'ഈ ചിത്രം അവളെ വളരെ ആഴത്തില്‍ സ്വാധീനിക്കുന്നു, അപ്പോള്‍ അവള്‍ ഭൂമിയുടെ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങുന്നു'

ലോകപ്രശസ്ത റഷ്യന്‍ ചലച്ചിത്ര സംവിധായകന്‍ ആന്ദ്രേ തര്‍ക്കോവ്‌സ്‌കിയുടെ 'സൊളാരിസ്' എന്ന സിനിമയ്ക്ക് ഈ വര്‍ഷം 50 വയസ്സ് തികഞ്ഞിരിക്കുന്നു, 1972ലാണ് സിനിമ പൂര്‍ത്തിയായത്
'ഈ ചിത്രം അവളെ വളരെ ആഴത്തില്‍ സ്വാധീനിക്കുന്നു, അപ്പോള്‍ അവള്‍ ഭൂമിയുടെ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങുന്നു'

'Beatuy is the last veil that covers the Horrible'- Rilke.

യന്‍സ് ഫിക്ഷന്‍ സിനിമാ വിഭാഗത്തിലാണ് ചേര്‍ത്തിരിക്കുന്നതെങ്കിലും സാമ്പ്രദായിക അര്‍ത്ഥത്തിലുള്ള ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയല്ല ഇത്. സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ പൊതുവെ സാങ്കേതികവിദ്യകൊണ്ടുള്ള ദൃശ്യവിസ്മയങ്ങളാണ്. പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുകയാണ് ഇത്തരം സിനിമകളുടെ പ്രധാന ലക്ഷ്യം. ഈ സിനിമകള്‍ ഒരു ഭാവി ലോകത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്; മനുഷ്യര്‍ മുന്‍കൂട്ടി കാണുന്നതോ; ഭാവിയില്‍ പ്രതീക്ഷിക്കുന്നതോ ആയ ഒരു ലോകം. അത് ബഹിരാകാശ പേടകങ്ങളുടേയും റോബോട്ടുകളുടേയും സൈബോര്‍ഗുകളുടേയും അന്യഗ്രഹജീവികളുടേയും ടൈം ട്രാവലിന്റേയും ലോകമാണ്. 'സാങ്കേതികമായി വിചിത്രമായ ഒരു വികാരം പ്രേക്ഷകരില്‍ ഉണ്ടാക്കുന്നത് ഒഴിവാക്കുന്ന തരത്തില്‍ സൊളാരിസ് സിനിമയാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' എന്നാണ് തര്‍ക്കോവ്‌സ്‌കി പറഞ്ഞത്. സാങ്കേതികവിദ്യയിലുള്ള അമിത ഊന്നല്‍ കാരണം ആഴം കുറഞ്ഞ സയന്‍സ് ഫിക്ഷന്‍ സിനിമയിലേയ്ക്ക് വൈകാരിക ആഴം കൊണ്ടുവരാനാണ് താര്‍കോവ്‌സ്‌കി ശ്രമിച്ചത്. സ്റ്റാന്‍ലി കുബ്രിക്കിന്റെ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട 1968ലെ സിനിമ '2001: എ സ്‌പേസ് ഒഡീസി'യെ വ്യാജം, നിര്‍ജ്ജീവം എന്നൊക്കെയാണ് തര്‍ക്കോവ്‌സ്‌കി വിശേഷിപ്പിച്ചത്. 'ഈ സിനിമ എന്നില്‍ കൃത്രിമമായ എന്തോ ഒന്നു സൃഷ്ടിച്ചു; ഏറ്റവും പുതിയ സാങ്കേതിക നേട്ടങ്ങള്‍ അവതരിപ്പിക്കുന്ന ഒരു മ്യൂസിയത്തില്‍ ഞാന്‍ എന്നെത്തന്നെ കണ്ടെത്തിയതുപോലെയായിരുന്നു അത്. ഇതില്‍ ലഹരിപിടിച്ച് കുബ്രിക് മനുഷ്യനെ, അവന്റെ ധാര്‍മ്മികപ്രശ്‌നങ്ങളെ മറക്കുന്നു. അതില്ലാതെ യഥാര്‍ത്ഥ കല നിലനില്‍ക്കില്ല.' 'അറിവ് ധാര്‍മ്മികതയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമ്പോള്‍ മാത്രമേ അതു സാധുവാകൂ' എന്ന് തര്‍ക്കോവ്‌സ്‌കിയുടെ സിനിമയില്‍ ഒരു കഥാപാത്രം പറയുന്നുണ്ട്. ഈ സിനിമയ്‌ക്കെതിരെയുള്ള വെല്ലുവിളി എന്ന നിലയിലാണ് തര്‍ക്കോവ്‌സ്‌കി 'സൊളാരിസ്' സംവിധാനം ചെയ്തതത്രേ. ഈ സിനിമയെ കുബ്രിക്കിന്റെ സിനിമയ്ക്കുള്ള റഷ്യയുടെ ഉത്തരം എന്ന നിലയിലാണത്രെ മാര്‍ക്കറ്റ് ചെയ്തത്. എന്നാല്‍, രസകരമായ കാര്യം, കുബ്രിക്കിനു വളരെ ഇഷ്ടപ്പെട്ട സിനിമയായിരുന്നുവത്രേ 'സൊളാരിസ്.' 

പ്രശസ്ത പോളിഷ് എഴുത്തുകാരന്‍ സ്റ്റാനിസ്ലാവ് ലെം എഴുതിയ അതേ പേരിലുള്ള നോവലാണ് സിനിമയ്ക്ക് ആധാരം. ഈ നോവല്‍ റേഡിയോ, നാടകം എന്നീ മാധ്യമങ്ങളിലേക്ക് അനുകല്പനം ചെയ്തിട്ടുണ്ട്. നോവലിനെ ആധാരമാക്കി 1968ല്‍ പുറത്തിറങ്ങിയ ടെലിവിഷന്‍ സിനിമ (സംവിധാനം ബോറിസ് ന്യൂറെംബര്‍ഗ്) ശ്രദ്ധിക്കപ്പെടാതെ പോയി. തര്‍ക്കോവ്‌സ്‌കിയുടെ അനുകല്പനം കൂടാതെ 2002ല്‍ Steven Soderbergh ഈ നോവലിനെ ആധാരമാക്കി അതേ പേരില്‍ ഒരു സിനിമയുണ്ടാക്കിയിട്ടുണ്ട്. 

സൊളാരിസ് എന്ന ബഹിരാകാശ പേടകത്തെ കേന്ദ്രീകരിച്ചാണ് ഈ സിനിമ. പേടകത്തിലെ മൂന്നുപേര്‍ വൈകാരിക പ്രതിസന്ധിയിലായതിനാല്‍ പേടകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താനായി ക്രിസ് എന്ന മന:ശാസ്ത്രജ്ഞന്‍ സൊളാരിസിലേക്ക് പോവുകയാണ്. പേടകത്തിലേക്ക് പോവുന്നതിനു തലേദിവസം അദ്ദേഹം തന്റെ വൃദ്ധപിതാവിനൊപ്പം ചെലവഴിക്കുന്നു. പൈലറ്റായി വിരമിച്ച പിതാവ് (ബര്‍ട്ടന്‍) വര്‍ഷങ്ങള്‍ക്കു മുന്‍പ് സൊളാരിസിലെ ഒരു പര്യവേക്ഷണ സംഘത്തിന്റെ ഭാഗമായിരുന്നു. സ്‌പേസ് സ്റ്റേഷനില്‍ എത്തിയ ക്രിസ് കാണുന്നത് അവിടം താറുമാറായി കിടക്കുന്നതാണ്. അവിടെയുണ്ടായിരുന്ന ഒരു ശാസ്ത്രജ്ഞന്‍ ആത്മഹത്യ ചെയ്തു. ശേഷിക്കുന്ന രണ്ടുപേര്‍ മതിഭ്രമം ബാധിച്ചതുപോലെയാണ്. പതിയെ ക്രിസ്സും അവരുടെ അതേ അവസ്ഥയില്‍ എത്തുന്നു. തുടര്‍ന്ന് അദ്ദേഹം പല വിചിത്ര സംഭവങ്ങള്‍ക്കും സാക്ഷിയാവുന്നു. ഉറക്കം ഉണര്‍ന്നപ്പോള്‍ അയാള്‍ കാണുന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചുപോയ അയാളുടെ ഭാര്യ ഹാരിയെയാണ്. (അവര്‍ തമ്മിലുള്ള ബന്ധം വേര്‍പെട്ടപ്പോള്‍ ഹാരി ആത്മഹത്യ ചെയ്യുകയായിരുന്നു). പേടകത്തിലുള്ളവര്‍ പറയുന്നത് ക്രിസിന്റെ ഓര്‍മ്മയില്‍നിന്ന് സൊളാരിസ് ഹാരിയെ സൃഷ്ടിച്ചു എന്നാണ്. (സൊളാരിസിനെക്കുറിച്ചു പഠിക്കാന്‍ വന്ന ശാസ്ത്രജ്ഞരെ സൊളാരിസ് പഠിച്ചു തുടങ്ങി!) അവിടെ എങ്ങനെ എത്തിയെന്ന് ഹാരിക്കും അറിയില്ല. അവളുടെ സാന്നിധ്യം കണ്ട് ഭയന്ന ക്രിസ് ഭാര്യയുടെ ഒരു പകര്‍പ്പ് ബഹിരാകാശത്തേയ്ക്ക് വിക്ഷേപിക്കുന്നു. കുറേ കഴിഞ്ഞ് ഹാരി വീണ്ടും പ്രത്യക്ഷപ്പെടുന്നു. ഇത്തവണ അയാള്‍ അവളെ സ്വീകരിക്കുകയും അവര്‍ ഒരുമിച്ചു ആലിംഗനബദ്ധരായി ഉറങ്ങുകയും ചെയ്യുന്നു. ഇതിനിടയില്‍ ക്രിസ് പല സ്വപ്നങ്ങളും കാണുന്നുണ്ട്. അതില്‍ പ്രധാനമായത് അമ്മയെക്കുറിച്ചുള്ള സ്വപ്നമാണ്. പിന്നീട് ഹാരി ഏതോ കെമിക്കല്‍ കഴിച്ചു മരിക്കുന്നു; എന്നാല്‍, അല്പം കഴിഞ്ഞു പുനര്‍ജ്ജീവിക്കുന്നു. സിനിമയുടെ അവസാനം വീട്ടിലെത്തിയ ക്രിസ് പിതാവിനെ ആലിംഗനം ചെയ്യുന്നു. പതിയെ ക്യാമറ പിറകോട്ട് വലിയുമ്പോഴാണ് അവര്‍ ഭൂമിയില്‍ അല്ല എന്നും ബഹിരാകാശക്കടലിലെ ഒരു ദ്വീപിലാണ് എന്നും നാം മനസ്സിലാക്കുന്നത്. 

എന്നാല്‍, ഇതൊക്കെയും നമുക്കു പെട്ടെന്നു ഗ്രഹിക്കാന്‍ പാകത്തിലല്ല തര്‍ക്കോവ്‌സ്‌കി അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ട്രേഡ് മാര്‍ക്കായ പതിഞ്ഞ താളത്തിലുള്ള ദൈര്‍ഘ്യമേറിയ ടേക്കുകള്‍, കളറിന്റേയും മോണോക്രോമിന്റേയും ഉപയോഗം, ഓര്‍മ്മയാണോ സ്വപ്നമാണോ എന്നു തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ ഇതൊക്കെ ഈ സിനിമയിലും കാണാം. ഇതിലൂടെ കാലത്തെ വസ്തുനിഷ്ഠ അവസ്ഥയിലും വെളിപ്പെടലിലും ആവാഹിക്കുകയാണ് അദ്ദേഹം. കാലത്തെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചെടുക്കുന്നു എന്നതാണ് സിനിമയുടെ പ്രത്യേകതയായി അദ്ദേഹം കാണുന്നത്. ഘടികാരസൂചി അളക്കുന്ന കാലത്തില്‍ അദ്ദേഹത്തിനു താല്പര്യമില്ല. ജീവിക്കുന്നതും നൈരന്തര്യമുള്ളതുമായ, ഒഴുകുന്ന, ഭൂതവും ഭാവിയും ഓര്‍മ്മകളുടേയും ആഗ്രഹങ്ങളുടേയും സ്വപ്നങ്ങളുടേയും രൂപത്തില്‍ വര്‍ത്തമാനത്തിലേക്ക് പരന്നൊഴുകുന്ന കാല സങ്കല്പമാണ് തര്‍ക്കോവ്‌സ്‌കിയുടേത്. കഥാപാത്രങ്ങളുടെ മാനസികാവസ്ഥയ്ക്ക് അനുസൃതമായി വലിച്ചുനീട്ടി മന്ദഗതിയിലും ചുരുക്കിയും കാലത്തെ ഉപയോഗിക്കുന്ന രീതിയാണ് അദ്ദേഹത്തിന്റേത്. ഇതിലൂടെ സൃഷ്ടിക്കപ്പെടുന്ന സ്വപ്നത്തിന്റേയും ഭ്രമാത്മകതയുടേയും ദിവാസ്വപ്നത്തിന്റേയും ഓര്‍മ്മയുടേയും സന്ദര്‍ഭങ്ങള്‍ പ്രേക്ഷകരെ അഗാധമായി സ്പര്‍ശിക്കും. വ്യാഖ്യാനങ്ങളുടെ ബഹുസ്വരതയാണ് തര്‍ക്കോവ്‌സ്‌കി സിനിമകളുടെ പ്രത്യേകത. പ്രശസ്ത ചിന്തകനായ സിസേക് പറയുന്നത് ഇപ്രകാരം: 'We are made to feel this inertia, drabness of time, and even the denstiy of time itself.' 

തർക്കോവ്സ്കി
തർക്കോവ്സ്കി

സയന്‍സ് ഫിക്ഷന് ഉപരിയായി തത്വചിന്താപരമായി മനുഷ്യരുടെ പ്രശ്‌നങ്ങളെ കാണുകയാണ് താര്‍ക്കോവ്‌സ്‌കി. അദ്ദേഹം പറയുന്നു: 'സയന്‍സ് ഫിക്ഷനോടുള്ള എന്റെ താല്പര്യം കൊണ്ടല്ല ഞാന്‍ ലെമ്മിന്റെ നോവല്‍ തിരഞ്ഞെടുത്തത്. മറിച്ച് നോവലില്‍ എനിക്ക് അടുത്തറിയാവുന്ന ഒരു ധാര്‍മ്മികപ്രശ്‌നം ലെം ഏറ്റെടുത്തു എന്നതുകൊണ്ടാണ്. ലെമ്മിന്റെ നോവലിലെ ആഴമേറിയ അര്‍ത്ഥങ്ങള്‍ സയന്‍സ് ഫിക്ഷന്റെ പരിധിക്കുള്ളില്‍ ഒതുങ്ങുന്നില്ല. മനുഷ്യന്റെ യുക്തിയും അജ്ഞാതമായതും തമ്മിലുള്ള ഏറ്റുമുട്ടലിനെക്കുറിച്ചു മാത്രമല്ല, പുതിയ ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ സൃഷ്ടിക്കുന്ന ധാര്‍മ്മിക സംഘട്ടനങ്ങളെക്കുറിച്ചും കൂടിയാണ് ഈ നോവല്‍.' 

അന്യഗ്രഹജീവികളുമായി ആശയവിനിമയം നടത്താന്‍ മനുഷ്യരെ അനുവദിക്കുന്നതില്‍ ശാസ്ത്രത്തിന്റെ അപര്യാപ്തതയാണ് നോവലില്‍ ലെം വിവരിക്കുന്നത്. അതിഭൗതിക ജീവന്റെ ചില രൂപങ്ങള്‍ മനുഷ്യന്റെ അനുഭവത്തിനും ധാരണയ്ക്കും പുറത്ത് നന്നായി പ്രവര്‍ത്തിച്ചേക്കാം എന്നാണ് ലെം പറയുന്നത്. എന്നാല്‍, തന്റെ ഭാര്യ ഹാരിയോടുള്ള ക്രിസ്സിന്റെ വികാരങ്ങളിലും ബഹിരാകാശ പര്യവേക്ഷണം മനുഷ്യന്റെ അവസ്ഥയില്‍ ചെലുത്തുന്ന സ്വാധീനത്തിലും തര്‍ക്കോവ്‌സ്‌കി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നോവലില്‍നിന്നു വ്യത്യസ്തമായി സിനിമയില്‍ ക്രിസ്സിന്റെ ഭാര്യ ഹാരിക്ക് തര്‍ക്കോവ്‌സ്‌കി നല്‍കിയ വലിയ പ്രാധാന്യം, മറ്റു മാറ്റങ്ങളോടൊപ്പം ലെമ്മിനെ ചൊടിപ്പിച്ചു. ലെം എഴുതി: 'നോവലിലെ ധാര്‍മ്മികവും ദാര്‍ശനികവുമായ സംഘട്ടനങ്ങളെ തിരക്കഥ ഒരു കുടുംബ കലഹത്തിന്റെ മെലോഡ്രാമയിലേക്ക് ചുരുക്കി.' 

സാങ്കോതിക വിദ്യയും മനുഷ്യരും

നോവല്‍ സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ തര്‍ക്കോവ്‌സ്‌കി പല മാറ്റങ്ങളും വരുത്തി. അതുകൊണ്ടുതന്നെ നോവലും സിനിമയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. വ്യത്യാസങ്ങള്‍ മനുഷ്യന്റെ യുക്തിയേയും പ്രകൃതിയേയും മനസ്സിലാക്കുന്നതിനെ പ്രതിഫലിപ്പിക്കുന്നു. നോവല്‍ സംഭവിക്കുന്നത് ബഹിരാകാശ പേടകത്തിലാണ്. ലെം തുടക്കം മുതലേ, ക്രിസ്സിനെ ഉയര്‍ന്ന സാങ്കേതികവിദ്യയുടെ ലോകത്താണ് അവതരിപ്പിക്കുന്നത്. അതുകൊണ്ട് സയന്‍സ് ഫിക്ഷന്റെ മണ്ഡലത്തിലേക്ക് പ്രവേശിക്കുകയാണെന്ന് തുടക്കം മുതല്‍ പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നു. നോവലിന്റെ തുടക്കം തന്നെ അത്തരത്തിലാണ്: 'വൈകുന്നേരം ഒന്‍പത് മണി. ഞാന്‍ പേടകത്തിന്റെ ലോഞ്ചിംഗ് ബേയിലേക്ക് നടന്നു.' എന്നാല്‍, തര്‍ക്കോവ്‌സ്‌കിയുടെ സിനിമയില്‍ ബഹിരാകാശനിലയം സിനിമയില്‍ മുഴുവന്‍ സമയവും പ്രത്യക്ഷപ്പെടുന്നില്ല. അദ്ദേഹം സിനിമയുടെ തുടക്കത്തിലും അവസാനത്തിലുമുള്ള കുറേ ഭാഗം ഭൂമിയിലേക്കു മാറ്റി. സിനിമയുടെ തുടക്കത്തില്‍ ക്രിസ്സിനെ റഷ്യയുടെ ഗ്രാമീണാന്തരീക്ഷത്തിലുള്ള തന്റെ മാതാപിതാക്കളുടെ വീടിന്റെ ചുറ്റുപാടിലുമാണ് കാണിക്കുന്നത്. ഇവിടെ പ്രകൃതി കാണിക്കുന്നു  മരങ്ങളുടെ വലിയ നിരകള്‍, അരുവിയില്‍ പൊങ്ങിക്കിടക്കുന്ന ഇലകള്‍, മനോഹരമായ കുളങ്ങള്‍, നേര്‍ത്തുവരുന്ന മൂടല്‍മഞ്ഞില്‍ തെളിഞ്ഞുവരുന്ന പൂക്കള്‍ നിറഞ്ഞ പാടം. (ഇത് സ്റ്റോക്കര്‍ എന്ന സിനിമയിലെ സോണിന്റെ തുടക്കത്തിലുള്ള പ്രകൃതിയുടെ മറ്റൊരു പതിപ്പാണ്). നോവലിന്റെ അവസാനത്തില്‍നിന്നു വ്യത്യസ്തമായി, സിനിമയില്‍ ക്രിസ് ചിന്തിക്കുന്ന കടലിലെ ഒരു ദ്വീപില്‍ ഇറങ്ങുന്നു, അപ്പോള്‍ സിനിമയുടെ തുടക്കത്തില്‍ കാണപ്പെട്ട വീട് കാണാം. 

നോവലില്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വസ്തുക്കളാണ് പേടകത്തില്‍ എങ്കില്‍ സിനിമയില്‍ ഭൂമിയുമായി, മനുഷ്യരുമായി ബന്ധപ്പെട്ട വസ്തുക്കളാണ്  പൂമ്പാറ്റകള്‍, പൂപ്പാത്രം, ഗ്രീക്ക് പ്രതിമ, ഒരു പൂച്ചയുടെ പേര്‍ഷ്യന്‍ മാതൃകയിലുള്ള പ്രതിമ, മുറിയിലെ കാര്‍പ്പറ്റ്, രണ്ട് ഭൂഗോളങ്ങള്‍, മാര്‍ബിള്‍ പ്രതിമകള്‍, ഡോണ്‍ ക്വിക്‌സോട്ടിന്റെ കോപ്പി, വ്യത്യസ്ത നിറങ്ങളിലുള്ള മുഖംമൂടികള്‍, വയലിന്‍, സ്റ്റഫ് ചെയ്ത പക്ഷികള്‍, പിന്നെ വലിയ ലൈബ്രറി. മാനുഷികമൂല്യങ്ങള്‍ ശാസ്ത്ര പ്രവര്‍ത്തനത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് തര്‍ക്കോവ്‌സ്‌കി കരുതുന്നു. മനുഷ്യന്റെ ധാര്‍മ്മികമാനങ്ങള്‍ക്ക് ശാസ്ത്രീയ അറിവില്‍ പ്രസക്തമല്ലെങ്കില്‍, ആ അറിവ് അന്ധമാണെന്നു പറയാം. 

1969 ഒക്ടോബര്‍ മാസത്തില്‍ ഒരു ദിവസം മോസ്‌കോയിലെ ഒരു ഹോട്ടലില്‍ സ്‌ക്രിപ്റ്റ് ചര്‍ച്ച ചെയ്യാനായി ലെം തര്‍ക്കോവ്‌സ്‌കിയെ കണ്ടു. തര്‍ക്കോവ്‌സ്‌കി സിനിമയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളോട് ലെമ്മിനു താല്പര്യം ഉണ്ടായിരുന്നില്ല. ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ എന്താണ് ചെയ്യേണ്ടത് എന്നു തനിക്ക് അറിയാമെന്നു പറഞ്ഞ തര്‍ക്കോവ്‌സ്‌കിയോട് ലെം പറഞ്ഞത് ഒരു സിനിമയ്ക്ക് ആവശ്യമായതെല്ലാം തന്റെ നോവലില്‍ ഉണ്ടെന്നായിരുന്നു. തര്‍ക്കോവ്‌സ്‌കിക്കൊപ്പം സന്നിഹിതനായിരുന്ന സുഹൃത്ത് 'തര്‍ക്കോവ്‌സ്‌കിയുടെ ഏതെങ്കിലും സിനിമ കാണാന്‍ താല്പര്യമുണ്ടോ?' എന്നു ചോദിച്ചപ്പോള്‍ ലെം പറഞ്ഞത്: 'എനിക്ക് അതിനു സമയമില്ല' എന്നായിരുന്നു. ഇവര്‍ ആറാഴ്ചയോളം സ്‌ക്രിപ്റ്റ് ചര്‍ച്ച ചെയ്തു. അവസാനം തര്‍ക്കോവ്‌സ്‌കിയെ മൂഢന്‍ എന്നു വിളിച്ച് ലെം തിരിച്ചുപോയി. തര്‍ക്കോവ്‌സ്‌കിയുടെ സിനിമ തന്റെ നോവലിന്റെ അനുകല്പനം അല്ലെന്നും ഒരു സയന്‍സ് ഫിക്ഷന്‍ 'ക്രൈം ആന്‍ഡ് പണിഷ്‌മെന്റ്' ആണ് എന്ന രീതിയില്‍ ലെം സിനിമയെ തഴഞ്ഞു. സിനിമ റിലീസ് ചെയ്ത് പത്തു വര്‍ഷത്തിനുശേഷവും ലെം ഈ സിനിമ മുഴുവനായി കണ്ടില്ലത്രേ. ഒരിക്കല്‍ പോളിഷ് ടിവിയില്‍ ഈ സിനിമ പ്രദര്‍ശിപ്പിച്ചപ്പോള്‍ സഹിക്കാന്‍ പറ്റാതെ ലെം ടിവി ഓഫാക്കിയത്രേ. 

സ്റ്റാനിസ്ലാവ് ലെം
സ്റ്റാനിസ്ലാവ് ലെം

'ഞങ്ങള്‍ രണ്ടു കുതിരകളെപ്പോലെ വണ്ടിയെ എതിര്‍ദിശയിലേക്ക് വലിക്കുന്നു' എന്നാണ് ലെം പറഞ്ഞത്. അദ്ദേഹം തുടരുന്നു: 'തര്‍ക്കോവ്‌സ്‌കി വളരെ പ്രസന്നനും അത്യധികം അധികാര സ്വഭാവത്തോടെ പെരുമാറുന്ന ആളുമാണ്. അദ്ദേഹത്തിനു ദാര്‍ശനിക ശേഷിയുണ്ട്, അതേസമയം അവ്യക്തതയും ഉണ്ട്. വൈജ്ഞാനികവും ജ്ഞാനശാസ്ത്രപരവുമായ പരിഗണനകളുടെ മേഖലകള്‍ക്ക് എന്റെ പുസ്തകത്തില്‍ വളരെ പ്രാധാന്യമുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍, സിനിമ ആ ഗുണങ്ങളില്‍നിന്നു പൂര്‍ണ്ണമായും വ്യതിചലിച്ചു. യാതൊരു പ്രതീക്ഷയുമില്ലാതെ ആ ഗ്രഹത്തില്‍ തുടരാന്‍ എന്റെ ക്രിസ് തീരുമാനിക്കുമ്പോള്‍ ഒരു ദ്വീപും ആ ദ്വീപില്‍ ഒരു കുടിലും പ്രത്യക്ഷപ്പെടുന്ന തരത്തിലാണ് തര്‍ക്കോവ്‌സ്‌കി സിനിമ സൃഷ്ടിച്ചത്.' ഇത് ലെമ്മിനെ പ്രകോപിപ്പിച്ചു. 

എന്നാല്‍, തര്‍ക്കോവ്‌സ്‌കിയെ സംബന്ധിച്ച് ഈ അവസാനം വളരെ പ്രധാനമാണ്. പ്രതീക്ഷയറ്റ ഒരു ലോകത്തിലാണ്  സംത്രാസത്തിനും വിഹ്വലതകള്‍ക്കും ഗൃഹാതുരതയ്ക്കും  അദ്ദേഹം തന്റെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെങ്കിലും അതേസമയം അണയാത്ത മെഴുകുതിരി നാളംപോലെ അദ്ദേഹം പ്രതീക്ഷ ബാക്കിവെയ്ക്കുന്നുണ്ട്. 'നൊസ്റ്റാള്‍ജിയ'യുടെ അവസാന ഭാഗത്ത് ആന്ദ്രി ഡൊമനിക്കോയുടെ ആഗ്രഹപ്രകാരം കത്തിച്ച മെഴുകുതിരി പല ശ്രമങ്ങള്‍ക്കൊടുവില്‍ അണയാതെ പൂളിന്റെ മറുകരയില്‍ എത്തിക്കുന്നുണ്ട്. തര്‍ക്കോവ്‌സ്‌കിയുടെ അവസാന സിനിമയായ 'സാക്രിഫൈസി'ന്റെ അവസാനം അലക്‌സാണ്ടര്‍ തളിരുകള്‍ ഇല്ലാത്ത ഒരു മരക്കൊമ്പ് നടുകയാണ്. ഒപ്പം തന്റെ ചെറുമകനും ഉണ്ട്. പിന്നീട് ഒറ്റയ്ക്ക് ബക്കറ്റുകളില്‍ വെള്ളവുമായി വന്ന് വൃക്ഷത്തെ നനയ്ക്കുന്ന കുട്ടിയെയാണ് നാം കാണുന്നത്. തുടര്‍ന്നു വൃക്ഷച്ചുവട്ടില്‍ മലര്‍ന്നുകിടന്നുകൊണ്ട് അവന്‍ വൃക്ഷത്തെ നോക്കുന്നു. (തര്‍ക്കോവ്‌സ്‌കി ഈ സിനിമ 'പ്രതീക്ഷയോടും ദൃഢവിശ്വാസത്തോടും കൂടി' തന്റെ മകനാണ് സമര്‍പ്പിച്ചിരിക്കുന്നത്. ക്യാന്‍സര്‍ ബാധിച്ചാണ് തര്‍ക്കോവ്‌സ്‌കി അന്തരിച്ചത്).

സൊളാരിസ്
സൊളാരിസ്

റിയലിസം മറികടക്കുന്ന ക്യാമറ

ഈ ഗ്രഹത്തിന്റെ ഉപരിതലം കട്ടിയുള്ള ലായനിയാല്‍ പൊതിഞ്ഞിരിക്കുന്നു. ഇതു നിരന്തരമായി ചലിക്കുകയും വിവിധ രൂപങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുന്നു. സൊളാരിസ് ചിന്തിക്കുന്ന തലച്ചോറാണെന്നും ഭ്രമണപഥത്തിലുള്ള മനുഷ്യരുടെ മനസ്സ് വായിക്കാന്‍ അതിനു കഴിയും എന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. അതുകൊണ്ടായിരിക്കും ക്രിസ് പേടകത്തില്‍ എത്തിയ ഉടനെ അദ്ദേഹത്തിന്റെ മരിച്ചുപോയ ഭാര്യ അടുത്തുവന്ന് ഇരിക്കുന്നത്. അവളുടെ ടിഷ്യുവിന്റെ വിശകലനം തെളിയിക്കുന്നത് അവള്‍ സാധാരണ മനുഷ്യരെപ്പോലെ ആറ്റങ്ങളാല്‍ നിര്‍മ്മിതമല്ല എന്നാണ്; സൂക്ഷ്മതലത്തില്‍ അവളില്‍ ഒന്നുമില്ല; വെറും ശൂന്യമാണ്. ഒടുവില്‍, അവള്‍ തന്റെ ഉള്ളിലെ ഭ്രമകല്പനകളുടെ ഭൗതികവല്‍ക്കരണമാണെന്ന് ക്രിസ് മനസ്സിലാക്കുന്നു. തുടക്കത്തില്‍ അവള്‍ യഥാര്‍ത്ഥമാണോ എന്ന് അയാള്‍ സംശയിക്കുന്നുണ്ട്, മെല്ലെ അവള്‍ യഥാര്‍ത്ഥമായതിന്റെ പദവി നേടുന്നു. ഈ അവസ്ഥയെ കയറിനെ പാമ്പായി തെറ്റിദ്ധരിക്കുന്ന അവസ്ഥയോട് ഉപമിക്കാം. പിന്നീട് അറിവിലൂടെ അയാള്‍ അവള്‍ മായയാണ് എന്ന് അറിയുന്നു. 

സൊളാരിസ് എന്ന പേടകത്തിനു പല പ്രത്യേകതകളും ഉണ്ട്. ഒരാളുടെ സ്വപ്നങ്ങള്‍, ആഗ്രഹങ്ങള്‍, ഭയങ്ങള്‍, നിങ്ങള്‍ ആവശ്യപ്പെടുന്നതിനു മുന്‍പുതന്നെ അതു തിരിച്ചറിയുന്നു. എന്നാല്‍, 'സ്റ്റോക്കര്‍' എന്ന സിനിമയില്‍ സോണിനുള്ളിലെ മുറിയില്‍ കയറിയാല്‍ ഒരാളുടെ മനസ്സിലെ ഏറ്റവും ശക്തമായ ആഗ്രഹങ്ങള്‍ നിറവേറും എന്നാണ് വിശ്വാസം. മരിച്ചുപോയ തന്റെ സഹോദരനെ തിരിച്ചു കിട്ടണം എന്ന ആഗ്രഹവുമായി ഒരിക്കല്‍ ഒരു സ്റ്റോക്കര്‍ സോണിലെ മുറിയില്‍ പോയത്രേ. എന്നാല്‍, വീട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം കണ്ടത് താന്‍ അവിശ്വസനീയമാം വിധം ധനവാനായി മാറിയതാണ്. അയാളുടെ ഏറ്റവും യഥാര്‍ത്ഥത്തിലുള്ള ഉല്‍ക്കടമായ ആഗ്രഹം സോണ്‍ നിറവേറ്റി. തുടര്‍ന്ന് അയാള്‍ ആത്മഹത്യ ചെയ്തു. ആഗ്രഹങ്ങളുമായുള്ള മനുഷ്യബന്ധം എക്കാലവും തുടരും. ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താനുള്ള വഴികള്‍ കണ്ടെത്തുമ്പോള്‍ ഒരുപക്ഷേ, നിരാശ മാത്രമേ ബാക്കിയാവുന്നുള്ളൂ. 

സൊളാരിസ്
സൊളാരിസ്

തര്‍ക്കോവ്‌സ്‌കി പറയുന്നത് സിനിമ നിത്യജീവിതത്തെ, സാധാരണ ജീവിതത്തിന്റെ അവതരണം ആയിരിക്കണം എന്നാണ്. സിറിഞ്ച്, ക്രോം പ്ലേറ്റ്, ചില്ലു പാത്രത്തിലെ ചലിക്കുന്ന മത്സ്യം, പഴയ നാണയങ്ങള്‍, സ്‌ക്രൂ ഡ്രൈവര്‍, ക്രിസ്തുവിന്റെ രൂപം, കമ്പിച്ചുരുള്‍, തോക്ക്, കലണ്ടര്‍ പേജുകള്‍, ക്ലോക്കിന്റെ ഉള്‍ഭാഗം  ജലത്തിനടിയില്‍ സ്ഥിതിചെയ്യുന്ന വസ്തുക്കള്‍. ജലത്തിനു മുകളിലൂടെയുള്ള ലംബരേഖയിലുള്ള പതിഞ്ഞ താളത്തിലുള്ള ക്യാമറാ പാനിംഗ് ഇന്ദ്രിയവേദ്യമായ അനുഭവം പകരുന്നു. വോഡ്ക കുപ്പി, കത്തുന്ന പുസ്തകം, ബൈബിള്‍ എന്നിവയ്ക്ക് വളരെ സമീപത്തു കൂടെ ക്യാമറ പാന്‍ ചെയ്താണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടക്കുന്ന കഥാപാത്രത്തിലേക്ക് വരുന്നത്. വസ്തുക്കളുടെ പ്രത്യേക രീതിയിലുള്ള അടുക്കലും ക്യാമറാ ചലനങ്ങളും ചേര്‍ന്ന വസ്തുക്കള്‍ക്ക് അവയെക്കാള്‍ കൂടുതലായ, അതില്‍നിന്നു വ്യത്യസ്തമായ, വസ്തുക്കള്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ അനുഭവവേദ്യമാകുന്നതില്‍നിന്നു വ്യത്യസ്തമായ, യുക്തിക്ക് അപ്പുറത്തുള്ള അവസ്ഥയിലേക്ക് പോവുന്നു. ഇതിലൂടെ കഥാപാത്രത്തിന്റെ താറുമാറായ മനസ്സിനേയും നിസ്സഹായതയും ഉല്‍ക്കണ്ഠയും വിഷാദാത്മകതയും ഉള്‍ക്കടവ്യഥയും രൂക്ഷമായ ഗൃഹാതുരത്വത്തേയും പ്രകടമാക്കുന്നു. 

നിത്യജീവിതത്തിലെ കാഴ്ചകളാണ് അവതരിപ്പിക്കുന്നതെങ്കിലും സിനിമയുടെ തുടക്കത്തിലെ നീണ്ട സീക്വന്‍സ് ചിത്രീകരണത്തിന്റെ പ്രത്യേകതകള്‍ കാരണം സാധാരണ വിവക്ഷിക്കുന്ന രീതിയിലുള്ള റിയലിസത്തിന് അപ്പുറത്തേയ്ക്ക് പോകുന്നു. സിനിമയില്‍ ഇതൊക്കെയും അത്ഭുതമായി അനുഭവപ്പെടുന്നു. സ്ഫടികസമാനമായ ജലത്തിനടിയില്‍ ഇളകുന്ന സസ്യജാലങ്ങളിലൂടെ പാന്‍ ചെയ്യുമ്പോള്‍ (ക്ലോസപ്പില്‍, പതിഞ്ഞ താളത്തില്‍) തുടര്‍ന്ന് പ്രേക്ഷകര്‍ കാണുന്നത് ക്രിസ് എന്ന കഥാപാത്രത്തിന്റെ കയ്യാണ്. പിന്നീട് ക്യാമറ ടില്‍റ്റു ചെയ്തു കാണിക്കുന്നത് അരയറ്റമുള്ള ഓടക്കാട്ടില്‍ നില്‍ക്കുന്ന ക്രിസ്സിനേയാണ്. അയാളുടെ വീടും പരിസരവും ഈ നീണ്ട പാന്‍ഷോട്ടില്‍ കാണിക്കുന്നുണ്ട്. ഇവിടെ നീലജലത്തിനടിയില്‍ താളാത്മകമായി ഇളകുന്ന കടുംപച്ച നിറത്തിലുള്ള നീളന്‍ ഓടപ്പുല്ലുകളുടെ മാസ്മരിക ദൃശ്യമുണ്ട്. നാം ഇതിലേക്ക് ആമഗ്‌നരാവുമ്പോള്‍ ഇതിനെ തടസ്സപ്പെടുത്തിക്കൊണ്ട് പൂവരശിന്റേതുപോലുള്ള ഒരു ചുവന്ന ഇല മെല്ലെ ഫ്രെയിമിലേയ്ക്ക് കടന്നുവരികയും ഒരറ്റത്തുനിന്നു മറ്റേ അറ്റത്തേയ്ക്ക് നീങ്ങുകയും ചെയ്യുന്നു. ക്യാമറയും മെല്ലെ ചലിക്കുന്നു. ഇത് അതീവ സംവേദനാത്മകമായ അനുഭവം പകരുന്നു. ഇവിടെ തിരശ്ശീലയില്‍ മറ്റൊന്നും സംഭവിക്കുന്നില്ല. ഇതിനെ സൂക്ഷ്മമായി വളരെനേരം നോക്കാന്‍ സമയം അനുവദിക്കുന്നു എന്നതിനാല്‍ പ്രേക്ഷകര്‍ ഈ ദൃശ്യത്തിനൊപ്പം ജീവിക്കുകയാണ്. അതുകൊണ്ടുതന്നെ ഇളകുന്ന ജലത്തിലെ ഓടപ്പുല്ലും പതിയെ ഒഴുകുന്ന ചുവന്ന ഇലയും എല്ലാം ഭൂതക്കണ്ണാടിയില്‍ എന്നപോലെ അനുഭവവേദ്യമാവുന്നു. വളരെ സമയം നീണ്ടുനില്‍ക്കുന്ന ഈ ദൃശ്യം പ്രേക്ഷകരെ കാണലിനും കേള്‍വിക്കും അപ്പുറത്തുള്ള തലത്തിലേക്ക് കൊണ്ടുപോവുന്നു. 

പീറ്റർ ബ്രൂ​ഗലിന്റെ 'ഹണ്ടേഴ്സ് ഇൻ ദ സ്നോ' പെയിന്റിങ്
പീറ്റർ ബ്രൂ​ഗലിന്റെ 'ഹണ്ടേഴ്സ് ഇൻ ദ സ്നോ' പെയിന്റിങ്

ചലനങ്ങളുടേയും ശബ്ദങ്ങളുടേയും കാവ്യാത്മക ഉപയോഗം

തര്‍ക്കോവ്‌സ്‌കിയുടെ മറ്റു സിനിമകളില്‍ എന്നപോലെ ഈ സിനിമയിലും പെയിന്റിംഗിനു വലിയ പ്രാധാന്യമുണ്ട്. (കവിത, ചിത്രകല, സംഗീതം, തത്ത്വചിന്ത എന്നിവയില്‍നിന്ന് ഉരുത്തിരിഞ്ഞതാണ് അദ്ദേഹത്തിന്റെ സിനിമകള്‍). ബഹിരാകാശ പേടകത്തിലെ ലൈബ്രറിയുടെ ചുമരില്‍ പീറ്റര്‍ ബ്രൂഗലിന്റെ Hunters in the Snow (1565) എന്ന ചിത്രം കാണാം. നായാട്ടു കഴിഞ്ഞ് നായ്ക്കളുടെ അകമ്പടിയോടെ മടങ്ങുന്ന വേട്ടക്കാര്‍. മഞ്ഞുവീഴ്ചയില്‍ വേട്ടക്കാരുടെ മുന്നില്‍ തെളിഞ്ഞ മുയലിന്റേയോ മറ്റോ കാല്‍പ്പാടുകള്‍, ഭൂപ്രകൃതിയില്‍ നാം വളരെ അകലെയുള്ള പര്‍വ്വതശിഖരങ്ങള്‍ കാണുന്നു. വെള്ളം തേവുന്ന യന്ത്രം, അകലെ ഒരു തടാകത്തില്‍ മഞ്ഞില്‍ കളിക്കുന്നവര്‍, വീടുകള്‍, അവയ്ക്കു മുകളിലെ പുകക്കുഴലുകള്‍. മരക്കൊമ്പില്‍ ഇരിക്കുന്ന രണ്ടു പക്ഷികള്‍, പറക്കുന്ന ഒരു പക്ഷി. ഒരു ശൈത്യകാല ഗ്രാമ ചിത്രം. ക്രിസ്സും ഹാരിയുമാണ് അപ്പോള്‍ തിരശ്ശീലയില്‍. (പാശ്ചാത്യ നവോത്ഥാന ചിത്രങ്ങളില്‍ ആഴത്തിനു വലിയ പ്രാധാന്യം കൊടുത്തിരുന്നുവെങ്കില്‍ (അവിടെ പരിപ്രേക്ഷ്യം ഒരു ബിന്ദുവില്‍ ഒന്നിച്ചു ചേരലിനാണ് (Convergence) പ്രാധാന്യം  അതില്‍നിന്നു വ്യത്യസ്തമായി ഈ ചിത്രത്തിന്റെ പ്രതലം പരന്നതാണ്. നമ്മുടെ മിനിയേച്ചര്‍, ചുമര്‍ ചിത്രങ്ങള്‍പോലെ. വലിയ ക്യാന്‍വാസില്‍ പല സ്ഥലങ്ങളിലായി പല കാര്യങ്ങള്‍ സംഭവിക്കുന്നു. കാഴ്ചക്കാര്‍ക്ക് പെയിന്റിംഗിന്റെ പ്രതലത്തിലൂടെ സഞ്ചരിക്കാനും അതിന്റെ രൂപങ്ങളും നിറങ്ങളും തീമുകളും കാണാനും ആസ്വദിക്കാനും അപ്പോള്‍ സ്വാതന്ത്ര്യമുണ്ട്. ആദ്യത്തേത് അടഞ്ഞതാണെങ്കില്‍ രണ്ടാമത്തേത് വിവൃതമാണ്. അതിനുവേണ്ടിയായിരിക്കും തര്‍ക്കോവ്‌സ്‌കി മുഴുവന്‍ ചിത്രവും കാണിക്കാതെ, കഷണങ്ങളായി കാണിക്കുന്നത്. ചിത്രത്തിനു മുകളിലൂടെയുള്ള പാനിംഗിനൊപ്പം ക്ലോസപ്പ്, ക്രോസ് ഫേഡിംഗ് എന്നീ സങ്കേതങ്ങളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അപ്പോള്‍ മുഴുവന്‍ ചിത്രവും കണ്ടതായി നമുക്ക് അനുഭവപ്പെടുന്നു. (ഇതേ ചിത്രം 1978ലെ 'മിറര്‍' എന്ന സിനിമയില്‍ മറ്റൊരു രീതിയില്‍ കാണിക്കുന്നുണ്ട്). 

ഹാരി ചിത്രത്തിന്റെ ദിശയിലേയ്ക്കു നോക്കുന്നു. ഇതിലൂടെ അവളില്‍ യഥാര്‍ത്ഥ മനുഷ്യന്റെ ഓര്‍മ്മയും വികാരങ്ങളും ഉണരുകയാണ്. കഥാപാത്രത്തില്‍ എന്നപോലെ പ്രേക്ഷകരിലും വൈകാരികവും മാനസികവുമായ സ്വാധീനം ചെലുത്താനുള്ള ദൃശ്യകലയുടെ കഴിവ് ഇവിടെ കാണാം. (ഇവിടെ ഉപയോഗിച്ചിരിക്കുന്ന സങ്കേതങ്ങള്‍ ശ്രദ്ധേയമാണ്  ചിത്രം നോക്കുന്ന ഹാരി, ചിത്രത്തിലേക്കുള്ള ക്യാമറയുടെ നോട്ടം, പിന്നെ നമ്മുടെ നോട്ടം  ഇതൊക്കെയും ഒരു യാന്ത്രിക പ്രക്രിയ എന്ന നിലയില്‍ മാത്രമല്ല, മനുഷ്യാനുഭവത്തിന്റെ ഘടകമായി കാണുന്നതിന്റെ പ്രാധാന്യം തര്‍ക്കോവ്‌സ്‌കി ഊന്നിപ്പറയുന്നു). ഈ ചിത്രം അവളെ വളരെ ആഴത്തില്‍ സ്വാധീനിക്കുന്നു. അപ്പോള്‍ അവള്‍ ഭൂമിയുടെ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങുന്നു: മനുഷ്യശബ്ദം, ഇറ്റുവീഴുന്ന വെള്ളത്തിന്റെ ശബ്ദം, പക്ഷികളുടെ ശബ്ദം... അങ്ങനെ പലതും.'

സൊളാരിസിന്റെ നിഗൂഢവും അതിശയകരവുമായ അന്തരീക്ഷത്തില്‍ ഭൂമിയുടെ കാഴ്ച ക്രിസ്സിന്റെ അന്തക്കരണത്തെ പ്രതിഫലിപ്പിക്കുന്നു. അപ്പോള്‍ അയാള്‍ സ്വാഭാവികമായതിലേക്ക് വരുന്നു. ഭൂമിയുടെ ഈ മനോഹരമായ കാഴ്ച ജൈവികമാണ്, ഇതു പേടകത്തിന്റെ യാന്ത്രികതയ്ക്ക് എതിര്‍ നില്‍ക്കുന്നതാണ്. മാത്രവുമല്ല, ഇത് ക്രിസ്സിനുള്ളില്‍ ഉയരുന്ന വീടിനോടുള്ള വാഞ്ഛയാണ്, ഗൃഹാതുരത്വമാണ്. (ഗൃഹാതുരത്വം തര്‍ക്കോവ്‌സ്‌കി സിനിമകളിലെ ഒരു പ്രധാന വിഷയമാണ് 'നൊസ്റ്റാള്‍ജിയ' എന്ന പേരില്‍ ഒരു സിനിമ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്). 

തര്‍ക്കോവ്‌സ്‌കിയുടെ സിനിമകളില്‍ തുറന്നരീതിയിലുള്ള ലൈംഗികത ഇല്ല. അദ്ദേഹം സ്‌നേഹത്തെ ലൈംഗികതയായി കൂട്ടിക്കുഴക്കുന്നില്ല. തര്‍ക്കോവ്‌സ്‌കിയെ സംബന്ധിച്ചു സ്‌നേഹം മനുഷ്യരുടെ അസ്തിത്വത്തിന് അര്‍ത്ഥം കൊടുക്കുന്നു. അദ്ദേഹത്തിന്റെ സിനിമകളില്‍ സ്‌നേഹം ലൈംഗികതയ്ക്കും അപ്പുറം പോവുന്നതാണ്. അദ്ദേഹം ലൈംഗിക കര്‍മ്മത്തിനു പകരം പ്ലവന (Levitation) ദൃശ്യങ്ങളാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ കാവ്യാത്മകമായി ഉപയോഗിക്കുന്നത്. ശരിയായ/യഥാര്‍ത്ഥ സ്‌നേഹം ഗുരുത്വാകര്‍ഷണം ഇല്ലാതാക്കുന്നു. 

ലക്കാൻ
ലക്കാൻ

ഈ സിനിമയിലെ ഒരു സീക്വന്‍സ് ഇതിന് ഉദാഹരണമായി പറയാം. ബഹിരാകാശ പേടകത്തില്‍ പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചുപോയ തന്റെ ഭാര്യ ഹാരിയെ കണ്ട് അത്ഭുതം കൂറുന്ന ക്രിസ്. അപ്പോള്‍ ബ്രൂഗലിന്റെ Hunters in the Snow എന്ന ചിത്രത്തിന്റെ പല ഭാഗങ്ങളുടെ ക്ലോസപ്പിലുള്ള വിശദാംശങ്ങളാണ് സ്‌ക്രീനില്‍. ക്യാമറ ചിത്രത്തിലൂടെ പാന്‍ ചെയ്യുന്നു. ഒരു സന്ദര്‍ഭത്തില്‍ മഞ്ഞുമൂടിയ പ്രകൃതിയില്‍ കുട്ടിയായ ക്രിസ്. തുടര്‍ന്നു പേടകത്തിനകത്ത് ഹാരിയേയും ക്രിസിനേയും കാണിക്കുന്നു. അവള്‍ ഒരു മനുഷ്യപകര്‍പ്പ് മാത്രമാണ്. പശ്ചാത്തലത്തില്‍ ഉയര്‍ന്ന സ്റ്റാന്റില്‍ കത്തിച്ചുവെച്ച മെഴുകുതിരികള്‍. ഹാരിയുമായുള്ള ക്രിസിന്റെ സംഭാഷണങ്ങള്‍. തുടര്‍ന്നുവരുന്നത് ഭാരമില്ലാത്ത അവസ്ഥയിലുള്ള ദൃശ്യങ്ങളാണ്. കത്തി നില്‍ക്കുന്ന മെഴുകുതിരി സ്റ്റാന്റ് ഭാരമില്ലാതെ മെല്ലെ അന്തരീക്ഷത്തില്‍ നീങ്ങിത്തുടങ്ങുന്നു. തുടര്‍ന്നു മുകളില്‍നിന്നു തൂക്കിയിട്ടിരിക്കുന്ന അനേകം ദീപങ്ങള്‍ ഒരേസമയത്ത് കത്തിനില്‍ക്കുന്ന വിളക്ക് ചെറുശബ്ദം ഉണ്ടാക്കിക്കൊണ്ട് അനങ്ങുന്നു. തുടര്‍ന്ന് ക്രിസും ഹാരിയും അന്തരീക്ഷത്തില്‍ പൊങ്ങിക്കിടക്കുന്നു. അവര്‍ പരസ്പരം പുണരുന്നു. തുറന്ന ഒരു പുസ്തകം സ്‌ക്രീനിലൂടെ ഒഴുകി നീങ്ങുന്നു. ബ്രൂഗലിന്റെ മുകളില്‍ പരാമര്‍ശിച്ച ചിത്രം വീണ്ടും. ആലിംഗനബദ്ധരായ ഹാരിയും ക്രിസ്സും അന്തരീക്ഷത്തില്‍ ഒഴുകുന്നു. അപ്പോള്‍ ബാക്കിന്റെ സംഗീതം പശ്ചാത്തലത്തില്‍. ഇന്ദ്രിയങ്ങളെ കവിഞ്ഞുപോവുന്ന ശ്രേഷ്ഠമായ അനുഭവം. തുടര്‍ന്ന് ഹാരിയുടെ മടിയില്‍ തലവെച്ചുകൊണ്ട് വിശ്രമിക്കുന്ന ക്രിസിന്റെ ദൃശ്യം. തുടര്‍ന്ന് ഈ ഗ്രഹം മുഴുവനായും പൊതിഞ്ഞിരിക്കുന്ന ദ്രവരൂപത്തിനും ഖരരൂപത്തിനും ഇടയിലുള്ള പദാര്‍ത്ഥം നിറഞ്ഞ കടലിന്റെ ദൃശ്യം. വര്‍ത്തുളമായി ജലത്തേക്കാള്‍ വളരെ കുറഞ്ഞ വേഗതയില്‍ ഇളകുന്ന കടലിന്റെ പരപ്പില്‍ പല രൂപങ്ങള്‍ തീര്‍ക്കുന്ന ചുഴികളിലെ നുരയും പതയും. സംഗീതം തുടരുന്നു. കടലിനു സ്ഥായിയായ നിറമില്ല. ഇടയ്ക്കിടെ മഞ്ഞയും ഓറഞ്ചും നിറങ്ങള്‍. ഈ കടലിന്റെ വളരെനേരം നീണ്ടുനില്‍ക്കുന്ന ദൃശ്യങ്ങള്‍ നിഗൂഢവും അപരിചിതവുമായ അനുഭവം പകരുന്നു. 

ധാരണാശക്തിയിലൂടെ മാത്രം അനുഭവിക്കേണ്ടുന്ന ഒരു മാധ്യമമല്ല സിനിമ. സിനിമാസ്വാദനത്തില്‍ അനുഭവങ്ങളുടേയും അനുഭൂതിയുടേയും തലങ്ങള്‍ കൂടിയുണ്ട്. മനുഷ്യശരീരം ജനിപ്പിക്കുന്ന സംവേദനങ്ങളുടെ സൂക്ഷ്മതലം കൂടിയുണ്ട്. തര്‍ക്കോവ്‌സ്‌കിയുടെ സിനിമകള്‍ക്ക് ഈ ഗുണവും ഉണ്ട്. അദ്ദേഹം കഥാപാത്രങ്ങള്‍ക്കൊപ്പം വസ്തുക്കളേയും ജലത്തേയും മറ്റും തൊടാനുള്ള അദമ്യമായ ആഗ്രഹം നമ്മില്‍ ഉണര്‍ത്തുന്നു. തീക്ഷ്ണമായ ഏകാന്തത അനുഭവിക്കുന്ന കഥാപാത്രങ്ങളുടെ മാനസികാവസ്ഥയിലൂടെയും സാമിപ്യത്തിലൂടെയും (Proximtiy) ടെക്‌സ്ചറിലൂടെയും വിപുലീകരണത്തിലൂടെയും (Magnification) കാലദൈര്‍ഘ്യത്തിലൂടെയും ആണ് ഈ ഗുണം അദ്ദേഹം സൃഷ്ടിക്കുന്നത്. 

ദൃശ്യങ്ങളുടെ പ്രത്യേക തരത്തിലുള്ള രൂപീകരണത്തിലൂടെയും പ്രതലത്തിന്റെ വിശദാംശങ്ങളുമായി അടുത്തതും സൂക്ഷ്മവുമായ ബന്ധം സ്ഥാപിപ്പിക്കുന്നതിലൂടെയും ടെക്‌സ്ചറിലൂടെയും പ്രേക്ഷകരില്‍ ശാരീരികമായ/ഭൗതികമായ സ്പര്‍ശനാനുഭവത്തെ ഉണര്‍ത്തുന്നു. ഒപ്പം ചലനങ്ങളുടെയും ശബ്ദങ്ങളുടെയും കാവ്യാത്മകമായ ഉപയോഗവും ഉണ്ട്. ഇത് നോട്ടം മാത്രമല്ല, എല്ലാ ഇന്ദ്രിയങ്ങളും ഉപയോഗിച്ചുള്ള, ശരീരം കൂടി പങ്കെടുക്കുന്ന കാഴ്ചാനുഭവം ആവുന്നു. ഇവിടെ കാഴ്ച (കണ്ണുകള്‍) സ്പര്‍ശിക്കാനുള്ള അവയവംപോലെ പ്രവര്‍ത്തിക്കുന്നു. 

ഫ്രോയിഡ്
ഫ്രോയിഡ്

ധാര്‍മ്മിക ആത്മീയ സംഘര്‍ഷങ്ങള്‍

കണ്ണാടിയും കഥാപാത്രങ്ങളുടെ അതിലെ പ്രതിഫലനവും സിനിമയില്‍ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. സിനിമയുടെ ആദ്യ ഭാഗത്ത് ക്രിസ് ഒരു തടാകത്തിനരികില്‍ സ്വന്തം പ്രതിബിംബത്തിലേക്ക് നോക്കിനില്‍ക്കുന്നുണ്ട്. പ്രതിഫലനങ്ങള്‍ യാഥാര്‍ത്ഥ്യത്തെ സ്വപ്നമായി തെറ്റിദ്ധരിപ്പിക്കുന്നു. സിനിമയിലെ കഥാപാത്രങ്ങള്‍ ആശയക്കുഴപ്പത്തിന്റെ നിമിഷങ്ങളില്‍ പലപ്പോഴും കണ്ണാടിയിലേയ്ക്ക് നോക്കുന്നു; വിചിത്രമായ സംഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നുണ്ടോ എന്നു സംശയം ജനിപ്പിക്കുന്നു. പ്രതിഫലനങ്ങളുടെ ഉപയോഗം ഈ രീതിയില്‍ യാഥാര്‍ത്ഥ്യത്തെ ചോദ്യം ചെയ്യുക മാത്രമല്ല, ആരാണ് ആരെയാണ് കാണുന്നത് എന്ന ചോദ്യം ഉയര്‍ത്തുകയും ചെയ്യുന്നു. 

'എന്നിട്ട് അവള്‍ തന്റെ ഏപ്രണില്‍നിന്ന് ഒരു കണ്ണാടി എടുത്ത് പീറ്ററിനു നല്‍കിയിട്ട് പറഞ്ഞു: 'ഇതു പ്രതിഫലമായി എടുക്കുക.' പീറ്റര്‍ ഇതുവരെ കണ്ണാടി കണ്ടിട്ടില്ലാത്തതിനാല്‍, അവന്റെ കൈകളില്‍ ആകാശത്തിന്റെ പ്രതിബിംബം കണ്ടപ്പോള്‍, അയാള്‍ പറയുന്നു: 'നീ എനിക്ക് ആകാശം തന്നോ?' ഇത് Terry Jones-sâ 'Simple Peter's Mirror' എന്ന രചനയില്‍നിന്നാണ്. കണ്ണാടികള്‍ വലിയ സാധ്യതകള്‍ ഒരുക്കുന്നു. അതിശയകരവും മാന്ത്രികവും അസാധാരണവുമായ ഒന്ന്, അവ ഓര്‍മ്മയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് നിക്കോളാസ് റോഗ് (Nicolas Roeg). അതുപോലെ വെള്ളത്തിലെ പ്രതിഫനവും. 'കണ്ണാടി മുടി വൃത്തിയാക്കാന്‍ മാത്രമുള്ളതല്ല, കണ്ണാടി അതിലും കൂടുതല്‍ പലതും വെളിപ്പെടുത്തുന്നു. കണ്ണാടിയില്‍ നോക്കവേ നിങ്ങള്‍ ഓര്‍മ്മയിലേക്ക് പോവുന്നു. കണ്ണാടിയാണ് സിനിമയുടെ സത്ത'  അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. തര്‍ക്കോവ്‌സ്‌കിയുടെ സിനിമകളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ റോഗിന്റെ ഈ പ്രസ്താവനയെക്കുറിച്ചു ചിന്തിക്കാതിരിക്കാന്‍ കഴിയില്ല. മിറര്‍ ഷോട്ട് മിസ്എന്‍അബൈമിന്റെ അനുഭവം  ഒരു കഥയ്ക്കുള്ളില്‍ മറ്റൊരു കഥപോലെ, ഒരു ഫ്രെയിമില്‍ മറ്റൊരു ഫ്രെയിം  പകരുന്നു. കലാപരമായ ആവിഷ്‌കാരത്തിനുള്ള ഫലപ്രദമായ ഉപകരണമാണ് കണ്ണാടി. കണ്ണാടി ദൃശ്യപരവും വൈകാരികവും മാനസികവുമായ ആഴം വര്‍ദ്ധിപ്പിക്കുന്നു. തര്‍ക്കോവ്‌സ്‌കിയുടെ സിനിമകളിലെ കണ്ണാടി ധ്യാനം, കണ്ടെത്തല്‍, ആഗ്രഹം, സ്വത്വം, ഓര്‍മ്മ, വ്യക്തിത്വം, സത്യം മുതലായവയെ പ്രതിനിധീകരിക്കുന്നു. മുഖം മനസ്സിന്റെ കണ്ണാടി എന്നാണല്ലോ. 

മനശ്ശാസ്ത്രജ്ഞര്‍ തങ്ങളുടെ സിദ്ധാന്തങ്ങളില്‍ കണ്ണാടിക്കു വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. ഉദാഹരണം, ലക്കാന്‍, ഫ്രോയ്ഡ് എന്നിവര്‍. ഫ്രോയ്ഡിന്റെ എഴുത്ത് മുറിയുടെ ഗ്ലാസ് ജനലില്‍ ഒരു കണ്ണാടിയുണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ മേശയ്ക്ക് തൊട്ടുപിന്നില്‍ തൂങ്ങിക്കിടക്കുന്നു. രോഗികള്‍ അവരുടെ ജീവിതകഥകള്‍ വിവരിക്കുമ്പോള്‍ ഡോക്ടറെക്കാള്‍ സ്വയം നിരീക്ഷിക്കാന്‍ നിര്‍ബ്ബന്ധിതരാകാന്‍ രൂപകല്പന ചെയ്ത ഒരു ക്ലിനിക്കല്‍ ഉദ്ദേശ്യമാണ് കണ്ണാടിക്ക് ഉണ്ടായിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഫ്രോയിഡിനെ സംബന്ധിച്ചിടത്തോളം, കണ്ണാടിയിലെ പ്രതിബിംബം പുറം ലോകത്തേക്ക് പ്രദര്‍ശിപ്പിച്ച ഒരു സ്വയം ഛായാചിത്രം കൂടിയാണ്. ആറു മാസത്തിനും 18 മാസത്തിനും ഇടയില്‍ പ്രായമുള്ള ശിശുക്കള്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ അവര്‍ സ്വയം തെറ്റിദ്ധരിക്കുന്നു. ഇതിനെ ലക്കാന്‍ ങശൃൃീൃ ടമേഴല എന്നു പറയുന്നു. ശിശു കണ്ണാടിയില്‍ കാണുന്ന തന്റെ ശ്ലഥമായ ശരീരത്തെ മൊത്തം ശരീരമായി തെറ്റിദ്ധരിക്കുന്നു. ഇതു മായികതയാണ്. സിനിമാ പ്രേക്ഷകരെ ശിശുവിന്റെ ഈ അവസ്ഥയുമായി പലരും താരതമ്യം ചെയ്തിട്ടുണ്ട്. അപ്പോള്‍ സിനിമ തന്നെ കണ്ണാടിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. 

സൊളാരിസ്
സൊളാരിസ്

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സിനിമയില്‍ പ്രേക്ഷകരെ ആമഗ്‌നരാക്കുന്ന തരത്തിലുള്ള ദൃശ്യശ്രാവ്യ സാങ്കേതികവിദ്യ ലഭ്യമാണ്. ദൃശ്യങ്ങളുടേയും ശബ്ദങ്ങളുടേയും മൂന്നാം മാനത്തിലൂടെ (Third dimension) പ്രേക്ഷകരെ സിനിമയുമായി അങ്ങേയറ്റം ബദ്ധശ്രദ്ധരാക്കാന്‍ കഴിയുന്നു. എന്നാല്‍, ഇത്തരം സാങ്കേതികവിദ്യ ലഭ്യമല്ലാത്ത കാലത്താണ്, സെല്ലുലോയ്ഡിന്റെ കാലത്താണ് തര്‍ക്കോവ്‌സ്‌കി സിനിമയില്‍ ഇത്തരം അവസ്ഥകള്‍/അനുഭവങ്ങള്‍ സൃഷ്ടിച്ചത്. അതേസമയം അക്കാലത്ത് സെല്ലുലോയ്ഡില്‍ സാധ്യമായിരുന്ന സാങ്കേതിക വിസ്മയങ്ങള്‍പോലും അദ്ദേഹം ഉപയോഗിക്കുന്നില്ല. 'സൊളാരിസ്' ഇതിന്റെ ഉദാഹരണമാണ്. 

ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം മുതലായ അടിസ്ഥാനാവശ്യങ്ങള്‍ ലഭ്യമായി കഴിഞ്ഞാലും സാങ്കേതികവിദ്യ പുതിയ പുതിയ സൗകര്യങ്ങള്‍ ഒരുക്കിയാലും മനുഷ്യനെ എക്കാലത്തും അലട്ടുന്ന വിഷയങ്ങളാണ് ധാര്‍മ്മികതയും ആത്മീയതയും. തര്‍ക്കോവസ്‌കി പറയുന്നു: 'മനുഷ്യകുലം അതിന്റെ വികാസത്തിനിടയില്‍ ഒരു ഭാഗത്ത് ആത്മീയവും ധാര്‍മ്മികവുമായ ദാരിദ്ര്യത്തില്‍ ഉഴറുകയാണ്. മറുഭാഗത്ത് ധാര്‍മ്മിക ആദര്‍ശത്തിനായുള്ള അഭിലാഷം. ഇവയ്ക്കിടയിലാണ് മനുഷ്യന്‍. ഇതു സൃഷ്ടിക്കുന്ന തീവ്രമായ ആന്തരിക സംഘര്‍ഷം. ഈ രീതിയിലുള്ള ആത്മീയ ആദര്‍ശത്തിനായുള്ള അന്വേഷണം മനുഷ്യരാശി സ്വയം സ്വതന്ത്രമാകുന്നതുവരെ തുടരുമെന്ന് എനിക്കു തോന്നുന്നു. അതു സംഭവിച്ചാലുടന്‍, മനുഷ്യാത്മാവിന്റെ വികാസത്തില്‍ ഒരു പുതിയ ഘട്ടം ആരംഭിക്കും, മനുഷ്യന്‍ അവന്റെ ആന്തരിക സത്തയിലേക്ക് ആഴത്തില്‍, തീവ്രമായും വികാരാധീനമായും പരിധിയില്ലാതേയും നയിക്കപ്പെടും.' മറ്റു സിനിമകളില്‍ എന്നപോലെ ഈ സിനിമയിലും തര്‍ക്കോവ്‌സ്‌കി മനുഷ്യകുലം അഭിമുഖീകരിക്കുന്ന ധാര്‍മ്മികവും ആത്മീയവുമായ വിഷയങ്ങള്‍ അവതരിപ്പിക്കുന്നു എന്നതിനാലായിരിക്കാം ഈ സിനിമകള്‍ കാലാതിവര്‍ത്തിയാവുന്നത്.

ഈ ലേഖനം കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com