''മധു ചഷകമാണെന്നാരോ പറയുന്നു, മധുശാലയാണെന്നു ലോകം പറയുന്നു, നിന്റെ കണ്ണുകളെക്കുറിച്ചു ലോകം എന്തുതന്നെ പറയുന്നില്ല...''
വളരെ സുന്ദരമായിരുന്നു ഇര്‍ഫാന്‍ ഖാന്റെ കണ്ണുകള്‍. അവയുടെ ചലനങ്ങളായിരുന്നു അദ്ദേഹത്തിന്റെ അഭിനയത്തിന്റെ ആത്മാവ്. അതുകൊണ്ടുതന്നെയായിരിക്കും അദ്ദേഹത്തിന്റെ മരണശേഷം സുഹൃത്തായ ഷാരൂഖ് ഖാന്‍ മേല്‍പറഞ്ഞ വരികള്‍ കൂടി അനുശോചന സന്ദേശത്തോടൊപ്പം ട്വീറ്റ് ചെയ്തത്. നസിറുദ്ദീന്‍ ഷാ പറയുന്നു, നിങ്ങള്‍ അഞ്ചു മിനിറ്റ് അദ്ദേഹത്തിന്റെ കണ്ണുകളിലേക്കു നോക്കിയിരുന്നാല്‍ അവിടെ അദ്ദേഹത്തിന്റെ ആത്മാവിലെ ശാന്തത നമുക്കും അനുഭവിക്കാന്‍ കഴിയും എന്ന്. ടോം ഹാങ്ക്സ് വരെയുള്ള അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച എല്ലാവരും ഇതു ശരി വെക്കുന്നുമുണ്ട്.
എണ്‍പതുകളിലും തൊണ്ണൂറുകളിലും അന്ന് പ്രതാപിയായിരുന്ന ദൂരദര്‍ശനില്‍ (ചാനലുകളുടെ അതിപ്രസരമുണ്ടാകുന്നതിന് മുന്‍പ്) നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനം പൂര്‍ത്തിയാക്കിയ മെലിഞ്ഞു നീണ്ട ശരീരവും ഉണ്ടക്കണ്ണുകളുമുള്ള ഒരു പയ്യന്‍ സ്ഥിരം സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞിരുന്നു. 'ഫൗജി', സര്‍ക്കസ് എന്നീ ഹിറ്റ് സീരിയലുകളിലൂടെ ഒരു മിന്നല്‍പ്പിണരായി രംഗപ്രവേശം ചെയ്ത് ഷാരൂഖ് ഖാന്‍ പെട്ടെന്നു തന്നെ ബോളിവുഡിലേക്ക് ചേക്കേറിയെങ്കിലും ഈ പയ്യന്‍ ദൂരദര്‍ശനില്‍ തന്നെ തുടരുകയും അനേകം ക്ലാസ്സിക് ഹിന്ദി സീരിയലുകളുടെ ജീവാത്മാവായ കഥാപാത്രങ്ങളായി പരകായപ്രവേശം നടത്തുകയും ഹിന്ദി സീരിയല്‍ പ്രേക്ഷകരുടെ മനം കവരുകയും ചെയ്തു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ഓരോ പ്രേക്ഷകനും അദ്ദേഹത്തിന്റെ വിട വാങ്ങല്‍ ഒരു വ്യക്തിപരമായ ദു:ഖമായി അനുഭവപ്പെട്ടു. ഇതു ചിലരില്‍ മാത്രം ഒതുങ്ങില്ല, ലോകത്തെ കോടിക്കണക്കിനു ജനങ്ങള്‍ക്കാണ് ഈ ദുഃഖം അനുഭവപ്പെട്ടത്.
'ശ്രീകാന്ത്', 'ഭാരത്: ഏക് ഖോജ്', അനുഗൂന്‍ജ്, കഹ്കശാന്‍, ശേഷ് പ്രശ്ന്‍, ചന്ദ്രകാന്ത, ചാണക്യ, ലാല്‍ ഘാസ് പര്‍ നീലെ ഖോടെ, സ്പര്‍ശ്, ഡര്‍, ബനേഗി അപ്നി ബാത്, ഹംരാഹി, കിര്‍ദാര്‍, നയാ ദൗര്‍, കമല കി മൗത്ത്, ഏക് ഡോക്ടര്‍ കി മൗത്ത്, സ്റ്റാര്‍ ബെസ്റ്റ് സെല്ലേര്‍സ് എന്നിങ്ങനെ എണ്ണമറ്റ സീരിയലുകളിലൂടെ അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു. അദ്ദേഹത്തിന്റെ നോട്ടം, ഭാവം, പെരുമാറ്റം എന്നിവയെല്ലാം ഓരോ ടി.വി പ്രേക്ഷകന്റെയും ശ്രദ്ധ ആകര്‍ഷിക്കുന്നതായിരുന്നു. ഇതില്‍ ദൗര്‍ഭാഗ്യകരമായ കാര്യം ടി.വിയില്‍ മികച്ച അഭിനയം കാഴ്ചവെച്ചിട്ടും അദ്ദേഹത്തിന് സിനിമയില്‍നിന്നു കാര്യമായ ക്ഷണമൊന്നും കിട്ടിയില്ല എന്നതാണ്. ഒരു ഇന്റര്‍വ്യൂവില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്, ഒരു സംവിധായകനോട് ചാന്‍സ് ചോദിച്ചപ്പോള്‍ അദ്ദേഹം ചോദിച്ചുവത്രേ, നിനക്കു സീരിയലുകള്‍ ചെയ്താല്‍ പോരേ, എന്തിനാണ് സിനിമയിലൊക്കെ അഭിനയിക്കാന്‍ ശ്രമിക്കുന്നതെന്ന്. ഹിന്ദി സിനിമ അദ്ദേഹത്തിന്റെ പ്രതിഭയെ വേണ്ടത്ര ഉപയോഗപ്പെടുത്തിയില്ല എന്ന് നമുക്ക് നിസ്സംശയം പറയാന്‍ സാധിക്കും. കാരണം, സിനിമയില്‍ ഗോഡ്ഫാദര്‍ ഉണ്ടാകുക എന്നതും ഒരു പ്രധാന ഘടകമാണല്ലോ.
സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റം മീര നായരുടെ 'സലാം ബോംബെ' (1988)യിലൂടെ ആയിരുന്നു എന്നത് അഭിമാനകരമാണെങ്കിലും ആ സിനിമയില്‍ വളരെ ചെറിയ ഒരു റോള്‍ ആണ് അദ്ദേഹത്തിന് ലഭിച്ചത്. 2001-ല്‍ ആസിഫ് കപാഡിയയുടെ 'ദ വാരിയര്‍'-ലെ അഭിനയത്തോടെ ആണ് അദ്ദേഹത്തിന് അന്താരാഷ്ട്ര ശ്രദ്ധ ലഭിക്കുന്നത്. 2004-ല്‍ അശ്വിന്‍ കുമാറിന്റെ ഷോര്‍ട്ട് ഫിലിം ആയ 'റോഡ് ടു ലഡാക്കി'ലെ അഭിനയവും രാജ്യത്തും വിദേശത്തും നിരൂപക പ്രശംസ പിടിച്ചുപറ്റി. ഇതേ വര്‍ഷം ഇറങ്ങിയ മഖ്ബൂലും ഇത്തരത്തില്‍ അംഗീകരിക്കപ്പെട്ടു. നായകനായി അരങ്ങേറ്റം കുറിച്ച 'രോഗ്' സാമ്പത്തിക വിജയം കണ്ടില്ലെങ്കിലും നിരൂപക പ്രശംസ നേടി. ഇവിടെയും കണ്ണുകള്‍ തന്നെയായിരുന്നു സംവദിച്ചത്. നിരൂപകര്‍ പരാമര്‍ശിച്ചതും ഇതേ കാര്യം തന്നെ. ലൈഫ് ഇന്‍ എ മെട്രോ, ദ നെയിംസേക്ക്, ഹാസില്‍, സ്ലം ഡോഗ് മില്ലെനയര്‍, ലൈഫ് ഓഫ് പൈ, പാന്‍സിങ്ങ് തോമര്‍, ദ ലഞ്ച് ബോക്സ്, പികു, ജുറാസ്സിക് വേള്‍ഡ്, ഇന്‍ഫെര്‍നോ, മദാരി, ഹിന്ദി മീഡിയം, കരീബ് കരീബ് സിംഗിള്‍, അംഗ്രേസി മീഡിയം എന്നിങ്ങനെ പ്രശസ്ത സിനിമകളില്‍ പ്രധാനപ്പെട്ട വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പാന്‍സിംഗ് തോമറിലെ അഭിനയത്തിന് മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്‌കാരവും 2011-ല്‍ പദ്മശ്രീയും ലഭിച്ചു.
ഒരു സംവിധായകനാകുക എന്ന തന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാനാകാതെയാണ് അദ്ദേഹം വിട വാങ്ങിയത്. പക്ഷേ, അതില്‍ അദ്ദേഹത്തിന് തെല്ലും പരിഭവമുണ്ടായിരുന്നില്ല. ''ജീവിതം വീണ്ടും എനിക്കൊരു അവസരം തരികയാണെങ്കില്‍ ഞാന്‍ അവള്‍ക്കു വേണ്ടി ജീവിക്കാനാഗ്രഹിക്കുന്നു...'' എന്നാണ് അദ്ദേഹം ഒരു മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞത്. ഭാര്യ സുതപയെക്കുറിച്ചാണ് അദ്ദേഹം പരാമര്‍ശിച്ചത്. കാരണം, അത്രമാത്രം അവര്‍ പരസ്പരം സ്നേഹിച്ചിരുന്നു, രോഗശയ്യയില്‍ ഇരുപത്തിനാല് മണിക്കൂറും സുതപ അദ്ദേഹത്തിനു കൂട്ടിരുന്നു, അദ്ദേഹത്തെ പരിചരിച്ചു.
യാസീന്‍ അലി ഖാന്റെയും സയീദ ബീഗത്തിന്റെയും മകനായി 1967-ല്‍ ജനിച്ച ഇര്‍ഫാന്‍ ഖാന്‍ 1984-ല്‍ ദില്ലിയിലെ എന്‍.എസ്.ഡിയില്‍ ചേരുമ്പോഴാണ് സഹപാഠിയായ സുതപയെ പരിചയപ്പെടുന്നത്. ജയ്പൂരില്‍നിന്നു എം.എ. പഠനത്തിനു ശേഷം മകന്‍ ദില്ലിയിലേക്കു പോകാന്‍ തയ്യാറെടുത്തപ്പോള്‍ വിവാഹിതനായ ശേഷം പോയാല്‍ മതിയെന്ന് അമ്മ നിര്‍ബന്ധിച്ചിരുന്നു. പക്ഷേ അദ്ദേഹം അതാഗ്രഹിച്ചിരുന്നില്ല. ഇക്കാലത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ: ദില്ലിയില്‍ എത്തുന്നതു വരെ എനിക്ക് അറിയില്ലയിരുന്നു, പെണ്‍കുട്ടികള്‍ക്ക് സുഹൃത്തുക്കളാകാനും കഴിയുമെന്ന്. ജയ്പൂരില്‍ ഒരു പെണ്‍കുട്ടിയോട് സൗഹൃദം സ്ഥാപിച്ചാല്‍ അതിനര്‍ത്ഥം അവള്‍ നിങ്ങളുടെ കാമുകിയാണെന്നാണ്... ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും സുഹൃത്തുക്കളാകുന്നതിനെക്കുറിച്ച് ആളുകള്‍ക്ക് ചിന്തിക്കാന്‍ പോലുമാകില്ലായിരുന്നു. എനിക്ക് സുതപയെ ഇഷ്ടപ്പെട്ടു. എനിക്ക് എന്റെ എല്ലാക്കാര്യങ്ങളും അവളോട് തുറന്നുപറയാന്‍ സാധിക്കുമായിരുന്നു. എന്‍.എസ്.ഡിയില്‍വെച്ച് എന്നേക്കാള്‍ എല്ലാറ്റിലും സുതപയായിരുന്നു മുന്നില്‍. ഡിസൈന്‍, പെര്‍ഫോമന്‍സ് എല്ലാക്കാര്യത്തിലും. ഞാന്‍ അവളെ മാറി നിന്നു ശ്രദ്ധിക്കാറുണ്ടായിരുന്നു. അവളോട് സംസാരിക്കുമ്പോള്‍ പലപ്പോഴും ഞങ്ങള്‍ ഒരേ രീതിയിലാണ് ചിന്തിക്കുന്നതെന്ന് എനിക്ക് തോന്നിത്തുടങ്ങി. അവിടെ നിന്നാണ് കാര്യങ്ങള്‍ കുഴയുന്നതും.
പഠനശേഷം ഇര്‍ഫാന്‍ അഭിനയത്തില്‍ വളരെ ഫോക്കസ് ചെയ്ത് മുന്‍പോട്ടു പോയി. പക്ഷേ, സുതപ അല്പം എഴുത്തും നാടകപ്രവര്‍ത്തനങ്ങളുമായി ഒതുങ്ങിക്കൂടി. ഇര്‍ഫാനും സുതപയും ഒന്നിച്ചു താമസിക്കാന്‍ ആരംഭിച്ചു കുറേക്കാലം കഴിഞ്ഞിട്ടും അവര്‍ക്കൊരിക്കലും വിവാഹം കഴിക്കേണ്ടതിന്റെ ആവശ്യം അനുഭവപ്പെട്ടിരുന്നില്ല. പിന്നീട് നിയമപരമായ കടലാസുകളുടെ ആവശ്യമുണ്ടെന്നു കണ്ടപ്പോള്‍ 1996-ല്‍ അവര്‍ വിവാഹിതരായി. സുഹൃത്തുക്കളായിരിക്കുമ്പോഴേ ഇര്‍ഫാന്‍ സുതപയുടെ വീട് സന്ദര്‍ശിക്കാറുണ്ടായിരുന്നു. 1992-ലെ കലാപ സമയത്ത് സുതപയുടെ സഹോദരന്‍ വല്ലാതെ ഭയപ്പെട്ടിരുന്നു. ഉടനെ ഇര്‍ഫാന്‍ അവള്‍ക്കു വേണ്ടി മതം മാറാന്‍ പോലും തയ്യാറാണെന്നറിയിച്ചു. പക്ഷേ അവളുടെ അമ്മ തടഞ്ഞു. ഇര്‍ഫാന്റെ കുടുംബത്തില്‍ ആദ്യം സുതപയെച്ചൊല്ലി പ്രശ്നങ്ങള്‍ ഉണ്ടായെങ്കിലും പിന്നീട് അവള്‍ അമ്മയുടെ പ്രിയപ്പെട്ട മരുമകളായി മാറി. ഇപ്രകാരം തുടങ്ങിയ ജീവിതയാത്ര ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം ഇര്‍ഫാന്റെ മരണത്തോടെ സമാപിച്ചു. മുംബൈയിലെ മട്ഗാവില്‍ സ്ഥിതിചെയ്യുന്ന അവരുടെ ആഡംബര ഫ്‌ലാറ്റില്‍ ചുമര്‍-ജനല്‍ എന്നിവയുടെ പരമ്പരാഗത കോണ്‍സെപ്റ്റിന് പ്രാധാന്യം കുറവാണ്. അവര്‍ അവരുടെ ബന്ധത്തെപ്പോലെ തന്നെ വീട്ടിലും കുറെ ചുമരുകള്‍ ഒഴിവാക്കിയിരിക്കുന്നു.
ഇര്‍ഫാനെ സ്‌നേഹിക്കുന്നവര്‍ക്കായി അദ്ദേഹത്തിന്റെ മരണശേഷം സുതപ തന്റെ ഫേസ് ബുക്കില്‍ ഒരു പോസ്റ്റിട്ടു. 'I have not lost I have gained in every which way...' എന്ന് തുടങ്ങുന്നു പോസ്റ്റ്. ഇര്‍ഫാന്റെ വിടപറച്ചിലില്‍ ലോകം മുഴുവന്‍ ദുഃഖിക്കുമ്പോള്‍ ഞാനിതെങ്ങനെ ഒരു കുടുംബത്തിന്റെ മാത്രം പ്രസ്താവനയായി എഴുതും? കോടിക്കണക്കിനു ജനങ്ങള്‍ ഞങ്ങളോടൊപ്പം ദുഃഖിക്കുമ്പോള്‍ എങ്ങനെ ഈ വേദന എന്റേതുമാത്രമായി ഞാന്‍ കാണും? ഞാന്‍ എല്ലാവര്‍ക്കും ഒരു കാര്യം ഉറപ്പു തരാം, ഇതൊരു നഷ്ടമല്ല, ഇതൊരു നേട്ടമാണ്, ഇനി നമുക്ക് ഇതെല്ലം യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് ഉയര്‍ന്നു വരാന്‍ ശ്രമിക്കണം. തുടര്‍ന്ന് അദ്ദേഹത്തിന്റെ രോഗബാധയെക്കുറിച്ചും അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ നേട്ടങ്ങളെക്കുറിച്ചുമെല്ലാം പരാമര്‍ശിക്കുന്നുണ്ട്. ഇര്‍ഫാനോടൊപ്പമുള്ള ഒരു ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.
ഇര്‍ഫാന്‍ തന്റെ തൊഴിലിനെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും നന്നായി ധാരണയുണ്ടാക്കിയ ശേഷമാണ് സിനിമയിലെത്തുന്നത്. തന്റെ അറിവുകള്‍ പ്രയോഗിച്ച് അതിന്റെ പാരമ്യത്തിലെത്തുമ്പോഴേക്കും അകാലത്തില്‍ത്തന്നെ അദ്ദേഹത്തെ മരണം തട്ടിയെടുത്തു. ഇനിയും ഒരുപാട് വേഷങ്ങള്‍ ബാക്കിവെച്ചുകൊണ്ട് ആ അതുല്യപ്രതിഭ നമ്മോട് വിട പറഞ്ഞു. സ്വപ്രയത്‌നം ഒന്നുകൊണ്ട് മാത്രമാണ് അദ്ദേഹത്തിന് ലോകസിനിമയുടെ അനന്തവിഹായസ്സില്‍ തന്റെ സാന്നിദ്ധ്യം ഉറപ്പിക്കാനായത് എന്നത് അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നു. പ്രശസ്ത ഉര്‍ദു കവി സയ്യിദ് അബ്ബാസ് അലി എഴുതിയത് പോലെ,
''കഥ കഴിഞ്ഞു... എങ്ങനെ കഴിഞ്ഞുവെന്നാല്‍
ജനങ്ങള്‍ കരഞ്ഞു തുടങ്ങി, കയ്യടിച്ചുംകൊണ്ട്...''
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates