

1
കേരളം
അതിന്റെ തല
അറബിക്കടലിലേക്ക് ചായ്ക്കുന്നതിന്
തൊട്ടുമുന്‍പ് എത്തിച്ചേര്‍ന്ന
ഒരിടത്തായിരുന്നു
അമ്മായിയുടെ വീട്.
വെയിലിന്റെ പാവാട
ഒരല്പം കേറ്റിക്കുത്തി
ആ വീടിന്റെ നില്‍പ്പ്
ഇപ്പോഴും ഓര്‍മ്മിക്കുന്നു.
മാങ്ങകളില്‍ മധുരം നിറച്ചും
ചക്കകളില്‍ ചുള നിറച്ചും
കൈതോലകളില്‍ മുള്ളുപിടിപ്പിച്ചും
കുടമ്പുളികളെ പുളിപ്പിച്ചും
വളരെ വളരെ വൈകിയാണ്
അവിടെ
പകല്‍ താഴുക.
സന്ധ്യയായാല്‍
കുളിച്ച്
വെളുത്ത വസ്ത്രം ധരിച്ച്
അമ്മായി വായിക്കാനിരിക്കും.
രാമായണമല്ല.
ഡിറ്റക്റ്റീവ് നോവലുകള്‍.
2
അന്നത്തെ നോവല്‍
രണ്ടുപേജ് വായിച്ച്
വിരുന്നുവന്ന ഞങ്ങളോട്
അമ്മായി പറഞ്ഞു:
കൊലയാളി മഹേന്ദ്രസിംഹന്‍ തന്നെ.
കമ്പോട് കമ്പ് വായിച്ച്
ഞങ്ങള്‍ അത് കണ്ടുപിടിച്ചു:
അമ്മായി എത്ര ശരി.
വിരസത കുത്തിയാല്‍ മുളയ്ക്കുന്ന
വിജനമായ വളപ്പില്‍
അന്തമില്ലാത്ത പകലുകളെ
ഒറ്റയ്ക്ക് നേരിടുന്ന അമ്മായി
എങ്ങനെയാണത് മുന്‍കൂര്‍ കണ്ടെത്തുന്നത്?
ലൈബ്രേറിയന്‍
ഗാന്ധിഗോവിന്ദേട്ടന്‍ ഞങ്ങളോട് പറഞ്ഞു:
അവര്‍ ഭവാനി അമ്മായി അല്ല.
ജെയ്ന്‍ മേപ്പിള്‍* ആണ്
3
ശരിയായിരിക്കാം.
രാത്രിയില്‍ കുതിരയെപ്പോലെ
ഈ വീട്
ഓടുന്നുണ്ടാകാം.
കടല്‍ത്തിരയില്‍ കപ്പലായ്
കയറിമറിയുന്നുണ്ടാകാം.
അമ്മായിക്ക്
അതറിയാമായിരുന്നിരിക്കാം.
4
പില്‍ക്കാലത്ത്
ഞങ്ങള്‍ അത് കണ്ടുപിടിക്കേണ്ടിയിരുന്നില്ല.
അമ്മായി
ഡിറ്റക്ടീവ് നോവലുകള്‍ വായിച്ചിരുന്നത്
പിറകില്‍നിന്നും മുന്നോട്ടാണ്.
ലോകം അവസാനിക്കുന്ന
ബിന്ദുവില്‍നിന്ന്
ആരംഭിക്കുന്ന ബിന്ദുവിലേക്ക്
സഞ്ചരിച്ചു സഞ്ചരിച്ചാണ്
അമ്മായി ജീവിച്ചിരുന്നത്.
അതായിരുന്നു
ഒറ്റ ജീവിതത്തിന്റെ കരുത്ത്.
5
കേരളം പിന്നീട്
ഒരു ഡിറ്റക്ടീവ് നോവല്‍
ആയി മാറി.
പ്രണയത്തിനുള്ളിലെ അമ്ലം
തീപ്പിടിക്കുന്നതല്ല,
തീ കൊളുത്തുന്നതായി.
രാഷ്ട്രീയത്തിലെ മൂല്യം
കുത്തിമലര്‍ത്തുന്ന മൂര്‍ച്ചയായി.
അച്ഛനെപ്പേടിക്കുന്ന പെണ്‍കുഞ്ഞെഴുതുന്നതായി
കുടുംബം.
അവസാന പേജില്‍നിന്നും തുടങ്ങി
അലറിയലറി
തുടക്കത്തിലെത്താന്‍
ഞങ്ങള്‍ എല്ലാവരും
കൊതിക്കുന്നു.
പക്ഷേ,
പ്രതിയെ കണ്ടെത്താന്‍ ഞങ്ങള്‍ക്കായില്ല.
കേരളത്തിന്റെ അവസാന പേജ്
അപ്പോഴേയ്ക്കും
കീറിപ്പോയിരുന്നു
*അഗതാക്രിസ്റ്റിയുടെ പ്രസിദ്ധ ഡിറ്റക്ടീവ് നോവലിലെ കുറ്റാന്വേഷക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates