'(കിഴക്കോട്ട് പോയ) ഞാനും (പടിഞ്ഞാട്ട് പോയ) നിലാവും കൂടി കറങ്ങാന്‍ പോയ സംഭവം'- ഹരിശങ്കരനശോകന്‍ എഴുതിയ കവിത 

'(കിഴക്കോട്ട് പോയ) ഞാനും (പടിഞ്ഞാട്ട് പോയ) നിലാവും കൂടി കറങ്ങാന്‍ പോയ സംഭവം'- ഹരിശങ്കരനശോകന്‍ എഴുതിയ കവിത 
Updated on: 
1 min read

ഒരു രാത്രി ഞാനും എന്റെ പ്രിയസുഹൃത്ത് നിലാവും കൂടി കറങ്ങാന്‍ പോയി 
മുന്നേ പോയ നിലാവ് നദിയുടെ ഉപരിതലത്തിലൂടെ തെന്നിത്തെറിച്ച് കാട് കേറി 
ഞാന്‍ നദിയുടെ മുകള്‍പ്പരപ്പിലൂടെ നീന്തിപ്പിടിച്ച് പിറകെ കൂടി
കാട് കേറിയപാടെ മാമരപ്പടര്‍പ്പുകളുടെ മദ്ധ്യസ്ഥപ്രാക്കുകളാല്‍ ഞങ്ങളന്യോന്യം മറഞ്ഞു പോയി 
എന്നിട്ടും ഇലകള്‍ക്കിടയിലെ പഴുതുകളിലൂടെ നേര്‍മുകളില്‍നിന്നും നിലാവെന്നെ ഒളിച്ചു 
നോക്കുന്നുണ്ടായിരുന്നു

ഞാനതൊന്നും കണ്ടില്ലെന്നു നടിച്ച് മാമരപ്പടര്‍പ്പുകള്‍ക്കിടയിലൂടെ പാത്തും പതുങ്ങിയും നടന്നു 
എന്റെ മറ്റൊരു സുഹൃത്തായ ഇരുളും അയാളുടെ പ്രിയസുഹൃത്തുക്കളായ ചില മിന്നാമിന്നികളും ഓരോന്ന് മിണ്ടിയും പറഞ്ഞും പ്രോത്സാഹിപ്പിച്ചുകൊണ്ട് ഒപ്പം കൂടി
അപരിചിതമായൊരു കാറ്റ് ആനച്ചൂരുകള്‍ക്കൊപ്പം കടന്നുപോവുന്ന ഒച്ച ഒച്ച മാത്രമായ് കേട്ടു അകാരണമായൊരു ശത്രുതാമനോഭാവത്തോടെ കാട്ടുമുല്ലകളുടെ ഗന്ധം അവിടെയാകെ അലഞ്ഞു നടന്നിരുന്നു

മുന്നോട്ട് പോകെ പുരാതന വനദേവതമാരുടെ ചിരകാലവിഹാരങ്ങള്‍ കഴിഞ്ഞുള്ള കാട്ടുവളവിനുമപ്പുറത്തെ കാട്ടുമൈതാനിയില്‍ വെച്ച് എന്റെ പ്രിയസുഹൃത്ത് നിലാവെന്നെ വീണ്ടാമതും പിടികൂടി അടപടലം കെട്ടിപ്പിടിച്ചു

വൃദ്ധിക്ഷയങ്ങളുടെ വലിയൊരു ചരിത്രമുള്ള നിലാവും അല്പപ്രാണേശ്വരനായ ഞാനും കൂടി 
കാട്ടുമൈതാനിക്ക് കുറുകെ ഞങ്ങളുടെ കാട്ടുപ്രയാണം തുടര്‍ന്നു

എന്നാലൊട്ട് വൈകാതെ വിളറിവെളുത്ത നിലാവ് പിന്നിലായ്ക്കൊണ്ടേയിരുന്നു
എന്നിരുന്നാലുമെന്താണ് തിരിഞ്ഞുനോക്കുമ്പഴെല്ലാം എന്റെ പ്രിയസുഹൃത്ത് 
എന്നോടൊപ്പമുണ്ടായിരുന്നു

ഞെരിഞ്ഞ പുല്ലുകള്‍ക്കു മീതെ വീണിരുന്ന എന്റെ നിഴല്‍ ഞെരിയാനിരിക്കുന്നവയ്ക്കു മേലെ വീണു തുടങ്ങിയെന്നു മാത്രം 

ഒടുവില്‍ കാട്ടുമൈതാനിക്കപ്പുറത്ത് നിന്നും സൂര്യകിരണങ്ങളുടെ പ്രിയസുഹ്യത്തുക്കളായ ചില 
കിളികള്‍ ചിലചിലാരവത്തൊടെ അടുത്തുകൊണ്ടെയിരിക്കെ അനിശ്ചിതവും പ്രഭാമയവുമായ ഒരു
ദിനാരംഭത്തിന് എന്നെ ഏല്പിച്ചുകൊടുത്തുകൊണ്ട് നിലാവപ്രത്യക്ഷമായതൊടെ ഈ സംഭവവും അവസാനിച്ച് പോവുകയാണുണ്ടായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com