പൊലീസിനെ വേട്ടയാടിപ്പിടിക്കുന്ന പൊലീസ്: മേലുദ്യോഗസ്ഥര്‍ ആത്മഹത്യയുടെ വക്കിലെത്തിച്ച ഒരു പൊലീസുകാരന്റെ ജീവിതം

വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം അവശേഷിക്കെ തന്റെ സര്‍വ്വീസ് ജീവിതത്തിനിടയില്‍ സംഭവിച്ചതെന്തെന്ന് വെളിപ്പെടുത്തുകയാണ് സബ് ഇന്‍സ്പെക്ടര്‍ പി.എസ്. ദിനേശന്‍.
പിഎസ് ദിനേശന്‍
പിഎസ് ദിനേശന്‍


 
പൊലീസുകാരനായിരിക്കെത്തന്നെ ഈ കാര്യങ്ങളത്രയും മറയും മടിയുമില്ലാതെ വെളിപ്പെടുത്തുക എന്നത് 29 വര്‍ഷം മുന്‍പ് സാധാരണ കോണ്‍സ്റ്റബിളായി പൊലീസില്‍ ചേര്‍ന്ന, വിരമിക്കാന്‍ ഒരു വര്‍ഷം മാത്രമുള്ള സബ് ഇന്‍സ്പെക്ടര്‍ പി.എസ്. ദിനേശന്റെ തീരുമാനമാണ്: എല്ലാം വള്ളിപുള്ളി വിടാതെ എല്ലാവരും അറിയണം, നാട് അറിയണം. അതുകൊണ്ട് പറഞ്ഞിട്ടേ പോവുകയുള്ളു. ''ഇനിയൊരു പൊലീസുകാരനും ഈ അനുഭവമുണ്ടാകരുത്'' എന്നു വേണമെങ്കിലൊരു പതിവുശൈലിയില്‍ പരിതപിച്ചു പോകാവുന്നതാണ്. പക്ഷേ, ദിനേശന്‍ ഇപ്പോള്‍ പൊരുതി വിജയിച്ചാണ് നില്‍പ്പ്; അധികാരവും പണവും രാഷ്ട്രീയ സ്വാധീനവുമെല്ലാം ചേര്‍ന്നാലും കണ്ണുകെട്ടാനാകാത്ത നിയമത്തിന്റെ പിന്തുണയാണ് കെല്പ്. ജയിച്ചു നില്‍ക്കുന്നതുകൊണ്ട് ഇരയെന്നു പറയുന്നില്ല. പക്ഷേ, മുകളിലും ഒപ്പവുമുള്ള സഹപ്രവര്‍ത്തകരില്‍ ചിലരും അവരുടെ ഉറ്റവരായ രാഷ്ട്രീയ ബന്ധമുള്ള പലതരം മാഫിയകളും ചേര്‍ന്നു വേട്ടയാടുകതന്നെയായിരുന്നു. ഒരു കസ്റ്റഡി മര്‍ദ്ദനത്തിന്റെ ക്രൂരത മറച്ചുവയ്ക്കാനും അതിനു സാക്ഷിയായ യുവ സാമൂഹിക പ്രവര്‍ത്തകന്റെ നാവടക്കാനുമുള്ള ഒരു കൂട്ടം ക്രിമിനല്‍ പൊലീസുദ്യോഗസ്ഥരുടെ ശ്രമങ്ങള്‍ക്കു കൂട്ടുനിന്നില്ല എന്നതാണ് ദിനേശന്‍ ചെയ്ത 'കുറ്റം.' അതിന്റെ പേരില്‍ സ്ഥലം മാറ്റം, മാനസികപീഡനം, പിരിച്ചുവിടല്‍, കള്ളക്കേസ്, കുടുംബം പോലും നാനാവിധമാക്കുന്ന വിധമുള്ള അപവാദ പ്രചരണം ഇതെല്ലാം ചേര്‍ന്ന ചവിട്ടിത്തേയ്ക്കല്‍. ഇതിനെയെല്ലാം മറികടന്നു നീതിയുടെ വെളിച്ചം കടന്നുവരാന്‍ തുടങ്ങുമ്പോഴും ന്യായമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ മുഴുവന്‍ നല്‍കാതെ പിടിച്ചുവച്ച് പീഡനം തുടരുന്നു. വിരമിച്ചാലും പെന്‍ഷന്‍ വാങ്ങി ജീവിക്കാന്‍ അനുവദിക്കില്ല എന്ന് ഒളിഞ്ഞും തെളിഞ്ഞും ഭീഷണിപ്പെടുത്തുന്നുമുണ്ട്. ഒരിക്കല്‍ ആത്മഹത്യയുടെ വക്കില്‍നിന്നു ജീവിതത്തിലേക്കു തിരിച്ചുവന്നതാണ്. ഇനി അങ്ങനെയൊന്നിനെക്കുറിച്ച് ആലോചിക്കുകതന്നെ ഇല്ല. ജീവിച്ചു കാണിക്കുകതന്നെ ചെയ്യും എന്നാണ് തീരുമാനം.

പൊലീസ് ഗുണ്ടകള്‍ 
2012 ഫെബ്രുവരി ഒന്‍പതിനു രാത്രി ഒരു യുവാവിനെ ട്രാഫിക് പൊലീസുകാരന്‍ വാടാനപ്പള്ളി സ്റ്റേഷനിലേക്കു പിടിച്ചുകൊണ്ടുവന്നു. പേര് മുഫസ്സില്‍. ദിനേശന്‍ അപ്പോള്‍ അവിടെയാണ് ജോലി ചെയ്യുന്നത്. പ്രായമുള്ള ഒരാളെ ഇയാള്‍ ക്രൂരമായി തല്ലുന്നതു കണ്ട് പിടിച്ചുകൊണ്ടുവന്നു എന്നാണ് പറഞ്ഞത്. സ്വാഭാവികമായും ഒരു വൃദ്ധനെ മര്‍ദ്ദിച്ച ചെറുപ്പക്കാരനെ പിടിച്ചുകൊണ്ടുവന്നു എന്നതിലപ്പുറം പ്രാധാന്യം അതിനുണ്ടായിരുന്നില്ല. എന്നാല്‍, ചില പൊലീസുകാര്‍ ചേര്‍ന്ന് മുഫസ്സിലിനെ ഭീകരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനം കഴിഞ്ഞാണ് ഇയാളെ കസ്റ്റഡിയിലെടുത്ത കാര്യം പൊലീസുകാരിലൊരാള്‍ എസ്.ഐയോട് പറഞ്ഞത്. ''എസ്.ഐ എം.പി. സന്ദീപ് കുമാര്‍ പൊലീസുകാരുടെ സ്ഥിരം രീതിയില്‍ അയാളെ തറയിലിരുത്തി കാലുനീട്ടിവയ്പിച്ച് കാല്‍വെള്ളയില്‍ ചൂരല്‍കൊണ്ട് അടിക്കാന്‍ തുടങ്ങി. സാധാരണഗതിയില്‍ രണ്ടു മൂന്ന് അടിയൊക്കെ കൊടുത്തിട്ട് ആളെ നടത്തിക്കും. അപ്പോള്‍ ഈ അടികൊണ്ടുള്ള പാടുകളൊന്നും പെട്ടെന്ന് അറിയില്ല. പക്ഷേ, എസ്.ഐ നിര്‍ത്താതെ അടിച്ചു. അതോടെ കാല്‍ പൊട്ടി രക്തമൊഴുകിത്തുടങ്ങി. ഇതു കണ്ടതോടെ ഞാനും ജി.ഡി ഡ്യൂട്ടിയിലുണ്ടായിരുന്ന ശിവദാസനും പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും അവിടെനിന്നു മാറി'' ദിനേശന്‍ പറയുന്നു. ''കാരണമില്ലാതെ ഒരാളെ ക്രൂരമായി തല്ലുന്നു എന്നാണ് തോന്നിയത്. കാരണം, അത്രയ്‌ക്കെന്തെങ്കിലും അതിക്രമം കാണിക്കാനുള്ള ശാരീരികമോ മാനസികമോ ആയ ത്രാണി മുഫസ്സലിനു കണ്ടില്ല.'' 

കുറേക്കഴിഞ്ഞു വിവരം അറിഞ്ഞ് മുഫസ്സിലിന്റെ വീട്ടുകാര്‍ വന്നു. കാലില്‍ രക്തമൊഴുകി അവശ നിലയില്‍ ഇരിക്കുന്നതു കണ്ട് ഇങ്ങനെ അടിച്ചു നാശമാക്കാന്‍ എന്തു തെറ്റാണ് ചെയ്തതെന്ന് മുഫസ്സിലിന്റെ ചെറിയച്ഛന്‍ എസ്.ഐയോട് ചോദിച്ചു. നിങ്ങടെ പയ്യന്‍ ഒരു പ്രായമായ ആളെ മര്‍ദ്ദിച്ചു എന്ന് എസ്.ഐ അറിയിച്ചപ്പോള്‍ അങ്ങനെയല്ല കാര്യമെന്ന് അവര്‍ തറപ്പിച്ചു പറഞ്ഞു. നടന്ന കാര്യങ്ങളെല്ലാം ശരിയായി മനസ്സിലാക്കിയിട്ടാണ് അവര്‍ വന്നത്. അങ്ങനെയൊരാള്‍ക്കു മര്‍ദ്ദനമേറ്റിട്ടുണ്ടെങ്കില്‍ ആ ആളെവിടെ? അയാളെ കൊണ്ടുവരാന്‍ അവര്‍ ആവശ്യപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ഉണ്ടായതെന്താണ് എന്ന് അറിഞ്ഞിട്ടാണോ പിടിച്ചുകൊണ്ടുവന്നതും തല്ലിച്ചതച്ചതും എന്ന് അവര്‍ ചോദിക്കുക കൂടി ചെയ്തതോടെയാണ് പൊലീസുകാരന്റെ വാക്കു കേട്ട് എടുത്തുചാടുകയായിരുന്നു എന്ന് എസ്.ഐക്കു തോന്നിയത്. പ്രായമായ ഒരാളെ തല്ലുന്നതു കണ്ടുവെന്നും അതുകൊണ്ടാണ് പിടിച്ചതെന്നും പൊലീസുകാരന്‍ വിനോഷ് ആവര്‍ത്തിച്ചു. എന്നാല്‍, മദ്യവില്‍പ്പനശാലയില്‍നിന്ന് ഇറങ്ങിവന്ന ഒരാള്‍ ബസ് സ്റ്റോപ്പില്‍ നിന്നിരുന്ന പെണ്‍കുട്ടിയെ കയറിപ്പിടിച്ചപ്പോള്‍ ചോദ്യം ചെയ്ത പലരില്‍ ഒരാള്‍ മാത്രമായിരുന്നു മുഫസ്സില്‍. വന്നവര്‍ അതാണ് പറഞ്ഞത്. നാട്ടുകാരില്‍നിന്ന് മദ്യപനു മര്‍ദ്ദനവുമേറ്റു. ബഹളംകേട്ട് എത്തിയ പൊലീസുകാരനെ കണ്ട് എല്ലാവരും മാറിക്കളഞ്ഞു. പക്ഷേ, മുഫസ്സില്‍ അവിടെത്തന്നെ നിന്നു. എന്താണു നടന്നതെന്ന് അന്വേഷിക്കാന്‍ ശ്രമിക്കാതെ കിട്ടിയ ആളെ പിടിച്ചുകൊണ്ടുവരികയും ചെയ്തു. 

മുന്‍പിന്‍ നോക്കാതെ ഒരാളെ ക്രൂരമായി മര്‍ദ്ദിച്ച എസ്.ഐ മാപ്പു പറയണം എന്ന് മുഫസ്സിലിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. 2010-ലെ എസ്.ഐ ബാച്ചില്‍ ആദ്യം നിയമനം ലഭിക്കാതിരിക്കുകയും പിന്നീട് കോടതിയില്‍ പോയി നിയമനം നേടുകയും ചെയ്തയാളാണ് സന്ദീപ് കുമാര്‍. പ്രശ്‌നം ഗുരുതരമായിട്ടും എന്തുചെയ്യണം എന്ന് അറിയാതെ എസ്.ഐ അന്തം വിട്ടു നില്‍ക്കുകയായിരുന്നുവെന്ന് ദിനേശന്‍ ഓര്‍ക്കുന്നു. മുഫസ്സിലിനെ വിട്ടയയ്ക്കുകയോ കേസെടുത്ത് സ്റ്റേഷന്‍ ജാമ്യം കൊടുക്കുകയോ ചെയ്യാതെ പിന്നെയും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. യു.ഡി.എഫ് ഭരണകാലമാണ്. മുഫസ്സിലിന്റേത് സി.പി.എം അനുഭാവി കുടുംബം. സി.പി.എം പ്രാദേശിക നേതാക്കളുള്‍പ്പെടെ രാത്രി വൈകുന്നതുവരെ ശ്രമിച്ചിട്ടും എസ്.ഐ മുഫസ്സിലിനെ വിട്ടയച്ചില്ല. പിറ്റേന്നു രാവിലെ സി.പി.എം പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. അപ്പോഴാണ് സി.ഐ വിവരം അറിയുന്നത്. അവനെ ഏതെങ്കിലും ഒരു കേസില്‍ ഉള്‍പ്പെടുത്തണം എന്നാണ് ഉടനെ ജീപ്പെടുത്ത് അവിടെയെത്തിയ സി.ഐ എം. സുരേന്ദ്രന്‍ നിര്‍ദ്ദേശിച്ചത്. അടുത്തെവിടെയാണ് ക്ഷേത്രത്തില്‍ ഉത്സവമുള്ളത് എന്നും ചോദിച്ചു. തളിക്കുളം ക്ഷേത്രത്തില്‍ ഉത്സവമാണെന്ന് എസ്.ഐ പറഞ്ഞു. മുഫസ്സില്‍ മദ്യപിച്ച് അവിടെ അടിയുണ്ടാക്കിയതായി സി.ഐയുടെ നിര്‍ദ്ദേശപ്രകാരം കേസെടുത്തു. എന്നിട്ട് സ്റ്റേഷന്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്ന നേതാക്കളെ വിളിച്ചുവരുത്തി ജാമ്യത്തില്‍ വിട്ടുകൊടുത്തു. എടുത്തത് കള്ളക്കേസാണ്. പക്ഷേ, എന്തോ ഔദാര്യം കാണിക്കുന്നതായും സമരത്തെ മാനിക്കുന്നതായുമാണ് സി.ഐ അഭിനയിച്ചത്. 

മര്‍ദ്ദനമേറ്റ് അവശനായ മുഫസ്സില്‍ ആറു ദിവസം തൃത്തല്ലൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ കിടന്നു. ആശുപത്രിയില്‍നിന്ന് അറിയിച്ചിട്ടും അഞ്ചു ദിവസം പൊലീസ് മൊഴിയെടുത്തില്ല. ആറാം ദിവസം ചന്ദ്രന്‍ എന്ന എ.എസ്.ഐ മൊഴിയെടുത്തു. എസ്.ഐയും സി.പി.ഒമാരായ ഫൈസല്‍, വിനോഷ്, ഗോപകുമാര്‍, ഹോംഗാര്‍ഡ് സുനില്‍ പ്രകാശ് എന്നിവരും മര്‍ദ്ദിച്ചുവെന്നായിരുന്നു സ്വാഭാവികമായും മൊഴി. തങ്ങള്‍ക്കെതിരായതുകൊണ്ട് അത് എസ്.ഐയും പൊലീസുകാരും ചേര്‍ന്നു പൂഴ്ത്തി. ഇതിനിടെ അതേ സ്റ്റേഷനിലെ സ്പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ ജോസ് ആശുപത്രിയില്‍ ചെന്നു വിവരം തിരക്കിയപ്പോള്‍ പൊലീസിനെതിരെ നിയമപരമായി നീങ്ങാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് മുഫസ്സിലും ബന്ധുക്കളും പറഞ്ഞു. പൊലീസുകാര്‍ സ്റ്റേഷനില്‍ വച്ചു മര്‍ദ്ദിച്ചതിനു പൊലീസുകാരല്ലാതെ പുറത്തുനിന്നു സാക്ഷികളില്ലാത്ത സ്ഥിതിക്ക് കേസുമായി പോയിട്ടെന്തു കാര്യം എന്ന് ജോസ് ചോദിച്ചു. മുഫസ്സിലിനെ പരിചയമുള്ള പ്രാദേശിക സാമൂഹിക പ്രവര്‍ത്തകന്‍ ശ്രീജിത്ത് മര്‍ദ്ദന സമയത്ത് സ്റ്റേഷനിലുണ്ടായിരുന്നു. മുന്‍പ് സി.പി.എമ്മിലായിരുന്ന ശ്രീജിത്ത് അപ്പോള്‍ ആര്‍.എം.പി ബ്രാഞ്ച് സെക്രട്ടറിയാണ്. എസ്.ഐയെ കുടിവെള്ള വിതരണ പരിപാടിയുടെ ഉദ്ഘാടനത്തിനു ക്ഷണിക്കാനോ മറ്റോ ആണ് ചെന്നത്. ശ്രീജിത്തേട്ടന്‍ സാക്ഷി പറയും എന്ന് മുഫസ്സില്‍ അറിയിച്ചു. ജോസ് നേരെ പോയി ശ്രീജിത്തിനെ കണ്ടു ചോദിച്ചു. മര്‍ദ്ദിക്കുന്നതു കണ്ടെന്നും അന്വേഷണം ഉണ്ടായാല്‍ പറയുമെന്നുമായിരുന്നു പ്രതികരണം. കുറ്റം ചെയ്ത ആളാണെങ്കില്‍പ്പോലും ഇത്ര ക്രൂരമായി ഒരു ചെറുപ്പക്കാരനെ തല്ലിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പതിവായി പൊലീസും സ്റ്റേഷനുമൊക്കെയായി ഇടപെടുന്ന ആളാണ് ശ്രീജിത്ത്. എല്ലാവര്‍ക്കും അയാളെ അറിയുകയും ചെയ്യാം. 

കാര്യം നേരെ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ചുമതലയുള്ള ജോസ് വിവരം എസ്.ഐയെ അറിയിക്കുകയാണ് ചെയ്തത്. ശ്രീജിത്ത് സാക്ഷി പറഞ്ഞാല്‍ കുടുങ്ങുമെന്നു മനസ്സിലാക്കിയ എസ്.ഐ അവനെ കണ്ടാല്‍ വിളിച്ചുകൊണ്ടുവരണം  (ഇങ്ങെടുത്തോണ്ടു വരണം) എന്ന് അടുപ്പക്കാരായ പൊലീസുകാരോട് പറഞ്ഞു. ഫെബ്രുവരി 15-നു രാത്രി വാടാനപ്പള്ളി ടൗണില്‍ വച്ച് ശ്രീജിത്തിനെ ഒരു പൊലീസുകാരനും ഹോം ഗാര്‍ഡും കണ്ടപ്പോള്‍ സ്റ്റേഷനിലേക്കു വിളിച്ചുകൊണ്ടുപോയി. പൊലീസുകാര്‍ക്കും എസ്.ഐക്കും എതിരെ മൊഴി നല്‍കരുത് എന്നു ഭീഷണിപ്പെടുത്തിയതായി ശ്രീജിത്ത് പറയുന്നു. അന്വേഷണമുണ്ടായാല്‍ പറയും എന്ന നിലപാടില്‍ത്തന്നെയാണ് ഉറച്ചുനിന്നത്. മാത്രമല്ല, മുഫസ്സിലിന്റെ വീട്ടുകാര്‍ വലിയ ആവശ്യങ്ങളൊന്നും ഉന്നയിക്കുന്നില്ലല്ലോ എന്നും എസ്.ഐ മാപ്പു പറഞ്ഞാല്‍ തീരുമെന്നും കൂടി അറിയിച്ചു. തെറ്റുപറ്റി എന്ന് എസ്.ഐ സമ്മതിച്ചാല്‍ മതി. നിന്നെ കണ്ടോളാം എന്നു താക്കീതു ചെയ്ത് അപ്പോള്‍ വിട്ടയച്ചെങ്കിലും പിറ്റേന്നു രാവിലെ എസ്.ഐ ഫോണില്‍ വിളിച്ചു സ്റ്റേഷനില്‍ വരാന്‍ ആവശ്യപ്പെട്ടു. കുറച്ചു കഴിഞ്ഞ് എത്തിയ ശ്രീജിത്തിനോട് എസ്.ഐ ആവശ്യപ്പെട്ടതും സാക്ഷി പറയരുത് എന്നുതന്നെ. ശ്രീജിത്ത് മാറാതിരുന്നപ്പോള്‍ എസ്.ഐ അയാളെ തല്ലി. മൊബൈല്‍ ഫോണ്‍ വാങ്ങി വച്ചിട്ട് മാറ്റി നിര്‍ത്തി. മാത്രമല്ല, പെറ്റിക്കേസ് പോലെ കേസെടുക്കാന്‍ ഒരു ശ്രമവും ഉണ്ടായി. അതു കുഴപ്പമായേക്കും എന്നു തോന്നിയപ്പോള്‍ വേണ്ടെന്നുവച്ചു. കുറേക്കഴിഞ്ഞപ്പോള്‍ പൊലീസിനെതിരെ സാക്ഷി പറഞ്ഞിട്ട് ജീവിക്കാമെന്നു കരുതേണ്ട എന്നു ഭീഷണിപ്പെടുത്തിയിട്ട് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ തിരിച്ചു ചോദിച്ചപ്പോള്‍ കൊടുക്കാന്‍ തയ്യാറായില്ല. ശ്രീജിത്തിന്റെ ഒരു വയസ്സ് പ്രായമുള്ള മകള്‍ ഒരു മാസം മുന്‍പ് ബസ് അപകടത്തില്‍ മരിച്ചിരുന്നു. അത് എസ്.ഐക്കും അറിയാവുന്നതാണ്. ആ കുഞ്ഞിന്റെ ഫോട്ടോ ഉള്ളത് മൊബൈലിലെ മെമ്മറി കാര്‍ഡിലാണെന്നും അതെങ്കിലും തിരിച്ചു തരണമെന്നും ആവശ്യപ്പെട്ടു. നീചമായിരുന്നു എസ്.ഐയുടെ മറുപടി: നിന്റെയൊക്കെ കുഞ്ഞ് ജീവിച്ചിരുന്നിട്ടെന്താടാ, നീ പൊലീസുകാര്‍ക്കെതിരെ സാക്ഷി പറയാന്‍ നടക്കുകല്ലേ. അതു പറഞ്ഞു വീണ്ടും തല്ലി. നിന്നാല്‍ കാരണമില്ലാതെ വീണ്ടും തല്ലുകൊള്ളേണ്ടിവരുമെന്നു മനസ്സിലാക്കിയ ശ്രീജിത്ത് പോയി. 

ഇതിനിടെ മകനു പൊലീസ് മര്‍ദ്ദനമേറ്റതിനെതിരെ നടപടി ആവശ്യപ്പെട്ട് മുഫസ്സിലിന്റെ ഉപ്പ തളിക്കുളം എടശേരി പണിക്കവീട്ടില്‍ മുഹമ്മദ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പരാതി നല്‍കി. അതേത്തുടര്‍ന്ന് അന്വേഷണവുമുണ്ടായി. സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.ബി. രാജീവിന്റെ അന്വേഷണ റിപ്പോര്‍ട്ട് പൊലീസിന് എതിരായിരുന്നു. സ്റ്റേഷനില്‍ വച്ച് മുഫസ്സലിന് മര്‍ദ്ദനമേറ്റെന്നും കള്ളക്കേസാണ് എടുത്തതെന്നും അതില്‍ വ്യക്തമാക്കി. ആ അന്വേഷണത്തില്‍ ശ്രീജിത്തും മൊഴി കൊടുത്തിരുന്നു. 
തനിക്ക് മര്‍ദ്ദനമേറ്റതിനേക്കാള്‍ ശ്രീജിത്തിനെ വേദനിപ്പിച്ചത് മരിച്ചുപോയ സ്വന്തം കുഞ്ഞിനെപ്പോലും അധിക്ഷേപിച്ച് എസ്.ഐ സംസാരിച്ചതായിരുന്നു. അകാരണമായി മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചുവയ്ക്കുകയും ചെയ്തത് ചൂണ്ടിക്കാട്ടി ശ്രീജിത്ത് ഹൈക്കോടതിയെ സമീപിച്ചു. വൃദ്ധനെ തല്ലിയ കേസിലെ സാക്ഷിയായതുകൊണ്ടാണ് വിളിപ്പിച്ചതെന്നും ഇയാളെ മര്‍ദ്ദിക്കുകയോ ഫോണ്‍ പിടിച്ചുവയ്ക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്. ഹൈക്കോടതി അതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജി തള്ളി. അപ്പീല്‍ പോകാനുമൊന്നുമുള്ള ത്രാണി ശ്രീജിത്തിന് ഉണ്ടായിരുന്നില്ല. 

വഴിതിരിയുന്നു 
ശ്രീജിത്ത് ഹൈക്കോടതിയില്‍ പോയത് ചില പൊലീസുകാര്‍ സഹായിച്ചിട്ടാണ് എന്ന് സി.ഐയും എസ്.ഐയും അടക്കമുള്ളവര്‍ തെറ്റിദ്ധരിച്ചു. അവിടം മുതലാണ് കാര്യങ്ങള്‍ മാറിമറിയുന്നത്. മുഫസ്സിലിനെ മര്‍ദ്ദിച്ചതു മുതലുള്ള കാര്യങ്ങള്‍ക്കു മാത്രമല്ല, അതിനു മുന്‍പും സ്റ്റേഷനില്‍ നടന്ന വഴിവിട്ട കാര്യങ്ങള്‍ക്കും കൂട്ടുനില്‍ക്കാതിരുന്ന ദിനേശന്‍ അടക്കം ഏതാനും പേര്‍ സംശയ നിഴലിലായി. അവര്‍ക്കെതിരെ സഹപ്രവര്‍ത്തകര്‍ ഒരു 'കഥ' ഉണ്ടാക്കി. മണല്‍ക്കടത്തുകാരെ പിടിക്കാന്‍ പോയ എസ്.ഐയും സംഘവും മണല്‍ക്കടത്തുകാരുടെ കൂട്ടാളിയായ ശ്രീജിത്തിനെ പിടിക്കുകയായിരുന്നു എന്നും സ്റ്റേഷനിലെ അഞ്ച് പൊലീസുകാര്‍ ആ സംഭവത്തില്‍ മണല്‍ക്കടത്തുകാര്‍ക്കുവേണ്ടി പൊലീസിനെ ഒറ്റി എന്നുമായിരുന്നു കഥ. അതു റിപ്പോര്‍ട്ടാക്കി ഇരിങ്ങാലക്കുട ഡി.വൈ.എസ്.പിക്കു കൊടുത്തു. ദിനേശന്‍, രണ്ട് ഉണ്ണിക്കൃഷ്ണന്മാര്‍, ജോസഫ്, ഗംഗാധരന്‍ എന്നിവരായിരുന്നു ആരോപണവിധേയര്‍. അന്നത്തെ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ബിജു ഭാസ്‌കറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം ഈ കാര്യത്തിലൊക്കെ ഉണ്ടായിരുന്നു എന്ന് ദിനേശന്‍ പറയുന്നു. രണ്ടോ മൂന്നോ ബലാത്സംഗക്കേസുകളിലും വ്യാപകമായ മണല്‍ക്കടത്ത് സംഭവങ്ങളിലും പൊലീസ് ഒത്തുകളിക്കുന്നതിനെതിരെ പൊലീസിനുള്ളില്‍ ശബ്ദമുയര്‍ത്താന്‍ ശ്രമിച്ചവരായിരുന്നു ഇവരഞ്ചുപേര്‍. ഇതെല്ലാം മനസ്സില്‍ വച്ച് ഇവര്‍ക്കെതിരെ നീങ്ങാന്‍ അവസരം കിട്ടാന്‍ കാത്തിരുന്നപ്പോഴാണ് മുഫസ്സില്‍, ശ്രീജിത്ത് സംഭവങ്ങളുണ്ടാകുന്നത്.

പൊലീസുകാര്‍ക്കതിരെ പൊലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രമുഖ ദിനപത്രത്തില്‍ വാര്‍ത്ത വന്നു. പരിചയമുള്ള പ്രാദേശിക ലേഖകനോട് അതേക്കുറിച്ചു ദിനേശന്‍ അന്വേഷിച്ചപ്പോള്‍ ജില്ലാ ബ്യൂറോയില്‍നിന്നു നേരിട്ടു കൊടുത്തതാണ് എന്ന് അറിഞ്ഞു. ഡി.വൈ.എസ്.പിക്കു കൊടുത്തശേഷം അതിന്റെ പകര്‍പ്പുമായി സി.ഐ നേരിട്ട് പത്രം ഓഫീസിലെത്തി കൊടുക്കുകയായിരുന്നു എന്നും വ്യക്തമായി. ''എന്നെ ഉന്നംവച്ച് എന്തോ ഒരു ശ്രമം നടക്കുന്നുവെന്ന് അപ്പോഴും മനസ്സിലായില്ല. ഞങ്ങളെ അറിയാവുന്ന മേലുദ്യോഗസ്ഥര്‍ ഈ റിപ്പോര്‍ട്ട് വിശ്വസിക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ല എന്നായിരുന്നു പ്രതീക്ഷ. അതുകൊണ്ട് പിന്നാലെ പോയുമില്ല. അടുത്ത ദിവസം ഡി.വൈ.എസ്.പി അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു. ''നീയൊന്നും വിചാരിച്ചാല്‍ ഒരു ചുക്കും നടക്കില്ല. പൊലീസുദ്യോഗസ്ഥരാണ് നാട് ഭരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ്സുകാരുമൊന്നുമല്ല. ഇവിടെ വമ്പന്മാരുണ്ട്.'' ഇതാണ് ഡി.വൈ.എസ്.പി ആദ്യം തന്നെ പറഞ്ഞത്'' എന്ന് ദിനേശന്‍. പുഴമണലും കനാലിലെ മണലും കൂടി മിശ്രിതമാക്കി ഒറിജിനല്‍ മണലാണെന്ന വ്യാജേന വില്‍ക്കുന്ന തട്ടിപ്പ് പൊലീസ് സ്റ്റേഷന്റെ അടുത്തുതന്നെ നടന്നിരുന്നു. അതിനോട് എസ്.ഐയും മറ്റും കണ്ണടയ്ക്കുന്നതിനെക്കുറിച്ചു സ്റ്റേഷനില്‍ നിലനിന്ന മുറുമുറുപ്പിനെക്കുറിച്ചും ഡി.വൈ.എസ്.പി ഓര്‍മ്മിപ്പിച്ചു. എല്ലാത്തിനും പിന്നില്‍ ദിനേശനാണ് എന്ന മട്ടിലായിരുന്നു സംസാരം. പണി ഞങ്ങള് തന്നില്ലേ, നിനക്കിപ്പോള്‍ എന്താ ചെയ്യാന്‍ പറ്റുന്നതെന്നു കാണട്ടെ എന്നു വെല്ലുവിളിക്കുന്ന മട്ട്. തൊട്ടുപിന്നാലെ അഞ്ചു പേരെയും അഞ്ചിടത്തേക്കു സ്ഥലം മാറ്റി. ദിനേശന്‍ പുതുക്കാട്ടേക്ക്, ഉണ്ണിക്കൃഷ്ണന്മാരെ ചാലക്കുടിക്ക്, ഗംഗാധരനെ അന്തിക്കാട്ടേക്ക്, ജോസഫിനെ വടക്കേക്കാട്ടേക്ക്. സ്ഥലംമാറ്റത്തിന്റെ പേരില്‍ പ്രതികരിക്കാനൊന്നും പോകേണ്ടെന്നും സാധാരണ നടപടിയായി കണ്ടാല്‍ മതി എന്നുമാണ് സുഹൃത്തുക്കളും അടുപ്പമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുമടക്കം പറഞ്ഞത്. 

ദിനേശന്റെ വാക്കുകളില്‍ത്തന്നെ കേള്‍ക്കാം: ''ഏതായാലും ഇതിന്റെ പിന്നിലൊരു ലോബി കളിക്കുന്നുണ്ടെന്നു മനസ്സിലായി. അതവിടെ അവസാനിച്ചു എന്നും കരുതി. പക്ഷേ, പിറ്റേ വര്‍ഷം ഞങ്ങള്‍ക്കെതിരെ പി.ആര്‍ ഓപ്പണ്‍ ചെയ്യുകയാണുണ്ടായത്. (പൊലീസിലെ വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായ നടപടിയാണ് പണിഷ്മെന്റ് റോള്‍ (പിആര്‍ ) ഓപ്പണ്‍ ചെയ്യുക എന്നത്). നേര്‍വഴി എന്നു പേരുള്ള ഒരു മനുഷ്യാവകാശ സംഘടനയുടെ പ്രവര്‍ത്തകരാണ് ഞങ്ങള്‍ക്കെതിരെ വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങള്‍ അയച്ചും മറ്റും മറ്റാര്‍ക്കോ വേണ്ടി ഇടപെട്ടുകൊണ്ടിരുന്നത്. അവര്‍ പത്രങ്ങളില്‍ വാര്‍ത്ത കൊടുപ്പിക്കാന്‍ തുടങ്ങി. വീടിനടുത്തുള്ള കടകളിലൊക്കെ ആ പത്രങ്ങള്‍ കൂടുതലായി എത്തിക്കുക, ഞങ്ങളുമായി ബന്ധമുള്ള ആളുകള്‍ക്ക് അയച്ചുകൊടുക്കുക തുടങ്ങി പലതും ചെയ്യാന്‍ തുടങ്ങി. ഞങ്ങളെ മോശമാക്കുക എന്നതാണ് ഉദ്ദേശ്യം. അവര്‍ പ്രചരിപ്പിക്കുന്നതല്ല സത്യം എന്നും യഥാര്‍ത്ഥത്തില്‍ നടന്നത് എന്താണെന്നും വിശദീകരിച്ചുകൊടുക്കാന്‍ ആ സംഘടനയുടെ ചിലയാളുകളെ കണ്ടെങ്കിലും മുഴുവനും കേള്‍ക്കാന്‍ പോലും തയ്യാറാകാതെ അവരുടെ വാദം ആവര്‍ത്തിക്കുകയാണ് ചെയ്തത്. സത്യസന്ധരായ പൊതു പ്രവര്‍ത്തകരല്ല അവരെന്നും മറ്റു ചിലര്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അതോടെ വ്യക്തമായി. ഏതെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് എന്തെങ്കിലും വീഴ്ചകള്‍ സംഭവിച്ചാല്‍ അവരെ ഭീഷണിപ്പെടുത്തുകയും പണം വാങ്ങുകയും മറ്റുമാണ് അവരുടെ പരിപാടി എന്നും കൂടുതല്‍ അന്വേഷിച്ചപ്പോള്‍ മനസ്സിലായി. തെറ്റിദ്ധരിച്ചിട്ടാണ് മോശമായി പ്രചരണം നടത്തുന്നതെങ്കില്‍ ആ തെറ്റിദ്ധാരണ തിരുത്താന്‍ തയ്യാറാകും. അങ്ങനെ ചെയ്യാത്തതുകൊണ്ടുതന്നെ സദുദ്ദേശമല്ല എന്നു മനസ്സിലാക്കാമല്ലോ.'' 

വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി അഞ്ചു പൊലീസുകാര്‍ക്കുമെതിരെ ഹാജരാക്കിയത് മണല്‍ക്കടത്തുകാരുമായി അവര്‍ക്കു ബന്ധമുണ്ട് എന്ന സി.ഐയുടെ മുന്‍ റിപ്പോര്‍ട്ടാണ്. കൂടെ ഒരു മൊബൈല്‍ ഫോണ്‍ കോള്‍ ഡീറ്റെയില്‍സും ഹാജരാക്കി. ശ്രീജിത്തും ദിനേശനും തമ്മില്‍ നിരന്തരം ഫോണില്‍ ബന്ധപ്പെടുന്നുണ്ടായിരുന്നു എന്നു വരുത്തുന്ന ആ രേഖ വ്യാജമാണ് എന്ന് ദിനേശന്‍ പറയുന്നു. ''യഥാര്‍ത്ഥത്തില്‍ അവര്‍ എന്റെ കോള്‍ ഡീറ്റെയില്‍സ് എടുത്തിരുന്നു. പക്ഷേ, അതല്ല ഹാജരാക്കിയത്. വേറൊന്നുണ്ടാക്കി. ശരിയായ ലിസ്റ്റില്‍ സംശയകരമായ ഒന്നുമില്ല എന്നതായിരുന്നു കാരണം. ശ്രീജിത്ത് മണല്‍ മാഫിയയുടെ ആളാണെന്നും ഞാനും ശ്രീജിത്തും തമ്മിലുള്ള പരിചയവും അടുപ്പവും ആ നിലയ്ക്കാണെന്നും വരുത്താനുള്ള ശ്രമമായിരുന്നു'' എന്നു പറഞ്ഞിട്ട് ശ്രീജിത്തിന്റെ ജീവിതാവസ്ഥയെക്കുറിച്ചുകൂടി ദിനേശന്‍ പറയുന്നത് ഇങ്ങനെ: ''സ്വന്തമായി വീടുപോലും ഇല്ലാത്ത ദളിത് വിഭാഗത്തില്‍പ്പെട്ട ആളാണ്. മണല്‍ ലോറി ബ്രോക്കറിംഗ് കൊണ്ടാണ് ജീവിക്കുന്നത്. നിയമപ്രകാരമുള്ള മണല്‍ ലോഡ് ആളുകള്‍ക്ക് എത്തിച്ചു കൊടുക്കും. അതില്‍നിന്നു ലഭിക്കുന്ന കമ്മിഷനാണ് വരുമാനം. പ്രാദേശികമായി ആളുകളുമായി അടുപ്പമുള്ളതുകൊണ്ട് ആ ഭാഗത്ത് ആരെക്കുറിച്ചെങ്കിലും അറിയണമെങ്കിലോ വിലാസം വ്യക്തത വരുത്തണമെങ്കിലോ ഒക്കെ ഞങ്ങള്‍ അയാളെ വിളിക്കും. ആര്‍ക്കും ദോഷം വരുന്നതല്ലെങ്കില്‍ പറഞ്ഞുതരും. അതാണ് ഞാനുമായുള്ള ബന്ധം. സ്വന്തമായി കഞ്ഞി കുടിക്കാന്‍ വകയില്ലെങ്കിലും വേനല്‍ക്കാലത്ത് നാട്ടുകാരില്‍നിന്നു പണം പിരിച്ച് ലോറി വാടകയ്ക്കെടുത്തു സമീപപ്രദേശങ്ങളിലെ പല കോളനികളിലും സൗജന്യമായി കുടിവെള്ളം എത്തിക്കും. ഇതും സത്യസന്ധമായ ജീവിതവുമൊക്കെയാണ് അവനുമായി എന്നെയൊക്കെ അടുപ്പിച്ചത്. അങ്ങനെ ശ്രീജിത്തിനെ പലവട്ടം വിളിച്ചിട്ടുണ്ട്.''

മണലുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത് എന്നതുകൊണ്ട് ശ്രീജിത്ത് മണല്‍ മാഫിയയുടെ ആളാണെന്നു വരുത്താന്‍ എളുപ്പമായി. കോള്‍ ഡീറ്റെയില്‍സ് വ്യാജമാണെന്ന് വകുപ്പുതല അന്വേഷണം നടത്തുന്ന ഡി.വൈ.എസ്.പിയോട് ദിനേശന്‍ പറഞ്ഞു. ശ്രീജിത്തിനെ മണല്‍ ലോറിയടക്കം പിടിച്ചു എന്ന് എസ്.ഐ പറയുന്നതും നുണയാണ്. അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല. അതു നുണയാണെന്ന് സ്റ്റേഷന്‍ ജി.ഡി നോക്കിയാല്‍ വ്യക്തമാകും. രാത്രി 11 മണിക്കു പോയി ലോറിയടക്കം മണല്‍ക്കടത്ത് പിടിച്ചെങ്കില്‍ കേസെടുക്കണ്ടേ, അറസ്റ്റ് രേഖപ്പെടുത്തണ്ടേ? അതൊന്നുമില്ല. ഇല്ലാത്തൊരു സംഭവം അവര്‍ ഉണ്ടാക്കിയെടുത്തതാണ്. ഇതൊക്കെ വിശദീകരിച്ചുകൊടുത്തപ്പോള്‍  അന്വേഷണ ഉദ്യോഗസ്ഥനു കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലായി. 

അതിനിടയിലാണ് മനോഹരന്‍ എന്നൊരാള്‍ ഈ അന്വേഷണത്തില്‍ ആരെയോ പ്രതിനിധീകരിച്ച് മൊഴി കൊടുക്കുകയും മറ്റും ചെയ്യുന്നുവെന്നു ശ്രദ്ധയില്‍പ്പെട്ടത്. പരിചയമുള്ള ഡി.വൈ.എസ്.പി ഓഫീസിലെ പൊലീസുകാരോടു പറഞ്ഞപ്പോള്‍ അവരൊരു കാര്യം പറഞ്ഞു: ''നിങ്ങളുടെ കാര്യത്തിനു തന്നെയാണ് അയാളും വരുന്നത്. പക്ഷേ, അയാള്‍ക്കു വേണ്ടിയല്ല, മറ്റാര്‍ക്കോ വേണ്ടി അന്വേഷണ ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിക്കുകയാണ്. അതിനൊരു മറുമരുന്ന് നിങ്ങള്‍ കണ്ടെത്തിക്കൊള്ളണം.'' 

ആരെയും അട്ടിമറിക്കുന്നവര്‍ 
ഇതിനിടയില്‍ ദിനേശന്‍ സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ചിലേക്കു മാറിയിരുന്നു. കാര്യങ്ങള്‍ പോകുന്ന വഴി വളരെ കുഴപ്പം പിടിച്ചതാണെന്നു മനസ്സിലായതോടെ അന്നത്തെ ഇന്റലിജന്‍സ് ഡയറക്ടര്‍ക്കു വിശദമായ ഒരു പരാതി ഔദ്യോഗിക മാര്‍ഗ്ഗത്തിലൂടെത്തന്നെ അയച്ചു. പിന്നീട് സുപ്രീംകോടതി വിധി നേടി സംസ്ഥാന പൊലീസ് മേധാവിയായി വിരമിക്കുകയും നിരവധി വിവാദങ്ങളിലും കേസുകളിലും പെടുകയും ചെയ്ത ഐ.പി.എസ് ഓഫീസറായിരുന്നു അന്ന് ഇന്റലിജന്‍സ് ഡയറക്ടര്‍. സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ചിലെ ഡി.വൈ.എസ്.പിയോടു വസ്തുതകളെല്ലാം വിശദീകരിച്ചപ്പോള്‍ അദ്ദേഹമാണ് ഇന്റലിജന്‍സ് ഡയറക്ടര്‍ക്കു പരാതി അയയ്ക്കാന്‍ പറഞ്ഞതും സഹായിച്ചതും. 

വാടാനപ്പള്ളി സ്റ്റേഷനുമായി ബന്ധപ്പെട്ടു നടന്നിരുന്ന കുറേ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ആ പരാതിയില്‍ ഉള്‍പ്പെടുത്തി. ഈ കാര്യങ്ങള്‍ നേരിട്ടറിയാവുന്ന സാക്ഷികള്‍ നടത്തുന്ന വെളിപ്പെടുത്തല്‍ വീഡിയോകളും പരാതിക്കൊപ്പം നല്‍കി. ഇതെല്ലാം വിശദമായി പരിശോധിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യണം എന്നായിരുന്നു അപേക്ഷ. മുഫസ്സിലിന്റെ പിതാവ് മുഖ്യമന്ത്രിക്കു നല്‍കിയ പരാതി, കസ്റ്റഡി മര്‍ദ്ദനത്തെക്കുറിച്ചു തൃശൂര്‍ റൂറല്‍ സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട്, ശ്രീജിത്തിന്റെ ഹര്‍ജിയെത്തുടര്‍ന്ന് വലപ്പാട് സി.ഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്, വാടാനപ്പള്ളി സ്റ്റേഷനിലെ ഹോം ഗാര്‍ഡ് സുനില്‍ പ്രകാശ് ശ്രീജിത്തിനെ ഭീഷണിപ്പെടുത്തിയതിനെതിരെ വലപ്പാട് സി.ഐക്ക് കൊടുത്ത പരാതി, അതില്‍ നടപടിയുണ്ടാകാതെ വന്നപ്പോള്‍ ശ്രീജിത്ത് ആഭ്യന്തര മന്ത്രിക്ക് കൊടുത്ത പരാതി തുടങ്ങിയവയുടെ പകര്‍പ്പും വച്ചു. 

യുദ്ധം കഴിഞ്ഞപ്പോള്‍ പുരുഷന്മാരില്ലാതായ വിയറ്റ്നാമിലേക്ക് ആളുകളെ കയറ്റി അയച്ച് കുപ്രസിദ്ധനായ ഒരാളെക്കുറിച്ച് ഈ പരാതിയില്‍ പരാമര്‍ശമുണ്ട്. ഈ മനുഷ്യക്കടത്തിനും വ്യാജ പാസ്പോര്‍ട്ടിനും ഇയാള്‍ക്കെതിരെ കേസുണ്ടായിരുന്നു. തട്ടുകട നടത്തിക്കൊണ്ടിരുന്ന ആള്‍ കണ്ണടച്ചു തുറക്കും മുന്‍പ് വലിയ പണക്കാരനായി മാറിയതാണ് സംഭവം. ''നിരവധി ടോറസ് ലോറികളുടെ ഉടമയും പ്രമുഖ കെട്ടിട നിര്‍മ്മാതാക്കളുടെ മുഖ്യ മണല്‍ വിതരണക്കാരനുമായി മാറിയ ഇയാളുടെ വാഹനങ്ങളിലെ ജീവനക്കാരില്‍ ഭൂരിഭാഗവും പല ക്രിമിനല്‍ കേസുകളില്‍ പ്രതിസ്ഥാനത്തുള്ളവരാണ്. 2012 കാലഘട്ടമായപ്പോഴേയ്ക്കും പൊലീസിനെ നിയന്ത്രിക്കുന്ന ആളായി തൃശൂര്‍ ജില്ലയില്‍ ഇയാള്‍ മാറി. ആരോപണവിധേയനായ ഒരു പൊലീസ് ഓഫീസറുടെ വീടുപണിക്ക് മുഴുവന്‍ മണലും ഇറക്കിക്കൊടുത്തത് തങ്ങളാണെന്ന് ഇയാളുടെ മകന്‍ ഞങ്ങളോടു നേരിട്ടു പറഞ്ഞിട്ടുണ്ട്.'' ദിനേശന്റെ വാക്കുകള്‍. ഇയാളില്‍നിന്നു ദിവസവും പൊലീസ് ഡ്രൈവര്‍ക്ക് 25,000 രൂപ വീതം കിട്ടുന്നുണ്ടെന്നും ഈ പണം ആര്‍ക്കൊക്കെയാണ് പോകുന്നത് എന്നതിലെ ദുരൂഹത അന്വേഷിക്കണം എന്നുമാണ് പരാതിയില്‍ ചൂണ്ടിക്കാണിച്ച ഒരു കാര്യം. മറ്റൊന്ന് എസ്.ഐയുടെ താമസസ്ഥലത്തെക്കുറിച്ചാണ്. വാടാനപ്പള്ളി സ്റ്റേഷനില്‍ ജോലി ചെയ്യുന്ന എസ്.ഐമാര്‍ താമസിച്ചിരുന്നത് സ്വകാര്യ റിസോര്‍ട്ടിലെ സ്യൂട്ട് റൂമിലാണ്. അതു സ്ഥിരമായി വാടകയ്ക്കെടുത്തിട്ടിരിക്കുന്നത് ഈ സമ്പന്നനും. താമസത്തിനു പുറമേ യാത്ര ചെയ്യാന്‍ വാഹനമോ മറ്റ് എന്ത് ആവശ്യപ്പെട്ടാലും റിസോര്‍ട്ടില്‍ എത്തിച്ചുകൊടുക്കും. 

പരാതിയിലെ മറ്റൊരു പ്രധാന വിവരം ഇതാണ്: ''ഇന്ത്യക്കാരനല്ലാത്ത ഒരാള്‍ അവിടെ അടുത്ത് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു എന്ന് ഒരു വിവരം ലഭിച്ചു. ആ വിവരം തന്നയാള്‍ പലവട്ടം എസ്.ഐയെ ഇക്കാര്യം വിളിച്ചു പറഞ്ഞിട്ടും ഫലമുണ്ടായില്ല. അടുത്ത ദിവസം അയാള്‍ സ്റ്റേഷനിലെ ഫോണില്‍ വിളിച്ചു പറഞ്ഞു. ഞാന്‍ ആ കോള്‍ നേരെ എസ്.ഐക്ക് കൊടുത്തിട്ട് കാര്യം പറഞ്ഞു. ദിനേശനു താല്പര്യമുണ്ടെങ്കില്‍ ഒന്നു പോയി അന്വേഷിക്ക് എന്നായിരുന്നു എസ്.ഐയുടെ പ്രതികരണം. എസ്.ഐക്ക് അതിലെന്തോ താല്പര്യക്കുറവുണ്ട് എന്നു തോന്നി. ഞാന്‍ ഒരു പൊലീസുകാരനേയും കൂട്ടി ചെന്നു. വാടാനപ്പള്ളി കെ.എസ്.ഇ.ബി ഓഫീസ് പ്രവര്‍ത്തിക്കുന്ന വലിയ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഇത്. മറ്റു പല സ്ഥാപനങ്ങളും അതിലുണ്ട്. ഈ സ്ഥാപനത്തിന്റെ ഉള്ളിലേക്കു കയറിക്കഴിഞ്ഞാല്‍ രണ്ടു കിടപ്പുമുറികള്‍ ഉള്‍പ്പെടെ വലിയ സൗകര്യങ്ങളാണ്. നിരവധി യുവതികളാണ് ജീവനക്കാര്‍. കൂടാതെ നാട്ടുകാരായ രണ്ടു പുരുഷന്മാരും മാനേജരായി ആരോപണവിധേയനായ ആളും. അയാള്‍ അപ്പോള്‍ പുറത്തു പോയിരിക്കുകയായിരുന്നു. അന്വേഷിച്ചപ്പോള്‍ ഉത്തരേന്ത്യക്കാരനാണ് എന്നാണ് മറ്റുള്ളവര്‍ പറഞ്ഞത്. വിളിച്ചു വരുത്തി ചോദിച്ചപ്പോള്‍ ബംഗ്ലാദേശുകാരനാണ് എന്ന് അയാള്‍ സമ്മതിച്ചു. പാസ്പോര്‍ട്ടുള്‍പ്പെടെ നിയമപരമായ രേഖകളൊന്നുമില്ല. പണം കൊടുത്ത് കടന്നതാണ്.'' 

അയാളെ അപ്പോള്‍ത്തന്നെ അറസ്റ്റ് ചെയ്തു സ്റ്റേഷനില്‍ എത്തിച്ച് കേസെടുത്തു. അതോടെ സി.ഐക്കും എസ്.ഐക്കും ദേഷ്യമായി. വിദേശിയുടെ കാര്യത്തില്‍ നിയമപരമായ നടപടികള്‍ തീര്‍പ്പാകുന്നതുവരെ അയാള്‍ക്കു ബുദ്ധിമുട്ടുണ്ടാകാത്തവിധം നോക്കണം. ഭക്ഷണം കൊടുക്കണം. ഒരാഴ്ചയോളം കയ്യില്‍നിന്നു പണമെടുത്ത് ദിനേശന്‍ അതു ചെയ്യേണ്ടിവന്നു. ''അയാള്‍ക്കെതിരെ വേറെ കേസും പരാതികളൊന്നുമില്ല. തീവ്രവാദിയോ കുഴപ്പക്കാരനോ അല്ലെന്നും മനസ്സിലായി. പക്ഷേ, നിയമവിരുദ്ധമായി വിദേശിയെ താമസിപ്പിക്കാന്‍ പറ്റില്ലല്ലോ. അറസ്റ്റ് ചെയ്തതിന്റെ പിറ്റേ ദിവസം പഞ്ചായത്ത് പ്രസിഡന്റ് സുബൈദ എന്നെ ഫോണില്‍ വിളിച്ചു ദേഷ്യപ്പെട്ടു പറഞ്ഞു, നിങ്ങളിത്രയും കാശ് വാങ്ങിച്ചിട്ട് അയാളെ അറസ്റ്റ് ചെയ്തതു ശരിയായില്ല. ആര് കാശ് വാങ്ങിയ കാര്യമാണ് എന്നു ഞാന്‍ ചോദിച്ചു. മേഡം, അതെന്താണെന്നു പറയണം. ഞാനുള്‍പ്പെടെ പൊലീസുകാര്‍ക്കു തരാനാണ് എന്നു പറഞ്ഞു പ്രമുഖ കോണ്‍ഗ്രസ്സ് നേതാവിന്റെ അടുത്തയാള്‍ ഈ സ്ഥാപനമുടമയില്‍നിന്നു ലക്ഷങ്ങള്‍ വാങ്ങിയിട്ടുണ്ട് എന്ന് അപ്പോഴാണ് അവര്‍ പറയുന്നത്. അവരും കോണ്‍ഗ്രസ്സാണ്. ദിനേശനു കിട്ടിയിട്ടുണ്ടോ എന്നെനിക്ക് അറിയില്ല. പക്ഷേ, നിങ്ങടെ സി.ഐക്കും ഡി.വൈ.എസ്.പിക്കുമൊക്കെ കൃത്യമായി പണം കൊടുത്തിട്ടാണ് അയാളെ അവിടെ നിര്‍ത്തിയിരിക്കുന്നത് എന്നു പറഞ്ഞു. എനിക്കിതില്‍ സാമ്പത്തിക താല്പര്യമൊന്നും ഇല്ലെന്നും ഈ കേസില്‍ ആരോടെങ്കിലും ഒരു പൈസ വാങ്ങിയിട്ടുണ്ടെന്നുവന്നാല്‍ സുബൈദ മേഡം പറയുന്ന പണി ചെയ്യാമെന്നും ഞാന്‍ പറഞ്ഞു. അപ്പോഴാണ് അവര്‍ കാര്യം മനസ്സിലാക്കുന്നത്.'' 

വിദ്യാര്‍ത്ഥികളുടെ കയ്യില്‍നിന്നു പിടിച്ചെടുക്കുന്ന മൊബൈല്‍ ഫോണിലെ അശ്ലീല ദൃശ്യങ്ങളുള്‍പ്പെട്ട മെമ്മറി കാര്‍ഡ് പൊലീസ് ഡ്രൈവര്‍ പല ഇരട്ടിവിലയ്ക്ക് വേറെ കുട്ടികള്‍ക്കു മറിച്ചുവില്‍ക്കുന്ന ഞെട്ടിക്കുന്ന സ്‌കൂളിന്റെ പേരുള്‍പ്പെടെ പരാതിയില്‍ പറഞ്ഞിരുന്നു. മംഗലം ഡാമില്‍ വച്ചു പൊലീസുകാരനുള്‍പ്പെടെ നടത്തിയ ലൈംഗിക പീഡനത്തിന്റെ വീഡിയോ പ്രചരിച്ചതിന്റെ വിവരങ്ങള്‍, അതു പൊലീസിനുണ്ടാക്കുന്ന നാണക്കേട് ചൂണ്ടിക്കാണിച്ചതിന് അനുഭവിക്കേണ്ടിവന്ന ഒറ്റപ്പെടല്‍, ഭാര്യയെ ഉപേക്ഷിച്ചു സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരിയെ ഭാര്യയാക്കിയ വ്യാപാരിയുമായുള്ള സൗഹൃദം ദുരുപയോഗം ചെയ്ത് ആ സ്ത്രീയുമായി ബന്ധം സ്ഥാപിച്ച പൊലീസുകാരനെ വ്യാപാരി കയ്യോടെ പിടിച്ച വിവരം, സമന്‍സുമായ പോയ വീട്ടിലെ സ്ത്രീയെ കയറിപ്പിടിച്ച പൊലീസുകാരനെ രക്ഷിക്കാന്‍ പൊലീസ് കൂട്ടുനിന്നത്, സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ ചില രാഷ്ട്രീയക്കാര്‍ തുക പറഞ്ഞുറപ്പിച്ച് രക്ഷിച്ചത് തുടങ്ങി പുറംലോകമറിയാത്തതും പൊലീസിനുള്ളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ നിരവധി നിയമവിരുദ്ധ കാര്യങ്ങളെക്കുറിച്ചാണ് തെളിവുകള്‍ സഹിതം വിശദീകരിച്ചത്. ഡി.വൈ.സ്.പിയും സി.ഐയും ഉള്‍പ്പെടെ പണം വാങ്ങുന്നതിനെക്കുറിച്ച് അവര്‍ക്ക് പണം വാങ്ങിക്കൊടുക്കുന്ന ഇടനിലക്കാര്‍ പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടിനൊപ്പം ഇന്റലിജന്‍സ് ഡയറക്ടറുടെ കയ്യിലെത്തി. 

അന്വേഷണത്തില്‍ ഈ വിവരങ്ങളെല്ലാം ശരിയാണെന്നു കണ്ടെത്തി. പല തലങ്ങളിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുടെ വക്കിലെത്തുകയും ചെയ്തു. പക്ഷേ, പിന്നീട് അന്വേഷണം പോയ വഴിയറിയില്ല. അന്വേഷണ ഉത്തരവിട്ട ഇന്റലിജന്‍സ് ഡയറക്ടറും പിന്നീട് ആ കാര്യത്തില്‍ താല്പര്യം കാണിച്ചില്ല. ഒരു പ്രമുഖ സമുദായ സംഘടനയുടെ പേരെടുത്തു പറഞ്ഞാണ് അന്വേഷണം അട്ടിമറിക്കാന്‍ നടന്ന ഇടപെടലുകളെക്കുറിച്ച് ദിനേശന്‍ വിശദീകരിക്കുന്നത്. അന്വേഷണം ഇല്ലാതായതിനു പിന്നാലെ ദിനേശനു നേരെ ആരോപണ വിധേയരായ ഉന്നതരില്‍നിന്നു ഭീഷണിയുണ്ടായി: ''ഇങ്ങനെയൊരു കാര്യം ചെയ്ത പൊലീസുകാരനെ സര്‍വ്വീസില്‍ വച്ചേക്കില്ല.'' ഒരു മാസത്തിനുള്ളില്‍ അവര്‍ അതു നടപ്പാക്കി. ദിനേശനുള്‍പ്പെടെ 'വിമത'രായ അഞ്ചു പേരില്‍ നാലുപേരെ 2013 ഡിസംബര്‍ ഒടുവില്‍ സര്‍വ്വീസില്‍നിന്നു പിരിച്ചുവിട്ടു. രണ്ട് ഉണ്ണിക്കൃഷ്ണന്മാരില്‍ ഒരാള്‍ പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയുമായിരുന്ന സി.എന്‍. ബാലകൃഷ്ണന്റെ ബന്ധുവായിരുന്നതുകൊണ്ട്  നടപടിയില്‍നിന്ന് ഒഴിവായി. 

ദുരിതകാലം 
ദിനേശന്റെ ജീവിതം അലച്ചിലിന്റേയും അപമാനത്തിന്റേയും ആത്മഹത്യയുടെ വക്കിലെത്തിയ ഒറ്റപ്പെടലിന്റേയും തകര്‍ച്ചയുടേയും പോരാട്ടത്തിന്റേയും ഘട്ടത്തിലേക്കു കടക്കുകയായിരുന്നു. 

പത്രങ്ങളില്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. അതിലെല്ലാം ഇവര്‍ നാലുപേരും വില്ലന്മാര്‍; മണല്‍മാഫിയയെ സഹായിച്ചവര്‍, നല്ലവരായ സഹപ്രവര്‍ത്തകരെ ഒറ്റിയവര്‍. വാദി പ്രതിയായപ്പോള്‍ പട്ടിയെ പേപ്പട്ടിയാക്കിയതു പോലെയായി. വളഞ്ഞിട്ടു കല്ലെറിയാന്‍ എളുപ്പം. ചോദിക്കാനും പറയാനും ആരുമില്ല. വാര്‍ത്ത വന്ന പത്രങ്ങളുടെ കൂടുതല്‍ കോപ്പികള്‍ ചില ആളുകള്‍ ദിനേശന്റെ വീടിനടുത്തൊക്കെ വിതരണം ചെയ്തു. ആളുകളുടെ മുന്നില്‍ മോശമായി ചിത്രീകരിച്ചു. പരമാവധി നാണംകെടുത്തുകയും പുറത്തിറങ്ങാനാകാത്ത സ്ഥിതി ഉണ്ടാക്കുകയും തകര്‍ക്കുകയും തന്നെയായിരുന്നു ലക്ഷ്യം. ദിനേശന്റെ രണ്ട് ആണ്‍മക്കളില്‍ ഒരാള്‍ പന്ത്രണ്ടിലും ഇളയ ആള്‍ പതിനൊന്നിലുമാണ് പഠിച്ചിരുന്നത്. ആരൊക്കെയോ സ്‌കൂളില്‍ പത്രം വിതരണം ചെയ്തു. ''അച്ഛനെ പുറത്താക്കി കേട്ടോ ഇനി പഠിക്കാനൊന്നും പറ്റില്ല'' എന്നു കുട്ടികളോടുതന്നെ ചിലര്‍ പറഞ്ഞു. ചില പൊലീസുകാരും വിവാദ സമ്പന്നന്റെ ജോലിക്കാരുമൊക്കെ ആ സംഘത്തിലുണ്ടായിരുന്നു. നേര്‍വഴി എന്ന സംഘടന ദിനേശന്റെ വീടിനടുത്ത് കാഞ്ഞാണി ജംഗ്ഷനില്‍ പൊതുയോഗം നടത്തി. മണല്‍ മാഫിയയ്ക്ക് ഒത്താശ ചെയ്തതിനാണ് പുറത്താക്കിയത്; ഇവനൊന്നും ഇനി തിരിച്ചു കയറില്ല എന്നൊക്കെയാണ് മൈക്കു കെട്ടി പറഞ്ഞത്. തിരിച്ചു പറയാനും സത്യം പുറത്തുകൊണ്ടുവരാനും വഴികളൊന്നും കണ്ടില്ല. പൊലീസില്‍നിന്നു പുറത്താക്കുകയും പൊതുയോഗം നടത്തുകയും ചെയ്യുന്നെങ്കില്‍ അതിനു കാരണമുണ്ടാകും എന്നും നാട്ടുകാര്‍ വിശ്വസിച്ചത് സ്വാഭാവികം. 

കുട്ടികള്‍ മാനസിക സംഘര്‍ഷം പുറത്തേയ്ക്കു കാണിച്ചു തുടങ്ങി. ഭാര്യയ്ക്കും സഹിക്കാന്‍ കഴിയുന്നതിന് അപ്പുറമായി കാര്യങ്ങള്‍. ''നിങ്ങള്‍ 24 മണിക്കൂറും ജോലീന്നു പറഞ്ഞു നടന്നിട്ടിപ്പോള്‍ ഞങ്ങള്‍ക്കും കൂടി പുറത്തിറങ്ങാന്‍ പറ്റാത്ത നിലയിലായി. എനിക്ക് കുട്ടികളെ സംരക്ഷിച്ചേ പറ്റുകയുള്ളു'' എന്നു പറഞ്ഞു മക്കളുമായി ഭാര്യ അവരുടെ വീട്ടിലേക്കു പോയി. ''ഞാനും ഭാര്യയും തമ്മില്‍ വേറെ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. പക്ഷേ, അവര്‍ക്ക് വേറെ നിവൃത്തിയുണ്ടായിരുന്നില്ല'' ദിനേശന്റെ വാക്കുകള്‍. വഴിയിലൊക്കെ വലിയ ഫ്‌ലക്‌സുകളാണ് ദിനേശനെതിരെ നുണപ്രചരണം നടത്താന്‍ കെട്ടിയത്. വന്‍തുക തന്നെ മുടക്കിയാണ് ഇല്ലാതാക്കാന്‍ ശ്രമിച്ചതെന്നു ദിനേശനു സംശയമില്ല. അവര്‍ക്ക് സ്വന്തം നില ഭദ്രമാക്കുകയും ചെയ്യുന്ന കാര്യങ്ങളുമായി മുന്നോട്ടു പോകുകയും വേണ്ടിയിരുന്നു. അതിനു തടസ്സം നിന്നത് പൊലീസുകാരനാണെങ്കില്‍ അയാളെ ഒഴിവാക്കാനുള്ള പല ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇതെല്ലാം. ഒരു പ്രാദേശിക പത്രം ദിനേശനെ പരമാവധി മോശമാക്കിയും മണല്‍മാഫിയയുടെ ആളായി ചിത്രീകരിച്ചും പ്രത്യേക സപ്ലിമെന്റ് ഇറക്കി. എഴുതിയതൊന്നുമല്ല സത്യമെന്നു പറയാന്‍ അവരുടെ ഓഫീസില്‍ ചെന്നപ്പോള്‍ അവര്‍ കൈമലര്‍ത്തി. ''നിങ്ങളെ പുറത്താക്കി എന്നുള്ളത് ശരിയാണല്ലോ. അതേ ഞങ്ങള്‍ എഴുതിയിട്ടുള്ളൂ. ബാക്കിയൊക്കെ നിങ്ങള്‍ക്കറിയാമല്ലോ'' എന്നു പറയുകയും ചെയ്തു. കാര്യങ്ങള്‍ വ്യക്തമായിരുന്നു. 

ഇതിനിടയില്‍ സംഭവിച്ച ആശ്വാസകരമായ ഒരു കാര്യം, മണലൂര്‍ സ്‌കൂളിലെ അധ്യാപകര്‍ കുട്ടികളെ തേടി വീട്ടില്‍ ചെല്ലുകയും അവരുടെ മാനസിക സംഘര്‍ഷത്തിനു പരിഹാരം തേടി മനശ്ശാസ്ത്ര കൗണ്‍സലറുടെ അടുത്തു കൊണ്ടുപോവുകയും ചെയ്തു എന്നതായിരുന്നു. അതിനു ഫലമുണ്ടായി. പ്രത്യേകിച്ചും മൂത്ത മകന്റെ കാര്യത്തില്‍. ഇളയ ആള്‍ ഇപ്പോഴും ചിലപ്പോള്‍ അന്നത്തെ അതേ ദേഷ്യം പ്രകടിപ്പിക്കും. അച്ഛന്‍ മോശമായിട്ടെന്തോ ചെയ്ത ആളാണ് എന്നു കുറേ ആളുകള്‍ തുടര്‍ച്ചയായി മനസ്സില്‍ കുത്തിവച്ച വിഷം അവനെ അത്രയ്ക്ക് ഉലച്ചു. മൂത്ത മകന്റെയത്ര വേഗം സാധിച്ചില്ലെങ്കിലും ആ ആഘാതത്തില്‍നിന്നു രണ്ടാമനും പുറത്തു വരുന്നതും കാത്തിരിക്കുകയാണ് ആ കുടുംബം. ദിനേശനെതിരായ നടപടിയുടേയും അതിന്റെ കാരണങ്ങളുടേയും ശരിതെറ്റുകള്‍ അറിയാത്തതുകൊണ്ട് അതിലേക്ക് അധ്യാപകര്‍ പോയില്ല. പക്ഷേ, മക്കളെ രക്ഷിച്ചെടുത്തു എന്നത് അവര്‍ ചെയ്ത വലിയ കാര്യമാണ് എന്നു പറയുമ്പോള്‍ അതു വരെ ഇടറാതിരുന്ന ദിനേശന്റെ ശബ്ദം ഇടറി. ഭാര്യവീട്ടില്‍ അവരുടെ ബന്ധുക്കളുടെ ഇടപെടലുമുണ്ടായി. ''ഇത്തരം സാഹചര്യങ്ങളും കേസും നടപടിയുമൊക്കെ പലരുടെ ജീവിതത്തിലും ഉണ്ടായെന്നു വരും. ദൗര്‍ഭാഗ്യത്തിന് അത് ഇപ്പോള്‍ നിങ്ങള്‍ക്കായി. പക്ഷേ, അതിന്റെ പേരില്‍ പിരിഞ്ഞിരുന്നിട്ടു കാര്യമുണ്ടോ. നിയമപരമായി പൊരുതുകയല്ലാതെ എന്തു വഴി'' എന്ന ചോദ്യം. ആറേഴു മാസങ്ങള്‍ കൊണ്ടാണെങ്കിലും അതിനു ഫലമുണ്ടായി. ഭാര്യ മക്കളുമായി തിരിച്ചുവന്നു. 

സിറ്റി പൊലീസ് കമ്മിഷണറായ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയെ കണ്ട് നിരപരാധിത്വം വെളിപ്പെടുത്താന്‍ ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍, ''അയാള്‍ മണല്‍ മാഫിയക്കാരനല്ലേ, എനിക്കു കാണണ്ട'' എന്നായിരുന്നു പ്രതികരണം.

ദാരുണമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നതിനിടെ പണം കടം നല്‍കിയിരുന്നവര്‍ തിരിച്ചു ചോദിക്കാനും തുടങ്ങി. വീടുവയ്ക്കാനുള്‍പ്പെടെ പലരില്‍ നിന്നായി കടം വാങ്ങിയിരുന്നു. ദിനേശന്‍ വലിയ കുഴപ്പത്തിലേക്കാണു പോകുന്നത് എന്നും പണം നഷ്ടപ്പെടുമെന്നും ആരൊക്കെയോ അവരെ എരികയറ്റി. ആളുകള്‍ വീട്ടില്‍ വന്നു ജോലിയുടെ കാര്യങ്ങളും കേസിന്റെ കാര്യങ്ങളുമൊക്കെ അലിവോടെ ചോദിച്ച ശേഷമാണ് കടം കൊടുത്ത പണം തിരിച്ചു കിട്ടിയേ പറ്റൂവെന്ന് അറിയിച്ചത്. വലിയ പലിശക്കാരില്‍നിന്നു കടം വാങ്ങി അവരുടെയൊക്കെ കടം വീട്ടേണ്ടിവന്നു. വേറെ വഴിയുണ്ടായിരുന്നില്ല. 

ഇതിനിടയിലാണ് ആത്മഹത്യ ചെയ്യാനുറച്ചതും യാദൃച്ഛികമായി അതു നടക്കാതെ പോയതും. അപ്പോഴേക്കും മൂത്ത മകന്‍ എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് എഴുതി സ്വകാര്യ കോളേജില്‍ പ്രവേശനത്തിനു യോഗ്യത നേടിയിരുന്നു. അവിടെ ചേരുന്നതിന് ഒന്നേകാല്‍ ലക്ഷം രൂപ സംഘടിപ്പിച്ചു വച്ചിരിക്കുമ്പോഴാണ് ഒരു ലക്ഷം രൂപ മുന്‍പ് കടം കൊടുത്തയാള്‍ വീട്ടില്‍ വന്നു പണം ചോദിച്ച് ദേഷ്യപ്പെട്ടത്. നല്ല സാമ്പത്തിക ഭദ്രതയുള്ള സുഹൃത്താണ്, നിനക്ക് ഉണ്ടാകുന്ന സമയത്ത് തന്നാല്‍ മതി എന്നു പറഞ്ഞ് വീടുപണിക്ക് കൊടുത്തതാണ്. പക്ഷേ, സാഹചര്യം മാറിയപ്പോള്‍ അയാള്‍ നിലപാട് മാറ്റി. ഉടന്‍ പണം കിട്ടണമെന്നായി. ഫീസടയ്ക്കാന്‍ വച്ചിരുന്നതില്‍നിന്ന് ഒരു ലക്ഷം രൂപ മകന്‍ അയാള്‍ക്ക് എടുത്തുകൊടുത്തു: ''അച്ഛനെ വഴക്ക് പറയണ്ട, ചേട്ടന്റെ കാശിതാ കൊണ്ടുപൊയ്‌ക്കൊള്ളൂ'' എന്നും പറഞ്ഞു. അയാള്‍ പോയ പിന്നാലെ മകന്‍ ദിനേശന്റെ ഗള്‍ഫിലുള്ള അനിയനെ വിളിച്ച് പറഞ്ഞു'' ''പാപ്പാ, എനിക്ക് അവിടെയൊരു ജോലി കിട്ടുമോന്നു നോക്കണം. പഠിക്കാനൊന്നും ഇനി പോകാന്‍ പറ്റില്ല.'' അനിയന്‍ അപ്പുറത്ത് ആശ്വസിപ്പിക്കുന്നതു മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, ദിനേശന്റെ മനസ്സ് തകര്‍ന്നു. ബാറില്‍ പോയി മദ്യപിച്ചു. തിരിച്ചു വീട്ടിലെത്തി ജീവിതം അവസാനിപ്പിക്കണം എന്നായിരുന്നു മനസ്സില്‍. പക്ഷേ, മദ്യപിച്ചു നില തെറ്റാറില്ലാത്ത ദിനേശന് അന്നു പരിധി വിട്ടു. അത്രയ്ക്കായിരുന്നു സങ്കടവും നിരാശയും. ഓട്ടോറിക്ഷക്കാരന്‍ വീട്ടിലെത്തിക്കുമ്പോള്‍ ബോധമുണ്ടായിരുന്നില്ല. അന്ന് ആ അവസ്ഥയിലായിരുന്നില്ലെങ്കില്‍  ഇന്നു താന്‍ ഉണ്ടാകുമായിരുന്നില്ല എന്ന് ദിനേശന്‍ പറയുന്നു. അത്രയ്ക്ക് ഉറച്ച തീരുമാനമെടുത്തിരുന്നു. 

മകന്റെ വിളിയും സംസാരവുമെല്ലാം കേട്ടിട്ട് അടങ്ങിയിരിക്കാന്‍ കഴിയാതെ അനിയന്‍ പിറ്റേന്നുതന്നെ ഗള്‍ഫില്‍ നിന്നെത്തി. ഇരുന്നയിരിപ്പില്‍ പറന്നുവരാനുള്ള വലിയ സാമ്പത്തിക സ്ഥിതിയൊന്നുമുണ്ടായിട്ടല്ല. പക്ഷേ, ചേട്ടന്റെ കുടുംബത്തിനു തന്റെ സാന്നിധ്യം ആവശ്യമുള്ള സമയമാണ് എന്നു തോന്നി. പണം സംഘടിപ്പിച്ച് മകനെ എന്‍ജിനീയറിംഗ് കോളേജില്‍ ചേര്‍ക്കുകയും ചെയ്തു. അയാളോടും നാട്ടുകാരൊക്കെ പറഞ്ഞുകേള്‍പ്പിച്ചത് അവര്‍ മനസ്സിലാക്കിയതു പോലെയാണ്. ചേട്ടന്‍ മണല്‍ മാഫിയയുടെ ആളാണ്. കുഴപ്പക്കാരനാണ് എന്നൊക്കെ. പക്ഷേ, രക്തത്തിനു രക്തത്തെ മനസ്സിലാക്കാതിരിക്കാനാകില്ലായിരുന്നു. ചേട്ടനോട് ചോദിച്ച് സത്യാവസ്ഥ മുഴുവന്‍ മനസ്സിലാക്കി. ''എന്താ വഴി? കേസ് നടത്തിയിട്ടു കാര്യമുണ്ടോ?'' എന്നു ചോദിച്ചു. കാര്യമുണ്ടെങ്കില്‍ എത്ര കാശ് വേണമെങ്കിലും നമുക്ക് ചെലവാക്കാം'' എന്നും പറഞ്ഞു. 

ഈ ദിവസങ്ങളില്‍ ജോസഫും ഗംഗാധരനും ഉണ്ണിക്കൃഷ്ണനും പലവിധത്തില്‍ ദിനേശന്‍ അനുഭവിക്കുന്ന അതേ പ്രശ്‌നങ്ങളില്‍ക്കൂടി കടന്നുപോവുകയായിരുന്നു. ജോസഫ് ഒരു ദിവസം രാത്രി വൈകി ദിനേശനെ വിളിച്ചു പറഞ്ഞു, എടാ ഞാനിന്ന് അവസാനിപ്പിക്കാന്‍ പോവുകയാ, ഇനി ജീവിക്കാന്‍ വയ്യ. 

ദിനേശന്‍ അപ്പോള്‍ത്തന്നെ ബൈക്കെടുത്തു പാഞ്ഞു ചെന്നപ്പോള്‍ വിഷക്കുപ്പിയുമായി വല്ലാത്തൊരു മൂഡില്‍ നില്‍ക്കുകയാണ് കൂട്ടുകാരന്‍. അനിയന്‍ വന്നു നല്‍കിയ ധൈര്യത്തിന്റെ ഊര്‍ജ്ജമുണ്ടായിരുന്നു. അതുകൊണ്ട് ജോസഫിനേയും കുടുംബത്തേയും ആശ്വസിപ്പിക്കാന്‍ കഴിഞ്ഞു. ''നമ്മള്‍ തളര്‍ന്നുപോയിട്ടു കാര്യമില്ല. പിടിച്ചുനില്‍ക്കാം, പൊരുതാം.'' 

തിരിച്ചുവരവ് 
പക്ഷേ, അടുത്ത ദിവസം നാലുപേരും കൂടിയാലോചിച്ചപ്പോള്‍ ദിനേശനൊഴികെയുള്ളവരുടെ മനസ്സ് നിയമപരമായി പൊരുതാന്‍ പാകമായിരുന്നില്ല. ''നമ്മളെ ഇല്ലാതാക്കാനുറച്ചാണ് അവരിതൊക്കെ ചെയ്തത്. നമ്മള്‍ ഇനിയും ആറും ഏഴും വര്‍ഷം സര്‍വ്വീസുള്ളവരാണ്. എവിടെയെങ്കിലുമൊക്കെയിട്ട് അവര്‍ പൂട്ടും'' എന്നായിരുന്നു മൂന്നു പേരുടേയും നിലപാട്. ചില അഭിഭാഷകരെ കണ്ട് ദിനേശന്‍ സംസാരിച്ചിരുന്നു. വകുപ്പുതലത്തില്‍ ഉണ്ടാക്കിവച്ചിരിക്കുന്ന ഈ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതായിരിക്കും നല്ലത് എന്നായിരുന്നു അവര്‍ പൊതുവേ പറഞ്ഞത്. കോടതിയില്‍ പോയാല്‍ ഒരുപാട് പണച്ചെലവുണ്ടാകും, സമയവുമെടുക്കും എന്നും പറഞ്ഞു. അതനുസരിച്ചു പരിചയമുള്ള ചില കോണ്‍ഗ്രസ്സ് നേതാക്കളെ കൂട്ടി തിരുവനന്തപുരത്ത് പലവട്ടം പോയി. ഡി.ജി.പി മുതല്‍ പലരേയും കണ്ടു. മണല്‍ മാഫിയ ബന്ധത്തെക്കുറിച്ചുള്ള ആരോപണം എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ അവരൊക്കെ കൈയൊഴിഞ്ഞു. ഓരോ തവണ പോകുമ്പോഴും നല്ല തുക ചെലവായി. ആദ്യമൊക്കെ കാറ് വിളിച്ചുപോയി. പിന്നെ ട്രെയിനില്‍ എ.സി കമ്പാര്‍ട്ടുമെന്റിലായി. നേതാക്കന്മാര്‍ വരുന്നത് ഈ കാര്യത്തിനു മാത്രമായിരിക്കില്ല. അവരുടെ മറ്റു കാര്യങ്ങള്‍ക്കൊക്കെ കൂടെ കയറിയിറങ്ങണം. വരുന്നവര്‍ക്ക് ഈ കാര്യത്തില്‍ ആത്മാര്‍ത്ഥത ഇല്ലാഞ്ഞിട്ടല്ല. പക്ഷേ, ഫലമുണ്ടായില്ല. പിന്നെപ്പിന്നെ അതു വേണ്ടെന്നു വച്ചു. അപ്പോഴേക്കും പുറത്തുനില്‍ക്കാന്‍ തുടങ്ങിയിട്ട് രണ്ടു മാസമായിരുന്നു. പല വാതിലുകള്‍ മുട്ടി നാണം കെടുന്നതിനു പകരം കോടതിയുടെ വാതില്‍ മുട്ടി നോക്കുക തന്നെ എന്ന് ആലോചന വീണ്ടും ശക്തമായി. അതിനു മുന്‍പാണ് ഒരു സുഹൃത്തിന്റെ ഉപദേശപ്രകാരം തൃശൂര്‍ റേഞ്ച് ഐ.ജി എസ്. ഗോപിനാഥിനു പരാതി നല്‍കിയത്. അതിനു ഫലമുണ്ടായി. നാലു പേരേയും തിരിച്ചെടുത്തു. പക്ഷേ, രണ്ട് വര്‍ഷത്തേക്കു ശമ്പള വര്‍ധനവ് തടഞ്ഞു. പിരിച്ചുവിട്ട നടപടിക്കെതിരെ ദിനേശന്‍ കോടതിയില്‍ പോയേക്കുമെന്നു മനസ്സിലായതുകൊണ്ടാണ് തിരിച്ചെടുത്തത് എന്നാണ് മനസ്സിലാകുന്നത്. കോടതിയില്‍ പോയാല്‍ എല്ലാവരും കുടുങ്ങുമെന്നും ദിനേശനെ പുറത്താക്കാന്‍ കരുനീക്കിയവര്‍ തന്നെ ഭയന്നിട്ടുണ്ടാകണം. 
തിരിച്ചെടുത്തു നിയമിച്ചുകൊണ്ടുള്ള ഉത്തരവ് വാങ്ങാന്‍ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസില്‍ പോയപ്പോഴാണ് കാത്തിരിക്കുന്നത് വലിയ കെണികളാണ് എന്നറിഞ്ഞത്. കമ്മിഷണര്‍ ഉപരാഷ്ട്രപതിയുടെ സന്ദര്‍ശന ഡ്യൂട്ടിയിലായിരുന്നതുകൊണ്ട് അഡ്മിനിസ്ട്രേഷന്‍ ഡി.വൈ.എസ്.പിയെ കണ്ടു. പരിചയമുള്ള ഓഫീസറാണ്. ദിനേശന്‍ വന്ന കാര്യം കമ്മിഷണറെ അദ്ദേഹം ഫോണില്‍ അറിയിച്ചപ്പോള്‍ ഉണ്ടായ പ്രതികരണം ''അവന്‍ നമ്മുടെ ഡി.വൈ.എസ്.പിക്കും സി.ഐക്കുമൊക്കെ എതിരെ പരാതി കൊടുത്തവനാണ്. ഒരു പണി കൊടുക്കണം, അവനെ നമുക്കു കൊടുങ്ങല്ലൂരില്‍ പോസ്റ്റ് ചെയ്യാം'' എന്നായിരുന്നു. മേലുദ്യോഗസ്ഥര്‍ക്കു പരാതി കൊടുത്ത പൊലീസുകാരനല്ലേ, പണി പഠിക്കട്ടെ എന്നും പറഞ്ഞു. ഇതെല്ലാം ദിനേശനു മനസ്സിലാകുന്നുണ്ട്. കൊടുങ്ങല്ലൂരില്‍ അപ്പോള്‍ സുരേന്ദ്രനാണ് സി.ഐ. അയാളുടെ കീഴില്‍ കിട്ടിയാല്‍ എന്താകുമെന്ന് ഊഹിക്കാന്‍ പോലും വയ്യ. 
ദിനേശനേയും മറ്റും മനപ്പൂര്‍വ്വം പൊലീസിലെ ചിലര്‍ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും അതിന് ഉന്നതരില്‍ ചിലര്‍ കൂട്ടുനില്‍ക്കുന്നുണ്ടെന്നും അറിയാവുന്ന കമ്മിഷണറാഫീസിലെത്തന്നെ ഉദ്യോഗസ്ഥര്‍ ഉപദേശിച്ചത് കൊടുങ്ങല്ലൂരേക്ക് പോകുന്നതിനു പകരം മെഡിക്കല്‍ ലീവ് എടുക്കാനായിരുന്നു. പറഞ്ഞതൊക്കെ സത്യമാണെങ്കിലും പൊലീസായി ഇരുന്നുകൊണ്ട് അതൊക്കെ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് എന്നും അവര്‍ അഭിപ്രായപ്പെട്ടു. ഏതായാലും കൊടുങ്ങല്ലൂര്‍ സ്റ്റേഷനില്‍ ജോയിന്‍ ചെയ്തു. അവിടെ എസ്.ഐ പത്മരാജന്‍ ആണ്. ഹൈവേ പട്രോളിംഗില്‍ ഇട്ടു. 15 ദിവസത്തെ ഹൈവേ ഡ്യൂട്ടി കഴിഞ്ഞ് വീണ്ടും സ്റ്റേഷന്‍ ഡ്യൂട്ടിക്ക് ചെന്നു. 

ദിനേശനു വരാനുള്ളതൊന്നും വഴിയില്‍ തങ്ങാതെ കൃത്യമായി വന്നുചേര്‍ന്നുകൊണ്ടിരുന്നു. ഒരു ഉദാഹരണം ഇതാണ്: മൂന്നു ദിവസം കഴിഞ്ഞ് ജനുവരി 26-ന് മേത്തല എന്ന സ്ഥലത്ത് ഒരു വടംവലി മത്സരവുമായി ബന്ധപ്പെട്ട് ബി.ജെ.പി-സി.പി.എം സംഘര്‍ഷമുണ്ടായി. പിറ്റേന്ന് രാവിലെ ബി.ജെ.പിക്കാര്‍ സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. ഡ്യൂട്ടിക്ക് ചെല്ലുമ്പോള്‍ അവര്‍ സ്റ്റേഷന്‍ വളഞ്ഞിരിക്കുകയാണ്. ഒരാളെ എസ്.ഐ കുനിച്ചുനിര്‍ത്തി ഇടിക്കുന്നു. അകത്തല്ല, സ്റ്റേഷന്റെ മുന്നിലെ ഇറയത്താണത്. അയാള്‍ക്കു നില്‍ക്കാനൊന്നും വയ്യ. മര്‍ദ്ദനം നിര്‍ത്തിയപ്പോള്‍ തളര്‍ന്നു വീണ അയാളെ രണ്ടു പൊലീസുകാര്‍ എടുത്തുകൊണ്ടുപോയി ഭിത്തിയില്‍ ചാരി ഇരുത്തി. ജി.ഡി ചുമതലയാണ് കിട്ടിയത്. ജി.ഡി ചുമതല കൈമാറിയ തലേന്നു രാത്രിയിലെ ജി.ഡി ചുമതലക്കാരന്‍ പറഞ്ഞു, ''തലേന്നത്തെ തല്ലുമായി ബന്ധപ്പെട്ടാണ് അയാളെ പിടിച്ചു കൊണ്ടുവന്നിരിക്കുന്നത്. പേര് ഷെല്ലി. തല്ലില്‍ അയാളില്ല. പക്ഷേ, ആരൊക്കെയാണ് അതില്‍ ഉള്‍പ്പെട്ടിട്ടുള്ളത് എന്ന് ബി.ജെ.പിക്കാരനായ അയാള്‍ക്കറിയാം. അതു ചോദിക്കാനാണ് പിടിച്ചുകൊണ്ടുവന്നത്. ഇന്നലെ രാത്രി രണ്ടുവട്ടം എസ്.ഐ ഇഷ്ടികകെട്ടി അയാളെ ഇടിച്ചിട്ടുണ്ട്. അതില്‍ കാര്യമായ പരിക്കും പറ്റിയിട്ടുണ്ട്. അതുകൊണ്ട് അയാളുമായി ബന്ധപ്പെട്ട കാര്യത്തില്‍ സൂക്ഷിച്ചും കണ്ടും നിന്നുകൊള്ളണം.''

ബി.ജെ.പിക്കാര്‍ അക്രമാസക്തരായി നില്‍ക്കുകയാണ്. കസ്റ്റഡിയിലെടുത്തയാളെ വിട്ടയയ്ക്കണം എന്നാണ് ആവശ്യം. അവരെ എസ്.ഐ കൈത്തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയിട്ട് ജീപ്പെടുത്ത് പോയി. സ്ഥിതിഗതികള്‍ മോശമാണ് എന്നു മനസ്സിലാക്കി പൊലീസുകാരില്‍ ഭൂരിഭാഗവും പലവിധത്തില്‍ തടിതപ്പി. നാലു പേര്‍ മാത്രമേ ബാക്കിയുണ്ടായുള്ളു. ദിനേശനും സ്റ്റേഷന്‍ റൈറ്ററും പാറാവു പൊലീസുകാരനും പാറാവ് ഡ്യൂട്ടി മാറി ചുമതലയേല്‍ക്കാന്‍ എത്തിയ പൊലീസുകാരനും. ബി.ജെ.പിയുടെ ജില്ലാ നേതാക്കളടക്കം അഞ്ചു പേര്‍ അകത്തേക്കു കയറി. ഞങ്ങള്‍ടെ പ്രവര്‍ത്തകനെ തല്ലിയ നിങ്ങളെ കാണിച്ചുതരാം എന്ന് അവര്‍ മേശപ്പുറത്ത് ഇടിച്ചു പറഞ്ഞു. ഒരക്ഷരം മറുത്തു പറഞ്ഞാല്‍ അടിവീഴുന്ന അവസ്ഥ. പൊലീസുകാര്‍ സ്റ്റേഷനുള്ളില്‍ ഈയലുപോലെ വിറച്ചുനില്‍ക്കുകയാണ്. ചോദിക്കാനും പറയാനും ഉത്തരവാദപ്പെട്ട ആരുമില്ല. എന്നിട്ടും ദിനേശന്‍ നിരപരാധിത്വം വെളിപ്പെടുത്തി സംസാരിച്ചു. ''ഞാന്‍ രാവിലെ എട്ടരയ്ക്ക് ഡ്യൂട്ടിയില്‍ വന്നതാണ്. ഇന്നലെ രാത്രി ഞാനോ ഇപ്പോള്‍ ഇവിടെയുള്ള മറ്റാരെങ്കിലുമോ ഇവിടെയുണ്ടായിരുന്നില്ല.'' പുറത്തെ ആളുകള്‍ ഇവരൊന്നു മൂളിയാല്‍ സ്റ്റേഷനിലേക്ക് ഇരച്ചു കയറാന്‍ മടിക്കില്ല. നാട്ടുകാര്‍ ആക്രമിച്ചു പാരമ്പര്യമുള്ള സ്റ്റേഷനാണ് കൊടുങ്ങല്ലൂര്‍. ഏതായാലും ഒന്നുമുണ്ടായില്ല. ഉച്ചയോടെ എസ്.ഐ വന്ന് ഷെല്ലിയെ ആശുപത്രിയിലെത്തിച്ചു. നേരത്തെ തന്നെ എസ്.ഐ ആശുപത്രിയില്‍ച്ചെന്ന് ഡോക്ടറെ കണ്ട് സംസാരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അയാള്‍ക്ക് പരിക്കുകളോ കുഴപ്പമോ ഇല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ടാക്കി. തലേന്നത്തെ സംഘര്‍ഷത്തില്‍ പ്രതിയാക്കി കേസെടുത്ത് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡും ചെയ്തു. എസ്.ഐ തല്ലിയെന്നും തണ്ടെല്ലു പൊട്ടിയിട്ടുണ്ടെന്നും അയാള്‍ മജിസ്ട്രേട്ടിനോട് പറഞ്ഞു. ചികിത്സ നല്‍കണം എന്ന് നിര്‍ദ്ദേശിച്ചാണ് കോടതി റിമാന്‍ഡ് ചെയ്തത്. രാത്രിയില്‍ വേദന സഹിക്കാന്‍ വയ്യാതെ ജയില്‍ സെല്ലില്‍ക്കിടന്നു കരഞ്ഞ ഷെല്ലിയെ ജയിലുദ്യോഗസ്ഥര്‍ ഇരിങ്ങാലക്കുട ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മര്‍ദ്ദനത്തിന്റെ ഭീകരത മനസ്സിലാകുന്നത്. നേരെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപൊയ്ക്കൊള്ളാന്‍ അവര്‍ പറഞ്ഞു. നടക്കാനും ഇരിക്കാനും കിടക്കാനും വയ്യാത്ത സ്ഥിതിയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു മാസം കിടന്നു അയാള്‍. 

28-ന് ഓഫ് കഴിഞ്ഞ് 29-ന് രാവിലെ ഡ്യൂട്ടിക്കെത്തിയ ദിനേശന് എസ്.ഐ ഒരു മെമ്മോ കൊടുത്തു. നിങ്ങള്‍ കാരണമാണ് ബി.ജെ.പിക്കാര്‍ പ്രകടനമായി വന്നു സ്റ്റേഷനില്‍ പ്രശ്‌നമുണ്ടാക്കിയത് എന്നായിരുന്നു അതിലെ കുറ്റാരോപണം. ബി.ജെ.പിക്കാര്‍ അപ്പോഴേക്കും സ്റ്റേഷനു മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങിയിരിക്കുകയാണ്. സാര്‍ കസ്റ്റഡിയിലെടുത്തയാളെ തല്ലി തണ്ടെല്ലു പൊട്ടിച്ചതിനെതിരെ ബി.ജെ.പിക്കാര്‍ സമരം ചെയ്തതിനു ഞാനെങ്ങനെയാണ് കുറ്റക്കാരനാകുന്നത് എന്നു തിരിച്ചു ചോദിച്ചു. മറ്റു പൊലീസുകാരുടേയും പുറത്തുനിന്ന് പല കാര്യങ്ങള്‍ക്കു സ്റ്റേഷനില്‍ വന്നവരുടേയുമൊക്കെ മുന്നില്‍ വച്ച് എസ്.ഐ പത്മരാജന്‍ ദിനേശന്റെ കരണത്തടിച്ചു. കൂടെ കുറേ ചീത്തവിളിയും. നിന്നെ സര്‍വ്വീസില്‍നിന്നു റിമൂവ് ചെയ്തിട്ട് തിരിച്ചെടുത്തതല്ലേടാ എന്നൊക്കെ ആക്രോശിക്കുകയും ചെയ്തു. ദിനേശന്‍ തിരിച്ച് ഒന്നും മിണ്ടിയില്ല. തിരിച്ചടിക്കുകയോ എന്തെങ്കിലും പറയുകയോ ചെയ്താല്‍ അത് അവസരമാക്കി വീണ്ടും ബുദ്ധിമുട്ടിക്കാന്‍ പലരും കാത്തിരിക്കുന്നുണ്ട് എന്നറിയാം. കണ്ണുകള്‍ നിറഞ്ഞ് അഭിമാനത്തിനു മുറിവേറ്റ് ദിനേശന്‍ എസ്.ഐയുടെ മുന്നില്‍നിന്ന് ഇറങ്ങി. അന്നുതന്നെ ദിനേശനെ അവിടെ നിന്നു കുന്ദംകുളം സ്റ്റേഷനിലേക്കു പറപ്പിച്ചു.

മാറിത്തുടങ്ങുന്നു 
പ്രമുഖ പത്രത്തിന്റെ കുന്ദംകുളത്തെ ലേഖകന്‍ ബെന്നി ഒരു ദിവസം സ്റ്റേഷനില്‍ വന്നപ്പോള്‍ ദിനേശനുമായി സംസാരിക്കാനിടയായി. അയാള്‍ അതുവരെ ദിനേശനെ കണ്ടാല്‍ മുഖം തിരിക്കുമായിരുന്നു. അന്നു മറ്റാരും സ്റ്റേഷനില്‍ ഇല്ലാതിരുന്നതുകൊണ്ട് സംസാരിക്കേണ്ടി വന്നതാണ്. സാറിനെക്കുറിച്ച് നല്ലതൊന്നുമല്ല ഞാന്‍ കേട്ടിട്ടുള്ളത് എന്ന് ബെന്നി തുറന്നു പറഞ്ഞു. പക്ഷേ, നടന്നതൊക്കെ തുറന്നു പറഞ്ഞപ്പോള്‍ തെറ്റിദ്ധാരണ നീങ്ങി. ജില്ലാ ലേഖകന് ദിനേശനെ പരിചയപ്പെടുത്തി വിശദമായി സത്യാവസ്ഥ തുറന്നെഴുതിക്കുകയും ചെയ്തു. അതുവരെ ദിനേശന്‍ അനുഭവിച്ചതിന്റെയൊക്കെ നെല്ലും പതിരും കുറേയൊക്കെ പുറത്തുകൊണ്ടുവരാന്‍ അതു സഹായിച്ചു. ഉന്നത ഉദ്യോഗസ്ഥരടക്കം പലര്‍ക്കും ഉള്ളുകള്ളികളും കള്ളക്കളികളും മനസ്സിലായി. ഇതോടെ പൊലീസിലെ പുഴുക്കുത്തുകള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ആലോചിച്ചു. ഇന്‍ക്രിമെന്റ് തടഞ്ഞുവച്ചു പ്രശ്‌നം ഉന്നയിച്ചും എന്നാല്‍, അതിന്റെ പശ്ചാത്തലം വിശദമാക്കിയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സര്‍വ്വീസില്‍ തിരിച്ചെടുത്തത് നാലു പേരെയുമാണെങ്കിലും കോടതിയില്‍ പോകുന്നതിനെ അപ്പോഴും മറ്റുള്ളവര്‍ പിന്തുണച്ചില്ല. ദിനേശന്‍ മാത്രമാണ് പോയത്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ട്രൈബ്യൂണലില്‍ പോയി. ട്രൈബ്യൂണലിന്റെ നോട്ടീസിനു സര്‍ക്കാര്‍ നല്‍കിയ മറുപടി ദിനേശന്‍ മണല്‍ മാഫിയയുടെ ആളാണ് എന്നായിരുന്നു. വീട്ടുകാരെക്കുറിച്ച് ആലോചിച്ചിട്ടാണത്രേ തിരിച്ചെടുത്തത്. അത് ട്രൈബ്യൂണലും അതേവിധം മുഖവിലയ്ക്കെടുത്താണ് പ്രതികരിച്ചത്. പരാതി തള്ളി. അതിനെതിരെ അപ്പീല്‍ കൊടുത്തു. ഒരു വര്‍ഷത്തോളം ഒരു വിവരവുമുണ്ടായിരുന്നില്ല. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അപ്പീലില്‍ ഒരനക്കവും ഇല്ലാത്തതു ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യക്കേസ് കൊടുത്തു. സംസ്ഥാന പൊലീസ് മേധാവിയേയും ചീഫ് സെക്രട്ടറിയേയും എതിര്‍ കക്ഷികളാക്കേണ്ടിവരുമെന്നും അവര്‍ വെറുതേയിരിക്കാനിടയില്ലെന്നും അഭിഭാഷകന്‍ എന്തു വേണമെങ്കിലും നേരിടാമെന്നു ദിനേശനും പറഞ്ഞു. 

അതിന്റെ തുടര്‍ച്ചയായി സെക്രട്ടേറിയറ്റിലെ ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറി വിളിപ്പിച്ച് ഹിയറിംഗ് നടത്തി. ഒരു ലോക്കപ്പ് മര്‍ദ്ദനത്തെത്തുടര്‍ന്നുണ്ടായ സംഭവങ്ങളാണെന്നും കള്ളക്കേസാണ് തങ്ങള്‍ക്കെതിരെയുള്ളതെന്നും അവരോടു പറഞ്ഞു. നല്ല രീതിയിലൊന്നുമല്ല അവര്‍ പെരുമാറിയത്. ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. പക്ഷേ, ഒരു മാസം കഴിഞ്ഞ് അവര്‍ അയച്ച റിപ്പോര്‍ട്ട് അനുകൂലമായിരുന്നു. ആരോപിക്കപ്പെട്ട കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ദിനേശന്റെ ആനുകൂല്യങ്ങള്‍ തിരിച്ചുകൊടുക്കണം എന്നുമായിരുന്നു ശുപാര്‍ശ. 

ശ്രീജിത്തിന്റെ പേരില്‍ മണല്‍ക്കടത്തുമായി ബന്ധപ്പെട്ട ഒരു പെറ്റിക്കേസു പോലുമുണ്ടായിരുന്നില്ല. എന്നിട്ടാണ് മണല്‍ മാഫിയ എന്നു പറഞ്ഞത്. എസ്.ഐ രാത്രി വൈകി പോയി മണല്‍ പിടിച്ചു എന്നതിനു നേരെ വിരുദ്ധമാണ് ജി.ഡിയിലെ വിവരങ്ങള്‍. അതൊക്കെ അവര്‍ പരിഗണിച്ചുവെന്നു മനസ്സിലായി. ഇതൊക്കെയാണെങ്കിലും പൊതുപ്രവര്‍ത്തകനെ പൊലീസുകാരന്‍ അനാവശ്യമായി വിളിച്ചു എന്ന ആരോപണം തെളിയിക്കുന്ന കോള്‍ ഡീറ്റെയില്‍സ് ഉണ്ട് എന്നു പറഞ്ഞ് ഒരു ഇന്‍ക്രിമെന്റ് മാത്രം ഒരു വര്‍ഷത്തേക്കു തടഞ്ഞുവയ്ക്കാനും നിര്‍ദ്ദേശിച്ചിരുന്നു. കുറ്റം ചുരുക്കി, ശിക്ഷയും. ശിക്ഷാ നടപടി പൂര്‍ണ്ണമായും തെറ്റായിരുന്നു എന്ന് ഒരു സര്‍ക്കാരും അംഗീകരിക്കില്ലെന്നും അതിന്റെ ഭാഗമായി ഇതിനെ കണ്ടാല്‍ മതി എന്നും അഭിഭാഷകന്‍ പറഞ്ഞു. ശരിയാണെന്നു മറ്റുപല സുഹൃത്തുക്കളും സമ്മതിച്ചു. 

പക്ഷേ, കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ശിക്ഷയൊട്ടും അര്‍ഹിക്കുന്നില്ല എന്നുമുള്ള ഉറപ്പ് മറ്റാരെക്കാളും ദിനേശനുണ്ട്; ഭാഗികമായി കുറ്റവാളിയായി നിര്‍ത്തുന്നതില്‍ അനീതിയുണ്ടുതാനും. അതുകൊണ്ട് ആ റിപ്പോര്‍ട്ടിനെതിരേയും അപ്പീല്‍ പോകണം എന്നാണു തീരുമാനിച്ചത്. അപ്പീല്‍ കൊടുത്തു കാത്തിരിക്കുകയാണ് ദിനേശന്‍. പക്ഷേ, ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടു പുറത്തുവന്നതോടെ വലിയ ഒരു മാറ്റമുണ്ടായി. ദിനേശനെതിരെ എഴുതിയിരുന്ന മുഴുവന്‍ മാധ്യമങ്ങളും തിരിച്ചെഴുതാന്‍ തയ്യാറായി. വാര്‍ത്തകള്‍ വന്നതോടെ ദിനേശനെ അവിശ്വസിക്കുകയും അപമാനിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്ത നാട്ടുകാര്‍ അതില്‍ ഖേദിച്ചു തുടങ്ങി. പൊലീസുകാരനെതിരെ പൊലീസ് തന്നെ കൊടുത്ത വാര്‍ത്തകളെ അതേവിധം വിശ്വസിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തത് വിശ്വസിച്ചതില്‍ നാട്ടുകാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല എന്നാണ് ദിനേശന്‍ കരുതുന്നത്. പക്ഷേ, യഥാര്‍ത്ഥ മണല്‍ മാഫിയയുടെ ആളുകള്‍ കയറിയിറങ്ങി അതേ കാര്യങ്ങള്‍ പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞപ്പോള്‍ മറുത്തൊരു ചോദ്യം പോലും ഉണ്ടാകാതിരുന്നതില്‍ സങ്കടമുണ്ട്.

കാലം മാറി, കഥ മാറി 
ശത്രുക്കള്‍ അതുകൊണ്ടും വെറുതേ ഇരിക്കാന്‍ തയ്യാറായിരുന്നില്ല. മറ്റു മൂന്നു പേരും മിണ്ടാതെ തിരികെ ജോലിയില്‍ കയറി മിണ്ടാതെ ജോലിയെടുക്കുമ്പോള്‍ ദിനേശന്‍ പൊരുതുന്നത് അവരെ രോഷം കൊള്ളിച്ചു. വെട്ടിക്കുറച്ച ഇന്‍ക്രിമെന്റ് ഭാഗികമായി പുനഃസ്ഥാപിക്കുകയും അതുവഴി കുറ്റവാളിയല്ല എന്ന് അത്രത്തോളമെങ്കിലും സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തത് അവരെ പ്രകോപിപ്പിച്ചു. ഒരേസമയം അവരുടെ രോഷം ആളിക്കത്തിക്കുകയും നീതിയുടെ വെളിച്ചം കൂടുതല്‍ വെളിപ്പെടുകയും ചെയ്ത മറ്റൊന്നുകൂടിയുണ്ടായി. ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന മുഫസ്സില്‍ നാട്ടിലെത്തിയപ്പോള്‍ ദിനേശനെ അന്വേഷിച്ചു വന്നു. ''ഞാനെന്താണ് സാറിനുവേണ്ടി ചെയ്യേണ്ടത്'' എന്നു ചോദിച്ചുകൊണ്ടായിരുന്നു വരവ്. തനിക്കു പൊലീസ് മര്‍ദ്ദനമേറ്റതു മുതലുള്ള സംഭവങ്ങളിലാണ് ദിനേശനു വേട്ടയാടുന്നത് എന്നത് ആ ചെറുപ്പക്കാരനെ വിഷമിപ്പിച്ചിരുന്നു. പൊലീസ് മര്‍ദ്ദനക്കേസില്‍ ആരോപണവിധേയരായവര്‍ക്ക് വകുപ്പുതലത്തില്‍ താക്കീതു മാത്രം കൊടുക്കുകയാണ് ചെയ്തിരുന്നത്. അതവിടെ അവസാനിപ്പിക്കരുതെന്നും കോടതിയില്‍ പോകണമെന്നും ദിനേശന്‍ ഉപദേശിച്ചു. ആ സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വിവരാവകാശ നിയമം വഴി ശേഖരിച്ച് മുഫസ്സില്‍ ഹൈക്കോടതിയെ സമീപിച്ചു. അഡ്വ. സന്ധ്യാ രാജുവാണ് ഹര്‍ജി നല്‍കിയത്. മര്‍ദ്ദിച്ച എസ്.ഐക്കും പൊലീസുകാര്‍ക്കുമെതിരെ കേസെടുക്കാനായിരുന്നു കോടതി ഉത്തരവ്. പക്ഷേ, ഇതു പൂഴ്ത്തിവച്ചു നടപടി വൈകിപ്പിക്കാന്‍ ശ്രമമുണ്ടായി. മൂന്നു മാസത്തേയ്ക്കു നടപടിയുണ്ടായില്ല. അഡ്വ. സന്ധ്യാ രാജു തന്നെ പൊലീസിന്റെ ഉന്നത തലങ്ങളില്‍ ഇടപെട്ടപ്പോഴാണ് ഹൈക്കോടതി വിധി പുറത്തെടുത്തതും അവര്‍ക്കെതിരെ കേസെടുത്തതും.
ഈ കേസില്‍ മൊഴി കൊടുക്കാതിരിക്കുന്നതിന് ശ്രീജിത്തിന്റെ മേല്‍ വലിയ ഇടപെടലും സമ്മര്‍ദ്ദവുമുണ്ടായി. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ശ്രീജിത്തിനെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി. ശ്രീജിത്തിന്റെ കുടുംബപ്രശ്‌നം മുതലെടുത്ത് ശ്രീജിത്തിനെതിരെ ഭാര്യയെക്കൊണ്ട് പരാതി കൊടുപ്പിച്ചു. സുഹൃത്ത് എന്ന നിലയില്‍ കുടുംബപ്രശ്‌നത്തില്‍ ദിനേശന്‍ ഇടപെട്ട് മധ്യസ്ഥതയ്ക്കു ശ്രമിച്ചിരുന്നു. അതിന്റെ പേരില്‍ ദിനേശന്‍ ഭീഷണിപ്പെടുത്തി എന്ന മറ്റൊരു പരാതിയുമുണ്ടായി. ആ പരാതിക്കു പിന്നില്‍ പ്രാദേശിക പൊലീസില്‍ വലിയ ഗൂഢാലോചനയാണ് നടന്നതെന്ന് ദിനേശന്‍ പറയുന്നു. ശ്രീജിത്തിന്റെ ഭാര്യയുടെ പരാതിയുടെ പേരിലും മെമ്മോ കിട്ടി. ഭാര്യയേയും ഭര്‍ത്താവിനേയും ഒന്നിപ്പിക്കാനും ഒരു കുടുംബം തകരുന്നത് ഒഴിവാക്കാനുമാണ് താന്‍ ഇടപെട്ടതെന്ന് സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് നേരില്‍ കണ്ടു വിശദീകരിച്ചു. ഇതു തന്നെ പൂട്ടാനുള്ള കള്ളക്കേസാണ്. ഇനിയും കള്ളക്കേസും നടപടിയുമുണ്ടായാല്‍ കോടതിയില്‍ പോകുമെന്നും പറഞ്ഞു. ഉറച്ച നിലപാട് കണ്ടിട്ടാകണം താക്കീതില്‍ മാത്രം നടപടി ഒതുങ്ങി. 
ഇനിയും ഒരു വര്‍ഷംകൂടി മാത്രമാണ് സര്‍വ്വീസ്. ഇതിനിടയില്‍ ന്യായമായി ലഭിക്കേണ്ട എ.എസ്.ഐ പ്രമോഷന്‍ തടഞ്ഞു. ഈ ഗവണ്‍മെന്റ് വന്നപ്പോള്‍ അതു കൂടുതല്‍ തടഞ്ഞുവയ്ക്കാന്‍ പറ്റാതായി. എ.എസ്.ഐ പ്രമോഷനും എസ്.ഐ പ്രമോഷനും ഒറ്റയടിക്കു കൊടുത്തു. 


സര്‍വ്വീസിലിരുന്നുകൊണ്ട് ഇത്രയും സത്യങ്ങള്‍ തുറന്നു പറയുന്നതും പ്രസിദ്ധീകരിച്ചു വരുന്നതും വീണ്ടും കുഴപ്പങ്ങള്‍ക്കു വഴിവയ്ക്കുമെന്ന് ഭയക്കുന്നില്ലേ എന്നു ഞങ്ങള്‍ ചോദിച്ചു. ''ഇപ്പോള്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് വ്യാജമായി ആര്‍ക്കെതിരേയും രേഖയുണ്ടാക്കാനുള്ള ധൈര്യമില്ല. യു.ഡി.എഫിന്റെ കാലത്തെപ്പോലെ ഒരു കളിയും ഇപ്പോള്‍ നടക്കില്ല. അടിത്തട്ടില്‍ പലതും നടക്കുന്നുണ്ടാകണം. പക്ഷേ, ഭയമുണ്ട്. മുകളിലേക്ക് പരാതി ചെന്നുകഴിഞ്ഞാല്‍ നടപടിയുണ്ടാകും'' എന്ന് ദിനേശന്റെ മറുപടി. ''മുഫസ്സിലിന്റെ ഹര്‍ജിയിലെ ഹൈക്കോടതി വിധി നടപ്പാക്കി കുറ്റക്കാരായ പൊലീസുകാര്‍ക്ക് ന്യായമായ ശിക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കിയിരിക്കുകയാണ്. സത്യസന്ധമായ അന്വേഷണവും നടപടിയുമുണ്ടാകണമെന്ന് മുഫസ്സലിന്റെ കുടുംബത്തിന്റെ മുന്നില്‍ വച്ചുതന്നെ അദ്ദേഹം ഉന്നത ഉദ്യോഗസ്ഥനെ വിളിച്ചു നിര്‍ദ്ദേശം നല്‍കി. പൊലീസിന്റെ കൊള്ളരുതായ്മകളെക്കുറിച്ച് മുഖ്യമന്ത്രിക്കു പരാതി കിട്ടിയാല്‍ കര്‍ക്കശമാണ് നടപടി. ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല.'' 
 സത്യം മാത്രമേ പറഞ്ഞിട്ടുള്ളു. അതിന് തെളിവുകളുമുണ്ട്. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍ പറയാനാണ്. ദിനേശന്റെ ചോദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com