ഐഷു ഹഷ്ന എഴുതിയ കവിത: ചൊറിയന്‍ പുഴുക്കളും കാരിമീനും

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക
Updated on
1 min read

ചൊറിയന്‍ പുഴുക്കളും

കാരിമീനും

ചൊറിയന്‍ പുഴുക്കളിഴയുന്ന കൂടാരത്തില്‍നിന്നും

ദിനേന ബസ്സിറങ്ങുന്നത്,

കൈതക്കാടുകള്‍ അതിരിടുന്ന

ചളിമുറ്റി, ഒഴുക്കുനിലച്ച

പുഴയുടെ തീരത്ത്.

സര്‍പ്പങ്ങളിഴയുന്ന കൈതക്കാട്ടില്‍നിന്നൊരു പൂ പൊട്ടിച്ച്

പുഴ മുറിച്ചുകടക്കുമ്പോഴെല്ലാം

അടുക്കളവാതില്‍ തെളിഞ്ഞുവരും.

കൈതപ്പൂവിന്റെ ഇതളുകള്‍ അടുക്കള മുതലോരോ മുറിയിലും വയ്ക്കും.

വീട് സുഗന്ധംകൊണ്ട്

ആഹ്ലാദിക്കും.

നൃത്തം ചെയ്യും.

കൈതപ്പൂവിന്റെ ഗന്ധത്തില്‍

ഞങ്ങള്‍ ഇണചേരുന്നു,

തിരിഞ്ഞ് കിടന്നുറങ്ങുന്നു.

മുലക്കണ്ണിലേക്കിഴഞ്ഞൊരു

ചൊറിയന്‍ പുഴുവിനെ എടുത്തെറിഞ്ഞിട്ടും മാറാത്ത ചൊറിച്ചിലുമായി

ബസ്സിറങ്ങിയ ദിവസം,

പുഴപ്പരപ്പിലുയര്‍ന്നു വന്നൊരു കാരിമീന്‍

'ഒരു കിലോ മീനെടുക്കട്ടെ ചേച്ചീ?'യെന്ന് ചോദിക്കുന്നു.

ചോദ്യത്തോടൊപ്പം മീനിന്റെ വായില്‍നിന്നും ഉളുമ്പ് വെള്ളം തെറിക്കുന്നു.

അതെന്റെ ഉച്ചിമുതല്‍ പെരുവിരല്‍ വരെയൊഴുകുന്നു.

കൈതപ്പൂവ് മറന്നു

പുഴമുറിച്ച് അടുക്കളയിലേക്ക്.

ഉളുമ്പുമണമെന്ന്

വീട് കലമ്പുന്നു.

തേച്ചുരച്ചിട്ടും പോകാതെ ഉളുമ്പുമണമെന്നെ ഭ്രമണം ചെയ്യുന്നു.

മൂന്നാം നാള്‍

പൊട്ടിപ്പുറപ്പെടാന്‍ വെമ്പുന്ന വയറുവേദനയെ കാലുകള്‍ കൊണ്ടമര്‍ത്തി പുഴ മുറിച്ചു കടക്കുമ്പോള്‍

വീണ്ടും ഒരു കിലോ മീനെടുക്കട്ടെ ചേച്ചീയെന്ന ചോദ്യവുമായി അതേ മീന്‍, ഒളിപ്പിച്ചുവച്ച

ചൂണ്ട ഞാനതിന്റെ ചെകിളയില്‍ കൊരുക്കുന്നു.

പിടയുന്ന മീനിനെ അവിടെവിട്ടു

പുഴ മുറിച്ച്കടന്നപ്പോള്‍ തുറന്നത് കുളിമുറിയുടെ വാതില്‍.

തടഞ്ഞുവച്ച വയറുവേദനയും

ഉളുമ്പ്മണവും

ചൊറിച്ചിലും

കുളിമുറിയിലൂടെ ഒഴുകിപ്പോയി.

കൈതപ്പൂവിന്റെ ഗന്ധമില്ലാതെ,

ചൊറിച്ചിലില്ലാതെ,

ഉളുമ്പ് മണക്കുന്ന പരാതിയില്ലാതെ

ഞാനും വീടുമുറങ്ങുന്നു.

ഏഴാംനാള്‍ പുഴ മുറിച്ചു കടക്കുമ്പോള്‍

ചൂണ്ടക്കൊളുത്തില്‍ പിടയുന്ന

മീനിനേയുമെടുക്കുന്നു.

അടുക്കളവാതില്‍ തെളിയുന്നു,

ചെകിളയില്‍നിന്നും

ചൂണ്ട വലിച്ചെടുക്കുന്നു.

മീന്‍ പിടയുന്നതു കണ്ട് പാത്രത്തില്‍ ഞാനൊരു കവിതയെഴുതുന്നു.

തൊലിയുരിച്ചപ്പോഴും

തലയറുത്തപ്പോഴും

പിടഞ്ഞ മീന്‍

കവിത പൂര്‍ത്തിയാക്കുന്നു.

മസാല പുരട്ടി വറുത്തെടുത്ത കഷണങ്ങള്‍ വീടിന് വിളമ്പുന്നു.

ഒരിക്കലും മാറാത്ത വിശപ്പ് മാറിയെന്ന്

വീട് ഏമ്പക്കമിടുന്നു.

കുളിമുറിയില്‍ കയറി ഞാനെഴുതിയ കവിത ചൊല്ലി കുളിക്കുന്നു.

'ഉളുമ്പ്മണം തുപ്പുന്ന

കാരിമീനിനെ

തൊലിയുരിച്ച്

തലയറുത്ത്

വറുത്തെടുത്ത്

വിശപ്പ് മാറാത്ത

വീടിന്റെ

വിശപ്പ് മാറ്റിയവള്‍,

ഞാനൊരു അരയത്തി,

എന്നെയിപ്പോ കൈതപ്പൂവിന്റെ മണമാണ്,

ഉടലിപ്പോ കരിവീട്ടിയുടെ ബലമാണ്.'

ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക
തവളകളുടെ പരിണാമം 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com