താഹാജമാല്‍ എഴുതിയ മൂന്ന് കവിതകള്‍

പനിയെകൂര്‍ക്കയ്ക്കുള്ളില്‍ ഒളിപ്പിച്ചതാകാംപനി വരുമ്പോള്‍പനിക്കൂര്‍ക്കയിട്ട് തിളപ്പിച്ച വെള്ളംആവി പിടിക്കുന്നത്
താഹാജമാല്‍ എഴുതിയ മൂന്ന് കവിതകള്‍
Updated on
1 min read

പനിക്കൂര്‍ക്ക 

പനിയെ
കൂര്‍ക്കയ്ക്കുള്ളില്‍ ഒളിപ്പിച്ചതാകാം
പനി വരുമ്പോള്‍
പനിക്കൂര്‍ക്കയിട്ട് തിളപ്പിച്ച വെള്ളം
ആവി പിടിക്കുന്നത്

ഒരു കട്ടന്‍ കാപ്പിയില്‍
ചുക്ക് ചേര്‍ത്ത് ചിലരൊക്കെ
പനിയെ മറിച്ചിടുന്നു.
ചൂട് കൂടിയ പകലും രാത്രിയും
വെള്ളം മുക്കി തുടയ്ക്കുന്ന മേഘങ്ങള്‍.
കഞ്ഞിയും ചമ്മന്തിയും
ചുട്ടെടുത്ത രണ്ടു പപ്പടത്തിനും
പനിയുമായെന്തോ അകല്‍ച്ചയുണ്ടെന്ന്
പ്രഖ്യാപിക്കുന്നു

നിലാവിനെ
നിലയില്ലാത്ത കയത്തില്‍
മുക്കി സ്വയം മരവിച്ചുനില്‍ക്കുന്ന
പനിവരാന്തകള്‍
റസ്‌ക്കും മൊരിച്ച ബട്ടറും
വാങ്ങി വരാറുള്ള പനിക്കാലം
പുതപ്പിനെ ചേര്‍ത്തുപിടിപ്പിക്കുന്നു

തിന്നാന്‍ കൊതിയുള്ളതെന്നും
തിന്നാന്‍ പറ്റാത്ത കാലത്ത്
ആകാശം കുറേക്കൂടി താഴ്ന്നുവരുന്നത് കാണാം
പണ്ടേ മരിച്ച അമ്മയ്ക്കും അമ്മാവനും
പനിക്കൂര്‍ക്കയുടെ മണമായിരുന്നു
കപ്പ തിന്നണമെന്ന് തോന്നും
കപ്പലുപോലെ ആമാശയം
ഒഴുകിനടക്കുന്ന നേരത്ത്

പനിക്കൂര്‍ക്കയുടെ മണം
മുറിയാകെ നിറയുന്നു.
അമ്മയല്ലാതെ ഈ മുറിയില്‍
ആരും വരാനില്ലെന്ന് എനിക്കറിയാം.
അമ്മയ്ക്കും എനിക്കുമിപ്പോള്‍
പനിക്കൂര്‍ക്കയുടെ മണം. 

2

അവസ്ഥാന്തരങ്ങള്‍ 

കുടുക്കയില്‍ 
വീണുപോയ തുട്ടുകള്‍
ഓട്ടയിലൂടെ വെളിച്ചവും
ആകാശവും കാണുന്നു.
ചുവരെഴുതിയ നേരത്തെ മഴ 
നിറങ്ങളില്‍ മരിക്കുന്നു.
അലമാരിയില്‍ അകപ്പെട്ട പാറ്റ
വസന്തം മറന്നുപോയിരിക്കുന്നു.
രംഗം ഒന്നില്‍ വരേണ്ട നടന്‍
ഡയലോഗ് മറന്നുപോയതിനാല്‍
പാവകളി കണ്ട് കാണികള്‍ മടങ്ങി.
മലയടിവാരത്തുനിന്നും 
പുറപ്പെട്ട ഉറവകള്‍
കുന്നിന്‍മുകളിലേക്ക് 
പോകാന്‍ ശ്രമിക്കുന്നു.
കണ്ടിട്ടും മിണ്ടാതെ
നടന്നുപോയവരുടെ
മനസ്സിലെ വിഷം കൊത്തി
പാമ്പുകള്‍ മരിച്ചുവീഴുന്നു.
പലതും തലകീഴായ് മറിയുന്നതിനാല്‍
കാല് മുകളിലും
കൈ താഴെയുമായി
ഞാന്‍
റോഡിലൂടെ നടക്കുന്നു. 

3

അല്പം മെലിഞ്ഞുപോയി സാര്‍

കുറ്റവും
കുറവും
നികത്തിയും, നിരത്തിയും
ജീവിച്ചുകൊണ്ടിരിക്കെ
അല്പം മെലിഞ്ഞുപോയി സാര്‍
തൂക്കം അല്പം കുറഞ്ഞുപോയി സാര്‍.
ഉറക്കമില്ല
കണ്ണു തുറന്നാല്‍ വെളിച്ചത്തിന്റെ
പൊതു സൂര്യോദയത്തിനും മുമ്പുള്ള
ഇരുട്ടാണ് സാര്‍
വിശപ്പ്, ശ്വാസംമുട്ടല്‍
ഇന്‍സുലിന്‍, മെഡിസിന്‍
എന്നിങ്ങനെ നീളുന്ന
വയോധികവൃത്താന്തങ്ങള്‍ക്ക് നടുവില്‍
നട്ടം തിരിയുകയാണ് സാര്‍.
കടലു കാണാന്‍ ഇപ്പോള്‍ പോകാറില്ല
ബന്ധുവീടുകള്‍ കുറയുന്നു
ചുറ്റും കാഴ്ചക്കാര്‍
ആഹാ, നീ ചത്തില്ലേയെന്ന്
വിചാരിക്കാന്‍ ശ്രമിക്കുന്നവര്‍
മനുഷ്യത്വം കുറഞ്ഞു കൊണ്ടിരിക്കുമ്പോള്‍
ചിരിക്കുന്നവരാണ് ചുറ്റും.
ഒരു കഴുകന്റെ ചിറകടിയൊച്ചയുടെ
ദ്രുതതാളം പേറി, ചിന്തകളില്‍ ഉലാത്തി
ഇപ്പോള്‍ ഞാന്‍ എന്നില്‍ മാത്രം 
ഒതുങ്ങിക്കൊണ്ടിരിക്കുന്ന
ഒരു കരിവേഷം.
ചിലപ്പോള്‍
കണ്ണാടിയില്‍ എരിവിളക്കിന്റെ
കരിഞ്ഞനൂലായി അവശേഷിച്ചവന്‍.
മാലാഖമാര്‍ ആകാശത്തേക്ക്
ക്ഷണിച്ചുകൊണ്ടിരിക്കുന്ന
ഒരു പാവം ഭിക്ഷക്കാരന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com