

ചെറുപ്പത്തിലേ തന്നെ
മുഴുവന്‍ മുടിയും വടിച്ചുകളഞ്ഞ്
എന്നെ മൊട്ടയാക്കിയതാണ്
ഏതോ ഒരു പളുങ്കന്‍ വേനല്‍
കന്നിവെയിലിന്റെ
മഞ്ഞള്‍ക്കുഴമ്പ് വാരിത്തേച്ച്
സ്വപ്നത്തില്‍, പഴനിപ്പാണ്ടിത്തെരുവിലൂടെ,
പിച്ചളത്തളയിട്ട് നടന്ന് നടന്ന്
നട്ടക്കണ്ട വെയിലിന്റെ പൊന്നാരമൊട്ടയായ്
ഞാന്‍ മാറി.
കാവടിയാടിയ വേനലും കൊണ്ട്
മൊട്ടക്കുന്നുകള്‍ കേറിയിറങ്ങി
പാണല്‍പ്പഴം തിന്ന്
പാറമൊട്ടപ്പിലള്ളിപ്പിടിച്ച്
പടയാളിക്കോമരമായി
മൊട്ടക്കുഞ്ഞ്.
പൂമൊട്ടയെന്നും
തീമൊട്ടയെന്നും
പാഴ്മൊട്ടയെന്നും പതിച്ചുനല്‍കി
കൂട്ടുകാര്‍ക്ക് തിന്നാന്‍ പാകത്തിന്
എന്റെ പുഴുങ്ങിയ തലമൊട്ട.
മൊട്ടയ്ക്കുള്ളിലിരുന്ന് ഞാന്‍
ചരല്‍ക്കല്ലുകളെ ഉണക്കാനിട്ട
പള്ളിക്കൂടം മൈതാനങ്ങള്‍ കണ്ടു.
മണ്ണു പറ്റിപ്പിടിച്ച ഭൂമിക്കുഞ്ഞായ്
ഉരുണ്ടുനടന്നു
കുറുമ്പുല്ലു പോലും മുളയ്ക്കാത്ത
കുന്നിന്‍മിനുപ്പുകള്‍ കണ്ടു.
കേടായ കൃഷ്ണമണിയെപ്പോലെ
മൊട്ടവീടിനുള്ളിലിരുന്ന്
മാനത്തെ വാരിപ്പുതച്ചു.
പതുക്കെ,
അടയിരിപ്പു കഴിഞ്ഞ ആലോചനകള്‍
കാക്കക്കുഞ്ഞുങ്ങളായ് വിരിഞ്ഞ്
ചുവന്ന തൊള്ള കാട്ടി
തലക്കൂട്ടിനുള്ളില്‍നിന്നും കാറിവിളിച്ചു.
അവയ്ക്ക് ചുട്ടികുത്തിയ
കരിങ്കണ്ണന്‍ വേനല്‍പ്പൊട്ടനെ
കളിക്കാന്‍ കൊടുത്തു.
മഴയില്ല, വെള്ളപ്പാത്തിയും
ഇല്ല തണുപ്പും, കണ്ണിലൊട്ടിപ്പിടിക്കും
പുളപ്പന്‍ വെയില്‍ മാത്രം.
മൊട്ടമിനുപ്പില്‍ വിയര്‍ത്ത മരച്ചില്ലകളുടെ
പഞ്ചരം പടര്‍ന്നു
ചുള്ളിക്കമ്പുകള്‍ കൂട്ടിവെച്ച്
കൂടുണ്ടാക്കി നോക്കി.
അതിലിരുന്ന് അനേകം
ജനലുകള്‍ ഉണക്കപ്പോള നീക്കി
തുറന്നിട്ടു
നോക്കുന്നിടത്തെല്ലാം മൊട്ടകള്‍ മാത്രം
തലയില്‍ കുറ്റിക്കാടുമായി പോകുന്ന
ആളുകളെല്ലാം പെട്ടെന്ന് മൊട്ടയായി
നല്ല ചിന്തേര്
അനാഥമായ തരിശ്
ആലോചനകള്‍
പപ്പില്ലാത്ത മാംസച്ചിറകു വിറപ്പിച്ച്
കിളിക്കുട്ടികളായി
അകത്ത് തത്തി നടന്നു.
ഒരു അത്തിപ്പഴം പത്തായ് പകുത്ത്
അവര്‍ക്ക് നുണയാന്‍ കൊടുത്തു.
മൊട്ടപ്പിള്ളേര് തൊള്ള കാട്ടി ചിരിച്ചു.
പറക്കാനുള്ള സിഗ്‌നല്‍ കാത്തു.
പെട്ടെന്നു തന്നെ വലുതായി
വലിയ മൊട്ടകള്‍ ചുമന്നു നടന്നു.
മൊട്ടപ്പക്ഷികള്‍ ഇറച്ചിച്ചിറകുകള്‍
പങ്കായമാക്കി
മണലില്‍ തുഴഞ്ഞുപോയി.
പിന്നീട് ഞാന്‍ പ്രേമത്തഴപ്പില്‍
മൊട്ട വിയര്‍ത്തു മുനിഞ്ഞു.
തൊപ്പി വെച്ച് വേവിച്ചു തലയെ
കാറ്റ് തെറിപ്പിക്കും വരെ.
കണ്‍ഗോളം പുകയ്ക്കും
ഉച്ചച്ചൂടില്‍
മൊട്ടപ്പുകള്‍ക്കിടയിലൂടെ
മുളപ്പുകള്‍ പരതിനടന്നു.
മൊട്ടക്കുട്ടാ എന്നു കാക്കച്ചിരി ചിരിച്ച്
പട്ടണച്ചൂട്.
പുഴുക്കലുമായി തലപുകഞ്ഞ് ആള്‍ക്കൂട്ടം
പഴയ കെട്ടിടങ്ങള്‍ക്കിടയില്‍നിന്നും
പറക്കാന്‍ തുടങ്ങിയ ഒരു പ്രാവ് അതിന്റെ നിഴല്‍
തലമിനുപ്പിലേക്ക് പകര്‍ത്തിത്തന്നു.
കാണുന്നില്ലേ,
അങ്ങിങ്ങ് തലനീട്ടുന്ന പച്ചയുടെ
ചില വിത്തുകള്‍.
പുതിയ ചില ഉപദ്വീപുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates