'സിനിമകള്‍ ശ്വാസം വിടാതെ ഇരുന്ന് കാണേണ്ടവയല്ല'

കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ രണ്ടാം തവണയും പാം ദി ഓര്‍ പുരസ്‌കാരം നേടിയ സ്വീഡിഷ് ചലച്ചിത്രകാരന്‍ റൂബന്‍ ഓസ്‌ലന്റിന്റെ ചലച്ചിത്രങ്ങളെക്കുറിച്ച്
'സിനിമകള്‍ ശ്വാസം വിടാതെ ഇരുന്ന് കാണേണ്ടവയല്ല'

ലോകത്തിലെ അതിസമ്പന്നരും പ്രശസ്തരായ മോഡലുകളും സഞ്ചരിക്കുന്ന ഒരു ആഡംബര നൗക  യാത്രയ്ക്കിടയില്‍ നടുക്കടലില്‍ മുങ്ങുന്നു. അതില്‍നിന്ന് രക്ഷപ്പെടുന്നവര്‍, മനുഷ്യവാസമില്ലാത്ത ഒറ്റപ്പെട്ട ഒരു ദ്വീപിലാണ് എത്തുന്നത്. അവിടെ തങ്ങളുടെ  സമ്പത്തിനൊരു പ്രാധാന്യവുമില്ലെന്ന് അവര്‍ തിരിച്ചറിയുന്നു.  പുതിയൊരു സാമൂഹികക്രമം  അവര്‍ ദ്വീപില്‍   സൃഷ്ടിക്കുന്നു. അതിജീവന ശ്രമങ്ങള്‍ക്കിടയില്‍  അധികാരശ്രേണി കീഴ്‌മേല്‍ മറിയുന്നതായി നാം തിരിച്ചറിയുന്നു. ഇക്കഴിഞ്ഞ 2022 കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള 'പാം ദി ഓര്‍' രണ്ടാം തവണ കരസ്ഥമാക്കുന്ന സ്വീഡിഷ് സംവിധായകന്‍ റൂബന്‍ ഓസ്‌ലന്റി (Ruben Östlund)ന്റെ 'ദ ട്രയാങ്കിള്‍ ഓഫ് സാഡ്‌നസ്സ്' (Thet riangle of sadness)  കടന്നുപോകുന്ന ഒരു ദൃശ്യമാണിത്. 2017ല്‍, ആധുനിക കലാലോകവും ജീവിതവും  നേരിടുന്ന പ്രതിസന്ധികള്‍ തന്റെ സവിശേഷമായ  രീതിയില്‍ ആവിഷ്‌കരിച്ച് പാം ദി ഓര്‍ നേടിയ 'ദ സ്‌ക്വയറി' (The Square)നു ശേഷം, മനുഷ്യാവസ്ഥയുടെ സങ്കീര്‍ണ്ണതകള്‍ നര്‍മ്മത്തോടെ ആവിഷ്‌കരിക്കുന്ന  ആക്ഷേപഹാസ്യവുമായി, ലോകത്ത് ലഭിക്കുന്ന ഏറ്റവും ഉന്നതമായ ചലച്ചിത്രപുരസ്‌കാരം രണ്ടാം പ്രാവശ്യം നേടിക്കൊണ്ട്, ഓസ്‌ലന്റ് പ്രേക്ഷകരെയൊന്നാകെ അത്ഭുതപ്പെടുത്തി. സ്വീഡനിലെ സ്‌റ്റോക്ക് ഹോം ആര്‍ട്ട് മ്യൂസിയവുമായി ബന്ധപ്പെട്ടുകൊണ്ടായിരുന്നു 'ദ സ്‌ക്വയര്‍' നിര്‍മ്മിച്ചിരുന്നതെങ്കില്‍, ഫാഷന്‍ ലോകമാണ് തന്റെ പുതിയ ചിത്രത്തില്‍ അദ്ദേഹം പശ്ചാത്തലമാക്കുന്നത്. വാര്‍ദ്ധക്യത്തിന്റെ സൂചനയായി, കണ്‍പീലികള്‍ക്കിടയിലെ ചുളിവുകള്‍ സൃഷ്ടിക്കുന്ന ത്രികോണം, വ്യഥയുടെ ചിഹ്നമായി വിശേഷിപ്പിക്കുന്ന ചിത്രം, പ്ലാസ്റ്റിക് സര്‍ജറി  വഴി  അവ നീക്കം ചെയ്യാന്‍  ശ്രമിക്കുന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രം  കാളിന്റേയും പത്‌നി യായയുടേയും ജീവിതങ്ങള്‍ താരതമ്യം ചെയ്തുകൊണ്ട് മുന്‍പോട്ടു പോകുന്നു. ആധുനിക ലോകത്തിലെ  പുരുഷജീവിതം നര്‍മ്മത്തോടെ വിശകലനം ചെയ്യുന്ന, Thet rilogy of male absurdtiy എന്നു പേരിട്ട ഓസ്‌ലന്റിന്റെ ചലച്ചിത്രത്രയത്തിന്റെ അവസാന ഭാഗമാണിത്. ലോകത്തിലെ അതിസമ്പന്നരുടേയും  ഫാഷന്‍ ലോകത്തിലെ പുരുഷസമൂഹത്തിന്റേയും  ജീവിത സങ്കീര്‍ണ്ണതകള്‍  ലക്ഷ്യമിടുന്ന ചിത്രം, ഓസ്‌ലന്റിന്റെ മിക്ക ചിത്രങ്ങളേയും പോലെ ചിതറിക്കിടക്കുന്ന കാഴ്ചകള്‍ വഴിയാണ്  പ്രേക്ഷകരിലെത്തുന്നത്. മറ്റൊരു സ്വീഡിഷ് സംവിധായകന്‍ റോയ് ആന്‍ഡേഴസന്‍ (Roy Andersson), മിനിറ്റുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത്  സംയോജിപ്പിച്ചു സൃഷ്ടിക്കുന്ന ലോകസിനിമയിലെ  അത്ഭുതങ്ങളെ ഇത് അനുസ്മരിപ്പിക്കുന്നുണ്ട്. പലപ്പോഴും പ്രേക്ഷകരെ തൃപ്തരാക്കുന്ന രീതിയിലുള്ള നീണ്ട നരേറ്റീവ് സൃഷ്ടിക്കുന്നതിനു പകരം പരസ്പരം ബന്ധമില്ലാത്തവയെങ്കിലും പൂര്‍ണ്ണതയാര്‍ന്ന ചെറുചിത്രങ്ങളുടെ മിശ്രണങ്ങളായാണ് ഈ രണ്ട് പേരുടേയും മിക്ക സിനിമകളും തിരശ്ശീലയിലെത്തുന്നത്. ഓസ്‌ലന്റ് ഏറെ ആദരിക്കുന്ന ചലച്ചിത്രകാരനാണ് ആന്‍ഡേഴ്‌സന്‍ എന്നത്   ശ്രദ്ധേയമാണ്. 

ഓസ്‌ലന്റിന്റെ ചലച്ചിത്ര നിരൂപണങ്ങള്‍

'ദ ട്രയാങ്കിള്‍ ഓഫ് സാഡ്‌നസ്സി'ന്റെ പ്രദര്‍ശനത്തിനു ശേഷം, കാനില്‍ നടന്ന പത്രസമ്മേളനത്തില്‍ ഓസ്‌ലന്റ് തന്റെ ചലച്ചിത്ര സമീപനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. സിനിമകള്‍ ശ്വാസംവിടാതെ ഇരുന്ന്  കാണേണ്ടവയല്ലെന്നും അവയുമായി ചേര്‍ന്നുനിന്ന് ആസ്വദിക്കേണ്ടവയാണെന്നും അദ്ദേഹം പ്രേക്ഷകരെ ഓര്‍മ്മിപ്പിക്കുന്നു. യൂറോപ്യന്‍ സിനിമയുടെ ബുദ്ധിപരതയും അമേരിക്കന്‍ സിനിമയിലെ ചടുലതയും ഒരുമിച്ചു ചേരുന്നവയാണ് തന്റെ ചിത്രങ്ങള്‍ എന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഫാഷന്‍ ഫോട്ടോഗ്രാഫറായ ഭാര്യയുടെ സംഭാവനകള്‍ 'ദ ട്രയാങ്കിള്‍ ഓഫ് സാഡ്‌നസ്സി'ന്റെ നിര്‍മ്മാണത്തിനു സഹായകരമായിരുന്നുവെന്ന്  അദ്ദേഹം പറയുന്നു.  മൂന്ന് വ്യത്യസ്തങ്ങളായ ത്രെഡ്ഡുകളിലൂടെയാണ് 'ദ ട്രയാങ്കിള്‍ ഓഫ് സാഡ്‌നസ്സ്' പുരോഗമിക്കുന്നത്. ആദ്യത്തെ ഭാഗം,  കാള്‍, യായ എന്നീ  മോഡലുകളായ ദമ്പതികളിലൂടെ മുന്‍പോട്ടു പോകുമ്പോള്‍, അവര്‍ക്കിടയില്‍ പരസ്പരസ്‌നേഹത്തേക്കാള്‍ കൂടുതല്‍  നിലനില്‍പ്പിനായുള്ള നീക്കുപോക്കുകളാണുള്ളതെന്നു പ്രേക്ഷകര്‍ തിരിച്ചറിയുന്നു. ജോലിയിലേയും ജീവിതത്തിലേയും സുരക്ഷിതത്വം കാരണം, ബുദ്ധിപരവും രാഷ്ട്രീയവുമായ തന്റെ പുരോഗമന ചിന്തകള്‍ മാറ്റിവെക്കാന്‍ നിര്‍ബ്ബന്ധിതനാകുന്ന കാളിന്, ഭാവിയെക്കുറിച്ച്  വളരെയധികം ആശങ്കകളുണ്ട്. തങ്ങളുടെ ബന്ധത്തിന്റെ അതിരുകള്‍ അന്വേഷിക്കുന്ന കാളും യായയും ഒരു കരാറെന്ന നിലയില്‍ മാത്രമാണ് ദാമ്പത്യത്തെ സമീപിക്കുന്നത്. ഭാര്യയെക്കാള്‍ കുറഞ്ഞ പ്രതിഫലം  മാത്രമേ തനിക്കു ലഭിക്കുന്നുള്ളൂ  എന്ന ബോധം കാളിനുണ്ടെങ്കിലും അസൂയ മൂലം ഒരു ജോലിക്കാരനെ പിരിച്ചുവിടാന്‍ അയാള്‍ ശ്രമിക്കുകയും അത്  സാധ്യമാകുകയും ചെയ്യുന്നുണ്ട്. എന്നാല്‍, യാത്ര പറഞ്ഞു പോകുന്ന അയാളെ കുറ്റബോധത്തോടെ, നിസ്സഹായനായി കാള്‍ നോക്കിനില്‍ക്കുകയാണ്. ഭാര്യ യായയുടെ പ്രതിഫലത്തിന്റെ മൂന്നിലൊന്നു മാത്രമേ അയാള്‍ക്ക് ലഭിക്കുന്നുള്ളുവെങ്കിലും രണ്ടു പേരും റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ച ശേഷം, ബില്‍ കൊടുക്കാന്‍ യായ സംശയിച്ചുനില്‍ക്കുന്നു. മറ്റുള്ള സംവിധായകര്‍ നിസ്സാരമായി ഉപേക്ഷിക്കുന്ന ഈ ദൃശ്യം,  വളരെ ഗൗരവത്തോടെയാണ്  ഓസ്‌ലന്റ് മുന്‍പോട്ട് കൊണ്ടുപോകുന്നത്. എന്തുകൊണ്ടാണ് ചുരുക്കം ചിലര്‍ മാത്രം അമിതസമ്പത്തിന് അര്‍ഹരാകുന്നതെന്ന ജീവിതത്തിന്റെ അടിസ്ഥാന പ്രശ്‌നത്തിലേക്ക് അദ്ദേഹം എത്തിച്ചേരുകയും നര്‍മ്മത്തോടെ   അത്   ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നു. 

ഈ ചോദ്യം ചിത്രത്തിന്റെ രണ്ടാം  ഭാഗത്തില്‍ കൂടുതല്‍ പ്രസക്തമാവുന്നുണ്ട്. അതില്‍, കാളും യായയും ആഡംബരനൗകയിലെ യാത്രയ്ക്കായി ക്ഷണിക്കപ്പെടുകയാണ്. പ്രശസ്തരായ മോഡലുകളായതിനാല്‍, ഈ യാത്ര അവര്‍ക്ക് തികച്ചും സൗജന്യമാണ്. നൗകയിലെ ഭക്ഷണം യായ ഇഷ്ടപ്പെടുന്നില്ലെങ്കിലും  അതിനൊപ്പം പോസ് ചെയ്തുകൊണ്ട്, തന്റെ ലക്ഷക്കണക്കിന് ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സില്‍ അവര്‍ ആ ഭക്ഷണമെത്തിക്കുന്നു. അതുവഴി, നൗകയുടെ ഒരു പരസ്യമോഡലായി അവര്‍ മാറുന്നു.  ലോകത്തിലെ അതിധനികരുടെ  സംഘത്തോടൊന്നിച്ച്,  നൗകയിലെ ജോലിക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്ന കാളും യായയും ആ സമൂഹത്തിലെ അധികാരവ്യവസ്ഥയും ഉയര്‍ച്ചതാഴ്ചകളും  അടുത്തറിയുന്നുണ്ട്. സമ്പന്നനും എപ്പോഴും മാര്‍ക്‌സിനെ ഉദ്ധരിക്കുകയും ചെയ്യുന്ന നൗകയുടെ ക്യാപ്റ്റന്‍  താന്‍ വെറുക്കുന്ന തൊഴിലാളി വര്‍ഗ്ഗവുമായി ഇടപഴകാതെ, സദാസമയവും മദ്യക്കുപ്പിയുമായി തന്റെ ക്യാബിനിലിരിക്കുന്നു. അപ്പോഴൊക്കെ നൗക നിയന്ത്രിക്കുന്നത് അതിലെ സ്റ്റുവാര്‍ഡ് പൗളയാണ്. ബ്രിട്ടീഷ് ആയുധക്കച്ചവടക്കാരന്‍ മുതല്‍ മൃഗങ്ങളുടെ കാഷ്ഠം വളമായി ആഗോളതലത്തില്‍ കച്ചവടം ചെയ്യുന്ന റഷ്യന്‍ പ്രഭു വരെ നൗകയിലെ സമ്പന്നരില്‍ ഉള്‍പ്പെടുന്നുണ്ട്. ധനികജീവിതങ്ങളുടെ കാരിക്കേച്ചറായി ആവിഷ്‌കരിക്കപ്പെടുന്ന ചിത്രത്തിന്റെ ഈ ഭാഗം, ക്യാപ്റ്റനെ ദീര്‍ഘനേരം കേന്ദ്രീകരിക്കുന്നുണ്ട്. അടിയുറച്ച മാര്‍ക്‌സിസ്റ്റ് വിശ്വാസിയായ അയാള്‍, റഷ്യന്‍ വ്യവസായിയുമായി നടത്തുന്ന ഉദ്ധരണി മത്സരം അതില്‍ സവിശേഷമാണ്. ക്യാപ്റ്റന്‍, കാള്‍ മാര്‍ക്‌സിനേയും നോം ചോംസ്‌കിയേയും ഉദ്ധരിക്കുമ്പോള്‍, വ്യവസായി റൊണാള്‍ഡ് റീഗനെ ഉദ്ധരിച്ചുകൊണ്ട് അയാളെ നേരിടുന്നു. മാര്‍ക്‌സിനെക്കുറിച്ച് സംസാരിക്കുന്നവരാരും  അദ്ദേഹത്തെ ശരിയായ രീതിയില്‍ തിരിച്ചറിയുന്നില്ല എന്ന് ഒരു അഭിമുഖത്തില്‍ ഓസ്‌ലന്റ് നിരീക്ഷിക്കുന്നത് ഇതുമായി ചേര്‍ത്തുവെയ്ക്കാവുന്നതാണ്. ധനികരുടെ അര്‍ത്ഥരഹിതമായ മറ്റൊരു വിനോദവും  ചിത്രം ദൃശ്യവല്‍ക്കരിക്കുന്നുണ്ട്. നൗകയിലെ തിരക്കുള്ള ജോലിക്കാരോട് കടലില്‍ നീന്തി ജീവിതം ആസ്വദിക്കാന്‍ ആവശ്യപ്പെടുന്ന സമ്പന്ന സ്ത്രീയെ നമുക്ക് ചിത്രത്തില്‍  കാണാം. അതനുസരിക്കുന്ന ജോലിക്കാര്‍,  തങ്ങളുടെ പതിവു ജോലികളൊക്കെ  മാറ്റിവെച്ച് നീന്താനായി കടലിലേക്ക് ചാടുന്നു.

ചിത്രത്തിന്റെ അടുത്ത ഭാഗത്തില്‍,  നൗകയിലെ  അധികാരശ്രേണി അടിമുടി മാറുകയാണ്. കടലില്‍ കൊടുങ്കാറ്റ് രൂപംകൊള്ളുന്നതോടെ നൗകയിലെ ആഡംബര ജീവിതമാകെ തകിടം മറിയുന്നു. അതോടെ, ക്യാപ്റ്റന്‍ അതിവിശിഷ്ടമെന്നു വിശേഷിപ്പിച്ചു നല്‍കുന്ന, പല രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ട വിഭവങ്ങള്‍ ചേര്‍ന്നുള്ള ഡിന്നര്‍ കഴിച്ചവര്‍ കടല്‍ച്ചൊരുക്ക് മൂലം ഛര്‍ദ്ദിക്കുന്നു. പ്രകൃതിയോട് മത്സരിക്കാന്‍ കഴിയാതെ നിസ്സഹായരായി നോക്കിനില്‍ക്കേണ്ടിവരുന്ന ലോകത്തിലെ ഏറ്റവും വലിയ ധനാഢ്യരുടെ കാഴ്ച ഒരേസമയം പരിഹാസ്യവും ദൈന്യത നിറഞ്ഞതുമാണ്. ചിത്രത്തിന്റെ മൂന്നാമത്തെ ഭാഗം  നൗക അപകടത്തില്‍പ്പെടുന്ന കാഴ്ചയാണ്   ദൃശ്യവല്‍ക്കരിക്കുന്നത്. അതില്‍നിന്നു രക്ഷപ്പെടുന്ന ചില  യാത്രക്കാര്‍ക്കൊപ്പം കാളും യായയും കപ്പല്‍ ജോലിക്കാരും ഒറ്റപ്പെട്ട  ഒരു ദ്വീപിലെത്തുന്നു. യാതൊരു ജീവിതസൗകര്യങ്ങളുമില്ലാത്ത അവിടെ,  ഡോളറും ഇന്‍സ്റ്റാഗ്രാമും അതിലെ ഫോളോവേഴ്‌സും അര്‍ത്ഥരഹിതമാകുന്നു. അവിടെ താമസമാരംഭിക്കുന്ന സംഘത്തില്‍ പുതിയൊരു മേധാവിത്വക്രമമാണ് രൂപപ്പെടുന്നത്. അതനുസരിച്ച് ഒരു പുതിയ  സാമൂഹ്യാവസ്ഥ സൃഷ്ടിക്കപ്പെടുന്ന  അവിടെ  പുരുഷനു പകരം സ്ത്രീ അധികാരസ്ഥാനത്തെത്തുന്നു.  നൗകയിലെ ടോയ്‌ലറ്റ് വൃത്തിയാക്കിയിരുന്ന ആ സ്ത്രീക്ക്  മാത്രമാണ്  കടലില്‍  മീന്‍ പിടിക്കാനും തീയുണ്ടാക്കി അത് പാചകം ചെയ്യാനും അറിയുന്നത്. നേരത്തെ മുന്‍നിരയിലായിരുന്ന  വന്‍ വ്യവസായികളും മോഡലുകളും  പ്രാധാന്യം നഷ്ടപ്പെട്ട് പിന്നിലേക്ക് തള്ളപ്പെടുന്നു. അധികാരശ്രേണിയുടെ തകിടം മറിച്ചില്‍ വളരെ വ്യക്തമായി ഇവിടെ ദൃശ്യവല്‍ക്കരിക്കപ്പെടുന്നു. എന്നാല്‍, എല്ലായിടത്തും സംഭവിക്കുന്നതുപോലെ  ഇവിടേയും അധികാരം  അഴിമതിനിറഞ്ഞതായി മാറുകയാണ്. ലോകത്തില്‍, അധികാരവും പണവും കൈകളിലൊതുക്കുന്ന  ഒരു ചെറു ന്യൂനപക്ഷത്തിന്റെ ജീവിതം ആവിഷ്‌കരിക്കുന്ന ഓസ്‌ലന്‍ഡ്, അതിലെ പരിഹാസ്യതയെക്കുറിച്ച്  ഇങ്ങനെ  അഭിപ്രായപ്പെടുന്നു: 'ഇതൊരിക്കലും ശരിയല്ല, ഇത് കൃത്യമായും  അനീതിയാണ്.' ദ്വീപില്‍ പുതിയതായി രൂപംകൊള്ളുന്ന മാതൃദായക്രമം (mtariarchy), അസംബന്ധവും ആക്ഷേപഹാസ്യവുമായി, തന്റെ പതിവ്  ചലച്ചിത്ര ഭാഷയില്‍ ഓസ്‌ലന്റ് ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നു. രണ്ടര മണിക്കൂറിലുള്ള ആക്ഷേപഹാസ്യ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കപ്പെടുന്ന സൂക്ഷ്മവും ശക്തവുമായ രാഷ്ട്രീയ സൂചനകള്‍, അതിന്റെ സമകാലീന പ്രസക്തി വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം, ജീവസ്സുറ്റ കഥാപാത്രങ്ങളുടെ ഒരു നീണ്ടനിര നമുക്ക് മുന്‍പിലൂടെ കടന്നുപോകുകയും  ചെയ്യുന്നു. സന്ദര്‍ഭങ്ങളും പശ്ചാത്തലവും അസംബന്ധങ്ങ ളാണെങ്കിലും  ചിത്രത്തിലുള്ളവരെല്ലാം  മനുഷ്യരാണ് എന്ന സത്യം  നമ്മെ ചിത്രവുമായി  ചേര്‍ത്തുനിര്‍ത്തുന്നുണ്ട്.

ഓസ്‌ലന്റ്  കാനില്‍ പ്രദര്‍ശിപ്പിക്കുന്ന അഞ്ചാമത് ചിത്രമാണ് 'ദ ട്രയാങ്കിള്‍  ഓഫ് സാഡ്‌നെസ്സ്.' മഹാനായ  സംവിധായകന്‍ ഇങ്മാന്‍ ബര്‍ഗ്മാനെപ്പോലെയും തന്റെ വ്യത്യസ്തമായ ചലച്ചിത്രശൈലികൊണ്ട് പ്രേക്ഷകര്‍ക്കു പുതിയ കാഴ്ചാനുഭവങ്ങള്‍  നല്‍കിക്കൊണ്ടിരിക്കുന്ന  റോയ് ആന്‍ഡേഴ്‌സനെപ്പോലെയുമുള്ള ചലച്ചിത്രകാരന്മാര്‍ക്ക് ജന്മം നല്‍കിയ സ്വീഡനിലെ ഗോഥന്‍ബര്‍ഗ് നഗരത്തില്‍ 1974ല്‍ ജനിച്ച റൂബന്‍ ഓസ്‌ലന്റ്, ഹൈസ്‌കൂള്‍ പഠനം  കഴിഞ്ഞയുടന്‍ അവിടെയുള്ള സ്‌കീ (ski)  റിസോര്‍ട്ടുകളില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിരുന്നു. സ്‌കീ സംഘട്ടനങ്ങള്‍ ചിത്രീകരിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞ  ഒരു ചലച്ചിത്ര നിര്‍മ്മാണക്കമ്പനി ഓസ്‌ലന്റിന് തങ്ങളുടെ കമ്പനിയില്‍ ജോലി നല്‍കി. കുറച്ചു കാലത്തിനു ശേഷം അതുപേക്ഷിച്ച്  ഗോഥന്‍ബര്‍ഗിലെ ഫിലിം സ്‌കൂളില്‍ ചേര്‍ന്ന ഓസ്‌ലന്‍ഡ്,  2001ല്‍  അവിടെ നിന്ന്  ചലച്ചിത്ര പഠനത്തില്‍ ബിരുദം നേടി. അദ്ദേഹം   തന്റെ യഥാര്‍ത്ഥ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്, 2004ല്‍ സംവിധാനം ചെയ്ത്, മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഫിപ്രസി പുരസ്‌കാരം കരസ്ഥമാക്കിയ 'The Guitar Mongoloid' എന്ന ഫീച്ചര്‍ ഫിലിമോടെയാണ്. ഗോഥന്‍ബര്‍ഗിനു സമാനമായ സങ്കല്പിക നഗരമായ ജോട്ടെബര്‍ഗിലെ ജീവിതം ആവിഷ്‌കരിക്കുന്ന ചിത്രത്തില്‍ മുഴുവന്‍ സാധാരണക്കാരാണ്  അഭിനയിക്കുന്നത്. ഒരു ട്രാജിക് കോമഡി അല്ലെങ്കില്‍ കോമിക് ട്രാജഡി എന്ന് സംവിധായകന്‍ വിശേഷിപ്പിച്ച, 2008ലെ ഓസ്‌ലന്‍ഡ് ചിത്രം Involutnry, ഒരേസമയം അഞ്ച് കഥകള്‍ പറഞ്ഞു കൊണ്ടാണ് മുന്‍പോട്ടു പോകുന്നത്. കൂട്ടം ചേരുമ്പോള്‍ മനുഷ്യന്റെ സ്വഭാവങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ രേഖപ്പെടുത്തുന്ന ചിത്രം, നീണ്ട ടേക്കുകള്‍കൊണ്ട് ശ്രദ്ധേയമാണ്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ Involutnry, 82ാമത് അക്കാദമി അവാര്‍ഡിനായുള്ള വിദേശസിനിമ വിഭാഗത്തില്‍ സ്വീഡനില്‍നിന്നു മത്സരിച്ചു. ഓസ്‌ലന്‍ഡിന്റെ 2011 ചിത്രം ജഹമ്യ, രാജ്യത്ത്  വളരെയധികം വിവാദങ്ങള്‍ക്കു കാരണമായിട്ടുണ്ട്. ചിത്രം, കറുത്തവരെ മോഷ്ടാക്കളായി   ആവിഷ്‌കരിക്കുന്നുവെന്ന വിമര്‍ശനം മുന്‍പോട്ടുവെച്ച നിരൂപകര്‍, സംവിധായകന്റെ 'വര്‍ണ്ണവിവേചനസമീപന'ത്തെ രൂക്ഷമായ ഭാഷയില്‍ ആക്ഷേപിച്ചു. 2006നും 2008നുമിടയില്‍, ഗോഥന്‍ബര്‍ഗില്‍ പന്ത്രണ്ടിനും പതിന്നാലിനും ഇടയിലുള്ള കറുത്ത വംശജരായ കുട്ടികള്‍, എഴുപത് പ്രാവശ്യത്തിലധികം മറ്റ്  കുട്ടികളെ കൊള്ളയടിച്ചിരുന്നു. വളരെ ആസൂത്രിതമായി   നടപ്പിലാക്കപ്പെട്ട ഇത്, ശാരീരിക പീഡനങ്ങളോ ഭീഷണികളോ ഇല്ലാതെയാണ് അവര്‍ ചെയ്തിരുന്നത്. ഈ സംഭവങ്ങളുടെ സൂക്ഷ്മവും ഹാസ്യാത്മകവുമായ  ആവിഷ്‌കാരമാണ് പ്ലേ. ചിത്രം വളരെയധികം വിമര്‍ശനങ്ങള്‍  നേരിട്ടെങ്കിലും, എല്ലാം മോശമായി അവസാനിക്കാന്‍ പോകുന്നുവെന്ന പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കു വിരുദ്ധമായാണ് അതവസാനിക്കുന്നത്.

ദ ട്രയാങ്കിള്‍ ഓഫ് സാഡ്‌നസ്സ്
ദ ട്രയാങ്കിള്‍ ഓഫ് സാഡ്‌നസ്സ്

ഫോഴ്‌സ് മജ്യൂര്‍

അതിനുശേഷം ഓസ്‌ലന്‍ഡ് സംവിധാനം ചെയ്ത  പുരുഷ അസംബന്ധ ചലച്ചിത്രത്രയ (Thet rilogy of male absurdtiy)ത്തില്‍, പുരുഷജീവിതം അഭിമുഖീകരിക്കുന്ന വൈകാരിക പ്രതിസന്ധികളാണ് ആവിഷ്‌കരിക്കുന്നത്. വ്യത്യസ്ത മേഖലകളില്‍ കഴിയുന്ന പുരുഷകഥാപാത്രങ്ങള്‍ ചെന്നെത്തുന്ന ജീവിതസങ്കീര്‍ണ്ണതകള്‍  സംവിധായകന്റെ സവിശേഷ രീതികളില്‍ ഈ ചിത്രങ്ങള്‍ പ്രേക്ഷകരിലെത്തിക്കുന്നു. ആദ്യ ചിത്രം ഫോഴ്‌സ് മജ്യൂര്‍ (FORCE MAJEURE) 2014ലാണ് ഓസ്‌ലന്‍ഡ് സംവിധാനം ചെയ്യുന്നത്. മറ്റ് ഓസ്‌ലന്‍ഡ്  ചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി തികച്ചും കുടുംബപശ്ചാത്തലത്തില്‍ നടക്കുന്ന കഥ,  തോമസ് എന്ന കേന്ദ്രകഥാപാത്രത്തിന്റെ അസ്വസ്ഥതകള്‍ നിറഞ്ഞ ജീവിതം രേഖപ്പെടുത്തുന്നു. നന്മ തിന്മകള്‍ ചേര്‍ന്നുകൊണ്ടാണ് മനുഷ്യജീവിതം മുന്‍പോട്ടു പോകുന്നതെന്ന് അടിസ്ഥാന സൂചനകള്‍ നല്‍കുന്ന ചിത്രം, ഒഴിവുകാലം ചെലവിടാനായി ആല്‍പ്‌സ് പര്‍വ്വതത്തിലെ മഞ്ഞുപ്രദേശത്ത് സ്‌കീയിങ്ങിനായെത്തുന്ന ബിസിനസ്സുകാരന്‍ തോമസ്, ഭാര്യ എബ്ബ, കുട്ടികള്‍ എന്നിവരുടെ കാഴ്ചകളിലൂടെയാണ് പുരോഗമിക്കുന്നത്. സൂര്യപ്രകാശമുള്ള ഒരു ദിവസം സ്‌കീയിങ്ങിനിടയില്‍, തോമസും കുടുംബവും റസ്‌റ്റോറന്റില്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പ്രത്യക്ഷപ്പെടുന്ന മഞ്ഞുവീഴ്ച, അവരുടെ ജീവിതമാകെ  മാറ്റി മറിക്കുകയാണ്. ശക്തമായ മഞ്ഞു വീഴ്ച ഭയന്ന്, റസ്‌റ്റോറന്റിലുള്ള  എല്ലാവരും നാലു ഭാഗത്തേക്കും ജീവനുംകൊണ്ട് രക്ഷപ്പെടുമ്പോള്‍, കുട്ടികളെ ചേര്‍ത്തുപിടിച്ച്, തോമസിനെ അന്വേഷിക്കുന്ന എബ്ബ, അയാളെ അവിടെയൊന്നും  കാണാതെ വിഷമിക്കുന്നു. എല്ലാവരേയും ഉപേക്ഷിച്ച്, സ്വന്തം ജീവന്‍ രക്ഷിക്കാനായി ഓടിപ്പോകുന്ന അയാളെ അത്ഭുതത്തോടെ മാത്രമേ അവര്‍ക്കു കാണാന്‍ കഴിയുന്നുള്ളു. എല്ലാവരും ഭയപ്പെട്ടിരുന്നതുപോലുള്ള  ദുരന്തമൊന്നും സംഭവിക്കുന്നില്ലെങ്കിലും തോമസിനോടുള്ള എബ്ബയുടെ  സമീപനം അടിമുടി മാറുന്നു.

കുടുംബാംഗങ്ങളെക്കുറിച്ചോര്‍ക്കാതെ, സ്വന്തം രക്ഷയ്ക്കായി ഓടിപ്പോകുന്ന തോമസിന്റെ പ്രവൃത്തി  ഒരു ചോദ്യചിഹ്നമായി ചിത്രത്തില്‍ അവശേഷിക്കുന്നു. തോമസും എബ്ബയ്ക്കുമിടയില്‍ വൈകാരികമായ ഒരു  അകല്‍ച്ച  രൂപപ്പെടുന്നു. തന്റെ തെറ്റ് തിരിച്ചറിയുന്ന തോമസ്,  മക്കളോടും ഭാര്യയോടും അതേറ്റുപറയുമ്പോള്‍ മാനസികമായി തകര്‍ന്നുപോകുന്നുണ്ട്. തന്റെ ജന്മസിദ്ധമായ വൃത്തികെട്ട സ്വഭാവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇര, താന്‍ തന്നെയാണെന്ന് അയാള്‍ തിരിച്ചറിയുന്നുണ്ട്. നിലവിളിയോടെ, ഇത് ഭാര്യയോട് വെളിപ്പെടുത്തുന്ന തോമസിന്റെ കാഴ്ച അത്യന്തം ദയനീയമാണ്. അതിനുശേഷം, സ്‌കീയിങ്ങിനിടെ അപകടത്തില്‍പ്പെടുന്ന  ഭാര്യയെ തോമസ് രക്ഷപ്പെടുത്തുന്നുണ്ട്. ഒടുവില്‍, ഒരു സാധാരണ മനുഷ്യനായി കുടുംബത്തോടൊപ്പം തിരിച്ചുവരുന്ന തോമസില്‍ ചിത്രം അവസാനിക്കുന്നു. മറ്റുള്ളവരില്‍നിന്ന് തന്റെ യഥാര്‍ത്ഥ മുഖം മറച്ചുപിടിക്കുന്ന തോമസിന്റെ ജീവിതം ആവിഷ്‌കരിക്കുന്ന ചിത്രം, ഭാര്യയുടേയും മക്കളുടേയും മുന്‍പില്‍ സ്വയം വെളിപ്പെടുത്തുന്ന അയാളിലാണ് അവസാനിക്കുന്നത്. 2014ല്‍ കാന്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം അവിടെ ജൂറി െ്രെപസ് നേടിയിരുന്നു. അതേ വര്‍ഷം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തില്‍   മികച്ച വിദേശ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഫോഴ്‌സ് മജ്യൂര്‍, 2014ല്‍  ടോറോണ്ടോ ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

2017ല്‍ ഓസ്‌ലന്റ് സംവിധാനം ചെയ്ത 'ദ സ്‌ക്വയര്‍' അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് വളരെയധികം ഉയര്‍ത്തിയ ചിത്രമാണ്. ആ വര്‍ഷം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പാം ദി ഓര്‍ കരസ്ഥമാക്കിയ 'ദ സ്‌ക്വയര്‍',  ടോറോണ്ടോ ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിച്ചു. സ്‌റ്റോക്ക് ഹോമിലെ X റോയല്‍ ആര്‍ട്ട് മ്യൂസിയത്തിലെ ക്യുറേറ്റര്‍ ക്രിസ്റ്റ്യന്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം, കലാലോകം നേരിടുന്ന പ്രതിസന്ധികളും ക്രിസ്റ്റ്യന്റെ  ജീവിതം അഭിമുഖീകരിക്കുന്ന തിരിച്ചടികളും ഒരേപോലെ ആവിഷ്‌കരിക്കുന്നുണ്ട്. ക്രിസ്റ്റ്യനുമായി പത്രപ്രവര്‍ത്തക ആന്‍ നടത്തുന്ന അഭിമുഖത്തില്‍ ആരംഭിക്കുന്ന ചിത്രം, മ്യൂസിയത്തിന്റെ വിശദാംശങ്ങളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്നു. മ്യൂസിയത്തിനു മുന്‍പിലുള്ള പ്രതിമ നീക്കം ചെയ്ത സ്ഥലത്താണ്  പുതിയ കലാസൃഷ്ടി 'ദ സ്‌ക്വയര്‍' സൃഷ്ടിക്കപ്പെടുന്നത്. 'വിശ്വാസത്തിന്റേയും കരുതലിന്റേയും  ശ്രീകോവിലെ'ന്ന്   വിശേഷിപ്പിക്കപ്പെടുന്ന സ്‌ക്വയറില്‍  എല്ലാവര്‍ക്കും തുല്യ അവകാശങ്ങളും കടമകളുമുണ്ട്. ഇങ്ങനെയാണ് സ്‌ക്വയര്‍ വിശദീകരിക്കപ്പെടുന്നതെങ്കിലും സംഘര്‍ഷങ്ങള്‍ നിറഞ്ഞ സംഭവങ്ങളിലാണ് അതിന്റെ സാക്ഷാല്‍ക്കാരം ചെന്നെത്തുന്നത്. പുതിയ കലാസൃഷ്ടിയായ സ്‌ക്വയറിന്റെ  പ്രമോഷന്‍ ഏറ്റെടുക്കുന്ന സ്വകാര്യ ഏജന്‍സി, അതിനായി നിര്‍മ്മിച്ച്   സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വീഡിയോ സംഘര്‍ഷങ്ങള്‍ നിറഞ്ഞതാണ്. ആ വീഡിയോയില്‍, സമാധാനത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന സ്‌ക്വയറിനകത്തെത്തുന്ന ദരിദ്രയായ വെള്ളക്കാരി പെണ്‍കുട്ടി,  ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുന്നതായാണ് ചിത്രീകരിക്കുന്നത്. താന്‍ കണ്ടിരുന്നില്ലെങ്കിലും യൂ ട്യൂബ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ട വീഡിയോയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ക്രിസ്റ്റ്യന്‍, മ്യൂസിയം ക്യൂറേറ്റര്‍ സ്ഥാനം രാജിവെയ്ക്കുന്നു.

തെരുവില്‍ സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള അഭ്യര്‍ത്ഥനകള്‍ തിരക്കുന്നതിനിടയില്‍ ക്രിസ്റ്റ്യന്റെ  ഫോണും പഴ്‌സും നഷ്ടപ്പെടുന്നുണ്ട്. മോഷണമായി അത് തിരിച്ചറിയുന്ന അയാള്‍, ഓഫീസിലെ സഹായി മിഷേലുമായി ചേര്‍ന്ന് അവ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഫോണ്‍ ട്രാക് ചെയ്ത് അതുള്ള അപ്പാര്‍ട്ട്‌മെന്റ് അവര്‍ കണ്ടെത്തുന്നു. മോഷണവസ്തുക്കള്‍ തിരികെ ഏല്പിക്കാനായി  അവിടത്തെ താമസക്കാര്‍ക്കായി അവര്‍ കത്തുകളയക്കുന്നു. അതിനുള്ള പ്രതികരണമായി, നഷ്ടപ്പെട്ട  വസ്തുക്കള്‍  ക്രിസ്റ്റ്യനു ലഭിക്കുന്നുണ്ടെങ്കിലും  മാനസികമായി അയാളെ തകര്‍ക്കുന്ന ഒരു സംഭവവും   നടക്കുന്നു. കാള്‍ അയച്ച എഴുത്തിന്റെ പേരില്‍  രക്ഷിതാക്കള്‍ക്കു മുന്‍പില്‍ താന്‍ കള്ളനായെന്നും അവരോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ക്രിസ്റ്റ്യന്റെ മുന്‍പില്‍ ഒരു അറബി ബാലന്‍ വരുന്നുണ്ട്. അവനെ അയാള്‍ പിന്തിരിപ്പിക്കുന്നുണ്ടെങ്കിലും സ്ഥിരമായി ക്രിസ്റ്റ്യനെ പിന്തുടരുന്ന അവന്‍, ഒരു ദിവസം  അയാളുടെ ഫ്‌ലാറ്റിന്റെ സ്‌റ്റെയര്‍കേസില്‍നിന്നു  താഴേക്കു വീഴുന്നു. ആശങ്കയോടെ അവനെ അന്വേഷിച്ചുവരുന്ന ക്രിസ്റ്റ്യന് അവന്റെ ഫോണ്‍ നമ്പര്‍ മാത്രമേ കിട്ടുന്നുള്ളൂ. കുറ്റബോധത്തോടെ  അയാള്‍ അവനെ അന്വേഷിച്ചു പോകുന്നുണ്ടെങ്കിലും അവന്റെ കുടുംബം സ്ഥലം മാറിപ്പോയെന്ന അറിവില്‍ അസ്വസ്ഥനാകുന്നു. ഇതിനൊക്കെ താനാണ് കാരണക്കാരനെന്ന കുറ്റബോധം ക്രിസ്റ്റ്യനെ  വിടാതെ പിന്തുടരുന്നുണ്ട്. ചിത്രം രേഖപ്പെടുത്തുന്ന മറ്റൊരു സംഭവമാണ് ക്രിസ്റ്റ്യനും ജേര്‍ണലിസ്റ്റ് ആനും തമ്മിലുള്ള ബന്ധം. പരസ്പരം അവിശ്വസിക്കുന്ന അവസ്ഥയിലേക്കാണ് ഇതൊടുവില്‍ അവസാനിക്കുന്നത്. മാന്യമായി വസ്ത്രധാരണം ചെയ്ത് മ്യൂസിയത്തില്‍ നടക്കുന്ന പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ക്കിടയിലെ കുരങ്ങ് മനുഷ്യന്റെ പ്രദര്‍ശനം, ചിത്രത്തിലെ മറ്റൊരു സവിശേഷ കാഴ്ചയാണ്.  ആക്രമണത്തിലേക്കെത്തുന്ന പ്രദര്‍ശനം നിസ്സംഗതയോടെ  നോക്കി നില്‍ക്കുന്ന അതിഥികളുടെ അവസ്ഥ നമ്മെ അത്ഭുതപ്പെടുത്തുന്നു. ഇങ്ങനെ, പരസ്പരം ബന്ധമുള്ളതും അല്ലാത്തതുമായ കാഴ്ചകള്‍ ചേര്‍ത്തുവെയ്ക്കുന്ന ചിത്രം ആവിഷ്‌കരിക്കുന്ന  സമകാലീന സാമൂഹിക അവസ്ഥയുടെ സമഗ്രത പ്രേക്ഷകര്‍ തിരിച്ചറിയുന്നുണ്ട്.

തന്റെ പിതാവിന്റെ ബാല്യകാല  ഓര്‍മ്മകളില്‍നിന്നാണ്  ഓസ്‌ലന്റ് 'ദ സ്‌ക്വയറി'ന് തുടക്കമിടുന്നത്. 'ആറു വയസ്സുണ്ടായിരുന്നപ്പോള്‍, അദ്ദേഹം സ്‌റ്റോക്ക് ഹോമിലെ തെരുവില്‍ പോയി പതിവായി കളിക്കാറുണ്ടായിരുന്നു. പോകുമ്പോള്‍, മകന്റെ കൈത്തണ്ടയില്‍ അമ്മ ഒരു ടാഗ് കെട്ടിക്കൊടുക്കും. അതില്‍ അവന്റെ പേരും വീടിന്റെ കൃത്യമായ മേല്‍വിലാസവും രേഖപ്പെടുത്തിയിരിക്കും. കളി കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോള്‍ അവന്  വഴി തെറ്റുകയാണെങ്കില്‍  തെരുവിലുള്ളവര്‍ മേല്‍വിലാസം നോക്കി  കൃത്യമായി വീട്ടിലെത്തിക്കും. എന്നാല്‍, ഇന്ന് ഇതൊന്നും നടക്കില്ല, കാരണം, നാം മറ്റുള്ളവരെ കാണുന്ന രീതി പാടെ മാറിക്കഴിഞ്ഞു. മറ്റുള്ളവരെ  അവിശ്വാസത്തോടെയാണ് ആളുകളിപ്പോള്‍ നോക്കുന്നത്. 'ദ സ്‌ക്വയര്‍' ആധുനിക സമൂഹത്തെക്കുറിച്ചുള്ള ഒരു ചിത്രമാണ്'  ഓസ്‌ലന്‍ഡ് വിശദമാക്കുന്നു. സ്‌റ്റോക്‌ഹോമില്‍ സ്ഥാപിക്കപ്പെട്ട ഒരു ഇന്‍സ്റ്റലേഷന്റെ മാതൃകയാണ്  ചിത്രം പിന്തുടരുന്നത്. സമചതുരരൂപത്തിലുള്ള ആ ഇന്‍സ്റ്റലേഷനില്‍, വെള്ളനിറത്തില്‍ അടയാളപ്പെടുത്തപ്പെട്ട  സ്ഥലത്ത് പ്രവേശിക്കുന്ന ആളുകള്‍ക്ക്, അവരാവശ്യപ്പെടുന്ന സഹായവും അഭയസ്ഥാനവും ലഭിക്കും. ഭരണകൂടത്തിന്റെ സഹായവും ആളുകള്‍ തമ്മിലുള്ള സഹകരണവും ആവിഷ്‌കരിക്കാനായാണ് ഓസ്‌ലന്റ് ഈ സ്‌ക്വയര്‍ ചിത്രത്തില്‍ ഉപയോഗിക്കുന്നത്. കലാലോകവും സമൂഹവുമായി മാധ്യമങ്ങളും കാണികളും എങ്ങനെയാണ് പ്രതിപ്രവര്‍ത്തിക്കുന്നതെന്ന് ആവിഷ്‌കരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. മ്യൂസിയവും അതിന്റെ ഏജന്റുമാരും ഒരുക്കിയ കെണിയില്‍ വീഴുന്ന മാധ്യമങ്ങളെ പരിഹാസത്തോടെ  ദൃശ്യവല്‍ക്കരിക്കുന്ന 'ദ സ്‌ക്വയര്‍', പ്രകോപനപരമായി എന്തെങ്കിലുമുണ്ടെങ്കില്‍ മാത്രമേ മാധ്യമങ്ങള്‍ കലാപ്രദര്‍ശനങ്ങളെ പരിഗണിക്കയുള്ളൂ എന്ന വിശ്വാസം അടിവരയിടുകയാണ്. 'മാധ്യമങ്ങള്‍ പലവിധ അഭ്യാസങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. നിങ്ങള്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണെങ്കില്‍/പ്രവര്‍ത്തകയാണെങ്കില്‍, എന്തെങ്കിലുമൊരു വിവാദമുണ്ടാക്കിയാല്‍ മാത്രമേ നിങ്ങളുടെ അസ്തിത്വം  ഇവിടെ സ്ഥാപിച്ചെടുക്കാന്‍ കഴിയുകയുള്ളൂ. ചിത്രത്തെക്കുറിച്ചുള്ള  ഓസ്‌ലന്റിന്റെ സമീപനങ്ങള്‍ ഇങ്ങനെ   പോകുന്നു. ക്രിസ്റ്റ്യന്റെ ജീവിതം നേരിടുന്ന തിരിച്ചടികള്‍ രേഖപ്പെടുത്തുന്ന ചിത്രം, അറബ് വംശജനായ ബാലന്റെ സത്യസന്ധതയെക്കുറിച്ചുള്ള സമീപനം, അവന്റേയും കുടുംബത്തിന്റേയും തിരോധാനം, ഒടുവില്‍ ക്യുറേറ്റര്‍ പദവിയില്‍ നിന്നുള്ള ക്രിസ്റ്റ്യന്റെ സ്ഥാനത്യാഗം എന്നിവയിലൂടെ അവ കൃത്യമായി ആവിഷ്‌കരിക്കുന്നുണ്ട്. സ്വീഡിഷ് സിനിമയിലെ എക്കാലത്തേയും ശ്രദ്ധേയമായൊരു ചിത്രമായാണ് 'ദ സ്‌ക്വയര്‍'  വിലയിരുത്തപ്പെടുന്നത്. 

പുരുഷനായി ജീവക്കുന്നതിന്റെ അര്‍ത്ഥം

'ഇക്കാലത്ത് ഒരു പുരുഷനായി ജീവിക്കുകയെന്നാലെന്താണ് അര്‍ത്ഥമാക്കുന്നത്?' എന്ന ചോദ്യത്തിനുള്ള  റൂബന്‍ ഓസ്‌ലന്റിന്റെ മറുപടിയാണ് അദ്ദേഹത്തിന്റെ പുരുഷചിത്ര ത്രയം. Force Majeure (2014), The Square (2017), Thet riangle of sadness (2022) എന്നീ ചിത്രങ്ങള്‍ രൂപപ്പെടുത്തുന്ന ഇതില്‍ മൂന്ന് പുരുഷകഥാപാത്രങ്ങള്‍, തങ്ങളുടെ പ്രതിബിംബങ്ങളുമായി  പൊരുതുകയാണ്. 'വളരെ ആവേശത്തോടെയാണ് ഞാനിവരെ  സൃഷ്ടിക്കുന്നത്, എന്റെ അനുഭവങ്ങളുമായി ചേര്‍ത്തുവെയ്ക്കാമെന്നതുകൊണ്ടായിരുന്നില്ല അങ്ങനെ ചെയ്തത്. ആധുനിക ലോകത്തിലെ പുരുഷന്‍,  പല രീതികളില്‍ വിശകലനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട് എന്നതിലാണത്. ചിത്രത്രയം നേരത്തെ പ്ലാന്‍ ചെയ്തു സൃഷ്ടിച്ചതല്ല, അത് സ്വാഭാവികമായി രൂപപ്പെട്ടതാണ്, അതില്‍ എനിക്കു സന്തോഷമുണ്ട്, ഓരോ ചിത്രവും മറ്റു രണ്ടു ചിത്രങ്ങള്‍ക്കു പുതിയ വെളിച്ചം നല്‍കുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ഒരു സംവിധായകന്‍, കഥാകാരന്‍ എന്നീ നിലകളില്‍ ഞാനും പ്രേക്ഷകരും തമ്മിലുള്ള ബന്ധം അത് ശക്തിപ്പെടുത്തുന്നുണ്ട് എന്ന വസ്തുത എനിക്ക് സന്തോഷം തരുന്നുണ്ട്.' തന്റെ പുരുഷചലച്ചിത്ര ത്രയത്തെ സംവിധായകന്‍ ഇങ്ങനെയാണ്  വിലയിരുത്തുന്നത്.

തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് ചില സൂചനകള്‍ ഓസ്‌ലന്റ് നല്‍കുന്നുണ്ട്. യാത്രയ്ക്കിടയില്‍, ഒരു വിമാനത്തിലെ വിനോദ മാധ്യമങ്ങള്‍ മുഴുവന്‍ തകരാറിലാവുന്നു. തുടര്‍ന്നുള്ള  പതിനേഴു മണിക്കൂര്‍ യാത്രയില്‍ യാതൊരു വിധത്തിലുമുള്ള റശഴശമേഹ ുമേെശാല ഇല്ലാതെ സമയം ചെലവഴിക്കേണ്ടിവരുന്ന യാത്രക്കാര്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് ചിത്രം അന്വേഷിക്കുന്നു. താമസിയാതെ തന്നെ  പൂര്‍ത്തിയായി ഇത് ലോകസിനിമയില്‍ സജീവ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം.

തികച്ചും വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ വഴി, ലോകസിനിമയില്‍ പുതിയ കാഴ്ചരീതികള്‍ക്കു തുടക്കം കുറിക്കുന്ന ചലച്ചിത്ര പ്രതിഭകളെ കാന്‍ ചലച്ചിത്രമേള അംഗീകരിക്കുന്നുവെന്നത് സിനിമയെന്ന കലാമാധ്യമത്തിനു നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല. കഴിഞ്ഞ വര്‍ഷം ജൂലിയ ജൊകോര്‍ണോയുടെ 'ടിറ്റാന്‍', ഈ വര്‍ഷം റൂബന്‍ ഓസ്‌ലന്‍ഡിന്റെ 'ദ ട്രയാങ്കിള്‍ ഓഫ് സാഡ്‌നസ്സ്.' ലോക സിനിമ പുതുവഴികളിലൂടെ അതിന്റെ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.

സംഭാഷണം

എന്റെ ചിത്രം സമൂഹത്തിലെ അധികാരക്രമത്തെക്കുറിച്ചാണ് 

സ്‌കാന്‍ഡിനേവിയന്‍ ടെലിവിഷനുവേണ്ടി റൂബന്‍ ഓസ്‌ലന്റുമായി 
വെന്‍ഡി മിച്ചെല്‍ കാനില്‍വെച്ച്  നടത്തിയ അഭിമുഖം 

പരിഭാഷ: സി.വി. രമേശന്‍ 

താങ്കള്‍ നേരത്തെ ഒരു പ്രാവശ്യം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പാം ദി ഓര്‍ നേടിയിട്ടുണ്ട്. 2017ല്‍, 'ദ സ്‌ക്വയറി'നായിരുന്നല്ലോ അത് ലഭിച്ചത്. ഇനിയും ഒരെണ്ണം കൂടെ വേണോ? 

ഒരെണ്ണം കൂടെ വേണം (ചിരി). അതിനേക്കാള്‍ പ്രധാനം, കാനിലെ മത്സരത്തില്‍ പങ്കെടുക്കുകയെന്നതാണ്. അതെന്റെ മാത്രമല്ല, എന്റെ ടീമിന്റെ ആവശ്യം കൂടെയായിരുന്നു. അത് കൂടെയായപ്പോള്‍  എന്റെ മേലുള്ള  സമ്മര്‍ദ്ദം വര്‍ദ്ധിച്ചു. 

സിനിമ പ്രദര്‍ശിപ്പിക്കുന്നതിനു മുന്‍പ്, പ്രേക്ഷകരുടെ പ്രതികരണം എങ്ങനെയായിരിക്കു മെന്നതിനെക്കുറിച്ച് വല്ല ആശങ്കയും   തോന്നുന്നുണ്ടോ? 

ഒരിക്കലുമില്ല. കാനിലെ എന്റെ അഞ്ചാമത്തെ ചിത്രമാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കാന്‍ പോകുന്ന 'ദ ട്രയാങ്കിള്‍ ഓഫ് സാഡ്‌നസ്സ്.' എന്റെ പ്രശ്‌നം, അതിന്റെ സാങ്കേതിക മികവ് എങ്ങനെ പ്രേക്ഷകരിലെത്തുമെന്നതിനെക്കുറിച്ചാണ്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ഞങ്ങള്‍ ചെയ്ത ജോലി ഏത് രീതിയില്‍ പുറത്തുവരുമെന്നതാണ് എല്ലാവരുടേയും ആശങ്ക. അതിലെ  ശബ്ദം, ദൃശ്യം  എന്നിവ എങ്ങനെ പുനര്‍സൃഷ്ടിക്കപ്പെടുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉല്‍ക്കണ്ഠയുണ്ട്. 

'ദ ട്രയാങ്കിള്‍ ഓഫ് സാഡ്‌നസ്സ്',  ദമ്പതികളായ മോഡലുകളെക്കുറിച്ചുള്ള ചിത്രമാണല്ലോ? ഒഴിവുകാലം ചെലവഴിക്കാനായി ധനികരുടെ ഒരു സംഘത്തോടൊപ്പം അവര്‍ നടത്തുന്ന കടല്‍യാത്ര. സമകാലീന അവസ്ഥയില്‍ എങ്ങനെയാണ്  സൗന്ദര്യത്തേയും സമ്പത്തിനേയും യുവത്വത്തേയുമൊക്കെ  നാം വിലയിരുത്തുന്നതെന്ന ഒരു പ്രധാന വിഷയം ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. എങ്ങനെയാണ് ഇത്തരമൊരു പ്രമേയത്തിലെത്തുന്നത്? 

എന്റെ  ഭാര്യയില്‍നിന്നാണ് അതിന്റെ തുടക്കം. (റൂബന്‍ ഓസ്‌ലന്റിന്റെ ഭാര്യ അറിയപ്പെടുന്ന ഒരു ഫാഷന്‍ ഫോട്ടോഗ്രാഫറാണ്) എട്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് ആദ്യമായി കണ്ടുമുട്ടിയതു മുതല്‍,  ഫാഷന്‍ ഇന്‍ഡസ്ട്രിയെക്കുറിച്ച് ഞങ്ങള്‍ വിശദമായി സംസാരിക്കുന്നുണ്ട്. അന്നു മുതലാണ് സൗന്ദര്യമെന്ന ആശയത്തെക്കുറിച്ച് ഞാന്‍ ഗൗരവത്തോടെ ചിന്തിക്കാന്‍ ആരംഭിക്കുന്നത്. സൗന്ദര്യം ഒരേസമയം പേടിപ്പെടുത്തുകയും  അതോടൊപ്പം ആകര്‍ഷിക്കുകയും ചെയ്യുന്നുണ്ട്.  അതിലൊരു അധികാരശ്രേണിയുണ്ട്. അത് സമൂഹവുമായി ബന്ധപ്പെടുന്നതാണ്. ഇതില്‍ നിന്നാണ് ഞാന്‍ എന്റെ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. അങ്ങനെ, രണ്ട് മോഡലുകളെ  ഒരു സ്ത്രീയേയും ഒരു പുരുഷനേയും കേന്ദ്രീകരിച്ചുകൊണ്ട് ഞാന്‍ ചിത്രം ആരംഭിച്ചു. പുരുഷമോഡലുകള്‍ക്ക് സ്ത്രീമോഡലുകളുടെ മൂന്നിലൊന്ന് പ്രതിഫലം മാത്രമേ കിട്ടുന്നുള്ളൂവെന്നത് എന്നെ അത്ഭുതപ്പെടുത്തി. അത് സമൂഹത്തില്‍ നിലനില്‍ക്കുന്ന മറ്റൊരു ദിശയിലുള്ള ലിംഗ വേര്‍തിരിവാണ് സൂചിപ്പിക്കുന്നത്. ഈ മോഡല്‍ ദമ്പതികള്‍ തങ്ങളുടെ സൗന്ദര്യം കാരണം, സമ്പന്നര്‍ സഞ്ചരിക്കുന്ന ആഡംബരനൗകയിലുള്ള യാത്രയ്ക്കായി ക്ഷണിക്കപ്പെടുകയാണ്. ആ യാത്ര അവസാനിക്കുന്നത് ഒറ്റപ്പെട്ട ഒരു ദ്വീപിലാണ്. അവിടെയെത്തുമ്പോള്‍ അധികാരക്രമമാകെ മാറുകയാണ്. നേരത്തെ, ഏറ്റവും താഴെയുണ്ടായിരുന്ന ജോലിക്കാരി മുകളില്‍ വരുന്നു, കാരണം അവര്‍ക്കു മാത്രമേ മത്സ്യം പിടിക്കാനും തീയുണ്ടാക്കി അത് പാചകം ചെയ്യാനും അറിയുകയുള്ളൂ.  ഈ ക്രമത്തില്‍, പുരുഷമോഡല്‍ തന്റെ സൗന്ദര്യം എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന പ്രധാന ചോദ്യം അവശേഷിക്കുന്നു. വ്യക്തികളുടെ സ്വഭാവസവിശേഷതകളുപയോഗിച്ച് സമൂഹത്തെ പഠനവിധേയമാക്കാനാണ് ഞാനിവിടെ ശ്രമിക്കുന്നത്. സാമൂഹ്യശാസ്ത്രം എനിക്ക് പ്രിയപ്പെട്ട വിഷയമാണെന്ന് അറിയാവുന്നതാണല്ലോ. അതുപയോഗിച്ച് ജനങ്ങളുടെ സ്വഭാവസവിശേഷതകള്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഞാനിവിടെ ശ്രമിക്കുകയാണ്. 

ദ ട്രയാങ്കിള്‍ ഓഫ് സാഡ്‌നസ്സ്
ദ ട്രയാങ്കിള്‍ ഓഫ് സാഡ്‌നസ്സ്

ഐറണിയെന്ന് വിശേഷിപ്പിക്കാന്‍ പറ്റുമോ എന്നെനിക്കറിയില്ല. ഇവിടെ കാനില്‍ മനോഹരമായ ധാരാളം നൗകകളുണ്ട്. ഇവിടെ വെച്ച് ചിത്രത്തിന്റെ പ്രീമിയര്‍ നടക്കുന്നുവെന്നത് കൗതുകകരമല്ലേ? ഇത്തരത്തിലുള്ള ചിലരെയല്ലേ നിങ്ങള്‍ ഈ ചിത്രത്തിലൂടെ പരിഹസിക്കുന്നത്? 

നൂറു ശതമാനം ശരിയാണ്. ഇതേപോലുള്ള ഒരു സംഭവം എന്റെ മുന്‍ ചിത്രം 'ദ സ്‌ക്വയര്‍' പ്രദര്‍ശിപ്പിച്ചപ്പോള്‍ നടന്നിരുന്നു. അതില്‍, മാന്യമായി വസ്ത്രധാരണം ചെയ്ത അതിഥികള്‍ക്ക് മുന്‍പില്‍ കുരങ്ങ് മനുഷ്യന്‍ നടത്തുന്ന പ്രകടനത്തിന്റെ ഒരു ദൃശ്യമുണ്ട്. എന്നെയും എന്റെ സോഷ്യല്‍ ഗ്രൂപ്പിനേയും ഒരു പ്രത്യേക മേഖലയില്‍ മാറ്റിനിര്‍ത്തുക, ചോദ്യങ്ങള്‍ ചോദിക്കാന്‍ എന്നെയും ആ ഗ്രൂപ്പിനേയും  സന്നദ്ധരാക്കുക ഇവയാണ്  ഒരു സംവിധായകനെന്ന നിലയില്‍ എന്നെ പ്രചോദിപ്പിക്കുന്നതും അതുവഴി ചിത്രത്തിന് അടിത്തറയുണ്ടാക്കുന്നതും. 

ചിത്രത്തിന്റെ കാസ്റ്റിങ്ങിലെ ഒരു പ്രധാന ഭാഗമാണ് നൗകയിലെ  മാര്‍ക്‌സിസ്റ്റ് ക്യാപ്റ്റനായി വുഡ്ഡി ഹാല്‍സെന്റെ തെരഞ്ഞെടുപ്പ്. വുഡ്ഡി എങ്ങനെയാണ് ഈ റോളിന് അനുയോജ്യനാകുന്നത്? അദ്ദേഹവുമൊന്നിച്ചുള്ള ജോലി എങ്ങനെയാണ് വിലയിരുത്തുന്നത്? 

അത് വളരെ സന്തോഷകരമായിരുന്നു. ചിത്രത്തിന്റെ തുടക്കത്തില്‍, വര്‍ഷങ്ങളായി ഒരു താരമായി നിലനില്‍ക്കുന്ന ഒരാളെ കണ്ടെത്തുകയാണെങ്കില്‍, ഞാനെന്താണ് ചെയ്യുന്നതെന്ന് എനിക്ക് നല്ല ബോദ്ധ്യമുണ്ടെന്ന് അയാള്‍ക്ക് ഉറപ്പുണ്ടായിരിക്കണം, കാരണം പാം ദി ഓര്‍ ലഭിച്ച സ്വീഡിഷ് സംവിധായകനാണെങ്കിലും അദ്ദേഹത്തിന്     അതൊന്നും അറിയണമെന്നില്ല. ഞാന്‍ തികച്ചും ഒരു അപരിചിതനായിരിക്കാം. അദ്ദേഹത്തിന്     ആ വിശ്വാസമുണ്ടായതോടെ കാര്യങ്ങള്‍ വളരെ സുഖകരമായിരുന്നു. ഇന്നലെ ഡിന്നര്‍ സമയത്ത് എന്റെ അടുത്ത ചിത്രത്തിലും അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നു മാത്രം അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നത് അതുകൊണ്ടായിരിക്കുമല്ലോ.

മറ്റ് യുവ അഭിനേതാക്കളെ, പ്രത്യേകിച്ച് യായയായി അഭിനയിച്ച ചാള്‍ബി ഡീന്‍ കാള്‍ ആയ ഹാരിസ് ഡിക്കന്‍സണിനെപ്പോലുള്ളവരെ എങ്ങനെയാണ് കാസ്റ്റ് ചെയ്യുന്നത്? 

പൊതുവെ  സിനിമയിലെ കാസ്റ്റിങ്ങ് എനിക്ക് വളരെ ഇഷ്ടമാണ്, കാരണം അതെന്റെ തിരക്കഥ എഴുത്തുമായി ബന്ധപ്പെടുന്നുണ്ട്. ചിത്രത്തില്‍, പുരുഷനും സ്ത്രീയും റസ്‌റ്റോറന്റില്‍ ഇരിക്കുന്നു. വെയിറ്റര്‍ ബില്‍ കൊണ്ടുവരുന്നു. അത് ആരാണെടുക്കുക? ഇവിടെ ചില ലിംഗപരമായ മുന്‍വിധികളുണ്ട്. അത് പുരുഷന്‍ ബില്ലെടുക്കണമെന്നുള്ളതാണത്. എന്നാല്‍, ഞാനത് സ്ത്രീയാക്കി മാറ്റി, ഇങ്ങനെ, ചിത്രത്തില്‍ സ്ത്രീകളിലേക്കും പുരുഷനിലേക്കും മാറി മാറി ഞാന്‍ സഞ്ചരിച്ചുകൊണ്ടിരുന്നു. ഇങ്ങനെ നടത്തുന്ന മാറ്റങ്ങളില്‍  അഭിനേതാക്കളും അവരുടെ സംഭാവനകള്‍ നല്‍കിക്കൊണ്ടേയിരുന്നു. അവരില്‍ ഷോള്‍ ബിഡെന്‍ ഒരു പുരുഷനെന്ന നിലയില്‍ എന്നെ  വലിയ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. എന്റെ പുരുഷത്വം മുഴുവന്‍ ചോര്‍ന്നുപോകുന്ന അവസ്ഥവരെയുണ്ടായിരുന്നു. ഹാരി ഡിക്കന്‍സനും എന്നെ പ്രതിസന്ധിയിലാക്കി. പുരുഷനായി  നിലനില്‍ക്കാനും അതേസമയം അത് തള്ളിപ്പറയുന്ന അവസ്ഥയിലെത്തിക്കാനും അദ്ദേഹം കാരണമായിട്ടുണ്ട്. ഇത് ഒരേസമയം തമാശയുണ്ടാക്കുകയും  അതോടൊപ്പം ഒരു സംവിധായകനെന്ന നിലയില്‍ എനിക്ക് വളരെ ഗുണകരമാവുകയും ചെയ്തു. 
 
കടല്‍ പ്രക്ഷുബ്ധമാകുന്നതും കടല്‍ചൊരുക്ക് മൂലം ആളുകള്‍ ഛര്‍ദ്ദിക്കുന്നതുമൊക്കെ ചിത്രത്തിലുണ്ടല്ലോ?  ചിത്രം കാണുന്നവരില്‍ ആര്‍ക്കെങ്കിലും ഇത് സംഭവിക്കുമോ? 

വളരെയധികം സാങ്കേതിക ശ്രദ്ധയോടെയാണ് കൊടുങ്കാറ്റ് ദൃശ്യം ഞങ്ങള്‍ ചിത്രീകരിക്കുന്നത്. കപ്പലിന്റെ ഡോക്കും അതിലെ ഡൈനിങ്ങ് റൂമും ഇരുപത് ഡിഗ്രിയില്‍ ചരിച്ചുകൊണ്ടാണ് അത് ചെയ്യുന്നത്. തികച്ചും യഥാര്‍ത്ഥമായി അനുഭവപ്പെടുമെന്നതിനാല്‍, ചിലപ്പോള്‍ പ്രേക്ഷകരില്‍ ചിലര്‍ക്ക് കടല്‍ചൊരുക്ക് ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. 

എന്തായാലും ഞാന്‍ ഒരു ബാഗ് കരുതുന്നുണ്ട് (ചിരി). അടുത്ത ചിത്രത്തെക്കുറിച്ച് സൂചനകള്‍ വല്ലതും തരാനുണ്ടോ? 

ചെറിയ ചില സൂചനകള്‍ മാത്രം തരാം. ഒരു ദീര്‍ഘദൂര ഫ്‌ലൈറ്റ്; അതിലെ എന്റര്‍ടൈന്‍മെന്റ് സിസ്റ്റം തകരാറിലാകുന്നു. ഫോണോ മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളോ പ്രവര്‍ത്തിക്കുന്നില്ല. യാത്രക്കാര്‍ കുറെ സമയത്തേക്ക് അതുമായി അഡ്ജസ്റ്റ് ചെയ്തുകൊണ്ട് മുന്‍പോട്ടു പോകുന്നു. എന്നാല്‍, അതിന്റെ നഷ്ടപരിഹാരമെന്ന നിലയില്‍ കുപ്പിവെള്ളവും സോസേജസും സൗജന്യമായി നല്‍കാന്‍ തുടങ്ങുമ്പോള്‍ അവര്‍ പ്രതികരിക്കാന്‍ തുടങ്ങുന്നു. ഇത്രമാത്രമേ അതേക്കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്താന്‍ പറ്റൂ. 

ശരി. മനോഹരമായ റെസ്‌റ്റോറന്റടക്കം, കാനില്‍ ആനന്ദിക്കാന്‍ പല വഴികളുമുണ്ടല്ലോ? അതൊന്നും ഉപയോഗപ്പെടുത്തുന്നില്ലേ? 

തീര്‍ച്ചയായും. സ്‌ക്രീനിങ്ങും അഭിമുഖങ്ങളും അടുത്ത ചിത്രത്തിന്റെ നിര്‍മ്മാതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കും  ശേഷം അതിലേക്ക് കടക്കുന്നുണ്ട്. അതിനിടയില്‍, അടുത്ത ചിത്രത്തെക്കുറിച്ചുള്ള മറ്റ് ചര്‍ച്ചകളും പ്ലാന്‍ ചെയ്തിട്ടുണ്ട്.

സന്തോഷം, വളരെ ക്രിയാത്മകമായ ദിനങ്ങള്‍ ആശംസിക്കുന്നു. 

ചിത്രം പ്രേക്ഷകര്‍ക്കൊപ്പം കാണുന്നതിനോട് താല്പര്യമുണ്ടോ? 

അല്പം സങ്കോചമുണ്ടെന്നതാണ് വാസ്തവം. പല പ്രാവശ്യം ടെസ്റ്റ് സ്‌ക്രീനിങ്ങ് നടത്തിയിട്ടുണ്ടെങ്കിലും അവരെങ്ങനെ പ്രതികരിക്കുമെന്ന് പറയാന്‍ കഴിയില്ലല്ലോ. പ്രേക്ഷകര്‍ക്കും അതുപോലുള്ള അനുഭവമുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. എന്തായാലും അവരെങ്ങോട്ടാണ് പോകുന്നതെന്ന് എനിക്കറിയാന്‍ കഴിയുമല്ലോ. എല്ലാവര്‍ക്കും  അത് ആകാംക്ഷയുടെ അവസരമായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.

ചിത്രം ഗ്രീസിലായിരുന്നല്ലോ ഷൂട്ട് ചെയ്തിരുന്നത്. കാന്‍ ഫെസ്റ്റിവല്‍ കഴിഞ്ഞശേഷം, ഒരു ഒഴിവുകാലത്തിനായി അങ്ങോട്ടു പോകുന്നുണ്ടോ?
 
സാധ്യതയില്ല. ഞാന്‍ സ്‌പെയിനിലാണിപ്പോള്‍ താമസിക്കുന്നത്. ഫെസ്റ്റിവല്‍ കഴിഞ്ഞ് അവിടേക്ക് പോകാനാണ് പരിപാടി. 

ശരി, സ്‌പെയിനിലെ സൂര്യോദയം അത്രയേറെ ഇഷ്ടപ്പെടുന്നുണ്ടോ? എന്തായാലും ചിത്രത്തിന്റെ മികച്ച വിജയത്തിനായി എല്ലാ ആശംസകളും നേരുന്നു.

നന്ദി.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com