സമൂഹത്തെ പരുവപ്പെടുത്തിയെടുക്കുന്നത് അധ്യാപകന്റെ ചൂരലും പൊലീസിന്റെ ലാത്തിയും ഉപയോഗിച്ചല്ല; ഐജി സന്ധ്യയ്ക്ക് സെബാസ്റ്റ്യന്‍ പോളിന്റെ മറുപടി

നോര്‍വേയിലെ പൊതുവിദ്യാലയത്തിലാണ് എന്റെ മൂന്ന് കൊച്ചുമക്കള്‍ പഠിക്കുന്നത്. കടമകളെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും എന്നതുപോലെ അവകാശങ്ങളെക്കുറിച്ചും അവര്‍ക്ക് നല്ല ബോധ്യമുണ്ട്.
സമൂഹത്തെ പരുവപ്പെടുത്തിയെടുക്കുന്നത് അധ്യാപകന്റെ ചൂരലും പൊലീസിന്റെ ലാത്തിയും ഉപയോഗിച്ചല്ല; ഐജി സന്ധ്യയ്ക്ക് സെബാസ്റ്റ്യന്‍ പോളിന്റെ മറുപടി
Updated on
2 min read

സാനുമാസ്റ്ററുടെ ക്ലാസ്സില്‍ രണ്ടു വര്‍ഷം ഇരിക്കാന്‍ അവസരം കിട്ടിയ ആളാണ് ഞാന്‍. മാഷ് കൈകാര്യം ചെയ്ത ടെക്സ്റ്റ്ബുക്ക് ഏതായിരുന്നുവെന്ന് ഓര്‍മയില്ലെങ്കിലും ക്ലാസ്സില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഓര്‍മയുണ്ട്. ഇബ്സന്റെ നോറ വീട് വിട്ടിറങ്ങുന്ന രംഗം കഴിഞ്ഞ ദിവസം ഒരു സന്ദര്‍ഭത്തില്‍ പരാമര്‍ശിക്കേണ്ടിവന്നപ്പോഴും അറുപതു വര്‍ഷം മുന്‍പ് ക്ലാസ്സില്‍ മാഷ് നല്‍കിയ വിവരണത്തിന്റെ ഓര്‍മയില്‍നിന്നാണ് അതു ചെയ്തത്. മലയാളം ക്ലാസ്സില്‍ ഇബ്സന് എന്തു കാര്യം എന്ന് ചോദിക്കരുത്. ക്ലാസ്സെടുക്കുന്നത് സാനുമാഷാണെങ്കില്‍ അവിടെ പലരും കടന്നുവരും. നോര്‍വേയിലെ ബര്‍ഗനില്‍ ഇബ്സന്റെ പ്രതിമയ്ക്കു മുന്നില്‍ പ്രണാമം അര്‍പ്പിച്ചപ്പോള്‍ എന്റെ ആദരം യഥാര്‍ത്ഥത്തില്‍ സാനുമാസ്റ്റര്‍ക്കുള്ളതായിരുന്നു.

പ്രയോഗിക്കാനല്ലെങ്കില്‍പോലും അധ്യാപകര്‍ ഒരു വടി കരുതുന്നത് നന്നായിരിക്കുമെന്ന് സാനു മാസ്റ്റര്‍ പറഞ്ഞതായി പത്രത്തില്‍ കണ്ടതുകൊണ്ടാണ് ഇത്രയും കാര്യങ്ങള്‍ ആമുഖമായി പറഞ്ഞത്. പ്രഭാതസവാരിക്കിറങ്ങുന്നവര്‍ നായ്ക്കളെ ഓടിക്കുന്നതിന് വടി കരുതുന്നത് നന്നായിരിക്കുമെന്നു പറയുന്ന ലാഘവത്തോടെ അധ്യാപകര്‍ കയ്യില്‍ കരുതേണ്ടതായ ചൂരലിനെക്കുറിച്ച് പറയുമോ? ഹാജര്‍ അടയാളപ്പെടുത്തുന്ന രീതിയില്ലാത്ത സാനുമാസ്റ്ററുടെ തിങ്ങിനിറഞ്ഞ ക്ലാസ്സ്മുറിയില്‍ വിദ്യാര്‍ത്ഥികള്‍ അച്ചടക്കത്തോടെയും ശ്രദ്ധയോടെയും ഇരുന്നത് സിനിമയിലെ വില്ലന്‍ കുപ്പായത്തിനുള്ളില്‍ കരുതിയിരിക്കുന്ന വടിവാള്‍പോലെ അദൃശ്യമായ ചൂരല്‍ അധ്യാപകന്‍ എവിടെയോ തിരുകിയിരിക്കുന്നുവെന്ന ഭയംകൊണ്ടായിരുന്നില്ല.

അധ്യാപകര്‍ വടി കരുതുന്നതില്‍ തെറ്റില്ലെന്ന് മുന്‍ ഡി.ജി.പി ബി. സന്ധ്യ പറഞ്ഞു. സന്ധ്യ പൊലീസാണ്; അങ്ങനെത്തന്നെ പറയണം. പക്ഷേ, അധ്യാപകനായ എം.എന്‍. കാരശ്ശേരിയും എഴുത്തുകാരായ കെ.പി. രാമനുണ്ണിയും യു.കെ. കുമാരനും അങ്ങനെ പറയുന്നതില്‍ അപകടമുണ്ട്. അടിയോളം നല്ല ഒടിയില്ലെന്ന് ഇരുട്ടിന്റെ ആത്മാവില്‍ ശങ്കരാടിയുടെ കഥാപാത്രം പറയുന്നുണ്ട്. ബാധയിറക്കുന്നവരുടെ ഉപകരണമാണ് വടി. അടിച്ചും ചെവി പിടിച്ച് തിരുമ്മിയും മുട്ടിന്മേല്‍ നിര്‍ത്തിയും ബാധയിറക്കുന്നതിനുള്ള മന്ത്രവാദികളാകാനാണ് കൈനിറയെ ശമ്പളം വാങ്ങുന്ന സാഡിസ്റ്റുകളായ അധ്യാപകരുടെ താല്പര്യം. രാഷ്ട്രത്തെ അമ്മയായി കണ്ട് അമ്മ നല്‍കുന്ന ശിക്ഷ ഏറ്റുവാങ്ങണമെന്ന അടിയന്തരാവസ്ഥയിലെ ന്യായത്തോട് കുട്ടികളെ മനസ്സുകൊണ്ട് പൊരുത്തപ്പെടുത്താനാണ് കുമാരനും മറ്റും ശ്രമിക്കുന്നത്. അടിച്ചും ഒടിച്ചുമല്ല നല്ല വാക്ക് പറഞ്ഞും സ്വയം മാതൃകയായിക്കൊണ്ടുമാണ് അധ്യാപകര്‍ കുട്ടികളെ നന്നാക്കിയെടുക്കേണ്ടത്. ഇടയ്ക്കിടെ ആരുടെയെങ്കിലും നേര്‍ക്ക് ലാത്തി പ്രയോഗിച്ചുകൊണ്ടല്ല പൊലീസുകാര്‍ ക്രമസമാധാനനില ഭദ്രമാക്കേണ്ടത്. പൊലീസിനെ ഭയന്നു ജീവിക്കുന്ന സമൂഹം ജനാധിപത്യസമൂഹമല്ല. നിയമവ്യവസ്ഥയ്ക്കും വാഴ്ചയ്ക്കും വിധേയമായി ജീവിക്കാന്‍ സമൂഹത്തെ പരുവപ്പെടുത്തിയെടുക്കുന്നത് അധ്യാപകന്റെ ചൂരലും പൊലീസിന്റെ ലാത്തിയും ഉപയോഗിച്ചല്ല. അധ്യാപകന്റെ ചൂരല്‍ അപ്രസക്തമായാല്‍ പൊലീസിന്റെ ലാത്തിയും അപ്രസക്തമാകും.

ശിക്ഷയും ശിക്ഷണവും തമ്മില്‍ ബന്ധപ്പെടുത്തുന്നത് വലിയ അപകടത്തിനു കാരണമാകും. ദേവാലയത്തിലെ അനാശാസ്യവൃത്തിക്കെതിരെയാണ് യേശു ചാട്ടവാറെടുത്തത്. കുട്ടികളെ അദ്ദേഹം സ്നേഹത്തോടെ ആശ്ലേഷിച്ചു. ദേവാലയത്തിലെ പണ്ഡിതരുമായി തര്‍ക്കിക്കുന്ന പതിമൂന്നുകാരന്റെ ചിത്രം ബൈബിളിലുണ്ട്. ആ ഭാഗമാണ് കുട്ടികള്‍ക്ക് വായിച്ചുകൊടുക്കേണ്ടത്. അവര്‍ അധ്യാപകരോട് തര്‍ക്കിക്കട്ടെ. അതായിരുന്നു സോക്രട്ടീസിന്റെ ബോധനരീതി. ചോദ്യങ്ങള്‍ ചോദിക്കുന്ന കുട്ടികളെ അധ്യാപകര്‍ക്ക് ഭയമാണ്. അവര്‍ അവരെ പട്ടിക്കൂട്ടിലടയ്ക്കും. ഏഴു വയസ്സിനു താഴെയുള്ള കുട്ടികള്‍ ചെയ്യുന്ന തെറ്റൊന്നും കുറ്റമല്ല. പതിനെട്ട് വയസ്സുവരെ അവര്‍ പ്രതികളോ കുറ്റവാളികളോ അല്ല. അവര്‍ നിയമവുമായി പൊരുത്തപ്പെടാത്ത അവസ്ഥയിലായെന്നു മാത്രം. നിയമവുമായി പൊരുത്തപ്പെട്ടു ജീവിക്കുന്നതിന് അവരെ സഹായിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം അധ്യാപകര്‍ക്കുണ്ട്. ആ സദ്പ്രവര്‍ത്തനത്തില്‍ ചൂരല്‍ അനിവാര്യമാണോ എന്നതാണ് ചോദ്യം.

അച്ചടക്കം ഉറപ്പുവരുത്താന്‍ അധ്യാപകര്‍ ചൂരല്‍ കരുതട്ടെയെന്നാണ് ഹൈക്കോടതിയില്‍ ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞത്. ജഡ്ജി പറഞ്ഞതിനോടാണ് ഇവിടെ പേര് പരാമര്‍ശിച്ചവര്‍ യോജിച്ചത്. ചെറിയ ചൂരലെന്നാണ് ജഡ്ജി പറഞ്ഞത്. വലിപ്പം ആപേക്ഷികമാണ്. പ്രയോഗിക്കാതെ ചൂരല്‍ കയ്യില്‍ കരുതുന്നതുപോലും കുട്ടികളില്‍ വലിയ മാറ്റങ്ങള്‍ക്കു കാരണമാകുമെന്ന് ജഡ്ജി പറയുന്നതിനോട് യോജിക്കാനാവില്ല. സിനിമയില്‍ ന്യായാധിപന്റെ മേശപ്പുറത്ത് കാണുന്ന കൊട്ടുവടിയാണോ നിയമത്തിന്റെ ആധികാരികതയ്ക്ക് കാരണമാകുന്നത്? ആയുധം ഒരു ജഡ്ജിയും ഇതുവരെ പ്രയോഗിച്ചതായി സിനിമയില്‍പോലും ഞാന്‍ കണ്ടിട്ടില്ല. ആശാരിയുടെ കയ്യിലല്ലാതെ ഞാന്‍ ഹാജരായ കോടതികളിലൊന്നും കൊട്ടുവടിപോലും കണ്ടിട്ടില്ല. വയലന്‍സിന്റെ അടയാളമായ കൊട്ടുവടിയല്ല, കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുന്നതിനുള്ള കോടതിയുടെ അധികാരമാണ് കോടതിയില്‍ അച്ചടക്കം ഉറപ്പുവരുത്തുന്നത്. വിദ്യാലയങ്ങളില്‍ ശിക്ഷാഭയം അച്ചടക്കത്തിനു കാരണമാകുമെന്നാണ് ജഡ്ജി പറഞ്ഞതെങ്കിലും ലാത്തി ചുഴറ്റുന്ന പൊലീസുകാരനെപ്പോലെ ഞാന്‍ കാണാനിഷ്ടപ്പെടാത്ത കാഴ്ചയാണ് ചൂരലുമായി വരുന്ന അധ്യാപകന്‍. ഗുരുവിന്റെ കൈയില്‍ കാണേണ്ടത് ചോക്കും പുസ്തകവുമാണ്.

അധ്യാപകന്റെ ചൂരലോ പൊലീസിന്റെ ലാത്തിയോ എന്റെ ശരീരത്തില്‍ സ്പര്‍ശിച്ചിട്ടില്ല. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ ഞാന്‍ കുറേക്കൂടി നന്നാകുമായിരുന്നുവോ എന്ന് പറയാനാവില്ല. കഴുമരത്തിന്റെ കാഴ്ചയില്‍ സമൂഹം കുറ്റകൃത്യങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുമെന്ന പ്രതീക്ഷ പ്രാകൃതമാണ്. വധശിക്ഷ നിര്‍ത്തലാക്കിയ രാജ്യങ്ങളില്‍ വധശിക്ഷയ്ക്കര്‍ഹമായ കുറ്റങ്ങള്‍ പെരുകുന്നതായി റിപ്പോര്‍ട്ടില്ല. അതുകൊണ്ട് ഞാന്‍ വധശിക്ഷയ്ക്കെതിരാണ്. വിദ്യാലയങ്ങളില്‍ നല്ല ശിക്ഷണം ഉണ്ടാകണമെന്നല്ലാതെ നല്ല ശിക്ഷ കൊടുക്കണമെന്നില്ല. നാവടക്കൂ പണിയെടുക്കൂ എന്നുള്ളത് അടിയന്തരാവസ്ഥയിലെ മുദ്രാവാക്യമാണ്. ചൂരല്‍ നിശ്ശബ്ദതയുടെ ഉപകരണവും അടയാളവുമാണ്. ചൂരലിന്റെ ആഞ്ഞുള്ള അടിയില്‍ ഉയര്‍ന്നുകേള്‍ക്കുന്ന വാക്കാണ് സൈലന്‍സ്.

പരിഷ്‌കൃതലോകം ചൂരലിനെതിരാണ്. നോര്‍വേയിലെ പൊതുവിദ്യാലയത്തിലാണ് എന്റെ മൂന്ന് കൊച്ചുമക്കള്‍ പഠിക്കുന്നത്. കടമകളെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും എന്നതുപോലെ അവകാശങ്ങളെക്കുറിച്ചും അവര്‍ക്ക് നല്ല ബോധ്യമുണ്ട്. ശാരീരികമായ ശിക്ഷ വിദ്യാലയത്തില്‍ മാത്രമല്ല, വീട്ടിലും നിയമംവഴി നിരോധിച്ചിരിക്കുന്നു. എല്ലാ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലേയും അവസ്ഥ ഇതാണ്. ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഹെഡ്മാസ്റ്റര്‍ മാഞ്ഞൂരാന്‍ മാഷിന്റെ ചൂരല്‍ പ്രസിദ്ധമായിരുന്നു. നിവര്‍ത്തിപ്പിടിക്കുന്ന കൈപ്പത്തിയില്‍ ചൂരല്‍കൊണ്ട് ആഞ്ഞാഞ്ഞ് ആറടി. ശിരച്ഛേദനം കാണാന്‍ കാണികള്‍ കൂടുന്നതുപോലെ മാഞ്ഞൂരാന്‍ മാഷിന്റെ ശിക്ഷയില്‍ വിദ്യാര്‍ത്ഥി പുളയുന്നതു കാണാന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും സമ്മേളിക്കുമായിരുന്നു. ആല്‍ബര്‍ട്ട് എന്ന വിശുദ്ധനായ വിദ്യാഭ്യാസവിചക്ഷണന്റെ പേരിലുള്ള വിദ്യാലയത്തിന് അത് ഭൂഷണമായിരുന്നില്ലെന്ന അഭിപ്രായം അന്നും ഇന്നും എനിക്കുണ്ട്. ജസ്റ്റിസ് കുഞ്ഞിക്കൃഷ്ണന്‍ നിര്‍ദേശിക്കുന്ന ചെറിയ ചൂരലിന് ക്രമേണ നീളം കൂടിവരും. നീളം കൂടുമ്പോള്‍ അത് വെറുതെ കയ്യില്‍ കരുതാനുള്ളതല്ലെന്ന ധാരണ അധ്യാപകര്‍ക്കുണ്ടാകും. സാഡിസ്റ്റുകള്‍ക്ക് ശിക്ഷാധികാരം നല്‍കുന്നത് വലിയ അപകടത്തിനു കാരണമാകും. ചൂരല്‍ വേദന മാത്രമല്ല, അപമാനം കൂടിയാണ്. അപമാനകരമായ ശിക്ഷ ഭാരതീയ ന്യായ സംഹിതയിലും അനുവദനീയമല്ല. മുതിര്‍ന്നവരെ മുക്കാലിയില്‍ കെട്ടി അടിക്കുന്ന ശിക്ഷ നിര്‍ത്തലാക്കിയതുപോലെ വിദ്യാലയങ്ങളില്‍നിന്ന് ചൂരല്‍ വലിപ്പവും ചെറുപ്പവും നോക്കാതെ അപ്രത്യക്ഷമാകണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com