

പലസ്തീനിയന്‍ കവി മഹമൂദ് ദര്‍വീശ് പറഞ്ഞു: ''പലസ്തീന്‍ ഒരു രൂപകമാണ്. ഏദന്റെ നഷ്ടം, അനാഥത്വം, പലായനം മുതലായവയുടെ രൂപകം.'' ഭാവസമ്പന്നമാണ് ദര്‍വീശിന്റെ ഗീതങ്ങള്‍. തന്റെ നാട്ടുകാരുടെ ആശയാഭിലാഷങ്ങള്‍ പ്രകടിപ്പിക്കുന്നു, ആ കവിത. ഒരു വിശ്വമഹാകവിയുടെ പരിണാമഘട്ടങ്ങള്‍ ദര്‍വീശിന്റെ കാവ്യലോകത്തു വെളിപ്പെടുന്നു. ഭാവിപരമായ സാംസ്‌കാരിക രാഷ്ട്രീയ പരിപ്രേക്ഷ്യങ്ങളുടെ ആകത്തുകയുമാണ് അദ്ദേഹത്തിന്റെ കവിത.
ഒരു സാഹിത്യ യാഥാര്‍ത്ഥ്യമാണ് ദര്‍വീശ് കവിത. മറ്റു വിശ്വകവികളുടെ ആവിഷ്‌കാര രീതികള്‍ സ്വാംശീകരിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇസ്രയേലി അധിനിവേശത്തിന്റെ പീഡനങ്ങള്‍ നിരന്തരം അനുഭവിച്ച കവിയാണ് ദര്‍വീശ്. ഇസ്രയേലി കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് പ്രതിജ്ഞാബദ്ധനായിരുന്ന കാലത്ത് പാര്‍ട്ടിയുടെ 'അല്‍ ഇത്തിഹാദ്' പത്രത്തിന്റെ എഡിറ്ററായി. അറസ്റ്റും പീഡനവും കാഠിന്യങ്ങളും ഒട്ടേറെ നേരിട്ട കവി ഇസ്രയേല്‍ വിട്ട് ബെയ്റൂട്ടിലേയ്ക്കു പലായനം ചെയ്തു. അധിനിവേശ ശക്തികള്‍ക്കെതിരെയുള്ള പ്രതിരോധ കവിതയുടെ മുന്നണി നേതാവായി, ദര്‍വീശ് വളര്‍ന്നു. അറബ് ലോകവും അന്താരാഷ്ട്ര സമൂഹവും അദ്ദേഹത്തിന്റെ കവിതയെ പ്രചോദന ശക്തിയായി കൊണ്ടാടുന്നു. അദ്ദേഹം പാരീസില്‍ താമസിച്ച് പലസ്തീനിയന്‍ ലിറ്റററി റെവ്യൂ 'അല്‍ കര്‍മെല്‍'ന്റെ എഡിറ്ററായി പ്രവര്‍ത്തിച്ചു.
കവി എഴുതിയ ഡയറിക്കുറിപ്പുകള്‍
മരിക്കുന്നതിനു മുന്‍പുള്ള ഏതാനും നാളുകളില്‍ (2008-നു മുന്‍പ്) കവി എഴുതിയ ഡയറിക്കുറിപ്പുകള്‍ ശ്രദ്ധേയമാണ്. ദൈനംദിന കര്‍മ്മസൂചകങ്ങള്‍, നിരീക്ഷണങ്ങള്‍, വൈയക്തിക ഭാവങ്ങള്‍, പലസ്തീന്‍ ജനതയുടെ ജീവിതത്തെക്കുറിച്ചുള്ള ആലോചനകള്‍: ഇങ്ങനെ സമകാലിക ജീവിതക്കുറിപ്പുകളാണ് അവ.
...ഞങ്ങളില്‍ കൊല്ലപ്പെട്ടവര്‍ ഒരുപോലെയല്ല. ഓരോ രക്തസാക്ഷിക്കുമുണ്ട് തന്റേതായ നില്‍പ്പ്, തന്റേതായ കണ്ണുകള്‍ തന്റേതായ പേരും പ്രായവും. ...കൊലയാളികളാവട്ടെ, എല്ലാവരും ഒരുപോലെ. യന്ത്രങ്ങള്‍ക്കകത്ത് മറഞ്ഞിരുന്ന് അവരൊന്നിച്ചൊരു ഉടലായി ഞങ്ങള്‍ക്കെതിരെ ഇലക്ട്രോണിക് രാക്ഷസബട്ടണുകള്‍ അമര്‍ത്തുന്നു. അവന്‍ കൊല്ലുന്നു, മറയുന്നു. അവന്‍ കാണുന്നു ഞങ്ങളെ. അവനെ ഞങ്ങള്‍ കാണുന്നില്ല - അവന്‍ പ്രേതമായതുകൊണ്ടല്ല - കാരീയത്തിന്റെ മാസ്‌ക്കുകൊണ്ട് അവന്‍ മുഖം മൂടിയിരിക്കുന്നു.
അവന് മനുഷ്യഭാവങ്ങള്‍ ഇല്ല, കണ്ണില്ല, പേരില്ല, പ്രായമില്ല. അവന്‍ 'അവന്‍' ആകുന്നു. അവന് ഒറ്റപ്പേരേ ഉള്ളൂ - ശത്രു!
...ലോര്‍ക്കയുടെ ഗീത ഭാഷ, നെരൂദയുടെ ഇതിഹാസ ത്വര, ഇസ്രയേലി കവി യഹൂദാ അമിച്ചായിയുടെ ഭാവഗതി എന്നിവയുമായി നിരന്തര സൗഹൃദമുള്ള കവിയാണ് ദര്‍വീശ്. അവസാന അതിര്‍ത്തിയും കഴിഞ്ഞാല്‍ നാം എവിടെ പോകും? അവസാന ആകാശവും കഴിഞ്ഞാല്‍ പറവകള്‍ എവിടെ പോകും? അവസാന ശ്വാസക്കാറ്റും കഴിഞ്ഞാല്‍ ചെടികള്‍ എവിടെയുറങ്ങും?- ഈ ഗദ്ഗദം പലസ്തീനിയന്‍ കവിയില്‍നിന്നു മാത്രമല്ല; സുഹൃത്തായ ഇസ്രയേലി കവി യഹൂദാ അമിച്ചായിയില്‍നിന്നും ഇതേ കാതര സ്വരം ഉയരുന്നുണ്ട്.
യഹൂദാ അമിച്ചായ്
ഇസ്രയേലിന്റെ ഏറ്റവും പ്രിയപ്പെട്ട കവി യഹൂദാ അമിച്ചായ് 2000-ല്‍ അന്തരിച്ചു. ഇസ്രയേലി കവിതയില്‍ പ്രചോദക ശക്തിയായിട്ടുള്ളത് അമിച്ചായ് തന്നെയാണ്. വൈയക്തികവും സാര്‍വലൗകികവും ഇന്ദ്രിയാത്മകവും ഈശ്വരോന്മുഖവുമാണ് അമിച്ചായിയുടെ കാവ്യ വാണി. മുന്‍കാല കവികളുടെ ചിന്തേരിട്ടു മിനുസപ്പെടുത്തിയ ഹീബ്രുവിനു പകരം തനിനാട്ടു പേച്ചാണ് അമിച്ചായ് സന്നിവേശിച്ചത്. കവി എന്ന ഗമ തീരെയില്ലാത്ത അമിച്ചായിയുടെ വര്‍ത്തമാനവും പെരുമാറ്റവും നമ്മുടെ പെരുമുറക്കവികളും ഇളമുറക്കവികളും ശ്രദ്ധിക്കുന്നത് നന്ന്. ആ മനുഷ്യപ്പറ്റാണ് അമിച്ചായിയുടെ കവിതയെ ചൈതന്യവത്താക്കുന്നത്. ഒരു ചെറുകവിത വായിച്ചു നോക്കൂ:
''പുതപ്പുകൊണ്ട് തലമൂടിക്കിടക്കുന്ന, ജീവിച്ചിരിക്കുന്ന
എന്റെ ചങ്ങാതിമാരുടെ മുഖങ്ങളില്‍
മഴ പെയ്യുകയാണ്;
ഇനിയൊരിക്കലും പുതപ്പു വേണ്ടാത്ത, മരിച്ചുപോയ
എന്റെ ചങ്ങാതിമാരുടെ മുഖങ്ങളില്‍
മഴ പെയ്യുകയാണ്'' (വിവര്‍ത്തനം: ദേശമംഗലം).
കുട്ടികളുടെ മുഖങ്ങളെ പുനരാവിഷ്‌കരിക്കുന്ന അദ്ദേഹത്തിന്റെ കവിതകളിലും ഇതേ ഭാവുകത്വമാണ് കാണുന്നത്: ''കുറ്റാക്കുറ്റിരുട്ടത്ത് തെരുവില്‍ തന്റെ അവസാനത്തെ സിഗരറ്റ് കത്തിക്കാനായി തീ തേടുന്ന ഒരുവനെപ്പോലെ, ആ കുഞ്ഞുങ്ങളുടെ കണ്ണില്‍നിന്നും ഇത്തിരി വെളിച്ചം തേടുകയാണ് ഞാന്‍, എന്റെ കണ്ണുകള്‍ വിടരുവാന്‍'' നാസികള്‍ ഓഷ് വിറ്റ്സില്‍ നടത്തിയ കൂട്ടക്കൊലയോടും വംശഹത്യയോടുമുള്ള വിക്ഷുബ്ധമായ പ്രതികരണം നോക്കുക: ''കൂട്ടക്കൊലയ്ക്കായി, കാറ്റും വെളിച്ചവും കടക്കാത്ത അറകളില്‍ അട്ടിയട്ടിയാക്കി കേറ്റിയിട്ടിരിക്കുന്ന ആ ദുരന്ത സഹജീവികളുടെ കൈത്തണ്ടയില്‍ എഴുതിവെച്ചിരിക്കുന്നു ദൈവത്തിന്റെ ഫോണ്‍ നമ്പരുകള്‍, മറുപടി കൊടുക്കാത്ത നമ്പരുകള്‍... ഓരോന്നോരോന്നായി ഇപ്പോള്‍ ബന്ധം വിച്ഛേദിച്ചുകൊണ്ടിരിക്കയാണ്.''
മരിക്കുന്നതിനു രണ്ടു വര്‍ഷം മുന്‍പ് അദ്ദേഹം എഴുതി:
''പുറത്തേയ്ക്കു തുറക്കുന്നൊരു വാതിലു പോലെയാവണം ദൈവം: അകത്തേയ്ക്കു തുറക്കുന്ന വാതിലുപോലെയാവരുത്.''
കവിതകള്‍
1.
അവസാനത്തെ വണ്ടി
മഹമൂദ് ദര്‍വീശ്
അവസാന വണ്ടി
അവസാന പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുന്നു.
റോസുകളെ രക്ഷിക്കാന്‍ ആരുമില്ല
വാങ്മയരൂപിയായ ഒരുവളുടെ തോളില്‍
പറന്നിറങ്ങാന്‍ ഒരു പ്രാവുമില്ല.
സമയം കഴിഞ്ഞിരിക്കുന്നു.
തിരനുരയെക്കാള്‍ മികച്ചതാവില്ല
ഒരു സ്തോത്രവും.
പ്രിയേ നമ്മുടെ വണ്ടികളെ വിശ്വസിക്കരുത്
ആള്‍ക്കൂട്ടത്തിലെ ആര്‍ക്കുവേണ്ടിയും
കാത്തുനില്‍ക്കരുത്.
അവസാന വണ്ടി
അവസാന പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുന്നു
എന്നാല്‍ നാര്‍സിസസിന്റെ പ്രതിബിംബം
രാത്രിയുടെ കണ്ണാടികളില്‍ കൊണ്ടുവരാന്‍
ആര്‍ക്കുമാവില്ല
ശരീരത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെക്കുറിച്ചുള്ള
വിവരണം എവിടെയാണ് ഞാനെഴുതുക.
അവസാനിക്കാന്‍ നിയുക്തമായതിന്റെ
അവസാനമാണത്.
അവസാനിക്കുന്നതായ അവസാനം എവിടെയാണ്?
എന്റെ ഉടലിലെ ജന്മദേശത്തെ
എവിടെവെച്ചാണ് മോചിപ്പിക്കാനെനിക്കാവുക?
ഇക്കാണുന്ന വണ്ടികളിലൊന്നും
വിശ്വാസമര്‍പ്പിച്ചു നില്‍ക്കേണ്ട.
അവസാനത്തെ പ്രാവും പറന്നുപോയി.
അവസാന വണ്ടി
അവസാനത്തെ പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ടിരിക്കയാണ്
അവിടെ ആരും ശേഷിക്കുന്നില്ല.
2.
നഷ്ടപ്പെട്ട വസ്തുക്കള്‍
യഹൂദാ അമിച്ചായ്
പത്രങ്ങളില്‍നിന്നും നോട്ടീസ് ബോര്‍ഡുകളില്‍നിന്നും
അറിയാറുണ്ട് നഷ്ടപ്പെട്ടവയെപ്പറ്റി.
എന്തൊക്കെയാണ് മനുഷ്യര്‍ക്കുള്ളതെന്നും
എന്തൊക്കെയാണ് അവര്‍ സ്നേഹിക്കുന്നതെന്നും
അങ്ങനെ എനിക്ക് മനസ്സിലായി.
ഒരിക്കല്‍ അവശനായി ഞാന്‍
രോമാവൃതമായ എന്റെ മാറിലേയ്ക്ക്
തലപൂഴ്ത്തി ഇരിക്കെ,
വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായി
എനിക്കെന്റെ അച്ഛന്റെ മണം കിട്ടി.
ചെക്കോസ്ലോവാക്യയിലേയ്ക്ക്
മടങ്ങിപ്പോവാനാവാത്തൊരാളെപ്പോലെ
അഥവാ ചിലിയിലേയ്ക്ക്
മടങ്ങാന്‍ ഭയപ്പെടുന്ന ഒരാളെപ്പോലെ
എന്റെ ഓര്‍മ്മകള്‍.
ചിലപ്പോള്‍ ഞാന്‍ വീണ്ടും കാണുന്നു
ആ വെളുത്ത നിലവറ
അവിടെ മേശപ്പുറത്ത്
ഒരു ടെലിഗ്രാം കിടക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates