അപഹരിക്കപ്പെടുന്ന ജനാധിപത്യത്തിന്റെ ശ്രേഷ്ഠതകള്‍: ബിആര്‍പി ഭാസ്‌കര്‍ സംസാരിക്കുന്നു

കഴിഞ്ഞ അഞ്ചു കൊല്ലത്തില്‍ ഭരണസംവിധാനത്തിന്റെ എല്ലാ തലങ്ങളിലും വര്‍ഗ്ഗീയത പടര്‍ന്നിട്ടുണ്ട്. നമ്മുടെ ജനാധിപത്യ വ്യവസ്ഥയിലെ പരിമിതമായ ജനാധിപത്യാംശം ഏറെ ചോര്‍ന്നുപോയിട്ടുമുണ്ട്.
ബി.ആര്‍.പി. ഭാസ്‌കര്‍
ബി.ആര്‍.പി. ഭാസ്‌കര്‍
Updated on
5 min read


ഴിഞ്ഞ അഞ്ചു കൊല്ലത്തില്‍ ഭരണസംവിധാനത്തിന്റെ എല്ലാ തലങ്ങളിലും വര്‍ഗ്ഗീയത പടര്‍ന്നിട്ടുണ്ട്. നമ്മുടെ ജനാധിപത്യ വ്യവസ്ഥയിലെ പരിമിതമായ ജനാധിപത്യാംശം ഏറെ ചോര്‍ന്നുപോയിട്ടുമുണ്ട്. 1977-ലും 1980-ലും ഉയര്‍ന്ന ചോദ്യമാണ് ഇപ്പോഴും നമ്മുടെ മുന്നില്‍. ഇത് ഇനിയും തുടരാന്‍ അനുവദിക്കണോ? മലയാള മാദ്ധ്യമ രംഗത്ത് ബൗദ്ധിക സത്യസന്ധതയുടെയും ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയുടെയും  പ്രതിരൂപമായ ബി.ആര്‍.പിയുടെ രാഷ്ട്രീയ നിരീക്ഷണം  

ഈ പൊതുതെരഞ്ഞെടുപ്പ് എത്രത്തോളം നിര്‍ണ്ണായകമാണ്? 
ഭരണഘടനാ സ്ഥാപനങ്ങളേയും ജനാധിപത്യ മര്യാദകളേയും മാനിക്കുന്നതില്‍ പല ഭരണകൂടങ്ങളും വീഴ്ചവരുത്തിയിട്ടുണ്ട്. ജനാധിപത്യ വ്യവസ്ഥയ്ക്ക് അടിത്തറ പാകിയ ജവഹര്‍ലാല്‍ നെഹ്രുവാണല്ലോ നിയമസഭയില്‍ ഭൂരിപക്ഷമുള്ളപ്പോള്‍ കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടത്. എന്നാല്‍, മറ്റൊരു പ്രധാനമന്ത്രിയും ഭരണവ്യവസ്ഥയെ നരേന്ദ്ര മോദിയോളം ദുഷിപ്പിച്ചിട്ടില്ല. ആ നിലയ്ക്കു ഞാന്‍ ഈ തെരഞ്ഞടുപ്പിനെ നിര്‍ണ്ണായകമായ കാണുന്നു. 1977-ലും 1980-ലും ഉയര്‍ന്ന ചോദ്യമാണ് ഇപ്പോഴും നമ്മുടെ മുന്നില്‍: ഇത് ഇനിയും തുടരാന്‍ അനുവദിക്കണോ? 

മുന്‍പും ഇന്ത്യന്‍ ജനാധിപത്യം പ്രതിസന്ധികളെ അഭിമുഖീകരിക്കുകയും സ്വേച്ഛാധിപത്യ പ്രവണതയുള്ള ഭരണാധികാരികളെ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ ഭരണവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രീതികളും അതിനേക്കാളൊക്കെ മാരകമാണോ? എത്രത്തോളം ? ഏതു വിധത്തില്‍?
അടിയന്തരാവസ്ഥ ഭരണഘടനാനുസൃതമായ നടപടി ആയിരുന്നു. ഭരണഘടനാ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്തതാണ് ഇന്ദിരാ ഗാന്ധി ചെയ്ത അപരാധം. ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ പാര്‍ലമെന്റും സുപ്രീംകോടതിയും സ്വീകരിച്ച ചില നടപടികള്‍ അടിയന്തരാവസ്ഥാ പ്രഖ്യാപനം ദുഷ്‌കരമാക്കിയിട്ടുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെ ഇന്ദിരാ ഗാന്ധിയും സഞ്ജയ് ഗാന്ധി എടുത്തതിനു സമാനമായ നടപടികള്‍ കൈക്കൊള്ളാനാകുമെന്നു കേന്ദ്രത്തില്‍ മോദിയും തെളിയിച്ചിരിക്കുന്നു. നിരവധി മനുഷ്യാവകാശ സംഘടനകളുടെ സാമ്പത്തിക സ്രോതസുകള്‍ അടച്ചുകൊണ്ടാണ് മോദി ഭരണം തുടങ്ങിയത്. കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള ഏജന്‍സികളെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുമെതിരെ അന്വേഷണത്തിനു  നിയോഗിച്ചു. എന്നാല്‍, അഞ്ചു കൊല്ലത്തില്‍ ഏതെങ്കിലും സംഘടനക്കോ വ്യക്തിക്കോ എതിരെ വിശ്വാസയോഗ്യമായ ഒരു കേസ് രജിസ്റ്റര്‍ ചെയ്തു ശിക്ഷ വാങ്ങിക്കൊടുക്കാന്‍ അവര്‍ക്കായിട്ടില്ല. അക്കാദമിക്കുകള്‍, ദളിത് നേതാക്കള്‍, വിദ്യാര്‍ത്ഥി നേതാക്കള്‍ തുടങ്ങിയവരെ സര്‍ക്കാര്‍ ബോധപൂര്‍വ്വം ലക്ഷ്യമിടുന്നതായി കാണാം. പൂനെ പൊലീസ് വിവിധ സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തി നിരവധി പൗരാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

ഇന്ദിരാഗാന്ധി
ഇന്ദിരാഗാന്ധി

പ്രത്യക്ഷത്തില്‍ത്തന്നെ നിലനില്‍ക്കാത്തവയെന്നു മനസ്സിലാക്കാവുന്ന കേസുകളാണ് അവര്‍ക്കെതിരെ ചാര്‍ജ് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതെല്ലാം മോദി ഭരണത്തെ ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥയെക്കാള്‍ മാരകമാക്കുന്നു. മൗലികാവകാശങ്ങള്‍ സസ്പെന്‍ഡ് ചെയ്യപ്പെടുന്നതുകൊണ്ട് തങ്ങള്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്നാണ് അടിയന്തിരാവസ്ഥക്കാലത്ത് ചീഫ് ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡ് പറഞ്ഞത്. ഇപ്പോള്‍ മൗലികാവകാശങ്ങള്‍ മരവിപ്പിക്കപ്പെട്ടിട്ടില്ല. എന്നിട്ടും സുപ്രീംകോടതിക്ക് ഇത്തരം കേസുകളില്‍ യഥാസമയം ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നില്ല.  

നരേന്ദ്രമോദി ഗുണപരമായ എന്തെങ്കിലും മാറ്റം ഇന്ത്യയുടെ സാമൂഹിക ജീവിതത്തിനു നല്‍കിയിട്ടുണ്ടോ?
തത്ത്വത്തില്‍ സാമൂഹിക ജീവിതത്തിനു ഗുണപരമെന്നു പറയാവുന്ന ഒന്നാണ് സ്വച്ഛ ഭാരത് പദ്ധതി. അതിന്‍ പ്രകാരം നാല് കൊല്ലത്തില്‍ ഒന്‍പത് കോടി ശുചിമുറികള്‍ നിര്‍മ്മിച്ചതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു. കഴിഞ്ഞ ഒരു കൊല്ലം മാത്രം ഈ പദ്ധതിക്ക് ചെലവാക്കിയത് 16,500 കോടി രൂപയാണ്. താന്‍ കെട്ടിക്കൊടുത്ത ടോയ്ലെറ്റുകള്‍ കാണാന്‍ വിദേശത്തുനിന്നു വിനോദസഞ്ചാരികള്‍ വരുമെന്ന് പ്രധാനമന്ത്രി ഈയിടെ പറയുകയുണ്ടായി. സര്‍ക്കാര്‍ അതിന്റെ പരിമിതമായ വിഭവങ്ങള്‍ വിദ്യാഭ്യാസം സാര്‍വ്വത്രികമാക്കുന്നതിനും ആളുകള്‍ക്കു മാനമായി ഉപജീവനം നടത്താനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനും ചെലവഴിച്ചാല്‍ ഇതുപോലുള്ള പരിപാടികള്‍ ആവശ്യമാകില്ല. കാരണം, വിദ്യാഭ്യാസം നേടുകയും ജീവിക്കാനാവശ്യമായ വരുമാനമുണ്ടാവുകയും ചെയ്യുമ്പോള്‍ ആളുകള്‍ ഇത്തരം ആവശ്യങ്ങള്‍ സ്വയം നിറവേറ്റിക്കൊള്ളും. ഇങ്ങനെയുള്ള പദ്ധതികളിലൂടെ പാവപ്പെട്ട ജനങ്ങളെ തൃപ്തിപ്പെടുത്തുകയും വന്‍വ്യവസായികള്‍ക്കും മാഫിയകള്‍ക്കും രാജ്യത്തെ വിഭവങ്ങള്‍ ചൂഷണം ചെയ്യാനുള്ള അവസരം നല്‍കുകയുമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പൊതുവേ ചെയ്യുന്നത്.  

മോദിക്കു പകരം ബി.ജെ.പിയിലെ മറ്റേതെങ്കിലും 'മിതവാദി' നേതാവ് നയിക്കുന്ന സര്‍ക്കാര്‍ എന്ന ആശയം പ്രചരിപ്പിക്കപ്പെടുന്നത് എത്രത്തോളം സ്വീകാര്യമാണ്? അത് ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യമാണോ?
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടുന്ന രീതി ബി.ജെ.പി തുടങ്ങിവെച്ചതാണ്. അതിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാകണമെന്നു തീരുമാനിക്കുന്നത് പിതൃസംഘടനയായ ആര്‍.എസ്.എസ് ആണ്. മോദിയെ നിലനിര്‍ത്തണമോ വേണ്ടയോ എന്ന് ആ സംഘടന തീരുമാനിക്കും. അതു പാര്‍ട്ടി അംഗീകരിക്കും. മോദിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനത്തില്‍ ആര്‍.എസ്.എസ്സിന് തൃപ്തിയില്ല എന്നു കരുതാന്‍ ഒരു കാരണവും ഞാന്‍ കാണുന്നില്ല. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വരികയും എന്‍.ഡി.എയിലേക്ക് പുതിയ ഘടക കക്ഷികളെ ആകര്‍ഷിക്കേണ്ടിവരികയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ മോദിയെക്കാള്‍ നല്ലത് സൗമ്യനായ ഒരാളാണെന്ന നിഗമനത്തില്‍ ആര്‍.എസ്.എസ് എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.   

പ്രതിപക്ഷ കക്ഷികളുടെ വിശാല ഐക്യം തെരഞ്ഞെടുപ്പിനു മുന്‍പുതന്നെ രൂപപ്പെടേണ്ടത് അനിവാര്യമാണോ? മോദി വിരുദ്ധ രാഷ്ട്രീയ നിലപാടില്‍ യോജിക്കുന്നവര്‍ തന്നെ പരസ്പരം മത്സരിക്കുന്ന സ്ഥിതി ഉണ്ടായാല്‍ എന്താകും പ്രത്യാഘാതം?
മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന കക്ഷികള്‍ക്കിടയിലെ ഭിന്നിപ്പ് മുതലെടുത്ത് ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന അക്രമോത്സുക ഹിന്ദുത്വ വര്‍ഗ്ഗീയത അധികാരത്തില്‍ തിരിച്ചുവരുന്നത് തടയേണ്ടതുണ്ട്. മിക്ക കക്ഷികളുടേയും സ്വാധീനം ഒന്നോ രണ്ടോ ഏറിയാല്‍ മൂന്നോ സംസ്ഥാനങ്ങളില്‍ ഒതുങ്ങുന്നതുകൊണ്ട് ഇതിനു ദേശീയതല മഹാസഖ്യം ആവശ്യമില്ല. ഓരോ സംസ്ഥാനത്തേയും പ്രബല കക്ഷികള്‍ കൈകോര്‍ത്താല്‍ മതി. പക്ഷേ, അവരുടെ ഐക്യത്തില്‍ ജനങ്ങള്‍ക്കു വിശ്വാസമുണ്ടാകാന്‍ തെരഞ്ഞെടുപ്പിനുശേഷം ഒരു ദേശീയ അനുരഞ്ജന സര്‍ക്കാര്‍ (government of national reconciliation) രൂപീകരിക്കാനുള്ള സന്നദ്ധത മുന്‍കൂട്ടി പ്രഖ്യാപിക്കണം. ആ ഗവണ്‍മെന്റിനെ ആര് നയിക്കും എന്ന ചോദ്യം അപ്രസക്തമല്ല, എന്നാല്‍, അതിനേക്കാള്‍ പ്രധാനപ്പെട്ട ചോദ്യം അതിന്റെ നയപരിപാടികള്‍ എന്തായിരിക്കും എന്നതാണ്. കഴിഞ്ഞ അഞ്ചു കൊല്ലത്തില്‍ ഭരണസംവിധാനത്തിന്റെ എല്ലാ തലങ്ങളിലും വര്‍ഗ്ഗീയത പടര്‍ന്നിട്ടുണ്ട്. നമ്മുടെ ജനാധിപത്യ വ്യവസ്ഥയിലെ പരിമിതമായ ജനാധിപത്യാംശം ഏറെ ചോര്‍ന്നുപോയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ മോദി സര്‍ക്കാരിന്റെ കാലത്തെ തെറ്റുകള്‍ തിരുത്തുമെന്നും ജനാധിപത്യ വ്യവസ്ഥ ശക്തിപ്പെടുത്തുമെന്നുമുള്ള വിശ്വാസം ജനിപ്പിക്കാന്‍ കഴിയുന്ന ഒരു ദേശീയ പരിപാടി ജനങ്ങള്‍ക്കു മുന്നില്‍ വെയ്ക്കണം.

മംഗോളിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി
മംഗോളിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി

ഏറ്റവുമധികം ലോക്സഭാ സീറ്റുകളുള്ള യു.പിയില്‍ എസ്.പിയും ബി.എസ്.പിയും തമ്മിലുണ്ടാക്കിയ സഖ്യത്തില്‍നിന്നു കോണ്‍ഗ്രസ്സിനെ അകറ്റിനിര്‍ത്തിയതിനെ എങ്ങനെ കാണുന്നു?
മൂന്നു ഹിന്ദി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് എടുത്ത ബുദ്ധിശൂന്യമായ തീരുമാനമാണ് ഇങ്ങനെയൊരു സാഹചര്യം സൃഷ്ടിച്ചത്. യു.പിയില്‍ വോട്ടുവിഹിതത്തില്‍ കോണ്‍ഗ്രസ്സ് ഇപ്പോള്‍ നാലാം സ്ഥാനത്താണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അതിനു കിട്ടിയത് സോണിയാ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും സീറ്റുകള്‍ മാത്രമാണ്. യു.പിയില്‍ നില മെച്ചപ്പെടുത്താന്‍ എസ്.പിയുടേയും ബി.എസ്.പിയുടേയും സഹായം ആവശ്യമാണെന്നു തിരിച്ചറിഞ്ഞ് മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും എസ്.പിയും ബി.എസ്.പിയുമായും സഖ്യമുണ്ടാക്കാനുള്ള വിവേകം അതിനുണ്ടായില്ല. ഇപ്പോള്‍ പ്രിയങ്ക ഗാന്ധിയെ ഇറക്കി നടത്തുന്ന കളി അപകടകരമാണ്. അതു മതനിരപേക്ഷ വോട്ടുകള്‍ വിഭജിച്ചുകൊണ്ട് ബി.ജെ.പിയുടെ വിജയസാധ്യത വര്‍ദ്ധിപ്പിക്കും. അപകടം തിരിച്ചറിഞ്ഞ് എസ്.പിയും ബി.എസ്.പിയും തെരഞ്ഞെടുപ്പിനു മുന്‍പ് കോണ്‍ഗ്രസ്സുമായി ധാരണയിലെത്തും എന്നാണെന്റെ വിശ്വാസം.  

ബി.ജെ.പി ഇതര സര്‍ക്കാരുണ്ടായാല്‍ അതിലെ മുഖ്യപങ്കാളിയും നേതൃസ്ഥാനത്തുള്ള പാര്‍ട്ടിയും കോണ്‍ഗ്രസ്സ് ആകാനുള്ള സാധ്യത എത്രത്തോളമാണ്? രാഹുല്‍ ഗാന്ധിയല്ലെങ്കില്‍ പ്രധാനമന്ത്രിയാകാന്‍ ഏറ്റവും രാഷ്ട്രീയ യോഗ്യതയും സാധ്യതയുമുള്ള നേതാവിനേയോ നേതാക്കളേയോ ചൂണ്ടിക്കാണിക്കാനുണ്ടോ?
'കോണ്‍ഗ്രസ്സിതര ബി.ജെ.പി ഇതര' സര്‍ക്കാര്‍ എന്നൊരു മുദ്രാവാക്യം കുറേക്കാലം നാം കേട്ടതാണ്. അക്കാലത്തുണ്ടായ സര്‍ക്കാരുകളുടെ ചരിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസ്സിന്റേയോ ബി.ജെ.പിയുടെയോ പുറത്തുനിന്നുള്ള പിന്തുണയോടെയാണ് നിലനിന്നതെന്നു കാണാം. ആ പാര്‍ട്ടി പിന്തുണ പിന്‍വലിച്ചപ്പോള്‍ സര്‍ക്കാര്‍ നിലംപതിച്ചു. ഇപ്പോഴും മൊത്തം വോട്ടിന്റെ പകുതി ഈ രണ്ട് കക്ഷികള്‍ക്കൊപ്പമാണ്. അന്നും ഇന്നും ആത്യന്തികമായി മറ്റു കക്ഷികളുടെ മുന്നിലുള്ള ചോദ്യം ഇതില്‍ ആരോടൊപ്പം പോകണം എന്നതാണ്. ദീര്‍ഘകാലം ഭരിച്ച കക്ഷിയെന്ന നിലയിലും പ്രാദേശിക തലത്തില്‍ അവരുടെ മുഖ്യശത്രു എന്ന നിലയിലും മിക്ക കക്ഷികളും പൊതുവില്‍ കോണ്‍ഗ്രസ്സ് വിരുദ്ധ നിലപാട് സ്വീകരിച്ചു. ഈ സാഹചര്യമാണ് ബി.ജെ.പിക്ക് വളരാന്‍ അവസരമുണ്ടാക്കിയത്. ഇനിയും ആ സമീപനം തുടരാനാവില്ല. ഇതിന്റെ അര്‍ത്ഥം രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി എല്ലാവരും അംഗീകരിക്കണമെന്നല്ല. രാഹുല്‍ ഗാന്ധിയെക്കാള്‍ അനുഭവസമ്പത്തുള്ള നേതാക്കള്‍ കോണ്‍ഗ്രസ്സിലും കോണ്‍ഗ്രസ്സിതര കക്ഷികളിലുമുണ്ട്. ഇതില്‍ ഒരാളെ അഭിപ്രായ സമന്വയത്തിലൂടെ തെരഞ്ഞെടുക്കാവുന്നതാണ്. ദേശീയ അനുരഞ്ജന സര്‍ക്കാര്‍ എന്ന സ്വഭാവം നിലനിര്‍ത്താനും കൂട്ടായ പ്രവര്‍ത്തനം സുഗമമാക്കാനും കൂട്ടായ്മയുടെ ഭാഗമായ എല്ലാ കക്ഷികളുടേയും സര്‍വ്വോന്നത നേതാക്കളടങ്ങുന്ന ഏകോപനസമിതിയുമുണ്ടാകണം.    

പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം കോണ്‍ഗ്രസ്സിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചതായി വിലയിരുത്തുന്നുണ്ടോ? പൊതുവില്‍ ദേശീയ രാഷ്ട്രീയത്തിലെ മാറ്റത്തില്‍ പ്രിയങ്ക എത്രത്തോളം 'തരംഗം' സൃഷ്ടിക്കും?
പ്രിയങ്ക ഗാന്ധിയുടെ വരവ് കോണ്‍ഗ്രസ്സ് അണികളില്‍ ഉണര്‍വ്വ് ഉണ്ടാക്കിയിട്ടുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് ആ പാര്‍ട്ടിക്ക് ഗുണം ചെയ്യും. എന്നാല്‍, ഈ തെരഞ്ഞെടുപ്പില്‍ അത് അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നു കരുതുന്നില്ല. 

ലക്‌നൗവിലെ റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും
ലക്‌നൗവിലെ റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും

നോട്ടുനിരോധനം ജി.എസ്.ടി, റഫാല്‍ അഴിമതി വിവാദം തുടങ്ങിയവ അതീവ മോശമാക്കിയ മോദി സര്‍ക്കാരിന്റെ പ്രതിച്ഛായ രാമജന്മഭൂമി പ്രശ്‌നം വീണ്ടും സജീവമാക്കിക്കൊണ്ടും രാജ്യത്ത് വര്‍ഗ്ഗീയ വൈരം കത്തിച്ചുകൊണ്ടും ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ നന്നാക്കിയെടുക്കാനും വോട്ടാക്കി മാറ്റാനുമുള്ള ശ്രമങ്ങളെ എങ്ങനെയാണ് പ്രതിരോധിക്കാനാവുക? ഈ പതിവു തന്ത്രം ബി.ജെ.പിക്ക് ഗുണം ചെയ്യുമോ?
സംഘപരിവാര്‍ രാമജന്മഭൂമി പ്രശ്‌നം കുത്തിപ്പൊക്കാന്‍ ശ്രമം തുടങ്ങിയ ശേഷമാണ് കശ്മീരിലെ പുല്‍വാമയിലെ ചാവേര്‍ ആക്രമണത്തില്‍ നാല്പതില്‍പ്പരം സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടത്. പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി സംഭവത്തെ അപലപിക്കുകയും രാഹുല്‍ ഗാന്ധി ഈ സാഹചര്യം നേരിടുന്നതിനു സര്‍ക്കാരിനു പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തെങ്കിലും ബി.ജെ.പി രാമജന്മഭൂമി പ്രശ്‌നം മാറ്റിവെച്ചിട്ട് ഈ ഭീകരാക്രമണത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. രാമജന്മഭൂമി പ്രശ്‌നവും ദേശീയതാ നാട്യവും ഹിന്ദി മേഖലയില്‍ ബി.ജെ.പിക്ക് പ്രയോജനകരമായേക്കാം. മറ്റു പ്രദേശങ്ങളില്‍ അവ അതിനു ഗുണം ചെയ്യില്ല. അവിടെ വേണ്ടത്ര തയ്യാറെടുപ്പ് കൂടാതെ നടപ്പാക്കിയ ഡീമോണിറ്റൈസേഷനും ജി.എസ്.ടിയും ഉണ്ടാക്കിയ തിരിച്ചടികളും റഫാല്‍ അഴിമതിയും ആകും കൂടുതല്‍ നിര്‍ണ്ണായകമാവുക. 

ഈ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ് കൂടുതല്‍ പ്രത്യക്ഷമാകാനും ബി.ജെ.പിക്ക് ഭരണത്തുടര്‍ച്ച ഉണ്ടാക്കിക്കൊടുക്കാന്‍ ശ്രമിക്കുകയും ചെയ്യാനിടയുണ്ടോ?
ആര്‍.എസ്.എസ് 1951-1952 ലെ തെരഞ്ഞെടുപ്പിനു മുന്‍പുതന്നെ അതിന്റെ ആദ്യ രാഷ്ട്രീയ വാഹനമായ ജനസംഘ് രൂപീകരിച്ചിരുന്നു. എന്നാല്‍, ആദ്യ ഘട്ടത്തില്‍ അതിന്റെ മുഴുവന്‍ ശക്തിയും അതിനുവേണ്ടി വിനിയോഗിച്ചിരുന്നില്ല. അതു തെരഞ്ഞെടുപ്പില്‍ ചിലയിടങ്ങളിലെങ്കിലും കോണ്‍ഗ്രസ്സ് അനുകൂല നിലപാട് എടുത്തിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ തെരഞ്ഞെടുപ്പില്‍ അത് ഇന്ദിരാ ഗാന്ധിക്കെതിരെ പ്രവര്‍ത്തിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തിനായി അത് ബൂത്ത് തല പ്രവര്‍ത്തനത്തിനു ഒരു ലക്ഷത്തിലധികം കേഡറുകളെ രംഗത്തിറക്കി. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം അതു പരിവാര്‍ അജന്‍ഡ നടപ്പിലാക്കാന്‍ ഭരണത്തില്‍ നിരന്തരം ഇടപെടുകയും ചെയ്തു. അധികാരത്തില്‍ ഏതാണ്ട് നേരിട്ടുതന്നെ പങ്കാളി ആയിക്കഴിഞ്ഞതിനാല്‍  ഇനി അതു സ്വമേധയാ പഴയ രീതിയിലേയ്ക്കു പോകാനിടയില്ല.  

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകുമോ? ശബരിമല വിഷയത്തിന്റെ രാഷ്ട്രീയ ഗുണഭോക്താക്കളാകാന്‍ ബി.ജെ.പിക്കു കഴിയുമെന്നു കരുതുന്നുണ്ടോ?
ശബരിമല വിഷയത്തില്‍ ബി.ജെ.പി സ്വീകരിച്ച നിലപാടിനോട് യോജിക്കുന്ന ഒരു വലിയ യാഥാസ്ഥിതിക വിഭാഗം കേരളത്തിലുണ്ട്. പക്ഷേ, ആ വിഷയം തെരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി സ്വാധീനിക്കില്ല. പരമ്പരാഗതമായി മലയാളികളുടെ തെരഞ്ഞെടുപ്പ് നിലപാട് നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍ തന്നെയാകും ഇത്തവണയും നിര്‍ണ്ണായകം. ബി.ജെ.പിയുടെ ശബരിമല സമരം അക്രമാസക്തവും ആഭാസകരവും ആയിരുന്നില്ലെങ്കില്‍ അതു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കൂടുതല്‍ ഗുണം ചെയ്യുമായിരുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു.

കേരളത്തില്‍ സി.പി.എമ്മും ഇടതുമുന്നണിയും സര്‍ക്കാരും സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സ്വീകരിച്ച ശക്തമായ നിലപാട് തെരഞ്ഞെടുപ്പില്‍ ഏതുവിധം പ്രതിഫലിക്കാനാണ് സാധ്യത?
തെരഞ്ഞെടുപ്പില്‍ ശബരിമല നിര്‍ണ്ണായക വിഷയമാകില്ലെന്നതുകൊണ്ട് സര്‍ക്കാര്‍ നിലപാട് സി.പി.എമ്മിനു വലിയ ഗുണമോ വലിയ ദോഷമോ ചെയ്യാന്‍ സാധ്യതയില്ല.  

കേരളത്തില്‍ ബി.ജെ.പി ഈ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുമെന്നു വിലയിരുത്തുന്നുണ്ടോ? എന്തായിരിക്കും അതിന്റെ ഫലപ്രാപ്തി?
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേരളത്തില്‍ ചില വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം വളര്‍ത്താന്‍ ബി.ജെ.പിക്കു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, അനുകൂല സാഹചര്യങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ അതിന്റെ നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. വോട്ടുവിഹിതം ഇനിയും അല്പം വര്‍ദ്ധിപ്പിക്കാന്‍ അതിനു കഴിഞ്ഞേക്കും. എന്നാല്‍, പതിറ്റാണ്ടുകളായി അധികാരം പങ്കിടുന്ന രണ്ട് മുന്നണികളില്‍ ഒന്നു മറ്റേതിന്റെ സീറ്റുകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ചില്ലറ സഹായം ചെയ്തു കൊടുത്താലല്ലാതെ ബി.ജെ.പിയുടെ ലോക്സഭാ സീറ്റ് മോഹം ഇത്തവണയും പൂവണിയാനിടയില്ല.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വിലയിരുത്തലായിക്കൂടി ഈ തെരഞ്ഞെടുപ്പ് മാറുന്നതിന്റെ ഫലം കേരളത്തില്‍ എങ്ങനെയാകും പ്രതിഫലിക്കുക?
ഏതൊരു ലോക്സഭാ തെരഞ്ഞെടുപ്പിലും സംസ്ഥാന സര്‍ക്കാരിനോടുള്ള മനോഭാവവും ചെറിയ തോതിലെങ്കിലും പ്രതിഫലിക്കും. എന്നാല്‍, കേന്ദ്രം ഭരിക്കാന്‍ ഒരു സര്‍ക്കാരിനെ തെരഞ്ഞെടുക്കുകയാണെന്ന ബോധത്തോടെയാകും ജനങ്ങള്‍ വോട്ടു ചെയ്യുന്നത്. ഇത്തവണ ആ ബോധം പൂര്‍വ്വാധികം ശക്തമാകാനാണിട.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com