എ.കെ. ആന്റണിക്ക് ബി.ജെ.പിയയുമായി ബന്ധമില്ലെന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക?

പത്തനംതിട്ട നഗരസഭാ അധ്യക്ഷയിരുന്ന അജീബ എം.സാഹിബ് സംസാരിക്കുന്നു
എ.കെ. ആന്റണിക്ക് ബി.ജെ.പിയയുമായി ബന്ധമില്ലെന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക?
Updated on
13 min read

ത്തനംതിട്ട നഗരസഭാ അധ്യക്ഷയായിരുന്നു അജീബ എം. സാഹിബ്. കാലം 2000-2005. എ.കെ. ആന്റണിയുടേയും കെ. കരുണാകരന്റേയും ഉമ്മന്‍ ചാണ്ടിയുടേയും പ്രതാപകാലം. നൂറ് എം.എല്‍.എമാരുമായി അധികാരത്തില്‍ വന്ന 2001-ലെ എ.കെ. ആന്റണി സര്‍ക്കാരിന് തുടക്കത്തില്‍ ഗംഭീര പിന്തുണ നല്‍കിയ കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള കെ.പി.സി.സിയില്‍ സെക്രട്ടറി. ഗ്രൂപ്പ് പോരിന്റെ പകയും മൂര്‍ച്ചയും, ഡി.ഐ.സി രൂപീകരണം, കെ. കരുണാകരന്റേയും കെ. മുരളീധരന്റേയും പതനവും മുരളീധരന്റെ തിരിച്ചുവരവും, 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ കനത്ത തോല്‍വി, മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് എ.കെ. ആന്റണിയുടെ ഇറക്കം തുടങ്ങിയതൊക്കെ അടുത്തുനിന്ന കണ്ടവരിലൊരാള്‍. കോണ്‍ഗ്രസ് വിട്ടുപോയ ചെറുതും വലുതുമായ എല്ലാ നേതാക്കളും പലപ്പോഴായി തിരിച്ചെത്തി. സ്ഥാനങ്ങള്‍ നേടിയവരുണ്ട്, നേടാത്തവരുണ്ട്. വീണുപോയവരും രക്ഷപ്പെട്ടവരുമുണ്ട്. പക്ഷേ, സ്വാതന്ത്ര്യ സമര സേനാനിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പിതാവ് കെ. മീരാസാഹിബിന്റെ സാന്നിധ്യത്തില്‍ കരുണാകരന്‍ കെ.എസ്.യു ആക്കിയ, 20 വയസ്സില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗമായ, സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന കാലത്തിനും മുന്‍പേ കൈക്കുഞ്ഞുമായി നഗരസഭയില്‍ എത്തി അധ്യക്ഷയുടെ ചുമതലകള്‍ നിര്‍വ്വഹിച്ച അജീബ എം. സാഹിബ് ഇടക്കാലത്ത് എങ്ങോട്ടു പോയി? തിരിച്ചുവന്നപ്പോള്‍ എന്തൊക്കയാണ് അവര്‍ കണ്ടതും കേട്ടതും.

Q

രാഷ്ട്രീയ ജീവിതത്തിന് എന്താണ് സംഭവിച്ചത്? എങ്ങോട്ടാണ് മാറിനിന്നത്?

A

കെ.എസ്.യു മുതല്‍ ഞാന്‍ ലീഡര്‍ കെ. കരുണാകരനൊപ്പമാണ്. ഡി.ഐ.സി ഉണ്ടായപ്പോള്‍ അതിന്റെ ഭാഗമായി. പത്തനംതിട്ട നഗരസഭാധ്യക്ഷ എന്ന നിലയിലുള്ള കാലാവധി കഴിഞ്ഞതും ആ സമയത്താണ്. 2010 വരെ ഡി.ഐ.സിയിലുള്ളവര്‍ സജീവമായിരുന്നു. ഡി.ഐ.സി പിന്നീട് എന്‍.സി.പിയില്‍ ലയിച്ചപ്പോഴും അങ്ങോട്ടു പോയി. മഹിളാ വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. 2010 ഡിസംബറില്‍ ലീഡര്‍ മരിച്ചതോടുകൂടി ഗ്രൂപ്പ് പ്രവര്‍ത്തനം ഞാന്‍ അവസാനിപ്പിച്ചു. ലീഡര്‍ ഡി.ഐ.സി വിട്ട് കോണ്‍ഗ്രസ്സിലേക്കു തിരിച്ചുവന്നപ്പോള്‍ വരാതിരുന്നതിനു കാരണം, കെ. മുരളീധരന്‍ സ്വന്തമായി തീരുമാനമെടുത്ത് പോയി രൂപീകരിച്ചതായിരുന്നില്ല ഡി.ഐ.സി. എന്തു തീരുമാനമെടുക്കണം എന്ന് അപ്പോള്‍ ഞാന്‍ എന്റെ പിതാവിനോടു ചോദിച്ചു: ''നമ്മള്‍ എല്ലാവരും കൂടി ചേര്‍ന്നിട്ടാണ് കെ.പി.സി.സി പ്രസിഡന്റായിരുന്ന കെ. മുരളീധരനെ റോഡിലിറക്കിയത്. വിശ്വാസവഞ്ചന കാണിക്കുന്നവര്‍ എന്നില്‍പ്പെട്ടവനല്ല'', എന്നായിരുന്നു മറുപടി. അപ്പോള്‍പ്പിന്നെ ലീഡര്‍ തിരിച്ചുപോയതോ എന്നു ചോദിച്ചപ്പോള്‍, ''ലീഡര്‍ ചെയ്ത തെറ്റ് ഞാന്‍ ആവര്‍ത്തിക്കണമെന്നില്ലല്ലോ; അതുകൊണ്ട് നീ എന്‍.സി.പിയില്‍ മുരളിയോടൊപ്പം നിന്നാല്‍ മതി'' എന്നു പറഞ്ഞു. പിതാവ് 2009-ല്‍ മരിക്കുന്നതുവരെ മുരളീധരനോടൊപ്പമായിരുന്നു.

2011 ഏപ്രില്‍ മാസം മുതല്‍ ചില ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഞാന്‍ ചികിത്സയിലായി. നാലു വര്‍ഷത്തിലധികം മാറിനില്‍ക്കേണ്ടിവന്നു. അതുകഴിഞ്ഞ് 2016-ല്‍ നിയമസഭാ തെരഞ്ഞെടുപ്പുകാലത്താണ് തിരിച്ചുവരുന്നത്. നേരെവന്ന് കെ. ശിവദാസന്‍ നായരുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമാവുകയാണ് ചെയ്തത്.

Q

കെ. മുരളീധരന്റെ തോല്‍വി, പത്മജാ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനം, എ.കെ. ആന്റണി മിക്കവാറും രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുന്നു. കെ. കരുണാകരനും ഉമ്മന്‍ ചാണ്ടിയുമുള്‍പ്പെടെ ജീവിച്ചിരിക്കുന്നില്ല. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഡി.ഐ.സി രൂപീകരണത്തിന്റെ അന്നത്തെ പശ്ചാത്തലം എങ്ങനെ ഓര്‍ക്കുന്നു?

A

അന്ന് ആ പാര്‍ട്ടി ഉണ്ടാകാന്‍ പല കാരണങ്ങളുണ്ടായിരുന്നു. അതില്‍ ഏറ്റവും പ്രധാനം ലീഡറുടെ വീട്ടിനകത്തുതന്നെ പ്രശ്‌നമുണ്ടാക്കി അച്ഛനേയും മകനേയും തമ്മില്‍ തെറ്റിച്ചതാണ്. അതുവരെ കെ.പി.സി.സിയും ഭരണവും നന്നായി പൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു. കെ.പി.സി.സി പ്രസിഡന്റ് ഇത്രയും പിന്തുണ കൊടുത്തിട്ടുള്ള ഒരു ഭരണം ഇതിനുമുന്‍പ് കേരളത്തിലെ കോണ്‍ഗ്രസ് കണ്ടിട്ടുണ്ടാകില്ല. അവിടെ പ്രശ്‌നങ്ങളുണ്ടാക്കി പാര്‍ട്ടിയെ രണ്ടാക്കുക എന്നത് യഥാര്‍ത്ഥത്തില്‍ എ ഗ്രൂപ്പിന്റെ അജന്‍ഡയായിരുന്നു. അതായത്, മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ വായില്‍നിന്നു വീണ ഒരു കാര്യമാണ് ഡി.ഐ.സി ഉണ്ടാകാന്‍ കാരണമെന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു. ആന്റണിക്കുശേഷം ആരായിരിക്കും കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി എന്ന ഒരു അഭിമുഖത്തിലെ ചോദ്യത്തിന് കെ. മുരളീധരന്‍ എന്നു ധ്വനിപ്പിക്കുന്നവിധം അദ്ദേഹം മറുപടി പറഞ്ഞു. അദ്ദേഹം പറഞ്ഞതാണ് അത്. അടുത്ത മുഖ്യമന്ത്രിയാകാന്‍ കുപ്പായം തയ്ച്ചിട്ടിരുന്ന പലരുമുണ്ടായിരുന്നു. അതില്‍ ഏറ്റവും പ്രധാനി ഉമ്മന്‍ ചാണ്ടി തന്നെയായിരുന്നു. കെ. മുരളീധരന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായാല്‍ പിന്നെ ഒ.സിക്ക് അവസരമില്ല. കെ. മുരളീധരന്‍ ഐ ഗ്രൂപ്പുകാര്‍ പറയുന്നത് കേള്‍ക്കുന്നില്ല, എ.കെ. ആന്റണി പറയുന്നത് മാത്രമേ കേള്‍ക്കുന്നുള്ളൂ എന്നു ലീഡറോട് ഐ ഗ്രൂപ്പിലെ എം.എല്‍.എമാരെക്കൊണ്ട് നിരന്തരം പറയിക്കാനും ചില ആളുകളുണ്ടായിരുന്നു. ലീഡര്‍ക്ക് എ.കെ. ആന്റണിയോടും ആന്റണിക്ക് തിരിച്ചും ഉണ്ടായിരുന്ന മാനസികാവസ്ഥ അറിയാമല്ലോ. സ്വാഭാവികമായും ഇത് ലീഡറെ ചൊടിപ്പിച്ചു. കാരണം, അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്നവരെ എന്നും സംരക്ഷിക്കുന്ന നിലപാടെ അദ്ദേഹം സ്വീകരിച്ചിട്ടുള്ളൂ. ആ ഒരു പ്രശ്‌നം വളര്‍ത്തി വലുതാക്കിയതില്‍ പത്മജ വേണുഗോപാലിന്റെ റോളും വളരെ വലുതായിരുന്നു. അങ്ങനെയാണ് ഡി.ഐ.സി ഉണ്ടായത്.

മുരളീധരന്‍ ശക്തനായാല്‍ ഇവിടെ പലരുടേയും പ്ലാനുകള്‍ പൊളിയും. അതുകൊണ്ട് തോല്‍പ്പിക്കാന്‍ എ ഗ്രൂപ്പ് മാത്രമല്ല, ഐ ഗ്രൂപ്പിലെ ചില ആള്‍ക്കാരും കളിച്ചിട്ടുണ്ട്. അന്ന് മൂന്നാം ഗ്രൂപ്പും നാലാം ഗ്രൂപ്പുമൊക്കെയുണ്ട്. ഇപ്പോഴാണല്ലോ അതൊന്നും ഇല്ലാത്തത്.
Q

പത്മജ വേണുഗോപാലിന് കെ. കരുണാകരന്റെ അന്നത്തെ രാഷ്ട്രീയ തീരുമാനങ്ങളിലുള്‍പ്പെടെ പങ്കുണ്ടായിരുന്നു എന്നാണോ?

A

വളരെ; വളരെ റോളുണ്ടായിരുന്നു. അവര്‍ക്ക് പാര്‍ട്ടി സ്ഥാനങ്ങളൊന്നുമില്ലായിരുന്നു. പക്ഷേ, ലീഡറുടെ തീരുമാനങ്ങളില്‍ പ്രധാനപ്പെട്ട പങ്കുണ്ടായിരുന്നു. പിന്നീട് അവരെ കെ.പി.സി.സി മെമ്പറാക്കി, കെ.ടി.ഡി.സി ചെയര്‍പേഴ്സണായി. ഇതിനൊക്കെ കെ. മുരളീധരന്‍ എതിരുമായിരുന്നു. അത് പകല്‍പോലെ സത്യമാണ്. ഡി.ഐ.സി ഉണ്ടാകുന്ന ആ ഒരു സാഹചര്യം ഒഴിവാക്കാമായിരുന്നു, പാര്‍ട്ടിക്ക്. പക്ഷേ, അതുണ്ടായില്ല. സോണിയാ ഗാന്ധി ഒന്നു സംസാരിക്കുകയോ അല്ലെങ്കില്‍ കെ. കരുണാകരനെ ഒന്നു കേള്‍ക്കാനോ അന്നു സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ ഡി.ഐ.സി ഉണ്ടാകില്ലായിരുന്നു.

പിന്നെ, പത്മജയുടെ പങ്കും. ലീഡറും കെ. മുരളീധരനും തമ്മിലുള്ള സംസാരങ്ങള്‍പോലും ആ സമയങ്ങളില്‍ ഒഴിവാക്കപ്പെട്ടിരുന്നു. എം.എല്‍.എമാരാണെങ്കില്‍പ്പോലും എല്ലാവര്‍ക്കും എപ്പോഴും പോയി ലീഡറെ കാണാന്‍ പറ്റില്ല. അവരൊക്ക സംസാരിച്ചുകൊണ്ടിരുന്നത് പത്മജയോടായിരുന്നു. പത്മജ ഫീഡ് ചെയ്തുകൊടുക്കുന്ന കാര്യങ്ങള്‍ മാത്രമേ ലീഡര്‍ അറിയുന്നുണ്ടായിരുന്നുള്ളൂ. ഒരു യഥാര്‍ത്ഥ ചിത്രം പരിപൂര്‍ണ്ണമായി ലീഡര്‍ക്ക് മനസ്സിലാക്കാന്‍ പറ്റിയില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടിയാണ് കെ.പി.സി.സി പ്രസിഡന്റായിരുന്ന കെ. മുരളീധരനെ പിടിച്ച് വൈദ്യുതിമന്ത്രിയാക്കിയത്. അന്ന് ഞാന്‍ കെ.പി.സി.സി ഭാരവാഹിയാണ്. തൃശൂരിലെ പ്രഖ്യാപന സമ്മേളനത്തിനു മുന്‍പ് തിരുവനന്തപുരത്ത് ടാഗോര്‍ ഹാളില്‍ നടന്ന, ഡി.ഐ.സി യോഗത്തില്‍ മുരളീധരന്‍ പങ്കെടുത്തില്ല. ഒന്നുകില്‍ 'യെസ്' എന്നോ അല്ലെങ്കില്‍ 'നോ' എന്നോ പറയണമെന്ന് ഞാന്‍ അന്ന് അദ്ദേഹത്തോട് പറഞ്ഞു. സ്വന്തം പിതാവാണ് അപ്പുറത്ത്. പിതാവിനെതിരെ പ്രവര്‍ത്തിച്ച മകന്‍ എന്ന പേര് നാളെ വരും. അല്ലാ എന്നുണ്ടെങ്കില്‍ നില്‍ക്കുന്ന പാര്‍ട്ടിയില്‍ ഞാന്‍ അടിയുറച്ചു നില്‍ക്കുന്നു എന്ന പ്രഖ്യാപനം നടത്തണം. ആലോചിച്ചു ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞു. അന്ന് എന്റെ പ്രായക്കുറവും അദ്ദേഹത്തേക്കാള്‍ അനുഭവങ്ങള്‍ കുറഞ്ഞ ആള്‍ എന്നതുമൊക്കെ ആലോചിട്ടുണ്ടാകണം. പക്ഷേ, ഞാന്‍ അന്നു പറഞ്ഞത് ശരിയായിരുന്നുവെന്ന് പിന്നീട് അദ്ദേഹത്തിനു ബോധ്യപ്പെട്ടിട്ടുണ്ട്.

അന്ന് കെ. മുരളീധരനെ കെ.പി.സി.സി പ്രസിഡന്റു സ്ഥാനത്തുനിന്നു മാറ്റി മന്ത്രിയാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി ചരടുവലിച്ച പലരുമുണ്ട്. അങ്ങനെ നിര്‍ബ്ബന്ധിച്ചാണ് മന്ത്രിയാകുന്നതും വടക്കാഞ്ചേരിയില്‍ മത്സരിപ്പിക്കുന്നതും. അവിടെ തോല്‍പ്പിച്ചതിനു പിന്നിലും എ ഗ്രൂപ്പുകാരാണ്. വി. ബല്‍റാമിനെ രാജിവയ്പിച്ച് കെ. മുരളീധരനെ നിര്‍ത്തി തോല്‍പ്പിച്ചതിലൂടെ ആ സീറ്റ് കോണ്‍ഗ്രസ്സിനു നഷ്ടപ്പെടുത്തുകയാണല്ലോ ചെയ്തത്. ബാലേട്ടന്‍ (വി. ബല്‍റാം) ലീഡര്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ആളാണ്; ലീഡര്‍ പറഞ്ഞു, അദ്ദേഹം രാജിവച്ചു. അതൊക്ക ശരി. അവിടെ മുരളീധരന്‍ ജയിച്ചുവന്നാല്‍ വീണ്ടും ശക്തനാവുകയാണ്. മുരളീധരന്‍ ശക്തനായാല്‍ ഇവിടെ പലരുടേയും പ്ലാനുകള്‍ പൊളിയും. അതുകൊണ്ട് തോല്‍പ്പിക്കാന്‍ എ ഗ്രൂപ്പ് മാത്രമല്ല, ഐ ഗ്രൂപ്പിലെ ചില ആള്‍ക്കാരും കളിച്ചിട്ടുണ്ട്. അന്ന് മൂന്നാം ഗ്രൂപ്പും നാലാം ഗ്രൂപ്പുമൊക്കെയുണ്ട്. ഇപ്പോഴാണല്ലോ അതൊന്നും ഇല്ലാത്തത്. പത്മജയുടെ റോള്‍ മുഴുവനായി പറഞ്ഞില്ല. അവര്‍ ചെയ്തത്, ഇവരെ തെറ്റിക്കുക എന്നതായിരുന്നു; അച്ഛനേയും മകനേയും തമ്മില്‍. കൂടെനിന്ന എം.എല്‍.എമാരെ അപ്പുറത്തു കൊണ്ടുപോകാന്‍ ഏറ്റവുമധികം സഹായിച്ചതും പത്മജയായിരുന്നു. അതിനുള്ള പാരിതോഷികങ്ങള്‍ അവര്‍ക്ക് നിറയെ കിട്ടിയിട്ടുണ്ട്. രണ്ടുമൂന്നു പ്രാവശ്യം മത്സരിക്കാന്‍ സീറ്റു കൊടുത്തു. പത്മജയ്ക്ക് അതിനുള്ള യോഗ്യത എന്താ?

ഈ കിട്ടിയതെല്ലാം അവര്‍ക്കു ചുമ്മാ കിട്ടിയ ഗിഫ്റ്റാണ്. ആ ആനുകൂല്യം വാങ്ങിച്ചു വച്ചുകൊണ്ടാണ് അവര്‍ ഇന്ന് ബി.ജെ.പിയിലേക്ക് കൂറ് മാറിയിരിക്കുന്നത്. അവര്‍ പോയാല്‍ കോണ്‍ഗ്രസ്സിനൊന്നും സംഭവിക്കുന്നില്ല. എങ്കിലും കെ. കരുണാകരന്‍ എന്ന വലിയ മനുഷ്യന്റെ പേരിനു വലിയ ദോഷം ഉണ്ടായിട്ടുണ്ട് അവരുടെ തീരുമാനം വഴി. ഐ ഗ്രൂപ്പിന്റെ അനന്തരാവകാശി എന്റെ മകന്‍ മുരളീധരനാണ് എന്നാണ് ലീഡര്‍ അവസാനകാലത്ത് പറഞ്ഞത്. ഐ ഗ്രൂപ്പ് നേതാക്കളേയും അണികളേയും തന്നോടൊപ്പമാക്കിക്കൊണ്ട് പാര്‍ട്ടിക്കകത്ത് ഒരു സേഫ് സോണ്‍ ഉണ്ടാക്കാനാണ് പത്മജ ശ്രമിച്ചത്. പക്ഷേ, മുരളീധരന്‍ ഗ്രൂപ്പ് പ്രവര്‍ത്തനം അവിടെ അവസാനിപ്പിച്ചു. മുരളീധരന് അംഗത്വം കൊടുക്കാതെ കുറേക്കാലം പുറത്തു നിര്‍ത്തി പരാവധി നാണം കെടുത്തിയിട്ട് ഒടുവില്‍ തിരിച്ചെടുത്തപ്പോള്‍ അദ്ദേഹത്തിന്റെ ഒപ്പമുള്ളവരെ കൂട്ടാതെ മുരളീധരനെ മാത്രമായി എടുത്തത് വലിയ കൗശലമായിരുന്നു. മുരളീധരനേയും ഒപ്പമുള്ളവരേയും കൂടി ഒരു ലയനസമ്മേളനം നടത്തി തിരിച്ചെടുത്തിരുന്നെങ്കില്‍ ഇന്നും ഈ പാര്‍ട്ടിക്കുള്ളില്‍ അപ്രമാദിത്വം ഐ ഗ്രൂപ്പിനും മുരളീധരനുമായിരുന്നേനെ. അത് ഒഴിവാക്കാനാണ് ഒരു നിയമസഭാ സീറ്റ് കൊടുത്ത് ഒറ്റയ്ക്കു തിരിച്ചെടുത്തത്. അതിനു കൂട്ടുനിന്നവരായിരുന്നു പ്രവീണ്‍കുമാറും കെ.പി. കുഞ്ഞിക്കണ്ണനും. ഒന്നുമല്ലാതിരുന്ന പ്രവീണ്‍കുമാര്‍ ഇവരുടെയൊക്കെ ഗുഡ് ബുക്കില്‍ വന്നിട്ട് കെ.പി.സി.സി സെക്രട്ടറിയാകുന്നു, പിന്നീട് ജനറല്‍ സെക്രട്ടറിയാക്കുന്നു, മത്സരിക്കാന്‍ രണ്ടു തവണ അവസരം കിട്ടുന്നു, ഇപ്പോള്‍ കോഴിക്കോട് ഡി.സി.സി പ്രസിഡന്റാണ്. കെ. മുരളീധരനെ ഉച്ചിതൊട്ട് ഉള്ളങ്കാല്‍ വരെ വിറ്റതിന്റെ പ്രതിഫലമാണ് ആ കിട്ടിയത്. അന്ന് പ്രവീണ്‍ പറയുന്നത് മാത്രമേ മുരളീധരനു കേള്‍ക്കാന്‍ പറ്റത്തുള്ളൂ. പ്രവീണാണ് മുരളീധരനെ നയിച്ചുകൊണ്ടുപോയത്. മുരളീധരനൊപ്പം നിന്ന പ്രവര്‍ത്തകരെല്ലാം പറഞ്ഞത് ഇങ്ങനെയൊരു തീരുമാനത്തിലേക്കു പോകണ്ട എന്നാണ്. അദ്ദേഹത്തിനെങ്കിലും പാര്‍ട്ടിയില്‍ പ്രവേശിക്കാന്‍ അവസരം കിട്ടട്ടെ എന്നു കരുതിയാണ് പിന്നീട് ഞങ്ങളെല്ലാം കോംപ്രമൈസ് ചെയ്തത്.

പത്മജ, കെ.കരുണാകരന്‍, കെ.മുരളീധരന്‍
പത്മജ, കെ.കരുണാകരന്‍, കെ.മുരളീധരന്‍
Q

കോണ്‍ഗ്രസ് പ്രവര്‍ത്തനം തുടങ്ങിയത് എത്രാമത്തെ വയസ്സിലാണ്. എങ്ങനെയായിരുന്നു തുടക്കം?

A

വീട്ടില്‍ എപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ടാകും. കുട്ടിക്കാലം മുതല്‍ അതു കണ്ടാണ് വളര്‍ന്നത്. ഒരുകാലത്തെ പ്രമുഖ നേതാക്കളെല്ലാം വീട്ടില്‍ വന്നിട്ടുണ്ട്. അത്രയും മുതിര്‍ന്ന നേതാവായിരുന്നു എന്റെ പിതാവ് കെ. മീരാസാഹിബ്. അവിഭക്ത കൊല്ലം-പത്തനംതിട്ട ജില്ലയില്‍ ഡി.സി.സി വൈസ് പ്രസിഡന്റും എ.ഐ.സി.സി അംഗവും കെ.പി.സി.സി അംഗവുമായിരുന്നു. അമ്മാ സാലിയത്ത് ബീവി മഹിളാ കോണ്‍ഗ്രസ് നേതാവായിരുന്നു. അഞ്ചു മക്കളില്‍ മൂന്നാമത്തെ ആളായിരുന്നു ഞാന്‍. അത്താ എവിടെപ്പോയാലും കൂടെ പോകും. അങ്ങനെ കുട്ടിക്കാലം മുതല്‍ തന്നെ ഈ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടായി. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ അത്താ കുറച്ച് ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകരുമായി ലീഡറെ കാണാന്‍ പോയ കൂട്ടത്തില്‍ ഞാനും പോയി. ലീഡര്‍ വളരെ വാത്സല്യത്തോടെയാണ് പെരുമാറിയത്. എന്താ വേണ്ടത് എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ എനിക്ക് കോണ്‍ഗ്രസ്സാകണം എന്നു പറഞ്ഞു. ലീഡര്‍ ചിരിച്ചുകൊണ്ട് സന്തോഷത്തോടെ എന്റെ കൈപിടിച്ച് പറഞ്ഞു, നിന്നെ ഞാന്‍ കെ.എസ്.യു ആക്കിയിരിക്കുന്നു. ഇതാണ് എനിക്ക് ലീഡറുമായുള്ള ബന്ധത്തിന്റെ തുടക്കവും കോണ്‍ഗ്രസ്സിലേക്കു വരാനുള്ള പ്രേരണയും. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ ലേഡി റെപ് ആയി. പിന്നീടിങ്ങോട്ട് സജീവമായി. കെ.എസ്.യു ജില്ലാ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു മുസ്ലിം പെണ്‍കുട്ടി 20 വയസ്സില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗമായത്. പിന്നീട് 2000-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നഗരസഭയിലേക്കു മത്സരിച്ച് ജയിച്ച് ചെയര്‍പേഴ്സണായി, കെ.പി.സി.സി സെക്രട്ടറിയായി. ഡി.ഐ.സി സംസ്ഥാന സെക്രട്ടറി ആയിരുന്നു.

മീരസാഹിബ്
മീരസാഹിബ്
Q

ചികിത്സയ്ക്കുവേണ്ടി സജീവ പ്രവര്‍ത്തനത്തില്‍നിന്നു മാറിനിന്നത് ശരിയായി മനസ്സിലാക്കി പരിഗണിക്കേണ്ടതല്ലേ. നേതൃത്വത്തിന് അക്കാര്യത്തില്‍ മടിയുണ്ടാകാന്‍ കാരണമെന്താണ്?

A

നാലു വര്‍ഷം ഞാന്‍ ചികിത്സയിലായിരുന്നുവെന്ന് എല്ലാ നേതാക്കള്‍ക്കും അറിയാം. പല നേതാക്കന്മാരും പലപ്പോഴും എന്നെ കണ്ടിട്ടുമുണ്ട്. പിന്നീടു വന്ന നാല് കെ.പി.സി.സി പ്രസിഡന്റുമാരോടും - രമേശ് ചെന്നിത്തല, വി.എം. സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എം. ഹസന്‍- ഞാന്‍ സംസാരിച്ചതാണ്: ചികിത്സയിലായിരുന്നുവെന്ന് അറിയാമല്ലോ, ഇങ്ങനെയൊരു ഗ്യാപ്പ് വന്നു, തിരിച്ച് പാര്‍ട്ടിയില്‍ സ്പെയ്സ് വേണം. ഈ നാലു പേരും പറഞ്ഞത്, നിങ്ങള്‍ കെ. മുരളീധരന്റെ ഗ്രൂപ്പാണെന്നും അതുകൊണ്ട് മുരളീധരനോടു സംസാരിക്കാനുമാണ്. ഞാന്‍ പറഞ്ഞല്ലോ, ലീഡര്‍ മരിക്കുമ്പോള്‍ ഗ്രൂപ്പ് പ്രവര്‍ത്തനം നിര്‍ത്തിയതാണ്. മറ്റൊന്ന്, മുരളീധരന്‍ ഗ്രൂപ്പ് എന്നൊരു ഗ്രൂപ്പ് കോണ്‍ഗ്രസ്സില്‍ ഇല്ല. ഇല്ലാത്ത ഒരു ഗ്രൂപ്പിന്റെ ഭാഗമാണ് എന്നു പറഞ്ഞു നിര്‍ത്തുന്നതിനു പിന്നില്‍ മറ്റെന്തോ കാര്യമുണ്ട്. അത്രയും മനസ്സിലാക്കാന്‍ പറ്റാത്ത ബുദ്ധിശൂന്യത എനിക്കില്ലല്ലോ. പിന്നെ നോക്കുമ്പോള്‍ പല ഇടത്തുമായി മുസ്ലിം സമുദായത്തിനെ അവഹേളിച്ചു മാറ്റിനിര്‍ത്തുന്ന എന്ന തോന്നല്‍ ഉണ്ടാവുകയും ചെയ്തു. എന്നെ ആവശ്യമില്ലാത്ത പാര്‍ട്ടിയെ എനിക്കെന്തിനാണ് എന്നൊരു ചിന്ത വന്നു.

ദുരനുഭവങ്ങളെ എങ്ങനെയാണ് നേരിട്ടത്?

അങ്ങനെ വരുമ്പോഴും ഒരു രാഷ്ട്രീയക്കാരി എന്ന നിലയില്‍ മാറിനില്‍ക്കാന്‍ എന്നെക്കൊണ്ട് പറ്റുന്നില്ലായിരുന്നു. കെ.സി. വേണുഗോപാല്‍ എന്റെ കെ.എസ്.യുവിന്റേയും യൂത്ത് കോണ്‍ഗ്രസ്സിന്റേയും പ്രസിഡന്റായിരുന്നു. അദ്ദേഹം കെ.എസ്.യു പ്രസിഡന്റായിരിക്കുമ്പോള്‍ ഞാന്‍ ജില്ലാ സെക്രട്ടറി; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗമാകുമ്പോള്‍ സംസ്ഥാന പ്രസിഡന്റ് കെ.സി. വേണുഗോപാലായിരുന്നു. ഈ അടുത്തയിടെ കെ.പി.സി.സി പുനഃസംഘടന വന്നപ്പോള്‍ ഞാന്‍ കെ.സി. വേണുഗോപാലിനെ കണ്ടു. അദ്ദേഹം ബയോഡാറ്റ കൊടുക്കാന്‍ പറഞ്ഞു. 2018 മുതല്‍ ഞാന്‍ ഇവരോടൊക്കെ സംസാരിക്കുന്നുണ്ട്. ഒരിക്കല്‍ എ.ഐ.സി.സി ആസ്ഥാനത്തു വെച്ച് പി.സി. ചാക്കോയെ കണ്ടു. കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം അവിടെനിന്ന് എം.എം. ഹസനെ വിളിച്ചു. എന്താണ് കെ.പി.സി.സി മെമ്പറായിട്ടുപോലും അജീബയെ ഉള്‍പ്പെടുത്താത്തത് എന്നു ചോദിച്ചപ്പോള്‍ ഹസന്റെ മറുപടി, അവര്‍ കെ. മുരളീധരനോടൊപ്പമാണ് എന്നായിരുന്നു. അങ്ങനെയൊരു ഗ്രൂപ്പില്ലല്ലോ എന്ന് പി.സി. ചാക്കോ പറഞ്ഞു. അഥവാ അങ്ങനെയാണെങ്കില്‍പ്പോലും അവര്‍ക്ക് അര്‍ഹിക്കുന്ന സ്പെയ്സ് കൊടുക്കണ്ടേ. അതു നമുക്ക് പിന്നീട് സംസാരിക്കാം എന്നു പറഞ്ഞ് എം.എം. ഹസന്‍ ഫോണ്‍ കട്ടു ചെയ്യുകയായിരുന്നു. ഇനി എനിക്കുവേണ്ടി പറയേണ്ട എന്നു ഞാന്‍ പി.സി. ചാക്കോയോടു പറഞ്ഞു. കാരണം, എനിക്കു തന്നെ ഇതൊരു മോശമാണെന്നു തോന്നി. അതുകഴിഞ്ഞ് മുകുള്‍ വാസ്നിക്കിന് കേരളത്തിന്റെ ചുമതലയുള്ളപ്പോള്‍ അദ്ദേഹത്തെ ഡല്‍ഹിയില്‍ വച്ചു കണ്ടു. എന്റെ മുന്‍പില്‍ വെച്ചുതന്നെ അദ്ദേഹം പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജിനെ വിളിച്ചു. നിങ്ങള്‍ ഇങ്ങനെ ഒരാളിനെ മീറ്റിങ്ങുകള്‍ക്കു വിളിക്കാറില്ല, അറിയിക്കാറില്ല; എന്തുകൊണ്ടാണ് എന്നു ചോദിച്ചു. മുന്‍പത്തെ ഡി.സി.സി പ്രസിഡന്റ് വിളിച്ചതായി ബുക്കുകളിലൊന്നും കണ്ടിട്ടില്ല എന്നായിരുന്നു വിശദീകരണം. പി. മോഹന്‍രാജ് ആണ് തൊട്ടുമുമ്പത്തെ ഡി.സി.സി പ്രസിഡന്റ്. അദ്ദേഹം ഒരിക്കലും എന്നെ വിളിക്കില്ല. കാരണം, പാര്‍ട്ടിക്കുവേണ്ടിയല്ല, അദ്ദേഹത്തിനുവേണ്ടി ഉണ്ടാക്കുന്ന ഒരു കോക്കസ് ആയിട്ടാണ് പോകുന്നത്. 2002-ല്‍ എനിക്കെതിരെ അവിശ്വാസം കൊണ്ടുവരുന്നത് ഇദ്ദേഹത്തിന്റെ ആളുകളായ ഡി.സി.സി വൈസ് പ്രസിഡന്റിന്റേയും ജനറല്‍ സെക്രട്ടറിയുടേയും നേതൃത്വത്തിലാണ്. ഇവരാണ് സി.പി.എമ്മുമായി ചേര്‍ന്ന് കോണ്‍ഗ്രസ്സിന്റെ നാല് കൗണ്‍സിലര്‍മാരെ സപ്ലൈ ചെയ്ത് എനിക്കെതിരെ അവിശ്വാസം കൊണ്ടുവരുന്നത്. അതിനു മുന്‍പ് ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിച്ചപ്പോഴും ഇവര്‍ എനിക്കെതിരായിരുന്നു. അന്ന് അവരുണ്ടാക്കിയ ഒരു ടാഗ് ഉണ്ട്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ കെ.എസ്.യു-എസ്.എഫ്.ഐ സംഘട്ടനത്തില്‍ എസ്.എഫ്.ഐയുടെ സി.വി. ജോസ് കൊല്ലപ്പെട്ടു. പിന്നീട് എന്റെ ഭര്‍ത്താവായ അന്നത്തെ കെ.എസ്.യു നേതാവ് എ. അബ്ദുല്‍ ഖാദര്‍ ആ കേസില്‍ ഒന്നാം പ്രതിയായി. പത്തനംതിട്ട ജില്ലാ കൗണ്‍സില്‍ ഡിവിഷന്റെ ഭൂരിഭാഗം പ്രദേശങ്ങളും ക്രിസ്ത്യന്‍ സമുദായത്തിനു ഭൂരിപക്ഷമുള്ളതാണ്. സി.വി. ജോസിനെ കൊന്ന ആളുടെ ഭാര്യ എന്നൊരു ടാഗ് അവിടെ ഇവര്‍ വ്യാപകമായി പ്രചരിപ്പിച്ചു. ഏതു കാര്യം വന്നാലും ഈയൊരു ടാഗ് ഉപയോഗിക്കാന്‍ തുടങ്ങി, പല ഇടങ്ങളിലായിട്ട്. അത് കോളേജില്‍ നടന്ന ഒരു പ്രശ്‌നമാണ്. ആ സമയത്ത് ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയല്ല; എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ്. എവിടെ എങ്ങനെ എന്നെ ടാര്‍ജറ്റ് ചെയ്യാന്‍ പറ്റും എന്നു നോക്കി ചെയ്യുന്നതാണ്. ഇതു തന്നെയാണ് രമേശ് ചെന്നിത്തലയില്‍ക്കൂടി അവര്‍ ഉണ്ടാക്കിയെടുത്തതും. എന്റെ ഭര്‍ത്താവ് ഇപ്പോഴും ഈ അവസ്ഥയില്‍ കിടക്കുന്നത് കെ.എസ്.യു പ്രവര്‍ത്തകനായിരിക്കെ തലയ്ക്ക് കമ്പി വടിക്ക് അടി കിട്ടിയതിന്റെ പ്രത്യാഘാതമാണ്. അതാണ് ഇന്നും അദ്ദേഹം അനുഭവിക്കുന്നത്. ഒരു കോണ്‍ഗ്രസ് നേതാവും തിരിഞ്ഞുനോക്കിയിട്ടില്ല.

ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ സമയത്ത് ഞാന്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റാണ്. വനിതാ ഡിവിഷനായതുകൊണ്ട് യഥാര്‍ത്ഥത്തില്‍ എന്റെ അമ്മയ്ക്കാണ് സീറ്റ് കിട്ടേണ്ടത്. അവര്‍ പക്ഷേ, മുസ്ലിം ലീഗിനെക്കൊണ്ട് ആ സീറ്റ് പിടിപ്പിച്ചു. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി വന്നു. അവര്‍ക്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. സൈക്കിള്‍ ചിഹ്നം കിട്ടിയാലേ മത്സരിക്കുകയുള്ളൂവെന്ന് അവര്‍ പറഞ്ഞു. പത്തനംതിട്ട എം.എല്‍.എ ആയിരുന്ന കെ.കെ. നായര്‍ സാറിന്റെ ചിഹ്നം എന്ന നിലയില്‍ ശ്രദ്ധ നേടിയതാണ് സൈക്കിള്‍. ഞാന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക കൊടുത്തു. ചിഹ്നം അനുവദിച്ചപ്പോള്‍ സൈക്കിള്‍ കിട്ടിയത് എനിക്കാണ്. അവര്‍ പിന്മാറി. കോണ്‍ഗ്രസ്സിനു സ്ഥാനാര്‍ത്ഥിയില്ലാതായി. അതോടെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി എന്നെ അംഗീകരിച്ചു. അന്നും കോണ്‍ഗ്രസ്സിനെ ആ നാണക്കേടില്‍നിന്നു രക്ഷിച്ചത് ഞാനാണ്. അല്ലെങ്കില്‍ കോണ്‍ഗ്രസ്സിനു സ്ഥാനാര്‍ത്ഥിയില്ല എന്നാകുമായിരുന്നു. പിന്നീട് മുനിസിപ്പല്‍ ചെയര്‍പേഴ്സണായപ്പോഴും എന്തൊക്കെ രീതിയില്‍ ബുദ്ധിമുട്ടിക്കാമോ അതൊക്കെ ചെയ്തു. അവിശ്വാസം കൊണ്ടുവന്നത് ഒരു സംഭവം മാത്രമാണ്. അവിശ്വാസം കൊണ്ടുവന്നിട്ട് 29-ാം ദിവസം അതേപോലെ തിരിച്ചുവന്നു. അതും ചരിത്രമാണ്. ആ അഞ്ചു വര്‍ഷവും ഞാന്‍ തന്നെ തുടര്‍ന്നു.

രമേശ് ചെന്നിത്തല, എം.എം.ഹസന്‍, കെ.സി.വേണുഗോപാല്‍
രമേശ് ചെന്നിത്തല, എം.എം.ഹസന്‍, കെ.സി.വേണുഗോപാല്‍
Q

പാര്‍ട്ടിയിലെ ഒരു സഹപ്രവര്‍ത്തകയെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം പരമാവധി ബുദ്ധിമുട്ടിക്കാനുള്ള ശ്രമങ്ങള്‍ക്കെന്താണ് കാരണം?

A

അങ്ങനെ മോശമാക്കാനും ബുദ്ധിമുട്ടിക്കാനുമുള്ള അവസരങ്ങള്‍ പരമാവധി അവര്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു സ്ത്രീ എന്ന നിലയില്‍, ഇവര്‍ ചെയ്ത പ്രവൃത്തികള്‍ കാരണം ഈ ലോകം തന്നെ വിട്ടുപോകേണ്ടിവരുമോ എന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. മാനസികമായും കുടുംബപരമായും വ്യക്തിപരമായുമൊക്കെ. കാരണം, ഇവരൊരു കോക്കസാണ്. ഇവരുടെ പ്രവൃത്തികള്‍ക്കെതിരെ ആര് സംസാരിക്കുന്നോ അവരെ മുന്നോട്ടു പോകാന്‍ ഇവര്‍ വിടില്ല. അഭിപ്രായം എല്ലായിടത്തും തുറന്നുപറഞ്ഞ ശീലമേ എനിക്കുള്ളൂ. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയിലുള്ളപ്പോള്‍ ആദ്യ കമ്മിറ്റി യോഗം. ലീഡര്‍ ഇരിക്കുന്ന വേദിയില്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് എം.എസ്. ബിട്ട പറഞ്ഞു, അഖിലേന്ത്യാ കമ്മിറ്റി ഒരു തീരുമാനമെടുത്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് രണ്ടു കുട്ടികളില്‍ക്കൂടുതല്‍ ഉണ്ടാകാന്‍ പാടില്ല. സംസ്ഥാന പ്രസിഡന്റ് കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെ കേട്ടിരുന്നു. പക്ഷേ, അതംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നു ഞാന്‍ എണീറ്റ് പറഞ്ഞു. ഞാനൊരു അമ്മയാണ്. ആറു മാസം പ്രായമുള്ള മകനുണ്ട്. എനിക്കെന്റെ കുടുംബം വലുതാണ്. നാളെ, എനിക്ക് രണ്ടു മൂന്നു കുട്ടികള്‍ വേണമെന്ന് കുടുംബം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഞാനെന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച് കുടുംബത്തിന്റെ കൂടെ പോകണം; അല്ലെങ്കില്‍ കുടുംബത്തെ ഒഴിവാക്കി പ്രവര്‍ത്തനം നിര്‍ത്തണം. മാത്രമല്ല, ഞാനെങ്ങനെ ജീവിക്കണം എന്നുള്ളത് എന്റെ അവകാശമാണ്. അതുകൊണ്ട് ഭരണഘടന മാറ്റിയെഴുതാന്‍ ആര്‍ക്കും അധികാരമില്ല; ഞാനതിനെ അംഗീകരിക്കുന്നില്ല. നീയാണ് പുലിക്കുട്ടി എന്നു ലീഡര്‍ അതുകഴിഞ്ഞു പറഞ്ഞു. അതെനിക്കൊരു വലിയ അംഗീകാരം തന്നെയാണ്. ഞാന്‍ പറഞ്ഞുവന്നത്, എവിടെയും അഭിപ്രായം തുറന്നുപറഞ്ഞു ശീലമുള്ള എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത ഒരിടത്ത് ആരുടേയും പുറകെ നടന്ന് അതു വാങ്ങിക്കുക എന്നത് ബുദ്ധിമുട്ടാണ്. കഴിഞ്ഞ കെ.പി.സി.സി പുനഃസംഘടനയ്ക്ക് വി.ഡി. സതീശനേയും കെ. സുധാകരനേയുമൊക്കെ കണ്ടു. അവരെല്ലാം പറഞ്ഞത് അജീബയുടെ പേര് ഉണ്ടാകും എന്നാണ്. തലേ ദിവസം രാത്രി അറിയുന്നത് എന്റെ പേര് മാറ്റിയിട്ട് ആലിപ്പറ്റ ജമീലയുടെ പേര് ഉള്‍പ്പെടുത്തുന്നു എന്നാണ്. രണ്ടുമൂന്ന് നേതാക്കന്മാരെ വിളിച്ചു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് സുധാകരന്റെ തീരുമാനമാണ് എന്നാണ്. കെ.പി.സി.സി പ്രസിഡന്റിനെ വിളിച്ചിട്ട് അദ്ദേഹം ഫോണെടുത്തില്ല. ആലിപ്പറ്റി ജമീല ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു എന്നല്ലാതെ അന്നേ നാള്‍ വരെ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി അവര്‍ക്ക് യാതൊരു പുലബന്ധവുമില്ല. മുസ്ലിം സമുദായ ലേബലില്‍ എനിക്കു പകരം ആരെ പ്രസന്റ് ചെയ്യണം എന്നു ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നതുപോലെയാണ് തോന്നിയത്. എന്റെ രാഷ്ട്രീയ പാരമ്പര്യം, അനുഭവ സമ്പത്ത്, ഞാന്‍ രാഷ്ട്രീയത്തിനുവേണ്ടി ചെലവാക്കിയ സമയം, എന്റെ ജീവിതം, കുടുംബം ഇതെല്ലാം മാറ്റിനിര്‍ത്തിക്കൊണ്ട് സ്പോണ്‍സര്‍ഷിപ്പില്‍ വേറൊരാളെ കൊണ്ടുവരുന്നത് ഉള്‍ക്കൊള്ളാന്‍ മാനസികമായി എനിക്കു കഴിഞ്ഞില്ല. പിന്നീട് ഈ വിഷയത്തെക്കുറിച്ച് ആരോടും സംസാരിച്ചുമില്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍
Q

ബയോഡാറ്റ കൊടുക്കാന്‍ പറഞ്ഞ കെ.സി. വേണുഗോപാല്‍ ഹൈക്കമാന്റിന്റെ ഭാഗമാണല്ലോ. അദ്ദേഹത്തിന്റെ നിലപാടെന്തായിരുന്നു?

A

ഇതുകഴിഞ്ഞ് പിന്നീട് കെ.സി. വേണുഗോപാലിനെ കണ്ടപ്പോള്‍, പുനഃസംഘടന ഉടനെ ഉണ്ടാകുമെന്നും അതില്‍ ഉള്‍പ്പെടുത്താമെന്നുമാണ് പറഞ്ഞത്. പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും ഇതുതന്നെ പറഞ്ഞു. അതു കേട്ട് മിണ്ടാതിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ കെ.പി.സി.സി നിര്‍വ്വാഹകസമിതി അംഗങ്ങളെ പ്രഖ്യാപിക്കുന്നു. പത്തനംതിട്ട ജില്ലയില്‍ അഞ്ച് നിയമസഭാ നിയോജകമണ്ഡലങ്ങളും പത്ത് കെ.പി.സി.സി മെമ്പര്‍മാരുമുണ്ട്. ഈ പത്തു പേരില്‍ ഒരു മുസ്ലിമില്ല, സ്ത്രീ ഇല്ല. ഞാനതിനെതിരെ പ്രതികരിച്ചു. എ.ഐ.സി.സി അംഗവും കെ.പി.സി.സി അംഗവുമായിരുന്ന എന്റെ പിതാവ് ഞാന്‍ കെ.പി.സി.സി അംഗമായപ്പോള്‍ സ്ഥാനങ്ങളൊഴിഞ്ഞതാണ്. അച്ഛനും മകളും കൂടി വേണ്ട എന്നായിരുന്നു നിലപാട്. അതുകഴിഞ്ഞ് ഞാന്‍ ഭാരവാഹിയായി. എന്റെ കെ.പി.സി.സി ഭാരവാഹിത്വത്തിനു ശേഷം, അതായത് 2005-നുശേഷം ഒരൊറ്റ മുസ്ലിമിനും ജില്ലയില്‍നിന്ന് കെ.പി.സി.സിയില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. അഞ്ച് നായര്‍ സമുദായ പ്രാതിനിധ്യം, മൂന്ന് ക്രിസ്ത്യന്‍ പ്രാതിനിധ്യം, രണ്ട് ഈഴവ, ഒരു ദളിത്. രണ്ട് ഈഴവ സമുദായാംഗങ്ങള്‍ ചേട്ടനും അനിയനുമാണ്. പത്തനംതിട്ടയിലെ മുസ്ലിം സമുദായത്തെ ഇവര്‍ക്കുവേണ്ട എന്നാണെങ്കില്‍ പത്തനംതിട്ടയിലെ മുസ്ലിങ്ങളുടെ വോട്ട് ഞങ്ങള്‍ക്കു വേണ്ട എന്ന് ഇവര്‍ തുറന്നുപറയട്ടെ. അതിനു ധൈര്യമുണ്ടോ. കേരളത്തില്‍ മൊത്തത്തില്‍ നോക്കിയാലും കോണ്‍ഗ്രസ്സില്‍ മുസ്ലിം പ്രാതിനിധ്യം വളരെക്കുറവാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ പത്തനംതിട്ടയില്‍നിന്നുള്ള ആളാണ്. അദ്ദേഹത്തെ ഇന്നുവരെ പത്തനംതിട്ടയില്‍ ഒരു പരിപാടിയിലും ആരും കണ്ടിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട്ട് മത്സരിപ്പിക്കാന്‍ ശ്രമിക്കുന്നവരോട് ഒരു ചോദ്യമുണ്ട്. കെ.പി. അനില്‍ കുമാറിനെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ച് പ്രഖ്യാപിച്ച ശേഷമല്ലേ നാട്ടുകാരനല്ല എന്നു പറഞ്ഞ് അദ്ദേഹത്തെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഒഴിവാക്കിയത്. എന്നിട്ടെങ്ങനെയാണ് തലശ്ശേരിക്കാരനായ റോജി എം. ജോണ്‍ അങ്കമാലിയില്‍ വന്നു മത്സരിക്കുന്നത്. അനില്‍ കുമാറിനു പകരം വട്ടിയൂര്‍ക്കാവില്‍ നിര്‍ത്തിയ വീണ എസ്. നായര്‍ക്കെന്തു യോഗ്യതയാണുള്ളത്. കെ.പി. കുഞ്ഞിക്കണ്ണന്റെ മരുമകള്‍. എന്നിട്ട് അവര്‍ ഇപ്പോള്‍ എവിടെ? കോര്‍പറേഷനിലേക്കു മത്സരിച്ചപ്പോള്‍ എത്ര വലിയ തോല്‍വിയായിരുന്നു. മുന്‍ എസ്.എഫ്.ഐക്കാരിയാണ്. അനില്‍ കുമാറിനെ മാറ്റിയിട്ട് സീറ്റ് കൊടുക്കാന്‍ എന്തു യോഗ്യതയാണ്. ലതികാ സുഭാഷിനു കൊടുത്തുകൂടായിരുന്നോ. ഇതൊന്നും നല്ല കീഴ്വഴക്കങ്ങളല്ല. ഇത്തരം ഒരുപാട് തെറ്റുകള്‍ പാര്‍ട്ടിക്കകത്തുണ്ട്. അതൊക്കെ തിരുത്തണം. ഇപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി അംഗീകരിച്ചിരിക്കുന്നു. പക്ഷേ, രാഹുലിന്റെ ഭാഗത്ത് വളരെയധികം വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. അങ്ങനെയൊരു സാഹചര്യം വന്നപ്പോള്‍ രാഹുലിനെ മാറ്റിനിര്‍ത്തിക്കൊണ്ട് തൊട്ടടുത്ത ആള്‍ക്ക് ആ ചുമതല കൊടുക്കുകയായിരുന്നു പാര്‍ട്ടി ചെയ്യേണ്ടിയിരുന്നത്. ബി.ജെ.പിയിലേക്കു പോകാന്‍ ചര്‍ച്ച നടത്തിയെന്ന് കെ. സുരേന്ദ്രന്‍ പരസ്യമായി പറഞ്ഞ ബിന്ദു കൃഷ്ണയും തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ഉമാ തോമസിനല്ല വോട്ടു ചെയ്തത് എന്ന് വി.വി. പാറ്റിന്റെ സ്‌ക്രീന്‍ഷോട്ടെടുത്ത് ദല്ലാള്‍ നന്ദകുമാറിന് അയച്ച ദീപ്തി മേരിയും കെ.പി.സി.സിയുടെ പ്രധാന പദവികളില്‍ എത്തുന്നു. ദീപ്തി മുന്‍പും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം ചെയ്തിട്ടുണ്ട്. സിമി റോസ്ബെല്‍ ജോണിനെതിരെ കോര്‍പറേഷനിലേക്കു മത്സരിച്ചു. അതേപോലെത്തന്നെ, കായംകുളത്ത് മത്സരിപ്പിച്ച അരിതാ ബാബു തൊട്ടുമുന്‍പത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചതാണ്. അവരെയൊക്കെ സംരക്ഷിക്കുന്നതിന് പാര്‍ട്ടിക്കു മടിയില്ല. സ്വതന്ത്രമായ അഭിപ്രായവും വ്യക്തിത്വവുമുള്ളവരെ ഉള്‍ക്കൊള്ളാന്‍ മടിക്കുന്നു; വിവേചനം കാണിക്കുന്നു.

ദീപ്തി മേരി വര്‍ഗീസ്, ബിന്ദു കൃഷ്ണ, ജെബി മേത്തര്‍
ദീപ്തി മേരി വര്‍ഗീസ്, ബിന്ദു കൃഷ്ണ, ജെബി മേത്തര്‍

കേരളത്തിലെ കോണ്‍ഗ്രസ് എട്ടു വര്‍ഷമായി അധികാരത്തിനു പുറത്താണല്ലോ. ഗ്രൂപ്പ് സമവാക്യങ്ങള്‍ എങ്ങനെയാണ്?

A

ഗ്രൂപ്പില്ല എന്ന് ഒരു വശത്ത് പറയുന്നു. ഗ്രൂപ്പുണ്ട് എന്നും പറയുന്നുണ്ട്. ഏതായാലും ചില നേതാക്കന്മാരുടെ കൂടെ നില്‍ക്കുന്നവരാണ് ഓരോ കാര്യത്തിലും വരുന്നത്. ഒരു ഗോഡ്ഫാദറില്ലാതെ ഈ പാര്‍ട്ടിക്കകത്ത് നില്‍ക്കാന്‍ പറ്റില്ല എന്നാണ് എന്നോട് ഒരു നേതാവ് പറഞ്ഞത്. അപ്പോള്‍, ആരെ ചൂസ് ചെയ്യണം എന്നുള്ളതും ഇവര്‍ തന്നെ പറയണ്ടേ.

Q

കെ. മുരളീധരന്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി എം.പിയും എം.എല്‍.എയും രാഷ്ട്രീയ കാര്യസമിതി അംഗവുമൊക്കെയായിട്ടും ഒരിക്കല്‍പ്പോലും അജീബയ്ക്കുവേണ്ടി നേതൃത്വത്തോട് സംസാരിച്ചിട്ടില്ലേ?

A

എനിക്കുവേണ്ടി സംസാരിക്കരുത് എന്നു ഞാന്‍ പറഞ്ഞിരുന്നു. അത് അഭിമാനത്തിനു ക്ഷതമേല്‍പ്പിക്കുന്ന കാര്യമായി തോന്നി. പിന്നെ, ഞാന്‍ ഈ പാര്‍ട്ടികൊണ്ട് ഉപജീവനം നടത്തുന്ന ആളൊന്നുമല്ല. എന്നെ വേണ്ടെങ്കില്‍ എനിക്കും വേണ്ട. വ്യക്തിത്വം അടിയറവെച്ച് ആരുടേയും മുന്നില്‍ കീഴടങ്ങാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഇപ്പോഴിതു തുറന്നു പറയുന്നതെന്താണെന്നുവെച്ചാല്‍, കേരളത്തില്‍ മൊത്തമായി മുസ്ലിം സമുദായത്തെ മാറ്റി നിര്‍ത്തുന്ന ഒരു പ്രവണത എല്ലാ പാര്‍ട്ടികളിലുമുണ്ട്; സി.പി.എമ്മിലുമുണ്ട്. മുസ്ലിം സമുദായം എല്ലാക്കാലത്തും കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുന്ന സമുദായമാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍പ്പോലും മുസ്ലിം സമുദായം മാറിച്ചിന്തിച്ചിരുന്നു എന്നുണ്ടെങ്കില്‍ യു.ഡി.എഫിന് ഇത്രയും ഭൂരിപക്ഷം കിട്ടില്ല. തെരഞ്ഞെടുപ്പിനു മുന്‍പ് ഒരു നിലപാടും തെരഞ്ഞെടുപ്പു സമയത്ത് മറ്റൊന്നും അതുകഴിഞ്ഞ് വേറൊരു നിലപാടുമാണ്. ഞങ്ങളുടെ ജില്ലയില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഒരൊറ്റ മുസ്ലിം സ്ത്രീക്കുപോലും സീറ്റു കൊടുത്തില്ല. ജില്ലയിലെ മഹിളാ കോണ്‍ഗ്രസ്സിന്റെ കമ്മിറ്റിയില്‍പ്പോലും ഒരാളില്ല. ഈ ഭാരവാഹിത്വം നിശ്ചയിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നില്ല. ചോദിക്കുന്നവര്‍ അനഭിമതരാകും. ഇതു തിരുത്തപ്പെടണം. ആരെങ്കിലും പറഞ്ഞു തിരുത്തിയില്ലെങ്കില്‍, അഥവാ അന്ധത നടിക്കുകയാണെങ്കില്‍ അതു മാറ്റിയല്ലേ പറ്റൂ. കോണ്‍ഗ്രസ്സിനെ എല്ലാക്കാലത്തും പിന്തുണച്ചു പോരുന്ന ഒരു സമുദായത്തെ പാടേ മാറ്റിനിര്‍ത്തിക്കൊണ്ട് മുന്നോട്ടു പോകുന്ന ഈ സമീപനം തെറ്റാണ്. ഏതു രീതിയില്‍ ന്യായീകരിച്ചാലും ഇവര്‍ കാണിക്കുന്നത് തെറ്റാണ്. യു.ഡി.എഫില്‍ മുസ്ലിംലീഗ് ഉണ്ടല്ലോ എന്നു പറയും. മുസ്ലിംലീഗ് മറ്റൊരു പാര്‍ട്ടിയാണ്. നാല് കേരള കോണ്‍ഗ്രസ്സുകള്‍ ഉള്ളതുപോലെ മറ്റൊരു പാര്‍ട്ടി. അതിന്റെ പേരില്‍ കോണ്‍ഗ്രസ്സിലെ മുസ്ലിം പ്രവര്‍ത്തകരേയും നേതാക്കളേയും അവഗണിക്കുന്നത് ശരിയല്ല. കേരള കോണ്‍ഗ്രസ് ഉണ്ടല്ലോ എന്ന് പറഞ്ഞ് ക്രിസ്ത്യന്‍ സമുദായത്തിന്റെ പ്രാതിനിധ്യം കുറയ്ക്കുന്നില്ലല്ലോ. കുറയ്ക്കണം എന്നല്ല പറയുന്നത്. ഒരു സമുദായത്തോടും വിവേചനമോ അനീതിയോ പാടില്ല. ഏതു സമുദായത്തോടു വിവേചനം കാണിച്ചാലും അതു തുറന്ന് എതിര്‍ക്കപ്പെടണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു സമയത്ത് എ.ഐ.സി.സി പ്രതിനിധികളൊക്കെ വന്നപ്പോള്‍ കണ്ടു സംസാരിച്ചതനുസരിച്ച് ബയോഡാറ്റ കൊടുക്കാന്‍ പറഞ്ഞു. അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ബയോഡാറ്റ കൊടുത്തു. കല്‍പ്പറ്റ, എന്റെ നിയോജക മണ്ഡലമായ ആറന്മുള, കായംകുളം, കരുനാഗപ്പള്ളി, ഇരവിപുരം, പുനലൂര്‍ എന്നീ മണ്ഡലങ്ങളില്‍ എവിടെയെങ്കിലും മത്സരിക്കണമെന്ന താല്‍പ്പര്യമാണ് അറിയിച്ചത്. ആറന്മുള ശിവദാസന്‍ നായര്‍ക്കു തന്നെയാണ് എന്നു പറഞ്ഞു, കല്‍പ്പറ്റ തന്നാല്‍ അവിടെയുള്ളവര്‍ക്ക് എവിടെ കൊടുക്കും എന്നു ചോദിച്ചു, കരുനാഗപ്പള്ളിയില്‍ സി.ആര്‍. മഹേഷ് ഉണ്ട്, ഇരവിപുരം ആര്‍.എസ്.പിക്കും പുനലൂര്‍ ലീഗിനും കൊടുത്തു എന്നു പറഞ്ഞു, ചടയമംഗലം എം.എം. നസീറിന് ഓള്‍റെഡി ബുക്ക്ഡ് ആണ്. പിന്നെ, കായംകുളമാണ്. അപ്പോള്‍ അവിടെയുള്ളവരെ എന്തുചെയ്യണം എന്നാണ് ചോദിച്ചത്. ഞങ്ങളെന്തു ചെയ്യണം എന്നു തിരിച്ചു ചോദിച്ചപ്പോള്‍ നിങ്ങളെപ്പോലെയുള്ളവര്‍ക്ക് എവിടെയാണ് സീറ്റു കൊടുക്കാന്‍ പറ്റുന്നത് എന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. നിങ്ങളെപ്പോലെയുള്ളവര്‍ എന്നു പറയുമ്പോള്‍ അതു വ്യക്തമാക്കണം. ലീഡറുടെ കൂടെ നിന്നവരാണോ? അതോ സമുദായാടിസ്ഥാനത്തിലാണോ? ഇതില്‍ എന്താണ് ഉദ്ദേശിച്ചത്.

Q

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്ന ലതികാ സുഭാഷിന് അപമാനിതയായി തല മുണ്ഡനം ചെയത് പുറത്തു പോകേണ്ടിവന്നത് ഈ സമയത്തു തന്നെയാണല്ലോ. അതില്‍ സമുദായമല്ലല്ലോ സ്ത്രീകളോടുള്ള അനീതിയല്ലേ ഉണ്ടായത്?

A

അതെ. കോണ്‍ഗ്രസ്സിനു പറ്റിയ വലിയ തെറ്റാണ് അത്. വട്ടിയൂര്‍ക്കാവില്‍ ലതികാ സുഭാഷിനു സീറ്റ് കൊടുത്ത് ആ തെറ്റ് തിരുത്താമായിരുന്നു. എന്തിന്റെ പേരില്‍ അങ്ങനെയൊരു സമീപനമെടുത്തു എന്നത് ഇന്നും അറിയപ്പെടാത്ത രഹസ്യമാണ്. അവരുടെ സ്വന്തം മണ്ഡലമായ ഏറ്റുമാനൂരില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് എം, എല്‍.ഡി.എഫിലേക്കു പോയതുകൊണ്ട് ആ സീറ്റ് കോണ്‍ഗ്രസ്സിന് എടുത്ത് ലതികയെ മത്സരിപ്പിക്കാമായിരുന്നു. പക്ഷേ, അവിടെ ജോസഫ് ഗ്രൂപ്പിന് അങ്ങോട്ടു കൊടുക്കുന്നതുപോലെ കൊടുക്കുകയാണ് ചെയ്തത്. അതാണ് ഞാന്‍ പറഞ്ഞത്, ലതികാ സുഭാഷിനോടു ചെയ്തത് പാര്‍ട്ടിക്കുള്ളില്‍ ഇന്നും രഹസ്യമായി അവശേഷിക്കുകയാണ്. ഞങ്ങള്‍ക്കൊന്നും പറയാനുള്ള ഇടമില്ലല്ലോ. രാഷ്ട്രീയകാര്യസമിതി പുനഃസംഘടിപ്പിച്ചപ്പോള്‍ ബിന്ദു കൃഷ്ണയേയും പത്മജയേയും ഉള്‍പ്പെടുത്തി. ഒരു പഞ്ചായത്തില്‍പ്പോലും ജയിച്ച് ജനപിന്തുണ തെളിയിച്ചിട്ടില്ലാത്തവരാണ് രണ്ടുപേരും. പത്മജ ബി.ജെ.പിയിലേക്ക് പോവുകയും ചെയ്തു.

Q

സത്യത്തില്‍ വടകരയില്‍നിന്ന് തൃശൂരിലേക്ക് കെ. മുരളീധരനെ മാറ്റിയതും ടി.എന്‍. പ്രതാപന് സീറ്റ് നിഷേധിച്ചതുമല്ലേ തൃശൂരില്‍ ബി.ജെ.പിയുടെ ജയത്തിനു കാരണം. ആ മാറ്റം എന്തിനായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്?

A

കെ.സി. വേണുഗോപാലിന് ഇത്തവണ ലോക്സഭയിലേക്ക് മത്സരിച്ചേ പറ്റുമായിരുന്നുള്ളൂ. ആലപ്പുഴയില്‍ത്തന്നെ മത്സരിക്കുകയും ചെയ്യാം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്ലിം പ്രാതിനിധ്യം എന്ന നിലയില്‍ ഷാനിമോള്‍ ഉസ്മാന് ആ സീറ്റ് കൊടുത്തു. പക്ഷേ, അവര്‍ തോറ്റു. പകരം മുസ്ലിം സമുദായത്തില്‍നിന്ന് ഒരാളെ നിര്‍ത്താന്‍ പറ്റിയ ഒരു മണ്ഡലമില്ല, അതു നോക്കുമ്പോള്‍ വടകരയാണ് സുരക്ഷിത മണ്ഡലം. കെ. മുരളീധരന്‍ എവിടെ മത്സരിക്കാനും യോഗ്യനാണ്. ബി.ജെ.പിക്കെതിരെ എന്നും എപ്പോഴും നില്‍ക്കാന്‍ തയ്യാറുള്ള നേതാവുമാണ്. പിന്നെ തോല്‍വിയുടെ കാര്യം. ക്രിസ്ത്യന്‍ സമുദായത്തിന്റെ പിന്തുണ ബി.ജെ.പിക്കു കിട്ടി എന്ന ലളിതയുക്തിയില്‍ തീരില്ല. ടി.എന്‍. പ്രതാപന്‍ അവിടെ എം.പിയായിരുന്നിട്ട് അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ നടക്കുന്നത് എന്തൊക്കെയാണെന്ന് അറിയേണ്ടതല്ലേ. ബി.ജെ.പി 56000 വോട്ട് അവിടെ ചേര്‍ത്തു എന്നു പറയുമ്പോള്‍ കോണ്‍ഗ്രസ് അവിടെ എന്തെടുക്കുകയായിരുന്നു? പ്രതാപന്‍ എവിടെയായിരുന്നു? ബൂത്ത് കമ്മിറ്റികളും വാര്‍ഡ് കമ്മിറ്റികളും ശക്തമാക്കണമെന്ന് ലീഡര്‍ പണ്ടേ പറഞ്ഞിട്ടുണ്ട്. അതിന്റെ പ്രസക്തി വര്‍ദ്ധിച്ചു.

Q

ഇപ്പോള്‍, ഏറ്റവും ഒടുവിലത്തെ സ്ഥിതി എന്താണ്. ഇവരെന്താണ് പറയുന്നത്, പാര്‍ട്ടിയില്‍ സജീവമായി നില്‍ക്കുന്നുണ്ടോ?

A

ഇല്ല, സജീവമല്ല. മാനസികമായി ഈ പ്രവണതയെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് മാറി നില്‍ക്കാന്‍ കാരണം. എനിക്ക് നാലു വര്‍ഷത്തെ ഇടവേള ഉണ്ടായതുകൊണ്ടാണ് എന്നെ മാറ്റിനിര്‍ത്തുന്നതെങ്കില്‍, കഴിഞ്ഞ 22 വര്‍ഷമായി കോണ്‍ഗ്രസ്സിനെ തള്ളിപ്പറഞ്ഞ് സി.പി.എമ്മിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റി സി.പി.എമ്മുകാരനായി ജീവിച്ചിട്ട് തിരിച്ചുവന്ന ചെറിയാന്‍ ഫിലിപ്പിനു പരവതാനി വിരിച്ച് ഉള്‍ക്കൊണ്ടല്ലോ. അത്രയും കോണ്‍ഗ്രസ്സിനെ അപമാനിച്ച ചെറിയാന്‍ ഫിലിപ്പിനെ സ്വീകരിക്കുകയും എന്നെ നിരാകരിക്കുകയും ചെയ്യുന്നത് അദ്ദേഹം ചെറിയാന്‍ ഫിലിപ്പും ഞാന്‍ അജീബ എം. സാഹിബും ആയതുകൊണ്ടല്ല എന്നു ഞാനെങ്ങനെ വിശ്വസിക്കും.

Q

ഈ പറയുന്നത് വര്‍ഗ്ഗീയതയായി വ്യാഖ്യാനിക്കപ്പെടില്ലേ. കോണ്‍ഗ്രസ് നേതാവ് ഇങ്ങനെ സമുദായം പറയാന്‍ പാടുണ്ടോ?

A

എന്തിന് അങ്ങനെ വ്യാഖ്യാനിക്കണം. എനിക്കു കിട്ടാനുള്ള അര്‍ഹതയും പറയാനുള്ള അവകാശവും ഉള്ളതുകൊണ്ടാണ് പറയുന്നത്. ഇത് പാര്‍ട്ടി നേതൃത്വത്തിനോട് പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്. വേറെ ആരുടെയെങ്കിലും തട്ടിമാറ്റി എനിക്കു തരണമെന്നല്ല പറയുന്നത്. എന്തിനു മാറ്റിനിര്‍ത്തുന്നു. എന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കൂ. തിരുത്താന്‍ തയ്യാറാണ്. തിരുത്തലുകള്‍ വരുത്തണം, പാര്‍ട്ടി നശിക്കാന്‍ പാടില്ല എന്നാണ് പറയുന്നത്. ഇത് എന്റെ മാത്രം അനുഭവമല്ലതാനും. ഫിലിപ്പോസ് തോമസ് സാര്‍ എങ്ങനെയാണ് കോണ്‍ഗ്രസ്സില്‍നിന്നു പോയത്? അദ്ദേഹം പറയുന്ന നല്ല കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഈ നേതാക്കന്മാര്‍ക്കു കഴിയാതെ വന്നപ്പോഴാണ് മാറ്റിനിര്‍ത്തിയത്. അതുകൊണ്ടെന്തു പറ്റി. അദ്ദേഹത്തോടൊപ്പം ഒരു പറ്റം ജനങ്ങള്‍ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിലേക്കു പോയി. പി. മോഹന്‍ രാജിനു നിയമസഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് കൊടുത്തില്ല എന്നു പറഞ്ഞ് ഡി.സി.സി ഓഫീസ് അടിച്ചുപൊളിച്ചിട്ടും എന്താണ് നടപടിയെടുക്കാതിരുന്നത്? എനിക്കെതിരെ അവിശ്വാസം കൊണ്ടുവന്നത് മോഹന്‍രാജും ഷംസുദ്ദീനും അജിത് കുമാറുമെല്ലാം ചേര്‍ന്നാണ് എന്നു മനസ്സിലാക്കി പരാതി കൊടുത്തിട്ട് പാര്‍ട്ടി നടപടിയെടുത്തില്ല. അന്നു നടപടി എടുപ്പിക്കാതിരുന്നത് ഉമ്മന്‍ ചാണ്ടി സാറാണ്. തെറ്റു ചെയ്തവരെ സംരക്ഷിച്ചു നിര്‍ത്തിക്കൊണ്ട് ചിലരെ പുറത്തുനിര്‍ത്തുക എന്നതാണ് സമീപനമെങ്കില്‍ അതു പാര്‍ട്ടിക്കു ദോഷം ചെയ്യും. അതാണ് പറയുന്നത്.

ചെറിയാന്‍ ഫിലിപ്പ്, ലതികാ സുഭാഷ്, ഷാനിമോള്‍ ഉസ്മാന്‍
ചെറിയാന്‍ ഫിലിപ്പ്, ലതികാ സുഭാഷ്, ഷാനിമോള്‍ ഉസ്മാന്‍
Q

ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും രാജ്യസഭാംഗവുമാക്കിയത് കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണല്ലോ. യഥാര്‍ത്ഥത്തില്‍ അര്‍ഹതയുള്ള പലരുടേയും തലയ്ക്കു മുകളിലൂടെയല്ലേ അത് ചെയ്തത്?

A

മേത്തര്‍ കുടുംബവും എ.കെ. ആന്റണിയും തമ്മിലുള്ള ബന്ധമാണ് അതിനു കാരണം. കെ.എസ്. യുവിലും യൂത്ത് കോണ്‍ഗ്രസ്സിലും ജെബി മേത്തര്‍ ഉണ്ടായിരുന്നു. പിന്നീട് രണ്ടു തവണ കൗണ്‍സിലറായി. പെട്ടെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും രാജ്യസഭാംഗവുമായി. ആന്റണിയുടെ രാജ്യസഭാ കാലാവധി കഴിഞ്ഞ ഒഴിവിലേക്കാണ് ജെ.ബി. മേത്തര്‍ വരുന്നത്. സ്വാഭാവികമായും ആന്റണിയും മേത്തര്‍ കുടുംബവുമായുള്ള ബന്ധം അറിയാവുന്ന കോണ്‍ഗ്രസ്സുകാര്‍ ഇത് മേത്തര്‍ കുടുംബത്തിന് ആന്റണി കൊടുത്ത ഗിഫ്റ്റ് എന്നല്ലാതെ ഒന്നും ചിന്തിക്കാന്‍ സാധ്യത ഇല്ല. കാരണം, അന്നം മുതല്‍ അടിവസ്ത്രം വരെ ഒരുകാലത്ത് ആന്റണിക്ക് കൊടുത്തത് മേത്തര്‍ കുടുംബമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ പറയുന്നുണ്ട്. അങ്ങനെയാണെങ്കില്‍ അതിന്റെ പ്രത്യുപകാരം എന്നതിലപ്പുറം ഒരു രാജ്യസഭാംഗമാകാന്‍ ജെബി മേത്തര്‍ക്ക് എന്താണ് യോഗ്യത?

Q

കോണ്‍ഗ്രസ് വിട്ട് വേറെ ഏതെങ്കിലും പാര്‍ട്ടിയില്‍ പോകാന്‍ ആലോചനയുണ്ടോ?

A

ഞാന്‍ പോകില്ല. എന്നു രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നോ അന്നു ജനങ്ങളോടു കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് അവസാനിപ്പിക്കണം എന്നാണ് എന്റെ പിതാവ് ഉപദേശിച്ചിട്ടുള്ളത്. ഒരു സമുദായ സംഘടനയിലോ മനസ്സുകൊണ്ട് ഇഷ്ടപ്പെടാത്ത മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലോ പ്രവര്‍ത്തിക്കാന്‍ പോകരുത് എന്നും പറഞ്ഞു. അതു ഞാന്‍ അക്ഷരംപ്രതി അനുസരിക്കും. ഇപ്പോഴത്തെ മാനസികാവസ്ഥയില്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ പോകാനുള്ള സാധ്യത വളരെക്കുറവാണ്. പക്ഷേ, പൊതുപ്രവര്‍ത്തനരംഗത്തുനിന്നു മാറിനില്‍ക്കില്ല. ഞാന്‍ കോണ്‍ഗ്രസ്സിന്റെ ആശയങ്ങളും മൂല്യങ്ങളും ഉള്‍ക്കൊള്ളുന്ന വ്യക്തിയാണ്. എന്റെ പിതാവിന്റെ പേരില്‍ ഒരു ട്രസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തനങ്ങളുമായി നാട്ടുകാര്‍ക്ക് നല്ലതു ചെയ്ത് മുന്നോട്ടു പോകും. പക്ഷേ, പാര്‍ട്ടി കാണിക്കുന്ന ഈ അനീതി എപ്പോഴായാലും പറഞ്ഞിരിക്കും. ഈ പറയുന്നതിന്റെ പേരില്‍ എന്തു വന്നാലും അതിനെ അഭിമുഖീകരിക്കാന്‍ തയ്യാറാണ്.

Q

ഡി.ഐ.സിയില്‍ പോയവര്‍ തിരിച്ചുവന്നപ്പോള്‍ പാര്‍ട്ടി പദവികളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഉണ്ടാക്കിയ ധാരണകള്‍ ഉണ്ടായിരുന്നല്ലോ. അത് താങ്കള്‍ക്കും ബാധകമായിരുന്നില്ലേ?

A

കോണ്‍ഗ്രസ്സില്‍നിന്നു പോകുമ്പോള്‍ ഏതു പദവിയിലായിരുന്നോ അതുതന്നെ തിരിച്ചുകൊടുക്കണം എന്നായിരുന്നു സോണിയ ഗാന്ധി സംസ്ഥാന നേതൃത്വത്തിനു നല്‍കിയ നിര്‍ദ്ദേശം. അതില്‍ എന്നെയും പന്തളം പ്രതാപനേയും മാത്രം ഒഴിവാക്കി. രണ്ടുപേരും പോകുമ്പോള്‍ കെ.പി.സി.സി സെക്രട്ടറിയായിരുന്നു. രമേശ് ചെന്നിത്തലയായിരുന്നു അന്ന് കെ.പി.സി.സി പ്രസിഡന്റ്. ഞങ്ങളെ മാത്രം ഒഴിവാക്കിയതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചിരുന്നു. ഒന്നും മിണ്ടിയില്ല. ഞാനും പ്രതാപനും കൂടി പോയി പല പ്രാവശ്യം സംസാരിച്ചു. പത്തനംതിട്ട ജില്ലയില്‍നിന്ന് രമേശ് ചെന്നിത്തലയുടെ ആളായ പഴകുളം മധുവിനെ കെ.പി.സി.സി ഭാരവാഹിയാക്കാനാണ് ഞങ്ങളെ ഒഴിവാക്കിയതെന്ന് പിന്നീടാണ് മനസ്സിലായത്. മറ്റൊന്ന്, പത്തനംതിട്ടയിലെ കുറേ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഞങ്ങള്‍ രണ്ടുപേരും വരുന്നതും അതുവഴി ഐ ഗ്രൂപ്പ് ശക്തമാകുന്നതും ഒഴിവാക്കണമായിരുന്നു. പ്രതാപന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഞാന്‍ നഗസഭാ അധ്യക്ഷയുമായിരുന്നു. പാരമ്പര്യമായിത്തന്നെ കോണ്‍ഗ്രസ് കുടുംബത്തില്‍നിന്നുള്ളവരാണ്. ഞങ്ങളുടെ സാന്നിധ്യം ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ക്ക് ശക്തിപകരും. അതൊഴിവാക്കാന്‍ ഐ ഗ്രൂപ്പിലെ ചില നേതാക്കളും സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, എ ഗ്രൂപ്പുകാരുടെ സപ്പോര്‍ട്ടും ഉണ്ടായിരുന്നു. പിന്നീട് പ്രതാപനെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചപ്പോള്‍ അദ്ദേഹം ബി.ജെ.പിയിലേക്കു പോയി. ഞാന്‍ ഒരിടത്തും പോയില്ല.

അജീബ
അജീബ
Q

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അനില്‍ ആന്റണിക്കെതിരെ വേണ്ടത്ര ശക്തമായി എ.കെ. ആന്റണി പ്രതികരിച്ചു എന്നു കരുതുന്നുണ്ടോ?

A

അത് അദ്ദേഹത്തിന്റെ ചില മുന്‍കാല നിലപാടുകളുടെ കൂടി പശ്ചാത്തലത്തിലാണ് പരിശോധിക്കേണ്ടത്. 2001-ല്‍ അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ന്യൂനപക്ഷങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തി അനര്‍ഹമായി പലതും നേടിയെടുക്കുന്നു എന്ന വിവാദ പ്രസ്താവന നടത്തിയത്. ഒരു ഘട്ടത്തില്‍ മുസ്ലിം സമുദായം കോണ്‍ഗ്രസ്സില്‍നിന്നു വിട്ടുനില്‍ക്കുന്ന സാഹചര്യം ഉണ്ടാക്കിയതും ഈ വാക്കുകളാണ്. മറ്റൊരു സംഭവമുണ്ട്. പത്തനംതിട്ടയില്‍ ബി.ജെ.പി ഓഫീസിനു തീപിടിച്ചു. അന്നു ഞാന്‍ നഗരസഭാധ്യക്ഷയാണ്. ആ തീ അണയ്ക്കാന്‍ ഞങ്ങള്‍ നടത്തിയ പരിശ്രമം ആ നാട്ടിലുള്ളവര്‍ക്കറിയാം. അതുമായി ബന്ധപ്പെട്ട സമാധാന യോഗം ചേര്‍ന്നു. പല മന്ത്രിമാരും പി.ജെ. കുര്യന്‍ എം.പി, കെ.കെ. നായര്‍ എം.എല്‍.എ തുടങ്ങിയവരുമുണ്ടായിരുന്നു. ചര്‍ച്ചയ്ക്കിടയില്‍ കുര്യന്‍ സാറിന് എ.കെ. ആന്റണിയുടെ ഫോണ്‍ വരുന്നു; പുതിയ ബി.ജെ.പി ഓഫീസ നിര്‍മ്മിച്ചുകൊടുക്കാം എന്നു തീരുമാനമെടുക്കാന്‍. കേരളത്തിലെ ഒരുപാട് പാര്‍ട്ടി ഓഫീസുകള്‍ പല പാര്‍ട്ടിക്കാരും അങ്ങോട്ടുമിങ്ങോട്ടും കത്തിച്ചിട്ടുണ്ട്. ആ പാര്‍ട്ടി ഓഫീസുകളൊന്നും വെച്ചുകൊടുക്കാന്‍ ഒരു ഗവണ്‍മെന്റും തീരുമാനമെടുത്തിട്ടില്ല. ആ സ്ഥാനത്ത് എ.കെ. ആന്റണി ബി.ജെ.പിയുടെ ഓഫീസ് കെട്ടിക്കൊടുക്കാമെന്നു തീരുമാനമെടുക്കുന്നു. ഇന്ന് അനില്‍ ആന്റണി ബി.ജെ.പിയിലേക്കു പോയതും അതുമൊക്കെയായി ചേര്‍ത്തു ചിന്തിക്കുമ്പോള്‍ ആന്റണിക്ക് ബി.ജെ.പിയുമായി ബന്ധമില്ല എന്നു പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുന്നത്. അന്നു ഞാന്‍ പറഞ്ഞു, ഇത് അംഗീകരിക്കാന്‍ പറ്റില്ല. അങ്ങനെയാണെങ്കില്‍ ഇതിനകത്തുള്‍പ്പെടാത്ത പാവം പിടിച്ച കുറെ ചെറുപ്പക്കാരെ ഈ കേസില്‍പ്പെടുത്തിയിട്ടുണ്ട്. അവരെ ഒഴിവാക്കാനുള്ള തീരുമാനം കൂടി എടുക്കണം. പക്ഷേ, ബി.ജെ.പി ഓഫീസ് കത്തിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ പേരില്‍ ജീവിതം നഷ്ടപ്പെട്ടു നടക്കുന്ന ചെറുപ്പക്കാര്‍ പത്തനംതിട്ടയിലുണ്ട്. ബി.ജെ.പിക്ക് ഓഫീസ് കെട്ടിക്കൊടുത്തു കഴിഞ്ഞപ്പോള്‍ ആ പ്രശ്‌നം തീര്‍ന്നു. പക്ഷേ, ഇവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിച്ചില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com