

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ ഗവണ്‍മെന്റ് ഒരു വര്‍ഷം പിന്നിട്ടത് കഴിഞ്ഞ ആഴ്ചയാണ്. രണ്ടാം വര്‍ഷത്തിലേയ്ക്കു കടക്കുമ്പോള്‍ കേന്ദ്ര ഗവണ്‍മെന്റ് നേരിടുന്ന വലിയൊരു വെല്ലുവിളി കൊവിഡ് 19 എന്ന സാംക്രമിക രോഗം ഉയര്‍ത്തിയിട്ടുള്ള ഭീഷണിയാണ്. നിരവധി പേര്‍ രോഗബാധിതരായി മരിച്ചു. നിരവധി പേര്‍ ആശുപത്രികളില്‍ കഴിയുന്നു. പിന്നേയും ഒട്ടനവധി പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. വലിയ പ്രതിസന്ധിയാണ് കേന്ദ്ര ഗവണ്‍മെന്റും ഇന്ത്യന്‍ ജനതയും നേരിടുന്നത്. എങ്ങനെ ഈ അവസ്ഥയെ തരണം ചെയ്യുമെന്ന് ഇനിയും നിശ്ചയിക്കാനായിട്ടില്ലെങ്കിലും ലോക്ഡൗണ്‍ എന്ന നടപടി കാര്യമായി ഗുണം ചെയ്തില്ലെങ്കിലും സാമ്പത്തികരംഗത്തും രാഷ്ട്രീയരംഗത്തും ആര്‍.എസ്.എസ് നിശ്ചയിച്ചിട്ടുള്ള അജന്‍ഡയുമായി മുന്നോട്ടു പോകാനുള്ള ബി.ജെ.പി ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധത ലോക്ഡൗണില്‍ തളര്‍ന്ന സാമ്പത്തികരംഗത്തെ രക്ഷിച്ചെടുക്കുന്നതിനുള്ള നടപടികള്‍ പ്രഖ്യാപിക്കുമ്പോള്‍ പ്രകടമായതാണ്.
കശ്മീരിനു പ്രത്യേക പദവി ഉറപ്പുനല്‍കുന്ന ഭരണഘടനാവകുപ്പ് നീക്കം ചെയ്യല്‍, പൗരത്വനിയമം ഭേദഗതി ചെയ്യല്‍, മുത്തലാഖ് തുടങ്ങിയ വിഷയങ്ങളില്‍ ഗവണ്‍മെന്റ് ഇച്ഛാശക്തിയോടെ നീങ്ങിയത് നാം കണ്ടു. പൗരത്വനിയമ ഭേദഗതിക്കും 370-ാം വകുപ്പ് ഇല്ലാതാക്കിയതിനും എതിരെ വമ്പന്‍ പ്രതിഷേധമാണ് രാജ്യമെമ്പാടും ഉയര്‍ന്നത്. എന്നാല്‍, പ്രതിഷേധങ്ങളുയര്‍ത്തിയ വെല്ലുവിളികളെ സാരമായി കരുതാതെ തങ്ങളുടെ നടപടികളുമായി ഗവണ്‍മെന്റ് മുന്നോട്ടു പോകുന്നതാണ് രാജ്യം കണ്ടത്.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം ഊഴത്തിന്റെ ഒന്നാം വര്‍ഷം 'സങ്കല്പിക്കാനാവാത്ത' വെല്ലുവിളികളുടേയും വലുതും ധീരവുമായ നേട്ടങ്ങളും ഒരു വര്‍ഷമാണെന്നാണ് ഭാരതീയ ജനതാ പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നദ്ദ ഒന്നാംവര്‍ഷം പൂര്‍ത്തീകരിക്കുന്ന ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത്. കൊവിഡ് 19 പകര്‍ച്ചവ്യാധിയെ നേരിട്ടത്, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, പാര്‍ലമെന്റില്‍ പൗരത്വ (ഭേദഗതി) നിയമം പാസ്സാക്കുന്നത് തുടങ്ങിയവ പ്രധാന നേട്ടങ്ങളായി അദ്ദേഹം എടുത്തു പറയുകയും ചെയ്തു. അതുപോലെ, മുത്തലാഖ് നിര്‍ത്തലാക്കിയതും മുസ്ലിം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുന്നതു ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രശംസനീയമായ നീക്കമായിട്ടാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഹിന്ദുത്വ വാമനന്റെ മൂന്നു ചുവടുകള്‍
മൂന്നു ചുവടുകളിലൂടെ മണ്ണും വിണ്ണുമെല്ലാം അളന്നെടുത്ത വാമനമൂര്‍ത്തിയെ അനുസ്മരിപ്പിക്കുന്നുണ്ട് 370-ാം വകുപ്പ് റദ്ദാക്കല്‍, പൗരത്വനിയമ ഭേദഗതി, മുത്തലാഖ്-ബാബറി മസ്ജിദ് വിഷയങ്ങള്‍ എന്നീ മൂന്നു ചുവടുകള്‍ വഴി രാജ്യം ഭരിക്കുന്നവരുടെ ആശയപരമായ ആധിപത്യത്തിനു ഇന്ത്യ പൂര്‍ണ്ണമായും കീഴ്പ്പെടുന്ന കാഴ്ചയാണ് കഴിഞ്ഞ ഒരു വര്‍ഷം നാം കണ്ടത്. പ്രധാനമായും പൗരത്വനിയമ ഭേദഗതി തന്നെയാണ് ഇവയില്‍ എടുത്തുപറയേണ്ട നീക്കം. അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നു അഭയമര്‍ത്ഥിച്ചു വരുന്ന പീഡിത മതന്യൂനപക്ഷങ്ങള്‍ക്കു പൗരത്വം നല്‍കുന്നതു ലക്ഷ്യമിട്ടുകൊണ്ടാണ് കേന്ദ്രം പൗരത്വനിയമം ഭേദഗതി ചെയ്യുന്നത്.
ഈ രാജ്യങ്ങളിലെ ഹിന്ദുക്കള്‍, ജൈനന്മാര്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ക്രിസ്ത്യാനികള്‍, പാഴ്‌സികള്‍ എന്നിവയാണ് പൗരത്വനിയമ ഭേദഗതിയോടെ ഇന്ത്യന്‍ പൗരത്വത്തിനു അര്‍ഹരാകുന്ന ആറ് ന്യൂനപക്ഷ വിഭാഗങ്ങള്‍. അനധികൃത കുടിയേറ്റക്കാരുടെ നിര്‍വ്വചനത്തില്‍ മാറ്റം കൊണ്ടുവരാനായിരുന്നു ബില്‍ ലക്ഷ്യമിട്ടത്. എന്നിരുന്നാലും, പീഡനം നേരിടുന്ന എല്ലാ വിഭാഗക്കാരും ഇതിന്റെ പരിധിയില്‍ വരില്ല. പാകിസ്താനില്‍ പീഡനം നേരിടുന്ന ശിയാ വിഭാഗക്കാര്‍, അഹ്മദീയര്‍ തുടങ്ങിയ മുസ്ലിം വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ ഈ നിയമത്തില്‍ വ്യവസ്ഥയില്ല.
ഏതു സംസ്ഥാനത്തും കുടിയേറി താമസിക്കുന്നവര്‍ക്കു പൗരത്വ ഭേദഗതി ബില്ലിന്റെ ഗുണഭോക്താക്കളാകാം. കുടിയേറ്റം കൊണ്ടുണ്ടാകുന്ന ബാധ്യത രാജ്യത്തിന്റേതാണ്. നിലവില്‍ ഇങ്ങനെ കുടിയേറി പാര്‍ക്കുന്നവര്‍ക്ക് ഭരണഘടനാപരമായി പൗരത്വം അനുവദിക്കപ്പെടുന്നത് സ്വാഭാവികവല്‍ക്കരണം (ചമൗേൃമഹശമെശേീി) വഴിയാണ്. അതായത് നിശ്ചിതകാലം രാജ്യത്ത് ജീവിച്ചവര്‍ക്ക് പൗരത്വം ലഭിക്കും. അതുമല്ലെങ്കില്‍ അച്ഛനമ്മമാരോ അവരുടെ മാതാപിതാക്കളോ ഇന്ത്യയില്‍ ജനിച്ചിരുന്നാലും മതി. ഇതായിരുന്നു പൗരത്വത്തിനുള്ള വ്യവസ്ഥ.
രാജ്യം 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പേ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു.പി.എ ഗവണ്‍മെന്റില്‍നിന്ന് അധികാരം പിടിച്ചെടുക്കുന്നതിനു വിവാദപൂര്‍ണ്ണങ്ങളായ നിരവധി വിഷയങ്ങളില്‍ ഊന്നി ശക്തമായ പ്രചരണമാണ് എന്‍.ഡി.എ നടത്തിയത്. ആ മുന്നണിക്കു നേതൃത്വം നല്‍കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയായിരുന്നു വിഭാഗീയ നിലപാടുകളെന്നു മുന്നണിയിലെ ഇതര ഘടകകക്ഷികള്‍പോലും ആക്ഷേപിച്ചിരുന്ന നിരവധി നിലപാടുകള്‍ കൈക്കൊള്ളുന്നതില്‍ മുന്‍പന്തിയില്‍ നിന്നത്. അതിലൊന്നാണ് അയല്‍രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുമെന്ന വാഗ്ദാനം. വടക്കുകിഴക്കന്‍ ഇന്ത്യയില്‍ വേരുകളുള്ള എന്‍.ഡി.എ ഘടകക്ഷികളെപ്പോലും ഈ വാഗ്ദാനം പ്രകോപിപ്പിച്ചിരുന്നു. എന്നാല്‍, 2014-ലെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ മേല്‍പ്പറഞ്ഞ രാജ്യങ്ങളിലെ പീഡിതരായ ഹിന്ദുക്കള്‍ക്ക് അഭയം നല്‍കുമെന്നും അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുമെന്നും ബി.ജെ.പി വാഗ്ദാനം ചെയ്തു. ബില്ലുമായി കേന്ദ്ര ഗവണ്‍മെന്റ് മുന്നോട്ടു പോകുന്നതിന്റെ ഒരു ഘട്ടത്തില്‍ ബില്‍ പാസ്സാക്കിയാല്‍ പാര്‍ട്ടിയുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് ബി.ജെ.പിയുടെ സഖ്യകക്ഷിയായ അസം ഗണ പരിഷത്ത് ഭീഷണിപ്പെടുത്തുക പോലും ചെയ്തു. എന്‍.ജി.ഒകളായ കൃഷക് മുക്തി സംഗ്രാം സമിതി, വിദ്യാര്‍ത്ഥി സംഘടനയായ ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്‍, ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്നിവയും ബില്ലിനെ എതിര്‍ത്ത് മുന്നോട്ട് വന്നു മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വ്യക്തിക്ക് പൗരത്വം നല്‍കണമെന്ന ആശയമാണ് ബില്ലിനു പിറകിലെന്ന് ആരോപിച്ച് സി.പി.ഐ.എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷവും കോണ്‍ഗ്രസ്സും ഉള്‍പ്പെടെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും അതിനെ എതിര്‍ക്കുകയും ചെയ്തു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കെതിരെയുള്ള ക്രിമിനല്‍ ആക്രമണമാണ് പൗരത്വ ഭേദഗതി ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി കുറിച്ചത്. വടക്കുകിഴക്കിനെ വംശീയമായി തുടച്ചുനീക്കാനുള്ള ശ്രമമാണ് ഇതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
പൗരത്വനിയമ ഭേദഗതിയെ എതിര്‍ത്തവര്‍ ഇത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തദ്ദേശീയ ജനതകളുടെ സാംസ്‌കാരികവും ഭാഷാപരവുമായ സ്വത്വത്തെ തകര്‍ക്കുമെന്നും ആരോപിച്ചിരുന്നു. മിസോറാമടക്കമുള്ള തദ്ദേശീയ ഗോത്രവര്‍ഗ്ഗങ്ങള്‍ക്ക് ജനസംഖ്യയില്‍ മുന്‍തൂക്കമുള്ള മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും പുതിയ പൗരത്വ ബില്‍ അവതരിപ്പിക്കരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു, ഇത് സംസ്ഥാനത്ത് അനധികൃത കുടിയേറ്റക്കാരുടെ ഒരു 'ഫ്‌ലഡ് ഗേറ്റ്' തുറക്കുമെന്ന ഭയമാണ് അവര്‍ മുഖ്യമായും പ്രകടിപ്പിച്ചത്. സി.എ.എ ഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്തും സര്‍വ്വകലാശാലകളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ നിരവധി പ്രദേശങ്ങളിലും വ്യാപകമായ പ്രതിഷേധമാണ് അലയടിച്ചുയര്‍ന്നത്. ഈ നടപടി തങ്ങളുടെ ''രാഷ്ട്രീയ അവകാശങ്ങളേയും സംസ്‌കാരത്തേയും ഭൂമിയിലുള്ള അവകാശങ്ങളേയും ഇല്ലായ്മ ചെയ്യുമെന്നും ബംഗ്ലാദേശില്‍നിന്നു കൂടുതല്‍ കുടിയേറ്റത്തിനു പ്രേരിപ്പിക്കുമെന്നും ഭയന്ന് അസമിലേയും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയും പ്രതിഷേധം അക്രമാസക്തമാകുന്ന കാഴ്ചയും കണ്ടു. പൗരത്വനിയമത്തിലെ പുതിയ ഭേദഗതി മുസ്ലിംകളോട് വിവേചനം കാണിക്കുകയും രാജ്യത്തിന്റെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സമത്വത്തിനുള്ള അവകാശത്തെ ലംഘിക്കുകയും ചെയ്യുന്നുവെന്നാണ് പ്രക്ഷോഭകര്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.
വിവാദമായ പൗരത്വ (ഭേദഗതി) നിയമം 2019 ഡിസംബര്‍ 11-ന് രാജ്യസഭ പാസ്സാക്കി. 125-ഓളം എം.പിമാര്‍ ഇതിനെ അനുകൂലിച്ചപ്പോള്‍ 99 പേര്‍ എതിര്‍ത്തു. 2019 ഡിസംബര്‍ ഒന്‍പതിന് ലോകസഭയുടെ ശീതകാല സമ്മേളനത്തില്‍ പൗരത്വനിയമ ഭേദഗതി ബില്‍ അവതരിപ്പിക്കുകയും പാസ്സാക്കുകയും ചെയ്തു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഡിസംബര്‍ 12-ന് ഒപ്പിട്ടു.
പൗരത്വനിയമ ഭേദഗതിക്കെതിരെ ഉണ്ടായ ഏറ്റവും ശ്രദ്ധേയമായ പോരാട്ടമായിരുന്നു ദില്ലിയിലെ ഷഹീന്‍ ബാഗ് പ്രതിഷേധം. 2019 ഡിസംബര്‍ 11-ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പൗരത്വനിയമ ഭേദഗതി പാസ്സാക്കിയതിനെതിരെയും തുടര്‍ന്നു വദ്യാര്‍ത്ഥികള്‍ക്കുമേല്‍ പൊലീസ് അഴിച്ചുവിട്ട അതിക്രമങ്ങള്‍ക്കെതിരെയുമുള്ള മറുപടിയായാണ് സ്ത്രീകള്‍ നയിച്ച സമാധാനപരമായ പ്രതിഷേധമായ ഷഹീന്‍ ബാഗ് സമരം അരങ്ങേറിയത്.
മുഖ്യമായും പൗരത്വനിയമ ഭേദഗതി (സി.എ.എ), നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (എന്‍.ആര്‍.സി), നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ (എന്‍.പി.ആര്‍) എന്നിവയ്‌ക്കെതിരെ മുദ്രാവാക്യമുയര്‍ത്തി തുടങ്ങിയ ഈ സമരം ക്രമേണ പൊലീസ് അതിക്രമങ്ങള്‍, തൊഴിലില്ലായ്മ, ദാരിദ്ര്യം, സ്ത്രീകളുടെ സുരക്ഷ എന്നിവയെ മുന്‍നിര്‍ത്തിയുള്ള സമരമായി മാറുകയായിരുന്നു. പ്രധാനമായും മുസ്ലിം സ്ത്രീകളടങ്ങുന്ന ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ ഡിസംബര്‍ 14 മുതല്‍ 2020 മാര്‍ച്ച് 24 വരെ 101 ദിവസത്തേക്ക് അഹിംസാത്മക പ്രതിരോധത്തിലൂന്നി സമരം ചെയ്തു. സി.എ.എ-എന്‍.ആര്‍.സി-എന്‍.പി.ആര്‍ എന്നിവയ്‌ക്കെതിരെയുള്ള ഒരു ദീര്‍ഘകാല പ്രതിഷേധമായി ഷഹീന്‍ബാഗ് മാറുകയായിരുന്നു. മുന്‍കരുതല്‍ നടപടിയായി ദില്ലി പൊലീസിനു പ്രദേശത്തെ പ്രധാന ഹൈവേകളില്‍ ബാരിക്കേഡ് സ്ഥാപിക്കേണ്ടിവന്നു. വടക്കുകിഴക്കന്‍ ദില്ലിയില്‍ കലാപത്തെത്തുടര്‍ന്ന് പൊലീസ് ബാരിക്കേഡിംഗും സാന്നിധ്യവും ശക്തമായി. എന്നാല്‍, കൊവിഡ് 19 പടര്‍ന്നുപിടിച്ചതിന്റെ പശ്ചാത്തലത്തില്‍ ദില്ലി പൊലീസ് പ്രതിഷേധക്കാരെ സ്ഥലത്തുനിന്ന് ഒഴിപ്പിക്കുകയും മാര്‍ച്ച് 24-ന് പ്രതിഷേധം അവസാനിക്കുകയും ചെയ്തു. ഷഹീന്‍ ബാഗ് മാത്രമല്ല, രാജ്യത്തെമ്പാടും പൗരത്വനിയമ ഭേദഗതിക്കെതിരെയും മറ്റും അലയടിച്ച പ്രതിഷേധത്തെ പതുക്കെ കൊറോണ ഭീതി മൂടുന്നതാണ് മാര്‍ച്ച് മാസത്തില്‍ ദൃശ്യമായത്.
പൗരത്വനിയമവും കശ്മീര്‍ പ്രശ്‌നവും
പൗരത്വനിയമ ഭേദഗതിക്കെതിരെ നിരവധി വ്യക്തികളും സംഘടനകളും നീതിപീഠത്തെ സമീപിച്ചെങ്കിലും സുപ്രിംകോടതി പ്രതികൂലമായ നിലപാടാണ് കൈക്കൊള്ളുകയും ചെയ്തത്. അവസാനമായി, മെയ് 21-ന് തദ്ദേശീയ ആസാമിസ് ജനത സ്വന്തം സംസ്ഥാനത്തില്‍ ജനസംഖ്യാ ന്യൂനപക്ഷമാകുന്നത് തടയാന്‍ രൂപകല്പന ചെയ്ത അസം കരാറുമായി പൊരുത്തപ്പെടുന്നില്ലെന്നു ചൂണ്ടിക്കാണിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ വിവാദമായ പൗരത്വ ഭേദഗതി നിയമം (സി.എ.എ) വീണ്ടും സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചു.
ചുരുക്കത്തില്‍, പൗരത്വനിയമ ഭേദഗതി സംബന്ധിച്ച ഗവണ്‍മെന്റ് നടപടികള്‍ സ്ഥായിയാകുകയും പ്രതിഷേധങ്ങളെ കൂസാതെ മുന്നോട്ടു പോകുകയും ചെയ്യുന്ന കാഴ്ചയാണ് നാം ഇപ്പോള്‍ കാണുന്നത്. ''ഇന്ത്യയെ ഐകരൂപ്യമുള്ളതും ഏകീകൃത സ്വഭാവമുള്ളതുമായ ഒരു രാഷ്ട്രമെന്ന സങ്കല്പമായി കാണാനാകില്ല. മറിച്ച് പ്രധാനമായും രണ്ടു രാഷ്ട്രങ്ങളാണ് ഇന്ത്യയില്‍ ഉള്ളത്. ഹിന്ദുക്കളും മുസ്ലിങ്ങളും. ഇക്കാര്യത്തില്‍ തനിക്കു ജിന്നയുമായി അഭിപ്രായ വ്യത്യാസമില്ലെന്നുമുള്ള'' വിനായക് സവര്‍ക്കറിന്റെ കാഴ്ചപ്പാട് തന്നെയാണ് ഈ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രായോഗികവല്‍ക്കരിക്കപ്പെടുന്നത്.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിനു നല്‍കിയിട്ടുള്ള പ്രത്യേക പദവി അഥവാ പരിമിതമായ സ്വയംഭരണാധികാരം കേന്ദ്ര ഗവണ്‍മെന്റ് റദ്ദാക്കുന്നത് 2019 ഓഗസ്റ്റ് അഞ്ചിനാണ്. തുടര്‍ന്ന് ഇന്ത്യന്‍ സംസ്ഥാനമായി പരിഗണിക്കപ്പെടുന്ന ജമ്മു കശ്മീരിനെ പുന:സംഘടിപ്പിക്കുകയും ലഡാക്കിനെ വേര്‍പെടുത്തി പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കുകയും ചെയ്തു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ, ജമ്മു കശ്മീരിനു പ്രത്യേകമായി ഉണ്ടായിരുന്ന കലപ്പ ആലേഖനം ചെയ്ത ചുവന്ന പതാക ഇല്ലാതായി. ഭരണഘടനയും ഇല്ലാതായി. നിയമസഭയുടെ കാലാവധി മറ്റേതൊരു സംസ്ഥാനത്തേയും രാജ്യത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളേയും പോലെ അഞ്ച് വര്‍ഷത്തേയ്ക്ക് ആകുകയും ചെയ്തു. മറ്റ് ഇന്ത്യന്‍ പ്രദേശങ്ങള്‍ക്ക് ബാധകമായ നിയമങ്ങളൊക്കെയും മുന്‍ ജമ്മു കശ്മീരിലുള്‍പ്പെട്ട പ്രദേശങ്ങള്‍ക്ക് ബാധകമായിരിക്കുകയും ചെയ്യും.
ചരിത്രത്തില്‍ ആഴത്തില്‍ വേരുകളുള്ള ഒന്നാണ് കശ്മീര്‍ പ്രശ്‌നം. സ്വാതന്ത്ര്യലബ്ധിക്ക് ഏതാണ്ട് ഒന്നരദശകം മുന്‍പേ കശ്മീരി ജനത അവരുടെ സ്വാതന്ത്രേ്യച്ഛ പ്രകടമാക്കി തുടങ്ങിയപ്പോള്‍ മുതല്‍ അവര്‍ക്കിടയില്‍ പുറത്തുവന്നതാണ് അഭിപ്രായ ഭിന്നത. ഈ അഭിപ്രായ ഭിന്നതയെ മുതലാക്കിയാണ് പാകിസ്താന്‍ കശ്മീരിന്റെ വടക്കുപടിഞ്ഞാറന്‍ മേഖല തങ്ങളുടെ അധീനതയില്‍ വെച്ചുകൊണ്ടിരുന്നത്. പാകിസ്താന്‍ ഒരു മുസ്ലിം രാഷ്ട്രമായി തീരാന്‍ തീരുമാനിച്ചപ്പോള്‍ ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമായിരിക്കാന്‍ തീരുമാനമെടുത്തതിനു സമാനമായി അന്നത്തെ നമ്മുടെ നേതാക്കള്‍ മതപരമായ ഭിന്നതയെ മുതലെടുക്കാനല്ല തീരുമാനിച്ചത്. മറിച്ച്, അവരുടെ പ്രത്യേക അസ്തിത്വത്തെ മാനിച്ച് ഇന്ത്യന്‍ യൂണിയനോട് ചേര്‍ത്തുനിര്‍ത്താനാണ് ശ്രമിച്ചത്. അതിന്റെ ഭാഗമായിട്ടായിരുന്നു സംസ്ഥാനത്തിന്റെ പ്രത്യേക പദവി. മതപരമായ ഭിന്നതകളുടെ അടിയൊഴുക്കായി വര്‍ത്തിച്ച സാമ്പത്തിക കാരണങ്ങളെ ക്രാന്തദര്‍ശികളായ നമ്മുടെ രാഷ്ട്ര നേതാക്കള്‍ സൂക്ഷ്മതയോടെ കാണുകയും കൈകാര്യം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.
കശ്മീരി മുസ്ലിങ്ങള്‍ക്കിടയിലുണ്ടായ സ്വാതന്ത്ര്യത്തിനായുള്ള ആദ്യ പ്രക്ഷോഭത്തിന്റെ കാലം തൊട്ട് ജമ്മു മേഖലയില്‍ ജമ്മുവിലെ ഭൂരിപക്ഷം ഹിന്ദു ജനതയ്ക്കും വിരുദ്ധമാണ് ഇത്തരം പ്രക്ഷോഭങ്ങളെന്നായിരുന്നു ഹിന്ദുത്വവാദികള്‍ പ്രചരിപ്പിച്ചത്. ഭൂവുടമകളായ ഹിന്ദു പണ്ഡിറ്റുകള്‍ക്കിടയില്‍ ഭൂരഹിത കര്‍ഷകരായ മുസ്ലിങ്ങളുടെ സ്വാതന്ത്ര്യ നീക്കങ്ങള്‍ ഉണ്ടാക്കിയ ഭയാശങ്കകളാണ് യഥാര്‍ത്ഥത്തില്‍ പ്രദേശത്ത് ജനസംഘത്തിന്റെ മുന്‍ഗാമിയായ പ്രജാപരിഷത്ത് ബീജാവാപം ചെയ്യാന്‍ കാരണമായത്.
ശ്യാമപ്രസാദ് മുഖര്‍ജി കൂടി ഉള്‍പ്പെട്ട ഭരണഘടനാ അസംബ്ലിയുടെ സമ്മതത്തോടെയാണ് കശ്മീരിനു പ്രത്യേക പദവി നല്‍കാന്‍ തീരുമാനിക്കുന്നതെന്ന് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്ന് യു.എസില്‍ സന്ദര്‍ശനത്തിനു പോയ നെഹ്‌റുവിന് എഴുതിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, ഭൂപ്രഭുക്കന്മാര്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ കൃഷിക്കാരനു ഭൂമി നല്‍കാനുള്ള ഷേയ്ഖ് അബ്ദുള്ള ഗവണ്‍മെന്റിന്റെ തീരുമാനം മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള ജമ്മുവിലെ പ്രജാ പരിഷത്ത് പ്രക്ഷോഭത്തിനു പ്രേരണയാകുകയായിരുന്നു. അതായത് ഈ പ്രത്യേക പദവി ആ സംസ്ഥാനത്തെ ഭരണവര്‍ഗ്ഗമായിരുന്ന, സ്വത്തുടമസ്ഥതയുള്ള ഹിന്ദുക്കളുടെ താല്പര്യത്തിനു വിരുദ്ധമായിരുന്നു എന്നതാണ് പ്രജാപരിഷത്തിനെ പ്രക്ഷോഭങ്ങള്‍ക്ക് പ്രേരിപ്പിച്ചത് എന്നര്‍ത്ഥം. ഭൂപ്രഭു വാഴ്ചയ്ക്ക് എതിരുനിന്നതുകൊണ്ട് ഭരണത്തില്‍നിന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിലുള്ള ജനാധിപത്യ ഗവണ്‍മെന്റിന്റെ അന്ത്യം അധികം വൈകാതെ ഉണ്ടായെങ്കില്‍, കശ്മീരില്‍ സ്വത്തുടമവര്‍ഗ്ഗങ്ങളുടെ താല്പര്യ സംരക്ഷണം ഉറപ്പുവരുത്താന്‍ ദശകങ്ങളേറെയെടുത്തു. പ്രദേശത്ത് ശക്തിപ്പെട്ട ഇസ്ലാമിക ഭീകരവാദവും മതമൗലികവാദവും ഹിന്ദുത്വഭരണകൂടത്തിനു കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുക്കുകയും ചെയ്തു.
അതേസമയം, ബഹുഭൂരിപക്ഷം മുസ്ലിങ്ങളും ഉള്‍പ്പെട്ട നാഷണല്‍ കോണ്‍ഫറന്‍സ് ആകട്ടെ, ലോകമെമ്പാടും അക്കാലത്തു ശക്തിപ്പെട്ട പുരോഗമന രാഷ്ട്രീയത്തോട് ചേര്‍ന്നുനില്‍ക്കാനാണ് താല്പര്യപ്പെട്ടത്. മുസ്ലിം നാഷണല്‍ കോണ്‍ഫറന്‍സ് എന്ന ആദ്യ പേരിലെ മുസ്ലിം എന്നത് ഒഴിവാക്കുന്നതായിരുന്നു ഇതിന്റെ ആദ്യപടി. ഇതിനു തുല്യമായി ഇന്ത്യന്‍ ചരിത്രത്തില്‍ ചൂണ്ടിക്കാട്ടാവുന്ന മറ്റൊരുദാഹരണം പില്‍ക്കാലത്ത് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായി തീര്‍ന്ന മണിപ്പൂരിലെ ജനനേതാ ഇരാബതിന്റെ സംഘടനയായ നിഖില മണിപ്പൂര്‍ ഹിന്ദു സഭ അതിന്റെ പേരില്‍നിന്ന് ഹിന്ദു എന്ന പദം ഉപേക്ഷിക്കുന്നതാണ്. ഷേഖ് അബ്ദുള്ളയെപ്പോലെ ജനനേതാ ഇരാബതും രാജാധിപത്യവും ഫ്യൂഡല്‍ വാഴ്ചയും ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചു.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ പുതിയ കശ്മീരിനെ വിഭാവനം ചെയ്തുകൊണ്ട് തയ്യാറാക്കിയ നയാ കശ്മീര്‍ എന്ന രേഖയും ജമ്മുവിലെ പ്രധാന ചത്വരത്തിനു ലാല്‍ ചൗക്ക് എന്നു പേരിട്ടതുമൊക്കെ അബ്ദുള്ളയിലും നാഷണല്‍ കോണ്‍ഫറന്‍സിലുമൊക്കെ ഉണ്ടായിരുന്ന സോവിയറ്റ്-കമ്യൂണിസ്റ്റ് സ്വാധീനത്തിന്റെ തെളിവുകളായി വിഖ്യാത പത്രപ്രവര്‍ത്തകനും ചരിത്രകാരനുമായ ആന്‍ഡ്രൂ വൈറ്റ്‌ഹെഡ് ഉദാഹരിക്കുന്നുണ്ട് (The Making of the New Kashmir Manifesto).
370ാം വകുപ്പും 35 എയും ഇല്ലായ്മ ചെയ്യാനുള്ള ബില്‍ അവതരിപ്പിച്ചുകൊണ്ട് രാജ്യസഭയില്‍ അമിത് ഷാ പരിതപിച്ചതു മുഖ്യമായും ഇന്ത്യയിലെ മുതലാളിവര്‍ഗ്ഗത്തിനു കശ്മീരിലേക്ക് കടന്നു ചെല്ലാന്‍ കഴിയാത്തതിനെ ചൊല്ലിയായിരുന്നു. വികസനവും ക്ഷേമവും അതുമൂലം തടസ്സപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
''ആര്‍ട്ടിക്കിള്‍ 370, 35 എ കാരണം ജമ്മു കശ്മീരില്‍ ഒരു വ്യവസായവും ആരംഭിക്കാന്‍ കഴിയില്ല; ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ കാരണം താഴ്വരയ്ക്ക് ഒരു ആനുകൂല്യവും ലഭിക്കില്ല. ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ എന്നിവ കാരണം ഭൂമി വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങള്‍ കാരണം ജമ്മു കശ്മീരില്‍ ടൂറിസം വികസിച്ചിട്ടില്ല... ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ കാരണം സ്വകാര്യ ആശുപത്രികളൊന്നും ആരംഭിക്കാന്‍ കഴിയാത്തതിനാല്‍ ജമ്മു കശ്മീരില്‍ ആരോഗ്യ സംരക്ഷണം മുടങ്ങി'' അമിത് ഷാ അന്നു പറഞ്ഞതിങ്ങനെ. താഴെത്തട്ടില്‍ വരെ എത്തുന്ന ജനകീയാരോഗ്യ ശൃംഖലയുടെ അഭാവം സംസ്ഥാനത്തുണ്ടെന്നോ അതിന്റെ പോരായ്മകളോ ഒന്നുമല്ലായിരുന്നു ആരോഗ്യരംഗത്തെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തില്‍നിന്നും പുറത്തുവന്നത് എന്നത് ഈ കൊവിഡ് കാലത്ത് ശ്രദ്ധേയം.
കശ്മീരി ജനതയെ അക്ഷരാര്‍ത്ഥത്തില്‍ ബന്ദികളാക്കി നിര്‍ത്തിയായിരുന്നു 370-ാം വകുപ്പ് റദ്ദാക്കാനുള്ള നടപടികളുമായി കേന്ദ്ര ഗവണ്‍മെന്റ് മുന്നോട്ടു പോയത്. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വ്യാപകമായി നിഷേധിക്കപ്പെട്ടു. കര്‍ഫ്യൂ പ്രഖ്യാപിക്കപ്പെട്ടതുകൊണ്ട് തെരുവുകള്‍ വിജനമായി. കാലങ്ങളായി തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഉച്ചസ്ഥായിയെ പ്രാപിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സന്ദര്‍ഭത്തിനു സമാനം എന്നാണ് പ്രസിദ്ധ ചരിത്രകാരനായ രാമചന്ദ്ര ഗുഹ കശ്മീരിലെ അപ്പോഴത്തെ അവസ്ഥയെ വിശേഷിപ്പിച്ചത്.
എന്തായാലും ഇപ്പോള്‍ പൗരത്വനിയമ ഭേദഗതി എന്നപോലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയും പത്തുമാസങ്ങള്‍ക്കു ശേഷം കാര്യമായി വെല്ലുവിളിക്കപ്പെടാതെ തുടരുന്നു. ഹിന്ദുത്വവാദികള്‍ക്ക് അവരുടെ തീവ്രദേശീയതാ അജന്‍ഡ കശ്മീരിനെ സംബന്ധിച്ചിടത്തോളം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞിരിക്കുന്നു. തീര്‍ച്ചയായും മോദി ഗവണ്‍മെന്റിന് ഇക്കാര്യത്തില്‍ സാരമായ സംഭാവന ചെയ്യാനായിരിക്കുന്നു. പ്രതിപക്ഷത്തിന്റെ അനൈക്യവും അതിനെ നയിക്കുന്ന ചിന്താപരമായ വാര്‍ദ്ധക്യം ബാധിച്ച കോണ്‍ഗ്രസ്സ് പാര്‍ട്ടിയും ഭരണകക്ഷിക്ക് കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുക്കുകയും ചെയ്തിരിക്കുന്നു.
മുത്തലാഖും മുസ്ലിം പുരുഷനും
2019 ജൂലൈ 30-നു രാജ്യസഭയുടെ അംഗീകാരം കൂടി ലഭിച്ചതോടെ മുത്തലാഖ് ബില്‍ നിയമമായി. അതായത് മൂന്നുവട്ടം തലാഖ് ചൊല്ലുന്ന മുസ്ലിം പുരുഷന്‍ നിയമപ്രകാരം ശിക്ഷ അനുഭവിക്കണമെന്ന വ്യവസ്ഥയ്ക്ക് അംഗീകാരമായി. മുസ്ലിം സമുദായം ആചരിച്ചുവരുന്ന വിവാഹമോചന സമ്പ്രദായമായ മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ശിക്ഷ ഉറപ്പുവരുത്തുന്ന നിയമനിര്‍മ്മാണമുണ്ടാകുന്നത്. മൂന്നു തലാഖും ഒന്നിച്ചു ചൊല്ലുന്ന സമ്പ്രദായത്തെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങള്‍ക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. ഇസ്ലാമില്‍ വിവാഹം രണ്ടു വ്യക്തികള്‍ തമ്മിലുള്ള കരാറാണ്. വരനും വധുവിന്റെ പിതാവും തമ്മിലുള്ള കരാര്‍. സാധാരണഗതിയില്‍ മുസ്ലിം വിവാഹ ഉടമ്പടി റദ്ദാകുന്നത് ഒരു തവണ തലാഖ് ചൊല്ലി മൂന്നു മാസങ്ങള്‍ കഴിഞ്ഞാണ്. ഇതിനിടയില്‍ ഭര്‍ത്താവിനും ഭാര്യയ്ക്കും ബന്ധം പുനഃസ്ഥാപിക്കാന്‍ അവസരമുണ്ട്.
എന്നാല്‍, ഒറ്റത്തവണ മുത്തലാഖ് ചൊല്ലിയാല്‍ പിന്നീട് ബന്ധം പുനഃസ്ഥാപിക്കാന്‍ ഏറെ കടമ്പകളുണ്ട്. ഇത്തരമൊരു സമ്പ്രദായം ഏറിയ സ്ത്രീ ചൂഷണങ്ങള്‍ക്കു കാരണമാകുന്നു എന്നതുകൊണ്ട് ദശകങ്ങളായി പുരോഗമനവാദികള്‍ ഇതിനെ എതിര്‍ത്തുവരുന്നുണ്ട്. സ്ത്രീവിരുദ്ധവും ഏകപക്ഷീയവും അപരിഷ്‌കൃതവുമാണ് ഈ വ്യവസ്ഥ എന്ന് വളരെ കാലങ്ങളായി വിമര്‍ശനവുമുണ്ടായിരുന്നു. ഇ.എം.എസിനെപ്പോലുള്ള കമ്യൂണിസ്റ്റുകാരും ജനാധിപത്യവാദികളും ഈ സമ്പ്രദായം ഇല്ലാതാക്കണമെന്നു വാദിച്ചിരുന്നു.
മുസ്ലിം സ്ത്രീയുടെ അവകാശ സംരക്ഷണ നിയമം എന്ന പേരില്‍ ബി.ജെ.പി കൊണ്ടുവന്ന ബില്‍ 2018-ല്‍ പാസ്സാക്കിയിരുന്നു. എന്നാല്‍, രാജ്യസഭയില്‍ എന്‍.ഡി.എയ്ക്ക് മുന്‍തൂക്കമില്ലാത്തതിനാല്‍ 2018 സെപ്തംബറില്‍ ബില്‍ ഓര്‍ഡിനന്‍സാക്കി മാറ്റി. മുത്തലാഖ് മുസ്ലിം സ്ത്രീയുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്ന സുപ്രീംകോടതി വിധി നിലനില്‍ക്കേ ഇത്തരമൊരു ബില്ലിന് കേന്ദ്രഗവണ്‍മെന്റ് തിടുക്കം കൂട്ടിയത് പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് അന്ന് ആരോപണമുണ്ടായിരുന്നു.
എന്തായാലും പുതിയ മോദി ഗവണ്‍മെന്റ് പ്രാബല്യത്തിലാക്കിയ ദ മുസ്ലിം വിമന്‍ (പ്രൊട്ടക്ഷന്‍ ഒഫ് റൈറ്റ്‌സ് ഓണ്‍ മാരേജ്) ആക്ട് മുസ്ലിങ്ങളെ പാഠം പഠിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ് എന്നു വ്യാപകമായി ആരോപണമുണ്ടായി. ഇപ്പോള്‍ മുത്തലാഖ് ഒരു ക്രിമിനല്‍ കുറ്റമാണ്. മുസ്ലിം പുരുഷന്‍ മൂന്നു തലാഖ് ഒന്നിച്ചു ചൊല്ലിയാല്‍ അയാള്‍ ക്രിമിനല്‍ കുറ്റവാളികളാണ്.
മതവിവേചനത്തിന്റെ മകുടോദാഹരണമായാണ് ഈ നിയമത്തെ വിമര്‍ശകരും പ്രതിപക്ഷവും കാണുന്നത്. ഭാര്യയെ ഉപേക്ഷിച്ചുപോകുന്ന ഹിന്ദുവിനോ ക്രിസ്ത്യാനിക്കോ അല്ലെങ്കില്‍ മറ്റേതെങ്കിലും മതക്കാരനോ ഈ പ്രവൃത്തി ചെയ്താല്‍ ക്രിമിനല്‍ കുറ്റവാളിയാകില്ല. ചെലവിനു നല്‍കാതെ വിട്ടുപോകുന്ന ഭര്‍ത്താവിനെതിരെ ജീവനാംശത്തിന് ഉത്തരവ് തേടി സ്ത്രീക്ക് കോടതിയില്‍ പോകാം. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന തുല്യനീതിയുടെ സങ്കല്പങ്ങള്‍ക്ക് കടകവിരുദ്ധമാണ് ഈ നിയമമെന്നും ആരോപണമുയര്‍ന്നിരുന്നു.
ഏതായാലും മുത്തലാഖ് നിരോധന നിയമമുള്‍പ്പെടെ മൂന്നു ചുവടുകളും കേന്ദ്ര ഗവണ്‍മെന്റ് പൂര്‍ത്തീകരിച്ചു കഴിഞ്ഞു. സ്വതവേ തങ്ങളുടെ സാംസ്‌കാരിക രാഷ്ട്രീയത്തിന്റെ അജന്‍ഡ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഇച്ഛാശക്തി പ്രകടിപ്പിച്ചിട്ടുണ്ട് ഹിന്ദുത്വരാഷ്ട്രീയം അധികാരത്തില്‍ വരുമ്പോഴൊക്കെ. ദുര്‍ബ്ബലമായ പ്രതിപക്ഷം, പ്രതിപക്ഷ നിരകളിലെ അനൈക്യം, രാഷ്ട്രീയ കാഴ്ചപ്പാടിലെ അവ്യക്തത, ആവശ്യത്തിലേറെ ലഭിക്കുന്ന മാധ്യമ പരിലാളനകള്‍, അവിചാരിതമായി ഉണ്ടായ പകര്‍ച്ചവ്യാധി തുടങ്ങിയവയൊക്കെ ഭരണകക്ഷിക്കു കാര്യങ്ങള്‍ എളുപ്പമാക്കിയിട്ടുണ്ട്. അറുപതുകൊല്ലം ഇന്ത്യന്‍ രാഷ്ട്രീയം സഞ്ചരിച്ച ദിശയില്‍നിന്നു സാരമായ ഒരു മാറ്റം ഈ ആറാണ്ടുകള്‍കൊണ്ട് ഉണ്ടായിരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates