

കുറെക്കാലമായെന്നോട്
ആരും മിണ്ടാറില്ലായിരുന്നു.
തിരിച്ച് ഞാനും.
അല്ലെങ്കിൽത്തന്നെ
എന്തിനാ മനുഷ്യർ പരസ്പരം മിണ്ടുന്നത്?
സ്നേഹമില്ലാത്ത മനസ്സിൽ,
മിണ്ടണ്ടയെന്ന
നിശ്ശബ്ദതയുടെ
ഒരു കാണാവേലി,
എവിടെയുമെപ്പോഴുമുണ്ട്.
വീടിനു മുന്‍പിൽ
ഭാര്യ നട്ടുപിടിപ്പിച്ച
ഒരു മുല്ലയുണ്ടായിരുന്നു.
അവൾ എന്നോടല്ല,
അതിനോടാണെപ്പോഴും
മിണ്ടിയിരുന്നത്.
ഒരു നാൾ,
അവൾ
ആരുടേയോ കൂടെ എവിടേയ്ക്കോ
ഒളിച്ചോടിയ ശേഷമാണ്
ഞാനാരോടും മിണ്ടാതായത്.
അപ്പോഴേയ്ക്കും മുറ്റത്തെ
മുല്ല വാടിത്തുടങ്ങി.
അവൾ നട്ടതുകൊണ്ടല്ല,
അത് വാടുന്നതിനാൽ, പതിവായി ഞാൻ വെള്ളമൊഴിച്ചു.
മുല്ല പിന്നെയും പൂത്തു.
എന്റെ ജീവിതം മാത്രം
പൂക്കാതെ മുരടിച്ചു.
ഒരു ദിവസം
മുല്ലയെന്നോട് പറഞ്ഞു:
നിങ്ങളുമെന്നെപ്പോലെ മുല്ലവള്ളിയാക്.
എന്നിട്ട്...
നിങ്ങൾക്കാരിലേക്കെങ്കിലും
ഒന്നു ചാഞ്ഞൂടെ മനുഷ്യാ?
ആ ചോദ്യമെനിക്ക്
ഒട്ടുമിഷ്ടമായില്ല.
ഞാനന്ന്
മുല്ലയ്ക്ക് വെള്ളമൊഴിച്ചില്ല.
പിന്നപ്പിന്നെ അതിനോടുള്ള
പിണക്കം മാറി.
മുല്ലയ്ക്കെന്നോട്
ഒട്ടും പരിഭവമില്ല.
വെള്ളമൊഴിക്കാഞ്ഞിട്ടും
പിന്നെ വാടിയില്ല.
ഞാൻ വരാന്തയിൽ
മൗനമായിരിക്കുന്നത് കണ്ട് മുല്ല ചോദിച്ചു:
എന്തൊരിരിപ്പാണിത്?
എന്നെപ്പോലെയെപ്പോഴും പുത്തൂടെ?
സ്നേഹത്തിന്റെ
പരിമളം പരത്തിക്കൂടെ?
ഞാൻ പറഞ്ഞു:
ഞാനൊരു മനുഷ്യനാണ്.
അങ്ങനെ
ആർക്കുവേണ്ടിയും
പൂക്കില്ല.
പരിമളമെന്നതോ
സ്വപ്നം മാത്രം.
ഞാൻ മുല്ലയുടെ
അടുത്തുനിന്നും മാറി.
ഉള്ളു മന്ത്രിച്ചു.
എന്നെ എനിക്കല്ലേ അറിയൂ.
എന്നിൽ ദുർഗന്ധം
മാത്രമേയുള്ളൂ.
അല്ലാതെയവൾ പോകില്ലല്ലോ?
മന്ത്രണം
മുല്ല വള്ളികേട്ടു.
നീണ്ടുവന്നതെന്നെ കെട്ടിപ്പിടിച്ചു.
കഴുത്തിൽ
കാതിൽ
നെറ്റിയിൽ
ഉമ്മവെച്ചു ചിരിയോടെ.
“സ്നേഹിക്കാൻ അറിയാത്ത
ചെക്കൻ.”
പ്രഭാതം.
ഞാനടിമുടി പൂത്തു
സുഗന്ധം പരന്നു.
വീടു മുഴുവൻ ഞാൻ
മുല്ലവള്ളിയായ് പടർന്നു.
പിന്നെ
വീടും മറികടന്ന്
പുറത്തേയ്ക്ക്...
പുറത്തപ്പോൾ കാറ്റിന്റെ
കാലനക്കം.
വണ്ടുകളുടെ മൂളക്കം.
വീടിൻ ചുമരുകളിൽ
ശലഭങ്ങളുടെ ചിത്രവേല.
ഒച്ചയില്ലാത്ത പൊട്ടിച്ചിരിപോലെ
എങ്ങും പൂക്കൾ വിരിഞ്ഞു.
ആ പൂവുകളെ അരുമയോടെ
ഞാൻ ചുംബിച്ചപ്പോൾ
അതോരോന്നും അവളുടെ
ചുണ്ടുകളായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates