

അന്നു പൂര്‍വ്വാകാശദീപ്തി സൗവര്‍ണ്ണമായ്
തന്നിലേന്തും  പുലര്‍കാലവും ബാല്യവും,
പുഞ്ചിരിക്കുന്നതായ്ക്കണ്ടു പത്രത്തില-
ന്നെന്തിനും പോരുന്ന ഗംഭീരപുരുഷന്‍. 
പുഞ്ചിരിക്കുമ്പോള്‍ പ്രകാശം പതിക്കയാ-
ണിങ്ങിത്രദൂരത്തിരിക്കുന്നൊരച്ഛനില്‍.
ആരാണിതച്ഛാ? 'ഗമാല്‍ അബ്ദല്‍ നാസ'റെ -
ന്നാദരാല്‍ മന്ദ്രമായച്ഛന്റെ സുസ്വരം:-
''ലോകത്തിനാകെത്തെളിച്ചമായ്  നൈലിന്റെ
തീരത്തുദിച്ചോരറേബിയന്‍ ധീരത.''
സ്‌നേഹനീര്‍പ്പൂവെഴുത്തില്ലെങ്കിലെ,ന്തന്നു
സ്‌നേഹിച്ചുപോയീ ഗമാല്‍ അബ്ദല്‍ നാസറെ.
ഉണ്മതേടുന്നൊരക്കാലം, ഭയാകുലം
കണ്ണടച്ചാലും തുറക്കുന്നിടയ്ക്കിടെ.
അന്‍പതാണ്ടപ്പുറ,ത്തങ്ങു പൊയ്പോയതോ,
അന്യനാരാനയല്‍ക്കാരന്‍ ചതിച്ചതോ? 
അന്നു സൂയസ്സിലെത്തോറ്റ കപ്പല്‍പ്പട 
പിന്മടക്കത്തില്‍ കുറിച്ചോ കുടിപ്പക?
ചങ്ങാതിമാരൊത്തജയ്യനായ്പ്പോമെന്ന-
തങ്ങയില്‍ കുറ്റമായ്ക്കണ്ടോ?ചതിച്ചുവോ?
ജന്മഭൂമിക്കായ് മരിച്ച സ്വസൈനികര്‍
മണ്ണില്‍ ശേഷിപ്പിച്ചൊരപ്പാദരക്ഷകള്‍
സൗദിന്റെ പൊല്‍ക്കിരീടത്തിലും മേലെയെ-
ന്നങ്ങുച്ചരിക്കയാലെത്തിയോ ദുര്‍മ്മൃതി?
''പങ്കുവയ്ക്കുന്നതേ നന്നു, സര്‍വ്വം സദാ
കൈയടക്കും  രാജഗേഹം ദുരാശയാ;
അര്‍ഹരാകുന്നൂ ജനങ്ങള്‍, കയ്യാളണം
അര്‍ഹതപ്പെട്ട സമ്പത്തു നിസ്സംശയം.
ഇല്ലാത്തവര്‍ക്കായ് സമര്‍പ്പിക്കയേ ശിഷ്ട -
സമ്മതം,  തിന്മയാണദ്ധ്വാനചൂഷണം.
ഒന്നിച്ചുനില്‍ക്കേണ്ടതാകാമറേബിയ,
ഭിന്നിക്കില്‍...'' അങ്ങേയ്ക്കു തെറ്റിയി;ല്ലെങ്കിലോ,
മുന്‍പേ പറക്കുന്ന പക്ഷിയ്‌ക്കൊരമ്പുമായ്
മുമ്പരായ് നില്‍ക്കുന്നു വേട്ടയ്‌ക്കൊരുങ്ങുവോര്‍.
ഞെക്കിവീഴ്ത്തുന്നു, തുണ്ടങ്ങളായ് തീരുന്നു
പത്രപ്രവര്‍ത്തകന്‍ പെട്ടിയില്‍;ചൂണ്ടുന്ന
രുഷ്ടാംഗുലിക്കെങ്ങു സമ്മതി? രക്താഭി-
ഷിക്തമേ പൊല്‍ക്കിരീടങ്ങളെല്ലായ്പൊഴും.
കോട്ടകള്‍ക്കുള്ളില്‍  നടുപ്പാതിരാകളില്‍
ആര്‍ത്തുപൊങ്ങുന്നൂ കുഴിച്ചിട്ടു ചീഞ്ഞവ.
മുത്തുമിന്നും പാദരക്ഷതന്‍ സ്പര്‍ശങ്ങ-
ളെത്തുന്ന കംബളത്തിന്‍ കീഴ്ക്കിടങ്ങിലോ,
അസ്ഥികൂടങ്ങള്‍   ഞരങ്ങുന്നു  ചങ്ങല-
ക്കെട്ടിലേ വീണ്ടും, തണുപ്പിനാഴങ്ങളില്‍.
അന്‍പതാണ്ടപ്പുറത്തങ്ങുപോയ്, പിന്നെത്ര
വന്നുപോയ്, പാഴായ്, സമാധാനദൂതുകള്‍.
വെന്തൊടുങ്ങുന്നു തോല്‍ക്കുന്നു  പണ്ടങ്ങയെ-
പ്പിന്തുണച്ചോരുമക്കാലവും ശീലവും.
കണ്മിഴിക്കുന്നൊരീയോര്‍മ്മയും കുപ്പയില്‍-
ത്തള്ളാനെടുക്കും നവാദര്‍ശമെങ്കിലും,
മണ്മറയ്ക്കുള്ളില്‍ മടങ്ങുവോളം, കണ്ണി-
ലെന്നും പ്രഭാതമായ് നില്‍ക്കുന്ന വിസ്മയം
അങ്ങേയ്ക്കു, നൂറാം പിറന്നാളിനിപ്പുറം,
മങ്ങാത്ത സ്‌നേഹാതിരേകത്തിനക്ഷരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
