

ബാഹ്യപരിശോധനയിൽ
അസാധാരണത്വമൊട്ടുമില്ലായിരുന്നു.
ഓർമ്മകൾപോലും തണുത്തിരിക്കുന്നതിനാൽ
വിഗ്രഹിച്ചെടുക്കാൻ
നന്നെ
പാടുപെടേണ്ടിവരുമെന്നുറപ്പ്.
അണിഞ്ഞിരുന്ന അലങ്കാരങ്ങളോരോന്നും
ശ്രദ്ധാപൂർവം അറുത്തുമാറ്റി,
ഭാരവും നീളവും രേഖപ്പെടുത്തി.
പതോളജിസ്റ്റിന്റെ സൂക്ഷ്മദൃഷ്ടി
ഉടലാകെ പരതിനടന്നു.
കണ്ണിലെ വിളക്കണഞ്ഞിട്ടും
കണ്ണടയ്ക്കാതിരിക്കുന്നതിൽ
രഹസ്യങ്ങളൊന്നുമില്ല.
കിനാവുകളുടെ ഭാരം
ഒഴിഞ്ഞുപോയിട്ടുണ്ടാവില്ല.
ഡിസ്‌കഷൻ ടേബിളിൽ
സൂര്യവെളിച്ചമൊഴുകിയെത്തുമ്പോൾ
കുഴിനഖത്തിനിടയിലൊരു മൺതരി
ആലഭാരങ്ങളില്ലാതെ
പ്രകാശിക്കുന്നുണ്ടായിരുന്നു.
കേൾക്കാനാകാത്തൊരീണം
തങ്ങിനിൽക്കുന്നതിനാലായിരിക്കും
മിടിപ്പിപ്പോഴും നിലച്ചിട്ടില്ലെന്നു തോന്നും.
അധരത്തിലിപ്പോഴും
ഹേമന്തത്തിന്റെ തളിർപ്പുണ്ടായിരുന്നു.
മൂർച്ചയേറിയ കത്തിയായിട്ടും
വാരിയെല്ലുകളുടെ കടുപ്പം
പിറുപിറുക്കാതിരുന്നില്ല.
ഹൃദയത്തിലേക്കുള്ള യാത്ര
ഒട്ടുമെളുപ്പമായിരുന്നില്ല.
സഹിതഭാവത്തിന്റെ പാളി
ശ്രദ്ധാപൂർവം തുറക്കുമ്പോഴും
രക്തസ്രാവം നിലച്ചിരുന്നില്ല.
ഇല്ലാതാകാൻ വിസമ്മതിക്കുന്ന ചിലത്
അപ്പോഴും മുറുകെ പിടിക്കുന്നുണ്ടാവണം.
ഇലപ്പച്ചകളുടെ വർണ്ണരാജിയെ
ഓർമ്മിപ്പിച്ചുകൊണ്ട്,
പതുക്കെ, പതുക്കെ...
തൊഴുകൈയോടെ വാക്കുകൾ
ഇറങ്ങിവരാൻ തുടങ്ങി.
ഹൃദയത്തിലെ ആഴമേറിയ
മുറിവിൽനിന്നും
കണ്ണീരിന്റെ
കാട്ടുചോലയുറന്നൊഴുകി.
മോർച്ചറിയാകെ
പ്രണയസുഗന്ധത്താൽ വിസ്മയിക്കപ്പെട്ടു.
അറുത്തുമാറ്റിയ അവയവങ്ങളെ
തിരികെ വെക്കാനും
തുന്നിച്ചേർക്കാനുമാകാതെ
അതിരറ്റൊരു നിർവ്വികാരത
നിറഞ്ഞുനിൽപ്പുണ്ടായിരുന്നു.
ഭാവരൂപഘടനയിലൊരിടത്തും
ഒന്നും ധ്വനിപ്പിക്കാത്തതിനാൽ
മരണകാരണമോ മരണരീതിയോ
അഴിച്ചെടുക്കാനാവാതെ
നിശ്ശബ്ദത പാലിച്ചു.
അലഞ്ഞുനടപ്പിന്റെ ഭംഗിയിൽ
അവ്യാഖ്യേയവും അജ്ഞാതവുമായ
ഒരിരിപ്പിൽ
ജീവിച്ചിരുന്നതിന്റെ അടയാളങ്ങൾ
അവശേഷിപ്പിക്കുകതന്നെ ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates