

അറിയുമോയാരേലും
അരകല്ലിൻ വേഗത്തിൽ
തിളതുള്ളും താളത്തിൽ
കരിയൂതിക്കനലാക്കും
ശ്വാസം മുട്ടിൽ
വിരലിന്നറ്റത്തു വീടാകെ
സ്‌ക്രൂയന്ത്രം പോൽ
ഗതിചക്രത്തിരിവിൽ
വീഴാതെ താങ്ങും
കരിമിഴി, ചെംപൊട്ട്,
മണിമാല, പൊൻപട്ട്,
വളതള കമ്മലില്ലാത്ത ഭംഗി.
ഉടുമുണ്ടു,ടുപ്പ,തിൻമീതേ
തോർത്തിൻകര
പകൽരാവു ഭേദമില്ലാത്തവൃത്തി.
പശുകാളയാടു
കോഴിക്കുഞ്ഞ
ടുക്കളയ്ക്കരികിലവർക്കും
വേവിക്കുമന്നം
തനിയെയവരോടു മിണ്ടും,
തലോടലും, കഴുകിത്തുടയ്ക്കു
മെരുത്തിൽ, കൂട്
എവിടൊന്നിരുന്നാലു
മാക്കാൽമടമ്പത്തു മുറുകും
വാൽ, മീശക്കാർ, പടർവള്ളികൾ
ഇലയനക്കം കേട്ടാൽ ഇമവെട്ടാ
തെപ്പോഴുമൊരുകാവൽ
കട്ടളപ്പടിയിലുണ്ടാം.
ഇനിയുമാരേലും വരുമെന്ന
തോന്നലിലുരുകി
ച്ചിലതു കലത്തിൽ വയ്ചും
അയലത്തടുപ്പു പുകയില്ല
യെങ്കിലവിടേക്കു
വെന്തതു പാതി നല്‍കി
ആറുമേഴും പെറ്റടുത്ത
തലമുറ പാൽപ്പല്ലമർത്തി
ച്ചിരിക്കുമ്പൊഴും
എവിടെല്ലാം പോയാലുമവിടെല്ലാം
ജീവന്റെ നടുതാങ്ങി
തോറ്റുന്നോരീയൊരാളെ
അറിയുമോയാരേലും
തിരിയുമോയാർക്കേലും
സമയയമാം രഥമേറി
പ്പാഞ്ഞിടുമ്പോൾ...
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates