നതുകൊണ്ട് അതിനെതിരെ ഇന്ന് എസ്.എഫ്.ഐയുടെ പ്രസക്തി വളരെ വലുതാണ്. പൗരന്റെ ബോധനിലവാരം വളര്‍ത്തിയെടുക്കുന്നതില്‍ അടിസ്ഥാനപരമായ പങ്കുവഹിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ആ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മതനിരപേക്ഷ കാഴ്ചപ്പാട് ഉയര്‍ത്തിക്കൊണ്ടുവരാന്‍ എസ്.എഫ്.ഐ ഒരുപാട് ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. അങ്ങനെയൊരു സമയത്ത് എസ്.എഫ്.ഐ പ്രതിക്കൂട്ടിലാകുന്നതില്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കളുടെ ആസൂത്രിത ശ്രമം കാണാന്‍ കഴിയും. വര്‍ഗ്ഗീയതയിലൂന്നിക്കൊണ്ടു മാത്രമേ ഇടപെടാന്‍ പറ്റൂ എന്നു നിലപാടുള്ളവരാണ് അവര്‍. ഞങ്ങള്‍ നടത്തുന്ന സമരങ്ങളിലും ഇടപെടലുകളിലും മതമല്ല ഉയര്‍ത്തിപ്പിടിക്കുന്നത്; മനുഷ്യന്റെ അവകാശങ്ങളാണ്, വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളാണ്. 

കെ. അനുശ്രീ/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്
കെ. അനുശ്രീ/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്

പക്ഷേ, എസ്.എഫ്.ഐ സ്വന്തം പ്രശ്‌നങ്ങളില്‍ കുരുങ്ങിക്കിടക്കുകയല്ലേ? 

അങ്ങനെയൊരു അഭിപ്രായമില്ല. എന്നും എല്ലാ തെറ്റായ നയങ്ങള്‍ക്കുമെതിരായ സമരങ്ങളില്‍ എസ്.എഫ്.ഐ മുന്നില്‍തന്നെയുണ്ട്. രാജ്യത്തിന്റെ പൊതുവിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ പറ്റുന്ന, ഏറ്റവും നന്നായി ജീവിക്കാന്‍ പറ്റുന്ന ഒന്നാക്കി രാജ്യത്തിന്റെ സാമൂഹിക വ്യവസ്ഥിതിയെ മാറ്റുന്ന ഇടപെടലുകളില്‍ ഈ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിനു വലിയ പങ്കുണ്ട്. സ്വാതന്ത്ര്യത്തില്‍ ഊന്നിയാണല്ലോ സംഘടന രൂപീകരിക്കപ്പെടുന്നത്. അതില്‍നിന്ന് ഇങ്ങോട്ട്, എല്ലാവര്‍ക്കും വിദ്യാഭ്യാസം വേണം, വിദ്യാഭ്യാസം കിട്ടിയവര്‍ക്ക് തൊഴിലെടുത്തു ജീവിക്കാന്‍ കഴിയണം എന്നൊക്കെ പറയുന്നത് രാജ്യത്തിന്റെ പൊതുവിഷയമാണ്. വിദ്യാഭ്യാസ മേഖലയിലാണെങ്കില്‍ പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്ന ഘട്ടത്തിലാണെങ്കിലും അത് വിദ്യാര്‍ത്ഥികളുടെ മാത്രം വിഷയമല്ല എന്നാണ് എസ്.എഫ്.ഐ പറഞ്ഞ നിലപാട്. നാളത്തെ രാജ്യം എങ്ങനെയായിരിക്കണം എന്ന് ഏറ്റവും നന്നായി വിഭാവനം ചെയ്യുന്ന ഇടപെടലാണ് വിദ്യാഭ്യാസ നയം. അതു വിദ്യാര്‍ത്ഥികളില്‍ ഒതുങ്ങരുത്. ജനകീയ മുന്നേറ്റങ്ങള്‍ക്ക് അടിത്തറ പാകുന്ന ഇടപെടലുകളില്‍ ഞങ്ങള്‍ സജീവമായിത്തന്നെ ഉണ്ട്. ഗുസ്തി താരങ്ങളുടെ സമരമാകട്ടെ, കര്‍ഷകസമരമാകട്ടെ, തൊഴില്‍ നിയമഭേദഗതിക്കെതിരായ സമരമാകട്ടെ, രാജ്യത്തു നടക്കുന്ന എല്ലാ സമരങ്ങളും, അത് അവകാശ പോരാട്ടങ്ങളാണെങ്കില്‍ മുന്‍നിര പോരാളികളായി സര്‍വ്വകലാശാലകളില്‍നിന്ന് വിദ്യാര്‍ത്ഥികള്‍ വരുന്ന കാഴ്ച ഇന്നത്തെ ഇന്ത്യയില്‍ ഉണ്ട്.  

നിഖിലിന്റേയും വിദ്യയുടേയും വിഷയം എസ്.എഫ്.ഐയെ അടിക്കാന്‍ രാഷ്ട്രീയ ശത്രുക്കള്‍ ആയുധമാക്കിയത് സ്വാഭാവികം. പക്ഷേ, സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ എഴുതാത്ത പരീക്ഷ ജയിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ആര്‍ഷോ നിരപരാധിയാണെന്നു വ്യക്തമായി. എന്നിട്ടും സ്വയം പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ട് ആക്രമണങ്ങളില്‍ പതറുന്ന സ്ഥിതിയല്ലേ? 

എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിക്കു നേരേ നിരന്തര പരാമര്‍ശങ്ങളും ആരോപണങ്ങളും ഉണ്ടാകുന്നുണ്ട്. അതില്‍ അവസാനത്തേതാണ് അദ്ദേഹത്തിന്റെ മാര്‍ക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വിഷയം. അദ്ദേഹം തന്നെ കൃത്യമായി തെളിവുകളടക്കം മാധ്യമങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങളൊക്കെ നടക്കുകയും ചെയ്തതിനൊടുവില്‍ അദ്ദേഹം പറയുന്നത് ശരിയാണെന്നു ബോധ്യപ്പെട്ടതാണ്.

മറ്റു രണ്ടു വിഷയങ്ങളില്‍, വ്യക്തികളുടെ തെറ്റിനെ ന്യായീകരിക്കേണ്ട കാര്യം എസ്.എഫ്.ഐക്ക് ഇല്ല. തെറ്റു ചെയ്തവര്‍ തിരുത്തിപ്പോകണം. അവരെ മാറ്റിനിര്‍ത്താനുള്ള ഇടപെടലാണ് സംഘടന നടത്തിയത്. നിഖിലിന്റെ വിഷയമാണെങ്കിലും വിദ്യയുടെ വിഷയമാണെങ്കിലും എസ്.എഫ്.ഐ പറഞ്ഞത് ഇതു രണ്ടും തെളിയിക്കപ്പെടണം, വസ്തുത പുറത്തു വരണം. സമഗ്രമായ അന്വേഷണം വേണം എന്നാണ്. അവരെ സംഘടനയില്‍നിന്നു മാറ്റിനിര്‍ത്താമെന്നും പറഞ്ഞു. നിഖില്‍ പ്രവര്‍ത്തകനും വിദ്യ മുന്‍ പ്രവര്‍ത്തകയുമായിരുന്നു. നിഖിലിനെ എല്ലാ ഘടകങ്ങളില്‍നിന്നും മാറ്റിനിര്‍ത്തിയിട്ടാണ് അന്വേഷണം നടത്തിയത്. സംഘടനയെ കബളിപ്പിക്കുകയായിരുന്നു അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നു മനസ്സിലായ ഘട്ടത്തില്‍തന്നെ മെമ്പര്‍ഷിപ്പില്‍ നിന്നടക്കം ഒഴിവാക്കി. വിഷയങ്ങള്‍ വരുമ്പോള്‍ ഈ സംഘടന എങ്ങനെ പരിഹരിക്കാന്‍ തയ്യാറായി എന്നാണ് ഇതിനെയൊക്കെ കാണേണ്ടത്. പക്ഷേ, എസ്.എഫ്.ഐക്കാര്‍ മൊത്തം പ്രശ്‌നക്കാരാണ്, ഈ തരത്തിലുള്ള ആളുകളാണ് എന്ന ഒരു പൊതുബോധം സൃഷ്ടിക്കാനുള്ള വലിയ ഇടപെടലുകള്‍ നടക്കുന്നുണ്ട്. 

കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലും എസ്.എഫ്.ഐ നേതൃത്വം കൊടുക്കുന്ന യൂണിയനുകളാണ് നയിക്കുന്നത്. ഒട്ടുമിക്ക ക്യാമ്പസുകളിലും എസ്.എഫ്.ഐയാണ് ഭൂരിപക്ഷമുള്ള സംഘടന. മികച്ച യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഈ കാലങ്ങളില്‍ തെരഞ്ഞെടുപ്പിന് അപ്പുറമുള്ള ഒരുപാട് പ്രവര്‍ത്തനങ്ങള്‍, സമരങ്ങള്‍, ക്യാംപെയ്നുകള്‍ എന്നിങ്ങനെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സജീവമായി ഇടപെടുന്ന ഒരു സംഘടനയെ ഇങ്ങനെയുള്ള ആരോപണങ്ങള്‍ കൊണ്ടുവന്ന് ഇല്ലാതാക്കിയാല്‍ മാത്രമേ ഇവിടെ സ്വാധീനമുണ്ടാക്കാന്‍ പറ്റുകയുള്ളു എന്ന തെറ്റായ ബോധം ചില വിദ്യാര്‍ത്ഥി സംഘടനകള്‍ക്കുണ്ട്. ഈ സംഘടനകള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി എന്തു ചെയ്യുന്നു എന്ന ചോദ്യം പ്രസക്തമാണ്. ഈ ആരോപണങ്ങളും വിവാദങ്ങളുമൊക്കെ ഉണ്ടാകുമ്പോഴും എസ്.എഫ്.ഐ നടത്തുന്ന സംഘടനാ പ്രവര്‍ത്തനങ്ങളെക്കൂടി വിലയിരുത്തണം. 

എസ്.എഫ്.ഐ സ്വന്തം നിലയില്‍ ഒരു ജനാധിപത്യവിരുദ്ധ സ്വഭാവം മിക്കപ്പോഴും പ്രകടിപ്പിക്കുകയും ക്യാമ്പസുകളില്‍ ഗുണ്ടാ സംഘത്തെപ്പോലെ പ്രവര്‍ത്തിക്കുകയും പെരുമാറുകയും ചെയ്യുന്നത് എസ്.എഫ്.ഐ കുഴപ്പക്കാരാണ് എന്ന പൊതുബോധം സൃഷ്ടിക്കാന്‍ കാരണമല്ലേ. വര്‍ഗ്ഗീയ, ഫാസിസ്റ്റ് സംഘടനകളുടെ ശൈലിയല്ലേ മിക്കപ്പോഴും പ്രകടിപ്പിക്കുന്നത്. ഇതിനെ എങ്ങനെ സ്വയംവിമര്‍ശനപരമായി കാണുന്നു? 

വിമര്‍ശനങ്ങള്‍ ഏറ്റെടുക്കാനും സ്വയംവിമര്‍ശനം ഉന്നയിക്കാനും എസ്.എഫ്.ഐക്ക് മടിയില്ല. ഇതൊക്കെ പറയുമ്പോഴും ഈ പറഞ്ഞ സംഘടനകളുടെയൊക്കെ ഒരു ഭാഗത്ത് മതമുണ്ട്. ഫ്രറ്റേണിറ്റി ആകട്ടെ, എം.എസ്.എഫ് ആകട്ടെ, എ.ബി.വി.പി ആകട്ടെ, അവര്‍ കുട്ടികളെ സംഘടിപ്പിക്കുന്നത് മതം പറഞ്ഞുകൊണ്ടാണ്. പെണ്‍കുട്ടികള്‍ക്ക് മെമ്പര്‍ഷിപ്പ് കൊടുക്കാത്ത സംഘടനകളുണ്ട്, പെണ്‍കുട്ടികളെ ഇരുത്തി പരിപാടികള്‍ നടത്താത്ത സംഘടനയുണ്ട്. ആ ക്യാമ്പസുകള്‍ക്കകത്തൊക്കെ എസ്.എഫ്.ഐയാണ് വലിയ മുന്നേറ്റം ഉണ്ടാക്കിയിരിക്കുന്നത്. എസ്.എഫ്.ഐ പറയുന്ന രാഷ്ട്രീയം എല്ലാവരേയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയമാണ്. ട്രാന്‍സ്ജെന്‍ഡേഴ്സിന് ആദ്യമായി മെമ്പര്‍ഷിപ്പ് കൊടുത്ത വിദ്യാര്‍ത്ഥി സംഘടന എസ്.എഫ്.ഐ ആണ്. എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയുണ്ട്. അതൊരു ഉദാഹരണം മാത്രം. ആര്‍ത്തവ അവധി അടക്കമുള്ള ഒരുപാട് മുന്നേറ്റങ്ങള്‍ എസ്.എഫ്.ഐ നടത്തിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഇളവിനുവേണ്ടിയുള്ള സമരം. ലിംഗനീതിയും ലിംഗസമത്വവും പരിഗണിച്ചുകൊണ്ട് എസ്.എഫ്.ഐ മുന്നോട്ടു വയ്ക്കുന്ന പരിപാടികളാണ് ഇതൊക്കെ. അക്രമത്തിന്റെ പേര് പറഞ്ഞുകൊണ്ടാണ് പലപ്പോഴും എസ്.എഫ്.ഐയെ പ്രതിക്കൂട്ടിലാക്കുന്നത്. എസ്.എഫ്.ഐ അക്രമകാരികളാണ്, തെരഞ്ഞെടുപ്പില്‍ വിജയിച്ചാലുടനെ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിത്തുടങ്ങും എന്നൊക്കെയാണ് ഈ സംഘടനകളൊക്കെ പറയുന്നത്. ഈ ആരോപണങ്ങളൊക്കെ വര്‍ഷങ്ങളായി തുടരുമ്പോഴും പിന്നീടും തെരഞ്ഞെടുപ്പുകളില്‍ എസ്.എഫ്.ഐ മാത്രമാണ് വിജയിക്കുന്നത്. അതു മാത്രമല്ല, അന്‍പത് വര്‍ഷം പിന്നിട്ടപ്പോള്‍ 35 വിദ്യാര്‍ത്ഥി സഖാക്കളാണ് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത്. കേരളത്തില്‍ മറ്റൊരു സംഘടനയ്ക്കും ഈ വിധം രക്തസാക്ഷികള്‍ ഉണ്ടായിട്ടില്ല. ഏറ്റവും അവസാനം ധീരജ് വരെയുള്ള രക്ഷസാക്ഷികള്‍. 19 വയസ്സു മാത്രമുണ്ടായിരുന്ന ഇടുക്കി പൈനാവ് എന്‍ജിനീയറിംഗ് കോളേജിലെ മിടുക്കനായ ആ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി. ഞങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രയാസമായി ഈ അക്രമങ്ങള്‍ മാറുകയാണ്. അപ്പോഴും എസ്.എഫ്.ഐക്കാരാണ് അക്രമകാരികള്‍ എന്നൊരു പൊതുബോധം സൃഷ്ടിക്കാന്‍ കഴിയുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നേരിടുന്ന അക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല; അവര്‍ക്കു നീതി കിട്ടണമെന്ന് പറയുന്നില്ല. ധീരജനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കെ.എസ്.യുവിന്റെ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍, ഇടുക്കി ജില്ലാ പ്രസിഡന്റായി കൊലയാളി വരുമ്പോള്‍, നിഖില്‍ പൈലി യൂത്ത് കോണ്‍ഗ്രസ് നേതാവായി വരുമ്പോള്‍ അതിലൊന്നും ചര്‍ച്ചകള്‍ ഉണ്ടാകുന്നില്ല. ഏതെങ്കിലും ക്യാമ്പസില്‍ എസ്.എഫ്.ഐയ്ക്ക് നേതൃത്വം കൊടുക്കുന്ന സഖാക്കളില്‍നിന്ന് അനാരോഗ്യകരമായ ഇടപെടല്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് തിരുത്തപ്പെടണം.

പിഎം ആർഷോ
പിഎം ആർഷോ

എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷവും ബി.ജെ.പിയും മാധ്യമങ്ങളും ഉയര്‍ത്തുന്ന കൂട്ടായ നിരയെ ചെറുക്കുക എന്ന ജോലി പാര്‍ട്ടിയേയും മുന്നണിയേയും ഏല്പിച്ചിട്ട് എസ്.എഫ്.ഐ സ്വന്തം ദുഷ്പേരുകള്‍ മാറ്റാനുള്ള ശ്രമങ്ങളിലേക്ക് ഇറങ്ങേണ്ടതല്ലേ? 

അങ്ങനെയല്ല. കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ തുടര്‍ഭരണം ഉണ്ടായ ഒരു സാഹചര്യമുണ്ട്. എല്ലാ മേഖലകളിലേയും സമഗ്ര വികസനത്തിന്റെ ഭാഗമായാണ് ജനങ്ങള്‍ ഈ മുന്നണിയെ വീണ്ടും വിജയിപ്പിച്ചത്. നേരത്തെ പറഞ്ഞതുപോലെ, വിദ്യാര്‍ത്ഥി സംഘടനയാണെങ്കിലും ഞങ്ങള്‍ക്കു കൃത്യമായ രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയ ബോധ്യം ഇടതുപക്ഷത്തോട് ചേര്‍ന്നുനില്‍ക്കാനാണ് എസ്.എഫ്.ഐയെ പ്രേരിപ്പിക്കുന്നത്. ഇടതുപക്ഷ ഗവണ്‍മെന്റിന്റെ മുന്നേറ്റങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ ഇന്നു നടന്നുകൊണ്ടേയിരിക്കുന്നുണ്ട്. അതിനെ എന്തുവില കൊടുത്തും ചെറുക്കും. കാരണം, വിദ്യാഭ്യാസ മേഖലയില്‍ ഞങ്ങള്‍ പറയുന്ന തരത്തിലുള്ള പുരോഗമന ആശയങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്ന ഗവണ്‍മെന്റാണ് ഇത്. ഈ ഗവണ്‍മെന്റിനെ സംരക്ഷിക്കാനും എതിരായ വിമര്‍ശനങ്ങളെ ചെറുത്തുനിര്‍ത്താനും സംഘടനാ സംവിധാനമുണ്ട്. എസ്.എഫ്.ഐയും സമാനമായി ആക്രമിക്കപ്പെടുന്നത് ഇടതുപക്ഷത്തിനും ഈ ഗവണ്‍മെന്റിനും എതിരായ അക്രമത്തിന്റെ കൂടി ഭാഗമായിട്ടാണ്. ഈ ആരോപണങ്ങളും ആക്രമണങ്ങളുമൊക്കെ ചേര്‍ത്തു വായിക്കേണ്ടിവരും. ദേശീയതലത്തില്‍ മികച്ച സര്‍വ്വകലാശാലകളെ എണ്ണുമ്പോള്‍ എ പ്ലസ് പ്ലസ്സൊക്കെ വാങ്ങിയ സര്‍വ്വകലാശാല നമുക്കുണ്ട്. വിദേശ സര്‍വ്വകലാശാലകള്‍ക്കു തുല്യമായ സര്‍വ്വകലാശാലകള്‍; ഹോസ്റ്റലുകളുടേയും ലൈബ്രറികളുടേയും മറ്റും വികസനത്തില്‍ വലിയ കുതിപ്പ്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് വിദ്യാഭ്യാസമേഖലയുടെ പുതിയ കുതിപ്പിനു ശ്രമിച്ചതെങ്കില്‍ ഈ സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കു വലിയ പ്രാധാന്യമാണ് കൊടുക്കുന്നത്. ഇതിനൊക്കെ എസ്.എഫ്.ഐ അടക്കം നേതൃത്വം കൊടുത്തിട്ടുണ്ട്. എസ്.എഫ്.ഐ മുന്‍പ് ഉന്നയിച്ച നിരവധി ആവശ്യങ്ങള്‍ ഇന്ന് അംഗീകരിക്കപ്പെടുന്നു. തുല്യനീതിയില്‍ ഊന്നിയുള്ള വിദ്യാഭ്യാസ ക്രമീകരണം ഉള്‍പ്പെടെ. ഇതൊക്കെ തെറ്റാണ്, ഇതൊന്നുമല്ല വേണ്ടത് എന്ന ഭീതി ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്താണ് യു.ഡി.എഫില്‍നിന്ന് എല്‍.ഡി.എഫിലേക്കുള്ള മാറ്റം എന്നു ചോദിക്കുമ്പോള്‍, ലാഭകരമല്ല എന്ന പേരില്‍ അടച്ചുപൂട്ടാന്‍ ശ്രമിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മുന്നില്‍ അന്ന് കാവലിരുന്നവരാണ് എസ്.എഫ്.ഐ. ഇന്ന് അതേ സ്‌കൂളുകള്‍ ഹൈടെക്കായി മാറുമ്പോള്‍ അവിടെ പരിപാടികളില്‍ അഭിമാനത്തോടെ പങ്കെടുക്കുകയാണ്. അങ്ങനെ ഒരുപാടു മുന്നേറ്റങ്ങളിലൂടെയാണ് ഇവിടെ എത്തിയത്. അതൊക്കെയൊന്നു ചെറുതാക്കി കാണിക്കാന്‍ ഇടതുപക്ഷ ഗവണ്‍മെന്റിനേയും എസ്.എഫ്.ഐയേയും ഉന്നംവെച്ചുള്ള ശ്രമങ്ങള്‍ നടക്കുന്നു. അങ്ങനെ ഇല്ലാത്ത ദുഷ്പേരുണ്ടാക്കാനുള്ള സംഘടിത ശ്രമങ്ങളെ കൂട്ടായി ചെറുക്കാന്‍ തന്നെയാണ് തീരുമാനം. 

പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് പരസ്യമായി സംരക്ഷണമാണ് എസ്.എഫ്.ഐക്കു കിട്ടുന്നതെങ്കിലും ഇപ്പോഴത്തെ പോക്കില്‍ പാര്‍ട്ടിക്ക് അതൃപ്തിയുണ്ട് എന്നതല്ലേ ശരി. അത് എങ്ങനെയാണ് പാര്‍ട്ടി പ്രകടിപ്പിച്ചത്? 

ഇത്തരം പല കാര്യങ്ങളും വാര്‍ത്തയായി വരുമ്പോഴാണ് ഞങ്ങള്‍ അറിയുന്നത്. ഞങ്ങളുടെ സംഘടന ഇന്ന കാര്യം 'തീരുമാനിച്ചു' എന്നുപോലും ചിലപ്പോള്‍ ഞങ്ങള്‍ അറിയുന്നത് വാര്‍ത്തകളിലൂടെയാണ്. ഒരു പരിധിവരെ വിഷയങ്ങളെ തെറ്റായി ചിത്രീകരിക്കാന്‍ ഇത്തരം വാര്‍ത്തകളിലൂടെ ശ്രമിക്കുന്നുണ്ട്. അത് ഇല്ലാതാകണം. പിന്നെ, സംഘടനയെ ശരിയാക്കാനുള്ള പക്വത സംഘടനയ്ക്കുണ്ട്. ഒരു പരിധിവരെ അതു ചെയ്യാറുണ്ട്. അതാതു സമയങ്ങളില്‍ യോഗം ചേര്‍ന്ന്, തീരുമാനിച്ച്, നടപടിയെടുക്കേണ്ട ഘട്ടങ്ങളില്‍ ഇടപെട്ടുകൊണ്ട് തിരുത്തല്‍ പ്രക്രിയ നടത്താറുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണി അത്തരം നിര്‍ദ്ദേശങ്ങള്‍ തന്നുകഴിഞ്ഞാല്‍ അതില്‍ സ്വീകരിക്കേണ്ടത് ഞങ്ങള്‍ സ്വീകരിക്കും. അല്ലാതെ സംഘടന സംഘടനയുടേതായ രീതിയില്‍തന്നെയാണ് മുന്നോട്ടു പോകുന്നത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വമുള്ള സഖാക്കള്‍ തന്നെ മാധ്യമങ്ങളോടു സംസാരിച്ചു കഴിഞ്ഞു. എസ്.എഫ്.ഐയെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമമുണ്ട് എന്ന് അവരടക്കം പറഞ്ഞുകഴിഞ്ഞു. അതായത്, സംസ്ഥാന സെക്രട്ടറിക്കു നേരെ അടക്കം ഉണ്ടാകുന്ന ബോധപൂര്‍വ്വമായ ആക്രമണങ്ങള്‍ തെറ്റാണ് എന്ന രീതിയിലേക്ക് അവരും കൂടി സംസാരിച്ചിട്ടുണ്ട്. ഞങ്ങളെ കേള്‍ക്കാന്‍ അല്ലെങ്കില്‍ ഞങ്ങളെ ന്യായമായ രീതിയില്‍ വിലയിരുത്താന്‍ നേതാക്കള്‍ ശ്രമിക്കാറുണ്ട്. അവരൊക്കെ പഴയകാല എസ്.എഫ്.ഐ പ്രവര്‍ത്തകരാണ്. ആ നിലയില്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ തരാറുണ്ട്. അതൊക്കെ ആ രീതിയില്‍ ഞങ്ങള്‍ സ്വീകരിക്കാറുമുണ്ട്.

നിഖിൽ തോമസ്
നിഖിൽ തോമസ്

എസ്.എഫ്.ഐയെ രാഷ്ട്രീയം പഠിപ്പിക്കുക എന്നത് വലിയ ക്യാംപെയ്ന്‍ ആയി മാറുകയാണല്ലോ; പ്രത്യേകിച്ചും സമൂഹമാധ്യമങ്ങളിലും ദൃശ്യമാധ്യമ ചര്‍ച്ചകളിലും. സ്വയം രാഷ്ട്രീയപഠനത്തിന് എസ്.എഫ്.ഐ എന്തുതരം ശ്രമങ്ങളാണ് നടത്തുന്നത്? 

കാലത്തിനനുസരിച്ച് നല്ല രാഷ്ട്രീയ ബോധവും സമൂഹത്തെക്കുറിച്ചുള്ള നല്ല ബോധവും എല്ലാ സംഘടനകള്‍ക്കും വരേണ്ടതായിട്ടുണ്ട്. നിരന്തരം പഠന ക്യാമ്പുകള്‍, ക്ലാസ്സുകള്‍, മുഖമാസിക 'സ്റ്റുഡന്റ്' അടക്കം നടത്തുന്ന ഒരു രാഷ്ട്രീയ ബോധവല്‍ക്കരണ പ്രവര്‍ത്തനമുണ്ട് എസ്.എഫ്.ഐയ്ക്ക്. അതാതു കാലത്തിന്റെ രാഷ്ട്രീയം സഖാക്കളെ പഠിപ്പിച്ചുകൊടുക്കുകയും അതിനപ്പുറം സംഘടനാ പ്രവര്‍ത്തനം എങ്ങനെയായിരിക്കണം എന്നു പുതിയ പുതിയ അംഗങ്ങളെ ബോധ്യപ്പെടുത്താനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ എല്ലാക്കാലത്തും ചെയ്തു പോരാറുണ്ട്. അംഗങ്ങളും നേതൃത്വവും മാറിമാറി വരികയാണല്ലോ. പഴയ എസ്.എഫ്.ഐക്കാര്‍ എന്ന നിലയില്‍ ഞങ്ങളെ നന്നാക്കാനും നേര്‍വഴിക്കു കൊണ്ടുവരാനുമുള്ള പല വര്‍ത്തമാനങ്ങളും ഇപ്പോള്‍ കേള്‍ക്കാറുണ്ട്. പിന്നെ, ഒരിക്കല്‍ എസ്.എഫ്.ഐ ആയിക്കഴിഞ്ഞാല്‍ എല്ലാക്കാലത്തും എസ്.എഫ്.ഐ എന്നു പറയാന്‍ കാരണം എസ്.എഫ്.ഐ ഏറ്റവും വിശാലമായിട്ടുള്ള രാഷ്ട്രീയം പറയുന്ന ഒരു സംഘടനയാണ്. ഏറ്റവും ഊര്‍ജ്ജസ്വലമായ യൗവ്വനകാലത്തെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ്. ആ കാലത്ത് അവരുടെ ചിന്തകളേയും നിലപാടുകളേയും സ്വാധീനിക്കുന്ന സംഘടനയ്ക്ക് മുന്നോട്ടുള്ള ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ടാകും. ജനാധിപത്യ ആശയങ്ങളില്‍ അടിയുറച്ചു നില്‍ക്കണം എന്ന ബോധ്യമടക്കം ക്യാമ്പസുകള്‍ക്കകത്ത് കൊടുത്തുകൊണ്ട് വളര്‍ത്തിയെടുക്കുന്നത് എസ്.എഫ്.ഐ ആണ്. നമ്മള്‍ അടിയന്തരാവസ്ഥയെക്കുറിച്ചു പറഞ്ഞു. ഇന്നത്തെ ഇന്ത്യന്‍ ഫാസിസ്റ്റ് ഗവണ്‍മെന്റ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതും ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ പോലുള്ള ഭരണമാണ്. ഇപ്പോഴും കോണ്‍ഗ്രസ് അവകാശപ്പെടുന്നത് ഇതിനെതിരായ ബദല്‍ അവരാണ് എന്നാണ്. ബദലാകാനുള്ള ഒരു പ്രവര്‍ത്തനമോ ഇടപെടലോ അവരുടെ ഭാഗത്തുനിന്നോ അവരുടെ വിദ്യാര്‍ത്ഥി, യുവജന സംഘടനകളുടെ ഭാഗത്തുനിന്നോ ഉണ്ടാകുന്നില്ല. ഇന്ദിരാഗാന്ധിയുടെ അതേ അടിയന്തരാവസ്ഥാ നയം തന്നെയാണ് മോദിയുടേത്. രണ്ടും ഒരേ ത്രാസില്‍ അളക്കേണ്ടി വരും. ജനവിരുദ്ധമായ ഇടപെടലുകളാണ് രാജ്യമെമ്പാടും നടക്കുന്നത്. അങ്ങനെയുള്ള കാലത്ത് അതിനെതിരായ പൊതുബോധം സൃഷ്ടിക്കാന്‍ ക്യാമ്പസുകള്‍ക്കകത്തു വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നത് വലിയ ഉത്തരവാദിത്വമാണ്. അതു ഞങ്ങള്‍ ഏറ്റെടുത്തുപോരുക തന്നെയാണ്. ആ രാഷ്ട്രീയവല്‍ക്കരണ പ്രവര്‍ത്തനം കൂടി എസ്.എഫ്.ഐ അതാതു സമയത്ത്, കാലത്തിനനുസരിച്ച് നടത്തുന്നുണ്ട്. രാഷ്ട്രീയം പറഞ്ഞു ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്താറുണ്ട്. ഇന്നത്തെ ഈ വിഷയം വന്നതുകൊണ്ടല്ല. പുതിയ കമ്മിറ്റികളും പുതിയ നേതൃത്വവും വന്നുകഴിഞ്ഞാല്‍ പഠനക്ലാസ് കൊടുക്കുന്നത് എസ്.എഫ്.ഐ എല്ലാക്കാലത്തും തുടര്‍ന്നുപോരുന്ന രീതിയാണ്. സംഘടന എന്താണെന്നു പഠിപ്പിച്ചുകൊടുക്കും; എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന ബോധ്യമുണ്ടാക്കിക്കൊടുക്കും. കമ്മിറ്റികളേയും ഉത്തരവാദിത്വങ്ങളേയും കുറിച്ച് മനസ്സിലാക്കിക്കൊടുക്കും. അതു സംഘടനാ കാര്യം. അതിനപ്പുറം, ചുറ്റുപാടിനെക്കുറിച്ച്, ഇന്നത്തെ രാഷ്ട്രീയം എന്താണ്, നമ്മള്‍ എന്തൊക്കെ ചെയ്യണം, ഇന്നത്തെ രാഷ്ട്രീയം എത്രത്തോളം വെല്ലുവിളി ഉളളതാണ്. ഇത്തരം ക്ലാസ്സുകള്‍ ക്യാമ്പസ് യൂണിറ്റ് തലം വരെ തുടരും. അടിത്തട്ട് വരെയുള്ളവര്‍ക്ക് സംഘടനയെക്കുറിച്ചു ബോധ്യമുണ്ടാകാനുള്ള പ്രവര്‍ത്തനമാണത്. അതല്ലാതെ നിരന്തര ക്യാംപെയ്നിലും പ്രത്യേക രാഷ്ട്രീയമുണ്ട്. ഞങ്ങള്‍ നടത്തുന്ന എല്ലാ ക്യാംപെയ്നുകളിലും രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം കൃത്യമായി വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നിരന്തരം ചെയ്യുന്നുണ്ട്. ക്ലാസ്മുറികളില്‍ പോയി രാഷ്ട്രീയം പറയാറുണ്ട്. ഇതര സംഘടനകളെന്താണ് പറയുന്നത്; സൗഹൃദമാണ്. വെറും സൗഹൃദമല്ല കൃത്യമായ രാഷ്ട്രീയമാണ് വേണ്ടത്. സൗഹൃദത്തിനു വോട്ടുനല്‍കുക എന്നു പറയുന്ന സംഘടനകള്‍ക്കപ്പുറം പല ക്യാമ്പസുകളിലും ഞങ്ങള്‍ നേരിടുന്ന എതിര്‍ പ്രചാരണം, ഞങ്ങളെ നോക്കൂ, ഞങ്ങള്‍ സൗഹൃദത്തിനു വേണ്ടിയാണ് നിലകൊള്ളുന്നത് എന്നാണ്. പല ഘട്ടങ്ങളിലും എസ്.എഫ്.ഐയ്ക്ക് മുതിര്‍ന്ന വിദ്യാര്‍ത്ഥികളോട് പറയേണ്ടിവരാറുണ്ട്, റാഗിംഗിനെ പ്രോത്സാഹിപ്പിക്കാന്‍ പറ്റില്ല. അങ്ങനെയുള്ള ഘട്ടങ്ങളില്‍ ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളോട് കൃത്യമായ രാഷ്ട്രീയത്തിന്റെ ഭാഗമായി ഒരുപക്ഷേ, പ്രശ്‌നക്കാരോട് മുഖം തിരിച്ചു പറയേണ്ടി വരാറുണ്ട്. അവിടെയൊക്കെയുള്ളത് രാഷ്ട്രീയമാണ്. അതല്ലാതെ സൗഹൃദത്തിനു വോട്ട് എന്നു പറയുന്നവരുടെ കപടത മനസ്സിലാക്കാനും രാഷ്ട്രീയം സംസാരിക്കുന്നവരെ മനസ്സിലാക്കാനും തയ്യാറാകണം.

മറ്റു വിദ്യാര്‍ത്ഥി സംഘടനകളേക്കാള്‍ പെണ്‍കുട്ടികള്‍ കൂടുതലുള്ളത് എസ്.എഫ്.ഐയിലാണ്. പക്ഷേ, പ്രായോഗിക തലത്തില്‍ ലിംഗനീതിയുടെ അടിസ്ഥാനത്തിലുള്ള ഒരു സമീപനം സ്വീകരിക്കേണ്ടിവരുമ്പോള്‍ നീതിപൂര്‍വ്വം പെരുമാറാന്‍ യഥാര്‍ത്ഥത്തില്‍ കഴിയുന്നുണ്ടോ? 

എസ്.എഫ്.ഐയ്ക്ക് എല്ലാ തലങ്ങളിലും വിദ്യാര്‍ത്ഥിനികളുടെ സബ് കമ്മിറ്റിയുണ്ട്. അതിനപ്പുറത്ത്, സംഘടനാ നേതൃത്വത്തില്‍ പല ഘടകങ്ങളിലും പെണ്‍കുട്ടികള്‍ അധ്യക്ഷ സ്ഥാനത്തെത്തുന്നുണ്ട്. സര്‍വ്വകലാശാലാ യൂണിയന്‍ ഭരിക്കുന്ന പെണ്‍കുട്ടികളുണ്ട്. മുഴുവനായിട്ടും പെണ്‍കുട്ടികള്‍ മാത്രമുള്ള വിദ്യാര്‍ത്ഥിനി പാനല്‍ പല ക്യാമ്പസുകളിലും ഉണ്ടാകാറുണ്ട്. വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേയ്ക്ക് പെണ്‍കുട്ടി മത്സരിക്കേണ്ടതുകൊണ്ട് മുന്‍പൊക്കെ നിര്‍ബ്ബന്ധിച്ച് നിര്‍ത്തുമായിരുന്നു. പക്ഷേ, എന്തുകൊണ്ട് ചെയര്‍പേഴ്സണ്‍ ആയിക്കൂടാ, ജനറല്‍ സെക്രട്ടറി ആയിക്കൂടാ തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നതില്‍ എസ്.എഫ്.ഐയ്ക്ക് വലിയ പങ്കുണ്ട്. 

ഇതൊക്കെ നമുക്കു പറ്റും. പെണ്‍കുട്ടികള്‍ യൂണിറ്റ് സെക്രട്ടറിമാരും ഏരിയാ സെക്രട്ടറിയും മുതല്‍ അഖിലേന്ത്യാ സെക്രട്ടറി വരെ ആയിട്ടുള്ള സംഘടനയാണ്. ഈ ആര്‍ത്തവ അവധിയൊന്നും മുന്‍പൊന്നും ആലോചിക്കാന്‍പോലും പെണ്‍കുട്ടികള്‍ക്കു കഴിഞ്ഞിരുന്നില്ല. ഞങ്ങള്‍ നിരന്തര ക്യാംപെയ്ന്‍ നടത്തിയാണ് ഇതൊക്കെ പറയാന്‍ മടിക്കേണ്ടതില്ല എന്നു പെണ്‍കുട്ടികള്‍ക്കു ധൈര്യം കൊടുത്തത്. സ്ത്രീ സൗഹൃദ ക്യാംപസുകള്‍ എന്നാല്‍, അവിടെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുള്‍പ്പെടെ എല്ലാവര്‍ക്കും കടന്നുവരാന്‍ കഴിയും. സ്ത്രീയുടെ കണ്ണിലൂടെ നോക്കാന്‍ പറ്റിയാല്‍ എല്ലാവരേയും കാണാന്‍ കഴിയും എന്നു പറഞ്ഞത് വെറും കാല്പനിക വാക്യമല്ല. എസ്.എഫ്.ഐ വളരെ മുന്‍പേ തന്നെ ആ ആശയം മുന്നോട്ടു വച്ചിട്ടുണ്ട്. അതുകൊണ്ട് തുല്യതയില്‍ ഊന്നിക്കൊണ്ട് ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. ട്രാന്‍സ്ജെന്‍ഡേഴ്സിനെ കൂടുതലായി ഉള്‍പ്പെടുത്താന്‍ കഴിയണം. അവരൊക്കെ ഒരു ഘട്ടത്തില്‍ വരാന്‍ മടിച്ചവരായിരുന്നു. സമത്വത്തില്‍ ഊന്നുമ്പോഴും നീതിക്ക് അവിടെ വലിയ പ്രാധാന്യമുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹാജറില്‍ ഇളവ് വേണ്ടായിരിക്കും. അതുകൊണ്ടാണ് ഞങ്ങള്‍ പറഞ്ഞത് അവര്‍ക്കില്ലെങ്കിലും കുഴപ്പമില്ല, അവര്‍ മുന്നേറിയിട്ടുണ്ട്. പക്ഷേ, ട്രാന്‍സ് ജെന്‍ഡേഴ്സ് തൊഴിലെടുക്കുന്നവര്‍ കൂടിയാണ്; അവര്‍ക്ക് ഇളവുകൊടുക്കണം. അത് ഒരു പ്രത്യേക വിഭാഗത്തിനു കൊടുത്ത നീതിയാണ്. സമത്വത്തിലേക്ക് എത്തണമെങ്കില്‍ ആദ്യം നമ്മള്‍ നീതി നടപ്പാക്കണം. നീതി ഉറപ്പാക്കിക്കൊടുത്ത്, മുന്നേറ്റത്തിനു സാധ്യത ഒരുക്കിക്കൊടുത്ത് സമത്വത്തിലേക്ക് എത്തിക്കുക. അങ്ങനെ വരുമ്പോള്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്. ആ ദൂരം ഏറ്റവും നന്നായി എസ്.എഫ്.ഐ മുന്നില്‍ കാണുന്നുണ്ട്. ആ ദൂരം നേടാനാവശ്യമായ ഇടപെടലുകള്‍ എസ്.എഫ്.ഐ എല്ലാക്കാലത്തും നടത്തുന്നുമുണ്ട്. 

കെ വിദ്യ
കെ വിദ്യ

പാര്‍ലമെന്ററി വ്യാമോഹമുള്ളവരുടെ എണ്ണം, അധികാര സ്ഥാനങ്ങളോടുള്ള താല്പര്യം പൊതുവേ വിദ്യാര്‍ത്ഥി, യുവജന സംഘടനകളില്‍ വര്‍ദ്ധിക്കുന്നത് ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തേയും ബാധിക്കുന്നുണ്ടോ. ഇക്കാര്യത്തില്‍ എന്തുതരം ചര്‍ച്ചകളാണ് നടക്കുന്നത്? 

എല്ലാവരും അങ്ങനെയല്ല; പക്ഷേ, അങ്ങനെയുള്ളവരും ഉണ്ട്. നേരത്തെ പറഞ്ഞ രാഷ്ട്രീയവല്‍ക്കരണ പ്രക്രിയയുടെ ഭാഗമാകാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. രാഷ്ട്രീയം ലാഭാധിഷ്ഠിതമാകരുത്. വ്യക്തിപരമായ എന്തെങ്കിലും ലക്ഷ്യം മുന്‍നിര്‍ത്തി രാഷ്ട്രീയത്തില്‍ കടന്നുവരുന്നവരാകരുത്. നിസ്വാര്‍ത്ഥമായി വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിനും വേണ്ടിയും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രാഷ്ട്രീയബോധ്യം ഉണ്ടാവുകയാണ് വേണ്ടത്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com