

സൂര്യനെ
ആഞ്ഞുപുല്‍കി
കരിഞ്ഞര്‍ദ്ധചന്ദ്രയായ
പാതിരാഭിക്ഷുകി
പാതി തിരയായവള്‍
അവളുടെ ഓര്‍മ്മകളെ അളക്കാന്‍ ഒരു അമാവാസി
കാത്തുകിടക്കുന്നു
ചുവക്കാനുള്ളതാണ്
ഇനിയുമവശേഷിക്കുന്ന
അര്‍ദ്ധായുസ്സ് എന്ന്
തിരിച്ചറിയുവോളം
നീ വരച്ചിടുമ്പോള്‍
നിന്റെ ഓര്‍മ്മയിലൊരു
സുഗന്ധവുമില്ല.
എന്നിട്ടും കള്ളമല്ലെന്ന് വിശ്വസിച്ച്
നീയെത്ര പ്രകാശം
ചൊരിഞ്ഞൂ
എനിക്കായ്
എന്റെ ഇലപൊഴിഞ്ഞ തണ്ടിനായ് എന്ന്
വേരുപടലങ്ങളാലെഴുതിക്കൊണ്ടിരിക്കുന്നു
ഉറപ്പില്ലാ മണ്ണില്‍
പാതി മഴയായവളെയും
സൂര്യകാന്തിയെന്നു വിളിക്കാം
മേഘം കൈക്കൊണ്ടതവളുടെ
കണ്ണുനീര്‍ക്കുടങ്ങള്‍
പാതി സന്ധ്യയായവളെയും
സൂര്യകാന്തിയെന്നു വിളിക്കാം
ചങ്ക് പറിച്ചെറിഞ്ഞ്
ചുവന്നവളെങ്കിലും ഒറ്റയുടയാടയാല്‍ മഞ്ഞചുറ്റി
സ്വയം മറയുന്നതാകയാല്‍
നക്ഷത്രങ്ങളുടെ
നിലാവിന്റെ
കൂട്ടുകാരിയാകയാല്‍
പകലവന്റെ
പഴികേട്ട് പഴികേട്ട്
ഒരു പകല്‍ജന്മം മതിയാക്കി
മഞ്ഞച്ചിറകുകള്‍ പൊഴിച്ച്
നടുനിവര്‍ന്ന
ഒരു കരിന്തുമ്പി
നീ വരച്ചിട്ട
സൂര്യകാന്തിപ്പാതി
ഞാന്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates