

ആരണ്യകാണ്ഡത്തില്‍ നിന്നിറങ്ങി
രണ്ട് പെണ്ണുങ്ങള്‍ പൊറുതികേടിന്റെ
ഭാണ്ഡമഴിച്ചിടുന്നു.
ജഡപിടിച്ച മുടികള്‍ പിന്നലഴിഞ്ഞു പരക്കുന്നു.
ഏറെനാള്‍ കൊടുംവനത്തില്‍
അലഞ്ഞേകാന്തരായി
പോയ രണ്ടു പേര്‍
പൊടുന്നനെ കണ്ടുമുട്ടിയൊരു
തീര്‍പ്പുണ്ടാക്കുന്നപോലെ!
ഇക്കണ്ട കഥകളിലൊന്നിലും
കാണാത്ത
ഒരു ഖണ്ഡത്തില്‍
പ്രണയബദ്ധരായ
ജാനകിയും രുമയും
മണ്ണോടു ചേര്‍ന്ന്
പിണഞ്ഞു കിടക്കുന്നു.
എണ്ണമെഴുക്കിന്റെ മണം പിടിച്ച് വീണ്ടും
മാരീച മാനുകള്‍!
അഭിവാദ്യ ചുംബനങ്ങളാല്‍
കുളിര്‍ചൂടുന്ന
പൂമരങ്ങള്‍!
കെട്ടകാലത്തിന്റെ മൗനം
തളം കെട്ടിയിടത്തുനിന്നും
അവര്‍
സംഭാഷണങ്ങള്‍ തുടങ്ങുന്നു.
(ജാഗ്രത!
പെണ്ണുങ്ങളുടെ
വേഴ്ചകളാല്‍പ്രതി
കുലുങ്ങുന്ന കൊട്ടാരക്കെട്ടുകള്‍
കണ്ണ് പൂട്ടുക.
അവരുടെ ഭാഷണങ്ങളാല്‍ പ്രതി
ഉടയുന്ന വിഗ്രഹങ്ങള്‍ ചെവി പൊത്തുക!)
ജാനകി :
അധികാരത്തിനും
വനവാസത്തിനുമിടയിലായൊരു
പുഴയുണ്ടായിരുന്നു.
പുഴ കടന്നൊരു
കാടകത്തിലേക്ക്
ചതിപറ്റിയതെന്നറിയാതെ
പോന്ന നേരത്താണ്
സല്‍ബുദ്ധികളുടെ
കുടിലതയില്‍
തീപ്പെട്ടവരെക്കുറിച്ചോര്‍മ്മ
വരുന്നത്!
(കണ്ണുനീരും ആത്മനിന്ദയും ഒരുമിച്ച് )
പൂര്‍ണ്ണതയില്ലാത്ത ദൈവങ്ങളുടെ
കെട്ടി മാറാപ്പുകള്‍
നാമിനി ചുമക്കേണ്ടതില്ലല്ലോ.
ശിലകളില്‍നിന്നും പുതിയവരെ പുനര്‍ജ്ജനിപ്പിക്കുന്ന
കണ്‍കെട്ട് വിദ്യയില്‍
നിങ്ങള്‍ക്ക് മയങ്ങാനായേക്കും.
ആത്മാനുരാഗികളുടെ
അധികാരചവിട്ടില്‍നിന്നും മോചനം
കിട്ടാതെത്ര ജാനകിമാര്‍!
(കണ്ണുനീര്‍... പിന്നെയും ഉയിര്‍പ്പ്!)
രുമ :
ദേഹത്തിന്റേയും
ദേഹിയുടേയും
മുറിവുകള്‍ക്കുപോലും കപ്പം
കൊടുക്കുന്നവര്‍ക്കുമേല്‍
ഒളിയമ്പ്‌കൊണ്ട്
ന്യായം ചമക്കുന്നവര്‍ക്കു
മേല്‍
മത്സരിച്ചു നേടിയ
അകം പൊള്ളയായ
മഹിഷിപ്പട്ടമുപേക്ഷിച്ച
എന്നെപ്പോലനേകരുടെ
നെടുവീര്‍പ്പുകളാണ്
സീതായനത്തിന്റെ പശ്ചാത്തല
സംഗീതം!
ഇതോ
മഹാകാവ്യം?
(രോഷം)
കൂടുപേക്ഷിച്ച
രണ്ട് പക്ഷികളുടെ
ചിറകടിയൊച്ചയാല്‍
മാറ്റൊലി കൊള്ളുന്ന
ആദികാവ്യം.
അവിടെനിന്നിറങ്ങിയ
രണ്ട് പേര്‍
ശുദ്ധവായു ശ്വസിക്കുന്നു.
തലേ പേന്‍ നോക്കുന്നു.
പുഴയില്‍ കുളിക്കുന്നു.
കാനനമാകെ സ്വതന്ത്രരായ
പെണ്ണുങ്ങള്‍!
സംവത്സരങ്ങള്‍ ഉറക്കമില്ലാതെ പോകുന്നവരുടെ,
ഉറക്കികിടത്തിയവരുടെ,
ഉപേക്ഷിക്കപ്പെട്ടവരുടെ
ആന്തലുകളില്‍
അവിട (അടവി )മാകെ വേദനിച്ചു.
കുടിയൊഴിക്കപ്പെട്ടവരുടെ
ദാഹം തീര്‍ക്കാന്‍
പുഴ നിറഞ്ഞൊഴുകി.
(സ്വാതന്ത്ര്യം)
'മൈഥിലി മയില്‍പ്പേടപോലെ'
മുഖം പൂഴ്ത്തി.
കെട്ടഴിഞ്ഞപോല്‍
അവര്‍ പ്രേമിച്ചു.
രമിച്ചു.
രുമ മുലക്കണ്ണാലൊരു
കവിത രചിച്ചു.
സമ്മുഖം!
രതിയുടെ ഏഴ് കാണ്ഡങ്ങള്‍
പൂര്‍ത്തിയാക്കി
അവര്‍ പിന്നെയും
ഇതിഹാസത്തിലേക്ക്
തിരിച്ചു നടന്നു.
(പ്രണയം, രതി)
അവരറിയാതെ
ഇതെല്ലാം പകര്‍ത്തി
വെക്കാന്‍ അവിടൊരു
കാടുണ്ടായതുകൊണ്ട്
വാമൊഴിയായി ഈ കഥ
കാറ്റു പറഞ്ഞു പോയെന്നേയുള്ളു.
അത് പോട്ടെ
ഇതില്‍ നിങ്ങള്‍ ദുഃഖിച്ചിട്ടെന്തു
കാര്യം?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates