ദിനം
കിളികളുടെ
പകല്‍നാദങ്ങളുടെ
ശില്പമുണ്ടായിരുന്ന
മരത്തണല്‍ മാഞ്ഞുപോയി
മധ്യാഹ്നങ്ങളുടെ കല്ലറകള്‍ തുറന്ന്
ഉറുമ്പുകള്‍ വരിവരിയായി പോകുന്നത്
മനസ്സാക്ഷിക്കുത്തില്ലാതെ എത്ര പേര്‍ മരിച്ചു
എന്ന എണ്ണമറ്റ നിരയുമായാണോ!
ചെമ്പരത്തിക്കാടിന് തീപിടിച്ചപോലെ
പച്ചപ്പുകള്‍ക്കിടയില്‍ കാറ്റ് പൊട്ടിത്തെറിക്കുന്നു
വീണിടത്തു കിടന്നുരുളുന്നു
ഇലകളുടെ
അടരുകാലത്തിന്റെ സങ്കീര്‍ത്തനം.
ഓന്തുറ്റു നോക്കുന്നുണ്ട്
നിറങ്ങളെ
ഓര്‍ത്തെടുക്കും മുന്‍പ്
മാറ്റിയെടുക്കാന്‍
മഞ്ചാടിയുടെ ചോപ്പ് സൂചി കോര്‍ക്കുംപോലെ
സൂക്ഷ്മമായി ചോര പൊടിച്ചു നിര്‍ത്തുന്നു
മൗനമണികളുടെ വാചാലത
അന്തി ചായും മുന്‍പ്
കണ്ടുതീരാനൊന്നും ബാക്കിയില്ലാത്തപോലെ
നിഴല്‍ച്ചാറ് വാറ്റി കുടിക്കുന്നു
മാഞ്ഞുപോകും മുന്‍പേ ഒരു ദിനം
വെയിലറകള്‍
വെയിലൊരു പൂച്ചയെ
ഉള്ളില്‍
പൊതിഞ്ഞെടുത്ത്
ഇടുങ്ങിയ ജനലഴിയിലൂടെ
പതുങ്ങിവരുന്നപോല്‍
അല്പം മുന്നേ
പൂച്ചയിറങ്ങിപ്പോയ അതേ വഴിയേ തന്നെ...
രണ്ടിനും ഒരേ ലക്ഷ്യം
ചെറുമുറിയില്‍
വെളിച്ചം കൊണ്ടും
ശബ്ദചലനം കൊണ്ടും
മുറിയില്ലായ്മ രചിക്കുക എന്നത്
മണല്‍ത്തരികളും
അഴുക്കും കൊണ്ട്
മുറ്റത്തിന്റെ മൊട്ടുകള്‍
തിണ്ണയിലെഴുതുന്നു പൂച്ച...
പൂക്കാന്‍ മറന്ന
ഒരു മരവേരിനെ
പഴക്കം കൊണ്ട്
അദൃശ്യമായി
ചുവരില്‍ വരയുന്നു വെട്ടം
ഇന്നലെ രാത്രിയില്‍
കടിപിടികൂടിയ കലാപം
പാടേ മറന്നപോലെയാണ് മാര്‍ജ്ജാരന്‍
പക്ഷേ,
വെളിച്ചം
ഇരുട്ടിലെ മനുഷ്യരുടെ
ഒരു കൊള്ളിവയ്പുകളും
മറന്നമട്ടില്ല
അതെന്തോ കാട്ടിക്കൊടുത്ത്
പൂച്ചയെക്കൊണ്ട്
നിലത്ത് കിടക്കുന്ന
പത്രത്താളുകളില്‍
ചറ പറാ മാന്തിക്കുന്നു
നാളത്തെ
പുതിയവാര്‍ത്തയില്‍
ഇന്നേ
വിമുഖതയില്‍ മുഖം പൂഴ്ത്തുന്നു
അങ്ങനെയിങ്ങനെ
പല രീതിയില്‍
ഭാവത്തില്‍
എല്ലാ വീടുകളിലേയും
ചിരപരിചിതമായ
ഒരംഗത്തെപ്പോലെ
പ്രകാശം
അകപുറം പെരുമാറി...
എന്നിട്ട്
ജനലഴികളെ
പുറംലോകത്തേക്ക്
ചാടിച്ച് കൊണ്ടുപോയ
ആ പൂച്ചയ്ക്ക് പിന്നാലെ
നില്‍ക്ക് പൂച്ചേ
ഞാനുമുണ്ടെന്നും പറഞ്ഞോണ്ട്
പെണ്‍ചൂരുള്ള
ഒരു പ്രകാശകിരണവുമായിപ്പോള്‍
മുല്ലപ്പടര്‍പ്പില്‍
കെട്ടിമറിയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates