

വിജയത്തിന്‍ കൈകളില്‍ ചുറ്റിക്കറങ്ങുന്നു
വിദ്യുന്മയമൊരു ചക്രം.
ഒരുമാത്രപോലും കറക്കത്തില്‍നിന്നതു
വിരമിച്ചതോര്‍മ്മയില്ലാര്‍ക്കും.
കണ്ണിന്നകത്തൊരു കണ്ണുള്ളവര്‍ ചില
രെന്നാല്‍ പറവതുണ്ടേവം:
'തിരിയുമ്പോള്‍ വര്‍ത്തുളമെങ്കിലുമിച്ചക്രം
തിരിയാതിരിക്കെച്ചതുരം.'
അക്കിത്തം
(ചക്രം, മാനസപൂജ 1980)
കവിതയില്‍ ഒരു പൊന്നാനിക്കളരിയുണ്ടെങ്കില്‍ അതിന്റെ സാമാന്യ സ്വഭാവം വിചാരശീലമാണെന്നു ഞാന്‍ കരുതുന്നു. തന്നെക്കുറിച്ചോ ലോകത്തെക്കുറിച്ചോ വികാരംകൊള്ളുന്ന വരികള്‍ ഈ കവികള്‍ രചിക്കാറില്ല. കവിത അനുവാചകനില്‍ ഉണ്ടാക്കുന്നത് വിവേകോദയമാണെന്നാണ് ഇടശ്ശേരിയേയും ഗോവിന്ദനേയും പോലെ അക്കിത്തവും വിശ്വസിക്കുന്നത് എന്നു കരുതാം.
പൊതുവേ മനുഷ്യസങ്കീര്‍ത്തനമാണ് പൊന്നാനിക്കവിത. ജീവിതപ്രതിസന്ധികളുടെ നാടകീയ മുഹൂര്‍ത്തങ്ങളെ മുന്‍നിര്‍ത്തിയുള്ള ആഖ്യാനവും വ്യാഖ്യാനവുമാണ് അതിന്റെ രീതി. 'നരി തിന്നാല്‍ നന്നോ മനുഷ്യന്മാരേ?' എന്നു ചോദിക്കുന്ന ഇടശ്ശേരിയുടെ യുക്തിയാണ് അവലംബം. അനുഭവങ്ങളില്‍നിന്നു പഠിക്കുന്ന സാധാരണക്കാരന്റെ തത്ത്വചിന്തകള്‍ ഇവരുടെ വരികളില്‍ പഴഞ്ചൊല്ലുപോലെ ഉരുവം കൊള്ളുന്നത് വിസ്മയകരമായ വായനാനുഭവമാണ്. എന്നാല്‍, ജീവിതസന്ദര്‍ഭങ്ങളുടെ നാടകീയ മുഹൂര്‍ത്തങ്ങളെ ആശ്രയിക്കാതെ നേരിട്ട് ദാര്‍ശനിക പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്ന രീതിയും വിരളമല്ല. ഇതിനൊരു ഉദാഹരണമാണ് അക്കിത്തത്തിന്റെ ചക്രം.
വിജയത്തിന്‍ കൈകളില്‍ ചുറ്റിക്കറങ്ങുന്നു
വിദ്യുന്മയമൊരു ചക്രം
ഒരുമാത്രപോലും കറക്കത്തില്‍നിന്നതു
വിരമിച്ചതോര്‍മ്മയില്ലാര്‍ക്കും
അവിരാമമായ കറക്കം കര്‍മ്മംതന്നെ. ചലനമാണ് അതിന്റെ പ്രത്യക്ഷമായ സ്വഭാവം. മനുഷ്യനെ സംബന്ധിച്ചിടത്തോളം കയ്യാണ് കര്‍മ്മത്തിന്റെ നിര്‍വ്വഹണ മാധ്യമം. 'വിജയത്തിന്‍ കൈകളില്‍' എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. വിജയിയുടെ എന്നല്ല. ഇവിടെ വിജയവും വിജയിയും ഒന്നായിട്ടാണ് സങ്കല്പിച്ചിരിക്കുന്നത്. ജയിക്കാനുള്ള കര്‍മ്മംതന്നെയാണ് അതിന്റെ ഫലമായിരിക്കേണ്ട ജയവും എന്നര്‍ത്ഥം. കര്‍ത്താവുതന്നെ കര്‍മ്മമായിത്തീരുന്ന ഒരു ദര്‍ശനമാണിത്.
ചക്രത്തിനു നല്‍കിയ വിശേഷണവും ശ്രദ്ധേയമാകുന്നു. വിദ്യുന്മയമാണ് ഈ ചക്രം. ഊര്‍ജ്ജം സ്വീകരിച്ചു കറങ്ങുകയോ കറക്കത്തില്‍നിന്ന് ഊര്‍ജ്ജം ഉല്പാദിപ്പിക്കുകയോ എന്ന കാര്യകാരണ ചിന്തയെ ഈ കല്പന അപ്രസക്തമാക്കുന്നു. ഒന്നു മറ്റൊന്നിന്റെ കാരണമോ ഫലമോ അല്ലെന്നാണ് കവിയുടെ ഊര്‍ജ്ജതന്ത്രം. അത് അവിരാമവും അനാദ്യന്തവുമായ ഒരു തുടര്‍ച്ചയാകുന്നു.
ഒരുമാത്രപോലും കറക്കത്തില്‍നിന്നതു
വിരമിച്ചതോര്‍മ്മയില്ലാര്‍ക്കും.
നിശ്ചലമായ ഒരവസ്ഥ ഈ പ്രപഞ്ചത്തിനില്ല. അത് സദാ ചലനാത്മകവും നിരന്തര പരിണാമിയുമാണ്. എന്നാല്‍, ഈ വസ്തുത നഗ്‌നദൃഷ്ടികള്‍ക്കു ഗോചരമല്ല. ആകാശഗോളങ്ങള്‍ സാധാരണ ദൃഷ്ടികള്‍ക്കു നിശ്ചലങ്ങളെന്നു തോന്നിക്കാമെങ്കിലും അവ പ്രകാശവേഗത്തില്‍ വികാസസങ്കോചങ്ങള്‍ക്കു വിധേയമായിരിക്കയാണെന്ന് ശാസ്ത്രജ്ഞര്‍ മനസ്സിലാക്കുന്നു.
കണ്ണിന്നകത്തൊരു കണ്ണുള്ളവര്‍ ചില
രെന്നാല്‍ പറവതുണ്ടേവം
കണ്ണിന്നകത്ത് കണ്ണുള്ളവര്‍ അപൂര്‍വ്വം ചിലര്‍ മാത്രമാണ്. ഏവര്‍ക്കും അതില്ല എന്നതാണ് പരമാര്‍ത്ഥം. ഇല്ലാത്തവര്‍ക്ക് ആ ഉള്‍ക്കണ്ണുള്ളവര്‍ പറയുന്ന വാക്കാണ് ആശ്രയം. ഇവിടെ കവിയും ഉള്‍ക്കണ്ണുള്ളവരുടെ മൊഴിയെയാണ് പ്രമാണമാക്കുന്നത്. കാവ്യാന്ത്യത്തിലെ ദര്‍ശനം തന്റെ ഉള്‍ക്കാഴ്ചയല്ല എന്ന് സ്വന്തം കര്‍ത്തൃത്വത്തെ നിരാകരിക്കുന്നു. കണ്ണിന്നകത്തൊരു കണ്ണ് എന്ന അപൂര്‍വ്വ സിദ്ധിയില്ലാത്ത പലരിലൊരാള്‍ മാത്രമാണ് താന്‍. കണ്ടവരെ കേട്ടു പറയുകയാണ് കവി. കാതുകൊണ്ടു കാണാന്‍ വിധിക്കപ്പെട്ട, ഇഴജീവിതം നയിക്കുന്ന പതിതരിലൊരാളാണ് താന്‍ എന്ന് സ്വയം ഇകഴ്ത്തുന്നു. കര്‍ത്തൃത്വം എന്ന ദര്‍പ്പത്തിന്റെ ഫണങ്ങളെ സ്വന്തം പദവിന്യാസംകൊണ്ട് മര്‍ദ്ദിച്ചൊതുക്കുകയാണ് കവി.
പാശ്ചാത്യര്‍ പൊതുവെ കര്‍ത്താവിനു പ്രാധാന്യം കല്പിക്കുന്നവരാണ്. ഭാരതീയര്‍ക്കാവട്ടെ, കൃതിയാണ് പ്രധാനം. ഷേക്സ്പിയര്‍ പഠിക്കാനുണ്ട്, ഷെല്ലിയെ പഠിക്കാനുണ്ട് എന്ന് അവര്‍ പറയുമ്പോള്‍ നാം നൈഷധം പഠിക്കാനുണ്ട്, മേഘസന്ദേശം പഠിക്കാനുണ്ട് എന്നാണ് പറയുക. പലപ്പോഴും കര്‍ത്താവ് ആരെന്നുപോലും വ്യക്തമാക്കുക പതിവില്ല. രാമാനുജനെഴുത്തച്ഛന്‍ എന്നല്ലാതെ സ്വന്തം പേര് വെളിവാക്കില്ല. കിളി പറഞ്ഞത് കേട്ടെഴുതുക മാത്രമാണ് കവി ചെയ്യുന്നത്. സൃഷ്ടി ദേവൈകകര്‍മ്മമായി കരുതിയാല്‍ സാഹിത്യാദി സൃഷ്ടികളിലേര്‍പ്പെടുന്നത് ദൈവനിന്ദയായിപ്പോകുമെന്ന വിശ്വാസമായിരിക്കാം ഈ കര്‍ത്തൃനിരാസത്തിന്റെ അടിസ്ഥാനം.
എന്നാല്‍, അക്കിത്തത്തെ സംബന്ധിച്ചിടത്തോളം ഇത് ദൈവികം എന്നതിനേക്കാള്‍ വൈദികം ആയ ഒരു നിലപാടാണ്. 'ഇദം ന മമഃ' എന്ന യജ്ഞസൂത്രം പോലെ ഇത് എന്റെയല്ല എന്ന നിരാകരണമാണ്. വിജയത്തിന്‍ കൈകളില്‍ ചുറ്റിക്കറങ്ങുന്ന ഒരു ചക്രം മാത്രമാണ് താന്‍. ഈ കറക്കത്തിനു കാരണമായ ഊര്‍ജ്ജത്തിനോ ഈ കറക്കത്തില്‍നിന്നു ജനിക്കുന്ന ഊര്‍ജ്ജത്തിനോ താന്‍ അധികാരിയോ അവകാശിയോ അല്ല. 'എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകള്‍' എന്ന വരികളിലെന്നപോലെ കേവലം ലളിതവും വിനീതവുമായ ഒരു സത്യപ്രസ്താവനയാണ് ഇത്.
ഇനി കവിതയുടെ നിര്‍വ്വഹണപാദത്തിലേക്കു വരാം.
തിരിയുമ്പോള്‍ വര്‍ത്തുളമെങ്കിലുമിച്ചക്രം
തിരിയാതിരിക്കെച്ചതുരം
കണ്ണിന്നകത്തൊരു കണ്ണുള്ളവര്‍ കണ്ടതായി പറഞ്ഞുകേള്‍ക്കുന്ന സത്യം ഇതത്രേ. തിരിയുമ്പോള്‍ വര്‍ത്തുളമായി കാണപ്പെടുന്ന ഈ ചക്രം തിരിയാതിരിക്കുമ്പോള്‍ ചതുരമാണ്. ഒരു ക്ഷേത്രഗണിതപ്രശ്‌നം പോലെ ലളിതമായി അവതരിപ്പിച്ച ഈ പ്രസ്താവന ശാശ്വതമായ പ്രപഞ്ചസംവിധാനത്തെക്കുറിച്ചുള്ള അവബോധമാണെന്നു മനസ്സിലാക്കണമെങ്കില്‍ അനുവാചകനും കണ്ണിന്നകത്തൊരു കണ്ണുണ്ടാവണം. അതായത്:
'അര്‍ക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു
കണ്ണിന്നു കണ്ണു മനമാകുന്ന കണ്ണ്' എന്ന് എഴുത്തച്ഛന്‍ വിശേഷിപ്പിച്ച ഉള്‍ക്കണ്ണ്.
ഈ സന്ദര്‍ഭത്തില്‍ അക്കിത്തത്തിന്റെ ഏറെ വിവാദത്തിനും ദുര്‍വ്യാഖ്യാനത്തിനും ഇടവരുത്തിയ ഒരീരടി ഉദ്ധരിക്കട്ടെ:
'വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം!'
സ്ഥാനത്തും അസ്ഥാനത്തും ഉദ്ധരിക്കാറുള്ള ഈ വരികളോളം തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരീരടിയില്ല മലയാളത്തില്‍. അക്കിത്തം ഇരുട്ടിന്റെ ഉദ്ഗാതാവാണെന്നുവരെ തീര്‍പ്പുകല്പിച്ചവരുണ്ട്. എന്നാല്‍, അദ്ദേഹം തന്നെ ആ വരികള്‍ക്കിടയിലെ കാണാവരികള്‍ എന്തെന്നു വ്യക്തമാക്കിയിട്ടുണ്ട്. രഘുവംശത്തിലെ 'മരണം പ്രകൃതിശ്ശരീരിണാം വികൃതിര്‍ജീവിതമുച്യതൈ ബുധൈഃ' എന്ന ശ്ലോകത്തിന്റെ സത്തയാണ് ആ വരികളുടെ അന്തശ്ശോഭ എന്ന്. മരണം ശരീരികള്‍ക്കു പ്രകൃതിയാണ്. ജീവിതമാണ് വികൃതി. മൃത്യു സത്യം ജഗന്മിഥ്യ എന്ന ദര്‍ശനം. സുഖദുഃഖസമ്മിശ്രമായ ജീവിതമാകുന്ന വെളിച്ചം, ശാശ്വതമായ മൃതിതമസ്സിലെ ക്ഷണപ്രഭ മാത്രമാണെന്ന വിവേകം. കണ്ണിന്നകത്തൊരു കണ്ണില്ലാത്ത വായനക്കാര്‍ക്ക് അര്‍ത്ഥത്തിന്റെ ഈ അന്തര്‍വാഹിനിയെ കാണാനായില്ല എന്നതാണ് വാസ്തവം.
തിരിയുക, തിരിയാതിരിക്കുക എന്നീ രണ്ടവസ്ഥകളേ ചക്രത്തിനുള്ളു. ഡിജിറ്റല്‍ യുഗത്തിന്റെ യുക്തിയും സമാനമായ രണ്ടവസ്ഥകളെ ആസ്പദമാക്കിയാണ്. ഒന്നു്, പൂജ്യം എന്നീ രണ്ടക്കങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന ചേര്‍പ്പും കലര്‍പ്പുമാണല്ലോ കംപ്യൂട്ടര്‍ഭാഷ. ഒന്ന് എന്ന ഉണ്‍മയുടേയും പൂജ്യം എന്ന ഇല്ലായ്മയുടേയും കോമ്പിനേഷനുകള്‍. ഇതുപോലെ വെളിച്ചം ഇരുട്ട്, വികൃതി പ്രകൃതി എന്നിവയും പരസ്പരാപേക്ഷിതങ്ങളായ ദ്വന്ദ്വാവസ്ഥകളാണ്.
വൃത്തം ചതുരം എന്ന ദ്വന്ദ്വത്തിലും ഇങ്ങനെ മനുഷ്യാവസ്ഥകള്‍ ആരോപിക്കാവുന്നതാണ്.
ചതുരം നിശ്ചലതയേയും ജഡത്വത്തേയും പ്രതിനിധാനം ചെയ്യുന്നതായി കരുതിയാല്‍ വൃത്തം ചലനത്തേയും ജീവനേയും സൂചിപ്പിക്കുന്നതായി തോന്നാം. ജഡത്തില്‍നിന്നു ജീവനെ വ്യതിരിക്തമാക്കുന്ന സ്വഭാവങ്ങളില്‍ മുഖ്യം ചലനമാണ്. ആ ചലനമാകട്ടെ, കര്‍മ്മവും. കര്‍മ്മനിരതനാവുമ്പോള്‍ മാത്രമാണ് ഒരാള്‍ ജീവിച്ചിരിക്കുന്നത്. കര്‍മ്മം ചെയ്യാതിരിക്കുന്ന തിരിയാതിരിക്കുന്ന അവസ്ഥയില്‍ അയാള്‍ ജഡമാകുന്നു. ഈ സത്യം 'തിരിയു'ന്നതോടെ ചക്രത്തില്‍ ഒളിഞ്ഞിരുന്ന കവിയുടെ 'സുദര്‍ശനം' നമുക്കു വെളിവാകുകയും ചെയ്യും.
കേവലം നാല് ഈരടികളിലൊതുങ്ങുന്ന സംക്ഷിപ്തമായ ഈ കര്‍മ്മസങ്കീര്‍ത്തനം അക്കിത്തത്തിന്റെ ജീവിതദര്‍ശനവും സന്ദേശവുമാണ് എന്നു മാത്രമല്ല, രചനാശില്പത്തില്‍ ഇന്നു ജീവിച്ചിരിക്കുന്ന തലമുതിര്‍ന്ന കവിയുടെ കയ്യടക്കത്തിനും കാവ്യഭാഷയുടെ മെയ്വഴക്കത്തിനും ലഭിച്ച മികച്ച മാതൃകയുമാണ്.
(സമകാലിക മലയാളം വാരിക 2019 ഡിസംബറില്‍ പ്രസിദ്ധീകരിച്ചത്)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates