

ഗറ്റപ്പ് & സ്റ്റാന്‍ഡപ്പ്
രതീഷ് പാണ്ടനാട്
ഒരു കവിള്‍
ചോരയോ
കാതിലിറുങ്ങിക്കിടന്ന
തഴച്ചുറ്റോ
വാത്തലരാകാത്ത
നിലവിളികളോ
ഒതകാതെ പോയ
പ്രാക്കുകള്‍ക്കൊപ്പം
കുഴിമൂടിയ
പൊക്കിള്‍കൊടികളോ...
അവരവിടെ
കണ്ടേക്കാം...
ഒരു നെടുവീര്‍പ്പുപോലുമില്ലാത്ത
കാറ്റിന്റെ സഞ്ചി.
വെയിലിന്റെ തുരുമ്പിച്ച
സൂചി.
ഉഷ്ണത്തിന്റെ
തോണിപ്പന്തി...
ഓളം വെട്ടാത്ത
തോട്
അതില്‍
നീന്തലറിയാത്ത
മീനുകള്‍...
വശങ്ങളിലോട്ടോടുന്ന
ഞണ്ടുകളൊളിക്കും
ഒച്ചയുടെ
കാല്‍ക്കൊളമ്പുകള്‍...
വഴിയരുകിലുപേക്ഷിച്ച
പേടിയുടെ
കുഞ്ഞിനെ...
ഒക്കെയും
ഉപേക്ഷിച്ച നിലയില്‍
തന്നെ വേണം
മുറിവുകൊണ്ടടയാളമിട്ട
തലമുറയുടെ
കലണ്ടറെടുക്കണം,
മരിച്ചോരുടെ
ഇടമുറിയാതെകത്തുന്ന
പാട്ടുകള്‍...
ചൂഴ്ന്നെടുത്തിട്ടും
ഉറവയായ് കിനിയുന്ന
ചുട്ടനോട്ടത്തേല്‍
ഒരു തൊടം,
മൂര്‍ച്ചവെപ്പിച്ച
പണിക്കോപ്പു
മുഴുവന്‍
കീറിയുണങ്ങിയ
ഓര്‍മ്മ,
തഴമ്പുകള്‍ക്കിടയില്‍
ഉരഞ്ഞുപരക്കുന്ന
തുപ്പല്‍ മണം,
എല്ലാമെല്ലാമെടുത്തേക്കണം...
അറിവിന്റെ
കുന്നിറങ്ങുമ്പോള്‍
ഒന്നില്‍നിന്നും
തെളിഞ്ഞുപടര്‍ന്ന
ഒരായിരം പന്തത്തിന്റെ
വെളിച്ചമവരെ
വളയുമ്പോള്‍
മാത്രം
മനസ്സിലാകുന്ന
ഒന്നുണ്ട്
മണ്ണില്‍...
നേര്
ആമയെപ്പോലെ
ഇഴഞ്ഞിഴഞ്ഞ്
മുന്നിലെത്തുന്നതാണ്
ചരിത്രമെന്ന്...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates