ആദി: ബിജോയ് ചന്ദ്രന്‍ എഴുതിയ കവിത

എന്റെ പാവം വീട്, ഏതോ ദൂരത്തെ കനവ്അതില്‍ കിടന്നുറങ്ങിയ രാവ്തനിച്ചിരിപ്പുണ്ടിന്നും.
ആദി: ബിജോയ് ചന്ദ്രന്‍ എഴുതിയ കവിത
Updated on
1 min read

ന്റെ പാവം വീട്, ഏതോ ദൂരത്തെ കനവ്

അതില്‍ കിടന്നുറങ്ങിയ രാവ്
തനിച്ചിരിപ്പുണ്ടിന്നും.

അതില്‍ ജീവിച്ച ഗന്ധങ്ങള്‍,
ഈറ്റത്തണ്ട് പൂതലിച്ച പാട്ടുകള്‍
ഓലത്തട്ടുകള്‍,
പനങ്കുറ്റിയില്‍ നിറച്ചുവെച്ച മഴകള്‍
മേച്ചിലിട്ട പഴുത്ത വെയില്‍
പൂച്ചയുറങ്ങുന്ന ഉരല്‍ക്കുഴി
തുടലില്‍ കെട്ടിയിട്ട കുരകള്‍
ഇവയൊക്കെ ഇപ്പോഴുമവിടെ.

അതൊരു കനവ്
കനമില്ലാതെ നടന്ന കാലത്തിന്റെ 
നിറവ്-വീട്.
എന്തൊരു പാവത്താന്‍ നെഞ്ച്
മിടിച്ചു മിടിച്ച് പുലര്‍ന്ന ഉറക്കം.

അതില്‍ തിളച്ച മുളയരി
അടുപ്പില്‍ പുകഞ്ഞ വറ്റല്‍ മുളകിന്റെ
എരിയന്‍ ചുവപ്പ്

കണ്ണില്‍ കട്ടന്‍പുക കയറി
വാലു വളഞ്ഞ പെണ്‍പൂച്ച

അയ്യോ 
എന്തൊക്കെയായിരുന്നു എന്റെ പാവം വീട്

അതിന്റെ മുഖം എപ്പോഴും വാടിയിരുന്നു
എങ്കിലും 
വെയിലത്തുണങ്ങി ഞാന്‍ ചെല്ലുമ്പം
അത് ചിരിച്ചു നിന്ന കനവാണ്
ഏറ്റവും വലിയ കനവ്, ഭൂമിയില്‍.

എന്റെ പഴയ വീട്, ഇന്നുമുണ്ട് എവിടെയോ
ഞാനതില്‍ പുലരുന്നു രാവുപോല്‍
ഇരുളുന്നു പട്ടാപ്പകലായ്
കാടുമ്മവെച്ച പച്ചവെള്ളമായ് കവിയുന്നു
കവിതക്കൂവലുമായ് മരത്തല കയറുന്നു.

വിരുന്നുവന്ന കടങ്കഥമുത്തി
അതിന്റെ ഇറയത്ത്
പൊന്‍വെയില്‍ വിരിച്ച പനമ്പിലേയ്ക്ക്
ഉണക്കക്കാലും നീട്ടിയിരുന്ന്
മുറുക്കാമ്പൊതി തുറക്കും പോലെ
ഒറ്റച്ചിരി പാസ്സാക്കും.

വീട് ഒപ്പം കുലുങ്ങിച്ചിരിക്കുമ്പോഴാണ്
എലുമ്പന്‍പിള്ളേരും കോഴിക്കുട്ടികളും
പുറത്തേക്ക് തെറിച്ചുപായുക

ചേരുമ്പുറത്ത് ഉണക്കാന്‍ വെച്ച
ഊത്തമീനുകള്‍ കണ്ണുതള്ളി ചെകിളയനക്കുക

പിന്നെയൊരു നിമിഷം
ഏതോ കല്പനയാല്‍ വേണങ്കില്‍
കാണാതാകും വീട്.
വീട് പരന്നു എന്ന് ഞങ്ങള്‍ അങ്ങ് കരുതും.

അല്ലെങ്കി,ലെന്തിനു വീട് ?
ഏതോ കാറ്റിന്റെ മുളങ്കൂട്ടില്‍ കഴിഞ്ഞവര്‍ ഞങ്ങള്‍
ഏതോ മഴയില്‍ പൂതലിപ്പില്‍
തടിപ്പള്ളയുടെ മെഴുക്കില്‍, എരിപൊരി വേനലില്‍
വെള്ളം മറഞ്ഞ പുഴപ്പാതിയില്‍
മാറി മറഞ്ഞവര്‍ 
ചുമ്മാ ഒച്ചയെടുത്തു നടന്നവര്‍ ഞങ്ങള്‍

ഒച്ചപ്പെടുത്തി നടന്ന ലോകങ്ങള്‍
അള്ളിക്കയറിയ പാറക്കുന്നുകള്‍,
മുള്ളന്‍പൊന്തകള്‍, മണ്‍പൊത്തുകള്‍
ഇവിടൊക്കെ ഒരു കള്ളച്ചിരിയോടെ
ഒളിച്ചുപാര്‍ത്തു പലപല വീടുകള്‍

വീട് പെരുമരപ്പൊത്താണ്,കല്ലകം
കാലം തണുത്ത ഗുഹാന്തരം

പിന്നെയും വീടുകള്‍ മാത്രം
പോകും വഴിയെല്ലാം
കൂണിന്‍ തണല്‍പോലെ
മാനം മറച്ച് 
ഞങ്ങടെ വീടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com