

'ചൈനയുടെ ചെര്‍ണോബില്‍' എന്നായിരുന്നു കഴിഞ്ഞ മൂന്നുമാസങ്ങളായി വുഹാന്‍ വിശേഷിപ്പിക്കപ്പെട്ടത്. 1986-ല്‍ ഇപ്പോഴത്തെ യുക്രയിനില്‍ പ്രിപയാറ്റ് എന്ന വ്യാവസായിക നഗരിയിലായിരുന്നു ലോകം അന്നുവരെ കണ്ടിട്ടില്ലാത്ത ആണവദുരന്തമുണ്ടായത്. ലോകത്തിന്റെ ചരിത്രഗതിയിലെ മഹാസംഭവമെന്ന് വിശേഷിപ്പിക്കപ്പെട്ട ഈ അത്യാഹിതം സോവിയറ്റ് രാഷ്ട്രത്തിന്റെ തകര്‍ച്ചയിലേക്ക് വഴിയൊരുക്കുന്നതിന് കാരണമായെന്ന് വിശ്വസിച്ചവര്‍ ഏറെയുണ്ട്. രോഗവ്യാപന വിവരങ്ങള്‍ മറച്ചുവയ്ക്കുന്നതിലടക്കം ചെര്‍ണോബിലും വുഹാനും തമ്മിലുള്ള സാദൃശ്യവല്‍ക്കരണത്തിന് സമാനതകളേറെയുണ്ടായിരുന്നു. രണ്ടും കടുത്ത നിയന്ത്രണങ്ങളുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങള്‍. ഏക പാര്‍ട്ടിഭരണം നിലനില്‍ക്കുന്ന രാജ്യങ്ങള്‍. രണ്ട് ദുരന്തങ്ങളും ആദ്യഘട്ടത്തില്‍ മറച്ചുവയ്ക്കാന്‍ ഭരണകൂടങ്ങള്‍ ശ്രമിച്ചുവെന്നത് ഒട്ടും വിരോധാഭാസവുമല്ല. എന്നാല്‍, പാശ്ചാത്യമാധ്യമങ്ങള്‍ വുഹാനെ ചൈനീസ് തകര്‍ച്ചയുടെ ഉല്‍പ്രേരകമായി കണ്ടപ്പോള്‍ പിന്നീടുള്ള 60 ദിവസങ്ങളില്‍ ചൈന ഒരിക്കല്‍ക്കൂടി ലോകത്തെ അത്ഭുതപ്പെടുത്തി. അവര്‍ നല്‍കുന്ന കണക്കുകള്‍ വിശ്വസിക്കാമെങ്കില്‍ മഹാമാരിയെ അവര്‍ തടുത്തുനിര്‍ത്തി. നിയന്ത്രണങ്ങളുടെ കാര്‍ക്കശ്യം രോഗനിയന്ത്രണത്തിനൊപ്പം അവര്‍ക്ക് പുതിയ സാധ്യതകള്‍ നല്‍കുകയായിരുന്നു. ഹുബെ പ്രവിശ്യയിലെ 15 നഗരങ്ങളെ ഒറ്റപ്പെടുത്തിയ ചൈനയുടെ തന്ത്രം വിജയിച്ചു. ലോക്ക്ഡൗണ്‍ ഫലപ്രദമായതോടെ രോഗവ്യാപനം കുറഞ്ഞു.
അതിവേഗം പടര്‍ന്ന് പിടിക്കുന്ന കൊറോണയെ നിയന്ത്രിക്കാനാവാതെ ലോകരാജ്യങ്ങള്‍ പകച്ചുനില്‍ക്കുമ്പോള്‍ രോഗമുക്തി നേടിയ ചൈന തിരിച്ചുവരവിന്റെ പാതയിലായിരുന്നു. നിയന്ത്രണങ്ങള്‍ അവസാനിച്ചതോടെ ചൈനീസ് ഫാക്ടറികളില്‍ ഉല്പാദനം തുടങ്ങി. വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചു. ഭീതി നിലനില്‍ക്കുന്നെങ്കിലും വൈറസിന്റെ വ്യാപനകേന്ദ്രമായ വുഹാന്‍ പോലും സാധാരണ ജീവിതത്തിലേക്ക് മടങ്ങിത്തുടങ്ങി. ഏകപാര്‍ട്ടി ഭരണം, അതാണ് നേട്ടമായതെന്ന് ചൈന പ്രചരിപ്പിച്ചു. ആദ്യഘട്ടത്തിലുണ്ടായ പിഴവ് മറയ്ക്കാന്‍ മാധ്യമപ്രചാരണത്തിന് സര്‍ക്കാര്‍ ശ്രമം തുടങ്ങി. ലോകരാജ്യങ്ങളിലേക്ക് മെഡിക്കല്‍ കിറ്റുകള്‍ കയറ്റി അയച്ചു. ഡോക്ടര്‍മാരുടെ വിദഗ്ദ്ധസംഘങ്ങളെ വിട്ടുനല്‍കി. മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ നാലു വരെ 400 കോടി മാസ്‌കുകളാണ് വിവിധ രാജ്യങ്ങളിലേക്കു ചൈന കയറ്റുമതി ചെയ്തത്. ഓസ്ട്രിയ, ബെല്‍ജിയം, ഫ്രാന്‍സ്, ഹംഗറി, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, സ്പെയിന്‍ എന്നിവിടങ്ങളിലേക്കു കൊവിഡ് ചികിത്സയില്‍ പ്രാവീണ്യമുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരെ ചൈന അയച്ചിരുന്നു. അമേരിക്കയെന്ന സാമ്രാജ്യത്വശക്തിയെ മറികടന്ന് ചൈനയുടെ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് സ്വീകാര്യത വര്‍ദ്ധിക്കുമെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നുണ്ട്. കൊറോണയ്ക്ക് ശേഷം അമേരിക്കയുടെ രാഷ്ട്രീയസ്വാധീനത്തിനും പ്രത്യയശാസ്ത്രത്തിനും ഇടിവ് തട്ടുമെന്നും ആ വിടവ് ചൈന നികത്തുമെന്നും കരുതപ്പെടുന്നു.
അസാധാരണമായ ഈ സാഹചര്യം ചൈന ഉപയോഗപ്പെടുത്തിയേക്കാമെന്ന ഭീതി പാശ്ചാത്യലോകത്തിനുമുണ്ട്. എന്നാല്‍, പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ചൈനയുടെ സഹായം ഒഴിവാക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. വന്‍തോതില്‍ മാസ്‌കുകളും മറ്റും ഫ്രാന്‍സ് ചൈനയില്‍നിന്നു വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇത്തരം ഉല്പന്നങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടതിന്റെ അനിവാര്യതയാണ് ഇപ്പോഴത്തെ പ്രതിസന്ധി ചൂണ്ടിക്കാട്ടുന്നതെന്ന് ഫ്രെഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞിരുന്നു. സാഹചര്യം നേരിടാന്‍ എല്ലാ തന്ത്രപ്രധാനമായ സ്ഥാപനങ്ങളിലും സര്‍ക്കാരുകള്‍ ഓഹരി വാങ്ങണമെന്ന് യൂറോപ്യന്‍ യൂണിയനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്വതന്ത്ര വിപണികളിലുള്ള ഈ ചൈനീസ് കടന്നുകയറ്റം ഭയന്നാണ് ഇന്ത്യ വിദേശനിക്ഷേപ നിയമചട്ടങ്ങള്‍ പരിഷ്‌കരിച്ചതും ചൈനീസ് കമ്പനികളുടെ ഓഹരി നിക്ഷേപത്തിന് നിയന്ത്രണം കൊണ്ടുവന്നതും. കോവിഡാനന്തര കാലത്തെ ആഗോളവല്‍ക്കരണം ചൈനയെ കേന്ദ്രീകരിച്ചായിരിക്കുമെന്നും അമേരിക്കയുടെ സ്വാധീനം ഇല്ലാതാകുമെന്നുമുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചു. ലോകമുതലാളിത്തത്തിന്റെ എല്ലാ സാധ്യതകളും ഇതിനകം പ്രയോജനപ്പെടുത്തിയ ചൈന ആ സംവിധാനത്തില്‍ തന്നെ നിര്‍ണ്ണായക ശക്തിയാകുമെന്ന ഭീതിയാണ് ഇപ്പോള്‍ അമേരിക്കയ്ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമുള്ളത്.
ജനുവരിയില്‍ യൂറോപ്യന്‍ യൂണിയന്‍ സഹായം വാഗ്ദാനം ചെയ്തപ്പോള്‍ സ്വീകരിക്കാതിരുന്ന ചൈന ഇപ്പോള്‍ മറ്റു രാജ്യങ്ങള്‍ക്ക് നല്‍കുന്ന സഹായത്തെക്കുറിച്ച് പ്രചരണം നടത്തുകയാണെന്നാണ് യൂറോപ്യന്‍ യൂണിയന്റെ ആരോപണം. എന്നാല്‍ സെര്‍ബിയ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ ചൈനയുടെ സഹായം സ്വീകരിച്ചതിനെ അനുകൂലിച്ച് ശക്തമായി രംഗത്തുവന്നിട്ടുണ്ട്. പ്രതിസന്ധിഘട്ടത്തില്‍ യൂറോപ്യന്‍ യൂണിയന്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ കയറ്റുമതി വിലക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു സെര്‍ബിയയുടെ പ്രത്യക്ഷ ആക്രമണം. ഇതോടെ, മഹാമാരിയില്‍നിന്ന് രക്ഷനേടാന്‍ പൊരുതുന്ന ലോകരാജ്യങ്ങളെ നയിക്കുന്ന രാജ്യമായി ചൈന മാറി. മുന്‍പ്, ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ രക്ഷകരായി അമേരിക്കയാണ് രംഗപ്രവേശം ചെയ്യുന്നതെങ്കില്‍ ഇത്തവണ അത് ചൈനയായി. എച്ച്.ഐ.വി-എയ്ഡ്സ്, എബോള തുടങ്ങിയ രോഗങ്ങള്‍ക്കെതിരേയുള്ള പ്രതിരോധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായിരുന്നു. എന്നാല്‍, ഇത്തവണ അതുണ്ടായില്ലെന്ന് മാത്രമല്ല കടുത്ത അനൗചിത്യക്കുറവ് അമേരിക്കന്‍ ഭരണകൂടം പ്രകടിപ്പിക്കുകയും ചെയ്തു. കൊറോണയെ വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത് തന്നെ വുഹാന്‍ വൈറസ് എന്നായിരുന്നു. ലോകശക്തിയെന്ന് സ്വയം വിശേഷണം ട്രംപ് തുടര്‍ന്നെങ്കിലും വ്യക്തമായ മാര്‍ഗരേഖകളോ പദ്ധതിയോ അമേരിക്കയ്ക്ക് ഇല്ലാതെ പോയി. 2017-ലാണ് ട്രംപ് പുതിയ ദേശീയ സുരക്ഷാനയം പ്രഖ്യാപിച്ചത്. എന്നാല്‍, അത് പാടേ പരാജയമാണെന്ന് കൊവിഡ് തെളിയിക്കുകയായിരുന്നു. അതേസമയം രോഗനിയന്ത്രണത്തിലും ചികിത്സയിലും വരെ ചൈന അനുകരിക്കപ്പെട്ടു. ജനാധിപത്യ വ്യവസ്ഥകളായ തെക്കന്‍ കൊറിയയും തായ്വാനും നിയന്ത്രണ നടപടികളിലൂടെ രോഗവ്യാപനം തടഞ്ഞെങ്കിലും ആ മാതൃകകളല്ല ആഘോഷിക്കപ്പെട്ടത്. വുഹാന്‍ മാതൃകയിലുള്ള ലോക്ക്ഡൗണാണ് ഇന്ത്യയടക്കമുള്ള നാല്‍പ്പതിലധികം രാജ്യങ്ങളുടെ അടച്ചിടലിന്റെ അടിത്തറ.
അമേരിക്കയെ ശത്രുപക്ഷത്ത് നിര്‍ത്തിയാണ് കൊറോണാനന്തരം ചൈന അവതരിച്ചത്. അമേരിക്കന്‍ ജൈവായുധമാണ് വൈറസ് എന്ന ചൈനയുടെ ആരോപണം അതിന്റെ ഭാഗവുമായിരുന്നു. അനവസരത്തിലുള്ള ട്രംപിന്റെ നടപടികള്‍ മാറുന്ന ലോകക്രമത്തില്‍ ചൈനയെ കൂടുതല്‍ കരുത്തരാക്കുകയായിരുന്നു. ചൈനയോട് പക്ഷപാതം കാട്ടിയെന്നാരോപിച്ചാണ് ലോകാരോഗ്യസംഘടനയ്ക്കുള്ള ധനസഹായം ട്രംപ് പിന്‍വലിച്ചത്. പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടുന്നതിനു മുന്‍പ് ചൈന 30 മില്യണ്‍ ഡോളറിന്റെ അധിക ധനസഹായം സംഘടനയ്ക്ക് നല്‍കി. ട്രംപിന് അതേ നാണയത്തിലുള്ള മറുപടി. ലോകത്തെ എല്ലാവരുടെയും ഉത്തരവാദിത്വം തനിക്കേറ്റെടുക്കാനാവില്ലെന്ന് പറഞ്ഞ ട്രംപിന് പരോക്ഷമായി മറുപടി നല്‍കിയാണ് ചൈന ലോകരാജ്യങ്ങളെ സഹായിക്കാനിറങ്ങിയത്. ചൈനയുടെ സാമ്പത്തിക രാഷ്ട്രീയ സ്വാധീനം ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ തെളിയിക്കാനുളള അവസരം ചൈന ഉപയോഗപ്പെടുത്തുകയായിരുന്നു. വൈറസ് വ്യാപനം തടയുന്നതില്‍ ആദ്യഘട്ടത്തില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കാതിരുന്ന ചൈന ഇപ്പോള്‍ നിയന്ത്രണമേല്‍നോട്ടം നിര്‍വഹിക്കുന്നത് പ്രതിച്ഛായാ നിര്‍മാണത്തിന്റെ ഭാഗമാണെന്ന് കരുതുന്നവരുണ്ട്. റഷ്യയും ഇറാനും അള്‍ജീരിയയും ഉള്‍പ്പെടെ ഒരു പുതിയ ലോകക്രമത്തിന് നേതൃത്വം നല്‍കുന്നതിന്റെ ഭാഗമായാണ് ഇതെന്നും വിദഗ്ദ്ധര്‍ കരുതുന്നു.
നിലവില്‍ സ്വാധീനം ക്ഷയിക്കുന്ന പാശ്ചാത്യശക്തികളില്‍നിന്ന് അധികാരം പൗരസ്ത്യ ദേശങ്ങളില്‍ കേന്ദ്രീകരിക്കുമെന്ന് ചിന്തകനായ സ്റ്റീഫന്‍ എം. വാള്‍ട്ടിന്റെ ദര്‍ശനം അത്തരത്തിലൊന്നാണ്. പുതിയ ലോകക്രമത്തില്‍ അധികാരവും സ്വാധീനവുമുള്ള വെസ്റ്റേണ്‍ ബ്രാന്‍ഡ് അപ്രത്യക്ഷമാകുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. അപ്പോഴും സംഘര്‍ഷസ്വഭാവമുള്ള ലോകരാഷ്ട്രീയം മാത്രം മാറില്ലെന്നും അദ്ദേഹം പറയുന്നു. നിലവിലെ സാമ്പത്തികക്രമം മാറില്ലെന്നും ഇപ്പോഴുണ്ടായ ദിശാമാറ്റങ്ങളുടെ വേഗം വര്‍ദ്ധിപ്പിക്കുക മാത്രമാകുമെന്ന അഭിപ്രായമാണ് കിഷോര്‍ മഹ്ബൂബാനിക്കുള്ളത്. 'ഒമ െഇവശിമ ംീി? ഠവല ഇവശിലലെ രവമഹഹമിഴല ീേ മാലൃശരമി ുൃശാമര്യ' എന്ന പുസ്തകത്തിന്റെ രചയിതാവാണ് സിംഗപ്പൂരിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഏഷ്യ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഫെലോ ആയ കിഷോര്‍. അതായത്, അമേരിക്കന്‍ കേന്ദ്രീകൃത ആഗോളവല്‍ക്കരണത്തില്‍നിന്ന് ചൈനീസ് കേന്ദ്രീകൃത ആഗോളവല്‍ക്കരണത്തിലേക്ക് ലോകക്രമം മാറുമെന്ന് അദ്ദേഹം പറയുന്നു. ആഗോളവല്‍ക്കരണത്തിലും രാജ്യാന്തര വ്യാപാരങ്ങളിലുമുള്ള അമേരിക്കന്‍ ജനതയുടെ വിശ്വാസം നഷ്ടമായെന്ന് അദ്ദേഹം പറയുന്നു. ട്രംപിനെ ഒഴിവാക്കിയാലും ഇല്ലെങ്കിലും സ്വതന്ത്ര വ്യാപാര കരാറുകള്‍ അപകടകരമാണെന്ന് ഇന്ന് യു.എസ് ജനത തിരിച്ചറിയുന്നു. അതേസമയം ചൈനയുടെ വിശ്വാസം നഷ്ടമായിട്ടുമില്ല. 1842 മുതല്‍ 1949 വരെയുള്ള ചൈനയുടെ അപമാനത്തിന്റെ നൂറ്റാണ്ട് ചൈനീസ് നേതാക്കള്‍ക്ക് ഇപ്പോള്‍ നന്നായി അറിയാം, അത് സ്വന്തം അലംഭാവത്തിന്റേതാണെന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്. സാംസ്‌കാരികമായും സാമ്പത്തികമായും ആത്മവിശ്വാസം നേടിയ ചൈന എവിടെയും എന്തും നേരിടാന്‍ കരുത്താര്‍ജിച്ചെന്ന് അദ്ദേഹം പറയുന്നു. ലോകക്രമത്തിലെ ഒന്നാം സ്ഥാനമാണ് അമേരിക്ക ഇനിയും ലക്ഷ്യമിടുന്നതെങ്കില്‍ പ്രശ്‌നം രൂക്ഷമാകും. അതേസമയം ജനങ്ങളുടെ മികച്ച ജീവിതമാണ് ലക്ഷ്യമെങ്കില്‍ ചൈനയുമായുള്ള സഹകരണം സാധ്യമാകുമെന്നുമെന്നാണ് അദ്ദേഹം പറയുന്നത്.
ഒരു ആഗോള ശക്തിയായി അമേരിക്കയ്ക്ക് തുടരാനായേക്കാം എന്നാല്‍ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ഇനിയങ്ങനെ പറ്റില്ലെന്ന് ഈ വിദഗ്ദ്ധരെല്ലാം സാക്ഷ്യപ്പെടുത്തുന്നു. ലോകനേതാവായി ഇനി അധികകാലം അമേരിക്കയ്ക്ക് തുടരാനാകില്ലെന്ന് പറയുന്നു ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ കോറി ഷെയ്ക്ക്. നവലിബറല്‍ ലോകത്തെ പരിവര്‍ത്തനങ്ങളുടെ ഏകകാരണം കൊറോണയല്ലെങ്കിലും ഇതുവരെ തുടര്‍ന്ന പ്രവണതകള്‍ക്ക് അത് ഊര്‍ജ്ജം പകരുമെന്നാണ് കണക്കാക്കുന്നത്. ഇപ്പോള്‍ കാണുന്ന ലോകവ്യാപകമായ സംഭവവികാസങ്ങള്‍ ഒരു സൂചനയാണെങ്കില്‍ അമേരിക്കന്‍ ആഗോള നേതൃത്വത്തില്‍നിന്ന് ത്വരിതഗതിയിലുള്ള പിന്‍മാറ്റവും സ്വയംഭരണാധികാരമുള്ള പ്രദേശികവ്യാപാരവിഭാഗങ്ങളുടെ വേഗത്തിലുള്ള ആവിര്‍ഭാവവും പ്രതീക്ഷിക്കാം.
ചരിത്രത്തിന്റെ ആവര്‍ത്തനം
ലോകമുതലാളിത്ത ക്രമത്തില്‍ ചൈനയുടെ സ്ഥാനത്തിന് മാറ്റമുണ്ടായാല്‍ അത് ചരിത്രത്തിന്റെ ആവര്‍ത്തനമാകുമെന്ന് കണക്കാക്കുന്നവരുണ്ട്. 1100 മുതല്‍ 1800 വരെയുള്ള കാലഘട്ടത്തില്‍ ലോകസമ്പദ്വ്യവസ്ഥയില്‍ നിര്‍ണായക പദവി ചൈനയ്ക്കുണ്ടായിരുന്നു. യൂറോപ്പ് കേന്ദ്രീകരിച്ച ചരിത്രകാരന്‍മാര്‍ അത് തമസ്‌കരിച്ചെന്ന് മാത്രം. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍, പ്രത്യേകിച്ച് ഇംഗ്ലണ്ടില്‍ ചൈനയുടെ ആഗോള സാമ്പത്തിക മികവ് പ്രകടമാക്കുന്ന അനുഭവ സൂചകങ്ങളുടെ ഒരു പട്ടിക തന്നെ സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹ്യശാസ്ത്രകാരനുമായ ജോണ്‍ ഹോബ്‌സണ്‍ നല്‍കുന്നുണ്ട്. അതിലൊരു രസകരമായ വസ്തുതകള്‍ ഇങ്ങനെ- 1078-ല്‍ ലോകത്തെ ഏറ്റവുമധികം സ്റ്റീല്‍ ഉല്പാദിപ്പിക്കുന്നത് ചൈനയായിരുന്നു, എകദേശം 125,000 ടണ്‍. എന്നാല്‍ ഏഴു ദശാബ്ദം കഴിഞ്ഞ്, 1788-ല്‍ ബ്രിട്ടണിന് ഉല്പാദിപ്പിക്കാന്‍ കഴിഞ്ഞത് 76,000 ടണ്‍ മാത്രമാണ്. 18-ാം നൂറ്റാണ്ടില്‍ ബ്രിട്ടനിലുണ്ടായ ടെക്സ്‌റ്റൈല്‍ വിപ്ലവത്തിന് ഏഴു നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ചൈനയില്‍ അത്തരം കണ്ടുപിടുത്തങ്ങള്‍ നടന്നിരുന്നു. തെക്കന്‍ ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും പശ്ചിമേഷ്യയിലേക്കും യൂറോപ്പിലേക്കും ചൈനയ്ക്ക് വ്യാപാര ബന്ധങ്ങളുണ്ടായിരുന്നു. വിദൂരദേശങ്ങളിലെ വ്യാപാരത്തില്‍ ചൈനയായിരുന്നു മുന്നില്‍. പാശ്ചാത്യലോകത്തെ കാര്‍ഷികമുന്നേറ്റങ്ങളെ മറികടക്കുന്നതായിരുന്നു ചൈന നടത്തിയ കാര്‍ഷിക വിപ്ലവം. പേപ്പര്‍, ബുക്ക് പ്രിന്റിങ്, ആയുധങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയുടെ കണ്ടുപിടുത്തങ്ങള്‍ ഉല്പാദനശക്തിയായി ചൈനയെ വളര്‍ത്തി.
ലോകത്തെ ഏറ്റവും നൂതനമായ നാവിഗേഷന്‍ സംവിധാനവും അന്ന് ചൈനയ്ക്കുണ്ടായിരുന്നു. ലോകത്തെ ചരക്ക് ഗതാഗതത്തില്‍ ചൈനയ്ക്കായിരുന്നു മേധാവിത്വം. 1588-ല്‍ ഇംഗ്ലീഷ് കപ്പലുകള്‍ 400 ടണ്‍ മാത്രം കൈകാര്യം ചെയ്തപ്പോള്‍ ചൈന കൈകാര്യം ചെയ്തിരുന്നത് 3000 ടണ്‍ ചരക്കുകളാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യം വരെ ചൈന ഇങ്ങനെ ലോകവ്യാപാരത്തില്‍ ആദ്യ സ്ഥാനക്കാരായി തുടര്‍ന്നു. ബ്രിട്ടണും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും ചൈനയുടെ പാത പിന്തുടര്‍ന്ന് കണ്ടുപിടുത്തങ്ങളിലൂടെ ചൈനയുടെ വിപണി നേടുകയായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഉയര്‍ച്ചയോടെയാണ് ചൈനയുടെ മേധാവിത്വം അസ്തമിച്ചതെന്ന് അദ്ദേഹം പറയുന്നുണ്ട്. സാമ്രാജ്യത്വ രാഷ്ട്രത്തിന്റെ സൈനിക സ്വഭാവം പ്രകടിപ്പിച്ചാണ് ബ്രിട്ടണും പാശ്ചാത്യ സാമ്രാജ്യത്വവും കിഴക്കന്‍ വിപണികള്‍ കീഴടക്കിയത്. 1688 മുതല്‍ 1815 വരെയുള്ള കാലയളവിന്റെ 52 ശതമാനവും ഇത്തരം യുദ്ധങ്ങള്‍ക്കായാണ് ബ്രിട്ടണ്‍ സമയം ചെലവഴിച്ചതെന്ന് ഹോബ്‌സണ്‍ പറയുന്നു. അനന്തരം വ്യാവസായിക വിപ്ലവവും വൈദേശിക വ്യാപനവും യുദ്ധങ്ങളിലൂടെയോ സൈനികവല്‍ക്കരണത്തിലൂടെയോ ആയിരുന്നു. ചൈനക്കാര്‍ അവരുടെ സ്വതന്ത്ര വിപണികളെയും അവരുടെ മികച്ച ഉല്പാദനത്തെയും ആധുനിക വാണിജ്യ, ബാങ്കിങ് കഴിവുകളെയും ആശ്രയിച്ചപ്പോള്‍ ബ്രിട്ടീഷുകാര്‍ ആശ്രയിച്ചത് സൈനിക ആക്രമണങ്ങളിലും കോളനികളിലെ പ്രാദേശിക വിഭവങ്ങള്‍ സ്വായത്തമാക്കലിനെയുമായിരുന്നു. ആ അര്‍ത്ഥത്തില്‍ അതിനെ ഒരു കൊള്ളയായി അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ചൈന തങ്ങളുടെ സാമ്പത്തിക മേധാവിത്വം അടിസ്ഥാനമാക്കിയത് 'വ്യാപാര പങ്കാളികളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുക' എന്നതായിരുന്നു. ഇതിനു വിപരീതമായി, ബ്രിട്ടണ്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ചെയ്തത്. സാമ്രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായി പ്രാദേശിക സമ്പദ്വ്യവസ്ഥകളെ അവര്‍ പുനഃസംഘടിപ്പിച്ച് കോളനി സ്ഥാപിക്കുന്നതിന് പ്രാദേശിക രാഷ്ട്രീയ, സാമ്പത്തിക, ഭരണപരമായ ഉപകരണങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തു.
ചൈനയുടെ ആഗോള ആധിപത്യം അതിന്റെ വ്യാപാര പങ്കാളികളുമായുള്ള 'പരസ്പര ആനുകൂല്യങ്ങള്‍' അടിസ്ഥാനമാക്കിയുള്ളതായിരുന്നു, അതേസമയം ബ്രിട്ടണ്‍ അധിനിവേശവും അടിച്ചമര്‍ത്തലുമാണ് നടത്തിയത്. പ്രാദേശിക എതിരാളികളെ വളര്‍ത്തുന്നതിനുവേണ്ടി വിഭജിക്കുക ജയിക്കുക എന്ന നയമാണ് അവര്‍ സ്വീകരിച്ചത്. ചൈനീസ് വിപണിയെ മറികടക്കാന്‍ ഇത്തരം സൈനിക അടിച്ചമര്‍ത്തലുകള്‍ നടത്തിയ പാശ്ചാത്യ സാമ്രാജ്യത്വം കോളനികളെ ഉപയോഗിച്ച് ഉല്പാദനം കൂട്ടി. കടുത്ത സാമ്പത്തിക മത്സരത്തിലൂടെ ചൈനീസ് വിപണിയെ ഏറ്റെടുക്കാന്‍ കഴിയാതെ വന്നതോടെയാണ് ബ്രിട്ടണ്‍ സൈനികശക്തി ഉപയോഗിച്ചത്. ഇന്ത്യയിലെ തോട്ടങ്ങളില്‍ വിളഞ്ഞ കറുപ്പ് ചൈനയില്‍ വില്‍ക്കാന്‍ തുടങ്ങിയതോടെ ചൈനീസ് ഭരണാധികാരികള്‍ അത് തടഞ്ഞു. പിന്നീട് അതിന്റെ പേരിലുണ്ടായ കറുപ്പ് യുദ്ധത്തോടെ ചൈനയുടെ വിപണി മേധാവിത്വം അപ്രസക്തമായെന്ന് മാത്രമല്ല ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം വലിയ നഷ്ടങ്ങള്‍ സഹിക്കേണ്ടി വന്നു. ഹോങ്കോങ് അടക്കമുള്ള പ്രദേശങ്ങള്‍ വിട്ടുകൊടുത്തുകൊണ്ടുള്ള വ്യവസ്ഥകള്‍ മാരകമായാണ് ചൈനയെ ബാധിച്ചത്. ഇതാണ് ക്ഷാമത്തിലേക്കും പിന്നീട് നടന്ന വിപ്ലവത്തിലേക്കും നയിച്ചത്.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി വളരാനുള്ള അടിത്തറ ആധുനിക ചൈനയുടെ ഉദയമായിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ നടന്ന ചൈനീസ് കമ്യൂണിസ്റ്റ് വിപ്ലവം പാശ്ചാത്യശക്തികള്‍ക്കെതിരെ നടന്ന വിജയമായി. ജപ്പാന്‍-യു.എസ് സമ്രാജ്യശക്തികളുടെ സൈനികനീക്കം റെഡ് ആര്‍മി പരാജയപ്പെടുത്തി. തുടര്‍ന്നങ്ങോട്ട് പാശ്ചാത്യരാജ്യങ്ങള്‍ക്ക് അനുവദിച്ചിരുന്ന പ്രിവിലേജുകളെല്ലാം ചൈന എടുത്തുകളഞ്ഞു. വിപ്ലവനേതാക്കള്‍ പുതിയ സമ്പദ്വ്യവസ്ഥ കെട്ടിപ്പെടുത്തു. എല്ലാ അര്‍ത്ഥത്തിലും കമ്യൂണിസ്റ്റ് വിപ്ലവം ആധുനിക ചൈനീസ് ഭരണകൂടത്തെ കെട്ടിപ്പെടുത്തതാണെന്ന് അദ്ദേഹം പറയുന്നു. 150 വര്‍ഷത്തിലേറെ അപമാനത്തിനുശേഷം ചൈനീസ് ജനത അവരുടെ അഭിമാനവും ദേശീയ അന്തസ്സും വീണ്ടെടുത്തു. വിമോചനത്തിന് തൊട്ടുപിന്നാലെ യു.എസ് ആക്രമണം, അട്ടിമറി, ബഹിഷ്‌ക്കരണം, ഉപരോധം എന്നിവയില്‍നിന്ന് തങ്ങളുടെ രാജ്യത്തെ പ്രതിരോധിക്കാന്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തിന് കഴിയുകയും ചെയ്തു.
പാശ്ചാത്യ സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറയുന്നതുപോലെ ചൈനയുടെ വളര്‍ച്ച തുടങ്ങുന്നത് 1980-കളിലല്ലെന്നാണ് ജെയിംസ് പെട്രാസിനെപ്പോലെയുള്ളവരുടെ അഭിപ്രായം. ന്യൂയോര്‍ക്കിലെ ബിന്‍ഹാംടണ്‍ സര്‍വകലാശാലയിലെ സോഷ്യോളജി പ്രൊഫസറായിരുന്നു അദ്ദേഹം. 1950-കളില്‍ തുടങ്ങിയ പരിഷ്‌കരണം സമഗ്രമായിരുന്നുവെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. മനുഷ്യരെ മൂലധനമാക്കി സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള ഭൗതിക സാഹചര്യം കമ്യൂണിസ്റ്റ് ഭരണകൂടം ഒരുക്കുകയായിരുന്നു. പാലങ്ങളും വിമാനത്താവളങ്ങളും റെയില്‍പ്പാതകളും മാത്രമല്ല, സൗജന്യ വിദ്യാഭ്യാസവും ആരോഗ്യസംവിധാനവും അവര്‍ നല്‍കി. വിപ്ലവാനന്തരമുള്ള ആദ്യ മുപ്പതു വര്‍ഷം അത്തരം സൗകര്യമൊരുക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ.
ആഗോള ശക്തിയിലേക്കുള്ള ചൈനയുടെ ഉയര്‍ച്ച അങ്ങനെ 1949-ല്‍ ആരംഭിച്ചു, യൂറോപ്യന്‍, ജാപ്പനീസ്, യു.എസ് സാമ്രാജ്യത്വത്തിന്റെ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നവരെ മുഴുവന്‍ ചൈന ഒഴിവാക്കി.
1980-ന്റെ തുടക്കത്തിലാണ് ചൈനീസ് സര്‍ക്കാര്‍ സാമ്പത്തികതന്ത്രം നാടകീയമായി മാറ്റുന്നത്. ഡെങ് സിയോപിങ് പരിഷ്‌കരണ നടപടികള്‍ പ്രഖ്യാപിച്ചു. അടുത്ത മൂന്നു ദശാബ്ദം വലിയ വിദേശനിക്ഷേപത്തിനായി സര്‍ക്കാര്‍ വിപണി തുറന്നു കൊടുത്തു. പതിനായിരക്കണക്കിന് വ്യവസായങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചു. പണക്കാരുടെ പുതിയ ശ്രേണി സൃഷ്ടിക്കപ്പെട്ടു. അവര്‍ക്ക് വിദേശത്തെ ധനികരുമായി ബന്ധവുമുണ്ടായി. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന ചെലവ് കുറഞ്ഞ മാനവശേഷിയെ ഉപയോഗപ്പെടുത്തി വിദേശസ്ഥാപനങ്ങള്‍ ചൈനയില്‍ കുടിയേറുകയായിരുന്നു. ഒരു വശത്ത് പൊതു സബ്‌സിഡികള്‍ മൂലധന വളര്‍ച്ചയ്ക്ക് സഹായകരമായ രീതിയില്‍ ഒഴുക്കിയപ്പോള്‍ സൗജന്യവിദ്യാഭ്യാസവും ആരോഗ്യസംവിധാനവും തകര്‍ന്നു. റിയല്‍എസ്റ്റേറ്റ് വിപണി തഴച്ചു വളര്‍ന്നു. പഴയ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ സാധ്യമാക്കിയ അടിത്തറയിലാണ് പുതിയ മുതലാളിത്ത രീതികള്‍ പയറ്റി ചൈന രണ്ടക്കവളര്‍ച്ച നേടിയത്. പൊതുനിക്ഷേപം, വലിയ ലാഭം, പുതിയ കണ്ടുപിടുത്തങ്ങള്‍, സംരക്ഷിത വിപണി തുടങ്ങിയവയില്‍ കേന്ദ്രീകരിച്ചായിരുന്നു ചൈനയുടെ സുസ്ഥിര വളര്‍ച്ച. വിദേശമൂലധനത്തിന്റെ ഒഴുക്കു പോലും ചൈനീസ് നിയന്ത്രണങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും അനുസരിച്ചായിരുന്നു. വളര്‍ച്ച നിലനിര്‍ത്തുന്നതിന് വിദേശത്ത് കൂടുതല്‍ നിക്ഷേപങ്ങളും വ്യാപാരബന്ധങ്ങളും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും ആവശ്യമായിരുന്നു. അങ്ങനെയാണ് ലാറ്റിനമേരിക്കയെയും ആഫ്രിക്കയെയും ചൈന ലക്ഷ്യമിടുന്നത്. 2010 ഓടെ ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും യു.എസിനെയും യൂറോപ്പിനെയും പിന്തള്ളി ചൈന മുന്നിലുമെത്തി.
അപ്പോഴും സൈനിക ഇടപെടലുകളിലൂടെയല്ല ആധുനിക ചൈന ലോകസമ്പദ്ശക്തിയായി മാറിയത്. എണ്ണയ്ക്കു വേണ്ടി യു.എസ് നടത്തിയതു പോലെയുള്ള ക്രൂരമായ യുദ്ധങ്ങള്‍ ചൈന നടത്തിയില്ല. ചൈനയുടെ സൈനിക ചെലവിന്റെ പന്ത്രണ്ടിരട്ടിയാണ് അമേരിക്കയുടെ സൈനിക ചെലവ്. ഇസ്രയേലിനു വേണ്ടി അമേരിക്ക പശ്ചിമേഷ്യയില്‍ നടത്തിയ യുദ്ധംപോലൊന്ന് ചൈന നടത്താത്തിന് കാരണം നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള സാംസ്‌കാരിക പാരമ്പര്യമാകാമെന്നുള്ള വ്യാഖ്യാനം കൂടി ചരിത്രകാരന്‍മാരില്‍ പലരും നടത്തുന്നു.
കൊറോണാനന്തരം ലോകത്തിന് പുതിയൊരു സാമ്പത്തികക്രമം സ്വീകാര്യമാകാനുള്ള സാധ്യത കൂടുതലാണ്. ചൈനയ്ക്ക് എതിരേ എനിക്ക് പലതും ചെയ്യാനാകും എന്ന ട്രംപിന്റെ വാചാടോപത്തിനപ്പുറം യു.എസ്-യൂറോപ്പ് കേന്ദ്രീകൃതമായ ധനകാര്യസ്ഥാപനങ്ങളിലെല്ലാം സമീപഭാവിയില്‍ ചൈനയ്ക്ക് വ്യക്തമായ മുന്‍തൂക്കമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ആഫ്രിക്കന്‍ ഊര്‍ജ-ഖനന മേഖലയില്‍ ചൈനയ്ക്കാണ് മേധാവിത്വം. സൗദി അറേബ്യന്‍ വിപണിയില്‍ യു.എസിനു പകരം ചൈന മുന്‍തൂക്കം നേടുന്നുണ്ട്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും സമ്മര്‍ദമുണ്ടെങ്കിലും വേതനം വര്‍ദ്ധിപ്പിച്ചും സാമൂഹ്യചെലവുകള്‍ കൂട്ടിയും ആഭ്യന്തരവിപണിയെ ശക്തിപ്പെടുത്താനും ചൈന ശ്രമിക്കുന്നു. ഭാവിയെ മുന്നില്‍ക്കണ്ടുള്ള ഈ നീക്കത്തിന് ഫലപ്രാപ്തിയുണ്ടായാല്‍ ഒന്നാം സാമ്പത്തികശക്തി എന്ന പദവിയില്‍ യു.എസിനെ പിന്തള്ളി ചൈന എത്തും. അങ്ങനെ സംഭവിച്ചാല്‍ ചരിത്രത്തിന്റെ ഒരാവര്‍ത്തനം സാധ്യമാകും. എന്നാല്‍, കൊറോണയ്ക്ക് മുന്‍പു തന്നെ ജി.ഡി.പി വളര്‍ച്ച കുറഞ്ഞത് അവര്‍ക്ക് വെല്ലുവിളിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates