

അതെനിക്ക് അയച്ചുതരൂ ഉഷേ.''
ജയചന്ദ്രന്‍ നായര്‍ സാറിന്റെ സൗമ്യമായ സ്വരം അന്നത്തെ ലാന്‍ഡ്‌ഫോണിന്റെ അങ്ങേ തലയ്ക്കല്‍... ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍, കേള്‍ക്കുന്നപോലെത്തന്നെ തോന്നുന്നു.
എന്റെ ജ്യേഷ്ഠന്‍ ഒ.വി. വിജയന്‍ കോട്ടയം എസ്.എച്ച്. മൗണ്ടില്‍ വീടു വാടകയ്‌ക്കെടുത്ത് താമസിക്കുന്ന കാലമായിരുന്നു അത്. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ എനിക്കന്ന് ജോലിയുണ്ട്. അതിരമ്പുഴയിലാണ് ഓഫീസ്. ദൂരമാണ്. എങ്കിലും ഞാനും ആ വീട്ടില്‍ ചെന്നു താമസിച്ചു.
ഇരുട്ടിത്തുടങ്ങിയ ഒരു വൈകുന്നേരം. ഏട്ടന്‍ വാക്കറില്‍ പിടിച്ച് പതുക്കെ തന്റെ മുറിയില്‍നിന്നു ഹാളിലേയ്ക്ക് കടക്കുകയാണ്. ഞാന്‍ ഒപ്പമുണ്ട് സഹായത്തിന്. എങ്ങനെയോ ബാലന്‍സ് തെറ്റി ഏട്ടന്‍ വീണു. താങ്ങിയതുകൊണ്ട് തീര്‍ത്തും താഴെ പോയില്ല. ഏട്ടനെ കാണാന്‍ വന്ന ജോ ഈശ്വര്‍ ഓടിവന്നു സഹായിച്ചു, ഹാളിലെ കസേരയില്‍ ഇരുത്തി. ഒന്നു വിഷമിച്ചുപോയി. എങ്കിലും കുഴപ്പമൊന്നും ഇല്ലാതിരുന്നതുകൊണ്ട് ഞങ്ങള്‍ ടെലിവിഷനിലെന്തോ കാണാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ഏട്ടന്‍ കടലാസും പേനയും ആവശ്യപ്പെട്ടു. സംസാരിക്കുന്നത് വളരെ കുറഞ്ഞിരുന്നു, എഴുതിക്കാണിക്കുകയായിരുന്നു കൂടുതലും. അമര്‍ത്താതെ എഴുതാനുള്ള സൗകര്യത്തിന് ഫെല്‍റ്റ് പേനയാണ് ഉപയോഗിക്കുന്നത്. അല്പം കഴിഞ്ഞ് ടെലിവിഷന്‍ ശ്രദ്ധിച്ചിരുന്ന എന്നെ വിളിക്കുന്നു, ഭംഗിയായി വരച്ച സ്‌കെച്ച് കാണിക്കുന്നു. പച്ച മഷിയാണെന്നാണ് ഓര്‍മ്മ. വലിയ രണ്ടു ഗ്രന്ഥങ്ങള്‍ ഒന്നിനു മീതെ ഒന്നായി അടുക്കി വെച്ചിരിക്കുകയാണ്. ആ തടിയന്‍ പുസ്തകങ്ങളെ രണ്ടു പുസ്തകപ്പുഴുക്കള്‍ നോക്കി ഇരിക്കുന്നു. ഒന്ന്, മറ്റൊന്നിനോട് പറയുകയാണ്: ''നമ്മള്‍ വേണ്ടേ ഇതൊക്കെ തിന്നുതീര്‍ക്കാന്‍'' എന്ന്. വീഴ്ച കഴിഞ്ഞ് ഇരിക്കുന്ന ഏട്ടന് ഇത്ര സരസമായ തത്ത്വചിന്ത എങ്ങനെ ഉള്ളിലുദിച്ചു വന്നു എന്ന് വിസ്മയിച്ചുപോയി.
കുറേ കഴിഞ്ഞ് ജയചന്ദ്രന്‍ നായര്‍ സാറിനെ ഏട്ടന്റെ ഒരു സന്ദേശം കൊടുക്കാന്‍ വേണ്ടി ഞാന്‍ വിളിച്ചു. സംഭാഷണത്തിനിടയ്ക്ക് ഏട്ടന്‍ വീണതും കാര്‍ട്ടൂണ്‍ വരച്ചതും സന്ദര്‍ഭവശാല്‍ വിവരിച്ചു കേട്ട ഉടനെ സാറിന്റെ പ്രതികരണമുണ്ടായി: ''അതെനിക്ക് അയച്ചുതരൂ ഉഷേ.''
എന്നാല്‍, അതയച്ചുകൊടുക്കാന്‍ ഏട്ടന്‍ എന്ന 'പെര്‍ഫക്ഷണിസ്റ്റ്' വിസമ്മതിച്ചു. പ്രസിദ്ധീകരിക്കാന്‍ പറ്റിയ നിലയിലല്ല ഉള്ളത് എന്നായി. കാര്‍ട്ടൂണ്‍ പ്രൊഫഷണലായി വരയ്ക്കുന്നത് ഏട്ടന്‍ എന്നേ നിര്‍ത്തിയിരിക്കുന്നു. കൈവഴങ്ങാത്തതാണ് കാരണം. ''സാര്‍ ആവശ്യപ്പെട്ടതല്ലേ... വരച്ചത് നന്നായിട്ടുമുണ്ട്. നമുക്ക് അതങ്ങ് അയയ്ക്കാം'' എന്ന് ഞാന്‍ നിര്‍ബ്ബന്ധിച്ചു. ഒടുവില്‍ ശരിയായി വരയ്ക്കാന്‍ ശ്രമിക്കട്ടെ എന്ന് ഏട്ടന്‍ തീരുമാനിച്ചു.
പിറ്റേന്നു കാലത്ത് കട്ടിയുള്ള ഡ്രോയിങ്ങ് പേപ്പര്‍, ഇന്‍ഡ്യന്‍ ഇങ്ക്, ബ്രഷുകള്‍ തുടങ്ങി വരയ്ക്കാനുള്ള വസ്തുക്കള്‍ സംഘടിപ്പിച്ചു, പണ്ടത്തെ സന്നാഹങ്ങളെപ്പോലെ പൂര്‍ണ്ണമായിട്ടല്ലെങ്കിലും വരച്ചു പൂര്‍ത്തിയാക്കാന്‍ ഏതാണ്ട് രണ്ട് മണിക്കൂറെടുത്തു. വിഷമം തോന്നി ആ പ്രയത്‌നം കണ്ടിട്ട്. വര കഴിഞ്ഞ് കിടക്കാന്‍ സഹായിക്കുമ്പോള്‍ കയ്യും കാലും ഐസുപോലെ തണുത്തിരുന്നു. പേടിച്ചുപോയി.
അത് ഏട്ടന്‍ വരച്ച അവസാനത്തെ കാര്‍ട്ടൂണ്‍ ആയിരുന്നു (എന്നാണ് എന്റെ ബോധ്യം). ജയചന്ദ്രന്‍ സാറിന്റെ വാക്കിന് ആ നിലയിലുള്ള പ്രേരണാശക്തിയാണ് ഏട്ടനുമേല്‍ ഉണ്ടായിരുന്നത് എന്ന് മനസ്സിലായി.
ഈ കാര്‍ട്ടൂണിന്റെ പിറവിയെക്കുറിച്ച് എഴുതാന്‍ സാര്‍ എന്നെ പ്രേരിപ്പിക്കുകയും ചെയ്തു. മലയാളം വാരികയില്‍ പിറ്റേ ആഴ്ച തന്നെ ഏട്ടന്റെ വരയും എന്റെ കുറിപ്പും വെളിച്ചം കാണുകയുമുണ്ടായി. പിന്നീട് 'അന്ധനും അകലങ്ങള്‍ കാണുന്നവനും' എന്ന പേരില്‍ പുറത്തുവന്ന ഏട്ടന്റെ ലേഖനസമാഹാരത്തിന് ഈ കാര്‍ട്ടൂണ്‍ ആയിരുന്നു കവര്‍.
ഏട്ടന്‍ അവസാനമായി എഴുതിയ കോളവും സാറിന്റെ പ്രേരണയില്‍ മലയാളം വാരികയിലായിരുന്നു. പതുക്കെ പറഞ്ഞുകൊടുത്ത്, സഹായിക്കാന്‍ നിന്ന സുനിലിനെക്കൊണ്ട് എഴുതിക്കുകയായിരുന്നു. തീരെ വയ്യാതാവുന്നതുവരെ ജയചന്ദ്രന്‍ സാറിനുവേണ്ടി ഏട്ടന്‍ തന്റെ കുറിപ്പുകള്‍ എഴുതിയിരുന്നു. സാര്‍ കലാകൗമുദിയുടെ എഡിറ്ററായിരുന്ന സമയത്തു തുടങ്ങിയതായിരുന്നു സുദീര്‍ഘമായ അവരുടെ സൗഹൃദം. നാട്ടില്‍ ഏട്ടന്‍ വന്നപ്പോഴും ഹൈദരാബാദിലും മറ്റും ഉള്ളപ്പോഴും അത്യാവശ്യ സമയത്ത് അന്ന് കലാകൗമുദിയിലെ എഡിറ്റോറിയല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന ഗോപി നാരായണനെ കേട്ടെഴുത്തിനു പറഞ്ഞയക്കും. ഗോപി ഇന്ന് ചിന്താ പബ്ലിക്കേഷനില്‍ മാനേജീരിയല്‍ നിലയിലാണ്.
ഏട്ടനുമായുള്ള ആ അടുപ്പത്തിന്റെ പ്രേരണയില്‍ ഹൃദ്യമായ ഒരു ചെറിയ പുസ്തകം അടുത്തകാലത്ത് സാര്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. എന്നെക്കൊണ്ട് അതിനു മുഖക്കുറിപ്പ് എഴുതിക്കാന്‍ സാര്‍ നിശ്ചയിച്ചത് ഒരു ബഹുമതിയായി കാണുന്നു. ഏട്ടന്റെ അനുജത്തിയെന്ന നിലയില്‍ മാത്രമല്ല സാര്‍ എന്നെ പരിഗണിച്ചിരുന്നത്. എന്റെ ഏക നോവലായ 'ഷാഹിദ് നാമ' മുഴുവനും കാണാതെയാണ് പ്രസിദ്ധീകരണത്തിനു സ്വീകരിച്ചത്. 1999-ന്റെ അവസാനം ഒരു ചെറുകഥയായി മനസ്സില്‍ ഉദിച്ചത് വികസിച്ച് നാലധ്യായത്തിലെത്തിയപ്പോള്‍ സാറിന് അയച്ചുകൊടുത്തത് അഭിപ്രായം അറിയാനായിരുന്നു. കൊള്ളാം എന്നാണ് വിധി എങ്കില്‍ എഴുതി പൂര്‍ത്തിയാക്കിയിട്ട് കൊടുക്കാം എന്നായിരുന്നു ചിന്തിച്ചത്. പക്ഷേ, കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട് ഉടന്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങുമെന്നും ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് വരയ്ക്കാനായി ഏല്പിച്ചിരിക്കുകയാണെന്നും പ്രതികരണം വന്നു. ബാക്കി അധ്യായങ്ങള്‍ അയയ്ക്കണമെന്നും അറിയിച്ചു. പകല്‍ മുഴുവന്‍ ഞാന്‍ ഓഫീസിലാണ്, തിരക്കാണ്. ഏട്ടനും ഏട്ടത്തിയമ്മയും വീട്ടിലുണ്ട്, അവരെ ശ്രദ്ധിക്കണം. കഥ മുഴുവന്‍ മനസ്സില്‍ രൂപപ്പെട്ടിട്ടുമില്ല. ആ സാഹചര്യത്തില്‍ സാര്‍ എന്നിലര്‍പ്പിച്ച വിശ്വാസം ഒട്ടൊന്നുമല്ല എനിക്ക് ആത്മവിശ്വാസമുണ്ടാക്കിയത്. സാറിന്റെ ഹ്രസ്വ സന്ദേശങ്ങളില്‍ നിറഞ്ഞ സൗമ്യ സമ്മര്‍ദ്ദം ആ നോവല്‍ പൂര്‍ത്തിയാക്കാന്‍ ഇടയാക്കി. അത് പിന്നീട് പുസ്തകമായി. മിതമായി സ്വീകരിക്കപ്പെട്ടു. നാലു പതിപ്പുകള്‍ വന്നു.
പ്രസിദ്ധീകരിക്കാന്‍ ആരും മുതിരാനിടയില്ലാത്ത മറ്റൊരു കൃതിക്ക് കാരണക്കാരനായത് ജയചന്ദ്രന്‍ നായര്‍ സാറായിരുന്നു. ആദ്ധ്യാത്മികതയും അതീന്ദ്രിയതയും മുന്നിട്ടു നില്‍ക്കുന്ന ഏതാനും അനുഭവങ്ങളെ (പലരുടേതുമായി) ആധാരമാക്കിയുള്ള ലേഖനങ്ങളുടെ സമാഹാരം, എന്റെ 'പുഴയൊഴുകും വഴി.' എന്റെ ഗുരു ശ്രീകരുണാകര ഗുരുവിനോട് അടുപ്പം പുലര്‍ത്തിയിരുന്ന ഒരുപാടു പേരുടെ ജീവിതാനുഭവങ്ങള്‍ അറിയാനിടയായിട്ടുണ്ട്. ഒരനുഭവം യാദൃച്ഛികമായി സാറുമായുള്ള ഫോണ്‍ സംഭാഷണത്തിനിടയ്ക്ക് പറയാനിടയായി. സാറിന്റെ ''എഴുതൂ'' എന്നുള്ള പ്രതികരണം നിമിത്തം കുറെ അനുഭവകഥനങ്ങള്‍ ഖണ്ഡശ്ശയായി മലയാളം വാരികയില്‍ വന്നു. താമസിയാതെ ഫേബിയന്‍ ബുക്‌സ് (നൂറനാട്) അത് പുസ്തകമാക്കി.ബഹുജനപ്രീതിയോ ക്രിട്ടിക്കല്‍ അക്ലെയിമോ എന്റെ 'ഷാഹിദ് നാമ'ക്കോ 'പുഴയൊഴുകും വഴി'ക്കോ ഉണ്ടായില്ല. എങ്കിലും ഉള്ളു തണുപ്പിച്ച രണ്ട് സാക്ഷാല്‍ക്കാരങ്ങളാണവ. സാറിനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. നിരവധി പേര്‍ക്ക് സാര്‍ ഇങ്ങനെ എഴുത്തിനുള്ള പിന്‍ബലമായിട്ടുണ്ടാവണം. എഴുത്തുകാരന്‍ കൂടിയായ ആ വലിയ പത്രാധിപരെ, വലിയ മനുഷ്യനെ ആദരവോടെ ഓര്‍ക്കുന്നു. ഓരോരുത്തരും കടന്നുപോവുമ്പോള്‍ ഓരോ കാലം കഴിയുകയാണ് എന്നു തോന്നാറുണ്ട്. വലിയ മനുഷ്യര്‍, കര്‍മ്മകുശലരും പ്രതിഭാധനരുമായവര്‍ മറയുമ്പോള്‍ ഏതോ ഒക്കെ വലിയ കാലങ്ങളും മറയുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates