ടി.പി. പത്മനാഭന്‍: പരിസ്ഥിതിസ്‌നേഹത്തിന്റെ പോരാട്ടമുഖം

അതിസുന്ദരിയായ ചെറിയൊരു പക്ഷിയാണ് സൂചിമുഖി. തന്റെ കുഞ്ഞുകൊക്കുകള്‍ കൊണ്ട് പരാഗണം നടത്തി തനിക്ക് ചെയ്യാന്‍ കഴിയുന്നത് പ്രകൃതിയില്‍ ചെയ്തുവെയ്ക്കുന്ന പക്ഷി.
ടി.പി. പത്മനാഭന്‍: പരിസ്ഥിതിസ്‌നേഹത്തിന്റെ പോരാട്ടമുഖം
Updated on
8 min read

തിസുന്ദരിയായ ചെറിയൊരു പക്ഷിയാണ് സൂചിമുഖി. തന്റെ കുഞ്ഞുകൊക്കുകള്‍ കൊണ്ട് പരാഗണം നടത്തി തനിക്ക് ചെയ്യാന്‍ കഴിയുന്നത് പ്രകൃതിയില്‍ ചെയ്തുവെയ്ക്കുന്ന പക്ഷി. ഈ വലിയ ലോകത്ത് തന്റെ കര്‍മ്മം ചെയ്തുകൊണ്ടേയിരിക്കുക. എഴുപതുകളുടെ അവസാനം വടക്കന്‍ മലബാറില്‍ പയ്യന്നൂരില്‍ കേരളത്തിലെ തന്നെ ആദ്യത്തെ പാരിസ്ഥിതിക പഠന സംഘടനയും പരിസ്ഥിതി മാസികയും പിറവികൊള്ളുമ്പോള്‍ സണ്‍ബേര്‍ഡ്സ് എന്ന സൂചിമുഖി പക്ഷിയായാണ് അവരതിനെ കണ്ടത്. കേരളത്തില്‍ പാരിസ്ഥിതിക അവബോധത്തിന് പഠനങ്ങളിലൂടെയും സമരങ്ങളിലൂടെയും അടിത്തറയിട്ട പ്രധാന സംഘടനയാണ് സൊസൈറ്റി ഫോര്‍ എന്‍വയോണ്‍മെന്റല്‍ എജ്യുക്കേഷന്‍ ഇന്‍ കേരള (സീക്ക്). ആ കൂട്ടായ്മയില്‍ പിറന്ന മാസികയ്ക്ക് പേരും സൂചിമുഖി എന്നായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ ജോണ്‍ സി. ജേക്കബ് തുടങ്ങിവെച്ച സീക്കും സൂചിമുഖിയും ടി.പി. പത്മനാഭന്‍ എന്ന പ്രകൃതിസ്‌നേഹിയിലൂടെ വര്‍ഷങ്ങള്‍ക്കിപ്പുറവും അതിന്റെ കര്‍മ്മം ചെയ്തുകൊണ്ടേയിരിക്കുന്നു.

1987 തൊട്ട് സീക്കിന്റെ ഡയറക്ടറും മുഖമാസികയായ സൂചിമുഖിയുടെ എഡിറ്ററുമാണ് ടി.പി. പത്മനാഭന്‍. അറുപത്തിയെട്ടാമത്തെ വയസ്സിലും ആ ആവേശത്തിന് ഒട്ടും കുറവില്ല. സൈലന്റ്വാലിയിലടക്കം പഠനങ്ങളും സമരങ്ങളുമായി പ്രവര്‍ത്തിച്ച അദ്ദേഹം വടക്കന്‍ കേരളത്തിലെ നിരവധിയായ പാരിസ്ഥിതിക സമരങ്ങളുടെ ഭാഗമായി. പയ്യന്നൂര്‍ കണ്ടങ്കാളി താലോത്ത് വയലിലെ പെട്രോളിയം സംഭരണശാല വരുന്നതിനെക്കുറിച്ചുള്ള പഠനങ്ങളിലും സമരങ്ങളിലും ബോധവല്‍ക്കരണത്തിലും ആ പ്രവര്‍ത്തനങ്ങള്‍ എത്തിനില്‍ക്കുന്നു.

സീക്ക്-ആദ്യ പാരിസ്ഥിതിക സംഘടന

കേരളത്തില്‍ പ്രകൃതിപഠനങ്ങളും പാരിസ്ഥിതിക അവബോധവും ഒട്ടുമേ ഇല്ലാത്ത ഒരു കാലത്തായിരുന്നു കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ ഇത്തരം ഒരു കൂട്ടായ്മ ഉണ്ടാകുന്നത്. പയ്യന്നൂര്‍ കോളേജിലെ സുവോളജി പ്രൊഫസറായിരുന്ന ജോണ്‍സി ജേക്കബാണ് അതിനു തുടക്കം കുറിച്ചത്. 1972-ല്‍ ആദ്യ പരിസ്ഥിതി സമ്മേളനമായ സ്റ്റോക് ഹോം കോണ്‍ഫറന്‍സ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ തുടങ്ങിയതിന്റെ ഒരാവേശത്തിലാണ് ജോണ്‍സി മാഷ് അദ്ദേഹത്തിന്റെ ഡിപ്പാര്‍ട്ട്മെന്റില്‍ 1972-ല്‍ത്തന്നെ സുവോളജിക്കല്‍ ക്ലബ്ബ് തുടങ്ങുന്നത്. അവിടത്തെ അധ്യാപകരും വിദ്യാര്‍ത്ഥികളുമായിരുന്നു ക്ലബ്ബംഗങ്ങള്‍. ക്യാംപസിനു പുറത്ത് സമാന ചിന്താഗതിക്കാരായ ആളുകള്‍കൂടി സഹകരിക്കാന്‍ തുടങ്ങിയതോടെയാണ് എല്ലാവരേയും ഉള്‍ക്കൊള്ളിച്ച് സീക്ക് എന്ന സംഘടന 1979-ല്‍ ഉണ്ടാകുന്നത്. 

സി ഉണ്ണികൃഷ്ണന്‍
സി ഉണ്ണികൃഷ്ണന്‍

പയ്യന്നൂര്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്നെങ്കിലും ടി.പി. പത്മനാഭന് അക്കാലത്ത് ജോണ്‍സി മാഷുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് പ്രൈമറി സ്‌കൂള്‍ അധ്യാപകനായി. അടുത്തടുത്ത പ്രദേശത്ത് താമസിക്കുന്നതിനാല്‍ എല്ലാ ദിവസവും കാണാനും സംസാരിക്കാനും അവസരമുണ്ടായി. സുവോളജിക്കല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ അക്കാലത്ത് വന്യജീവി വാരാഘോഷം നടത്തിയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരങ്ങളും മറ്റും. അങ്ങനെ സ്‌കൂളിലെ കുട്ടികളെ അതില്‍ പങ്കെടുപ്പിച്ചും അതിനോട് സഹകരിച്ചും പ്രവര്‍ത്തിച്ചതോടെയാണ് ജോണ്‍സി ജേക്കബുമായുള്ള ബന്ധം ദൃഢമാകുന്നത്. 1977 ഒക്ടോബറില്‍ ടി.പി. പത്മനാഭനും മറ്റ് അധ്യാപകരും സംഘാടകരായി ഇടനാട് യു.പി. സ്‌കൂളില്‍ മൂന്നു ദിവസത്തെ സയന്‍സ് ക്യാമ്പ് നടത്തി. അധ്യാപകരും ഫോട്ടോഗ്രാഫറുമായ സി. ഉണ്ണികൃഷ്ണനും കൂടെയുണ്ട്. ആദ്യകാലത്തെ പല പരിസ്ഥിതി സമരങ്ങളുടേയും ചിത്രങ്ങളെടുത്തത് ഇദ്ദേഹമായിരുന്നു.

ജോണ്‍ സി ജേക്കബ്
ജോണ്‍ സി ജേക്കബ്

''പരിസ്ഥിതി ബോധവല്‍ക്കരണത്തിന് ചിത്രങ്ങളൊക്കെ ഉപയോഗിച്ച് സ്ലൈഡുകളൊക്കെ ഉണ്ടാക്കുന്നത് ഉണ്ണികൃഷ്ണനായിരുന്നു. ക്യാമ്പില്‍ ക്ലാസ്സെടുക്കാന്‍ ജോണ്‍സി മാഷും ഉണ്ടായിരുന്നു. ആ ക്യാമ്പിലാണ് പരിസരപഠനത്തിന് മാത്രമായി ഒരു ക്യാമ്പ് നടത്തികൂടെ എന്ന നിര്‍ദ്ദേശം ഉണ്ടാകുന്നത്. അങ്ങനെയാണ് 1977 ഡിസംബറില്‍ ഇന്നത്തെ നാവിക അക്കാദമിയുടെ പ്രദേശത്ത് ഏഴിമലയില്‍ ആദ്യത്തെ പ്രകൃതി പരിചയ സഹവാസം തുടങ്ങുന്നത്. അന്നു ഞങ്ങളെല്ലാം ചെറുപ്പക്കാരായിരുന്നു. നിലനില്‍ക്കുന്ന അധ്യാപക സംഘടനകളില്‍നിന്നും രാഷ്ട്രീയ സംഘടനകളില്‍നിന്നും മാറി പുതിയൊരു മേഖല ഞങ്ങള്‍ക്കു വേണമായിരുന്നു'' -പത്മനാഭന്‍ മാഷ് ഓര്‍ത്തെടുക്കുന്നു.

ഏഴിമലയില്‍നിന്ന് സൈലന്റ്വാലിയിലേക്ക് 

ഏഴിമലയിലെ ക്യാമ്പ് ഇന്ത്യയിലെ തന്നെ പരിസ്ഥിതി വിദ്യാഭ്യാസത്തിന്റെ ആദ്യ ക്യാമ്പായി വിലയിരുത്താം. അതുവരെ പ്രധാനമായും ക്യാമ്പുകള്‍ നടത്തിയിരുന്നത് ബോംബെ നാച്ച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയും വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് ഇന്ത്യയുമാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ ആദ്യകാല പ്രവര്‍ത്തകരെല്ലാം പക്ഷി നിരീക്ഷകരായിരുന്നതിനാല്‍ പക്ഷി നിരീക്ഷണമായിരുന്നു ആ ക്യാമ്പുകളിലെല്ലാം നടന്നുകൊണ്ടിരുന്നത്. ഒപ്പം മലകയറ്റംപോലെ സാഹസിക ക്യാമ്പുകളും. സുവോളജിക്കല്‍ ക്ലബ്ബ് സംഘടിപ്പിച്ച ക്യാമ്പ് കേരളത്തിലെ വിവിധ ആവാസ വ്യവസ്ഥകളെക്കുറിച്ചായിരുന്നു. കാട്, പുഴ, കാവ്, കടല്‍ എല്ലാം വിഷയങ്ങളായി. ക്യാമ്പ് ഡയറക്ടര്‍ ജോണ്‍സി ജേക്കബായിരുന്നു. ടി.പി. പത്മനാഭനായിരുന്നു ക്യാമ്പിന്റെ പ്രധാന സംഘാടകന്‍. കെ.കെ. നീലകണ്ഠന്‍, പ്രൊഫ. എം.കെ. പ്രസാദ്, തുടങ്ങിയവരൊക്കെയാണ് അന്നു ക്ലാസ്സുകളെടുത്തത്. സൈലന്റ്വാലി സമരം ഏറ്റെടുക്കണം എന്ന നിര്‍ദ്ദേശമുണ്ടാകുന്നത് ആ ക്യാമ്പില്‍ വെച്ചായിരുന്നു.

സൈലന്റ് വാലി സമരം
സൈലന്റ് വാലി സമരം


''സൈലന്റ്വാലി എന്ന വാക്ക് കേരളത്തില്‍, പ്രത്യേകിച്ചും വടക്കന്‍ കേരളത്തില്‍ വ്യാപകമായി കേള്‍ക്കുന്നത് ഈ ക്യാമ്പില്‍ വെച്ചാണ്. അന്ന് അത് അവതരിപ്പിച്ചത് പ്രൊഫ. എം.കെ. പ്രസാദ് ആയിരുന്നു. ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ നിര്‍മ്മാണങ്ങളൊക്കെ നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു. അവിടെനിന്നുള്ള ചിത്രങ്ങളൊക്കെ ഉപയോഗിച്ചായിരുന്നു അന്നത്തെ ക്ലാസ്സ്. അതിനുശേഷം 1978-ല്‍ പയ്യന്നൂര്‍ കോളേജില്‍നിന്നും വിദ്യാര്‍ത്ഥികള്‍ പയ്യന്നൂര്‍ ടൗണിലേക്ക് സൈലന്റ്വാലി ഉപേക്ഷിക്കുക എന്ന പ്രഖ്യാപനവുമായി പ്രകടനം നടത്തി. പയ്യന്നൂര്‍ ബസ്സ്റ്റാന്‍ഡില്‍ പൊതുയോഗം നടത്തി. ഒരാഴ്ചക്കാലം ബാഡ്ജുണ്ടാക്കി ധരിച്ച് സൈലന്റ്വാലി വാരമായി ആചരിച്ചു. ആ ബാഡ്ജില്‍ എഴുതിയിരുന്നത് സഹജീവികളെ സംരക്ഷിക്കാന്‍ സൈലന്റ്വാലിയെ രക്ഷിക്കൂ എന്നായിരുന്നു. അന്ന് അത്രയേ അറിയുള്ളൂ. സിംഹവാലന്‍ കുരങ്ങും കാടുമായുമുള്ള ബന്ധത്തിനപ്പുറത്ത് ആ ഒരു ഇക്കോസിസ്റ്റത്തെക്കുറിച്ച് കൃത്യമായി അറിയുന്നവരുണ്ടായിരുന്നില്ല. അങ്ങനെ ഞങ്ങള്‍ പയ്യന്നൂരില്‍നിന്നു 12 പേരടങ്ങുന്ന സംഘം സൈലന്റ്വാലി സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുകയും പഠിക്കുകയും ചെയ്തു. ആ യാത്രയ്ക്കുശേഷമാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. എന്റെ ജീവിതത്തിലെ നിര്‍ണ്ണായക കാലഘട്ടമായിരുന്നു 1978-'79 കാലത്തെ സൈലന്റ്വാലി സമരം. സൈലന്റ്വാലിക്കുവേണ്ടി ആദ്യത്തെ ജാഥ നടന്നത് പയ്യന്നൂരിലാണ്. പിന്നീടാണ് പാലക്കാട് ചിറ്റൂര്‍ കോളേജിലടക്കം പ്രക്ഷോഭങ്ങള്‍ ഉണ്ടാകുന്നത്.

സൈലന്റ് വാലി സമരം
സൈലന്റ് വാലി സമരം


കണ്ണൂര്‍ ടൗണില്‍ ഒരു പ്രകടനവും കളക്ടറേറ്റിനു മുന്‍പില്‍ ധര്‍ണ്ണയും നടത്തിയിരുന്നു. അന്നു 300-ലധികം വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് വിവിധ സ്‌കൂളുകളില്‍നിന്ന് ആ പ്രകടനത്തില്‍ പങ്കെടുത്തത്. ഇത്രയധികം പാരിസ്ഥിതിക അവബോധം ഉണ്ടായിട്ടും ഇക്കാലത്ത് ഏതെങ്കിലും ഒരു തീരുമാനത്തെ എതിര്‍ക്കാന്‍ അധ്യാപകരോ വിദ്യാര്‍ത്ഥി സംഘടനകളോ തയ്യാറാവുന്നില്ല. സമൂഹത്തെ ഭയം വല്ലാതെ ബാധിച്ചിരിക്കുന്നു. ഒരു സ്‌കൂളിലെ കുട്ടികളും ഇറങ്ങിവരില്ല. ഒരധ്യാപകനും നേതൃത്വം കൊടുക്കുന്നില്ല. സ്‌കൂളില്‍നിന്നു കുട്ടികളെ ഇറക്കിയാല്‍ അധ്യാപകന്റെ പണി പോകും. സങ്കടകരമായ ഒരവസ്ഥയാണ്. അക്കാലത്ത് അതിനു കഴിഞ്ഞിരുന്നു'' -ടി.പി. പത്മനാഭന്‍ പറയുന്നു.

പ്ലാച്ചിക്കരയിലെ തുടക്കം

''അക്കാലത്ത് വയല്‍ നികത്തലോ കുന്നിടിക്കലോ പോലെ ഇന്നു കാണുന്ന പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. അന്നു കാടിനു നേരെയുള്ള കയ്യേറ്റം മാത്രമായിരുന്നു, കാട് കയ്യേറ്റം, മരം മുറിക്കല്‍ അതൊക്കെയായിരുന്നു പ്രശ്‌നങ്ങള്‍. അതുകൊണ്ടുതന്നെ ഏഴിമല ക്യാമ്പിലുണ്ടായിരുന്ന മറ്റൊരു പ്രധാന നിര്‍ദ്ദേശം നമ്മുടെ ഇനിയുള്ള ക്യാമ്പുകള്‍ കാടുകളിലായിരിക്കണം എന്നതാണ്. ആ ക്യാമ്പിനുശേഷം ഞാനും സി. ഉണ്ണികൃഷ്ണനും ടി. കരുണാകരന്‍ മാഷും കാട് കാണാന്‍ പുറപ്പെട്ടു. ഞങ്ങള്‍ മൂന്നുപേരും ഒരേ സ്‌കൂളിലെ അധ്യാപകരായിരുന്നു. അങ്ങനെ നീലേശ്വരത്തിനടുത്ത് എളേരി പഞ്ചായത്തിലെ പ്ലാച്ചിക്കര എന്ന ഒരു റിസര്‍വ്വ് ഫോറസ്റ്റില്‍ പോയി. ഇന്നത്തെ രീതിയില്‍ നോക്കിയാല്‍ അതൊന്നും വനമല്ല. ആദ്യമായി കാണുന്നതാണല്ലോ. 2000 ഏക്കറാണ്. ആദ്യമായി കാണുന്നതുകൊണ്ട് അത് കാടായി ഞങ്ങള്‍ സങ്കല്പിച്ചു. അങ്ങനെ ഏഴിമലയ്ക്കുശേഷം രണ്ടാമത്തെ ക്യാമ്പ് അവിടെയായിരുന്നു. അന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ല ഒന്നാണ്. കണ്ണൂര്‍ ജില്ലയെ ഉള്ളൂ. കണ്ണൂരിലെ സ്‌കൂള്‍ കുട്ടികളായിരുന്നു ക്യാമ്പില്‍ കൂടുതല്‍. അഞ്ച് തൊട്ട് പത്ത് വരെയുള്ള കുട്ടികള്‍. ആറ് ദിവസത്തെ ക്യാമ്പായിരുന്നു. സുവോളജിക്കല്‍ ക്ലബ്ബിന് അക്കാലത്ത് തന്നെ 16 എം.എം പ്രൊജക്ടറൊക്കെ ഉണ്ടായിരുന്നു. അന്നത് അപൂര്‍വ്വ സംഭവമായിരുന്നു. ക്യാമ്പുകളില്‍ വൈകിട്ട് പരിസ്ഥിതി സിനിമകളുടെ പ്രദര്‍ശനം ഉണ്ടാകും. സിനിമ കിട്ടാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു.

ജോണ്‍സി മാഷ് റഷ്യ, കാനഡ, ഓസ്ട്രേലിയ തുടങ്ങി വിദേശ രാജ്യങ്ങളിലെ എംബസികളിലേക്ക് കത്തെഴുതി വരുത്തിക്കുന്ന സിനിമകളായിരുന്നു കാണിച്ചത്. സിനിമ കാണാന്‍ നാട്ടുകാരെല്ലാവരും വൈകിട്ട് ക്യാമ്പിലെത്തും. പഠനങ്ങള്‍ എങ്ങനെയാണ് പ്രതിരോധത്തിലേക്ക് വരുന്നത് എന്നതിന്റെ ഉദാഹരണം കൂടിയായിരുന്നു പ്ലാച്ചിക്കര ക്യാമ്പ്. അന്ന് അവിടെ എല്ലാ മരങ്ങളിലും നമ്പര്‍ ഇട്ടിട്ടുണ്ടായിരുന്നു. വൈകിട്ട് ഫിലിം കാണാന്‍ വന്ന നാട്ടുകാരോട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞത് ഇവിടെ വലിയ ഒരു പുരോഗതി വരാന്‍ പോകുകയാണ്. ഈ കാട് വെട്ടി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കശുമാവിന്‍ തോട്ടം വെച്ചുപിടിപ്പിക്കാന്‍ പോകുകയാണ് എന്നാണ്. അക്കാലത്തൊന്നും കാട് തരുന്ന ഗുണങ്ങളെക്കുറിച്ച് സാധാരണക്കാര്‍ക്കോ അധ്യാപകര്‍ക്കോ മറ്റുള്ളവര്‍ക്കോ വലിയ ധാരണയൊന്നും ഉണ്ടായിരുന്നുമില്ല. ഇന്നു പറയുന്ന രീതിയിലുള്ള സൂക്ഷ്മ കാലാവസ്ഥയെക്കുറിച്ചൊന്നും അന്ന് അറിയില്ല. വന്യമൃഗങ്ങളെ സംരക്ഷിക്കുക എന്നൊക്കെയുള്ള ചിന്തയേ ഉള്ളൂ. അല്ലാതെ കാടിന്റെ മൊത്തത്തിലുള്ള കാര്യങ്ങളൊന്നും ഞങ്ങള്‍ക്കും അറിയില്ല. നാട്ടുകാരെ സംബന്ധിച്ച് വന്യമൃഗങ്ങള്‍ അവരുടെ ശത്രുവാണ്. അവരുടെ കൃഷി നശിപ്പിക്കുന്ന ജീവികളാണ്. അവരെ പറഞ്ഞു മനസ്സിലാക്കാന്‍ പാകത്തിലുള്ള ബാക്ക്ഗ്രൗണ്ട് ഞങ്ങള്‍ക്കുമില്ല. സംഘടനയില്‍ കൂടുതലും ആ സമയത്ത് വര്‍ക്ക് ചെയ്തത് പ്രൈമറി സ്‌കൂള്‍ ടീച്ചര്‍മാറാണ്. ഇത്തരം വിഷയങ്ങളില്‍ ബാക്ക്ഗ്രൗണ്ട് കിട്ടാനും എളുപ്പമല്ല. സിലബസില്‍ ഈ വിഷയങ്ങളൊന്നുമില്ല. നേച്ചര്‍ ക്ലബ്ബുകളോ മറ്റോ ഒന്നുമില്ലാത്ത കാലം.

പക്ഷേ, അന്നു ഞങ്ങളൊരു തീരുമാനമെടുത്തു, ഇതിനെ എങ്ങനെയെങ്കിലും രക്ഷിക്കണം. അതിന് പ്രൊഫ. എം.കെ. പ്രസാദ്, പ്രൊഫ. എം. ജയരാജന്‍ ഇവരുടെയൊക്കെ നേതൃത്വത്തില്‍ ഞാനടക്കം അവിടെ ഒരു പഠനം നടത്തി. എത്ര തരം പക്ഷികളുണ്ട്, മരങ്ങളുണ്ട് എന്നൊക്കെ പഠിച്ചു. അന്നു പൂമ്പാറ്റകളെപ്പറ്റിയോ നീര്‍ച്ചാലുകളെപ്പറ്റിയോ ഒന്നുംതന്നെ പഠനം നടത്തിയില്ല. അത് അറിയില്ലായിരുന്നു. ഇന്നു പൂമ്പാറ്റകള്‍ക്കൊക്കെ വലിയ പ്രാധാന്യമുണ്ട്. ഈ റിപ്പോര്‍ട്ട് പ്രൊഫ. എം.കെ. പ്രസാദ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിക്ക് അയച്ചുകൊടുക്കുകയും അതിനുശേഷം ഈ പ്രദേശത്തെ പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. പ്ലാച്ചിക്കര റിസര്‍വ്വ് ഫോറസ്റ്റായിത്തന്നെ ഈ 2000 ഏക്കര്‍ ഭൂമി ഇന്നും എളേരി പഞ്ചായത്തില്‍ നിലനില്‍ക്കുന്നത് അന്നത്തെ ആ പ്രവര്‍ത്തനംകൊണ്ടാണ്. 
ഒരര്‍ത്ഥത്തില്‍ അറിയാതെയാണെങ്കിലും എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍നിന്ന് ആ മേഖലയെ രക്ഷിക്കുക കൂടിയാണ് ചെയ്തത്. കശുമാവിന്‍ തോട്ടം വെച്ചുപിടിപ്പിച്ചിരുന്നെങ്കില്‍ ഈ മേഖലയും എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ പിടിയിലായേനെ. ഇത്രമാത്രം പാരിസ്ഥിതിക അവബോധം ഉണ്ടായിട്ടും അത്തരം രാഷ്ട്രീയ തീരുമാനങ്ങള്‍ ഇന്ന് ഉണ്ടാകുന്നില്ല. വലിയ കമ്പനികള്‍ക്കും സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കും ഒപ്പം നില്‍ക്കുമ്പാഴാണ് ഇതില്‍നിന്നൊന്നും രക്ഷപ്പെടുത്താന്‍ പറ്റാത്തത്. അല്ലാതെ പഠനങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല.''

സൂചിമുഖിയുടെ പിറവി

പത്രങ്ങള്‍ക്ക് എല്ലായിടത്തും എഡിഷനുകള്‍ ഇല്ലാത്ത കാലമായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള വാര്‍ത്തകള്‍ എല്ലായിടത്തും എത്തില്ല. അപ്പോഴേക്കും കേരളത്തിലുടനീളം പരിസ്ഥിതി ക്ലബ്ബുകളുണ്ടായി. സൈലന്റ്വാലി പ്രക്ഷോഭമടക്കമുള്ള പരിസ്ഥിതി സമരങ്ങള്‍ ഉണ്ടായി. പക്ഷേ, വാര്‍ത്തകളൊന്നും കാര്യമായി പങ്കുവെയ്ക്കാനും കഴിഞ്ഞില്ല. അങ്ങനെയാണ് ഒരു കമ്യൂണിക്കേഷന്‍ സിസ്റ്റം ഉണ്ടാകണം എന്ന ആലോചനയില്‍നിന്ന് 'സൂചിമുഖി' മാസിക ഉണ്ടാകുന്നത്. സുവോളജിക്കല്‍ ക്ലബ്ബിന്റ നേതൃത്വത്തില്‍ 'മൈന' എന്ന പേരില്‍ ഒരു മാസിക പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. 1979 ജനുവരി 11-ന് 'സൂചിമുഖി' മാസിക പ്രസിദ്ധീകരണം തുടങ്ങി. പ്രകൃതി സംബന്ധമായ ലേഖനങ്ങളും പഠനങ്ങളും ഒക്കെയാണ് പ്രധാനമായും ഉണ്ടാകുക. കുട്ടികളുടെ രചനകളും ഉണ്ടാകും. 1987 സെപ്തംബര്‍ മുതല്‍ ടി.പി. പത്മനാഭനാണ് സൂചിമുഖിയുടെ എഡിറ്റര്‍. ഇന്ത്യയിലെ തന്നെ പ്രാദേശിക ഭാഷയില്‍ ഒരു പരസ്യവും ഇല്ലാതെ ഒരു ധനസഹായവും സ്വീകരിക്കാതെ സബ്സ്‌ക്രിപ്ഷന്‍ കൊണ്ടുമാത്രം ഇത്രയും കാലം നിലനില്‍ക്കാമെന്നുള്ള ഒരു പരീക്ഷണം കൂടിയാണ് സൂചിമുഖി.

മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിനെതിരെയുള്ള സമരം, കാസര്‍ഗോഡ് കാക്കടവ് ഡാമിനെതിരെയുള്ള സമരം, മാടായിപ്പാറയിലെ കളിമണ്‍ ഖനനത്തിനെതിരെയുള്ള പഠനങ്ങള്‍, വടക്കന്‍ മലബാറിലെ കണ്ടലുകളെക്കുറിച്ചും പുഴകളെക്കുറിച്ചുമുള്ള പഠനം, കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാനെതിരെയുള്ള ആദ്യകാല പഠനങ്ങള്‍, എരമം കൂറ്റൂരിലെ കരാട്ടെ കീടനാശിനിക്കെതിരെ, കീഴാറ്റൂര്‍ വയലിലെ ജൈവപഠനം ഒടുവില്‍ ജൈവ പ്രാധാന്യമുള്ള പയ്യന്നൂരിലെ താലോത്ത് വയലില്‍ വരാന്‍പോകുന്ന പെട്രോളിയം സംഭരണശാലയ്ക്കെതിരായുള്ള സമരങ്ങളും ബോധവല്‍ക്കരണവും 1970-കളില്‍ തുടങ്ങിയ സീക്കിന്റേയും ടി.പി. പത്മനാഭന്റേയും സമരവും പഠനവും ഇങ്ങനെ നിരവധിയായ പാരിസ്ഥിതിക വിഷയങ്ങളിലൂടെയായിരുന്നു. സൈലന്റ്വാലിക്കുശേഷം കേരളത്തില്‍ ഏറ്റവും അധികം പേര്‍ ഒരുമിച്ച മറ്റൊരു സമരമായിരുന്നു പെരിങ്ങോം ആണവനിലയത്തിനെതിരെ നടന്നത്. 1990-കളിലായിരുന്നു അത്.

പെരിങ്ങോം ആണവനിലയത്തിനെതിരെയുള്ള സമരം
പെരിങ്ങോം ആണവനിലയത്തിനെതിരെയുള്ള സമരം


''എന്റെ സ്‌കൂളിനോടു ചേര്‍ന്നുള്ള പ്രദേശമായിരുന്നു പെരിങ്ങോം. ആണവനിലയത്തിനെതിരായ ആദ്യ മീറ്റിങ്ങില്‍ ഞാനാണ് മുഖ്യപ്രഭാഷണം. വിവരങ്ങള്‍ കിട്ടാന്‍ ഒരു വഴിയുമില്ല. കേരളത്തിന്റെ പല ഭാഗത്തുള്ളവരില്‍ നിന്നായി നോട്ട്സുകളൊക്കെ അയച്ച് കിട്ടിയത് വെച്ചാണ് സംസാരിക്കുന്നത്. അന്ന് ആ യോഗത്തില്‍ സമരസമിതി ഉണ്ടാക്കാന്‍ തീരുമാനിച്ചു. പിന്നീട് സമരസമിതി രൂപീകരണത്തിനായി എത്തിയപ്പോള്‍ ആരുമില്ല. സി.പി.എം ഇടപെട്ടതോടെ നാട്ടുകാരാരും മീറ്റിങ്ങിനെത്തിയില്ല. എന്നിട്ടും സമരസമിതി ഉണ്ടാക്കി. അടുത്ത ദിവസങ്ങള്‍ തൊട്ട് പ്രചരണം നടത്തി. ആളുകളെ ബോധവല്‍ക്കരിച്ചു. വീടുകള്‍ കറിയിറങ്ങിയും ജാഥകള്‍ നടത്തിയും ആളുകളിലേയ്ക്ക് വിവരങ്ങള്‍ എത്തിച്ചു. പിന്നീട് നടത്തിയ ജാഥയില്‍ സ്ത്രീകള്‍ കുറേയധികം പങ്കെടുത്തു. പാര്‍ട്ടി വിലക്കുള്ളതിനാല്‍ ആണുങ്ങള്‍ പങ്കെടുത്തിരുന്നില്ല. അതിനുശേഷം പെരിങ്ങോം ടൗണില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി. സുഗതകുമാരിയെ ഒക്കെ പങ്കെടുപ്പിച്ചു. വടക്കന്‍ കേരളത്തില്‍ എത്തിയ അവരെ കേള്‍ക്കാന്‍ ആളുകള്‍ കൂടിയതോടെ സമരത്തിനു വലിയ മാറ്റമുണ്ടായി. എം.പി. വീരേന്ദ്രകുമാര്‍, എം.പി. മത്തായി തുടങ്ങിയവരും പങ്കെടുത്തു. മൂന്നുമാസം സൂചിമുഖി ഇക്കാര്യം മാത്രമാണ് എഴുതിയത്. നാലു വര്‍ഷത്തോളം ആ സമരം നിലനിന്നു. റഷ്യയുടെ വിഭജനം നടക്കുന്നത് ആ കാലത്തായിരുന്നു. റഷ്യയുടെ സഹകരണത്തോടെയായിരുന്നു പദ്ധതി. അതുകൊണ്ടുതന്നെ പിന്നീട് സമരം ആവശ്യമായി വന്നില്ല. ആ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വര്‍ഷങ്ങള്‍ക്കുശേഷം ഈ പദ്ധതിയാണ് കൂടംകുളത്ത് സ്ഥാപിതമായത്.'' മാടായിപ്പാറയിലെ പഠനത്തിനൊടുവില്‍ ഇടനാടന്‍ ചെങ്കല്‍ കുന്നുകള്‍ ഒരു പാരിസ്ഥിതിക പഠനം എന്ന പുസ്തകവും സീക്ക് പുറത്തിറക്കി. ടി.പി. പത്മനാഭനാണ് പുസ്തകത്തിന്റെ എഡിറ്റര്‍. പ്രളയശേഷമുള്ള കേരളത്തെക്കുറിച്ചാണ് സൂചിമുഖി ഇപ്പോള്‍ പ്രധാനമായും എഴുതുന്നത്.

വേണ്ടത് പരിസ്ഥിതി പുനഃസ്ഥാപനം

പ്രളയാനന്തര കേരളത്തില്‍ നമ്മള്‍ സംസാരിക്കേണ്ടത് പുനര്‍നിര്‍മ്മാണത്തെക്കുറിച്ചല്ല. കേരളത്തിനു സംഭവിച്ച പാരിസ്ഥിതിക വിനാശത്തെ എങ്ങനെയാണ് പാരിസ്ഥിതിക പുനഃസ്ഥാപനത്തിലൂടെ വീണ്ടെടുക്കാം എന്നതാണ്! അല്ലാതെ എങ്ങനെ പുതിയ റോഡുണ്ടാക്കാം പാലമുണ്ടാക്കാം, എന്നല്ല ചിന്തിക്കേണ്ടത്. പരിസ്ഥിതി ഒരു പരിതാപസ്ഥിതിയില്‍ ആയ സമയത്താണ് പ്രളയം വരുന്നത്. പ്രളയം വന്നപ്പോള്‍ ഇവിടുത്തെ സാധാരണക്കാരായ മനുഷ്യരൊക്കെ രക്ഷിക്കാനൊക്കെ പോയി നിന്നു. അതിസമ്പന്നരായ പ്രത്യേക സാമ്പത്തിക താല്‍പ്പര്യങ്ങള്‍ ഉള്ള ആരും അതിനൊന്നും പോയിട്ടില്ല. അവരൊക്കെ വീടിനകത്ത് സുഖകരമായി ടി.വി. കണ്ടുകൊണ്ടിരുന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ സംഭാവനകള്‍ കൊടുത്തത് സാധാരണക്കാരാണ്. അവന്റെ ദൈനംദിന ജീവിതത്തിലെ ഏതെങ്കിലും ഒരു കാര്യം ഒഴിവാക്കിയിട്ടായിരിക്കും ഈ സംഭാവന കൊടുത്തിട്ടുണ്ടാകുക. ആ ചെയ്തതിന് നാളെ പ്രതിഫലം ആഗ്രഹിക്കുന്നുമില്ല. ഇതാണ് ഭൂരിപക്ഷം ആളുകളുടേയും അതിനോടുള്ള സമീപനം. അതേസമയം കുറേപ്പേര്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പൈസ കൊണ്ടുകൊടുത്തിട്ടുണ്ട്. മന്ത്രിമാര്‍ക്ക് കൊടുത്തിട്ടുണ്ട്. അതിന്റെ ഫോട്ടോയും പിടിച്ചിട്ടുണ്ട്. ഇതിനു പിന്നില്‍ കാര്യമായ ലക്ഷ്യമുണ്ട്. ഇവിടെയുള്ള വലിയ സിനിമാനടന്മാര്‍, നിര്‍മ്മാതാക്കള്‍, കായല്‍ കയ്യേറ്റക്കാര്‍, റിസോര്‍ട്ടുടമകള്‍, ടൂറിസം രംഗത്തുള്ളവര്‍, ക്വാറി മുതലാളിമാര്‍ ഇവരൊക്കെയാണ് ഇങ്ങനെ ചെയ്തത്. ഇത് വലിയ കാര്യമായി തോന്നും നമുക്ക്. ഈ കൊടുത്തതിന്റെയൊക്കെ തെളിവ് കൃത്യമായി പടങ്ങളടക്കം ശേഖരിച്ച് വെക്കുകയും ഇതുവെച്ച് നാളെ അവര്‍ വിലപേശുകയും ചെയ്യും.

നര്‍മദ സമരത്തിന് ഐക്യദാര്‍ഢ്യം
നര്‍മദ സമരത്തിന് ഐക്യദാര്‍ഢ്യം

ഒരു ഉദാഹരണം പറയാം: കാസര്‍ഗോഡ് കാറഡുക്കയില്‍ നടന്ന സംഭവം. കാസര്‍ഗോഡ് ജില്ലയിലെ കാറഡുക്ക എന്നത് സ്വാതന്ത്ര്യസമരത്തില്‍ കേരളത്തില്‍ കാടുമായി ബന്ധപ്പെട്ട് ആദ്യമായി സമരം നടന്ന ഭൂമിയാണ്. കാട് നില്‍ക്കുന്ന സ്ഥലമാണ്. മലയാളത്തിലെ ഒരു പ്രധാന നടന്റെ സിനിമാ ഷൂട്ടിങ്ങിനുവേണ്ടി ഇവിടെ കാട് വെട്ടി ലോറിക്കണക്കിനു മണ്ണിട്ട് നികത്തി. നാട്ടുകാര്‍ പ്രശ്‌നമുണ്ടാക്കിയതോടെ ഡി.എഫ്.ഒ. അനുമതി നിഷേധിച്ചു. തുടര്‍ന്നു നടന്‍ നേരിട്ട് മുഖ്യമന്ത്രിയെ വിളിക്കുന്നു. അതിനുശേഷം അനുമതി കിട്ടുന്നു. അപ്പോള്‍ പ്രളയസമയത്ത് ആ നടന്‍ കൊടുത്ത ലക്ഷങ്ങള്‍ക്ക് പകരമായി ഇതൊക്കെ സാധിച്ചെടുക്കുകയാണ്. പ്രളയാനന്തര കേരളത്തിന്റെ ഭാവി എത്രകണ്ട് തീക്ഷ്ണമാണ് എന്നു നാം ആലോചിക്കണം. ആ സംഭവത്തില്‍ ഒരു അന്വേഷണ കമ്മിഷന്‍ വെച്ചിട്ടുണ്ട്. അതില്‍ ഏതെങ്കിലും ഫോറസ്റ്ററുടെ പേരില്‍ നടപടി വരും അല്ലാതെന്ത്. നശിച്ചുപോയ കാട്, എടുത്തുമാറ്റിയ കുന്ന്, നികത്തിയ നിലം, ചെങ്കല്‍ മണ്ണ് ഇട്ടതിന്റെ ഫലമായി അസിഡിറ്റി കൂടിയതിനാല്‍ ഉണ്ടായ ജൈവവൈവിധ്യത്തിന്റെ നാശം, കാടിന്റെ മരണം-ഇതിന് ആരാണ് വിലകൊടുക്കുക. നടന്റെ ഇതിലുള്ള ശിക്ഷയെന്താണ്, മുഖ്യമന്ത്രിക്കുള്ള ശിക്ഷയെന്താണ്, വനംവകുപ്പിനുള്ള ശിക്ഷയെന്താണ്. നാളെ ഒരു ഖനന മുതലാളിയും ഇതുതന്നെയാണ് ആവര്‍ത്തിക്കുക. കാരണം മുഖ്യമന്ത്രിയെ ഭയപ്പെടുത്താന്‍ അദ്ദേഹത്തിന്റെ കയ്യില്‍ മുഖ്യമന്ത്രിയുമായി നില്‍ക്കുന്ന ചിത്രമുണ്ട്. അതുകൊണ്ടുതന്നെ പ്രളയാനന്തര കേരളത്തിന്റെ നിര്‍മ്മാണം അതിഭീകരമായിരിക്കും. ഇവിടെ ഒരു നവനിര്‍മ്മാണം നടക്കുന്നു എന്നു പറഞ്ഞാല്‍ ഇനിയും നികത്താനും ഇടിക്കാനുമുള്ള ലൈസന്‍സ് കിട്ടുന്നു എന്നേ അര്‍ത്ഥമുള്ളൂ. എന്തുകൊണ്ടാണ് പരിസ്ഥിതി പുനഃസ്ഥാപനം എന്ന വാക്ക് ഇവരാരും പറയാത്തത്.

പരിസ്ഥിതി പ്രവര്‍ത്തനം കൂട്ടായ്മയിലൂടെ

പാരിസഥിതിക പഠനവും പ്രവര്‍ത്തനവും കൂട്ടായ്മയിലൂടെ ചെയ്യേണ്ടതാണെന്ന് പത്മനാഭന്‍ മാഷ് പറയും. ''ഒരാള്‍ക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയില്ല. ഒരു കാട് കാണാന്‍ പോകണമെങ്കില്‍ മൂന്നാലാളുകള്‍ വേണം. അങ്ങനെ ഓരോന്നിനും. സീക്കിന്റെ പ്രവര്‍ത്തനവും ഒരു വ്യക്തിയുടേതല്ല. നമ്മുടെ ലക്ഷ്യം പഠിക്കുകയാണ്. പഠിച്ചാല്‍ മാത്രമേ നമുക്കെന്തിനേയും സ്‌നേഹത്തോടെ കാണാന്‍ പറ്റൂ. സ്‌നേഹത്തില്‍ കാണുമ്പോഴേ ആഴത്തില്‍ ഗ്രഹിക്കാന്‍ സാധിക്കൂ. ആഴത്തില്‍ ഗ്രഹിക്കുമ്പോഴേ നമ്മളത് നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുകയുള്ളൂ. അതിലൂടെ മാത്രമേ സംരക്ഷണം സാധ്യമാകൂ. സീക്കിന്റെ ലക്ഷ്യവും പഠനമാണ്. പഠനത്തിലൂടെ ആളുകള്‍ക്ക് പാരിസ്ഥിതികമായ അടിത്തറ ഉണ്ടാക്കുക. സമരം അതിന്റെ ഏറ്റവും അവസാനം വരുന്ന കാര്യമാണ്. പരിസ്ഥിതിപ്രസ്ഥാനങ്ങളില്‍ ശക്തമായി നിലകൊള്ളുന്നവരൊന്നും തന്നെ സംഘടിത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പുറകെ പോകുന്നവരല്ല. 1972 മുതല്‍ ജോണ്‍സി ജേക്കബ്ബിന്റെ കൂടെ നടന്ന പാരമ്പര്യമാണെനിക്ക്. ഇത്രയും കാലത്തിനിടയ്ക്ക് ഒരു രാഷ്ട്രീയ കക്ഷിയുടേയും കൊടി പിടിക്കുകയോ ജാഥയ്ക്ക് പോകുകയോ ചെയ്തിട്ടുമില്ല. ആത്യന്തികമായി പരിസ്ഥിതി സംരക്ഷിക്കാന്‍ വേണ്ടിയുള്ള ഏതു പ്രവര്‍ത്തനവും അവനവനെ സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്. ഭൂമിയെ സംരക്ഷിക്കാന്‍ ഭൂമിക്കറിയാം. മനുഷ്യന്‍ പ്രകൃതിസംരക്ഷണം പറയുന്നത് അവന്റേയും അവന്റെ തലമുറയുടേയും സുഖകരമായ നിലനില്‍പ്പിനു വേണ്ടിയാണ്. അതുകൊണ്ടുതന്നെ പരിസ്ഥിതി മൗലികവാദികള്‍ എന്നു വിളിക്കുന്നത് തെറ്റാണ്. മതമൗലികവാദികള്‍ എന്നു വിളിക്കുന്നതു പോലെയല്ല അത്. മതത്തിന്റെ മൗലികവാദമില്ലെങ്കിലും ജീവിക്കാം. മതമേയില്ലാതേയും ജീവിക്കാം. പക്ഷേ, പരിസ്ഥിതിയേ ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല. 

ഉദാഹരണത്തിന് പെട്രോളിയം സംഭരണശാല വരാന്‍ പോകുന്ന പയ്യന്നൂര്‍ കണ്ടങ്കാളിയിലെ താലോത്ത് വയലിനെക്കുറിച്ച് ആധികാരികമയി പഠിച്ചത് സീക്കാണ്. അത് താലോത്ത് വയലിനോടുള്ള സ്‌നേഹത്തെക്കാള്‍ അതിനു ചുറ്റും ജീവിക്കുന്ന മനുഷ്യസമൂഹത്തോടും നാളെ വരാനിരിക്കുന്ന കുട്ടികളോടും ഉള്ള സ്‌നേഹമാണ്. അതില്‍ അവിടെയുള്ള തവളയും പക്ഷികളും ഒക്കെ പെടുന്നതാണ്. പരിസ്ഥിതി പറയാന്‍ ഒരു ഭാഷ വേണം. അതിനൊരു വികാരമുണ്ടാകണം. ശാസ്ത്രം പറയുന്നപോലെ ഒന്ന് അധികം ഒന്ന് സമം രണ്ട് എന്നപോലെ സമവാക്യങ്ങളല്ല അത്. അതിനു വൈകാരികമായ ജീവന്റെ ഒരു തലം കൂടിയുണ്ട്'' -മാഷ് പറയുന്നു.

മണ്ണില്‍ തൊട്ടും മഴ നനഞ്ഞും വെയിലുകൊണ്ടും സാധാരണ ജനങ്ങളെ ഒപ്പം നിര്‍ത്തിക്കൊണ്ടുള്ള ഒരു പരിസ്ഥിതി പഠനവും സമരവുമാണ് പത്മനാഭന്‍ മാഷിന്റെ ജീവിതം. ഏതു പുസ്തകത്തിനെക്കാള്‍ ആധികാരികമായി ജനങ്ങളുടേയും ജീവികളുടേയും പ്രശ്‌നങ്ങള്‍ അദ്ദേഹത്തിനു സംസാരിക്കാന്‍ കഴിയുന്നതും അതുകൊണ്ടുതന്നെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com