അനൂപ് ഷാ കല്ലയം എഴുതിയ രണ്ട് കവിതകള്‍

അനൂപ് ഷാ കല്ലയം എഴുതിയ രണ്ട് കവിതകള്‍
Updated on
1 min read

ഭൂപടത്തിലില്ലാത്ത ചോദ്യം

ഗൂഗിൾ മാപ്പിത്തപ്പിയാ

കട്ടപ്പച്ച ആകാശത്തിന് കീഴെ

തീ മഞ്ഞ മതിൽ വളപ്പിൽ

കടും ചുമപ്പ് മനുഷ്യർ പൊറുക്കുന്ന

മുറ്റമില്ലാത്ത

കരിനീല കുത്തുകള് കാണാം;

ഹൈവേല് മുട്ടാണ്ട്

നീക്കിവെച്ചേക്കണ

അപ്പക്കഷണം.

കലണ്ടറിന്റെ ആണീല് രണ്ട് കോളേജയ്ഡി തൂങ്ങണുണ്ടെലും,

ഇരുപതിനായിരത്തിന്റെ സാലറി-സ്ലിപ്പില്ലാത്ത പെര,

ലോൺ നോക്കിയിരിക്കേണ്ടതില്ല;

അതോണ്ട് പെണ്ണിന്റെ പാസ്‌പോര്‍ട്ട്

ബെഡിന്റെടില് കുഴിച്ചിട്ടേക്കുവാ.


ചേട്ടനെപ്പോലെത്തന്നെ

ചെറക്കായി ജോലി ചെയ്യാത്ത ഡിപ്പാർട്ട്‌മെന്റ് ഇല്ല,

പാതിയായും മുഴുവനായും ശമ്പളം കിട്ടാതെയുള്ള

എത്രയോ സ്ഥലംമാറ്റങ്ങൾ.


അവൻ കെട്ടിക്കൊണ്ടുവന്ന ആഴ്ച

ഫുൾടാങ്ക് വെള്ളമുണ്ടായിരുന്ന്-

കക്കൂസും വാതിലും

വാഷിംഗ് മെഷീനും ഫ്രിഡ്ജും സ്കൂട്ടറും

നെരപ്പും റേഞ്ചും

ആശുത്രിയും സ്കൂളും-ഒള്ളൊണ്ട്, കൊച്ച് നിന്ന്;

ഒന്ന് പെറ്റശേഷമാണ്

മുറ്റമില്ലാത്തതൊരു-വീടാകുമോന്നവള് ചോദിക്കണെ.

വഴി ഒരു വരപോലെയാണല്ലോന്നവള് ശ്രദ്ധിക്കണെ.


മുഴക്കം-

“എനിക്കീ നശിച്ച വീട്ടീന്ന് പോണം.”

അനക്കം-

ബെഡിന്നടിലെ പാസ്സ്‌പോർട്ടിന്റെ.


കുഞ്ഞെറക്കന്റെ ഒന്നാം

പെറന്നാളിന്, ചേട്ടായി-

കേറിയിരുന്നോടിക്കാവുന്നൊരു

ജീപ്പ് വണ്ടി വാങ്ങി.

അവനത് എറേത്ത് പാർക്ക് ചെയ്തോണ്ട്

റിട്ടേൺ പോണ ഓട്ടോക്കും

ഇ.എം.ഐ തീരാത്ത ബൈക്കിനും

വളക്കാൻ വല്ലാണ്ട് വളക്കേണ്ടിവന്നു.

പെണ്ണൊരു വൈറ്റ് ബോർഡ് വാങ്ങിക്കൊടുത്തു.

അവനതില് മുറ്റമുള്ളൊരു വീട് വരച്ചു.

വന്നവര്,

കളർ ബുക്കും (ഇംഗ്ലീഷ്)

കഥ ബുക്കും (ഇംഗ്ലീഷ് )

ഗൈഡും (psc, ssc, ilts)

പേനയും പെന്‍സിലും.

ഷുഗറ് 300 താണ്ടിയിട്ടും

കുഴിച്ചിടാനൊരു സ്ഥലം-ഇല്ലന്നറിയാന്നോണ്ട്,

കുഞ്ഞെറക്കന് പിറന്നാൾ സമ്മാനമായ്-

ഞാൻ മരിക്കാതിരുന്നു.

2

നേരം തെറ്റി കാണേണ്ടിവരുന്നവർ

ഹലോ കേൾക്കാമോ

ഉം...

അതേ, ഞാൻ വിളിച്ചത്

നമ്മടെ കാര്യത്തിലൊരു തീരുമാനമാക്കാനാ..!

ഇങ്ങനെ ഇത് മുന്നോട്ട് പോവില്ല,

എനിക്ക് ഭ്രാന്ത് പിടിക്കുന്നുണ്ട്.

അല്ലേലും ഞാനിത് പ്രതീക്ഷിച്ചതാ..!

നീ ഇച്ചിരി വൈകിപ്പോയെന്ന് മാത്രം.

“ഉണങ്ങിയ മുറിവുകളിന്നൊക്കെ

ചോര പൊടിയുന്നു.

പരസ്പരം അക്ഷരമില്ലാത്ത-

മൂളക്കം മാത്രം”

പിന്നെന്തിനാടി ഇത്രക്ക് ബുദ്ധിമുട്ടി-

ഇതിങ്ങനെ തള്ളിനീക്കണെ.

ആർക്കാ ബുദ്ധിമുട്ട്...?

ആരാ തള്ളിനീക്കണെ...?

നിനക്ക് ഉണ്ടോന്നറിയില്ല...!

എന്നാ എനിക്ക് നല്ലോണമുണ്ട്,

“കണ്ടത്തിൽ കെട്ടിയ-

മൂരി ചിമിട്ടുന്നപോലെ

ശ്വാസം

കേറിയിറങ്ങി ഉരസുന്നു.”


അല്ലേലും

നമ്മൾ തമ്മിലെങ്ങനെ ഒക്കാനാടാ...?

വളരുന്നതും

വളർത്തുന്നതും വെവ്വേറെയാണല്ലോ...?

സ്വയം വേണ്ടെന്നുവെക്കാനാവുന്ന നീ,

അതിനൊരുപാടാളുള്ള ഞാൻ.

അങ്ങനെ നോക്കുമ്പോ, എന്തോരും ദൂരെയാണ് നമ്മൾ.

“വാക്ക് പണിമുടക്കുന്നു,

എങ്ങും

കടല് ഉറങ്ങിക്കിടക്കുന്നപോലെ നിശ്ശബ്ദത.”

ഇഷ്ടപ്പെട്ട കോഴ്‌സ് പഠിച്ചിരുന്നെങ്കി-

ഒരു ടു വീലർ ഉണ്ടായിരുന്നെങ്കി-

കുറച്ചൂടി വൈകി വീട്ടിലെത്താനായിരുന്നെങ്കി-

കുറച്ചു നേരംകൂടി ഉറങ്ങാനായിരുന്നെങ്കി-

നമ്മളൊരിക്കലും കാണത്തില്ലായിരുന്നെ-ടാ...

“വാക്ക് പണിമുടക്കുന്നു,

എങ്ങും

കടല് ഉറങ്ങിക്കിടക്കുന്നപോലെ നിശ്ശബ്ദത.”

കാലത്തിന്റെകൂടെ ജെറ്റിടാനാവാതെ,

പിന്നാലെ പായാൻ ശപിക്കപ്പെട്ടവരുണ്ട്...!

ഞാനാ വരീന്ന് വരുന്നു,

അവിടെ

ചക്രശ്വാസം വലിച്ച്

താണുപോവാണ്ടിരിക്കാൻ കൈ നീട്ടും-

പിടികിട്ടുന്നിടത്തിന്-

മാർക്കിടത്തില്ല, പരാതിയില്ല

അതോണ്ടാണ് നമ്മൾ;


നേരം തെറ്റി കാണേണ്ടിവന്ന-

പരിണാമപ്പെടാൻ അവസരമില്ലാണ്ട്‌പോയ ഞാനും,

മതിലുകളില്ലാണ്ട്

പൂർണ്ണമായ നീയും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com