മുരിങ്ങപ്പൂവിന്റെ ജലയാത്രകള്‍: ധന്യാദാസ് എഴുതിയ കവിത

അവിടേക്ക് ആളുകള്‍ വരവും പോക്കുമില്ല പ്രത്യേകം നക്ഷത്രങ്ങളും ഒറ്റതിരിഞ്ഞ ചന്ദ്രക്കലയും വെളിച്ചമേറ്റുന്നു.
മുരിങ്ങപ്പൂവിന്റെ ജലയാത്രകള്‍: ധന്യാദാസ് എഴുതിയ കവിത
Updated on
1 min read

ഞ്ഞയുടെ ഓര്‍മ്മപോലുള്ള നിറത്തില്‍ 
ജനാലകള്‍ തുറന്നടഞ്ഞു.

വീട് 
നിറങ്ങള്‍ തിരിയാത്തവരുടേത്.

അവിടേക്ക് 
ആളുകള്‍ വരവും പോക്കുമില്ല 
പ്രത്യേകം നക്ഷത്രങ്ങളും 
ഒറ്റതിരിഞ്ഞ ചന്ദ്രക്കലയും വെളിച്ചമേറ്റുന്നു.

പകല്‍ 
ദൈര്‍ഘ്യം കുറഞ്ഞുകുറഞ്ഞ് 
ഇപ്പോളില്ലാതായിരിക്കുന്നു.

അങ്ങോട്ടെത്താനുള്ള വഴി 
മറവിയുടെ  മടക്കുകളില്‍ 
വലിയ വാഴയിലയില്‍ 
തെക്കുവടക്കായി മരിച്ചുകിടന്നു.

എപ്പോഴും രാത്രിയാകയാല്‍ 
ചത്തുപോയ അതേ വഴിയിലൂടെ
ആറ്റില്‍നിന്നും 
അസഹ്യഗന്ധമുള്ള വെള്ളം 
വീട്ടിലൊഴുകിപ്പതഞ്ഞു.

ആറ്റില്‍ 
മീനുകളുറങ്ങിയതുപോല്‍..
അതിനുശേഷമൊടുങ്ങിയതുപോല്‍ 
അതിനുമപ്പുറം 
പിറന്നതേയില്ലാത്തതുപോല്‍ 
നിശ്ചലതയെ മോന്തിയതുപോല്‍...

നക്ഷത്രങ്ങളടരുമ്പോള്‍ 
അനക്കത്തിന്റെ അന്ത്യവലയം 
കനമുള്ള രഹസ്യമായി 
രാത്രികളില്‍ മാത്രം വിറഞ്ഞുപൊന്തി.

വീട്ടിലുള്ളവര്‍ 
മുടിയും നഖവും വളര്‍ന്ന് 
മുഖം മാറി 
മനുഷ്യരല്ലാത്തവരാകുന്നു.
അവര്‍ 
ഇരുട്ടിലതീവ സൂക്ഷ്മരും 
വെട്ടമില്ലായ്മയില്‍ നിസ്സംഗരുമായി. 
പുഴയ്ക്കുമേല്‍ മറ്റൊരു 
പുഴയൊഴുകും പോല്‍ 
ഭാരമില്ലാത്തവരായി.
അവരെ ആറ്റില്‍നിന്നുമടര്‍ത്തുന്നത് 
അത്രകണ്ടര്‍ത്ഥമില്ലാതെയും.

ചുവന്ന ആറ്റുവെള്ളത്തില്‍ 
മീനുകളായും മുതലകളായും 
രൂപം മാറിത്തുഴഞ്ഞു.

നീന്തലില്‍ 
ഒറ്റയായ കുഞ്ഞുവള്ളിച്ചെരുപ്പ് 
ചെകിളയിലുടക്കി മലക്കം 
മറിഞ്ഞൊരാള്‍.
അയാള്‍ ആ വീട്ടുകാരനാകുന്നു.

അടുക്കളയ്ക്കപ്പുറം മതിലിടുക്കില്‍ 
ചെരുപ്പുകാരന്റെ റെയില്‍വേ സ്റ്റേഷന്‍.  
പുറപ്പെട്ടും വന്നുചേര്‍ന്നും 
ഈരണ്ടുകാലുകളുള്ള ബോഗികള്‍.  
പിറന്നഞ്ചാംനാളടര്‍ന്ന പൊക്കിള്‍ത്തലപ്പ് 
ഈര്‍പ്പത്തിലടക്കം ചെയ്തതിനുമേല്‍ 
മുരിങ്ങ നട്ടതും 
അവന്റെ സ്റ്റേഷനടയാളം.
മുരിങ്ങ പൂത്തതില്‍ക്കായ്കളായതിന്‍ ചോട്ടിലവന്‍ കളിക്കുമ്പോള്‍ക്കാണാം പുരികത്തിളക്കം 
മഴ ചാറുമ്പോളിണക്കം 
അകത്തേറാനൊച്ചയെടുത്താല്‍ 
ഉമ്മവെയ്ക്കാന്‍തോന്നും പിണക്കം.

കണ്ടെടുപ്പായ്
മറുചെരുപ്പതേ  
മുരിങ്ങച്ചോട്ടില്‍ 
ആളുമുള്‍പ്പെടപ്പാലത്രയും തിടുക്കത്തില്‍.

പെരുക്കം ചെണ്ടയില്‍ ശ്വാസത്തില്‍ സര്‍പ്പഗന്ധം 
തൊട്ടുചേര്‍ന്നുലഞ്ഞിരിക്കാം വഞ്ചികള്‍, വാക്കുകള്‍.

മീനുകള്‍ക്കൊപ്പം
അവന്‍ കളിച്ചിടാമിത്രനാള്‍ 
തീവണ്ടിയാത്രകള്‍ 
ജലവേഗത്തില്‍.

ചെരുപ്പുകളില്‍ കൈകളണിഞ്ഞ് 
മുട്ടേലിഴഞ്ഞയാള്‍ വീടിനു വട്ടം നടന്നു.
പോകെപ്പോകെ 
കൈകള്‍ കാലുകളായും 
കാലുകള്‍ ചിറകുകളായും കണ്ടു.
ആറ്റില്‍ നീന്തുന്ന വീട്ടുകാരത്രയും 
അയാളുടെ കണ്ണുകളിലേക്കിറങ്ങിപ്പോയി.

ആ ദിവസത്തിനുശേഷം 
വീട്ടില്‍ വെള്ളം കയറിയില്ല.

കാറ്റില്‍ 
മരങ്ങളുടെ നിഴലുകള്‍ 
നീറിപ്പോയ ശരീരങ്ങളായും 
അതിനുശേഷം 
വീട്ടിലേക്കുള്ള 
ഒളിവഴികളായും 
തോന്നിത്തുടങ്ങുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com