രാധയും യാദവനും ചുടുകാട്ടിലേക്കു പോകുമ്പോള്‍: വിആര്‍ രാമകൃഷ്ണന്‍ എഴുതിയ കവിത

എങ്ങാണ് നീയെനിക്കിന്നുമറിയില്ലരാധേ പ്രിയസഖീ ഞാന്‍ നിന്റെ യാദവന്‍ആയര്‍കുലം പെറ്റ കാലി മേയ്ക്കുന്നവന്‍
രാധയും യാദവനും ചുടുകാട്ടിലേക്കു പോകുമ്പോള്‍: വിആര്‍ രാമകൃഷ്ണന്‍ എഴുതിയ കവിത
Updated on
1 min read

ങ്ങാണ് നീയെനിക്കിന്നുമറിയില്ല
രാധേ പ്രിയസഖീ ഞാന്‍ നിന്റെ യാദവന്‍
ആയര്‍കുലം പെറ്റ കാലി മേയ്ക്കുന്നവന്‍
ഉച്ച വിശന്നു മയങ്ങും കിനാവിലെ
പച്ച തണലത്തും നിന്നെ തിരയുന്ന
രാഗാര്‍ദ്രമാനസന്‍ നിന്നുടെ യാദവന്‍
1ആയര്‍പാടിക്കലെ ബാല്യകൗമാരങ്ങള്‍
ആപാദചൂഢമധുര,മോര്‍ക്കുന്നു ഞാന്‍.

പ്രാലേയ സന്ധ്യ ഇരുണ്ടു വിങ്ങുന്നേരം
പ്രാചീനഗോത്രവിചാരം വിതുമ്പുന്ന
പുല്ലാങ്കുഴലിന്‍ വിഷാദ നാദത്തിലെന്‍
ജന്മം നിനച്ചു വിലപിച്ചിടുന്നവന്‍
ആദ്യസുഷിര സംഗീതമെന്‍ ജീവിതം
പാഴ്മുളം തണ്ടിന്‍ നിലവിളിയെന്നപോല്‍
ആദ്യനിലാവെയിലായി നീ പെയ്തനാള്‍
പ്രേമിച്ചു പുഷ്പിണിയാക്കിയ യാദവന്‍
അമ്മതന്നമ്പാടി നന്ദനനാകുവാന്‍
ചിന്മയ വേഷമണിഞ്ഞവനല്ല ഞാന്‍
ഞാനൊരു യാദവന്‍ കാലിമേയ്ക്കാന്‍ പോകും
ആയിരം പേരിലൊരുവനതുമാത്രം
ഹീനരീ2യാദവമെന്നു നിന്ദിക്കുവോര്‍
യജ്ഞപുരയിലെ എച്ചില്‍ പെറുക്കികള്‍
വെണ്ണയുണ്ണുന്നവന്റുച്ഛിഷ്ടമുണ്ണുന്ന
വര്‍ണ്ണത്തില്‍ നീചര്‍ വലിപ്പം നടിപ്പവര്‍
ബ്രഹ്മസൃഷ്ടം വര്‍ണ്ണം, ജാതി,യാചാരങ്ങള്‍
ഉച്ചനീചത്വ വിചിന്തന പദ്ധതി.

ഒട്ടുമേ സ്വച്ഛമല്ലിങ്ങെന്റെ ജീവിതം
സ്വപ്നങ്ങള്‍ പോലും കലുഷവിഷാദാര്‍ദ്രം
കാളിയന്‍ തീണ്ടിയ ദംഷ്ട്രങ്ങളാല്‍ തനു
താരുണ്യ,മെന്‍മനം നീലവിഷലിപ്തം
വൃന്ദാവനമിവിടില്ല മധുരയില്‍
പ്രേമനേരങ്ങള്‍ വിലയിട്ടു വില്‍ക്കുന്നു
നമ്മുടെ സ്വപ്ന യമുനയിലിന്നെന്നും
കെട്ടിപ്പിടിച്ചൊഴുകുന്നു കബന്ധങ്ങള്‍
ശ്വാസനാളങ്ങള്‍ കരിഞ്ഞ കടമ്പുകള്‍
വേരുകള്‍ കത്തി സ്വയം ചിതയാളുന്നു.

നാമം പതിച്ച ശിലാഖണ്ഡവും പേറി
നിസ്സഹായന്‍ ഞാനുഴറി നടക്കുന്നു
പിന്നാലെയെന്നും നടക്കാന്‍ ജനിച്ചവന്‍
കല്ലും കണ്ണീരും ചുമന്നു വളര്‍ന്നവന്‍
ഇന്നുമാ രാജനീ ചത്വരങ്ങള്‍ തോറും
വില്ലു കുലച്ചു നില്‍ക്കുന്നു വിജ്രംഭിച്ച്
ശൂദ്ര ശംബൂക തപസ്വിതന്‍ മൂകമാം 
മേല്‍ഗതി തന്‍ ഗളച്ഛേദം നടത്തുവാന്‍.

പേടിയാണെന്റെ മനസ്സിലിരുട്ടാണ്
രാധേ എനിക്കിനി വയ്യെന്റെ ജീവിതം
എന്നുദരത്തില്‍ വിശപ്പു കടയുന്നു
എന്റെ ശിരസ്സിലിന്നഗ്‌നി ഗോവര്‍ദ്ധനം
രക്തഗ്രഹണത്തിലാണെന്റെ രാഗേന്ദു
രാഗാര്‍ദ്രമല്ലെന്‍ മനസീ വിനാഴിക
രാസലീലയ്ക്കു ലഹരിയൊഴിച്ചാരോ
ജീവിതം തട്ടിയെടുത്തു നമ്മില്‍ നിന്നും
ഗോപികമാരീ കരിഞ്ഞപൂവാടിയില്‍
ഗോരോചനക്കുറിയണിഞ്ഞു നില്‍ക്കുന്നു
ശിഷ്ടമെന്താണീ നിലാവസ്തമിക്കുമ്പോള്‍
അഷ്ടിയോ കഷ്ടമോ നഷ്ടസ്വപ്നങ്ങളോ

രാധേ നീ എങ്ങെന്നറിയില്ലെനിക്കിന്ന്
ഏതു മരക്കൊമ്പിലേതോവുചാലിലോ
നിന്നെയവര്‍ കാര്‍ന്നുതിന്നെന്നറിവൂ ഞാന്‍
ഒന്നുമെനിക്കാവതില്ലെന്നറിക നീ
നീ മരിച്ചെന്നോ മരിക്കാതെയുണ്ടെന്നോ
ഞാനിവിടെന്നേ മരിച്ചു കിടപ്പാണ് 
ആരു ചുമലേറ്റി പോകും ശവങ്ങളെ
ആംബുലന്‍സില്ല ചുടുകാടു പാടില്ല
മോര്‍ച്ചറിയില്ല തണുത്തു ദഹിക്കുവാന്‍
ചത്തൊഴിഞ്ഞാലെന്തു നാകം നരകങ്ങള്‍
പായില്‍ പൊതിഞ്ഞു നടക്കാം നമുക്കിനി
നാടു നടുങ്ങുവാനല്ലീ പ്രദക്ഷിണം
നായ ചത്താലെന്തു നാഴികവട്ടയ്ക്ക്.

നാമീ ഗതികെട്ട ജീവിതകാലത്ത്
വല്ലാതെയാശിച്ചു നല്ലൊരു ജീവിതം
ഒക്കെ കൊതിയായൊടുങ്ങിയവരുടെ
സ്വാര്‍ത്ഥമോഹത്തിന്റെ സര്‍പ്പസത്രങ്ങളില്‍
എങ്കിലുമെന്‍പ്രിയേ, ചൂടുക രോമാഞ്ചം
നാമേറെയാഴത്തില്‍ പ്രേമിച്ചിരുന്നെന്ന്
നാളെ ഇടയന്മാരാലപിച്ചീടട്ടെ
അക്കഥയേറ്റുപാടട്ടെയക്കാലവും.
---
അയര്‍പാടി : അമ്പാടി
യാദവം : കന്നുകാലികൂട്ടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com