

കൊറോണ (Corona) എന്ന ലത്തീന്‍ പദത്തിനര്‍ത്ഥം 'കിരീടം' (crown) എന്നാണ്. നിരവധി അംഗങ്ങളുള്ള ഒരു വൈറസ് കുടുംബത്തിന്റെ പൊതു പേരാണ് കൊറോണ. അതിസൂക്ഷ്മമായ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പില്‍ മാത്രം കാണുന്ന ഈ വൈറസിന് വൃത്താകാരവും രാജകിരീടത്തിലെ പൊടിപ്പുകള്‍ പോലെ തോന്നിക്കുന്ന 'മുള്ളു'കളും ഉള്ളതുകൊണ്ടാണ് കൊറോണ എന്ന പേര് കിട്ടിയത്. മനുഷ്യരാശിയെ ഒന്നടങ്കം മുള്‍കിരീടം ധരിപ്പിച്ചിരിക്കുന്നു അദൃശ്യമായ ഈ വൈറസ്. 2019 ഡിസംബര്‍ 31-ന് ചൈനയിലെ വൂഹാനില്‍ മനുഷ്യരെ ബാധിക്കുന്നതായി കണ്ടെത്തിയ കൊറോണ വൈറസിന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ കൊടുത്ത ചുരുക്കപ്പേരാണ് COVID-19 (Corona VIrus Disease-19). കൊവിഡ്-19 ഇതുവരെ മനുഷ്യരെ ബാധിച്ചതായി ചരിത്രം ഇല്ലാത്തതുകൊണ്ട് ഇതിനുള്ള പ്രതിരോധ സന്നാഹമോ വാക്സിനോ ഇതുവരെ ആരും അന്വേഷിച്ചിട്ടില്ല.
യുദ്ധങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയെല്ലാം മനുഷ്യരാശിയെ ഭയപ്പെടുത്തിയ പല അവസരങ്ങളും ഉണ്ടായിട്ടുണ്ട്. എങ്കിലും ഇപ്പോഴത്തെ വൈറസ് വ്യാപനം അവയില്‍ നിന്നെല്ലാം വ്യത്യസ്തമാണല്ലോ. സര്‍ക്കാരുകളും ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളുമെല്ലാം അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് രോഗത്തിന്റെ ഭീഷണിയെ നമ്മുടെ ലോകം അതീവ ഗൗരവമായെടുക്കുന്നു എന്നതിന്റെ അടയാളമാണ്.
ഈ സമയം വൈറസ് വ്യാപനം തടയുകയും ഇരകളായവര്‍ക്ക് സാന്ത്വനവും സഹായവും നല്‍കുകയെന്നതുമാണ് പ്രധാനം. എങ്കിലും വൈറസിനു ശേഷമുള്ള മനുഷ്യഭാവിയെ സംബന്ധിച്ച് ചില കാര്യങ്ങള്‍ നാം ഓര്‍ക്കുകയും ചര്‍ച്ച ചെയ്യേണ്ടതും ആവശ്യമാണ്.
* ഗെയാ (Gaia) സിദ്ധാന്തം എന്ന പേരില്‍ ജെയിംസ് ലവ്ലോക്കും ലിന്‍ മാര്‍ഗലിസും (Lovelock and Margulis) ചേര്‍ന്ന് 1970-കളില്‍ ഉന്നയിച്ച ചിന്തകള്‍ക്ക് വീണ്ടും പ്രസക്തിയുണ്ടാവുകയാണ്. മാര്‍ഗലിസ് എന്ന വനിത ബാക്ടീരിയ, വൈറസ് തുടങ്ങിയവയുടെ അതിസൂക്ഷ്മ ജൈവ മണ്ഡലത്തെക്കുറിച്ച് പ്രശസ്തമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അവര്‍ ജൈവലോകത്തെ രണ്ടായി തിരിക്കുന്നു: ബാക്ടീരിയകളും ബാക്കിയുള്ളവയും! ബാക്കിയുള്ളവയിലാണ് മനുഷ്യവര്‍ഗ്ഗം! സൂക്ഷ്മലോകത്തിന്റെ പ്രാധാന്യം കാണിക്കാനാണ് ഇത് പറയുന്നത്. നാം ഇതുവരെ പരിചയിച്ചിട്ടുള്ള വിഭജനം 'മനുഷ്യരും മറ്റുള്ളവയും' എന്നതാണല്ലോ.
ബാക്ടീരിയകള്‍ നമ്മുടെ ആദിപൂര്‍വ്വീകരാണ്. അവരില്‍ ചിലര്‍ പരിണമിച്ചാണ് അവസാനം മനുഷ്യനുണ്ടായതെന്ന് ഡാര്‍വ്വിനും മറ്റും പഠിപ്പിച്ചത് നമുക്ക് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. പക്ഷേ, ഒരു കാര്യം ഓര്‍ക്കണം. ആ പൂര്‍വ്വീകര്‍ അതേ രൂപത്തില്‍ ഇപ്പോഴും നമ്മോടു കൂടിയുണ്ട്. 'രേഖീയമായ പരിണാമം' (linear evolution) ആണ് നാം ധരിച്ചുവെച്ചിരിക്കുന്നത്. ജയ്ഗുള്‍ഡിനെ (Jay Gould) പോലെയുള്ള ജീവശാസ്ത്രജ്ഞര്‍ ഈ ചിന്തയെ തിരുത്തുന്നുണ്ട്. അതിനുദാഹരണമാണ്, ഏകകോശജീവികളായ ബാക്ടീരിയകളും അവയേക്കാള്‍ അതിസൂക്ഷ്മതരങ്ങളും പരാദങ്ങളുമായ വൈറസുകള്‍ ഇപ്പോഴും നമ്മോട് സഹവസിച്ച് നമ്മുടെ ഉള്ളിലും നമ്മുടെ കൂടെയും ജൈവമണ്ഡലം മുഴുവനും നിറഞ്ഞിരിക്കുന്നത്. ബാക്ടീരിയകള്‍ ഒരുക്കുന്ന ഭക്ഷണമാണ് നാം കഴിക്കുന്നത്. നമ്മുടെ വായിലും വയറ്റിലും മൂക്കിലും ചെവിയിലും കണ്ണിലുമെല്ലാം അവ നിരന്തരം പ്രവര്‍ത്തന നിരതമാണ്. നാം കഴിക്കുന്ന ആഹാരത്തിലെ സൂക്ഷ്മമായ പോഷകമൊഴിച്ച് ബാക്കിയുള്ള പിണ്ഡം മുഴുവനും വിസര്‍ജ്യമായിത്തീരണമെങ്കിലും അവ വേണം. മാര്‍ഗലീസ് പറയും, വൈറസുകള്‍ ഒരുക്കുന്ന ശയ്യയിലാണ് നാം വിശ്രമിക്കുന്നതും ഉറങ്ങുന്നതും എന്ന്. അപ്പോള്‍ ഈ പൂര്‍വ്വീകര്‍ ഭൂതകാലത്തിലല്ല, വര്‍ത്തമാനകാലത്തില്‍ത്തന്നെയാണ്. നാം മരിച്ചാലും അവ നമ്മെ അതിജീവിക്കുകയും ചെയ്യുന്നു. മൃതശരീരം അഴുകി ദ്രവിക്കാനും ഈ വര്‍ത്തമാനകാല പൂര്‍വ്വികര്‍ വേണമെന്ന് മറക്കരുത്.
* അതുകൊണ്ട് ബാക്ടീരിയകളെയും വൈറസുകളെയും നാം കുറെയൊക്കെ ബഹുമാനിച്ചേ മതിയാവൂ! മണ്ണില്‍ വിളയുന്ന എല്ലാ ഫലങ്ങള്‍ക്കും കിഴങ്ങുകള്‍ക്കും ഇലകള്‍ക്കും നാം കീടനാശിനികള്‍ തളിക്കുമ്പോള്‍, അവ മാത്രമല്ല നശിക്കുന്നത്, നമ്മുടെ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത പൂര്‍വ്വികരും ഇല്ലാതാകുന്നു. അതുകൊണ്ടാണല്ലോ നാം വാങ്ങിക്കുന്ന ആപ്പിളും തക്കാളിയുമൊന്നും ആഴ്ചകള്‍ കഴിഞ്ഞാലും ചീയാതിരിക്കുന്നത്. ചീയലും ദ്രവത്വവും നീക്കം ചെയ്യാന്‍ കഴിയുന്നത് നമ്മുടെ മഹാ നേട്ടമായി നാം കരുതുന്നു. ജൈവരൂപങ്ങള്‍ ചത്തു ദ്രവിച്ചു മണ്ണോട് ചേരണം (Biodegradability) എന്ന മൗലിക ജൈവകല്‍പ്പനയാണ് നാം അതിലൂടെ ലംഘിക്കുന്നത്. നമുക്ക് മുന്‍പ് ഭൂമിയില്‍ ജീവിച്ചു മരിച്ചുപോയ നമ്മുടെ കോടാനുകോടി പിതൃക്കളുടെയെല്ലാം മൃതശരീരങ്ങള്‍ അഴുകാതെ ഇവിടെ കിടന്നിരുന്നെങ്കില്‍ നമുക്ക് ഈ ഭൂമിയില്‍ കാല്‍ കുത്താന്‍ ഇടം കിട്ടുമായിരുന്നില്ല എന്നോര്‍ക്കണം. 'കാലനില്ലാത്ത കാലം' എഴുതിയ സരസന്‍ നമ്പ്യാരെയും നമുക്ക് ഓര്‍ക്കാം. ഒരിക്കലും മരിക്കാതെ മനുഷ്യജീവനെ വലിച്ചു നീട്ടുന്ന Life-augmentation, Human Enhancement തുടങ്ങിയ ബയോടെക്നോ-അമൃതുകള്‍ കടഞ്ഞെടുക്കുന്ന ഈ കാലയളവില്‍ മഹാശ്ചര്യമായ മനുഷ്യബുദ്ധിയുടെ ദീപസ്തംഭങ്ങള്‍ കണ്ടു ചിരിക്കാനും, നമുക്കും കിട്ടണം ജീവന്‍ എന്നു പറയാനും ചിലര്‍ വേണമല്ലോ.
* അതുകൊണ്ട് എല്ലാവരും കൈകള്‍ സോപ്പിട്ടു നന്നായി കഴുകണം. അത്രയുമൊക്കെ നമുക്ക് ആവശ്യമാണ് ചില രോഗങ്ങള്‍ വരാതിരിക്കാന്‍. എന്നാല്‍ അതികഠിനമായ രാസവസ്തുക്കള്‍ കൊണ്ട് ജൈവമണ്ഡലം മുഴുവന്‍ അണുവിമുക്തമാക്കാന്‍ ശ്രമിക്കുന്നത് അബദ്ധമാണ്. കാരണം, നമ്മുടെ ജീവന്റെ രഹസ്യ വേരുകള്‍ ആ അദൃശ്യ സൂക്ഷ്മ മണ്ഡലത്തിലാണ്. ഇപ്പോഴത്തെ ക്വാറന്റിനും ഏകാന്തവാസവും കഴിയുമ്പോള്‍ നമ്മുടെ കുട്ടികള്‍ ഇടയ്ക്കൊക്കെ മണ്ണുവാരി കളിക്കട്ടെ. ജാതി, വര്‍ഗ്ഗ, സാമ്പത്തിക ഭേദം ഇല്ലാതെ അവര്‍ പരസ്പരം കൈകോര്‍ത്തും തോളില്‍ കയ്യിട്ടും നടക്കട്ടെ. അല്പം പഴുത്തു പോയതാണെങ്കിലും മരുന്ന് അടിക്കാത്ത പഴങ്ങള്‍ അവര്‍ കഴിക്കട്ടെ. അതൊക്കെ സഹജമായ രക്ഷാകവചങ്ങളാണ്. കഴുകാത്ത കൈകള്‍ കൊണ്ടും, ചെരുപ്പിടാത്ത കാലുകള്‍ കൊണ്ടും അമ്മയായ ഭൂമിയുടെ മാറില്‍ അവര്‍ വിഹരിക്കട്ടെ. തെളിനീരുറവകളില്‍നിന്ന് പ്ലാസ്റ്റിക്ക് കപ്പും സ്ട്രോയും ഇല്ലാതെ അവര്‍ ഭൂമാതാവിന്റെ അമ്മിഞ്ഞ വലിച്ചു കുടിക്കട്ടെ. ഒരു കവി എഴുതിയത് ഇങ്ങനെ:
''ചെരിപ്പൂരിയിട്ടൊന്നു
പച്ചമണ്ണിനെ തൊട്ടാല്‍
പ്രപഞ്ച ഹൃദയത്തിന്‍
സ്പന്ദതാളങ്ങള്‍ കേള്‍ക്കാം.'' (ലിജി)
നമുക്കറിഞ്ഞു കൂടാത്ത, ഈ മഹാപ്രപഞ്ചത്തില്‍ സുഖശയനം കൊള്ളുന്ന സൂക്ഷ്മജീവികളെ ആവശ്യമില്ലാതെ നാം വിളിച്ചുണര്‍ത്തരുത്. തന്റെ പൊത്തില്‍ ശാന്തമായി സ്വയം ചുറ്റിച്ചുറ്റി കിടക്കുന്ന സര്‍പ്പത്തിന്റെ ചിത്രം എത്ര മനോഹരമാണെന്ന് ചിന്തിക്കൂ. എന്തിനാണ് നാം വെറുതെ കോലിട്ടു കുത്തുകയും അതിനെ പുകച്ചു പുറത്തു ചാടിക്കയും ചെയ്യുന്നത്. അതിനെ ഏതെങ്കിലും തരത്തില്‍ നാം ഉപദ്രവിച്ചെങ്കില്‍ മാത്രം സ്വയരക്ഷയ്ക്കു വേണ്ടി അത് തിരിച്ചു കൊത്തിയെന്നിരിക്കും. എല്ലാ വൈറസുകളും ഇതുപോലെയാണ്. അത് ജൈവ മണ്ഡലത്തിലെ അനിഷേധ്യ തത്ത്വമാണ്. ആ കല്പനയും ലംഘിക്കാതെ നാം നോക്കണം.
* മനുഷ്യരായ നാമാണോ മറ്റു ജീവികളെ ഉപദ്രവിക്കുന്ന വൈറസ് എന്നു ചിലര്‍ ചോദിക്കുന്നു.
മറ്റെല്ലാ ജീവികളും പറയും, അവരുടെ ഏക ശത്രു മനുഷ്യനാണെന്ന്. മനുഷ്യവര്‍ഗ്ഗം ഈ ഭൂമിയില്‍നിന്ന് പൂര്‍ണ്ണമായും അപ്രത്യക്ഷമായാല്‍ ഈ ഭൂമിയിലെ ജൈവ വ്യവസ്ഥയ്ക്ക് ഒരു ദോഷവും സംഭവിക്കുകയില്ല. മറിച്ച്, അവയെല്ലാം ഉല്ലസിക്കും, കാരണം അവരുടെ ഏക ശത്രു ഇനിയില്ലല്ലോ എന്നോര്‍ത്ത്. അല്പം ഭ്രാന്തമായ ഒരു സങ്കല്പം അഥവാ ഒരു ചിന്താ പരീക്ഷണം (Thought experiment) പറയാം: കേരളത്തില്‍നിന്ന് എല്ലാ മനുഷ്യരെയും അടുത്ത 25 വര്‍ഷത്തേക്ക് പറഞ്ഞുവിടുക. 25 വര്‍ഷം ഒരു മനുഷ്യജീവി പോലും ഇവിടെ കാലു കുത്തരുത്. പോകുന്നതിനു മുന്‍പ്, കെട്ടിയിട്ടിരിക്കുന്ന, കൂട്ടിലടച്ചിരിക്കുന്ന സകല പക്ഷിമൃഗാദികളെയും സ്വതന്ത്രരാക്കുക. കാല്‍ നൂറ്റാണ്ടിനു ശേഷം നാം തിരിച്ചുവന്നാല്‍ കിളികളായ കിളികളെല്ലാം പാടുന്നത് കേള്‍ക്കാം. നദികളായ നദികളെല്ലാം കടുത്ത വേനലിലും കളകള ശബ്ദമുതിര്‍ക്കും. മീനായ മീനെല്ലാം നീന്തി തുടിക്കും. ഇടുക്കിയിലും വയനാട്ടിലും മലകളായ മലകളിലെല്ലാം മഞ്ഞും മരങ്ങളും മൃഗങ്ങളും പക്ഷികളും ചേര്‍ന്ന് പാടും. ഇനി കേരളത്തിനു പകരം ഭൂമി മുഴുവന്‍ അങ്ങനെ കരുതൂ.
ഇത് വെറും റൊമാന്റിക് സ്വപ്നമെന്ന് പറഞ്ഞ് കളിയാക്കാം. ശരിയാണ് സ്വപ്നമാണ്. പക്ഷേ, സ്വപ്നമില്ലെങ്കില്‍ യാഥാര്‍ത്ഥ്യമില്ല. മറുവശത്ത്, ഈ ഭൂമിയെ ഊഷരമാക്കിയതും, സകലത്തെയും വിഷലിപ്തമാക്കിയതും, ജൈവ സംഗീതത്തിന്റെ താളലയങ്ങളില്‍ ലയിച്ചിരുന്ന സൂക്ഷ്മജീവികളെ പ്രകോപിപ്പിച്ചതും നമ്മള്‍ മനുഷ്യരാണെന്ന് ഓര്‍ക്കാം. മനുഷ്യരില്ലാതെ വന്നാല്‍, ഒരു ജീവിക്കും ഒരു കുറവും വരികയില്ല. എന്നാല്‍ കൊച്ചുകൊച്ചു തേനീച്ചകള്‍ ഇല്ലാതായാല്‍ മനുഷ്യജീവിതം തീര്‍ന്നു. ഉറുമ്പുകളും ചിതലുകളും തുടങ്ങി ക്ഷുദ്രകീടങ്ങളെന്ന് നാം വിശേഷിപ്പിക്കുകയും വധശിക്ഷയ്ക്ക് വിധിക്കയും ചെയ്യുന്ന പ്രാണികളൊക്കെ ഇല്ലാതായാല്‍ ഇവിടെ മനുഷ്യജീവിതത്തിന് കലാശക്കൊട്ടായി എന്ന് മറക്കരുത്. 1950-കളില്‍ Silent Spring എഴുതിയ റേച്ചല്‍ കാഴ്സന്‍ എന്ന വനിത ഇങ്ങനെ ചില കാര്യങ്ങള്‍ പറഞ്ഞിട്ട് വര്‍ഷം എഴുപതാകുന്നു.
* സ്ഥൂലമായതും സൂക്ഷ്മമായതും തമ്മിലുള്ള വ്യത്യാസം ജ്ഞാനികളായ ആചാര്യന്മാര്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. സ്ഥൂലമായതു മാത്രമേ നമ്മുടെ ബാഹ്യേന്ദ്രിയങ്ങള്‍ക്ക് വിഷയമാകൂ. അത് മാത്രമേ നമ്മെ ദുഃഖിപ്പിക്കുകയോ ആഹ്ലാദിപ്പിക്കുകയോ ചെയ്യുന്നുള്ളു. എന്നാല്‍ അത് ഭൗതിക യാഥാര്‍ത്ഥ്യത്തിന്റെ തീരെത്തീരെ ചെറിയ ഒരു അംശമേയുള്ളു. സൂക്ഷ്മമായതാണ് നിര്‍ണ്ണായകം. പക്ഷേ നാമത് കാണുന്നില്ല, കേള്‍ക്കുന്നില്ല, തിരിച്ചറിയുന്നില്ല. ഭൗതിക പ്രപഞ്ചത്തില്‍ നാലോ അഞ്ചോ ശതമാനമേ നാം യാഥാര്‍ത്ഥ്യമായി അറിയുകയും പരിഗണിക്കുകയും ചെയ്യുന്നുള്ളു. അതില്‍ത്തന്നെ സിംഹഭാഗവും കോടാനുകോടി പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറമാണ്. നമുക്കൊന്നും അറിഞ്ഞു കൂടാ അതിനെക്കുറിച്ച്. ഈ നാലഞ്ച് ശതമാനം കഴിഞ്ഞാല്‍ പത്തിരുപത്തഞ്ചു ശതമാനം തമോദ്രവ്യം (dark matter) ആണെന്നും, ബാക്കി എഴുപതിലേറെ ശതമാനം തമോര്‍ജ്ജം (dark energy) ആണെന്നും അഭിജ്ഞന്മാര്‍ പറയുന്നു. അവര്‍ക്കും അറിഞ്ഞുകൂടാ അതെന്താണെന്ന്. ഏതെങ്കിലുമൊന്ന് ഉണ്ടെന്ന് പറയുന്നതും അത് എന്താണെന്ന് പറയുന്നതും തമ്മിലുള്ള അന്തരം വലുതാണ്. അപ്പോള്‍പ്പിന്നെ ഒന്നുമില്ലാത്തതില്‍ ഒന്നുമില്ലാത്ത അല്‍പ്പജീവനായ ഒരു വൈറസിനെ ഭയപ്പെടണമോ? വേണം, ഭയപ്പെടണം. മനുഷ്യവര്‍ഗ്ഗത്തെ അപ്പാടെ നിര്‍മൂലമാക്കാന്‍ അതു മതി. പക്ഷേ, അദൃശ്യമായ ആ വൈറസും ഭൗതിക യാഥാര്‍ത്ഥ്യത്തിന്റെ ഭാഗമാണ്. സ്ഥൂലവും സൂക്ഷ്മവും എന്ന് പറയുമ്പോഴും നാം ഈ ഭൗതികത്തിനുള്ളിലാണ് എന്ന് മറക്കരുതല്ലോ. അതുകൊണ്ട് സൂക്ഷ്മത്തിന്റെ പുതിയ അര്‍ത്ഥങ്ങള്‍ നാം തേടണം. നമുക്കുള്ള മൂന്ന് മുഖ്യ മാനസിക അവസ്ഥകളായ സ്വപ്ന സുഷുപ്തി ജാഗ്രതകള്‍ കൊണ്ട് മെനഞ്ഞ കിളിക്കൂട്ടിനു പുറത്തുള്ളതെല്ലാം 'തുരീയം' (നാലാമത്തേത്) എന്ന് പറഞ്ഞ് നിര്‍ത്തുകയാണ് ആചാര്യന്മാര്‍. ആ തുരീയവും ഈ അജ്ഞേയമായ ഭൗതിക സമസ്യകളായ തമോര്‍ജ്ജത്തിലോ തമോദ്രവ്യത്തിലോ മറ്റോ ആണെങ്കില്‍ തുരീയാതീതത്തിലേക്ക് നമ്മുടെ സൂക്ഷ്മ സങ്കല്പത്തെ നാം ഉയര്‍ത്തേണ്ടി വരും. സ്ഥൂലവും സൂക്ഷ്മവും തമ്മില്‍ തിരിച്ചറിയാനാവാത്ത രാഷ്ട്രമീമാംസകരും ഭരണകര്‍ത്താക്കളും മതങ്ങളും മതപുരോഹിതന്മാരും നമുക്കുണ്ടായാല്‍ അവിടെ തീര്‍ന്നു നമ്മുടെ ജീവന്‍.
* പ്രതികാരദേവതയെ നാം പ്രകോപിപ്പിക്കരുത്
ഐവാന്‍ ഇല്ലിച്ച് എന്ന പണ്ഡിതനും ക്രാന്തദര്‍ശിയുമായ വിമത കത്തോലിക്കാ പുരോഹിതന്‍ 1970-കളില്‍ Medical Nemesis എന്ന പുസ്തകം എഴുതി. നെമെസിസ് ഗ്രീക്കുകാരുടെ പ്രതികാരദേവതയാണ്. മനുഷ്യര്‍ക്ക് രോഗ ചികിത്സ നല്‍കാന്‍ എന്ന ലക്ഷ്യം പറഞ്ഞുകൊണ്ട് ആധുനിക മെഡിക്കല്‍ സയന്‍സും (അതിന്റെ നന്മകളെയൊന്നും മറക്കാതെ) അതിന്റെ പരിസേവകരായ ബഹുസഹസ്രം കച്ചവടസ്ഥാപനങ്ങളും പരീക്ഷണശാലകളും കൊള്ളലാഭക്കാരായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും വെള്ളക്കോട്ടിട്ട വൈദ്യപുരോഹിതന്മാരും ചേര്‍ന്നു നടത്തുന്ന ആഗോള പ്രസ്ഥാനത്തിനെതിരെ വൈദ്യ ദേവത നടത്തുന്ന പ്രതികാര ക്രിയയെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ഇല്ലിച്ചിന്റെ വാക്കുകള്‍ കടമെടുത്ത് നമുക്കും പറയാം, ഇനി ലോകത്തില്‍ വൈറല്‍ നെമെസിസ് (Viral Nemesis) അരങ്ങേറുമെന്ന്. പ്രകൃതി പ്രതികാര ദേവതയായി മാറിക്കൊണ്ടിരിക്കുന്നു.
ഇനി വൈറസുകളുടെ വിളയാടല്‍ കാലമാണ്. കൊവിഡ് 19 കെട്ടടങ്ങും, കുറെ നാശം വിതച്ച്. പക്ഷേ അടുത്തത്, കൂടുതല്‍ മാരകമായത് അണിയറയില്‍ കിരീടമണിഞ്ഞ് കാത്തുനില്‍പ്പുണ്ട്. ഈ നാടകം രംഗത്തല്ല, കാണികള്‍ക്കിടയിലാണ് അരങ്ങേറുക. തിരശ്ശീല വീഴുന്നത് കാണാന്‍ കഴിയും മുന്‍പ് കാണികളില്‍ ഒരു നല്ല പങ്ക് അപ്രത്യക്ഷമാവും. ഈ നാടകത്തിന്റെ അണിയറ നമുക്ക് ദൃശ്യമോ നമ്മുടെ നിയന്ത്രണത്തിനു വിധേയമോ അല്ല.
* നരജന്മം എല്ലാ ജന്മങ്ങളിലും വച്ച് ശ്രേഷ്ഠമായ ജന്മമാണെന്ന് എല്ലാ മതങ്ങളും പഠിപ്പിക്കുന്നു. ഇത് നാം സംശയിക്കേണ്ട കാര്യമില്ല. സ്വബോധവും സുബോധവും അല്ലെങ്കില്‍ ഒറ്റ വാക്കില്‍ സുസ്വബോധമാണ് മനുഷ്യ ശ്രേഷ്ഠതയുടെ ഒരു മുഖ്യ അടിസ്ഥാനം. ഈ ബോധം അതീന്ദ്രീയവും ആന്തരികവുമായ തേജസ്സാണ്. സ്വസുബോധത്തിലൂടെ ഈ തേജസ്സാകുന്ന പ്രകാശം പ്രസരിപ്പിച്ച് സകല ജീവജാലങ്ങള്‍ക്കും മനുഷ്യന്‍ വഴികാട്ടിയും സഹഭാവിയും സംരക്ഷകനും സഹയാത്രികനുമാകണം എന്നായിരിക്കാം സ്രഷ്ടാവിന്റെ ഉദ്ദേശ്യം. അല്ലെങ്കില്‍ ഇങ്ങനെയൊരു സവിശേഷ ബോധം എന്തിനാണ് മനുഷ്യന് മാത്രം വിധാതാവ് നല്‍കിയത്?
ആണവായുധങ്ങളും അംബരചുംബികളും ആകാശയാനങ്ങളും ഗോളാന്തര പേടകങ്ങളും നാമുണ്ടാക്കി. പക്ഷേ അമ്മയായ ഭൂമിയുടെ മുലപ്പാല്‍ നുണയാതെ, അവളുടെ ഹൃദയരക്തം ഊറ്റിക്കുടിച്ച് മഹാ മല്ലന്മാരായി പരസ്പരം പോരാടി നശിക്കാനാണോ ഈ ബോധം സ്രഷ്ടാവ് നല്‍കിയത്? വിഭവശേഷി വാര്‍ന്നുപോയ നമ്മുടെ അമ്മ മരിക്കാറായി. മഹാഭാരതയുദ്ധം അവസാനിക്കാറായി. ഗാന്ധാരി വിലാപം തുടങ്ങിക്കഴിഞ്ഞു. അനന്തരം എന്ത്? എന്ന് ആലോചിക്കണം നാം ഗൗരവമായി. രാഷ്ട്രങ്ങളെല്ലാം അഹങ്കാരപൂര്‍വ്വം സംഭരിച്ചു വച്ച മഹാ ആയുധവര്‍ഗ്ഗം കൊണ്ട് ഇനിയെന്ത് പ്രയോജനം? കാണപ്പെടുന്ന സഹോദരങ്ങളെ കൊല്ലാനാണ് നാം ആയുധങ്ങള്‍ ഒരുക്കിയത്. ഇനി കാണപ്പെടാത്ത ലോകത്തില്‍നിന്ന് വൈറസുകള്‍ വന്ന് നമ്മെ നിര്‍മ്മൂലമാക്കാം. നാമൊന്നു തുമ്മിയാല്‍ മതി അവ കത്തിപ്പടരും.
* വൈറസ് സൃഷ്ടിച്ച ഒരു പുതിയ തൊട്ടു തീണ്ടല്‍ (Viral Untouchability) ഇപ്പോള്‍ പ്രാബല്യത്തിലായല്ലോ. മനുഷ്യന്‍ മനുഷ്യനെ തൊടാന്‍ പാടില്ല. അമ്മയ്ക്ക് കുഞ്ഞിനെ ഉമ്മ വയ്ക്കാനാവില്ല. മുത്തശ്ശിക്ക് പേരക്കുട്ടികളെ വാരിപ്പുണരാനാവില്ല. വൈദ്യന് രോഗിയെ തൊട്ടു പരിശോധിക്കാനാവില്ല. വൈദികന് ഭക്തരെ മൂര്‍ദ്ധാവില്‍ തൊട്ട് അനുഗ്രഹിക്കാനാവില്ല. പ്രണയജോടികള്‍ക്ക് ചുടുനിശ്വാസം പകരാനാവില്ല. മരിച്ചുപോയ പ്രിയപ്പെട്ടവര്‍ക്ക് അന്ത്യചുംബനം പാടില്ല. ആഗോള തീണ്ടല്‍. സര്‍വ്വത്ര അശുദ്ധം.
കീഴ്ജാതിയെ തൊട്ടാല്‍ തങ്ങള്‍ അശുദ്ധരാകും എന്ന് ഒരിക്കല്‍ മേല്‍ജാതികള്‍ പഠിപ്പിച്ചു. തൊട്ടു തീണ്ടല്‍ (contamination by touch) നിഷിദ്ധം. വൈറസ് വന്നപ്പോഴും തൊട്ടാല്‍ തീണ്ടല്‍. വൈറസ് പകരും. പക്ഷേ ഇവിടെ ജാതിയില്ല, വംശമില്ല, തൊലിയുടെ നിറമില്ല. ആര് ആരെ തൊട്ടാലും അശുദ്ധം, രോഗം, മരണം. അതുകൊണ്ട് കൃത്യമായ അകലം (oscial distance) പാലിക്കണം. മൂന്നു കൈപ്പാട് അകലെ എന്ന് പ്രഗല്‍ഭനായ ഒരു ഡോക്ടര്‍ പറയുന്നത് കേട്ടു. ഓര്‍ത്താല്‍ വിചിത്രം. മേലാളരില്‍നിന്ന് ഓരോ കീഴ്ജാതിയും പാലിക്കേണ്ട കൃത്യമായ അകലം എത്രയെന്ന് നമ്മുടെ രാജ്യത്ത് വ്യക്തമായ നിയമമുണ്ടായിരുന്നു. ആ നിയമം ലംഘിക്കുന്നവര്‍ക്ക് ഭ്രഷ്ടോ മരണമോ ഉറപ്പായിരുന്നു. അത് വീണ്ടും വന്നിരിക്കുന്നു - ക്വാറന്റിന്‍ എന്ന ഭ്രഷ്ട് എത്ര ദിവസങ്ങളാണ്? ഒഴിഞ്ഞു പോകാനാവില്ല ആര്‍ക്കും. തീര്‍ച്ചയായും നാമനുസരിക്കണം. സുഖപ്പെടാനല്ലേ? രോഗം പകരാതിരിക്കാനല്ലേ? സമൂഹനന്മയാണ് ലക്ഷ്യം. എങ്കിലും എവിടെയാണ് പ്രശ്നം? മനുഷ്യജാതി ഒരൊറ്റ ശരീരമാണെന്ന് മതങ്ങള്‍ പഠിപ്പിക്കുന്നു. ഒരു പടി കൂടി കടന്ന് പ്രപഞ്ചം മുഴുവനും ഒരു ഗാത്രമാണെന്ന് പഠിപ്പിക്കുന്നു. ഇടതു കൈയ്ക്ക് മാത്രമായി കൊറോണ ബാധിക്കുമോ? പാദങ്ങളില്‍ മാത്രം കൊവിഡ് പിടിക്കുമോ? കണ്ണില്‍ തൊട്ടാലും, മൂക്കു പിഴിഞ്ഞാലും, വായില്‍ മുട്ടിയാലും കൊറോണ. കാല്‍പ്പാദമായ ഹീനജാതി മുതല്‍ ശിരസ്സായ വരേണ്യവര്‍ഗ്ഗം വരെ കൊവിഡ്.
* ഇവിടെയൊരു താരതമ്യം സംഗതമാണെന്ന് തോന്നുന്നു. പൗരോഹിത്യവും ജന്മിത്വവും രാജ്യഭരണവും കയ്യാളിയിരുന്ന സവര്‍ണ്ണര്‍ ഒരിക്കല്‍ കീഴാളരോടു കല്‍പ്പിച്ചു, അകലം പാലിക്കണമെന്ന്. ന്യൂനപക്ഷമായ ആദ്യത്തെ കൂട്ടര്‍ ശ്രേഷ്ഠ മനുഷ്യരാണെന്നും അശുദ്ധരും അസ്പര്‍ശ്യരും ഈ രാജ്യത്ത് ബഹുഭൂരിപക്ഷവുമായ മറ്റവര്‍ ഏതോ തരം ഹീന മൃഗങ്ങളാണെന്നും ധരിച്ചതുകൊണ്ടാണല്ലോ ഇവിടെ തീണ്ടലും തൊടീലുമുണ്ടായത്. ഭാഗ്യവശാല്‍ സ്വതന്ത്ര ഭാരതത്തിന്റെ ശില്പികള്‍ ജനായത്ത ഭരണവും ഭരണഘടനയും നിയമവ്യവസ്ഥകളും ഉപയോഗിച്ച് ആ വേര്‍പാട് നിയമപരമായെങ്കിലും തുടച്ചു കളഞ്ഞു. അടിച്ചമര്‍ത്തപ്പെട്ട, ഈ ഭൂരിപക്ഷത്തിന്റെ തിരിച്ചടികള്‍ തുടങ്ങിയിട്ടേ ഉള്ളൂ. ഇത് വേറൊരു തരത്തില്‍ നമ്മുടെ ശാസ്ത്രീയ - യാന്ത്രിക യുഗത്തില്‍ കാണാം.
പുതിയ കാലഘട്ടത്തില്‍ മനുഷ്യന്‍ സകലത്തെയും മനുഷ്യ കേന്ദ്രീകൃതമായി (anthropocentric) വ്യാഖ്യാനിക്കുകയും മനുഷ്യര്‍ ഒഴിച്ചുള്ള സകല ജീവജാലങ്ങളും മനുഷ്യന്റെ ആവശ്യത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന് ധരിക്കുകയും അവയെ ചൂഷണം ചെയ്യാനും കൊല്ലാനും നിര്‍മ്മൂലനം ചെയ്യാനും മനുഷ്യന് അധികാരമുണ്ടെന്ന് വിശ്വസിക്കുകയും ചെയ്തു. ഭൂമിയിലെ സകല ജൈവസമ്പത്തും വിഭവശേഷികളും മനുഷ്യന്‍ കവര്‍ന്നെടുത്തു. അതിഭീകരമായ അസന്തുലിതാവസ്ഥ ഇവിടെ സൃഷ്ടിച്ചു. അതുകൊണ്ടാവാം മനുഷ്യേതരമായ എല്ലാ ജീവജാലങ്ങളില്‍ ഓരോന്നിനും അതിന്റേതായ അര്‍ത്ഥവും അവകാശവും സ്വമൂല്യവും (inherent value) ഉണ്ടെന്നും, മനുഷ്യ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് അവയെ അളക്കരുതെന്നും ഗാഢപരിസ്ഥിതിവാദത്തിന്റെ (Deep Ecology) പ്രണേതാവായ Arne Naess പറഞ്ഞത്. പ്രപഞ്ചത്തിന്മേല്‍ അശ്വമേധ യാഗം നടത്തി ലോകത്തെ കീഴടക്കിയ മനുഷ്യന്‍ ആധുനിക അസ്പര്‍ശ്യതയുടെ (untouchability) നിയമം സൃഷ്ടിച്ചു. മനുഷ്യന്‍ മാത്രം ശ്രേഷ്ഠന്‍. ബാക്കിയുള്ളതൊക്കെ അധമം. അതിനുള്ള തിരിച്ചടി സൂക്ഷ്മജീവികള്‍ ഏറ്റെടുത്തു. തിരിച്ചടികളില്‍ ഇനിയും നല്‍കിക്കൊണ്ടേയിരിക്കും. മനുഷ്യന് മനുഷ്യനെ തൊടാനാവില്ലെന്ന നമ്മുടെ പുതിയ ആരോഗ്യ നിയമം വൈറല്‍ പ്രതികാരത്തിന്റെ ഭാഗമായി കണക്കാക്കാം.
നാം താരതമ്യം ചെയ്ത രണ്ടു സംഗതികളും, മനുഷ്യര്‍ തമ്മിലുണ്ടാക്കിയ തൊട്ടുതീണ്ടലും മനുഷ്യനും ഇതരജീവികളുമായുള്ള തീണ്ടലും, രണ്ടു വ്യത്യസ്ത തലങ്ങളിലാണ്. എങ്കിലും പ്രതീകാത്മകമായി അവയെ തമ്മില്‍ തട്ടിച്ചു നോക്കാം. ഈ രണ്ടു പ്രതിഭാസങ്ങളുടെയും പുറകിലുള്ള രോഗമാണ് നാം ശ്രദ്ധിക്കേണ്ടത്. ഭിന്നതാബോധമാണ് നമ്മുടെ രോഗം. തൊട്ടുകൂടായ്മ അതിന്റെ ലക്ഷണം മാത്രം. നാമൊരു ശരീരമാണ്. മനുഷ്യര്‍ തമ്മില്‍ തമ്മിലും, മനുഷ്യരും ഇതര ജൈവരൂപങ്ങളും തമ്മിലും, പിന്നെ സകല ജൈവരൂപങ്ങളും അജൈവരൂപങ്ങളും തമ്മിലും ഒരു ശരീരമാണ്. ഇവിടെയാണ് പ്രപഞ്ച ഗാത്രം (cosmic body) എന്ന ആശയം സാര്‍ത്ഥകമാകുന്നത്.
വൈറസ് ബാധ മൂലം ഈ പാഠം നാം പഠിക്കുമോ? നാമൊരു ശരീരമാണെന്ന് നമുക്ക് ഇനിയെങ്കിലും ചിന്തിക്കാനാവുമോ? നമ്മുടെ ആധ്യാത്മികതയിലും അധികാര സങ്കല്‍പ്പങ്ങളിലും മതബോധത്തിലും രാഷ്ട്രമീമാംസയിലും ഇത് പ്രതിഫലിപ്പിക്കാനാവുമോ?
* ആഗോളവല്‍ക്കരണം (globalization) ഒരു വര്‍ണ്ണോജ്വലമായ കുമിളയാണെന്ന് എപ്പോഴും ചിന്തിച്ചിരുന്നവരുണ്ട്. അത് പറഞ്ഞാല്‍ മണ്ടന്മാരും യാഥാസ്ഥിതികരും പിന്തിരിപ്പന്മാരും ആയി മുദ്രകുത്തപ്പെടുമെന്ന് വിചാരിച്ച് പലരും മിണ്ടാതിരുന്നു. ഇപ്പോള്‍ എന്ത് സംഭവിച്ചു? തല്‍ക്കാലത്തേക്കെങ്കിലും, അതായത് പാശ്ചാത്യ കമ്പോളക്കാരും അവരുടെ പിണിയാളുകളും ചേര്‍ന്ന് അടുത്ത കുമിള ഊതി വീര്‍പ്പിക്കും വരെയെങ്കിലും നമ്മുടെ ആഗോള കുമിള പൊട്ടിയെന്നു കരുതാം. ഏഷ്യന്‍ കാളകളും കരടികളും മടകളിലേക്ക് മടങ്ങി. ഭീമന്‍ ആകാശനൗകകള്‍ ചിറകുകള്‍ മടക്കി. മഹാനഗരങ്ങള്‍ വിജനമായി. ശിരോവസ്ത്രമണിഞ്ഞ സ്ത്രീകളെ പരിഹാസപൂര്‍വം നോക്കിയിരുന്നവര്‍ നിര്‍ബന്ധമായും മുഖംമൂടികള്‍ അണിയുന്നു. വിജനമായ ഉല്ലാസ കേന്ദ്രങ്ങളും, നിശ്ചലമായ ജനപഥങ്ങളും ഏതോ സര്‍റിയലിസ്റ്റ് ചിത്രം പോലെ അവിശ്വസനീയമായി തോന്നുന്നു.
ഈ അവസ്ഥ മാറിയേക്കാം. വീണ്ടും നാം തിരിച്ചു പോകുമായിരിക്കും. പക്ഷേ നമ്മുടെ അരുമയായ കൊച്ചു ഗൃഹത്തിന്റെ അവസ്ഥ ഇനി വീണ്ടും നാടകീയമായി, മാരകമായി മാറാം എന്നും മറക്കരുതല്ലോ. അദൃശ്യവും അതിസൂക്ഷ്മവുമായ ഒരു വൈറസിന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ ലോകത്തില്‍നിന്ന് മനുഷ്യജീവനെ മുഴുവന്‍ തുടച്ചു മാറ്റാനാവും. നാം പഠിക്കേണ്ട പ്രധാന പാഠം നമ്മുടെ ഭൂമിയെന്ന ഗ്രഹം എത്ര ചെറുതും, എത്രയേറെ പരസ്പരബന്ധിതവുമാണെന്നാണ്. നമ്മുടെ ജൈവമണ്ഡലം അതി ലോലവും അതി ദുര്‍ബ്ബലവുമാണ്. എത്രയോ ദശകങ്ങളായി അറിവും വിവേകവുമുള്ള മനുഷ്യര്‍ ഇക്കാര്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇത് നാം ബൗദ്ധികമായി മനസ്സിലാക്കിയാല്‍ പോരാ, നമ്മുടെ ജീവിതശൈലിക്ക് മൗലികമായ മാറ്റങ്ങള്‍ വരുത്തണം. ആഗോള സാമ്പത്തിക, ശാസ്ത്രീയ മുന്നേറ്റങ്ങളെല്ലാം വീണ്ടും വീണ്ടും പുരോഗതിയിലേക്ക് നയിക്കും എന്ന് നാം അന്ധമായി വിശ്വസിച്ചു. നമ്മുടെ യുഗത്തിന്റെ മൂഢവിശ്വാസമായിരുന്നു അതെന്ന് കൊവിഡ് 19 കാണിക്കുന്നു. ഇപ്പോള്‍ ലോകാരോഗ്യ സംഘടന Pandemic, അതായത് 'ലോകമാസകലം വ്യാപിക്കുന്ന ഒരു പുതിയ രോഗം' എന്ന് വിശേഷിപ്പിക്കുന്ന കൊവിഡ് 19 ഇനി endemic ആവുകയാണ്. അതായത്, തല്‍ക്കാലം ഇത് ശമിച്ചാലും, മനുഷ്യവര്‍ഗ്ഗത്തിനുള്ളില്‍ തന്നെ വസിച്ച്, ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെട്ട് നാശം വിതയ്ക്കാന്‍ ഇതിന് കഴിയും എന്ന് സാരം. അതിശീഘ്ര ജനിതകമാറ്റം (Mutation) സംഭവിക്കുന്ന സ്വഭാവം ഉള്ളതുകൊണ്ട് ഈ വൈറസ് അതിമാരകമായ രൂപംപ്രാപിച്ച് നമ്മെ ഹിംസിക്കാം. അതുകൊണ്ട്, മനുഷ്യര്‍ എല്ലാ ഭിന്നതകളും മറന്ന്, ഏറ്റവും ലളിതവും, പൊതുനന്മയ്ക്ക് ഉതകുന്നതും, ജൈവലോകത്തെ ആദരിക്കുന്നതും, ഭൂമിയുടെ വിഭവശേഷിയെ ഇനിയെങ്കിലും നശിപ്പിക്കാത്തതുമായ ഒരു ജീവിതശൈലി ഉരുത്തിരിക്കണം. എല്ലാ മതങ്ങളിലും ദര്‍ശനങ്ങളിലും അതിനുള്ള മാര്‍ഗ്ഗരേഖകള്‍ ഉണ്ട്. ഗാന്ധിജിയെപ്പോലെയുള്ള പ്രവാചകന്മാര്‍ രൂപരേഖകള്‍ വരച്ചുകാണിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളും സാമ്പത്തിക വിദഗ്ധരും സാംസ്‌കാരിക നായകരും മതനേതാക്കളും ഒരുമിച്ച് നമ്മുടെ ഭാവിയെപ്പറ്റി കൂടിയാലോചിക്കണം. അല്‍പ്പം താമസിച്ചു പോയെങ്കിലും കുറെയേറെ നല്ല മാറ്റങ്ങള്‍ വരുത്താന്‍ നമുക്ക് കഴിയുമായിരിക്കും. രണ്ടു ലോക യുദ്ധങ്ങള്‍ക്കു ശേഷം യുദ്ധക്കൊതിക്കെതിരായി ഐക്യരാഷ്ട്ര സംഘടന ഉണ്ടായതുപോലെ, ഇനി എല്ലാ രാഷ്ട്രങ്ങളും മതങ്ങളും ചേര്‍ന്ന് ഒരു ഏകജീവ സംരക്ഷണ സംഘടന ഉണ്ടാക്കണം. അതിന്റെ അടിസ്ഥാനത്തില്‍ മനുഷ്യര്‍ക്കെല്ലാം ജീവിതശൈലിയും പെരുമാറ്റചട്ടവും സൃഷ്ടിക്കണം. എല്ലാ ജീവികള്‍ക്കും അവകാശപ്പെട്ട നമ്മുടെ കൊച്ചു ഗ്രഹമായ ഭൂമിയെയും അതിലെ എല്ലാ ജീവജാലങ്ങളെയും പ്രകൃതിയുടെ താളക്രമത്തില്‍ സംരക്ഷിക്കുന്ന നിയമമാകണമത്.
* ജൈവ രൂപമായ കൊറോണ വൈറസിനു സമാന്തരമായി, നമ്മുടെ ഡിജിറ്റല്‍ ലോകത്തില്‍ നാശം സൃഷ്ടിക്കുന്ന പുതിയ മാരക വൈറസുകളെ ആരെങ്കിലും സൃഷ്ടിച്ചെന്നിരിക്കും. അപ്പോള്‍ ഒറ്റയടിക്ക് നമ്മുടെ ഡിജിറ്റല്‍ പ്രപഞ്ചം തകരും. നാം വീണ്ടും നമ്മുടെ പഴയ കയ്യെഴുത്തിലേക്ക് മടങ്ങേണ്ടി വന്നേക്കാം. കാരണം, ഡിജിറ്റല്‍ ലോകവും വളരെ ലോലവും പരസ്പരബന്ധിതവും ആക്രമണ വിധേയവുമാണ്. ചുരുക്കത്തില്‍ മനുഷ്യവര്‍ഗ്ഗം വീണ്ടും ഒന്നേയെന്ന് എണ്ണി എല്ലാം പുതുതായി ആരംഭിക്കേണ്ടി വന്നേക്കാം. ഒരിക്കലും തകരുകയില്ല എന്നു കരുതപ്പെടുന്ന ഒരു ലോക വ്യവസ്ഥയുടെ പാരഡൈം അപ്പാടെ മാറിയാല്‍, അത് ഒരു തരത്തില്‍ ലോകാവസാനമാണ്. ആ സാധ്യതയും പടിവാതില്‍ക്കലുണ്ട് എന്ന് നമുക്ക് മറക്കാതിരിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates