

മോഹന്‍ലാലിനേയും മമ്മൂട്ടിയേയും കുറിച്ച് ഗൗരവതരമായി എഴുതപ്പെട്ടിട്ടുള്ളതില്‍ ഏറെയും അവരില്‍ ഒരാളെ അപരപക്ഷത്ത് നിര്‍ത്തുന്ന വിലയിരുത്തലുകളാണ്. ഇരുവരുടേയും ആരാധകവൃന്ദങ്ങളുടെ കാഴ്ചപ്പാടിലൂടെ ഫിലിപ്പോ ഒസെല്ലയും കരോളിന്‍ ഒസെല്ലയും പുതിയ നൂറ്റാണ്ടിനൊടുവില്‍ നടത്തിയ നരവംശ ശാസ്ത്രപഠനങ്ങളിലെ നിഗമനങ്ങളെ പിന്‍പറ്റുന്നവയാണ് വായനകളില്‍ ഏറെയും.
എന്‍.പി. സജീഷ് എഡിറ്റ് ചെയ്ത പുരുഷവേഷങ്ങള്‍ (2007), എ.വി. രഘുവാസ് എഡിറ്റു ചെയ്ത മോഹന്‍ലാല്‍ പഠനങ്ങള്‍ (2011), എ. ചന്ദ്രശേഖരനും ഗിരീഷ് ബാലകൃഷ്ണനും ചേര്‍ന്നു തയ്യാറാക്കിയ മോഹന്‍ലാല്‍ ഒരു മലയാളിയുടെ ജീവിതം (2013) അടക്കമുള്ള പുസ്തകങ്ങള്‍ മലയാള സിനിമയുടെ മൂല്യപരിസരങ്ങളുടെ നിരന്തര പരിണാമചരിത്രത്തില്‍ മോഹന്‍ലാല്‍ എന്ന നടനെ അവതരിപ്പിക്കുന്നു. മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും താരസ്വരൂപം പ്രകടമാക്കുന്ന സങ്കല്പങ്ങളും സവിശേഷതകളും ആണത്തങ്ങളുടെ പ്രത്യയശാസ്ത്രവും ചേര്‍ന്ന ജ്ഞാനപരിസരം സി.എസ്. വെങ്കിടേശ്വരന്‍, ജി.പി. രാമചന്ദ്രന്‍, പി.എസ്. രാധാകൃഷ്ണന്‍, ടി. മുരളീധരന്‍, കെ. ഗോപിനാഥന്‍, ജെനി റൊവീന, അജയ് ശേഖര്‍, കെ.പി. ജയകുമാര്‍, യാക്കോബ് തോമസ് അടക്കമുള്ളവരുടെ പഠനങ്ങളും അടയാളപ്പെടുത്തുന്നുണ്ട്.
എഴുപതുകളുടെ തുടക്കത്തില്‍ ആദ്യം മമ്മൂട്ടിയും (1970, അനുഭവങ്ങള്‍ പാളിച്ചകള്‍) തുടര്‍ന്ന് മോഹന്‍ലാലും (1978) അഭിനയരംഗത്തെത്തി. മൗലിക പ്രതിഭയ്ക്കും കഠിനാദ്ധ്വാനത്തിനുമൊപ്പം ഇരുവര്‍ക്കും ചലച്ചിത്രരംഗത്ത് പതിറ്റാണ്ടുകള്‍ നീണ്ട സവിശേഷ താരസാന്നിദ്ധ്യം സാധ്യമാക്കിയ സാമൂഹിക ഘടകങ്ങളും ചലച്ചിത്രമേഖലയിലെ സാമ്പത്തികവും സാങ്കേതികവുമായ യാഥാര്‍ത്ഥ്യങ്ങളും വിലയിരുത്തപ്പെടണം.
മലയാള സിനിമ കല, വിനോദം, സാങ്കേതികത, വ്യവസായം എന്നീ നിലകളിലെല്ലാം ചലനാത്മകവും വികസ്വരവുമായിരുന്ന 1981-'90 കാലഘട്ടം സാദ്ധ്യമാക്കിയ നടന്മാരും താരങ്ങളുമായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും. 2010 വരെയുള്ള ആറു ദശകങ്ങളില്‍ (1950- 2010) 1980കളിലായിരുന്നു ഏറ്റവും അധികം മലയാള സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടതും ഇവര്‍ ഇരുവരുടേയും താരസാന്നിദ്ധ്യം ഏറെ സജീവമായിരുന്നതും (പട്ടിക 1, 2). സുലഭമായി ലഭിച്ച അവസരങ്ങള്‍ കഥാപാത്ര വൈവിദ്ധ്യം ഉറപ്പുവരുത്തുകയും പിഴവുകള്‍ തിരുത്തി സ്വയം നവീകരിക്കാനുള്ള അവസരമൊരുക്കുകയും ചെയ്തു. ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ ചലച്ചിത്ര നിര്‍മ്മാണത്തില്‍ വന്‍ കുതിച്ചുചാട്ടം കണ്ട 2010-'20 കാലത്താണ് ഈ സ്ഥിതിക്ക് മാറ്റം വരുന്നത്.
രൂപത്തിലും ഭാവത്തിലും ലോകസിനിമയില്‍ നവസിനിമാ മുന്നേറ്റത്തിന്റെ മാറ്റൊലിയെന്നോണം ഗൗരവതരമായ ചില ചുവടുവയ്പുകള്‍ മലയാളത്തിലെ മുഖ്യധാരാ സിനിമ നടത്തിയിരുന്നെങ്കിലും ഇതിവൃത്തത്തിലോ അഭിനയത്തിലോ കാര്യമായ പുതുമകളൊന്നുമില്ലാതെ മുഖ്യമായും കോടമ്പാക്കത്തുനിന്നും പുറത്തുവരുന്ന ഫോര്‍മുല സിനിമകളുടെ ഇത്തിരിവട്ടത്തില്‍ കറങ്ങുകയായിരുന്നു. പ്രേംനസീറിനും മധുവിനൊപ്പം സുകുമാരന്‍, സോമന്‍, ജയന്‍, വിന്‍സെന്റ്, രാഘവന്‍, സുധീര്‍ ഇവരൊക്കെയായിരുന്നു അക്കാലത്തെ പ്രധാന നായകനടന്മാര്‍.
40 വര്‍ഷത്തിനിടെ അഞ്ചാറ് തലമുറയിലെ സംവിധായകരോടൊപ്പം അഭിനയിക്കാനായി എന്നത് മോഹന്‍ലാലിനും മമ്മൂട്ടിക്കും ലഭിച്ച അപൂര്‍വ്വ സാദ്ധ്യതയായിരുന്നു. പഴയ തലമുറയിലെ എ. വിന്‍സെന്റ്, കെ.എസ്. സേതുമാധവന്‍, ശ്രീകുമാരന്‍ തമ്പി, എ.ബി. രാജ്, ശശികുമാര്‍, പി.ജി. വിശ്വംഭരന്‍... ഇവരുടെ പിന്തുടര്‍ച്ചക്കാരില്‍ പ്രമുഖരായ ഐ.വി. ശശി, ഭരതന്‍, ബാലചന്ദ്ര മേനോന്‍, പത്മരാജന്‍... 1980-കളിലെ ശ്രദ്ധേയ സംവിധായകരായ വേണു നാഗവള്ളി, ഫാസില്‍, സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, കമല്‍, തമ്പി കണ്ണന്താനം, സിബി മലയില്‍, 1990-കളിലെ സിദ്ധിഖ്-ലാല്‍, രാജീവ് കുമാര്‍, ഷാജി കൈലാസ്... പുതിയ നൂറ്റാണ്ടില്‍ ഇരുദശകങ്ങളിലുമായി രഞ്ജിത്ത്, ബ്ലെസ്സി, റോഷന്‍ ആന്‍ഡ്രൂസ്, അന്‍വര്‍ റഷീദ്, ജിത്തു ജോസഫ്... ഇതാണ് ലാല്‍ സിനിമകളുടെ സംവിധായകരുടെ നീണ്ടനിരയെങ്കില്‍ സമാനവും സമ്പന്നവുമാണ് മമ്മൂട്ടി സിനിമകളൊരുക്കിയ സംവിധായകരുടെ പട്ടികയും. തങ്ങളുടെ കാലത്തെ അടൂര്‍ ഗോപാലകൃഷ്ണന്‍, കെ.ജി. ജോര്‍ജ്, ടി.വി. ചന്ദ്രന്‍, ജയരാജ് അടക്കമുള്ള സംവിധായകരുടേയും ഒന്നിലേറെ സിനിമകളില്‍ അഭിനയിക്കാനും അംഗീകാരം നേടാനും മമ്മൂട്ടിക്കും അരവിന്ദന്റെ വാസ്തുഹാരയില്‍ അഭിനയിക്കാന്‍ മോഹന്‍ലാലിനും കഴിഞ്ഞു. ഷാജി എന്‍. കരുണിന്റെ വാനപ്രസ്ഥത്തില്‍ ലാലും കുട്ടിസ്രാങ്കില്‍ മമ്മൂട്ടിയും അഭിനയിച്ചു. കഴിഞ്ഞ നാലുദശകങ്ങളില്‍ ചലച്ചിത്രമേഖലയില്‍ തലമുറകളിലൂടെ നടന്ന സാങ്കേതികവും കലാപരവുമായ ഭാവുകത്വ പരിണാമ പ്രക്രിയയില്‍ അഭിനയജീവിതം പുതുക്കപ്പെടാന്‍ ഇരുവര്‍ക്കും അവസരമുണ്ടായി.
1970-കളിലെ നവസിനിമയുടെകൂടി സ്വാധീനമെന്നോണമാണ് അതുവരെ ഉണ്ടായിരുന്ന സാഹിത്യത്തോടുള്ള ആശ്രിതത്വം, അതിവൈകാരികത, അതിഭാവുകത്വം ഇവയൊക്കെ മുഖ്യധാരാ സിനിമകളില്‍നിന്നും പതിയെപ്പതിയ ഒഴിവാക്കപ്പെടുന്നത്. ഇന്ത്യയിലെ ആദ്യത്തെ ത്രീ ഡി ചിത്രം മൈഡിയര്‍ കുട്ടിച്ചാത്തന്‍ (1984), ദൃശ്യഭാഷ്യം, ശബ്ദാനുഭവം അടക്കം ചലച്ചിത്ര സാങ്കേതികതയില്‍ വലിയ കുതിച്ചുചാട്ടം അനുഭവിപ്പിച്ച ന്യൂഡല്‍ഹി (1987), പ്രണയം, രതി, കാമം, ആണ്‍-പെണ്‍ ബന്ധങ്ങള്‍ ഇത്തരം വിഷയങ്ങളിലെ സദാചാര സങ്കല്പങ്ങളെ പൊള്ളിച്ച തൂവാനത്തുമ്പികള്‍ (1987) പോലെയുള്ള സിനിമകള്‍ ഇക്കാലത്തിറങ്ങിയവയാണ്. ഇവയൊക്കെ പ്രമേയം, കലാരൂപം, വ്യവസായം എന്നീ നിലകളില്‍ മുഖ്യധാരാ സിനിമ ഇക്കാലത്ത് കൈവരിച്ച വളര്‍ച്ചയുടേയും ചലനാത്മകതയുടേയും സൂചകങ്ങളാണ്. വിനോദ വ്യവസായ മേഖലയുടെ ഈ പരിണാമചരിത്രം വെങ്കിടേശ്വരന്‍ തന്റെ മോഹന്‍ലാല്‍ പഠനത്തില്‍ വിലയിരുത്തുന്നുണ്ട്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ തിയേറ്ററുകള്‍ പ്രവര്‍ത്തിച്ചിരുന്നതും ഏതാണ്ട് ഇതേ കാലത്തായിരുന്നു. 1970-കളില്‍ ആയിരത്തില്‍ താഴെ തിയേറ്ററുകളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ 1987-ല്‍ അത് 1389-ആയും 1993-ല്‍ 1422-ആയും വര്‍ദ്ധിക്കുന്നതും പിന്നീട് കുറയുന്നതും പഠനങ്ങളില്‍ കാണാം. 2020-ല്‍ 670 തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് സംഘടനാ (സിയോക്) സെക്രട്ടറി നല്‍കുന്ന കണക്ക്. ഇക്കാലത്തുതന്നെയാണ് വീഡിയോ, വീഡിയോ-പാര്‍ലറുകള്‍, ദൂരദര്‍ശന്‍, കേബിള്‍, സ്വകാര്യ ചാനലുകള്‍ ഇവയൊക്കെ കാലാനുക്രമമായി മലയാളത്തില്‍ യാഥാര്‍ത്ഥ്യമാവുന്നതും സിനിമയുടെ ദൃശ്യവിനോദ മാധ്യമമെന്ന കുത്തക തകര്‍ന്നു സിനിമാസ്വാദനത്തിനു ഗാര്‍ഹികതലവും അനുബന്ധ വിപണന-വിതരണ സംവിധാനങ്ങളും ഉരുത്തിരിയുന്നതും. 1996-ല്‍ ആകെ തിയേറ്ററുകളുടെ എണ്ണത്തില്‍ 10 ശതമാനം മാത്രമായിരുന്നു റിലീസിംഗ് കേന്ദ്രങ്ങളെങ്കില്‍ ഇന്നു നിലവിലുള്ളവയില്‍ പാതിയും അത്തരം കേന്ദ്രങ്ങള്‍ ആണ്. വൈഡ് റിലീസുകളുടെ പുതിയ കാലത്ത് താരസ്വരൂപത്തുടര്‍ച്ചകള്‍ ആരാധകരിലേക്കും വിപണിമൂല്യം തിരികെ മുതലിറക്കിയവരിലേക്കും ഒരേസമയം എത്തുന്നു. സിനിമയ്‌ക്കൊപ്പം വീഡിയോ, ടെലിവിഷന്‍ രംഗങ്ങളൊരുക്കിയ മാറ്റങ്ങളുടെ വലിയ സാദ്ധ്യതയും തങ്ങളുടെ താരസാന്നിദ്ധ്യം ഉറപ്പാക്കാനും താരപ്രഭാവം നിലനിര്‍ത്താനും നീട്ടിക്കൊണ്ടുപോകാനും മമ്മൂട്ടിക്കും മോഹന്‍ലാലിനും സഹായകമായി.
ചലച്ചിത്ര വ്യവസായത്തിന്റെ ഈ സവിശേഷ ചരിത്രപശ്ചാത്തലത്തില്‍ വേണം മോഹന്‍ലാലിന്റെ സുദീര്‍ഘവും വര്‍ണ്ണാഭവുമായ ചലച്ചിത്ര ജീവിതത്തിലെ താരസ്വരൂപ രൂപാന്തരം കാലാനുക്രമമായി അടയാളപ്പെടുത്താന്‍.
വില്ലന്‍, പ്രതിനായകന്‍, നായകന്‍
ആദ്യചിത്രമായ തിരനോട്ടത്തില്‍ (1978) അഭിനയിക്കുമ്പോള്‍ മോഹന്‍ലാലിനു 18 വയസ്സായിരുന്നു പ്രായം. ചിത്രം പുറത്തുവന്നില്ല. തുടര്‍ന്ന് 1980-ല്‍ നടീനടന്മാരും അണിയറ പ്രവര്‍ത്തകരുമെല്ലാം പുതുമുഖങ്ങളായി പുറത്തുവന്ന മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രന്‍ എന്ന ക്രൂരനായ വില്ലനായി മലയാളി ഈ നടനെ പരിചയപ്പെടുന്നു. ചിത്രം ഹിറ്റായി.
വില്ലന്‍ വേഷങ്ങളില്‍നിന്നും നായകപദവിയിലേക്കുള്ള മാറ്റത്തിലൂടെ എങ്ങനെ നീ മറക്കും എന്ന ചിത്രവും അതിലെ ശംഭു എന്ന കഥാപാത്രവും മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായി. ഐ.വി. ശശി-എം.ടി. വാസുദേവന്‍ നായര്‍ ടീമിന്റെ ഉയരങ്ങളില്‍ (1984) പ്രതിനായകനായിരുന്നിട്ടും അഭിനയമികവിലൂടെ ലാല്‍ ശ്രദ്ധേയനായി. 1980-കളിലെ ജനപ്രിയ സംവിധായകരുടെ ഒരൊറ്റ താരത്തെ മാത്രം കേന്ദ്രീകരിക്കാത്ത സിനിമകളില്‍ പ്രശസ്തരായ ഒരുകൂട്ടം നടീനടന്മാര്‍ക്കൊപ്പം അഭിനയിക്കാനായതും നടന്‍ എന്ന നിലയിലെ വളര്‍ച്ചയ്ക്ക് ലാലിനു സഹായകമായി. പടയോട്ടം (1982), കരിമ്പിന്‍ പൂവിനക്കരെ (1985) പോലെ കഥകളും ഉപകഥകളും ചേര്‍ന്ന ജനപ്രിയ ചിത്രങ്ങള്‍ ശൈലീകരണത്തിനും സ്വയം നവീകരിക്കാനും അവസരമൊരുക്കി.
ഫാസില്‍ സംവിധാനം ചെയ്ത എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് (1983) എന്ന സിനിമയിലെ അലക്‌സ്, ശ്രീകൃഷ്ണപ്പരുന്ത് (1984) എന്ന സിനിമയിലെ സിരകളില്‍ അധമവികാരങ്ങള്‍ പടര്‍ന്നുകയറുന്ന ദുര്‍മന്ത്രവാദിയായ കുമാരേട്ടന്‍, കരിമ്പിന്‍പൂവിനക്കരെയിലെ ഭദ്രന്‍, 1985-ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബോയിംഗ് ബോയിംഗിലെ ശ്യാം ഇവരൊക്കെ ലാലിന്റെ ഇക്കാലത്തെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു.
പൂച്ചക്കൊരു മുക്കുത്തി പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ആദ്യ സിനിമ. അപ്പുണ്ണി സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ലാല്‍ അഭിനയിച്ച ആദ്യചിത്രവും. ഇവ രണ്ടും 1984 മാര്‍ച്ച് 17-നു ഒരേ ദിവസം പുറത്തുവന്ന മുഴുനീള ഹാസ്യചിത്രങ്ങളായിരുന്നു. ശ്യാം എന്ന ലാല്‍ കഥാപാത്രത്തിനൊപ്പം മുകേഷും ജഗതിയും സുകുമാരിയും തീര്‍ത്ത ശുദ്ധ ഫലിതരംഗങ്ങളുമായി അടുത്തവര്‍ഷം പുറത്തുവന്ന ബോയിംഗ് ബോയിംഗ് (1985) വന്‍ സാമ്പത്തിക വിജയം നേടി.
ജനപ്രിയ കഥാപാത്ര തുടര്‍ച്ചകള്‍
125-ഓളം ചിത്രങ്ങള്‍ പുറത്തുവന്ന 1986-'95 കാലത്തായിരുന്നു മോഹന്‍ലാല്‍ ചിരിച്ചും തരികിട കാട്ടിയും നമ്മളിലൊരാളായി മലയാള സിനിമയിലെ ജനപ്രിയ നായകനായി മാറിയത്. 1986-ല്‍ മാത്രം 34 ലാല്‍ സിനിമകളാണ് പുറത്തുവന്നത് (ഗ്രാഫ് കാണുക).
ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് തീര്‍ത്ത ടി.പി. ബാലഗോപാലനും (ടി.പി. ബാലഗോപാലന്‍ എം.എ., 1986), ഗോപാലകൃഷ്ണ പണിക്കരും (സന്മനസ്സുള്ളവര്‍ക്ക് സമാധാനം, 1986), റാം സിങ്ങായെത്തുന്ന സേതുവും (ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, 1986), ദാസനും (നാടോടിക്കാറ്റ്, 1987) ഗള്‍ഫില്‍നിന്നും പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തുന്ന യുവാവായ മുരളീധരനും (വരവേല്‍പ്പ്, 1989) മലയാളിയുടെ ഇഷ്ടക്കാരായി. അനായാസ ലാളിത്യത്തോടെ ഹാസ്യം കൈകാര്യം ചെയ്യുന്ന നായകനായി മോഹന്‍ലാലിനെ മലയാളി കണ്ടെത്തിയത് ഇക്കാലത്തായിരുന്നു. ടി.പി. ബാലഗോപാലന്‍ എം.എയിലൂടെ മോഹന്‍ലാലിനു കേരള സര്‍ക്കാറിന്റെ മികച്ച നടനുള്ള പുരസ്‌കാരവും ആദ്യമായി ലഭിച്ചു.
ചിരിയും ഭ്രാന്തും കണ്ണീരും ഋതുഭേദങ്ങള്‍പോലെ സംഭവിച്ച താളവട്ടത്തിലെ (1986) വിനോദും 1988-ല്‍ സ്വന്തം തിരക്കഥയില്‍ പ്രിയദര്‍ശന്‍ തീര്‍ത്ത് 366 ദിവസം ഒരേ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച് റെക്കാര്‍ഡിട്ട ചിത്രം എന്ന സിനിമയിലെ വിഷ്ണുവും 1989-ല്‍ ആര്‍. ഗോപാലകൃഷ്ണനോടൊപ്പം പ്രിയന്‍ സംവിധാനം ചെയ്ത വന്ദനത്തിലെ ഉണ്ണികൃഷ്ണനും ഒരു നാടോടിക്കഥയുടെ ലാളിത്യത്തോടെ പ്രണയവും വിരഹവും ഹാസ്യവും എല്ലാം ചേര്‍ന്ന തേന്മാവിന്‍ കൊമ്പിലെ (1994) മാണിക്യനും മലയാളിയുടെ മനസ്സ് കീഴടക്കിയ ലാല്‍ കഥാപാത്രങ്ങളായിരുന്നു.
ഏടാകൂടങ്ങളില്‍ ചാടുകയും രക്ഷപ്പെടുകയും ദുരിതം പേറുമ്പോഴും മറ്റുള്ളവരെ ചിരിപ്പിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്യുന്ന സാധാരണക്കാരും യുവാക്കളുമായ കാരിക്കേച്ചര്‍ കഥാപാത്രങ്ങള്‍ മോഹന്‍ലാലിന്റെ സ്വതസിദ്ധവും അനായാസ ലളിതവുമായ അഭിനയമികവിലൂടെ മലയാളി മനസ്സില്‍ കയറിക്കൂടുകയും തിയേറ്റര്‍ വിട്ടാലും തന്മയീഭാവത്തോടെ കൂടെ സഞ്ചരിക്കുകയും ചെയ്തു.
നൈസര്‍ഗ്ഗിക നടനവൈഭവം
ഇക്കാലത്തുതന്നെ എം.ടി. വാസുദേവന്‍ നായര്‍, ലോഹിതദാസ് പോലെയുള്ള തിരക്കഥാകൃത്തുക്കളുടേയും ഭരതന്‍, പത്മരാജന്‍, സിബി മലയില്‍, സത്യന്‍ അന്തിക്കാട് അടക്കമുള്ള സംവിധായകരുടേയും കലാമൂല്യമുള്ള ജനപ്രിയ സിനിമകളില്‍ അഭിനയിക്കാനും അംഗീകാരവും പുരസ്‌കാരങ്ങളും നേടാനും മോഹന്‍ലാലിനു കഴിഞ്ഞു.
സിബി മലയില്‍ സിനിമകളിലെ രാജീവ് മേനോന്‍ (ദശരഥം, 1989), സേതുമാധവന്‍ (കിരീടം, 1989), അബ്ദുള്ള/അനന്തന്‍ നമ്പൂതിരി (ഹിസ് ഹൈനസ്സ് അബ്ദുള്ള, 1990) ഗോപി (ഭരതം, 1991) സത്യനാഥന്‍ (സദയം, 1992), നന്ദഗോപന്‍ (കമലദളം, 1992), ഇരട്ടകളായ നരേന്ദ്രനും ഉണ്ണിയും (മായാമയൂരം, 1993) ഇവയൊക്കെ ലാല്‍ നടനവൈഭവത്തിലൂടെ അനന്യ അനുഭവമാക്കിയ മികച്ച കഥാപാത്രങ്ങളായിരുന്നു. സദയത്തിന്റെ തിരക്കഥ എം.ടിയുടേതും മായാമയൂരം രഞ്ജിത്തിന്റേയും ആയിരുന്നെങ്കില്‍ മറ്റു ചിത്രങ്ങളുടെ തിരക്കഥ ലോഹിതദാസിന്റെ ആയിരുന്നു.
പൊലീസുകാരനാവാന്‍ ആഗ്രഹിക്കുകയും കുറ്റവാളി ആയിത്തീരുകയും ചെയ്യുന്ന സേതുമാധവന്റെ തലയില്‍ വിധി അണിയിച്ച കിരീടം ഒരു മുള്‍ക്കിരീടംപോലെ ഓരോ കാഴ്ചയിലും മലയാളിയെ വേദനിപ്പിച്ചു. വിനയത്തില്‍നിന്നും ക്രൗര്യത്തിലേക്കുള്ള സേതുവിന്റെ പകര്‍ന്നാട്ടം 1989-ല്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിയുടെ പ്രത്യേക പരാമര്‍ശം മോഹന്‍ലാലിനു നേടിക്കൊടുത്തു. രാജകുടുംബത്തിലെ വലിയ തമ്പുരാനെ വധിച്ച് പിതൃസ്വത്ത് കൈക്കലാക്കാന്‍ ഇളമുറക്കാര്‍ കൊണ്ടുവന്ന വാടകക്കൊലയാളിയായ അബ്ദുള്ള സംഗീതപ്രേമിയും ശുദ്ധനുമായ തമ്പുരാന്റെ രക്ഷകനായ കഥ പറയുന്ന ഹിസ് ഹൈനസ്സ് അബ്ദുള്ളയില്‍ സംഗീതജ്ഞനായ അബ്ദുള്ളയായി സംഗീതം മനസ്സിലുള്ള ലാല്‍ യേശുദാസിന്റെ ശബ്ദത്തില്‍ പ്രമദവനവും ദേവസഭാതലവും പാടി മലയാളിയെ സംഭ്രമിപ്പിച്ചു.
പിതാവായും ഗുരുവായും കണ്ട ചേട്ടന്‍, ഗായകനായ തന്റെ വളര്‍ച്ചയില്‍ അസൂയാലു ആണെന്നറിയാമായിട്ടും അനാഥജഡമായി ചിതയില്‍ എരിഞ്ഞ വിവരം ആരെയും അറിയിക്കാതെ കൊണ്ടുനടന്ന അനുജന്‍ ഗോപിനാഥന്റെ (ഭരതം) ആത്മസംഘര്‍ഷങ്ങള്‍ തീര്‍ത്ത അഭിനയ മുഹൂര്‍ത്തങ്ങള്‍ മോഹന്‍ലാലിന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. തൂക്കിലേറ്റപ്പെടുന്ന അനാഥനും ചിത്രകാരനുമായ സത്യനാഥന്റെ ആത്മനൊമ്പരങ്ങളുടെ കഥയാണ് സദയം. ജീവിതത്തില്‍ കൂട്ടാവുമെന്നു കരുതിയ പെണ്ണിനെ പിഴപ്പിച്ചവന്‍ തന്നെ ഇളയവരായ രണ്ടു പെണ്‍കുരുന്നുകളേയും വഴിപിഴപ്പിക്കുമെന്നു കണ്ടു അകളങ്കിത മാലാഖമാരായി സ്വര്‍ഗ്ഗത്തിലേക്കയക്കാന്‍ അവരെ കൊന്നതായിരുന്നു കുറ്റം. നെഞ്ചിലൊരു നീറ്റലായും ഉള്ളിലൊരു പിടച്ചിലായും നിലനില്‍ക്കുന്ന സിനിമ. പറഞ്ഞറിയിക്കാനാവാത്ത ചില ഭാവങ്ങള്‍ അഭിനയത്തിലേക്ക് കൊണ്ടുവരാനുള്ള കഴിവാണ് മോഹന്‍ലാല്‍ എന്ന നടനെ വ്യത്യസ്തനാക്കുന്നതെന്നാണ് സിബി മലയില്‍ ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുള്ളത്.
ബൈബിളിലെ ഉത്തമഗീത മൊഴികളുമായി എത്തുന്ന സോളമന്റെ പ്രണയത്തിന്റെ അനുരാഗതീവ്രമായ അനുഭവലോകം തീര്‍ത്ത നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ദേശാടനക്കിളി കരയാറില്ല (1986), ക്ലാരയോടും രാധയോടുമുള്ള ഇഷ്ടങ്ങള്‍ക്കിടയില്‍ ആത്മസംഘര്‍ഷങ്ങള്‍ ഉള്ളിലൊതുക്കുന്ന മണ്ണാറത്തൊടിയിലെ ജയകൃഷ്ണന്റെ കഥ പറഞ്ഞ തൂവാനത്തുമ്പികള്‍ (1987) പോലെ പത്മരാജന്‍ സിനിമകളിലെ ലാല്‍ കഥാപാത്രങ്ങള്‍ പൊതുബോധ-സദാചാര സങ്കല്പങ്ങളുടെ പൊളിച്ചെഴുത്തായി. മനുഷ്യബന്ധങ്ങളുടെ അജ്ഞാത ഭൂപടങ്ങള്‍ അടയാളപ്പെടുത്തിയ കരിയിലക്കാറ്റുപോലെ (1986) എന്ന സിനിമയിലെ അന്വേഷണോദ്യോഗസ്ഥനായ ഇന്‍സ്പെക്ടര്‍ അച്യുതന്‍കുട്ടി ലാലിന്റെ വ്യത്യസ്തനായ പൊലീസ് വേഷമായിരുന്നു.
സീരിയല്‍ കില്ലറായ മേലുദ്യോഗസ്ഥനെ ഔദ്യോഗിക അധികാര പരിമിതിക്കുള്ളില്‍നിന്നു സമര്‍ത്ഥമായ അന്വേഷണത്തിലൂടെ കുടുക്കുന്ന കര്‍ക്കശക്കാരനായ എ.സി.പി. ഹരിപ്രസാദ് (മുഖം, 1990), വെള്ളാരംകുന്നിലെ നഷ്ടമായ അസ്തമയങ്ങള്‍പോലെ നന്ദിനിക്കുട്ടിയോടുള്ള നഷ്ടപ്രണയം (പക്ഷേ, 1994) നൊമ്പരമായി കൊണ്ടുനടക്കുന്ന ബാലചന്ദ്രന്‍ മേനോന്‍ ഐ.എ.എസ്... ഇവയൊക്കെ മോഹന്‍ സംവിധാനം ചെയ്ത സിനിമകളിലെ മികച്ച മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍. സ്‌നേഹംകൊണ്ട് ബന്ധിക്കപ്പെട്ടവരുടെ കഥപറയുന്ന പവിത്രം (1986) എന്ന സിനിമയിലെ ചേട്ടച്ഛന്‍ മീനാക്ഷിക്കുവേണ്ടി പ്രണയവീണയിലെ ശ്രീരാഗമായിരുന്ന മീരയെപ്പോലും ഉപേക്ഷിച്ച ഉണ്ണി ഒരേസമയം അച്ഛന്റേയും ചേട്ടന്റേയും സ്‌നേഹവും ലാളനയും വേദനയും അനുഭവിപ്പിക്കുന്നു.
ഹരിഹരന്റെ പഞ്ചാഗ്‌നിയില്‍ (1986) ലാല്‍ ജന്മിയെ കൊലചെയ്ത നക്‌സല്‍ പ്രവര്‍ത്തക ഇന്ദിരയോട് ഹൃദയംകൊണ്ട് ചേര്‍ന്നുനില്‍ക്കുന്ന പത്രപ്രവര്‍ത്തകനായ റഷീദായി. ഡോ. പി.കെ. ഹരിദാസാണ് (അമൃതംഗമയ) എം.ടി. ഹരിഹരന്‍ ടീം തീര്‍ത്ത മറ്റൊരു മികച്ച മോഹന്‍ലാല്‍ കഥാപാത്രം. കയങ്ങളും കഴുകനും പൊടിക്കാറ്റും കാഴ്ചയൊരുക്കുന്ന ഏതോ അടിവാരത്ത് ചതിയനായ രാഘവനോട് കണക്കു തീര്‍ക്കാന്‍ കറുത്ത കരിമ്പടം പുതച്ചെത്തിയ ബാലന്‍ (താഴ്വാരം, 1990, ഭരതന്‍-എം.ടി.) ലാലിന്റെ അഭിനയജീവിതത്തിലെ അവിസ്മരണീയ കഥാപാത്രമാണ്.
ജനപ്രീതി നേടിയ ചിത്രത്തിനു ദേശീയ പുരസ്‌കാരം ലഭിച്ച ഫാസിലിന്റെ മണിച്ചിത്രത്താഴിലെ (1993) 'എടി അല്ല എടായാ...' എന്നും 'കിണ്ടി... കിണ്ടി...' എന്നും പറഞ്ഞു സ്വതസിദ്ധമായ ചിരിയുമായെത്തുന്ന അരക്കിറുക്കനായ സൈക്യാട്രിസ്റ്റ് സണ്ണിയെ ലാലിന്റെ അഭിനയത്തിലെ നൈസര്‍ഗ്ഗികമായ അനായാസതകൊണ്ട് മലയാളി മനസ്സില്‍ കൂട്ടി.
മാരകമായ രോഗം കാര്‍ന്നുതിന്നുമ്പോഴും പലപ്പോഴായി തെരുവില്‍നിന്നും താന്‍ കൂടെക്കൂട്ടിയ കുരുന്നുകള്‍ക്കായി നല്ലവരുടെ കനിവുതേടുന്ന അനാഥനായ എബി (ഉണ്ണികളേ ഒരു കഥ പറയാം, 1987, കമല്‍), ഓച്ചിറക്കാളയുമായി നാടുതെണ്ടാന്‍ ഇറങ്ങുന്ന മാതു പണ്ടാരവും അയാളുടെ ജാരസന്തതി അന്തര്‍മുഖനായ ഓച്ചിറ കുട്ടപ്പനും (1988, പാദമുദ്ര, ആര്‍. സുകുമാരന്‍), കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല ചരിത്രത്തിലെ വര്‍ഗ്ഗീസ് വൈദ്യന്റെ ചലച്ചിത്രാവിഷ്‌കാരമായ സഖാവ് നെട്ടൂരാന്‍ (ലാല്‍ സലാം, 1990), കൃഷ്ണമൂര്‍ത്തി (സിദ്ദിഖ്-ലാല്‍, വിയറ്റ്നാം കോളനി, 1992), തൈപ്പറമ്പില്‍ അശോകന്‍ (സംഗീത് ശിവന്‍, യോദ്ധ, 1992), ധനികനായി പിറന്നു, മാതാപിതാക്കളുടെ അവഗണനയില്‍ അപകര്‍ഷതാബോധത്തോടെ വളര്‍ന്നു, സ്‌നേഹം ചൊരിഞ്ഞ ഭാര്യയെ സംശയരോഗിയായി കൊന്ന ബാങ്ക് ഓഫീസറായ സിദ്ധാര്‍ത്ഥന്‍ (അഹം, 1992), ക്യാപ്റ്റന്‍ വിജയ് മേനോന്‍ (സത്യന്‍ അന്തിക്കാട്, പിന്‍ഗാമി, 1994), രവിവര്‍മ്മ എന്ന അനിയന്‍ കുട്ടന്‍ (വേണു നാഗവള്ളി, അഗ്‌നിദേവന്‍, 1995) ഇവരൊക്കെ പകരംവെക്കാനില്ലാത്ത ഒട്ടനവധി അഭിനയ മുഹൂര്‍ത്തങ്ങള്‍ ഒരുക്കിയ മോഹന്‍ലാല്‍ കഥാപാത്രങ്ങളാണ്.
അധോലോക നായകരും അമാനുഷ കഥാപാത്രങ്ങളും
പഞ്ച് ഡയലോഗുകളും ആക്ഷനും ത്രില്ലുമൊക്കെയായി എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകന്‍ (1986) എന്ന സിനിമയിലെ വിന്‍സെന്റ് ഗോമസ് എന്ന അമാനുഷിക പരിവേഷമുള്ള അധോലോക നായകന്‍ ലാലിന്റെ താരസ്വരൂപ രൂപാന്തരത്തിലെ മറ്റൊരു ഘട്ടമാണ്. കെ. മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ട് (1987) എന്ന സിനിമയിലെ സാഗര്‍ എലിയാസ് ജാക്കിയോടെ ലാല്‍ ആരാധകക്കൂട്ടത്തിന്റെ അധോലോക നായകനായി. അടിവേരുകള്‍, വാര്‍ത്ത (1986), മൂന്നാംമുറ, ആര്യന്‍ (1988), ദൗത്യം, അധിപന്‍, നാടുവാഴികള്‍ (1989), ഇന്ദ്രജാലം (1990), അദൈ്വതം (1992) ഇവയും ചില ലാല്‍ ആക്ഷന്‍ സിനിമകള്‍.
ഏറെ ആഘോഷിക്കപ്പെട്ട മംഗലശ്ശേരി നീലകണ്ഠന്റെ (ദേവാസുരം, 1993) പിറവിയും ഇക്കാലത്താണ്. ആസുരമായ പുരുഷത്തം എന്നാണ് ഈ താരസ്വരൂപ രൂപാന്തരം വിലയിരുത്തപ്പെട്ടിട്ടുള്ളത്. സകല വഷളത്തരങ്ങള്‍ക്കുമൊപ്പം ഭാര്യയേയും സംഗീതത്തേയും സ്‌നേഹിച്ച കോഴിക്കോട്ടെ മുല്ലശ്ശേരി രാജുവിനെ മാതൃകയാക്കി തിരക്കഥാകൃത്ത് രഞ്ജിത് തീര്‍ത്ത കഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠന്‍ മുണ്ടുമുടുത്ത് മീശയും പിരിച്ച് നെഞ്ചും വിരിച്ച് ആണധികാരഭാഷയില്‍ സംസാരിച്ച് ഐ.വി. ശശിയുടെ ദേവാസുരത്തില്‍ എത്തിയപ്പോള്‍ അതൊരു തുടക്കമായിരുന്നു. കണിമംഗലം ജഗന്നാഥന്‍, പൂവള്ളി ഇന്ദുചൂഢന്‍, മംഗലശ്ശേരി കാര്‍ത്തികേയന്‍... പിന്നിങ്ങനെ അവതാര കഥാപാത്രങ്ങളുടെ എഴുന്നള്ളത്തായിരുന്നു.
മുണ്ടു പറിച്ചടിക്കുന്ന, റെയ്ബാന്‍ ഗ്ലാസ്സ് വെക്കുന്ന, മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ഇരട്ടച്ചങ്കന്‍ ആടുതോമ മലയാളിയുടെ മാസ് സങ്കല്പത്തിന്റെ അളവുകോലാണ്. വ്രണിത പിതൃപുത്ര ബന്ധത്തിന്റെ ചോരപ്പാടായി മലയാളികളുടെ മനസ്സില്‍ കുട്ടിത്തോമ്മയുടെ കോമ്പസ്സുകൊണ്ട് സംവിധായകന്‍ ഭദ്രന്‍ കോറിയിട്ട അടയാളമായിരുന്നു സ്ഫടികം. ആടുതോമ ആ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാരം മോഹന്‍ലാലിനു നേടിക്കൊടുത്തു.
കഴിഞ്ഞ കാല്‍നൂറ്റാണ്ട്
കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ (1996- 2020) 130ഓളം മോഹന്‍ലാല്‍ സിനിമകളാണ് പുറത്തുവന്നത്. സിനിമ താരകേന്ദ്രീകൃതമായ വ്യവസായമായി മാറുന്നതും ബഹുമുഖത്വത്തിലൂടെ വിപണിമൂല്യം പതിന്മടങ്ങ് വര്‍ദ്ധിച്ച മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡിന്റെ മാര്‍ക്കറ്റിംഗ് ലക്ഷ്യമാക്കിയ ചിത്രങ്ങളുടെ പിറവിയും ഇക്കാലത്താണ്. വര്‍ഷംതോറും പുറത്തുവരുന്ന ലാല്‍ ചിത്രങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാവുന്നതായും കാണാം (ഗ്രാഫ് കാണുക). ലാലിനെ മലയാളിയുടെ പ്രിയപ്പെട്ട നടനാക്കിയ വേഷത്തുടര്‍ച്ചകളും തൊണ്ണൂറുകളിലെ അധോലോക, അമാനുഷിക, അവതാര നായകന്മാരും പുതിയ ശബ്ദ-ദൃശ്യ, സാങ്കേതികത്തികവോടെ മെഗാഹിറ്റുകളായും കോടിക്ലബ്ബ് കഥകളായും ഇക്കാലത്ത് പുനരവതരിച്ചു.
ബ്രിട്ടീഷ് ഭരണം ആന്‍ഡമാന്‍ നിക്കോബാര്‍ ജയിലില്‍ അടച്ച സ്വാതന്ത്ര്യസമര പോരാളികളുടെ കഥ പറഞ്ഞ പ്രിയദര്‍ശന്‍ സിനിമ കാലാപാനിയില്‍ (1996) മോഹന്‍ലാല്‍ ഗോവര്‍ദ്ധന്റെ പ്രണയവും വിരഹവും നിസ്സഹായതയും പ്രതികാരവും സൂക്ഷ്മതയോടെ അവതരിപ്പിച്ചു. രഘുരാമന്‍ എന്ന കഥാപാത്രമായി ലാല്‍ അഭിനയിച്ച അന്ധരുടെ താഴ്വരയിലെ അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ കഥ പറയുന്ന ഗുരു (1997, രാജീവ് അഞ്ചല്‍) ഓസ്‌കാര്‍ അവാര്‍ഡിനുള്ള വിദേശ ചലച്ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടി. കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ഇന്‍ഡോ-ഫ്രെഞ്ച് ചലച്ചിത്ര സംരംഭമായ ഷാജി എന്‍. കരുണിന്റെ വാനപ്രസ്ഥം (1999) മികച്ച നടനുള്ള ദേശീയ അവാര്‍ഡ് രണ്ടാം തവണ ലാലിനു നേടിക്കൊടുത്തു. കുഞ്ഞുകുട്ടന്‍ എന്ന കഥകളിനടന്റെ കളിയരങ്ങിലേയും ജീവിതത്തിലേയും വ്യത്യസ്തമായ ആത്മസംഘര്‍ഷങ്ങള്‍ മോഹന്‍ലാല്‍ ആവിഷ്‌കാര സൂക്ഷ്മതയോടെ അനുഭവിപ്പിച്ചു.
കാലാപാനിയിലെ ഗോവര്‍ദ്ധനനെ കൂടാതെ അപ്പുക്കുട്ടന്‍ നായര്‍ (ചന്ദ്രലേഖ, 1997), ശിവരാമന്‍ (കാക്കക്കുയില്‍, 2001), കൂന്താലിക്കടവ് എന്ന ഏറനാടന്‍ ഗ്രാമപശ്ചാത്തലത്തില്‍ തീര്‍ത്ത മുസ്ലിം പ്രണയകഥയിലെ അബ്ദുള്‍ ഖാദര്‍ എന്ന അബ്ദു (കിളിച്ചുണ്ടന്‍ മാമ്പഴം, 2003), പുത്തന്‍പുരയ്ക്കല്‍ മാധവന്‍ നായര്‍ (അറബീം ഒട്ടകോം പി. മാധവന്‍ നായരും, 2011), മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ഡോ. സണ്ണിയുടെ തുടര്‍ച്ചയായ ഡോ. സണ്ണി ജോസഫ് (ഗീതാഞ്ജലി, 2013) ഇവരായിരുന്നു പ്രിയദര്‍ശന്‍ സിനിമകളിലെ ലാലിന്റെ കഥാപാത്ര തുടര്‍ച്ചകള്‍.
കുറ്റവാളി ആക്കപ്പെടുകയും സമൂഹം ഒറ്റപ്പെടുത്തുകയും ചെയ്ത പ്രേമചന്ദ്രന്‍ (രസതന്ത്രം, 2006), കുടുംബ ബന്ധങ്ങള്‍ നിലനിര്‍ത്തണം എന്ന സാരോപദേശം പറയുന്ന ഗോപകുമാര്‍ (ഇന്നത്തെ ചിന്താവിഷയം, 2008), അറിയാക്കഥയിലൂടെ അച്ഛനാകാന്‍ വിധിക്കപ്പെട്ട അജയന്‍ (സ്‌നേഹവീട്, 2011) ഇവര്‍ ഇക്കാലത്ത് പുറത്തുവന്ന സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളിലെ ലാല്‍ കഥാപാത്രങ്ങള്‍.
ലോഹിതദാസ് സംവിധാനം ചെയ്ത കന്മദം (1998) എന്ന സിനിമയിലെ വിശ്വനാഥന്‍, ജനപ്രിയ സാഹിത്യകാരന്‍ സാഗര്‍ കോട്ടപ്പുറം (അയാള്‍ കഥയെഴുതുകയാണ്, 1998, കമല്‍), ഫാസിലിന്റെ ഹരികൃഷ്ണന്‍സിലെ (1998) കൃഷ്ണന്‍, ഹരിഹരന്‍ പിള്ള (ഹരിഹരന്‍ പിള്ള ഹാപ്പിയാണ്, 2003 , വിശ്വനാഥന്‍ വടുതല), അത്താണിപ്പറമ്പില്‍ ബാലചന്ദ്രന്‍ (ബാലേട്ടന്‍, 2003, വി.എം. വിനു), ലിവര്‍ ജോണി (വാമനപുരം ബസ് റൂട്ട്, 2004, സോനു ശിശുപാലന്‍) ചലച്ചിത്ര സംവിധായകന്‍ ഉദയഭാനു (ഉദയനാണ് താരം, 2005, റോഷന്‍ ആന്‍ഡ്രൂസ്), ശൂരനാട് കുഞ്ഞ്/ശൂരനാട് പാപ്പി (ഉടയോന്‍, 2005, ഭദ്രന്‍), പ്രൊഫ. ഇരിങ്ങണ്ണൂര്‍ ഭരതപിഷാരടി (വടക്കുംനാഥന്‍, 2006, ഷാജൂണ്‍ കാര്യാല്‍), മേജര്‍ മഹാദേവന്‍ (കീര്‍ത്തിചക്ര, 2006, മേജര്‍ രവി), വലിയകത്തു മൂസ (പരദേശി, 2007, പി.ടി. കുഞ്ഞുമുഹമ്മദ്), ഭൂമാഫിയക്കെതിരെ ബുദ്ധിയും മറുതന്ത്രവുമൊരുക്കി പോരാടി വിജയം നേടുന്ന കര്‍ഷകന്‍ മത്തായി (ഇവിടം സ്വര്‍ഗ്ഗമാണ്, 2009, റോഷന്‍ ആന്‍ഡ്രൂസ്) ഇവയും ഇക്കാലത്തെ ചില മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍. ദി പ്രിന്‍സ് (1996), ചതുരംഗം (2002), മിസ്റ്റര്‍ ബ്രഹ്മചാരി (2003), താണ്ഡവം (2012) പോലെ ഇക്കാലത്തെ നിരവധി സിനിമകള്‍ ലാല്‍ കഥാപാത്രങ്ങളുടെ തനിയാവര്‍ത്തനങ്ങളിലൂടെ മടുപ്പുളവാക്കി.
താഴ്വാരത്തിലെ ബാലനെപ്പോലെ സദയത്തിലെ സത്യനാഥിനെപ്പോലെ ബ്ലസ്സി സംവിധാനം ചെയ്ത തന്മാത്രയിലെ രമേശന്‍ നായരും ഭ്രമരത്തിലെ ശിവന്‍കുട്ടിയും ലാലിന്റെ അഭിനയ ജീവിതത്തില്‍ത്തന്നെ പകരംവെയ്ക്കാനാകാത്ത കഥാപാത്രങ്ങളില്‍ പെടുന്നവയാണ്. മികച്ച സര്‍ക്കാരുദ്യോഗസ്ഥനും വിവേകശാലിയായ പിതാവും ഒക്കെയായിരുന്ന രമേശന്‍ നായരുടെ മറവിരോഗം പിടിപെട്ടശേഷമുള്ള സൂക്ഷ്മഭാവങ്ങളുടെ ക്ലിനിക്കല്‍ പെര്‍ഫെക്ഷന്‍ വിസ്മയിപ്പിക്കും. നാവിന്‍തുമ്പിലിരിക്കുന്ന പേരുകള്‍ പറയാനാവാത്ത ധര്‍മ്മസങ്കടം ഒരു മുള്ളുപോലെ വേദനിപ്പിച്ചുകൊണ്ടിരിക്കും. ചെയ്യാത്ത തെറ്റിന്റെ പേരില്‍ ഭാര്യയും മകളും ഉപേക്ഷിച്ച ഭ്രമരത്തിലെ ശിവന്‍കുട്ടി മോഹന്‍ലാലിന്റെ അഭിനയശേഷിയുടെ അളന്നെടുക്കുന്ന പ്രകടനമാണ്. പ്രണയത്തിലെ (2011) പ്രൊഫ. മാത്യൂസ് ആണ് ബ്ലസ്സിയുടെ മറ്റൊരു ലാല്‍ കഥാപാത്രം. ഭാര്യയും രണ്ടു പെണ്‍കുഞ്ഞുങ്ങളുമടങ്ങിയ തന്റെ കൊച്ചുകുടുംബത്തിന്റെ സ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാതെ കടന്നുവന്ന അതിഥിയെ തരികിട അനുഭവജ്ഞാനത്തിലൂടെ ഒഴിവാക്കിയ സിനിമാപ്രേമിയായ ജോര്‍ജുകുട്ടി (ദൃശ്യം, 2015) അടുത്തകാലത്ത് മലയാളി ഏറെ ഇഷ്ടപ്പെട്ട ലാല്‍ കഥാപാത്രമാണ്.
മലയാള സിനിമയുടെ നിര്‍മ്മാണച്ചെലവ് ഒരു കോടി കവിഞ്ഞത് തമ്പി കണ്ണന്താനത്തിന്റെ ഒന്നാമന്‍ (2002) എന്ന ലാല്‍ ചിത്രത്തിലൂടെയാണ്. ജോഷി സംവിധാനം ചെയ്ത മള്‍ട്ടിസ്റ്റാര്‍ ചിത്രം ട്വന്റി-20യിലെ (2008) മോഹന്‍ലാല്‍ അന്തര്‍ സംസ്ഥാന ശൃംഖലകളുള്ള അധോലോക നേതാവായിരുന്നു എങ്കില്‍ 2009-ല്‍ പുറത്തുവന്ന അമല്‍ നീരദ് ചിത്രത്തിലെ സാഗര്‍ ഏലിയാസ് ജാക്കിയും ഷാജി കൈലാസിന്റെ റെഡ് ചില്ലീസിലെ ഒ.എം.ആറും ആഗോളീകൃത-അധോലോക സാമ്രാജ്യങ്ങളിലെ വിശ്വപൗരന്മാരായിരുന്നു.
21-ാം നൂറ്റാണ്ടിലെ സിനിമയിലും കേരളത്തിലെ കള്ളക്കടത്ത് 'ഇരുപതാം നൂറ്റാണ്ടി'നപ്പുറം വളര്‍ന്നിട്ടില്ലെന്നും ഇത്തരം ചിത്രങ്ങളില്‍ മോഹന്‍ലാല്‍ എന്ന നടന് സാഗര്‍ ഏലിയാസ് ജാക്കിയില്‍ കവിഞ്ഞ് ഏറെയൊന്നും ചെയ്യാനില്ലെന്നും കാട്ടിത്തന്ന ലോഹം (2015), താരമൂല്യത്തിന്റെ തേരിലേറിയെത്തി കോടി ക്ലബ്ബിന്റെ കഥപറയുന്ന പുലിമുരുകന്‍ (2016, വൈശാഖ്), ഒടിയന്‍ (2018, ശ്രീകുമാര്‍ മേനോന്‍) ലൂസിഫര്‍ ((2019, പൃഥ്വിരാജ് സുകുമാരന്‍) പോലെയുള്ള ചിത്രങ്ങളും അഭിനയജീവിതത്തില്‍ അതുവരെ ലാല്‍ തീര്‍ത്ത അമാനുഷിക/അധോലോക കഥാപാത്രങ്ങളെത്തന്നെ സാങ്കേതിക നവീനതകളിലൂടെ പുനരാവര്‍ത്തിക്കുകയായിരുന്നു.
താരസ്വരൂപ സവിശേഷതകള്‍
മോഹന്‍ലാലിനെപ്പോലെ ഒരു നടന്‍ തന്റെ അഭിനയജീവിതത്തില്‍ തീര്‍ക്കുന്ന താരസ്വരൂപം കൃത്യമായ കള്ളികളില്‍ ഒതുങ്ങുന്നതല്ല. എന്നാല്‍, കഥാപാത്രങ്ങളില്‍ തെളിയുന്ന ആളത്ത പാറ്റേണുകള്‍, പുരുഷ സങ്കല്പങ്ങള്‍, സങ്കീര്‍ണ്ണമായ ലൈംഗിക വ്യക്തിത്വം, തിരസഖ്യങ്ങള്‍/അപരസാന്നിധ്യം, ആള്‍മാറാട്ടവും ഇരട്ടജീവിത റോളുകളും സവര്‍ണ്ണ ഹിന്ദുസ്വത്വം, അടയാള വാചകങ്ങള്‍... ഇങ്ങനെ പ്രകടമാവുന്ന നിരവധി സവിശേഷതകള്‍ ലാല്‍ പഠനഗ്രന്ഥങ്ങളിലും തുടര്‍പഠനങ്ങളിലും വിലയിരുത്തപ്പെട്ടിട്ടുണ്ട്.
അമിതാഭ് ബച്ചന്‍/ധര്‍മ്മേന്ദ്ര, എം.ജി.ആര്‍/ശിവാജി ഗണേശന്‍, സത്യന്‍/നസീര്‍ പോലെ ചലച്ചിത്ര ചരിത്രത്തിലെ താരദ്വന്ദ സമാനതകള്‍ മമ്മൂട്ടി/മോഹന്‍ലാല്‍ കാലത്തും കണ്ടെത്താനാവും. മോഹന്‍ലാല്‍ പൊതുവെ ചമ്മിയും ചതിച്ചും ചിരിച്ചും ചിരിപ്പിച്ചും നമ്മളിലൊരാളായ കാമുകന്‍ ആയിരുന്നെങ്കില്‍ ആദര്‍ശവാനും പക്വമതിയുമായ ഭര്‍ത്താവ്/കുടുംബനാഥന്‍, വലിയേട്ടന്‍, സ്‌നേഹധനനായ അച്ഛന്‍, രക്ഷകനായ ഉദ്യോഗസ്ഥന്‍... ഇങ്ങനെ പോകുന്നു മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങളുടെ സാമാന്യമായ പ്രതിനിധാന സ്വഭാവം. മലയാളിയുടെ ആളത്ത സങ്കല്പങ്ങളിലെ വൈവിദ്ധ്യ സംഘര്‍ഷങ്ങളെ ഇരുവരും മൂര്‍ത്തവല്‍ക്കരിച്ചു. എന്നാല്‍, മോഹന്‍ലാലിന്റെ അമാനുഷിക/ദുരന്ത കഥാപാത്രങ്ങള്‍ക്കിടയില്‍ 'ടിപ്പിക്കല്‍ മമ്മൂട്ടി പ്രകടനങ്ങള്‍ക്കു' സമാനമായി മോഹന്‍ലാലിന്റെ അവിസ്മരണീയ ഒറ്റയാള്‍ കഥാപാത്രങ്ങളേയും കണ്ടെത്താനാവും.
''സ്ത്രീപക്ഷ നോട്ടത്തില്‍ മോഹന്‍ലാല്‍ വിവാഹപൂര്‍വ്വ റൊമാന്റിക് ഫാന്റസികളാണ് കൈകാര്യം ചെയ്യുന്നതെങ്കില്‍ മമ്മൂട്ടി ഇടപെടുന്നത് കുറേക്കൂടി തീവ്രമായ കുടുംബജീവിതം, മാതാപിതാക്കളുടെ പ്രശ്‌നങ്ങള്‍പോലെ രൂക്ഷയാഥാര്‍ത്ഥ്യങ്ങളോടാണ്'' എന്നാണ് ഒസല്ലമാരുടെ നിരീക്ഷണം. (മമ്മൂട്ടി ശ്രീരാമനാണെങ്കില്‍, മോഹന്‍ലാല്‍ ശ്രീകൃഷ്ണനാണെന്ന കല്‍പ്പറ്റ നാരായണന്റെ പരികല്പന ഓര്‍ക്കുക). മോഹന്‍ലാലിന്റെ ഫ്‌ലെക്‌സിബിലിറ്റിക്കൊപ്പം 'നവ തിരുവിതാംകൂര്‍ ഹിന്ദു' എന്ന ജാതിസ്വത്വവും അതിനോട് മലയാളി മനസ്സിലെ സ്വത്വരൂപവുമായ അടുപ്പവും ലാലിനെ പ്രിയങ്കരനാക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
നേരമ്പോക്ക് കാണിക്കുന്ന മുതിര്‍ന്ന കുട്ടിയുടെ പെരുമാറ്റരീതിയും ആണുങ്ങളുടെ പുരുഷന്‍ എന്ന പ്രതിച്ഛായയും മോഹന്‍ലാലിന്റെ വ്യത്യസ്തമായ താരസ്വരൂപ സവിശേഷതകളായി ടി. മുരളീധരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പഴയകാല നസീര്‍ ശൃംഗാരപ്രധാനമായ സിനിമകളിലെ അടൂര്‍ ഭാസി/ബഹദൂര്‍ ഹാസ്യസഹചാരിയുടെ സാന്നിദ്ധ്യംപോലെ ശ്രീനിവാസന്‍ (സത്യന്‍ അന്തിക്കാടിന്റെ മിഥുനം, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, പ്രിയദര്‍ശന്റെ അക്കരെ അക്കരെ അക്കരെ, തേന്‍മാവിന്‍ കൊമ്പത്ത് പോലെ), ജഗതി ശ്രീകുമാര്‍ (കിലുക്കം, യോദ്ധ), മുകേഷ് (ബോയിംഗ് ബോയിംഗ്, കാക്കക്കുയില്‍, വിസ്മയത്തുമ്പത്ത്) ഇവരൊക്കെ തീര്‍ക്കുന്നതാണ് മോഹന്‍ലാല്‍ സിനിമകളിലെ ഹാസ്യ/അപര സാന്നിധ്യം.
മോഹന്‍ലാലും മമ്മൂട്ടിയും
മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളിലെ ഇരുവരുടേയും കഥാപാത്രങ്ങളുടെ സ്ഥാനനിര്‍ണ്ണയവും വിലയിരുത്തലും കൗതുകകരമാണ്. മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ക്ക് വിപണിമൂല്യമുണ്ടായിരുന്ന 1980-കളില്‍ അഞ്ചിലധികം ചിത്രങ്ങളില്‍വരെ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഇവരുടെ അഭിനയശേഷി വിജയഫോര്‍മുലയില്‍പ്പെടുത്തി ഐ.വി. ശശി ഒരുക്കിയതായിരുന്നു അഹിംസ (1981), അടിയൊഴുക്കുകള്‍, നാണയം, ഇനിയെങ്കിലും (1983), അതിരാത്രം, ആള്‍ക്കൂട്ടത്തില്‍ തനിയെ (1984), കരിമ്പിന്‍ പൂവിനക്കരെ (1985), അടിമകള്‍ ഉടമകള്‍ (1987) പോലെയുള്ള സിനിമകള്‍. കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത അറിയാത്ത വീഥികള്‍ (1984), അവിടത്തെപ്പോലെ ഇവിടെയും (1985), ഭദ്രന്‍ സംവിധാനം ചെയ്ത ചങ്ങാത്തം (1983), പി. പത്മരാജന്റെ കരിയിലക്കാറ്റുപോലെ (1986) ഇവയൊക്കെ ഇരുവരും മുഖ്യകഥാപാത്രങ്ങളായിത്തന്നെ അഭിനയിച്ച സിനിമകളാണ്.
1980-കളുടെ ഒടുവില്‍ പ്രേംനസീറിന്റെ തലമുറയിലെ താരങ്ങള്‍ക്കൊപ്പം മമ്മൂട്ടി, മോഹന്‍ലാല്‍ തലമുറയിലെ താരങ്ങളും ഒന്നിച്ച ചിത്രമായിരുന്നു പടയോട്ടം (1982) എങ്കില്‍ ഫാസിലിന്റെ ഹരികൃഷ്ണന്‍സില്‍ (1998) മുഴുനീള കഥാപാത്രങ്ങളായി ഇരുവരും മത്സരിച്ചഭിനയിച്ചു. സിനിമാതാരം മമ്മൂട്ടിയായിത്തന്നെ മമ്മൂട്ടി അഭിനയിച്ച ചിത്രമാണ് ജോഷി സംവിധാനം ചെയ്ത നമ്പര്‍ 20 മദ്രാസ് മെയില്‍. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹത്തിലും (2000), സത്യന്‍ അന്തിക്കാട് ചിത്രങ്ങളായ ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലും (1986), അതിഥി താരമായി മമ്മൂട്ടിയാണ് എത്തിയതെങ്കില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത കടല്‍കടന്ന് ഒരു മാത്തുക്കുട്ടിയില്‍ (2013) മോഹന്‍ലാലാണ് അതിഥിവേഷത്തില്‍ എത്തുന്നത്.
ലാല്‍ സിനിമകളിലെ പെണ്ണുങ്ങള്‍
'ആണുങ്ങളുടെ പുരുഷന്‍', നേരമ്പോക്കു കാട്ടുന്ന മുതിര്‍ന്ന കുട്ടി, ആവര്‍ത്തിക്കപ്പെടുന്ന പുരുഷ സഹചാരി, നായികാ കോമ്പിനേഷനുകളിലെ പാറ്റേണുകള്‍ ഇങ്ങനെ വിലയിരുത്തപ്പെട്ടിട്ടുള്ള സവിശേഷതകള്‍ക്കൊപ്പം ജനസ്വീകാര്യതകൊണ്ട് ആവര്‍ത്തിക്കപ്പെടുകയും നെടുനാള്‍ നീണ്ടുനില്‍ക്കുകയും ചെയ്ത ചില സ്ത്രീ/'സ്വവര്‍ഗ്ഗേതര തിരസഖ്യങ്ങളും' ലാല്‍ താരസ്വരൂപത്തില്‍ കാണാനാകും.
ശോഭന, ഉര്‍വ്വശി, രേവതി, കാര്‍ത്തിക എന്നിവരുമായി ഏറെ ആവര്‍ത്തിക്കപ്പെട്ട ലാല്‍ ജോഡികളിലേറെയും പഴയ ജനപ്രിയ ലാല്‍ നായക സിനിമകളിലോ അത്തരം കഥാപാത്രത്തുടര്‍ച്ചകളായ സിനിമകളിലോ ആയിരുന്നു. അംബിക, മേനക, രഞ്ജിനി, രേഖ, ഗീത, പാര്‍വ്വതി, മീന, ഭാവന, മഞ്ജു വാര്യര്‍, മീര ജാസ്മിന്‍, ലക്ഷ്മി ഗോപാലസ്വാമി ഇങ്ങനെ നീളുന്നു കൂടുതല്‍ ഹിറ്റ് ചിത്രങ്ങളിലെ ലാല്‍ നായികമാരുടെ പട്ടിക. തന്റെ അഭിനയജീവിതത്തിനിടയില്‍ ഷീല, ജയഭാരതി, ശ്രീവിദ്യ, സീമ, ഉണ്ണിമേരി തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക നായികനടിമാര്‍ക്കുമൊപ്പം (ശാരദ ഒഴികെ) അഭിനയിച്ച മോഹന്‍ലാലിന്റെ കാമുകിയായും ഭാര്യയായും അമ്മയായും അമ്മായിയമ്മയായും അഭിനയിച്ച നടിയാണ് ശാന്തികൃഷ്ണ.
നാദിയ മൊയ്തു, സുചിത്ര, ശ്രീജ, സിതാര പോലെയുള്ള മലയാള നടിമാര്‍ മാത്രമല്ല, നീനാ ഗുപ്ത, മഞ്ജു ശര്‍മ്മ, പൂജാ സക്സേന, ഗിരിജ ഷട്ടര്‍, കനക, ഭാനുപ്രിയ, മധുബാല, ജൂഹി ചൗള, താബു, പൂജ ബത്ര, ഇന്ദ്രജ, വസുന്ധര ദാസ്, മീരാ വാസുദേവ്, ഭൂമിക പോലെ അന്യഭാഷാ നടിമാരും മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത് മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ആയിരുന്നു. ജയപ്രദ, രമ്യ കൃഷ്ണന്‍, ഗൗതമി, നാദിയ മൊയ്തു, ശാരി, സുനിത, മീര വാസുദേവ്, പത്മപ്രിയ, ദേവയാനി, അമലാ പോള്‍, ഐശ്വര്യ, റായ് ലക്ഷ്മി, വിമല രാമന്‍, കനിഹ-ഇവരും ലാല്‍ ചിത്രങ്ങളില്‍ നായികമാരായെത്തിയവരാണ്. ഉര്‍വ്വശി, ശോഭന, രേവതി, സുഹാസിനി, ചിത്ര അടക്കം 1990-കളുടെ മദ്ധ്യംവരെയുള്ള ലാല്‍ നായികമാര്‍ സമപ്രായക്കാരോ വലിയ പ്രായവ്യത്യാസം ഇല്ലാത്തവരോ ആയിരുന്നെങ്കില്‍ മഞ്ജു വാര്യര്‍, വസുന്ധരാ ദാസ്, ഭാവന, നയന്‍താര അടക്കം പിന്നീടുവന്ന ഒട്ടുമിക്ക നായികമാരും ലാലുമായി പ്രായത്തില്‍ വലിയ അന്തരമുള്ളവരാണ്.
മോഹന്‍ലാലും കവിയൂര്‍ പൊന്നമ്മയും തീര്‍ക്കുന്ന അമ്മയും മകനും ലാല്‍ ചിത്രങ്ങളില്‍ (നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ഹിസ് ഹൈനസ് അബ്ദുള്ള, കിരീടം, ബാബാ കല്യാണി, ഇവിടം സ്വര്‍ഗ്ഗമാണ്, വടക്കുന്നാഥന്‍) നിരന്തരമായി ആവര്‍ത്തിക്കപ്പെടുന്നതു കാണാം. കെ.പി.എ.സി ലളിതയുമായും സമാനമായൊരു തിരപ്പൊരുത്തം കാണാമെങ്കിലും സുകുമാരിയുമായി ലാല്‍ തീര്‍ത്ത പൂര്‍വ്വമാതൃകകളില്ലാത്ത ചലച്ചിത്ര മുഹൂര്‍ത്തങ്ങള്‍ ഏറെ സവിശേഷമാണ് (പൂച്ചക്കൊരു മൂക്കുത്തി, ബോയിംഗ് ബോയിംഗ്, നാടോടിക്കാറ്റ്, വന്ദനം).
മോഹന്‍ലാലിന്റെ ജനപ്രിയ കഥാപാത്ര പരിസരങ്ങളില്‍ അമ്മമാരും സ്ത്രീകളും തീര്‍ക്കുന്ന ആശയ/ആശ്രയ വലയം പൊതുവെ കാണാമെന്നും സ്ത്രീകളുടെ അഭാവത്തില്‍ ലാല്‍ കഥാപാത്രങ്ങള്‍ ക്രൂരന്മാരും ഹിംസാലുക്കളും ആകുന്നുവെന്നും വിലയിരുത്തപ്പെടുന്നു. ആള്‍ക്കൂട്ടങ്ങളുടെ വലയങ്ങളാണ് അവിടെ സ്ത്രീകളുടെ ശൂന്യതയെ നിറയ്ക്കുക.
മോഹന്‍ലാലും മലയാളിയും
മലയാളത്തില്‍ 360-ഓളം സിനിമകളിലെ അവിസ്മരണീയ കഥാപാത്രങ്ങള്‍. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി 10 അന്യഭാഷാ ചിത്രങ്ങള്‍. വെള്ളിത്തിരയിലെ മിന്നുംതാരം നാടക അരങ്ങിലും വിസ്മയമായി. ഗായകന്‍, സംഘടനാ ഭാരവാഹി, ചലച്ചിത്ര നിര്‍മ്മാണ, വിതരണരംഗങ്ങളിലും ബിസിനസ് സംരംഭങ്ങളിലും പങ്കാളി... വൈവിധ്യമാര്‍ന്നതാണ് മലയാളിയുടെ ജനപ്രിയനടന്റെ കര്‍മ്മമണ്ഡലങ്ങള്‍. രണ്ടു തവണ മികച്ച നടന്‍ അടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍. ആറു തവണ മികച്ച നടന്‍ അടക്കം ഒന്‍പതു സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍. കാലടി, കാലിക്കറ്റ് സര്‍വ്വകലാശാലകളുടെ ഡി ലിറ്റ്. ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മി ലെഫ്റ്റന്റ് കേണല്‍ (ഓണററി) പദവി. പത്മശ്രീ പുരസ്‌കാരം. 2019-ല്‍ പത്മഭൂഷണ്‍... ഭാര്യ സുചിത്രയ്ക്കും മക്കള്‍ പ്രണവിനും വിസ്മയയ്ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമെന്നപോലെ ആരാധകര്‍ക്കും ഈ അനുഗൃഹീത കലാകാരന്‍ ലാലേട്ടനായി.
ആകാരംകൊണ്ടും അഭിനയസിദ്ധികൊണ്ടും നടന്‍ ഇങ്ങനെയാവണം എന്ന പൊതുബോധത്തെ തകര്‍ത്ത നടനാണ് മോഹന്‍ലാല്‍. അഭിനയമുഹൂര്‍ത്തങ്ങള്‍ തീര്‍ത്ത വെല്ലുവിളികളേയും തടസ്സങ്ങളേയും സ്വതസിദ്ധ ശൈലിയിലൂടെ തിരുത്തുകയോ തകര്‍ക്കുകയോ ചെയ്തുകൊണ്ടാണ് മോഹന്‍ലാല്‍ മലയാളിയുടെ മനസ്സിലേക്ക് പതിഞ്ഞ ചുവടുകളോടെ തോളും ചായിച്ച് നടന്നുകയറിയത്. മോഹന്‍ലാലിന്റെ യാത്രകള്‍ (2014) എന്ന യാത്രാവിവരണ ഗ്രന്ഥത്തിന്റെ അവതാരികയില്‍ എന്‍.എസ്. മാധവന്‍ കുറിച്ചിട്ടുണ്ട്, '1980-കള്‍ മുതലുള്ള മലയാളി ജീവിതത്തില്‍ എത്ര മുഖങ്ങളുണ്ടായിരുന്നോ അതെല്ലാം ആ മുഖത്ത് ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ പ്രതിഫലിച്ചിട്ടുണ്ട്.''
എന്നാല്‍, നാല് പതിറ്റാണ്ടായ ആ അഭിനയജീവിതത്തില്‍ സ്വന്തം കഥാപാത്രങ്ങളിലൂടെ ഒട്ടേറെ തവണ ആവര്‍ത്തിക്കപ്പെട്ട ഓട്ടപ്രദിക്ഷണങ്ങള്‍ കാണാം. അറുപതും എഴുപതിന്റെ പടിവാതിലിലുമുള്ള താരങ്ങളുടെ പ്രണയ, ആക്ഷന്‍ രംഗങ്ങള്‍ മടുപ്പിക്കുമ്പോഴും ഈ ആഗോളീകരണ കാലത്തുപോലും വിന്‍സെന്റ് ഗോമസ് പുതിയ രൂപത്തില്‍ പുനരാവിഷ്‌കരിക്കപ്പെടുമ്പോഴും താരങ്ങളല്ല, പ്രതിഭാദാരിദ്ര്യം തുറന്നു സമ്മതിക്കാത്ത സംവിധായകര്‍ തന്നെയാണ് പ്രധാനമായും ഉത്തരവാദികള്‍. അനുഭൂതിതലത്തില്‍ അന്തര്‍ദ്ദേശീയ ട്രെന്‍ഡുകളുടെ ദൃശ്യപരിസരങ്ങളില്‍ അഭിരമിക്കുന്ന കേരളീയ യുവത്വത്തിനു യുവതാരങ്ങള്‍ക്ക് പ്രാധാന്യമുള്ള അന്യഭാഷാ ചിത്രങ്ങളോടുള്ള പ്രതിപത്തി കൂടിവരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അന്യഭാഷയില്‍ നടക്കുന്ന ധീരമായ പരീക്ഷണങ്ങള്‍ മനസ്സിലാക്കുകയും വിപണിയെ ഒരുക്കുകയുമാണ് വേണ്ടത്.
താരങ്ങള്‍ പ്രേക്ഷകമനസ്സില്‍ തീര്‍ത്ത വൈകാരിക നിക്ഷേപങ്ങളുടെ വിളവെടുപ്പുകള്‍ക്ക് ഒരു പരിധിയുണ്ട്. 2015-ല്‍ ലോഹം എന്ന സിനിമയുടെ വിലയിരുത്തലില്‍ തങ്ങളെ ബാധിച്ചിരിക്കുന്ന വര്‍ദ്ധക്യത്തിന്റെ ജരാനരകള്‍ മാസ്റ്റര്‍ സംവിധായകരും നടന്മാരും കാണാതെ പോകരുതെന്നായിരുന്നു ഒരു പ്രമുഖ ഓണ്‍ലൈന്‍ വാരിക എഴുതിയത്. പ്രായം ഒരു യാഥാര്‍ത്ഥ്യമായി മുന്നില്‍ നില്‍ക്കുമ്പോള്‍ അമിതാഭ് ബച്ചനേയും കമലഹാസനേയും പോലെയുള്ള നടന്മാര്‍ കാട്ടുന്ന മാതൃകകള്‍ പാഠപുസ്തകംപോലെ മുന്നിലുണ്ട്. തന്മാത്രയിലെ രമേശന്‍ നായരേയും ഭ്രമരത്തിലെ ശിവന്‍കുട്ടിയേയുംപോലെ മോഹന്‍ലാലിനുമാത്രം അഭിനയിക്കാവുന്ന പുതിയ മലയാളി മുഖങ്ങള്‍/ഭാവങ്ങള്‍ കണ്ടെത്തുകയാണ് വേണ്ടത്.
അഭിനയമികവിനൊപ്പം താരമൂല്യവും നേടിയ നടനാണ് മോഹന്‍ലാല്‍. അമാനുഷിക-ദൈവിക പരിവേഷമുളള നായകന്മാരിലൂടെയല്ല, മനുഷ്യജീവിതത്തിലെ നര്‍മ്മവും വേദനയും വിഹ്വലതകളും പ്രതിഭാ തിളക്കത്താല്‍ അനശ്വരമാക്കിയ നടനമുഹൂര്‍ത്തങ്ങളാലാണ് മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയജീവിതം ചലച്ചിത്ര ചരിത്രത്തില്‍ അടയാളപ്പെടുത്തുക. അത് വീരനായക സങ്കല്പങ്ങളുടെ ആവര്‍ത്തനങ്ങളായല്ല; സ്‌നേഹഗന്ധമുളള ജീവിതകഥകളില്‍ തെളിയുന്ന ചിരിയിലും ചിന്തയിലും നൊമ്പരങ്ങളിലുമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates