

ആ സ്ഥലത്തിന്റെ പേര്
മറന്നുപോയെങ്കിൽ
നെട്ടുകാൽത്തേരി എന്ന് വിളിച്ചോളു.
അമേരിക്കയിലെ ഇന്ത്യാനയും
ആലപ്പുഴയിലെ കാവാലവും
അയ്യപ്പപ്പണിക്കരുടെ ഉള്ളൊഴുക്കിൽ.
കോലാലമ്പൂരും കുവേറ്റും
പാലാക്കാടെന്നപോലെ മേതിലിൽ.
പതിനഞ്ചുനില കെട്ടിടങ്ങൾ തിങ്ങിയ
നഗരഭാഗത്ത്
ഇടത്തെരുവിൽനിന്ന് നോക്കിയാൽ
ആകാശം ഒരു ശവപ്പെട്ടിയുടെ മേൽമൂടി.
അവിടേയ്ക്ക് പെട്ടെന്ന് പ്രവേശിക്കുന്ന മേഘം
ഒരു തുള്ളി അമ്മിഞ്ഞപ്പാലിൻ പരപ്പാണീ ആകാശം
എന്നെഴുതിക്കാണിക്കും.
പ്രിയമേറിയ ഒരായിരം കവികളിൽനിന്ന്
കുഞ്ഞുണ്ണിയുടെ ഒറ്റവരി വന്ന്
ശവപ്പെട്ടിയെ തൊട്ടിലാക്കും.
ഇഷ്ടങ്ങൾ മനോനിലകളും
മനുഷ്യാവസ്ഥകളും ആകാം.
ആ സ്ഥലത്തിന്റെ പേര്
മറന്നുപോയെങ്കിൽ
നെട്ടുകാൽത്തേരി എന്ന് വിളിച്ചോളു.
കടമ്പനാട് തൃശൂർ ബാംഗളൂർ
കവി കെ.ജി. ശങ്കരപ്പിള്ളയിൽ
ഒരുപാട് നാടുകൾ.
ശ്രീലങ്ക ഇന്ത്യ കാനഡ
കവി ചേരൻ രുദ്രമൂർത്തിയിൽ
ഒരുപാട് രാഷ്ട്രങ്ങൾ.
ഒറ്റ ഊരാൽ നിർമ്മിക്കപ്പെട്ട ഒരാളെ,
അസൽ ദേശിയെ തെരഞ്ഞു മടുത്തു.
കവികൾ നാടോടിപ്പാട്ടുകൾ.
2
ഇവൻ എവിടെത്തുകാരനെടാ?
നാടടക്കി ശകാരിക്കുമായിരുന്നു.
ഒരിടത്തേയ്ക്കും കൊള്ളാത്തവനെന്ന മട്ടിൽ.
ആ ആട്ടലിന്റെ
അപമാനത്തിൽനിന്നുള്ള പാട്ട്
മാമാ മധുരയിൽ കുതിരകെട്ടി
ഞാനെന്റെ തോട്ടത്തി കാളകെട്ടി.
തോട്ടമോ കാളകളോ ഉണ്ടായിരുന്നില്ലെങ്കിലും
പാട്ട് സങ്കടങ്ങൾ ഉഴുതുമറിച്ചു.
മധുര, ആ വിദൂര രാജ്യം
മെല്ലെ മെല്ലെ തീവണ്ടിയകലത്തിലായി.
3
ഏതുയാത്രയിലും
പുറപ്പെടുന്നവരറിയാത്ത
ഒരു രാഷ്ട്രീയ നീക്കമുണ്ടാകും.
കടൽയാത്രയ്‌ക്കൊരുമ്പെട്ട ഗാന്ധിയിൽ,
ഗാന്ധിയ്ക്ക് മുന്‍പേ ഡർബനിലെത്തിയ
ബാലസുന്ദരത്തിലും.
ലണ്ടനിൽ, ന്യൂയോർക്കിൽ ജീവിച്ച
അംബേദ്കറിൽ
കാലിഫോർണിയയിൽ, ഒഹായോവിലെ
ജയപ്രകാശ് നാരായണനിൽ
ഇംഗ്ലണ്ടിലെ ദാദാഭായിയിൽ
നെഹ്രുവിൽ, പട്ടേലിൽ
ബോസിൽ, അരവിന്ദഘോഷിൽ
സരോജിനിയിൽ, ഇഖ്ബാലിലും.
മൗലാന ആസാദിൽ മെക്ക
അമൃതാ ഷെർഗിൽ ഹംഗറി, ഇറ്റലിയും.
രാഹുൽ സംകൃത്യായനിൽ സോവിയറ്റ് യൂണിയൻ
നടരാജഗുരുവിൽ സോബോൺ, ജനീവ.
ജാനകിഅമ്മാളിൽ മിഷിഗൺ.
നിയമവും പ്രസംഗവും പഠിച്ച
ഇംഗ്ലീഷ് നൃത്തവും സംഗീതവും പരിശീലിച്ച ഗാന്ധിയെ
രാജകുമാർ ശുക്ല
ചമ്പാരൻ കർഷകരുടെ
അരികിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയിരുന്നു.
പഴയ തുറമുഖങ്ങളിൽ
മഞ്ഞക്കൊടി കെട്ടിയ കപ്പലുകൾ
രോഗവ്യാപനകാലം കഴിയാൻ
കാത്തുകിടന്നിരുന്നു.
നാട്ടുരാജ്യങ്ങൾ ലയിച്ചല്ല
ജ്ഞാനശിലകൾ കൊണ്ടിന്ത്യയുണ്ടായി.
സ്വക്ഷേത്രം നിർമ്മിച്ച രാമൻ സി.വി.
ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ ദൈവം.
4
ഭൂമി തിരിഞ്ഞുകൊണ്ടിരിക്കെ
ഒന്നനങ്ങുകപോലും ചെയ്യാതെ
ഒരിടത്തുതന്നെ നാട് കിടക്കുമോ
പർവ്വതങ്ങൾ നടക്കാനിറങ്ങുമ്പോൾ
അസൽ ദേശിയായ ഒരാളെ അഭിവാദ്യം ചെയ്യുമോ?
ഇരിങ്ങാലക്കുടയിൽ
ബോധിയിലെ അവസാന കൂടിക്കാഴ്ചയിൽ
ദില്ലി വിലാസമെഴുതിയ
രണ്ടില്ലന്റുകൾ തന്നു സച്ചിദാ.
ഫിജി ഹിന്ദിയിൽ എഴുതുന്ന സംഗീതാസിങ്
ദ്വീപുകളിലെ ഭാഷയെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കെ,
കഫേ ആന്റലൂഷിയയിൽ വച്ച്
ബൽഗാമിൽ താമസിക്കുന്ന മറാത്തി കവി
സർജു കാത്കർ
കന്നടനാട്ടിലെ ശിവാജിമൂലയുടെ
ഒരു കോപ്പി തന്നു.
ഒരാളിൽ മറ്റൊരാൾ
ഇടങ്ങൾക്കുള്ളിലെ ഇടങ്ങളായ് തെളിഞ്ഞു.
കരിമ്പ് തെങ്ങ് കൊക്കോ ഇഞ്ചി
വാഴ പൈനാപ്പിൾ കുരുമുളക്...
സംഗീതാസിങ്
ഫിജിയൻ കൃഷിക്കാരെക്കുറിച്ച്
സംസാരിക്കാൻ തുടങ്ങി.
ഒറ്റരാജ്യക്കാരാ, ഒറ്റരാജ്യക്കാരാ
നിന്റെ രാജ്യമെവിടെ?
എന്ന പാട്ട്
പസഫിക്കിൽ പൊന്തിക്കിടക്കുന്നു.
---
ബാലസുന്ദരം: സ്‌പോൺസറുടെ മർദ്ദനത്തിൽ പരിക്കേറ്റ് നിയമസഹായത്തിനായി ഗാന്ധിജിയെ സമീപിച്ച ഇന്ത്യൻ കരാർ തൊഴിലാളി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates