പ്രകൃതിയുടെ താളവും അവതാളവും

ഇവിടെ തുല്യദുഃഖിതരായ രണ്ട് അമ്മമാരെ കാണാം: മക്കളെ നഷ്ടപ്പെട്ട തീരാദുഃഖം പേറുന്ന മരിയയും പെണ്ണാടും
പ്രകൃതിയുടെ താളവും അവതാളവും
Updated on
3 min read

വാല്‍ഡിമാര്‍ ജൊഹാന്‍സന്‍ (Valdimar Johannsson)ന്റെ  കന്നിസംരംഭമായ 'LAMB' (ലാം)എന്ന 2021ലെ സിനിമയിലൂടെ അവതരിപ്പിക്കപ്പെടുന്ന പ്രകൃതിയുടെ താളാവതാളങ്ങള്‍ വിചിന്തനവിഷയമാക്കാന്‍ മുതിരുകയാണ് ഇവിടെ. 2021ലെ Cannes Film Festival  Prize of Originaltiy-bpw Best Visual Effects 2021 European Film Award-Dw Fantsay Film Fest 2021ല്‍ Best Feature Film അവാര്‍ഡും കരസ്ഥമാക്കിയ സിനിമ മനുഷ്യമനസ്സാക്ഷിയോട് ശക്തമായി സംവദിക്കുന്ന ആശയങ്ങള്‍ അവഗണിക്കാനാകുന്നതല്ല. 

ഇതിവൃത്തം സംക്ഷിപ്തമായി നല്‍കുന്നത് സിനിമ കാണാത്തവര്‍ക്ക് ഉപകാരപ്രദമാകും എന്നുള്ളതിനാല്‍ ഇവിടെ പ്രതിപാദിക്കുകയാണ്. പ്രസവത്തില്‍ ചാപിള്ളയെ ലഭിച്ചതിനാലുള്ള അതീവദുഃഖത്തില്‍ കഴിയുന്ന ദമ്പതിമാരായ മരിയയ്ക്കും ഇന്‍ഗ്വറിനും തങ്ങളുടെ ആട്ടിന്‍ തൊഴുത്തില്‍ പ്രസവമെടുക്കുമ്പോള്‍ വിചിത്രമായ ഒരു ആട്ടിന്‍കുഞ്ഞിനെ മനുഷ്യരൂപസാദൃശ്യത്തില്‍ ലഭിക്കുകയാണ്. ഉടല്‍ മനുഷ്യശിശുവിന്റേതും മുഖം ആട്ടിന്‍കുഞ്ഞിന്റേതുമായ ഒരു സങ്കരരൂപം ആയിരുന്നു അത്. കുഞ്ഞ് നഷ്ടപ്പെട്ടതിന്റെ തീവ്രവേദനയിലൂടെ കടന്നുപോകുന്ന മരിയയ്ക്ക് ആ അത്ഭുതപ്രതിഭാസത്തിന്റെ അമ്മയായി പരിണമിക്കാന്‍ നിമിഷങ്ങള്‍പോലും വേണ്ടിവന്നില്ല. ഭര്‍ത്താവിനും ആ സ്വീകരണത്തെ നിഷേധിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവം. ഇതിനോടകം ഒരു വാടക അമ്മയായി (surrogate mother) തരംതാഴ്ത്തപ്പെട്ട പെണ്ണാട് തനിക്ക് നിഷേധിക്കപ്പെട്ട കുഞ്ഞിനുവേണ്ടി നിലവിളിച്ച് രാപ്പകല്‍ വീടിനു ചുറ്റും അലഞ്ഞുനടക്കുന്നത് മരിയയ്ക്ക് അസഹ്യമായി അനുഭവപ്പെട്ടു. അതിരാവിലെ എല്ലാവരും ഉറക്കമുണരുന്നതിനുമുന്നേ മരിയ വീട്ടിലെ തോക്ക് കയ്യിലേന്തി, പെണ്ണാടിനെ ദൂരെ ഒരിടത്തു കൊണ്ടുപോയി വെടിവെച്ചു കൊന്ന് മണ്ണില്‍ കുഴിച്ചിടുകയാണ്. ഈ ദൃശ്യം കണ്ട ഭര്‍ത്താവിന്റെ സഹോദരനെ അനുനയിപ്പിച്ച് വീട്ടില്‍ നിന്ന് പറഞ്ഞുവിടുന്നതിനിടയില്‍ വിചിത്ര ശിശുവിന്റെ അച്ഛനായ റാം മാന്‍ (Ram Man) വീട്ടിലെ തോക്കെടുത്ത് വളര്‍ത്തച്ഛനെ കൊന്ന് സ്വന്തം മകനുമായി കടന്നുകളയുന്നു. തിരിച്ചെത്തുന്ന മരിയയ്ക്ക് മകനും ഭര്‍ത്താവും നഷ്ടപ്പെടുന്ന ഇരട്ടപ്രഹരമാണ് അനുഭവിക്കേണ്ടിവരുന്നത്. ആ ദാരുണാന്ത്യത്തോടെ സിനിമയ്ക്ക് തിരശ്ശീല വീഴുന്നു.

സിനിമയുടെ ആരംഭത്തില്‍  ക്രിസ്തീയ പശ്ചാത്തലം ഉരുത്തിരിഞ്ഞുവരുന്നുണ്ട്. പ്രകൃതി പ്രകമ്പനം കൊള്ളുന്ന ഒരു അന്തരീക്ഷത്തില്‍ ഒരു ക്രിസ്മസ് സായാഹ്നത്തിലാണ് പെണ്ണാടിന്റെ വിചിത്ര ഗര്‍ഭധാരണം നടക്കുന്നത്. മരിയ എന്ന അമ്മയുടെ പേരും കന്യകാമറിയത്തിന്റെ വിചിത്ര ഗര്‍ഭധാരണവും ഗോശാലയിലെ കുഞ്ഞിന്റെ ജനനവും ബൈബിളിനെ അനുസ്മരിപ്പിക്കുന്നു. ആട്ടിടയരായ മാതാപിതാക്കളും 'നല്ല ഇടയന്‍' എന്ന സുവിശേഷത്തിലെ പരാമര്‍ശവും 'ലാം ഓഫ് ഗോഡ്' എന്ന യേശുവിനു നല്‍കിയ നാമവും എല്ലാം സിനിമയുമായി താദാത്മ്യം പ്രാപിക്കുന്നുണ്ട്. പക്ഷേ, തുടര്‍ന്നങ്ങോട്ട് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ചേര്‍ച്ചയും ചേര്‍ച്ചക്കുറവും, താളവും അവതാളവുമൊക്കെ പ്രതിപാദ്യവിഷയങ്ങളായി മാറുന്നു എന്നതാണ് ശ്രദ്ധേയമാകുന്നത്. 

വാല്‍ഡിമാര്‍ ജൊഹാന്‍സന്‍
വാല്‍ഡിമാര്‍ ജൊഹാന്‍സന്‍

ശാസ്ത്രത്തിന്റെയും സങ്കല്‍പത്തിന്റെയും സങ്കലനം

ഐസ്‌ലാന്‍ഡ് (Iceland)ലെ ഗ്രാമാന്തരീക്ഷത്തിലാണ് സംഭവം അരങ്ങേറുന്നതെങ്കിലും ഒരു fairy tale അല്ലെങ്കില്‍ നാടോടിക്കഥ  നമ്മെ ഓര്‍മ്മിപ്പിക്കുന്നത് 'മേരിക്കുണ്ടൊരു കുഞ്ഞാട്' (Mary had a little lamb) എന്ന പദ്യമാണ്. അതുപോലെ ഗ്രീക്ക് റോമന്‍ സാഹിത്യശാഖകളില്‍ ഇത്തരം ഹൈബ്രിഡ് സങ്കരങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്.

ഇവിടെ തുല്യദുഃഖിതരായ രണ്ട് അമ്മമാരെ കാണാം: മക്കളെ നഷ്ടപ്പെട്ട തീരാദുഃഖം പേറുന്ന മരിയയും പെണ്ണാടും. പെണ്ണാടിന്റെ ദുഃഖം കണ്ടറിഞ്ഞ് അവളെ സംരക്ഷിക്കുന്നതിനു പകരം അവളെ ഇല്ലായ്മ ചെയ്യാനുള്ള ക്രൂരതയാണ് മനുഷ്യന്‍ പ്രകടിപ്പിക്കുന്നത്. മൃഗത്തിനുമേലുള്ള മനുഷ്യന്റെ അധികാരം അല്ലെങ്കില്‍ ആധിപത്യം കരുണ കാണിക്കാനും സംരക്ഷണം നല്‍കാനുമാണ് എന്ന് എന്നാണ് മനുഷ്യന്‍ തിരിച്ചറിയുന്നത്! 

പ്രകൃതിക്കുമേല്‍ അധിപനായി മനുഷ്യനെ യഹോവ അവരോധിച്ചെന്ന് പഴയനിയമത്തില്‍ സാക്ഷ്യപ്പെടുത്തുന്നത് ധിക്കാരം പ്രകടിപ്പിച്ച് അടിച്ചമര്‍ത്താനല്ല, പിന്നെയോ കരുണ കാണിക്കാനും സംരക്ഷണം നല്‍കാനുമാണ് എന്ന തിരിച്ചറിവ് മനുഷ്യനു ലഭിച്ചിരുന്നെങ്കില്‍! 

ശാസ്ത്രത്തിന്റേയും സങ്കല്പത്തിന്റേയും സങ്കലനമാണ് ഈ സിനിമയില്‍ ദൃശ്യമാകുന്നത്. THE BIG BANG THEORY, THE ORIGIN OF SPECIES എന്നീ തിയറികളുടെ വെളിച്ചത്തില്‍ പരിണാമം തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ റാം മാന്‍നെപ്പോലെയോ വിചിത്ര ആട്ടിന്‍കുഞ്ഞിനെപ്പോലെയോ ഉള്ള സൃഷ്ടികള്‍ സംഭവ്യമാണ് എന്നു സമ്മതിക്കേണ്ടിവരും. (ചാള്‍സ് ഡാര്‍വിന്റെ തിയറിയിലെ 'മിസ്സിംഗ് ലിങ്ക്' ഓര്‍മ്മയിലുണ്ട്). മനുഷ്യന്റെ പരിണാമം സംഭവിക്കുന്നുണ്ടെന്നും ആറു  വിരലോ രണ്ടു തലയോ ഉള്ള ശിശു ജനിച്ചാല്‍ ആ പരിണാമം അനുവദിക്കാതെ ശസ്ത്രക്രിയയിലൂടെ സമാനത നിലനിര്‍ത്താനുള്ള ഉദ്യമം അപലപനീയമാണ് എന്നും സയന്‍സ് വാദിക്കുമ്പോള്‍ അതില്‍ അര്‍ത്ഥം ഇല്ലാതില്ല എന്നു നാം സമ്മതിക്കേണ്ടിവരും. നമ്മുടെ ബോധമണ്ഡലത്തിലുള്ള വേവ് ലെങ്ത്തില്‍ ഇല്ലാത്തവര്‍ക്ക് അസ്തിത്വം നിഷേധിക്കാന്‍ നമുക്ക് എന്ത് അവകാശമാണുള്ളത് എന്ന് സയന്‍സ് ചോദിക്കുന്നതില്‍ എന്താണ് തെറ്റ്? ഗോസ്റ്റ് മറ്റൊരു മണ്ഡലത്തില്‍ ഉണ്ടായിരിക്കാം, ഇല്ലായിരിക്കാം. അതുപോലെ സങ്കരവര്‍ഗ്ഗക്കാര്‍ മറ്റൊരു മണ്ഡലത്തില്‍ വിഹരിക്കുന്നുണ്ടാകാം. റാം മാന്‍ ഏതോ ഒരു മണ്ഡലത്തില്‍നിന്ന് വരികയും ആ മണ്ഡലത്തിലേക്ക് സ്വന്തം കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്യുമ്പോള്‍ അത് നിഷേധിക്കാന്‍ ആരാണ് നമ്മെ ചുമതലപ്പെടുത്തിയിരിക്കുന്നത്?

മാതൃത്വം ഒരുകാരണവശാലും മരിയയെപ്പോലെ സ്വാര്‍ത്ഥപരമാകരുത്; എന്തുകൊണ്ടും നിസ്വാര്‍ത്ഥപരമാകണം. അല്ലെങ്കില്‍ മനുഷ്യന്റെ കര്‍മ്മത്തിന് തിരിച്ചടി കിട്ടിക്കൊണ്ടേയിരിക്കും. പ്രകൃതിയുടെമേലുള്ള അധീശത്വം ഒരിക്കലും പ്രകൃതിയെ നശിപ്പിക്കാന്‍ ആകരുത്. മനുഷ്യന്റെ ക്രൂരതയ്ക്കുള്ള പ്രകൃതിയുടെ പ്രതികാരമാണ് റാം മാന്‍ ആയി അവതരിക്കുന്നത്. പ്രകൃതി സൃഷ്ടി, സ്ഥിതി, സംഹാരമാണ്. സ്ഥിതിയുടെ സന്തുലിതാവസ്ഥ തെറ്റിയാല്‍ അത് സംഹാരരൂപം പ്രാപിക്കും. അത് കൊടുങ്കാറ്റായും പേമാരിയായും പ്രളയമായും മണ്ണിടിച്ചിലായും ഭൂമികുലുക്കമായും സംഹാരതാണ്ഡവമാടും. മനുഷ്യ മൃഗ ബാന്ധവത്തിനും സന്തുലിതാവസ്ഥ നഷ്ടപ്പെട്ടാല്‍ അതിന്റെ ഭവിഷ്യത്ത് അതിഭീകരമായിരിക്കും എന്നു 'ലാം' ഒരിക്കല്‍ക്കൂടി നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com