'ഈ മനുഷ്യന്‍ പാടി ഹിറ്റാക്കിയ പാട്ടുകള്‍ തന്നെയാണ് ഇന്നും പുതുതലമുറ പാടി നടക്കുന്നത്'

ഒരുകാലത്ത് മലബാറിന്റെ ഹൃദയതാളമായിരുന്നു മാപ്പിളപ്പാട്ട്. മാപ്പിളപ്പാട്ടുകളില്ലാത്ത കല്യാണരാവുകളില്ല, സ്റ്റേജുകളില്‍ സിനിമാ ഗാനമേളപോലെതന്നെ മാപ്പിളപ്പാട്ടുകളും ഇടം നേടിയ കാലം
പീര്‍ മുഹമ്മദ്/ ഫോട്ടോ - പ്രസൂണ്‍ കിരണ്‍
പീര്‍ മുഹമ്മദ്/ ഫോട്ടോ - പ്രസൂണ്‍ കിരണ്‍

രുകാലത്ത് മലബാറിന്റെ ഹൃദയതാളമായിരുന്നു മാപ്പിളപ്പാട്ട്. മാപ്പിളപ്പാട്ടുകളില്ലാത്ത കല്യാണരാവുകളില്ല, സ്റ്റേജുകളില്‍ സിനിമാ ഗാനമേളപോലെതന്നെ മാപ്പിളപ്പാട്ടുകളും ഇടം നേടിയ കാലം. അക്കാലത്തെ മാപ്പിളപ്പാട്ടിന്റെ ഹീറോയായിരുന്നു തലശ്ശേരിക്കാരനായ പീര്‍ മുഹമ്മദ്. എണ്‍പതുകളിലും തൊണ്ണൂറുകളിലും പീര്‍ മുഹമ്മദ് പാടി ഹിറ്റാക്കിയ പാട്ടുകള്‍ തന്നെയാണ് ഇന്നും പുതുതലമുറ പാടിനടക്കുന്ന പാട്ടുകള്‍. 'അഴകേറുന്നോളെ വാ കാഞ്ചനമാല്യം ചൂടിക്കാന്‍', 'പടവാള് മിഴിയുള്ളോള് പഞ്ചാര മൊഴിയുള്ളോള്', 'കാഫ്മലകണ്ട പൂക്കാറ്റേ കാണിക്ക നീ കൊണ്ടുവന്നാട്ടേ' തുടങ്ങി പീര്‍ മുഹമ്മദ് ഈണമിട്ട് പാടിയ പാട്ടുകള്‍ ഇന്നും കല്യാണ വീടുകളിലും സ്റ്റേജുകളിലും റിയാലിറ്റി ഷോകളിലും കേള്‍ക്കാം. കേട്ടാല്‍ മതിവരാത്ത അനശ്വര ഗാനങ്ങള്‍. 75 വയസ്സായെങ്കിലും ശബ്ദത്തിനിപ്പോഴും ചെറുപ്പം. ക്ഷണിക്കപ്പെട്ട സദസുകളിലും വീട്ടിലും ഇരുന്ന് പീര്‍ മുഹമ്മദ് ഇപ്പോഴും പാടുന്നുണ്ട്. പുതിയ പുതിയ ആരാധകരും അദ്ദേഹത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്നു. 

തമിഴ്നാട്ടിലെ തെങ്കാശിയിലാണ് പീര്‍ മുഹമ്മദ് ജനിച്ചത്. ഉമ്മയുടെ നാട് അവിടെയായിരുന്നു. ചെറുപ്പത്തില്‍ത്തന്നെ വാപ്പയുടെ തലശ്ശേരിയിലേയ്ക്ക് കുടുംബം തിരിച്ചെത്തി. പാട്ടുകളോട് വലിയ ഇഷ്ടമുണ്ടായിരുന്ന ബാല്യം. പാടിക്കൊണ്ടേയിരുന്ന കുട്ടി അങ്ങനെ തലശ്ശേരി ജനതസംഗീതസഭയില്‍ എത്തി. അക്കാലത്തെ വലിയ ഗായകസംഘമായിരുന്നു ജനതസംഗീതസഭ. അവരുടെ സ്റ്റേജ് പ്രോഗ്രാമുകളിലൂടെയാണ് പീര്‍ മുഹമ്മദ് നിറയെ ആരാധകരുള്ള ഒരു ഗായകനായി മാറുന്നത്. എട്ടാംവയസ്സിലായിരുന്നു ആദ്യവേദി. മുഹമ്മദ് റഫിയുടെയടക്കം സിനിമാഗാനങ്ങളാണ് അക്കാലത്ത് വേദിയില്‍ പാടിയത്. 1975-നു ശേഷമാണ് മാപ്പിളപ്പാട്ടാണ് തന്റെ വഴിയെന്നു തിരിച്ചറിയുന്നത്. ''ജനതസംഗീതസഭയില്‍ ധാരാളം പാട്ടുകാരുണ്ടായിരുന്നു. തലശ്ശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ആയിരുന്ന ഒ.വി. അബ്ദുള്ളയായിരുന്നു പ്രസിഡന്റ്. കുളത്തായി ഉസ്മാന്‍ ജനറല്‍ സെക്രട്ടറി. ജനു എന്നു വിളിക്കുന്ന ജനാര്‍ദ്ദനന്‍ അന്ന് സെക്രട്ടറിയായിരുന്നു. ഗായകനായിരുന്ന എം. കുഞ്ഞിമൂസയുടെ അനിയനാണ് പാടുന്നതു കേട്ട് എന്നെ സംഗീതസഭയിലേയ്ക്ക് കൊണ്ടുവന്നത്. ടി.സി. ഉമ്മര്‍, പൗലോസ്... അങ്ങനെ കുറേ പേര്‍ ഉണ്ടായിരുന്നു. അന്നൊക്കെ സിനിമാപ്പാട്ടുകളാണ് ഞങ്ങള്‍ പാടിയത്. ഭക്തിഗാനങ്ങളും പാടും.

എ.ടി. ഉമ്മറിന്റെ സംഗീതസംവിധാനത്തിലൂടെയാണ് മാപ്പിളപ്പാട്ടില്‍ കൂടുതല്‍ സജീവമായത്. കുട്ടിക്കാലത്ത് ഒ.വി. അബ്ദുള്ള രചിച്ച പാട്ടുകള്‍ മദ്രാസില്‍ പോയി എച്ച്.എം.വിയില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. പട്ടം സദന്‍ എന്ന ഗായകന്റെ കൂടെ 'കാമുകന്‍ വന്നു കാമുകിയെ കണ്ട്', 'വരുമോ മകളെ പുതിയൊരു ലോകം കാണാനായ്' എന്ന രണ്ടു പാട്ടും, സംഗീതസഭയിലെ തബലിസ്റ്റായിരുന്ന കരുണാകരനൊപ്പം 'ചുകപ്പേറും യവനിക പാറിടുന്നേ', സോളോ ആയി ഏറനാട്ടിലെ മാപ്പിളപ്പെണ്ണിന്റെ എന്ന പാട്ടും പാടി. എ.ടി. ഉമ്മറിന്റെ റെക്കാര്‍ഡോടെ തുടര്‍ച്ചയായി പാടിക്കൊണ്ടിരുന്നു. ശൈലജ, സിബില സദാനന്ദന്‍, ബി. വസന്ത, കല്ല്യാണി മേനോന്‍, സുജാത എന്നിവരുടെ കൂടെയാണ് കൂടുതലും പാടിയത്'' -പീര്‍ മുഹമ്മദ് പറയുന്നു.

സിനിമയിലേയ്ക്ക് 

രണ്ടു സിനിമകളില്‍ പാടിയിട്ടുണ്ട് പീര്‍ മുഹമ്മദ്. മാമൂക്കോയയുടെ ആദ്യചിത്രമായ അന്യരുടെ ഭൂമിയിലാണ് ഒരു ഗാനം. 'കോടി ചെന്താമരപ്പു വിരിയും' എന്നു തുടങ്ങുന്ന ബിച്ചുതിരുമല എഴുതിയ പാട്ട്. എ.ടി. ഉമ്മറിന്റെ സംഗീതസംവിധാനം. 1977-ലായിരുന്നു അത്. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയും ആ ഗാനരംഗത്തിലുണ്ട്. കണ്ണൂര്‍ പ്രഭാത് ടാക്കീസില്‍ പോയാണ് പീര്‍ മുഹമ്മദ് ആ സിനിമ കണ്ടത്. രാഘവന്‍ മാഷിന്റെ ഈണത്തില്‍ 'തേന്‍തുള്ളി' എന്ന സിനിമയിലും പാടി.

''എന്റെ ശബ്ദം നായകന്മാര്‍ക്കു ചേരില്ല എന്നൊരു തോന്നല്‍ എനിക്കുണ്ടായിരുന്നു. കുറച്ച് നേര്‍ത്ത ശബ്ദമാണ് എന്റേത്. അതുകൊണ്ടുതന്നെ സിനിമയില്‍ ഞാന്‍ അധികം ശ്രമിച്ചില്ല. ബന്ധങ്ങളൊന്നും അതിനുവേണ്ടി ഉപയോഗിച്ചില്ല. വലിയ നേട്ടമായി പറയുകയല്ല. അതു കുറെ നഷ്ടങ്ങളാണ് ഉണ്ടാക്കിയതെന്നു ചിലപ്പോഴൊക്കെ തോന്നും. ദേവരാജന്‍ മാഷിന്റെ കൂടെ യാത്ര ചെയ്യുമ്പോള്‍ ഒരിക്കല്‍ എന്നോട് പറഞ്ഞിരുന്നു, അടുത്ത പാട്ട് നമുക്ക് ചെയ്യാം എന്ന്. അത് പിന്നെ നടന്നില്ല.''

'ദ്രോഹി' എന്ന ചിത്രത്തിലെ ഗാനം തരംഗിണിയില്‍ സ്റ്റുഡിയോയില്‍നിന്നു റെക്കോര്‍ഡ് ചെയ്യാതെ ഇറങ്ങിവരേണ്ടിവന്നിട്ടുണ്ട്. പി. ജയചന്ദ്രന്‍ പാടേണ്ട പാട്ടാണ്. അദ്ദേഹം മറ്റൊരു റെക്കോര്‍ഡിങ്ങിനു പോയി വരാന്‍ വൈകി. ആ സമയത്ത് എന്നോട് പാടാന്‍ സംഗീതസംവിധായകനായ എ.ടി. ഉമ്മര്‍ പറഞ്ഞു. അങ്ങനെ പാടാന്‍ തയ്യാറെടുത്തു. ഞാന്‍ സ്റ്റുഡിയോയിലെ ചില്ലില്‍ക്കൂടി നോക്കുമ്പോള്‍ വിയര്‍ത്തുകുളിച്ച് ജയചന്ദ്രന്‍ കയറിവന്നത് കണ്ടു. അതു കണ്ടപ്പോള്‍ എനിക്കു വിഷമമായി. ഇത് അദ്ദേഹത്തിന്റെ പാട്ടാണ്. ഞാന്‍ ഹെഡ്ഫോണ്‍ അഴിച്ചുവെച്ച് സ്റ്റുഡിയോയ്ക്ക് പുറത്തുവന്നു. അതിന്റെ പേരില്‍ ഉമ്മര്‍ക്ക എന്നോട് ദേഷ്യപ്പെട്ടിരുന്നു. അന്ന് ജയചന്ദ്രന്‍ പ്രശസ്തനാണ്. എങ്കിലും പാട്ടൊന്നും ആരും വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത കാലമാണ്. എല്ലാ പാട്ടും യേശുദാസ് പാടുന്ന കാലം. ഏതുതരം പാട്ടായാലും യേശുദാസിനെയാണല്ലോ വിളിക്കുക. ആ അമര്‍ഷം അക്കാലത്തെ പല ഗായകരും പങ്കുവെച്ചിട്ടുണ്ട്. യേശുദാസുമായി എനിക്ക് സൗഹൃദം ഉണ്ടായിരുന്നു. തരംഗിണി എന്റെ കാസെറ്റും പുറത്തിറക്കിയിരുന്നു.

വരികളും ഈണവും 

പി.ടി. അബ്ദുറഹിമാന്‍ എഴുതിയ വരികളാണ് പീര്‍ മുഹമ്മദ് ഈണമിട്ട് ഹിറ്റാക്കിയതില്‍ കൂടുതലും. ആയിരത്തോളം പാട്ടുകള്‍ പി.ടി. അബ്ദുറഹിമാന്‍ പീറിനു വേണ്ടി എഴുതിയിട്ടുണ്ട്. നിത്യഹരിത ഗാനങ്ങളായ 'കാഫ്മലയും' 'ഒട്ടകങ്ങള്‍ വരി വരി വരിയായും' വളരെ പെട്ടെന്ന് ആ ഈണത്തിലേയ്ക്ക് വന്നതാണെന്ന് പീര്‍ മുഹമ്മദ് പറയുന്നു. ''അബ്ദുറഹിമാനും ഞാനും മാനസികമായ ഒരു അടുപ്പം ഉണ്ടായിരുന്നു. അദ്ദേഹം എഴുതിക്കൊണ്ടുവരുന്ന വരികളിലേയ്ക്ക് നോക്കുമ്പോള്‍ത്തന്നെ എനിക്കു ട്യൂണ്‍ വരും. അതൊന്നും പ്രയാസപ്പെട്ട് ഉണ്ടാക്കിയതല്ല. ഒരേ പാട്ട് തന്നെ പല ട്യൂണിലൊക്കെ പാടും. ഒട്ടകങ്ങള്‍ എന്ന പാട്ടിന്റെ ഒരോ വരി നോക്കുമ്പോഴും ട്യൂണ്‍ മനസ്സിലേയ്ക്ക് വരികയായിരുന്നു. പാടിയ പാട്ടില്‍ ഭൂരിഭാഗവും ഞാന്‍ തന്നെ സംഗീതം നല്‍കിയവയാണ്. ഒ.വി. അബ്ദുള്ള എഴുതിയ വരികളും ഈണമിട്ട് പാടിയിട്ടുണ്ട്. ഇന്നുവരെ പാടിയ എല്ലാ വേദികളിലും പാടുന്ന പാട്ട് അഴകേറുന്നോളെയും കാഫ്മലയുമാണ്. ക്ഷണിക്കപ്പെട്ട സ്വീകരണങ്ങള്‍ക്കൊക്കെയാണ് ഇപ്പോള്‍ പോകാറുള്ളൂ. അവിടെയും ഈ രണ്ടു പാട്ടുകള്‍ പാടും. പാടിയില്ലെങ്കില്‍ ഓഡിയന്‍സ് ആവശ്യപ്പെടും.''

പാട്ടിലെ മത്സരം 

പീര്‍ മുഹമ്മദിന്റേയും എരഞ്ഞോളി മൂസയുടേയും ടീമായിരുന്നു ഒരുകാലത്ത് മലബാറിലെ പ്രിയപ്പെട്ട മാപ്പിളപ്പാട്ട് സംഘങ്ങള്‍. ഇരുവരും മത്സരിച്ചു പാടിയിരുന്ന കാലം. കൂടുതല്‍ നന്നായി പാടണം എന്ന ആഗ്രഹത്തോടെ ആരോഗ്യകരമായ ഒരു മത്സരമായിരുന്നു അതെന്ന് അദ്ദേഹം ഓര്‍ക്കുന്നു. കേരളത്തിലേക്കാള്‍ ആരാധകര്‍ മാപ്പിളപ്പാട്ടിനു ഗള്‍ഫിലായിരുന്നു. വിശേഷ അവസരങ്ങളില്‍ മാപ്പിളപ്പാട്ട് മത്സരം ഗള്‍ഫില്‍ സംഘടിപ്പിക്കും. എരഞ്ഞോളി മൂസയും പീര്‍ മുഹമ്മദും വി.എം. കുട്ടിയുമെല്ലാമാണ് അക്കാലത്തെ മത്സരത്തിന് ആവേശം പകരുന്നത്. അന്നുണ്ടായ വേദനിപ്പിക്കുന്ന ഒരനുഭവം അദ്ദേഹം പങ്കുവെച്ചു.

''അന്ന് മത്സരത്തിന് വി.എം. കുട്ടിയും ഞാനുമായിരുന്നു. ഓഡിയന്‍സിന്റെ വോട്ടിംഗിലൂടെയാണ് വിജയിയെ തെരഞ്ഞെടുക്കുക. ഞാനാണ് കൂടുതല്‍ വോട്ടുകിട്ടി വിജയിയാകുന്നത്. സലാലയില്‍ വെച്ച് വേദനിപ്പിക്കുന്ന ഒരനുഭവം ഉണ്ടായി. എനിക്കു കൃത്രിമ കളിയൊന്നുമില്ല, നന്നായി പാടുക എന്നത് മാത്രമേയുള്ളൂ. സലാലയില്‍ നടന്ന പരിപാടിയില്‍ കുട്ടിമാഷ് ജയിക്കണം എന്നു ഭാരവാഹികള്‍ ആവശ്യപ്പെട്ടു. എന്റെ കൂടെ രഞ്ജിനി എന്ന ഗായികയാണ് ഉള്ളത്. കുട്ടിമാഷക്ക് മൂക്കില്‍നിന്നു ചോര വരുന്ന അസുഖമുണ്ട്, അതുകൊണ്ട് അദ്ദേഹത്തെ വിജയിയാക്കണം എന്നാണ് ആവശ്യം. കാണികള്‍ വോട്ട് ചെയ്തല്ലേ ജയിപ്പിക്കുക എന്നു ഞങ്ങള്‍ ചോദിച്ചു. ഓഡിയന്‍സിന്റെയടുത്തുനിന്നു വോട്ട് വാങ്ങി അതു വെയ്സ്റ്റിലേയ്ക്ക് പോകും, സംഘാടകര്‍ തയ്യാറാക്കുന്ന ബോക്‌സാണ് എണ്ണുക എന്നാണ് അവര്‍ പറഞ്ഞത്. ഈ കാലമത്രയും എന്റെയുള്ളില്‍ നീറിപ്പുകഞ്ഞ സംഭവമാണ്. ഇതുവരെ ഞാന്‍ ആരോടും ഇക്കാര്യം പറഞ്ഞിട്ടില്ല. മൂക്കില്‍നിന്നു ചോര വരുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണുകയല്ലേ വേണ്ടത്, അല്ലാതെ മാപ്പിളപ്പാട്ടില്‍ ജയിക്കണം എന്നാണോ പറയേണ്ടത് എന്ന് അന്ന് രഞ്ജിനി സംഘാടകരോട് ചോദിച്ചിരുന്നു. എന്തെല്ലാം കൃത്രിമമാണ് നടത്തിയത്. ആളുകളെ കബളിപ്പിക്കുന്ന പരിപാടിയല്ലേ'' -പീര്‍ മുഹമ്മദ് പറഞ്ഞു.

പാട്ടിനു മതമില്ല 

ഹിന്ദു ഭക്തിഗാനങ്ങള്‍ ഏറെ പാടിയ ആളാണ് ഇദ്ദേഹം. തമിഴ് മുരുകഭക്തിഗാനങ്ങളൊക്കെ സ്റ്റേജില്‍ അക്കാലത്ത് ഹിറ്റായിരുന്നു. ''ഇപ്പോള്‍ അതൊക്കെ പാടിയാല്‍ ആളുകള്‍ പ്രതിഷേധിക്കും. യേശുദാസിനെപ്പോലെയല്ലല്ലോ നമ്മളൊന്നും. ഞങ്ങളൊക്കെ എല്ലാ മതത്തിന്റേയും പാട്ടുകള്‍ പാടിയിട്ടുണ്ട്. അന്നൊന്നും തൊട്ടുകൂടായ്മയില്ല. ഇപ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടികളുണ്ടാക്കുന്നതാണ് ഇതൊക്കെ. നവമി പരിപാടിക്കൊക്കെ അമ്പലങ്ങളില്‍ പോയി പാടാറുണ്ടായിരുന്നു. നവമിക്ക് നേരത്തെ ബുക്കിംഗ് ഉണ്ടാകും. ഞാന്‍ ഹിന്ദു ദേവാലയങ്ങളിലൊക്കെ പോയിട്ടുണ്ട്. ഭക്തിയോടെയാണെങ്കില്‍ എല്ലാ സ്ഥലവും ഒരുപോലെയല്ലേ. ഗുരുവായൂരിലും കൊല്ലൂര്‍ മൂകാംബികയിലും ഒക്കെ ഞാന്‍ പോയി പ്രാര്‍ത്ഥിച്ചിട്ടുണ്ട്. പല വേദികളിലും ഞാന്‍ പാടിയ ഒരു പാട്ടുണ്ട്'', മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിച്ച് നോക്ക്, മനസ്സിനകത്തൊരു പള്ളിയുണ്ടാക്ക്, അതിലേത് ജാതിക്കും കേറാമെന്നാക്ക്, അതിവേഗം നിസ്‌കാര പായ വിരിക്ക്, - പടപ്പ് പടപ്പോടെ പിരിശത്തില്‍ നിന്നോളീ, പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളീ, അന്യോന്യം പോരാടി പോരാടി നില്‍ക്കേണ്ട, പൊന്നാലെ ക്ഷേത്രങ്ങള്‍ പള്ളികള്‍ തീര്‍ക്കേണ്ട'' -പീര്‍ മുഹമ്മദ് പാടിക്കൊണ്ടേയിരുന്നു.

........


''ഒരു ദിവസംപോലും ഒഴിവില്ലാതെ പരിപാടികള്‍ക്കു പോയിക്കൊണ്ടിരുന്ന കാലം. കാസറ്റുകള്‍ ചൂടപ്പംപോലെ വിറ്റുപോയിക്കൊണ്ടിരുന്നു. ഓരോയിടത്തും പാട്ടുകേള്‍ക്കാന്‍ ആരാധകരുടെ തള്ളിക്കയറ്റം. പീറിന്റെ പാട്ടുകേള്‍ക്കാന്‍ ടിക്കറ്റെടുക്കാന്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്ന ആളുകള്‍. ചില പാട്ടുകള്‍ പാടി തീരുമ്പോഴേക്കും നൂറുകണക്കിനു നോട്ടുമാലകള്‍ ആരാധകര്‍ അണിയിക്കും. അക്കാലത്തൊക്കെ കല്യാണത്തീയതി നിശ്ചയിക്കുന്നതിനു മുന്‍പ് പീറിന്റെ ഗാനമേള ബുക്കു ചെയ്തുവെയ്ക്കും. തിരക്കിന്റേയും ആവേശത്തിന്റേയും പാട്ടിന്റെ ലഹരിയുടേയും ആ കാലം ഇപ്പോഴും ഇടയ്ക്കിടയ്ക്ക് ഓര്‍ക്കുമെന്ന് പീര്‍ മുഹമ്മദ് പറയുന്നു. 12 വര്‍ഷമായി ഞാന്‍ സ്റ്റേജ് പ്രോഗ്രാം നിര്‍ത്തിയിട്ട്. നടക്കാന്‍ പ്രയാസമുണ്ട്. ഇപ്പോഴും പാടാന്‍ എനിക്കു ബുദ്ധിമുട്ടില്ല. സ്വീകരണങ്ങള്‍ക്കൊക്കെ പോകാറുണ്ട്. എന്റെ ഉള്ളില്‍ സംഗീതമുണ്ട്. അതിന്റെ ഒരു എനര്‍ജി എപ്പോഴുമുണ്ട്. വീട്ടിലിരിക്കുമ്പോഴും ഞാന്‍ എപ്പോഴും പാടും. രാത്രിയും പകലും പാടും. ചിലപ്പോള്‍ രാത്രി കിടക്കുമ്പോഴൊക്കെയായിരിക്കും ചില ട്യൂണൊക്കെ മനസ്സിലേയ്ക്കു വരിക. പല പാട്ടുകളും ട്യൂണ്‍ മാറ്റി പാടിനോക്കും. നമ്മുടേതായി ഇവിടെ എന്തെങ്കിലും ബാക്കിവെയ്ക്കണം എന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. കുറേ നല്ല പാട്ടുകള്‍ അങ്ങനെ നല്‍കാനായി എന്ന സംതൃപ്തിയുണ്ട്. ആ പാട്ടുകളൊക്കെ ഇപ്പോഴും പാടിക്കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്'' - അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com