ജലപിശാച്: ആശാലത എഴുതിയ കവിത

മണ്ണിലൊന്നും തൊടാതെ കല്ലേക്കൂടെ ഒക്കിച്ചാടികൂട്ടുവന്ന എന്നെ കൂട്ടിത്തൊടാതെപേരമ്മ പൊഴേലേക്കെറങ്ങി
ജലപിശാച്: ആശാലത എഴുതിയ കവിത
Updated on
1 min read

വെള്ളിയാഴ്ച 
നേരമങ്ങ് വെളുത്തു വരണേന്റെ ഒരുപാട് മുന്‍പേ
പേരമ്മ എന്നെ വിളിച്ചെണീപ്പിച്ചിട്ട് 
വാ, നമുക്ക് കുളിക്കാന്‍ പോവാംന്ന് പറഞ്ഞു

പേരമ്മക്ക് പണ്ടേ വൃത്തി കലശലായിരുന്നു

ക്രിസ്തുമസ്സിന്റെ അവധിയായിരുന്നു
സ്‌കൂള്‍ അടച്ചേക്കുവായിരുന്നു
തണുത്തു മരവിച്ചപോലൊരു കാറ്റ് 
വീശുന്നുണ്ടായിരുന്നു   
ഈ തണുപ്പത്ത് പേരമ്മക്ക് വെള്ളം ചൂടാക്കി
കുളിമുറീലെങ്ങാന്‍ കുളിച്ചാപ്പോരേന്ന്
ഞാന്‍ മനസ്സില്‍ വിചാരിച്ചു

മണ്ണിലൊന്നും തൊടാതെ 
കല്ലേക്കൂടെ ഒക്കിച്ചാടി
കൂട്ടുവന്ന എന്നെ കൂട്ടിത്തൊടാതെ
പേരമ്മ പൊഴേലേക്കെറങ്ങി

പേരമ്മേടെ വെളുത്ത സാരി
വെള്ള ബ്ലൗസ്
വെളുവെളുത്ത അടിയുടുപ്പുകള്‍
ഒക്കെ പത്രക്കടാലസ്സില്‍ വിരിച്ചുവെച്ചിരിക്കുന്ന 
കല്ലിന്റടുത്ത് 
ഞാനുമിരുന്നു

കുളിക്കാനെറ്ങ്ങുമ്പോ പേരമ്മ 
വെള്ളത്തിന്റകത്തേക്കകത്തേക്ക് 
നീന്തിമറയും
കൊറേക്കഴിഞ്ഞേ പൊങ്ങിവരൂ
പിന്നെ മേലാകെ ഒരക്കും കഴുകും
കണ്ണുകൊണ്ട് കാണാന്‍ പറ്റാത്ത അണുക്കളെ
കണ്ടുപിടിച്ച് 
പ്രാകി കണ്ണുപൊട്ടിക്കും

ഒരച്ചെടം തന്നെ ഒരച്ചൊരച്ച്
കഴുകിയേടം തന്നെ തന്നേം പിന്നേം 
പിന്നേം തന്നേം കഴുകിക്കഴുകി 
ഒണ്ടായിരുന്ന ഒരു ജോലി 
കെട്ടാച്ചക്കി വെളുപ്പിച്ചെടുത്തൂന്ന്
അമ്മ ഒച്ച താഴ്ത്തി പിറുപിറുക്കാറുണ്ട്
അതീപ്പിന്നെ അലക്കും കുളിയും മാത്രമായി പേരമ്മ

പേരമ്മയെന്നിട്ട് പൊഴേടെ നടുക്കേക്ക് നടുക്കേക്ക് നീന്തിപ്പോയി. നെറച്ചു ചുഴിയുള്ള പൊഴയാ, സൂക്ഷിക്കണേ പേരമ്മേന്ന് ഞാന്‍ ഒറക്കെ വിളിച്ചു പറഞ്ഞു. ചുഴിയൊന്നും എന്നെ പിടിക്കൂല്ലടീ കൊച്ചേന്ന് വെള്ളത്തിന്റെ ഒത്ത നടുക്കുനിന്ന് പേരമ്മ തിരികെ കൂവി. പേരമ്മേ ചുഴികൊണ്ടു പോണത് കാണാണ്ടിരിക്കാന്‍ ഞാന്‍ കണ്ണിറുക്കെച്ചിമ്മി

കണ്ണുതൊറന്നപ്പം 
പേരമ്മ പതിവുപോലെ 
ഒരച്ചു കുളിക്കാന്‍ തൊടങ്ങീരുന്നു
ഏഴിന് എഴുപതുവട്ടം 
മുങ്ങി നീരുന്നുണ്ടായിരുന്നു

എനിക്കന്നേരം തണുത്തിട്ട് പല്ലു കിടുകിടുത്തു
മതി പേരമ്മേ കേറിവാന്ന്
ഞാന്‍ കല്ലേലിരുന്ന് വിളിച്ചു പറഞ്ഞു

ഇപ്പം വന്നേക്കാംന്ന് പറഞ്ഞതു കേട്ട് 
ഞാന്‍ നോക്കുമ്പോ ഉണ്ട് 
പേരമ്മ തുണിയൊലമ്പുന്ന പോലെ 
വെള്ളത്തീക്കെടന്ന്
തന്നത്താനെ മേലൊലമ്പിയെടുക്കുന്നു
എന്നിട്ടൊലമ്പിയെടുത്തത് പിഴിയുന്നു

കേറിവാ കേറിവാന്ന് ഞാന്‍ 
പിന്നേം അലറിക്കൂവി

അന്നേരം ദേ പേരമ്മ 
വെള്ളത്തിന്റെയുള്ളിലാണ്ടുകിടന്ന്
ഒറക്കെയൊറക്കെ ചിരിക്കുന്നു
വിശുദ്ധയാവാനൊന്നും അത്ര എളുപ്പല്ലടീ കൊച്ചേന്നും പറഞ്ഞോണ്ട്
അഴുക്കിന്റെ തരിപോലും പാടില്ല 
ഉള്ളീലും പുറത്തും ന്ന് വിളിച്ചുപറഞ്ഞോണ്ട്

കൊറച്ചും കൂടിക്കഴിഞ്ഞപ്പോ 
പേരമ്മ വെള്ളത്തീന്നു പൊങ്ങിപ്പൊങ്ങി വന്നു
മത്സ്യകന്യക ഇങ്ങനെയായിരിക്കും 
പൊങ്ങിവരണതെന്ന് ഞാനോര്‍ത്തു
സ്‌കൂളടക്കണേനു തൊട്ടുമുന്‍പാ
മത്സ്യകന്യകേടെ കഥ പഠിപ്പിച്ചത്

നോക്കിയപ്പം ഞാനങ്ങ് നാണിച്ച് 
കണ്ണുപൊത്തിപ്പോയി
വെള്ളത്തിലെറങ്ങിയപ്പം  ഉടുത്തോണ്ടുപോയ ചുട്ടിത്തോര്‍ത്ത്
അന്നേരം അരേലെങ്ങുമില്ലായിരുന്നു
തുണീലൊക്കേം അണുക്കളാടീ കൊച്ചേ,
ഇനി പേരമ്മ ഇതൊന്നും ഉടുക്കണില്ലാന്നും പറഞ്ഞ്
വെള്ളത്തീക്കൂടെ തപ്പിത്തടഞ്ഞു നടന്ന്
പൊഴേന്ന് മൊളച്ചുനിന്ന ഒരു പാറേടെ മോളിലേക്കു കേറിയങ്ങ് കെടപ്പായി

ആരെങ്കിലും വന്നാലോ കണ്ടാലോന്ന് എനിക്ക് പേടിയായി
അന്നേരമെനിക്ക് എട്ടുപത്ത് വയസ്സായില്ലേ?
പോരെങ്കില്‍ കൊറച്ചൂടെ നേരം അങ്ങനെ കെടന്നാല്‍ പേരമ്മ 
മത്സ്യകന്യകയായിപ്പോയാലോ?

കരഞ്ഞോണ്ട് ഞാന്‍ വീട്ടിലേക്കോടിപ്പോയി

അന്നേരോം ആരും എണീറ്റിട്ടില്ല
പേരമ്മ എണീറ്റുപോയ സ്ഥലത്തെ ചൂടുപറ്റി
പേരമ്മേടെ പൊതപ്പും പൊതച്ച്
ഞാനങ്ങൊറങ്ങിപ്പോയി

ഒണര്‍ന്നിട്ടും ഞാനാരോടും പറയാന്‍പോയില്ല

പേരമ്മ ഉടുതുണിയൊന്നുമില്ലാതെ 
പൊഴേടെ നടുക്ക് പാറപ്പൊറത്ത് -

ഞാനും പേരമ്മേം കൂടി ഏതാണ്ടോ 
കുറ്റം ചെയ്ത പോലൊരിത്

നേരം വെളുത്തൊക്കെക്കഴിഞ്ഞ്
പേരമ്മേ കാണാനില്ലാന്നു പറഞ്ഞ് 
വല്ല്യ ബഹളമായപ്പഴും
ഞാനെങ്ങും പറയാന്‍ പോയില്ല

തെരയാന്‍ പോയവരൊക്കെ 
വെറുങ്കയ്യോടെ വന്നപ്പഴും

എന്തിനാ അങ്ങനെ തോന്നിയതെന്നറിയില്ല

എന്റെ ചങ്കിനകത്തുന്ന്
താഴത്തേക്കെറങ്ങിപ്പോവാണ്ട്
അതങ്ങനെ വെലങ്ങി നിക്കുവാ  

- ദേ, ഇപ്പഴും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com