

1
അതിധീരനായിരുന്ന
എഴുത്തുകാരന്റെ മരണക്കിടക്കയിലേക്ക്
രണ്ടു കറുത്ത ഫലകങ്ങള്‍ വന്നെത്തി.
ഒന്നില്‍ അക്കാദമി എന്നും
മറ്റതില്‍ അഭിനന്ദനങ്ങള്‍ എന്നും
എഴുതിയിരുന്നത്,
പക്ഷേ, അയാള്‍ക്ക്
വായിക്കേണ്ടിവന്നില്ല.
2
ഒരട്ടി രാമായണവും പേറി
ഏത് വായിക്കുമെന്ന സംശയവുമായി
അനുയായി നേതാവിനടുത്തെത്തി.
വടിവാളേന്തിയ രാമന്റെ
ധാര്‍ഷ്ട്യരൂപമുള്ളതുതന്നെ എടുത്തുനല്‍കാന്‍
നേതാവ് അമാന്തിച്ചില്ല.
3
നിനക്ക് അസഹിഷ്ണുതയെന്ന് ഞാനും
എനിക്ക് അസഹിഷ്ണുതയെന്ന് നീയും
അവനാണ് അസഹിഷ്ണുതയെന്ന് നാം രണ്ടുപേരും
പറഞ്ഞ് പറഞ്ഞ് പറഞ്ഞ്,
അസഹിഷ്ണുതയെത്തന്നെ
ദൈവമാക്കി മാറ്റിയ നാം,
നാടിനേയും ദൈവത്തിന്റേതാക്കി.
4
ഫെയ്‌സ്ബുക്കിലിരുന്ന്
കുടിക്കാന്‍ പ്രേരിപ്പിച്ചുവന്നവര്‍ക്കെതിരെ,
നാടെങ്ങും നടന്ന്
കുടിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നവര്‍ കേസെടുത്തു.
കുടിയന്മാരെല്ലാം
എപ്പോഴുമെന്നപോലെ അപ്പോഴും
കുടിച്ചു കുന്തംമറിഞ്ഞുകൊണ്ടിരുന്നു.
5
പ്രതിപുരുഷന്മാരെല്ലാം
സ്ത്രീപീഡനം പതിവാക്കിയതോടെ,
വിശ്വാസത്തിന്റെ ചുമതല,
ദൈവം നേരിട്ടേറ്റെടുത്തു.
പക്ഷേ,
ഖജനാവിന്റെ താക്കോല്‍ മാത്രം
അദ്ദേഹത്തിനു കിട്ടിയില്ല.
6
ഫണ്ട് കുന്നുകൂടിയതോടെ
പാര്‍ട്ടികള്‍ അതില്‍ മുങ്ങി
ഇങ്ങനെ കൂനയായതില്‍ പിന്നെ
അവയൊന്നും തന്നെ
ഇടത്തുമായില്ല,
വലത്തുമായില്ല.
7
നിങ്ങളാണ് കൊലയാളികള്‍
അല്ല;
നിങ്ങളാണ് കൊലയാളികള്‍
എന്നിങ്ങനെ,
തര്‍ക്കം മൂത്തുമൂത്തു വന്നപ്പോള്‍,
വടിവാളുകളുടെ നീണ്ട നിരകള്‍
എഴുന്നേറ്റുനിന്നു പറഞ്ഞു:
അല്ല; അത് ഞങ്ങളാണ്.
8
എല്ലാ ജാതികളും
എല്ലാ മതങ്ങളും
പുതിയ കുപ്പായങ്ങളിട്ട്
തെരുവിലിറങ്ങുന്നത് കണ്ടപ്പോള്‍,
ആളുകള്‍ക്ക് മനസ്സിലായി,
-തെരഞ്ഞെടുപ്പ് വരുന്നു.
9
കവികളെ തട്ടി നടക്കാന്‍ വയ്യ
എന്നു പറയുന്നവരേ
ഒരു സംശയം,
അത്ര സ്വതന്ത്രമായി
ആര് നടക്കുന്നുണ്ട്,
ഇവിടെ?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates