കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാര്‍

ഏറെക്കാലത്തെ പ്രണയത്തിനുശേഷമാണ് സ്മിതയും രാജേഷും വിവാഹിതരായത്. വിവാഹിതരായി രണ്ടുവര്‍ഷത്തിനകം കുഞ്ഞും ജനിച്ചു
കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാര്‍

റെക്കാലത്തെ പ്രണയത്തിനുശേഷമാണ് സ്മിതയും രാജേഷും വിവാഹിതരായത്. വിവാഹിതരായി രണ്ടുവര്‍ഷത്തിനകം കുഞ്ഞും ജനിച്ചു. സ്മിത തൊഴില്‍രഹിതയെങ്കിലും രാജേഷിനു നല്ല ശമ്പളമുള്ള ജോലിയാണ്. സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങളില്‍നിന്നാണ് ഇരുവരും വരുന്നത്. എന്തുകൊണ്ടും സന്തോഷകരമാകേണ്ടതായിരുന്നു അവരുടെ ദാമ്പത്യം. എന്നാല്‍, മറിച്ചായിരുന്നു അനുഭവം. 

പ്രസവിച്ചശേഷം സ്മിതയെ മാതാപിതാക്കള്‍ ആശുപത്രിയില്‍നിന്നും നേരെ കൊണ്ടുപോയത് അവരുടെ വീട്ടിലേക്കാണ്. അതാണ് നാട്ടുനടപ്പ്. എന്നാല്‍, പ്രസവിച്ച് ഏതാനും ദിവസങ്ങള്‍ക്കുശേഷം സ്മിതയുടെ പെരുമാറ്റത്തില്‍ വലിയ വ്യത്യാസം കാണാന്‍ തുടങ്ങി. കുഞ്ഞിനെ മുലയൂട്ടാനോ എടുക്കാനോ താല്പര്യമില്ലാത്തതുപോലെ. സന്ദര്‍ശനത്തിനെത്തുന്ന രാജേഷിനോടു മിണ്ടാന്‍പോലും സ്മിത തയ്യാറായിരുന്നില്ല. സ്മിതയുടെ മാതാപിതാക്കള്‍ക്കു വേവലാതിയായി. അവളുടെ ഇഷ്ടം അനുസരിച്ചാണ് ഇങ്ങനെയൊരു വിവാഹബന്ധമുണ്ടായത്. രാജേഷിനു നല്ല ജോലിയും സ്മിതയുടെ അച്ഛനമ്മമാര്‍ക്കു ബോധിക്കുന്ന കുടുംബ പശ്ചാത്തലവുമാണ് എന്നതിനാല്‍ അവര്‍ക്ക് എതിര്‍പ്പുണ്ടായില്ല. എന്നാല്‍, ഇപ്പോഴത്തെ സ്മിതയുടെ ഭാവമാറ്റവും സമീപനവും അവരില്‍ പരിഭ്രാന്തിയുണ്ടാക്കി. എങ്കിലും കുറച്ചുനാളത്തെ പ്രസവാനന്തര ശുശ്രൂഷകള്‍ക്കുശേഷം അവര്‍ നിര്‍ബ്ബന്ധിച്ച് സ്മിതയേയും കുഞ്ഞിനേയും രാജേഷിന്റെ കൂടെ അയച്ചു. 

ഒരു ദിവസം ജോലിക്കിടയില്‍ ഒരു സന്ദേശം ലഭിച്ചു. രാജേഷിന്റെ വീടിന്റെ മുകള്‍നിലയില്‍നിന്നു താഴെവീണ് കുഞ്ഞിനു പരിക്കേറ്റു എന്നതായിരുന്നു വാര്‍ത്ത. അടുക്കളയിലെ ജോലിയിലായിരുന്നു ആ സമയത്ത് സ്മിത. നിലത്ത് കിടത്തിയുറക്കിയായിരുന്നു പോയിരുന്നത്. ഉണര്‍ന്നു കരഞ്ഞ, മുട്ടുകുത്തി നടക്കുന്ന കുഞ്ഞ് താഴേയ്ക്ക് നിരങ്ങിയിറങ്ങി കോണിപ്പടിയിലൂടെ അമ്മയെ തിരക്കിയിറങ്ങിയതായിരുന്നുവെന്നും പറയുന്നു. ഭാഗ്യവശാല്‍ കുഞ്ഞിനു ചെറിയ പരിക്കകളേ ഉണ്ടായിരുന്നുള്ളൂ. 

എന്നാല്‍, രാജേഷിനു സ്മിത ഇതു സംബന്ധിച്ചു നല്‍കിയ വിശദീകരണത്തില്‍ അത്ര ബോധ്യമുണ്ടായില്ല. അയാള്‍ ഇരുവരുടേയും കലാലയജീവിതകാലത്തെ പൊതുസുഹൃത്തായിരുന്ന ഒരു കൗണ്‍സലറുടെ സഹായം തേടി. അവര്‍ ഒരു ദിവസം രാജേഷിന്റേയും സ്മിതയുടേയും വീട്ടില്‍ സന്ദര്‍ശനത്തിനെത്തി. പിന്നീട് ഒന്നിലധികം തവണ മൂന്നുപേര്‍ക്കും ഒരുമിച്ചിരിക്കാനും സംസാരിക്കാനും അവസരമുണ്ടായി. 

ഒരു ദിവസം സുഹൃത്ത് രാജേഷിനെ ഓഫിസില്‍ ചെന്നു കണ്ടു. രാജേഷിന്റെ സംശയം അസ്ഥാനത്തല്ലെന്നും കുഞ്ഞിനെ മുകളില്‍ ബോധപൂര്‍വ്വം അശ്രദ്ധമായി വിട്ടിട്ടുപോകുകയായിരുന്നു സ്മിതയെന്നതിനു സൂചനകളുണ്ടെന്നും അവര്‍ക്കു പ്രസവാനന്തരം സംഭവിക്കുന്ന ചില മാനസിക വ്യതിയാനങ്ങള്‍ ഉണ്ടെന്നും വൈദ്യശാസ്ത്ര ശ്രദ്ധയും പരിചരണവും ആവശ്യമുണ്ടെന്നും അവര്‍ രാജേഷിനെ അറിയിച്ചു. 

സ്മിതയുടെ മാതാപിതാക്കള്‍ ഇപ്പോള്‍ ഇരുവരോടൊപ്പവുമുണ്ട്. സ്മിത മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള ചികിത്സയിലുമാണ്. കുഞ്ഞിനോടും ഭര്‍ത്താവിനോടും ഉള്ള സമീപനത്തില്‍ വ്യത്യാസം വന്നുതുടങ്ങിയിട്ടുണ്ട്. സമയോചിതമായ ഇടപെടല്‍ കൊണ്ടുണ്ടായ ഗുണം. 

കുഞ്ഞുങ്ങളെ കൊല്ലുന്ന മാതാപിതാക്കളുടെ മാനസികഘടനയെക്കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന ഒരാള്‍ പറഞ്ഞ കഥയാണിത്. മിക്കപ്പോഴും ഇത്തരം മാനസികവ്യതിയാനങ്ങള്‍ എത്തിച്ചേരുക ആത്മനാശത്തിലോ കുഞ്ഞിന്റെ ജീവനഷ്ടത്തിലോ ദാമ്പത്യത്തകര്‍ച്ചയിലോയൊക്കെ ആയിരിക്കും. എന്നാല്‍, ഇവരുടെ കാര്യത്തില്‍ സമയത്തുള്ള ഇടപെടല്‍ ഉണ്ടായി. പ്രശ്‌നത്തിന്റെ ഗൗരവത്തെക്കുറിച്ച് ബോധവാന്മാരായിരുന്നു സ്മിതയുടെ മാതാപിതാക്കള്‍. രാജേഷാകട്ടെ, ഏറെ കരുതലും സ്‌നേഹവുമുള്ള ഭര്‍ത്താവും. സ്വാഭാവികമായും കാര്യങ്ങള്‍ നല്ല ദിശയില്‍ ചലിച്ചു. 

കടിഞ്ഞാണ്‍ കൈവിടുന്ന മനസ്സ് 

കുഞ്ഞുങ്ങളുടെ ജീവാപായത്തിനു കാരണക്കാരാകാറുള്ളത് അമ്മമാര്‍ മാത്രമല്ല. അച്ഛന്മാര്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും അയല്‍വാസികള്‍ക്കുമൊക്കെ നിരപരാധികളും നിഷ്‌കളങ്കരുമായ കുഞ്ഞുങ്ങള്‍ ഇരകളായിത്തീരാറുണ്ട്. ഇടുക്കിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ തലയ്ക്കടിച്ചുകൊന്ന അച്ഛനെ കോടതി ശിക്ഷിച്ചത് 2017-ലായിരുന്നു. ഇടുക്കിയില്‍ത്തന്നെ ഇക്കഴിഞ്ഞ ദിവസം ഉറങ്ങിക്കിടന്ന ആറുവയസ്സു പ്രായമുള്ള കുഞ്ഞിനെ തലയ്ക്കടിച്ചുകൊന്നത് സ്വന്തം മാതാവിന്റെ സഹോദരീഭര്‍ത്താവായിരുന്നു. ദിനേനയെന്നോണം കണ്ണില്‍ച്ചോരയില്ലാത്ത ശിശുഹത്യകളുടെ വാര്‍ത്തകള്‍ ദിനപ്പത്രങ്ങളില്‍ നിറയുന്നുണ്ട്. എന്നാല്‍പ്പോലും കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്ന അമ്മമാരാണ് നമ്മുടെ രോഷത്തിനും വേദനയ്ക്കും ഏറെ കാരണക്കാരാകുന്നത്. മാതൃത്വം എന്ന അവസ്ഥയോട് നമ്മള്‍ ചേര്‍ത്തുനിര്‍ത്തുന്ന കാരുണ്യം, സ്‌നേഹം, കരുതല്‍ എന്നീ ഘടകങ്ങളാണ് ഇങ്ങനെയൊരു രോഷത്തിനും വേദനയ്ക്കും പ്രേരകങ്ങളാകുന്നതെന്ന് മാനസികാരോഗ്യ വിദഗ്ദ്ധനായ ഡോ. സി.ജെ. ജോണ്‍ പറയുന്നു. 

''മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന ശാരീരികമായ അസ്വസ്ഥതകള്‍ക്കുശേഷമാണല്ലോ ഒരു കുഞ്ഞിനു അമ്മ ജന്മം നല്‍കുന്നത്. നൊന്തുപ്രസവിച്ച കുഞ്ഞിനെ എങ്ങനെ അവള്‍ക്കു കൊലപ്പെടുത്താന്‍ കഴിയുന്നു എന്നതാണ് ഓരോരുത്തരുടേയും ചോദ്യം. എന്നാല്‍, കൊലപാതകം എന്ന കുറ്റം ആരു ചെയ്താലും കുറ്റമാണ്. ഒരു അമ്മ ഇതിനു തുനിയുന്നുണ്ടെങ്കില്‍ ഇതിനു മാനസികവും സാമൂഹികവുമായ കാരണങ്ങള്‍ തീര്‍ച്ചയായും ഉണ്ട്'' -അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

ഈ വര്‍ഷം മാര്‍ച്ച് ഒന്‍പതിന് കൊല്ലത്ത് മൂന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ വാര്‍ത്ത മാധ്യമങ്ങളില്‍ വലിയ പ്രാധാന്യത്തോടെ വന്നതാണ്. ആയുര്‍വ്വേദ ക്ലിനിക്ക് നടത്തുന്ന പുത്തൂര്‍ തെക്കുമ്പുറം ശങ്കരവിലാസത്തില്‍ ഡോ. ബബൂലിന്റെ മൂന്നുമാസം മാത്രമുള്ള കുഞ്ഞിനെയാണ് അമ്മയായ ദിവ്യ ശ്വാസംമുട്ടിച്ചു കൊന്നത്. അന്നേ ദിവസം വൈകിട്ട് ദിവ്യയുടെ അച്ഛന്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്. ആദ്യം ദിവ്യ വാതില്‍ തുറക്കാന്‍ വിസമ്മതിച്ചെന്നും വാതില്‍ തുറന്നപ്പോള്‍ കുഞ്ഞ് മരിച്ചുകിടക്കുന്നതാണ് കണ്ടതെന്നും വാര്‍ത്തകളിലുണ്ടായിരുന്നു. സംഭവം നടന്നപ്പോള്‍ വീട്ടില്‍ ദിവ്യയും കുഞ്ഞും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ദിവ്യയ്ക്ക് ഇടയ്ക്കിടയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടാകാറുണ്ടെന്നും ചികിത്സയിലാണെന്നും ഇതിനിടയില്‍ ഒരിക്കല്‍ കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞിരുന്നു. മകള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതിനാല്‍ കുഞ്ഞിനേയും ദിവ്യയേയും ശ്രദ്ധിക്കുന്നതിനായി ദിവ്യയുടെ അച്ഛന്‍ ഒരു സ്ത്രീയെ നിര്‍ത്തിയിരുന്നു. എന്നാല്‍, തന്റെ അസുഖം മാറിയെന്നും ഇനി സഹായിയെ ആവശ്യമില്ലെന്നും ദിവ്യ പറഞ്ഞതിനെത്തുടര്‍ന്ന് ആ സ്ത്രീയെ പറഞ്ഞയയ്ക്കുകയായിരുന്നുവത്രേ. 

കുഞ്ഞിനെ ശ്രദ്ധിക്കാതിരിക്കല്‍, കുഞ്ഞിനോട് ദേഷ്യം ഇങ്ങനെ പലതരത്തിലുള്ള പ്രതികരണങ്ങള്‍ പോസ്റ്റ്പാര്‍ട്ടം മാനസികാവസ്ഥകളിലൂടെ കടന്നുപോകുന്നവരില്‍നിന്നും ഉണ്ടാകാറുണ്ട്. 

ഡല്‍ഹിയില്‍, കുഞ്ഞിന്റെ കരച്ചില്‍ സഹിക്കാന്‍ കഴിയാതെ കുഞ്ഞിനെ ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ചിട്ടുപോയ വാര്‍ത്ത കുറച്ചുകാലം മുന്‍പാണ് ഒരു ഹ്യൂമന്‍ ഇന്റെറസ്റ്റ് സ്റ്റോറി എന്ന രൂപത്തില്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ചവറ്റുകൊട്ടയില്‍ ഉപേക്ഷിക്കുന്നതില്‍ തൊട്ട് കൊലപ്പെടുത്തുന്നതിലോ സ്വന്തം ജീവനെടുക്കുന്നതിലോവരെ എത്തിനില്‍ക്കുന്ന താളം പിഴയ്ക്കുന്ന അമ്മമനസ്സുകള്‍. ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട് പലതരത്തില്‍ ഉള്ള മാനസിക പ്രശ്‌നങ്ങള്‍ സ്ത്രീകളില്‍ ഉണ്ടാവാം. ജനിതകമായ പ്രത്യേകതകളും ഗര്‍ഭകാലത്ത് ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യത്യാസം, മാനസിക സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെ ബാഹ്യവും ആന്തരികവുമായ സംഘര്‍ഷങ്ങള്‍ എന്നിവയൊക്കെ അമ്മയുടെ പ്രസവാനന്തരമുള്ള പ്രവൃത്തികളില്‍ പ്രതിഫലിച്ചേക്കാം. പോസ്റ്റ്പാര്‍ട്ടം ബ്ലൂസ്, പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍, പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ് എന്നിങ്ങനെ മൂന്ന് വിഭിന്ന അവസ്ഥകളിലൂടെ ചിലപ്പോള്‍ ചില സ്ത്രീകള്‍ക്കു കടന്നുപോകേണ്ടിവരാറുണ്ട്. പോസ്റ്റ്പാര്‍ട്ടം സൈക്കോസിസിന്റെ പിടിയലമര്‍ന്ന സ്ത്രീകളാണ് മിക്കപ്പോഴും വലിയ തോതിലുള്ള അക്രമങ്ങള്‍ക്കു മുതിരുകയെന്ന് മനശ്ശാസ്ത്രവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുഞ്ഞ് ജനിച്ച് രണ്ടാഴ്ച മുതല്‍ മൂന്നുമാസം വരെയുള്ള കാലയളവില്‍ ഈ അവസ്ഥയുണ്ടാകാം. അസ്വാഭാവികമായ പെരുമാറ്റങ്ങള്‍, പൊടുന്നനെ പേടി, തിരുത്തലുകള്‍കൊണ്ടോ വിശദീകരണങ്ങള്‍കൊണ്ടോ മാറാത്ത അകാരണമായ സംശയങ്ങള്‍, ഉന്മാദാവസ്ഥ, തന്റേയും കുഞ്ഞിന്റേയും സുരക്ഷിതത്വത്തിലും ഭാവിയിലുമുള്ള അതിരുകടന്ന ആശങ്ക, പരസ്പരബന്ധമില്ലാതെ സംസാരിക്കുക, മിണ്ടാന്‍ മടി കാണിക്കുക, ആരും സമീപത്തില്ലെങ്കിലും പേടിപ്പെടുത്തുന്ന സംഭാഷണങ്ങളും ആജ്ഞകളും കേള്‍ക്കുന്നുവെന്ന തോന്നലുണ്ടാകുക അക്രമാസക്തി ഇങ്ങനെ പോകുന്നു പോസ്റ്റ്പാര്‍ട്ടം സൈക്കോസിസിന്റെ ലക്ഷണങ്ങള്‍. പലപ്പോഴും അമ്മയുടെ കുടുംബത്തിനോ കുഞ്ഞിനു ജന്മം നല്‍കിയ സ്ത്രീയുടെ ഭര്‍ത്താവിന്റെ കുടുംബത്തിനോ ഇതുസംബന്ധിച്ച ധാരണകളില്ലാത്തത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നു. 

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ അമ്മമാര്‍ കുഞ്ഞുങ്ങളെ കൊല്ലുന്ന നിരവധി സംഭവങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. എന്നാല്‍, എല്ലാ സംഭവങ്ങളും മാനസികദൗര്‍ബ്ബല്യങ്ങളുടെ സൃഷ്ടികളാണ് എന്നു പറയാനാകില്ല. വിവാഹേതര ബന്ധങ്ങളില്‍ പിറക്കുന്ന കുഞ്ഞുങ്ങളെ മാനനഷ്ടത്തേയും സമൂഹത്തേയും ഭയന്ന് ഉപേക്ഷിച്ചുപോകുകയോ കൊന്നുകളയുകയോ ചെയ്യുന്ന സംഭവങ്ങള്‍ക്കു പണ്ടേ പഞ്ഞമില്ല. നമ്മുടെ ചില പുരാണകഥാപാത്രങ്ങള്‍ പോലും അത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട ജന്മങ്ങളാണ്. 

2020 ഡിസംബര്‍ 15-നു ബദിയടുക്കയില്‍, ബദിയടുക്ക സ്വദേശി ഷാഹിനയുടെ കുഞ്ഞിന്റെ കൊലപാതകമാണ് ഇതിനു ഒരു ഉദാഹരണം. മൂന്നുവര്‍ഷം മുന്‍പ് വിവാഹിതരായ ഷാഫി-ഷാഹിന ദമ്പതിമാരുടെ രണ്ടാമത്തെ കുട്ടിയാണ് അരുംകൊലയ്ക്ക് ഇരയായത്. ഗര്‍ഭം ധരിച്ച വിവരം മറ്റുള്ളവരില്‍നിന്നു വിദഗ്ദ്ധമായി മറച്ചുവെച്ച ഷാഹിന പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. മൂത്തകുഞ്ഞിനു പ്രായമാകുന്നതിനു മുന്‍പ് രണ്ടാമത്തെ കുഞ്ഞിനു ജന്മം നല്‍കാന്‍ ഷാഹിനയ്ക്കു താല്പര്യമില്ലാത്തതാണ് ഈ കൊലപാതകത്തിനു കാരണമെന്നായിരുന്നു വാര്‍ത്തകള്‍. മൊബൈല്‍ ഫോണിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്തില്‍ കുരുക്കു മുറുക്കി ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു. രാത്രി പുറത്ത് ആരുമറിയാതെ കളയാനായി കുഞ്ഞിന്റെ ശരീരം തുണിയില്‍ പൊതിഞ്ഞ് കട്ടിലിനടിയില്‍ സൂക്ഷിക്കുകയും ചെയ്തു. ഇതിനിടയില്‍ ഷാഹിനയ്ക്ക് രക്തസ്രാവമുണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. ഭര്‍ത്താവുമായുള്ള വഴക്കിനെത്തുടര്‍ന്ന് അമ്മ ഒന്നരവയസ്സുകാരന്‍ മകനെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം കാസര്‍കോട്ട് തന്നെ നടന്നത് ഡിസംബര്‍ നാലിനാണ്. ഭര്‍ത്താവായ ബാബുവുമായുള്ള വഴക്കിനെത്തുടര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശാരദ തീരുമാനിച്ചതത്രെ. ആദ്യം കുട്ടിയെ കാണാനില്ലെന്നതായിരുന്നു പരാതി. അമ്മ ശാരദ തന്നെയാണ് പരാതിപ്പെട്ടത്. അയല്‍പക്കത്തുള്ളവരും ബന്ധുക്കളും നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് വീടിന്റെ മുന്‍വശത്തുള്ള കിണറ്റില്‍നിന്നു കുട്ടിയുടെ മൃതദേഹം കണ്ടുകിട്ടുകയും സംസ്‌കരിക്കുകയും ചെയ്തു. കാല്‍വഴുതി വീഴാമെന്നായിരുന്നു ആദ്യനിഗമനം. എന്നാല്‍, പൊലിസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ താന്‍ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ശാരദ സമ്മതിക്കുകയായിരുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കുന്നതിന് കുഞ്ഞ് ഒരു തടസ്സമാണെന്നു തോന്നി അതിന്റെ ജീവനെടുക്കുന്ന അമ്മമാരും ഉണ്ട്. കണ്ണൂര്‍ തയ്യിലില്‍ കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി സ്വന്തം കുഞ്ഞിനെ പാറക്കല്ലില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശരണ്യ ഒരു ഉദാഹരണമാണ്. 

മാതൃത്വം എന്ന ലോകസങ്കല്പം 

മുന്‍കാലങ്ങളില്‍ ഒടുക്കമില്ലാത്ത യമലോകദര്‍ശനവുമായി വായിക്കുവാനെത്തുന്ന രക്തമിറ്റുന്ന ഒരൊറ്റ ദിനപ്പത്രം മാത്രമാണ് നമ്മള്‍ ഒരു ദിവസം കാണാറുണ്ടായിരുന്നത്. എന്നാല്‍, കൂടുതല്‍ മാധ്യമവല്‍ക്കൃതമായ ഇന്നത്തെ കാലത്ത് വിദൂരദേശങ്ങളെവിടേയോ ഉള്ള അഭയാര്‍ത്ഥി പ്രവാഹങ്ങളോ കൂട്ടക്കുരുതികള്‍ മാത്രമല്ല, നമ്മുടെ തൊട്ടയല്‍പക്കങ്ങളില്‍ നടക്കുന്ന അത്യാചാരങ്ങളുടെ വിശദമായ വിവരണങ്ങളോടുകൂടിയാണ് ഓരോ നിമിഷവും കയ്യിലും സ്വീകരണമുറികളിലും ഇരിക്കുന്ന ദീര്‍ഘചതുരങ്ങളിലും വാര്‍ത്തകള്‍ തെളിയുന്നത്. കൊടിയ ഹിംസകള്‍ വാര്‍ത്തകളെ ആര്‍ത്തിയോടെ സമീപിക്കുന്ന ലേഖകന്മാര്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്തു വായനക്കാരനും കാഴ്ചക്കാരനും മുന്‍പാകെ അവതരിപ്പിക്കുന്നു. ചോര കട്ടിയാക്കുന്ന ഒരു കൊലപാതക വാര്‍ത്ത മാധ്യമങ്ങള്‍ക്കു കുറേയേറെ ദിവസങ്ങള്‍ക്കുള്ള വകയാണ്. വായനക്കാരനിലും അനുവാചകനിലും വൈകാരികമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ പോരുന്ന പുത്രഹത്യകളുടെ (Filicide) വാര്‍ത്തകള്‍ സ്വാഭാവികമായും വലിയ പ്രാധാന്യത്തോടെ സംപ്രേഷണം ചെയ്യപ്പെടുകയും അച്ചടിക്കപ്പെടുകയും ചെയ്യുന്നു. അമ്മ എന്നത് ഒരു കാല്പനിക പദവിയാണ്. ഒരു കുഞ്ഞിനെ സംബന്ധിച്ചിടത്തോളം ആ വാക്ക് സര്‍വ്വസ്വവുമായിരിക്കും എന്നു ലോകം കരുതുന്നു. അവളുടെ സഹനത്തിനും ക്ഷമയ്ക്കും വലിയ ആദരവാണ് ലോകം നല്‍കിപ്പോരുന്നത്. പത്തുമാസം ചുമന്നുപെറ്റ അവള്‍ വേദനയും വിഷമവും സഹിച്ചു കുഞ്ഞിനെ വളര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതാണ് ആദര്‍ശാത്മക മാതൃത്വം. എന്നാല്‍, സഹനം, ക്ഷമ, കാരുണ്യം എന്നീ മൂല്യങ്ങള്‍ക്കു നിരക്കാത്ത പെരുമാറ്റങ്ങള്‍ അവളില്‍നിന്ന് ഉണ്ടാകുന്ന പക്ഷം അതു ലോകത്തിനു വലിയ രോഷത്തിനു കാരണമാകുന്നു. എന്നാല്‍, മറ്റെല്ലാവരേയും പോലെ ഒരു മനുഷ്യജീവിയാണ് അവളെന്ന് ആരും കരുതുന്നില്ല. വൈകാരികവും ശാരീരികവുമായ വൈഷമ്യാവസ്ഥകളും ദൗര്‍ബ്ബല്യങ്ങളും അവള്‍ക്കുമുണ്ട്. 

''അമ്മ എന്ന വാക്കിനു വലിയ ആദരവാണ് നമ്മുടെ സമൂഹം നല്‍കുന്നത്. എന്നാല്‍, അതേസമയം അവളൊരു സാധാരണജീവി കൂടിയാണ്. ചുറ്റുപാടുകളിലെ പിരിമുറുക്കങ്ങളും അസ്വാരസ്യങ്ങളും സമ്മര്‍ദ്ദങ്ങളുമൊക്കെ അവളേയും ബാധിക്കുന്നുണ്ട്. അച്ഛന്‍ ചെയ്താലും അമ്മ ചെയ്താലും ഇനി മറ്റാരെങ്കിലും ചെയ്താലും കൊലപാതകങ്ങള്‍ കൊലപാതകങ്ങള്‍ തന്നേയാണ്. എന്നാല്‍, അമ്മ കുഞ്ഞിനെ കൊലപ്പെടുത്തുമ്പോള്‍ കൂടുതല്‍ ഗൗരവവും വന്നുചേരുന്നു. കൂടുതല്‍ രോഷത്തിനു കാരണമാകുന്നു'' -ഡോ. സി.ജെ ജോണ്‍ പറയുന്നു.?

സമൂഹം 'സെന്‍സിറ്റീവാ'കണം 

അഡ്വ. ജെ. സന്ധ്യ 

പ്രസവാനന്തരം അമ്മമാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളോട് മിക്കപ്പോഴും സമൂഹം നേരാംവണ്ണം പ്രതികരിക്കാറില്ല. വേണ്ടത്ര ജാഗ്രതയും കരുതലും ഉണ്ടായിരുന്നാല്‍ ഇത്തരത്തില്‍ അമ്മമാര്‍ കുഞ്ഞുങ്ങളെ ജീവനെടുക്കുന്നതിലൊക്കെ എത്തിച്ചേരുന്ന സ്ഥിതിവിശേഷം ഒഴിവാക്കാനാകും. ചിലപ്പോള്‍ മാനസികമായ ഈ പ്രശ്‌നങ്ങളൊക്കെ അവസാനിച്ചുവെന്നു കരുതിയാല്‍പ്പോലും അത് എപ്പോള്‍ വേണമെങ്കിലും തലപൊക്കാം. കുറച്ചുകാലത്തേക്കെങ്കിലും ജാഗ്രത വേണം. കുണ്ടറയിലെ സംഭവത്തില്‍ ദിവ്യ ഇത്തരത്തില്‍ പോസ്റ്റ്പാര്‍ട്ടം പ്രശ്‌നങ്ങള്‍ അനുഭവിച്ചവളായിരുന്നു. കുഞ്ഞിനെ തന്നില്‍നിന്നും മാറ്റിനിര്‍ത്തണമെന്ന് ഇടയ്ക്ക് അവര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കുഞ്ഞിനേയും അമ്മയേയും ശ്രദ്ധിക്കുന്നതിനായി ദിവ്യയുടെ പിതാവ് ഒരാളെ ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നുവത്രേ. അവര്‍ക്ക് ആ അവസ്ഥ ഭേദപ്പെട്ടു എന്ന് അവര്‍ക്കുതന്നെ തോന്നിയിട്ടാകണം ഏര്‍പ്പാടാക്കിയ ആളെ പറഞ്ഞയച്ചത്. പക്ഷേ, പിന്നീട് പിറ്റേദിവസം വീണ്ടും ആ അസ്വസ്ഥത തലപൊക്കുകയും കുഞ്ഞിനെ അവര്‍ വെള്ളത്തില്‍ കൊണ്ടുപോയി ഇടുകയും ചെയ്തുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഉടനെതന്നെ സ്വബോധത്തില്‍ തിരിച്ചുവന്ന അവര്‍ കുഞ്ഞിനെ എടുത്തു കെട്ടിപ്പിടിച്ചുകിടക്കുകയും പിന്നീട് മറ്റൊരു മൂര്‍ച്ഛയില്‍ കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊല്ലുകയും ചെയ്തുവെന്നാണ്. സങ്കടകരമാണ് ആ അവസ്ഥ. ഈ മാനസികാവസ്ഥയെക്കുറിച്ചു നല്ല ധാരണയുണ്ടായിരുന്നാല്‍പ്പോലും അപായകരമായ അവസ്ഥകളിലേക്ക് അതു പോകാം.

ശിശുഹത്യയ്ക്ക് നിരവധി കാരണങ്ങള്‍

ഡോ. സി.ജെ. ജോണ്‍ 
മാനസികാരോഗ്യ വിദഗ്ധന്‍

അമ്മമാര്‍ നടത്തുന്ന ശിശുഹത്യകള്‍ക്ക് നിരവധി കാരണങ്ങളുണ്ട്. മാനസികവും സാമൂഹികവും സാമ്പത്തികവുമായ തലങ്ങളുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ അമ്മമാര്‍ കുഞ്ഞുങ്ങളെ കൊല്ലുകയും സ്വന്തം ജീവനൊടുക്കുകയും ചെയ്യുന്നതായും കാണാം. കുടുംബത്തിലോ ദാമ്പത്യത്തിലോ ഒക്കെ ഉണ്ടാകുന്ന അസ്വാരസ്യങ്ങള്‍ കൂടിയാണ് പലപ്പോഴും ഇത്തരത്തിലുള്ള കടുംകൈകളിലേക്ക് നീങ്ങാന്‍ അമ്മമാരെ പ്രേരിപ്പിക്കുന്നത്. കുടുംബത്തില്‍ ഉണ്ടാകേണ്ട പരസ്പര ബഹുമാനം, വ്യക്തിത്വത്തെ മാനിക്കല്‍ എന്നിവ ഇല്ലാതെ വരിക എന്നിവയൊക്കെ ഘടകങ്ങളാകുന്നുണ്ട്. സ്ത്രീയുടെ പദവി ഇന്നു മെച്ചപ്പെട്ടിട്ടുണ്ട്. സാമ്പത്തികമായി സ്വാശ്രയത്വവും ഏറെക്കുറേ സ്ത്രീസമൂഹം കൈവരിച്ചിട്ടുണ്ട്. സ്വാഭാവികമായും സ്ത്രീ കുടുംബത്തില്‍ തന്റെ വ്യക്തിത്വം മാനിക്കപ്പെടണമെന്നും ബഹുമാനിക്കപ്പെടണമെന്നെുമൊക്കെ ആഗ്രഹിക്കും. അതില്ലാതെ വരുമ്പോഴുള്ള സംഘര്‍ഷവും പ്രശ്‌നങ്ങളെ വഷളാക്കുന്നുണ്ട്. ലിംഗസമത്വത്തെക്കുറിച്ച് സമൂഹത്തില്‍ പരക്കേയുണ്ടായിക്കൊണ്ടിരിക്കുന്ന അവബോധം കുടുംബങ്ങളിലെത്താറില്ല എന്നതും സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. 

പ്രസവാനന്തരം, അമ്മയുടെ മാനസികാരോഗ്യം തകരാറിലാകുന്നതും കാര്യമായി ഗൗനിക്കപ്പെടാറില്ല. സ്വന്തം വീട്ടുകാര്‍ക്കോ ഭര്‍ത്തൃവീട്ടുകാര്‍ക്കോ അവള്‍ കടന്നുപോകുന്ന മാനസികാവസ്ഥകളെക്കുറിച്ച് കാര്യമായ ധാരണയും ഉണ്ടാകില്ല. അതോടെ പ്രശ്‌നങ്ങള്‍ മൂര്‍ച്ഛിക്കും. അമ്മ എന്ന പ്രതിച്ഛായ യഥാര്‍ത്ഥത്തില്‍ ഒരു സാമൂഹിക നിര്‍മ്മിതി കൂടിയാണ്. അച്ഛനോ അമ്മാവനോ ചെയ്യുന്ന ശിശുഹത്യയേക്കാള്‍ അമ്മ ചെയ്യുന്നത് വലിയ ഒരു കുറ്റകൃത്യമാകുന്നത് അമ്മ സങ്കല്പത്തോട് ചില ഗുണവിശേഷങ്ങളെ ചേര്‍ത്തുവയ്ക്കുന്നതുകൊണ്ടാണ്. കരുണയുടേയും സഹനത്തിന്റേയും സ്‌നേഹത്തിന്റേയുമൊക്കെ മൂര്‍ത്തീഭാവമായ ഒരു അമ്മയ്ക്ക് എങ്ങനെ ഇതിനു കഴിയുന്നു, ഇവളൊരു അമ്മയാണോ എന്നൊക്കെ ചോദ്യമുയരുന്നത് അതുകൊണ്ടാണ്.

കുഞ്ഞുങ്ങള്‍ അവഗണിക്കപ്പെടും എന്ന തോന്നലും കാരണം

പി.ഇ. ഉഷ 
സാമൂഹ്യപ്രവര്‍ത്തക

ചില സന്ദര്‍ഭങ്ങളിലെങ്കിലും വീടുകളില്‍നിന്നു കുട്ടികള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയില്‍നിന്നുള്ള മോചനം എന്ന നിലയ്ക്കാണ് അമ്മമാര്‍ ഇത്തരത്തിലുള്ള കടുംകൈകള്‍ക്ക് അമ്മമാര്‍ മുതിരുന്നത്. കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ അവര്‍ ബന്ധുക്കളില്‍നിന്നും കുടുംബത്തിലെ മറ്റ് അംഗങ്ങളില്‍നിന്നും പീഡനങ്ങള്‍ നേരിടേണ്ടിവരുമെന്ന ഭയവും അമ്മമാരെ ഈ രീതിയില്‍ പെരുമാറുന്നതിനു പ്രേരിപ്പിക്കുന്നുണ്ട്. വീടുകളിലെ ആന്തരിക സംഘര്‍ഷങ്ങളില്‍നിന്നു മോചനമെന്ന നിലയില്‍ ആത്മഹത്യ ഒരു മാര്‍ഗ്ഗമായി കാണുമ്പോള്‍ അവര്‍ക്കു കുട്ടികളെ എന്തുചെയ്യണമെന്ന ആശങ്കയുണ്ടാകുന്നു. താനില്ലാത്ത ഒരു ലോകത്തെ അവര്‍ എങ്ങനെ നേരിടുമെന്ന ചോദ്യം അവര്‍ സ്വയം ചോദിക്കുന്നു. അവരുടെ ജീവനെടുത്തതിനുശേഷം ജീവനൊടുക്കുക എന്ന പരിഹാരത്തില്‍ അവരെത്തുന്നത് അങ്ങനെയാണ്. 

മറ്റു ചിലപ്പോള്‍, ഏറെ വൈകി കുട്ടികളുണ്ടാകുകയോ കുട്ടികള്‍ വേണ്ട എന്നു തോന്നുന്ന സന്ദര്‍ഭങ്ങളില്‍ കുട്ടികളുണ്ടാകുകയോ ചെയ്യുമ്പോള്‍ അതും കടുംകൈകളിലേക്ക് എത്തിച്ചേരുന്നുണ്ട്. നമ്മുടെ നാട്ടില്‍ ചില മതവിഭാഗങ്ങളില്‍ ഗര്‍ഭച്ഛിദ്രം ഒരു അധാര്‍മ്മിക പ്രവൃത്തിയായിട്ടാണല്ലോ കണക്കാക്കപ്പെടുന്നത്. തന്മൂലം കുട്ടികള്‍ ആവശ്യമില്ലെന്നു വെച്ച സന്ദര്‍ഭത്തില്‍പ്പോലും ജനിക്കാനിടവരുന്നു. കുട്ടികള്‍ ജനിച്ചാല്‍ അവര്‍ക്ക് അല്ലലും അലട്ടും ഇല്ലാത്ത സുരക്ഷിത ജീവിതം ഉറപ്പുവരുത്തേണ്ടതുണ്ട്. അതു പ്രയാസകരമാണ് എന്നു തോന്നുമ്പോള്‍ കുട്ടികളുടെ ജീവനെടുക്കാനും അവര്‍ തയ്യാറാകുന്നു. പ്രണയബന്ധത്തിലായ അവിവാഹിതരായ യുവതീയുവാക്കള്‍ക്കും കുട്ടികളുണ്ടായെന്നുവരാം. നമ്മുടെ സദാചാരസങ്കല്‍പ്പങ്ങള്‍ക്കു നിരക്കാത്തതുകൊണ്ട് സമൂഹത്തില്‍നിന്നും അതു ചീത്തപ്പേരുണ്ടാക്കും എന്ന തോന്നലിലും കുട്ടികളെ കൊന്നുകളയുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരാറുണ്ട്. ഇങ്ങനെ ജനിക്കുന്ന കുട്ടികള്‍ക്കു വേണ്ടതെല്ലാം നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കാറില്ല. വേണ്ടാതെ ജനിക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ സ്‌നേഹവും പരിചരണവും കിട്ടാറില്ല. കുട്ടികളെ കൊലപ്പെടുത്തിയില്ല, ജീവിക്കാന്‍ അനുവദിച്ചുവെന്നു മാത്രം. അങ്ങനെ ഒരു കുട്ടിയുമായി എനിക്ക് ഇടപഴകാന്‍ സന്ദര്‍ഭമുണ്ടായിട്ടുണ്ട്. 14 വയസ്സുള്ള ആ കുട്ടി തൈര് എന്ന വസ്തു കണ്ടിട്ടേയുണ്ടായിരുന്നില്ല. തൈര് ആദ്യമായി രുചിക്കാന്‍ അവസരമുണ്ടായപ്പോള്‍ ആ കുട്ടിയുടെ പ്രതികരണം എനിക്കു സങ്കടവും സന്തോഷവും ഉണ്ടാക്കി. ഇതുവരെ അവനു വീട്ടുകാര്‍ തൈര് എന്നൊന്നു നല്‍കിയിട്ടില്ല. ബാക്ടീരിയയാണ് തൈര് പുളിപ്പിക്കുന്നതെന്നൊക്കെ പറഞ്ഞുകൊടുത്തു. അപ്പോള്‍ നല്ല ബാക്ടീരിയയും ചീത്ത ബാക്ടീരിയയും ഉണ്ടല്ലേ എന്നായിരുന്നു കുട്ടിയുടെ പ്രതികരണം.

നമ്മുടെ മധ്യവര്‍ഗ്ഗ സമൂഹത്തിലാണ് കുട്ടികളോട് ഇങ്ങനെ വ്യത്യസ്ത സമീപനമുള്ളത് എന്ന് എനിക്കു തോന്നുന്നു. ആദിവാസി ഗോത്രങ്ങള്‍ക്കിടയില്‍ ഈ വിവേചനമില്ല. ഒരിക്കല്‍ ലക്ഷ്മി എന്നൊരു ആദിവാസി യുവതിയുമായി ഇടപഴകാന്‍ ഇടയായി. ഒരു വയസ്സിന്റെ ഇടവേളകളില്‍ ജനിച്ച അവളുടെ രണ്ടു കുട്ടികള്‍ക്കിടയില്‍ ആറുമാസത്തിന്റെ മാത്രം പ്രായവ്യത്യാസമുള്ള ഒരു കുട്ടിയെ അവള്‍ വളര്‍ത്തുന്നുണ്ട്. ഇത് എനിക്ക് അദ്ഭുതമുണ്ടാക്കി. തീര്‍ച്ചയായും അത് അവളുടെ കുഞ്ഞായിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com