

ജവഹര്‍ലാല്‍ നെഹ്‌റുവിനെ ആഴത്തില്‍ മനസ്സിലാക്കിയവര്‍ നമ്മുടെ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കാര്‍ക്കിടയില്‍ ഇപ്പോള്‍ നന്നേ കുറവാണെങ്കിലും അമേരിക്കയിലെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാര്‍ക്കിടയില്‍ അത്തരക്കാര്‍ ധാരാളമുണ്ട്. അതിന്റെ തെളിവായിരുന്നു സെപ്തംബര്‍ 22-ന് ഹൂസ്റ്റണില്‍ നടന്ന 'ഹൗഡി മോദി' സംഗമത്തില്‍ സ്റ്റെനി ഹോയര്‍ എന്ന ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് നടത്തിയ പ്രസംഗം. സെനറ്റിലെ ഭൂരിപക്ഷ നേതാവ് കൂടിയായ ഹോയര്‍ തന്റെ പ്രസംഗത്തില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവിനെ മുക്തകണ്ഠം വാഴ്ത്തി എന്നു പറഞ്ഞാല്‍ അത് അത്യുക്തിയല്ല തന്നെ.
'ബഹുസ്വരതയും മനുഷ്യാവകാശങ്ങളും മാനിക്കപ്പെടുന്ന മതേതര ജനാധിപത്യ രാഷ്ട്രം' എന്നതായിരുന്നു നെഹ്‌റുവിന്റെ കാഴ്ചപ്പാടിലുള്ള ഇന്ത്യ എന്നത്രേ ഹോയര്‍ നിരീക്ഷിച്ചത്. നെഹ്‌റുവിനോടോ അദ്ദേഹത്തിന്റെ മതേതര ബഹുസ്വര ജനാധിപത്യത്തോടോ ഒരു മതിപ്പുമില്ലാത്ത രാഷ്ട്രീയ നേതാവാണ് നരേന്ദ്ര മോദി. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു വിഭാഗം അദ്ദേഹത്തിനു നല്‍കിയ വന്‍സ്വീകരണച്ചടങ്ങിലാണ് സ്റ്റെനി ഹോയര്‍ നെഹ്‌റുവിനെ പ്രശംസിച്ചത് എന്നതാണ് ശ്രദ്ധേയം. ഗാന്ധിയേയും നെഹ്‌റുവിനേയും പരാമര്‍ശിച്ച ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവിന്റെ ഊന്നല്‍ നെഹ്‌റുവിന്റെ രാഷ്ട്രീയ കാഴ്ചപ്പാടിലായിരുന്നു എന്നു വ്യക്തം. താനും തന്റെ പാര്‍ട്ടിയായ ബി.ജെ.പിയും ആ കാഴ്ചപ്പാട് അടിമുടി തിരുത്തിക്കൊണ്ടിരിക്കുമ്പോള്‍ ഹോയര്‍ നടത്തിയ നെഹ്‌റു സ്തുതി നരേന്ദ്ര മോദിക്ക് ഒട്ടും രസിച്ചിരിക്കാനിടയില്ല.
ബി.ജെ.പിയുടെ മുന്‍രൂപമായ ഭാരതീയ ജനസംഘത്തിന്റേയും അതിന്റെ പ്രത്യയശാസ്ത്ര മാതാവായ ആര്‍.എസ്.എസ്സിന്റേയും അതിനിശിത വിമര്‍ശകനായിരുന്നു മതേതര മൂല്യങ്ങളോട് പ്രതിജ്ഞാബദ്ധത പുലര്‍ത്തിയ നെഹ്‌റു. 17 വര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലിരുന്ന അദ്ദേഹം തന്റെ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് എല്ലാ മാസവും രണ്ട് കത്തുകളയയ്ക്കുന്ന പതിവുണ്ടായിരുന്നു. 1947-1963 കാലയളവില്‍ അത്തരം 400 കത്തുകള്‍ അദ്ദേഹം എഴുതി. 'Letter's for a Nation: From Jawaharlal Nehru to his Chief Ministers' എന്ന പേരില്‍ മാധവ് ഖോസ്ല അവ എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയില്‍ ചിലതില്‍ നെഹ്‌റുവിന്റെ ആര്‍.എസ്.എസ് വിമര്‍ശനം കാണാം.
1947 ഡിസംബര്‍ ഏഴിന് അദ്ദഹം എഴുതിയ കത്തില്‍ പറയുന്നു: ''സ്വകാര്യ സേനയുടെ സ്വഭാവമുള്ള സംഘടനയാണ് ആര്‍.എസ്.എസ് എന്നതിനു നമ്മുടെ മുന്‍പില്‍ ഒട്ടേറെ തെളിവുകളുണ്ട്. തികഞ്ഞ നാട്‌സി ശൈലിയിലാണ് അത് മുന്നോട്ട് പോകുന്നത്. നാട്‌സികളുടെ സംഘടനാരീതികളത്രേ അത് പിന്തുടരുന്നത്. പൗരാവകാശങ്ങളില്‍ ഇടപെടാന്‍ നമ്മളാഗ്രഹിക്കുന്നില്ല. പക്ഷേ, പ്രയോഗിക്കുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ നിരവധി പേര്‍ക്ക് ആയുധ പരിശീലനം നല്‍കുന്നത് പ്രോത്സാഹിപ്പിക്കപ്പെട്ടുകൂടാ.'' അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു: ''നാട്‌സി പാര്‍ട്ടി ജര്‍മനിയെ നാശത്തിലേയ്ക്ക് നയിച്ചു. ഇത്തരം പ്രവണതകള്‍ രാജ്യത്ത് വളരാനും പടരാനും അനുവദിച്ചാല്‍ അത് ഇന്ത്യയ്ക്ക് കഷ്ടനഷ്ടങ്ങളുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.''
ഗാന്ധിവധത്തിനുശേഷം 1948 ഫെബ്രുവരി അഞ്ചിന് നെഹ്‌റു മുഖ്യമന്ത്രിമാര്‍ക്കയച്ച കത്തില്‍ രേഖപ്പെടുത്തിയത് ഇപ്രകാരം: '...നാം രാഷ്ട്രീയ സ്വയം സേവകസംഘത്തെ നിരോധിച്ചത് നിങ്ങള്‍ക്കറിയാമല്ലോ. ഈ കൊലപാതകം ഒരു വ്യക്തിയോ ഒരു ചെറുസംഘമോ നടത്തിയ കൃത്യമായി കാണാവതല്ല. ഘാതകനു പിന്നില്‍ സാമാന്യം വലിയ തോതില്‍ പടര്‍ന്ന ഒരു സംഘടനയും ദീര്‍ഘനാളായി നടന്നുപോരുന്ന വിദ്വേഷത്തിന്റേയും ഹിംസയുടേയും പ്രചാരണവുമുണ്ട്.'' നെഹ്‌റു തുടരുന്നു: ''ഞാന്‍ അന്നും ഇന്നും പൗരസ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നയാളാണ്. പക്ഷേ, ജനാധിപത്യത്തിന്റെ അടിസ്ഥാനം തന്നെ ഭീകരപ്രവര്‍ത്തന (terrorist activities) ങ്ങളാല്‍ വെല്ലുവിളിക്കപ്പെടുമ്പോള്‍ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നത് അസംബന്ധമായി മാറുന്നു.''
നെഹ്‌റുവിന്റെ
മതേതര നിലപാടുകള്‍
1947-ല്‍ ആര്‍.എസ്.എസ്സിനെ നാട്‌സി പാര്‍ട്ടിയോട് തുലനപ്പെടുത്തിയ നെഹ്‌റുവിനെ, 1948-ല്‍ ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനങ്ങളെ 'ഭീകര പ്രവര്‍ത്തനങ്ങള്‍' എന്നു വിശേഷിപ്പിച്ച നെഹ്‌റുവിനെ നരേന്ദ്ര മോദിക്കോ ബി.ജെ.പിക്കോ ആര്‍.എസ്.എസ്സിനോ ഒരിക്കലും ഇഷ്ടപ്പെടാനാവില്ലെന്നു പ്രത്യേകിച്ച് പറയേണ്ടതില്ല. അദ്ദേഹം രൂപകല്പന ചെയ്ത മതേതര, ബഹുസ്വര, ജനാധിപത്യ, ശാസ്ത്രബോധാധിഷ്ഠിത ഇന്ത്യ എന്ന ആശയം അവര്‍ക്കൊട്ട് രുചിക്കയുമില്ല. അതുകൊണ്ടാണ് രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയെ തമസ്‌കരിക്കുക മാത്രമല്ല, തരംകിട്ടുമ്പോഴെല്ലാം ശകാരിക്കാനും അവര്‍ ഇറങ്ങിപ്പുറപ്പെടുന്നത്. നവഹിന്ദുത്വവാദികള്‍ ഒരു പരിധിവരെ ഗാന്ധിജിയെ അംഗീകരിക്കുമ്പോഴും നെഹ്‌റുവിനെ അവര്‍ നിര്‍ത്തുന്നത് തീണ്ടാപ്പാടകലെയാണ്. അസ്പൃശ്യരായ ശത്രുക്കളുടെ പട്ടികയിലാണ് അവര്‍ അദ്ദേഹത്തെ ചേര്‍ക്കുന്നത്.
ജവഹര്‍ലാല്‍ നെഹ്‌റുവിനോട് ബി.ജെ.പി.ക്കും കൂട്ടര്‍ക്കും എന്തുകൊണ്ടിത്ര കുടിപ്പക എന്നു മറ്റാരേക്കാള്‍ കൂടുതല്‍ ആലോചിക്കേണ്ടതും അന്വേഷിക്കേണ്ടതും കോണ്‍ഗ്രസ്സുകാരാണ്. അവരത് ചെയ്യുന്നതായി കാണുന്നില്ല. വര്‍ത്തമാനകാല കോണ്‍ഗ്രസ്സിന്റെ തലപ്പത്തിരിക്കുന്നവരില്‍ പലരും കാഴ്ചപ്പാട് തലത്തില്‍ ബി.ജെ.പിയെ അനുകരിക്കുന്നതിലാണ് ശ്രദ്ധവെയ്ക്കുന്നത്. നെഹ്‌റുവിന്റെ സെക്യുലര്‍ ഡെമോക്രസിയോ സയന്റിഫിക് ടെംപറോ അല്ല അവര്‍ക്ക് പ്രചോദകം. ഹിന്ദുത്വ രാഷ്ട്രീയക്കാരെപ്പോലെ ക്ഷേത്രദര്‍ശനവും പശുപൂജയുമെല്ലാം നടത്തി മുന്നേറാമെന്നു അവര്‍ കരുതുന്നു. 1951-ല്‍ പുനരുദ്ധരിക്കപ്പെട്ട സോമനാഥക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങില്‍ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് പങ്കെടുക്കുന്നത് ശരിയല്ലെന്നു പറഞ്ഞ പ്രധാനമന്ത്രിയാണ് നെഹ്‌റു എന്ന വസ്തുതപോലും അവരുടെ സ്മൃതിപഥത്തിലെങ്ങുമില്ല.
കോണ്‍ഗ്രസ്സിന്റെ ലോകവീക്ഷണം എന്താണെന്നു സ്വാതന്ത്ര്യലബ്ധിക്കു മുന്‍പ് 1937-ല്‍ നെഹ്‌റു വ്യക്തിമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍: ''കോണ്‍ഗ്രസ്സ് ശാസ്ത്രത്തെ പ്രതിനിധീകരിക്കുന്നു. കാലഘട്ടത്തിന്റെ ചൈതന്യവും ആധുനിക ലോകത്തിന്റെ മേധാവിത്വ ഘടകവും ശാസ്ത്രമാണ്. വര്‍ത്തമാനകാലം ശാസ്ത്രത്തിന്റേതാണെങ്കില്‍ ഭാവികാലം കൂടുതല്‍ ശാസ്ത്രത്തിന്റേതായിരിക്കും.'' ശാസ്ത്രവളര്‍ച്ചയുടേയും ശാസ്ത്രാവബോധത്തിന്റേയും ആവശ്യകതയില്‍ അടിവരയിട്ട നെഹ്‌റുവിന്റെ അനുയായികളെന്നവകാശപ്പെടുന്നവര്‍, ക്ഷേത്രസംബന്ധ വിഷയത്തില്‍ പുരോഗമന സ്വഭാവമുള്ള വിധിപ്രസ്താവം 2018 സെപ്തംബര്‍ 28-ന് സുപ്രീംകോടതി നടത്തിയപ്പോള്‍, വിധിക്കെതിരെ നിലപാടെടുത്ത മതയാഥാസ്ഥിതികരോട് കൈകോര്‍ത്തതിന് കേരളം സാക്ഷിയാണ്.
നെഹ്‌റുവിന്റെ സാമ്പത്തികനയം തങ്ങളുദ്ദേശിച്ച രീതിയിലല്ല എന്നതിന്റെ പേരില്‍ അദ്ദേഹത്തെ വിമര്‍ശിച്ച കമ്യൂണിസ്റ്റുകാര്‍ നാട്ടിലുണ്ട്. പക്ഷേ, നെഹ്‌റു ഉയര്‍ത്തിപ്പിടിച്ച മതേതര ബഹുസ്വര ജനാധിപത്യ മൂല്യങ്ങളേയും ശാസ്ത്രബോധത്തേയും പ്രകീര്‍ത്തിക്കുകയേ അവര്‍ ചെയ്തിട്ടുള്ളൂ. 1948-ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ബി.ടി. രണദിവെ നെഹ്‌റു സര്‍ക്കാരിന്റെ സാമ്പത്തിക രഥ്യയുടെ രൂക്ഷ വിമര്‍ശകനായിരുന്നു. പക്ഷേ, അദ്ദേഹം നെഹ്‌റുവിന്റെ മതേതര ജനാധിപത്യ നിലപാടുകളെ പ്രശംസിച്ചതാണ് ചരിത്രം. ജവഹര്‍ലാലിന്റെ നൂറാം ജന്മവാര്‍ഷികത്തില്‍, 1989-ല്‍ സി.പി.എമ്മിന്റെ ഔദ്യോഗിക ആനുകാലികമായ 'ദ മാര്‍ക്‌സിസ്റ്റില്‍' (ജൂലായ്-ഡിസംബര്‍, 1989) രണദിവെ എഴുതി: ''ഗാഢമായ മതേതര വീക്ഷണവും ആധുനിക ജനാധിപത്യ സങ്കല്പത്തോട് അഴിയാക്കൂറുമുള്ള നെഹ്‌റുവിനു പകരം മറ്റു വല്ലവരുമാണ് ഭരണത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചിരുന്നതെങ്കില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യം അപകടത്തിലായേനെ.''
രണദിവെയുടെ നിരീക്ഷണം വന്നു കാല്‍നൂറ്റാണ്ടിനുശേഷം 2014-ല്‍ നെഹ്‌റുവിന്റെ 125-ാം ജന്മവാര്‍ഷികത്തില്‍ സി.പി.എമ്മിന്റെ അന്നത്തെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയെ തെല്ലുകൂടി വിശദമായ ഭാഷയില്‍ പ്രകീര്‍ത്തിക്കുകയുണ്ടായി. അദ്ദേഹം എഴുതി: ''സ്വാതന്ത്ര്യ സമരം നയിച്ച ബൂര്‍ഷ്വാവര്‍ഗ്ഗത്തിന്റെ ഏറ്റവും പ്രബുദ്ധനായ നേതാവായിരുന്നു നെഹ്‌റു. തന്റെ തലമുറയില്‍പ്പെട്ട, അതിയാഥാസ്ഥിതികവും അതിപഴഞ്ചനുമായ നിലപാടുകള്‍ പുലര്‍ത്തിയ കോണ്‍ഗ്രസ്സ് നേതാക്കളെയെല്ലാം അദ്ദേഹം മറികടന്നു. മതേതരത്വത്തിനും ജനാധിപത്യത്തിനും ശാസ്ത്രാവബോധത്തിനും വേണ്ടി നെഹ്‌റു നിലകൊണ്ടു. മഹാത്മാഗാന്ധിയോട് ചുറ്റിപ്പറ്റി നിന്ന, സാമ്പ്രദായികവും മതപുനരുത്ഥാനപരവുമായ സമീപനങ്ങള്‍ അനുവര്‍ത്തിച്ച നേതാക്കളുടെ വീക്ഷണങ്ങളോട് ഏറ്റുമുട്ടുന്നവയായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകള്‍.'' കാരാട്ട് തുടരുന്നു: ''ആധുനിക ഇന്ത്യയുടെ നിര്‍മ്മിതിയില്‍ നെഹ്‌റുവിന്റെ രണ്ടു സുപ്രധാന സംഭാവനകളുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെ ഒരു നേതാവിനും മതേതരത്വത്തോട് നെഹ്‌റുവോളം ഗാഢവും തീവ്രവുമായ പ്രതിജ്ഞാബദ്ധതയുണ്ടായിരുന്നില്ല. അദ്ദേഹം സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയാവുക എന്നത് ഇന്ത്യയുടെ മതേതര ദിശാബോധത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായിരുന്നു.'' (Frontline, 12-12-2014).
ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ മതേതര ബഹുസ്വര ജനാധിപത്യ ഇന്ത്യയുടെ നിര്‍മ്മാണത്തില്‍ നെഹ്‌റു വഹിച്ച അദ്വിതീയ പങ്ക് തുറന്ന മനസ്സോടെ അംഗീകരിക്കുന്നു. അമേരിക്കയിലെ ഡെമോക്രാറ്റുകളും അതുതന്നെ ചെയ്യുന്നു. സമകാലിക കോണ്‍ഗ്രസ്സുകാരോ? വര്‍ഗ്ഗീയതയുടെ പ്രത്യയശാസ്ത്രം രാജ്യത്തെ വരിഞ്ഞുമുറുക്കുമ്പോള്‍ അവര്‍ ഇരുട്ടില്‍ തപ്പുകയാണ്. ദേശീയതലത്തില്‍ ഇനി കോണ്‍ഗ്രസ്സിന് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാകണമെങ്കില്‍ വഴി ഒന്നേയുള്ളൂ: മനസ്സറിഞ്ഞ് നെഹ്‌റുവിന്റെ മൂല്യങ്ങള്‍ തിരിച്ചുപിടിക്കുകയും അവയ്ക്കുവേണ്ടി കരളുറപ്പോടെ പൊരുതുകയും ചെയ്യുക. നെഹ്‌റുയിസമാണ് അവര്‍ അവലംബിക്കേണ്ട പ്രത്യയശാസ്ത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates