യോഗിയോ യാദവോ, ഉത്തരദേശത്തെ ഒന്നാമനാര് ?

മോദിയുടെ പിന്‍ഗാമിയാകാന്‍ തയാറെടുക്കുന്ന യോഗിക്ക് ജയം അനിവാര്യം. കനത്ത മത്സരം നടത്തി തിരിച്ചുവരവിന് ഒരുങ്ങുന്ന അഖിലേഷ്, നിലനില്‍പ്പിനുള്ള പോരാട്ടത്തിന് കോണ്‍ഗ്രസ്, മാറ്റ് കുറഞ്ഞ ബി.എസ്.പി
യോഗിയോ യാദവോ, ഉത്തരദേശത്തെ ഒന്നാമനാര് ?

ന്നാമനാകാനല്ല, രണ്ടാമനാകാനാണ് ഇത്തവണ ഉത്തരദേശത്തെ മത്സരം. തുടര്‍ഭരണം നേടിയാല്‍ പ്രതിച്ഛായ നിര്‍മ്മിതിയിലൂടെ ലോകനേതാവായ നരേന്ദ്ര മോദിയുടെ പിന്‍ഗാമിയായി യോഗി ആദിത്യനാഥിനെ ഉയര്‍ത്തിക്കാട്ടാന്‍ ബി.ജെ.പി തയ്യാറായേക്കും. അതുകൊണ്ടുതന്നെ പിഴയ്ക്കാത്ത വിജയം യോഗിക്ക് അനിവാര്യം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയപാഠങ്ങള്‍ ഉള്‍ക്കൊണ്ട് രണ്ടാംവരവിന് ഒരുങ്ങുകയാണ് മുഖ്യപ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടിയും അഖിലേഷ് യാദവും. നിലനില്‍പ്പിനുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസ്സും ബി.എസ്.പിയും. ബംഗാളിലെ തിരിച്ചടിക്കു ശേഷം യു.പിയിലും കൂടി ചുവടുപിഴച്ചാല്‍ അതിന്റെ ക്ഷീണം പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനുമുണ്ടാകും. 2017-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 403 സീറ്റുകളില്‍ 312 എണ്ണം നേടിയെങ്കിലും ഇത്തവണ അമിതമായ ആത്മവിശ്വാസം ബി.ജെ.പിക്കില്ല. സീറ്റ് കുറയും, എങ്കിലും ജയം ഉറപ്പ്- ഇതാണ് ബി.ജെ.പിയുടെ വാദം. നിലവില്‍ മുഖ്യരാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മില്‍ സഖ്യങ്ങളില്ലാത്തതുകൊണ്ട് ബി.ജെ.പിയും എസ്.പിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് നടക്കുന്നത്.

യു.പി. അഞ്ചുകൊല്ലം തികച്ച് ഭരിച്ച ആദ്യ മുഖ്യമന്ത്രിയും ദളിത് രാഷ്ട്രീയത്തിന്റെ ശബ്ദവുമായ മായാവതിക്ക് പഴയ പ്രതാപമില്ല. എല്ലാ മണ്ഡലങ്ങളിലും പാര്‍ട്ടി മത്സരിക്കുന്നുണ്ടെങ്കിലും നിലവില്‍ എം.എല്‍.എയോ എം.പിയോ അല്ലാത്ത മായാവതി പ്രചാരണത്തില്‍ സജീവമല്ല. അമിത്ഷാ അവരുടെ നിശബ്ദതയെ പരിഹസിച്ചപ്പോള്‍ പ്രിയങ്ക ഗാന്ധി ആ മൗനത്തിന്റെ പൊരുള്‍ തേടി. ഏതായാലും അധികാര രാഷ്ട്രീയത്തില്‍നിന്ന് ഏറെ അകലെയാണ് അവരിപ്പോള്‍. ബി.എസ്.പിക്കു ലഭിച്ചിരുന്ന പരമ്പരാഗത ദളിത് വോട്ടുകള്‍ ഇത്തവണ ആര്‍ക്ക് കിട്ടുമെന്നതാണ് നിര്‍ണ്ണായകം. എസ്.പിയും ബി.ജെ.പിയും ഇതില്‍ കണ്ണുവയ്ക്കുന്നു. സംസ്ഥാനം ഭരിച്ചിരുന്ന പാര്‍ട്ടി ഇപ്പോഴുമുണ്ടെന്ന് തെളിയിക്കലാണ് പ്രിയങ്ക ഗാന്ധിയുടെ ദൗത്യം. ബി.ജെ.പിയേയും ബി.എസ്.പിയേയും അട്ടിമറിക്കാനുള്ള കരുത്തൊന്നും കോണ്‍ഗ്രസ്സിനില്ല. സംഘടനാ അവശേഷിപ്പുകളിലൂടെ ഭാവിയില്‍ ഫിനിക്സ് പക്ഷിയാകാമെന്ന സ്വപ്നമാണ് പാര്‍ട്ടിക്കും നേതാക്കള്‍ക്കും. സ്ത്രീ വോട്ടര്‍മാരെ കയ്യിലെടുക്കാനും സവര്‍ണ്ണ വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കാനും കഴിഞ്ഞാല്‍ കോണ്‍ഗ്രസ്സിനു നേട്ടമെന്ന് അവകാശപ്പെടാം.

2022 ആവര്‍ത്തിക്കുമോ 2024?

യു.പി. കൂടാതെ പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ വര്‍ഷം അവസാനം ഗുജറാത്തിലും ഹിമാചലിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. 2024-ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന സെമിഫൈനല്‍ മത്സരമായാണ് ഇത് കണക്കാക്കപ്പെടുന്നത്. എന്നാല്‍, ഫൈനലിലെ ജയത്തിന് യാതൊരു ഉറപ്പുമില്ല. എങ്കിലും ഏതൊക്കെ സംസ്ഥാനങ്ങളില്‍ ഏതൊക്കെ പാര്‍ട്ടികള്‍ക്ക് ജനപിന്തുണയുണ്ടെന്ന് ഈ ജനവിധി വ്യക്തമാക്കും. വര്‍ഷാവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുപക്ഷേ, 2024-ലെ തെരഞ്ഞെടുപ്പിന്റെ ഫലസൂചനയായേക്കാം. സംസ്ഥാനങ്ങളില്‍ ജയിക്കുന്ന പാര്‍ട്ടികള്‍ക്ക് ദേശീയതലത്തിലും ജയിക്കാനാകുമെന്ന വിശ്വാസം ഇന്നത്തെ രാഷ്ട്രീയാവസ്ഥയ്ക്ക് ചേര്‍ന്നതല്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ എടുത്താല്‍ അത് ബോധ്യപ്പെടും. ഡല്‍ഹി, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ഗുജറാത്ത്, ബീഹാര്‍ എന്നിവിടങ്ങളില്‍ ജനങ്ങള്‍ വ്യത്യസ്ത രീതിയിലാണ് നിയമസഭാ- ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് വോട്ടു ചെയ്തത്. വോട്ടിങ് രീതിയുടെ ഒരു നിശ്ചിതരേഖ വരയ്ക്കുക അസാധ്യമെന്നര്‍ത്ഥം. 

വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദിശാനിര്‍ണ്ണയമായി യു.പിയിലെ ജനവിധി മാറിയില്ലെങ്കില്‍പ്പോലും ചില നിര്‍ണ്ണായക സ്വാധീനം ഉണ്ടായേക്കാം. ഉദാഹരണത്തിന് ബി.ജെ.പിക്ക് ഇപ്പോള്‍ വലിയ വിജയം സാധ്യമായാല്‍ 2024-ലും അത് ആവര്‍ത്തിക്കപ്പെടും. ജയിച്ചാല്‍ പാര്‍ട്ടിക്കുള്ളില്‍ യോഗി ശക്തനാകും. കൈരാനയടക്കം മൂന്ന് ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി തോറ്റതോടെ പാര്‍ട്ടിക്കുള്ളില്‍ യോഗിക്കെതിരെ വിമര്‍ശനം ശക്തമായിരുന്നു. അതേസമയം പരാജയപ്പെട്ടാല്‍ ദേശീയ നേതാവ് എന്ന നിലയില്‍ യോഗിയുടെ സാധ്യത മങ്ങും. 1998 മുതല്‍ തുടര്‍ച്ചയായി അഞ്ച് തവണ ഗൊരഖ്പുര്‍ മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് അദ്ദേഹം. ഗൊരഖ്നാഥ് മഠത്തിന്റെ മഹന്ത് എന്ന ചുമതലകൂടി അദ്ദേഹം നിര്‍വ്വഹിക്കുന്നു. ഇത്തവണ മത്സരിക്കുന്നതും അവിടെനിന്നു തന്നെ. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ സവര്‍ണ്ണ ഹിന്ദു വോട്ടുകള്‍ നേടാമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു. സഖ്യങ്ങളിലൂടെ യാദവ് ഇതര ഒ.ബി.സി വോട്ടുകളും കിട്ടും. പ്രതിപക്ഷ സഖ്യമില്ലാത്തിനാല്‍ വോട്ടുഭിന്നിപ്പിന്റെ ആനുകൂല്യവും ഗുണകരമാകുമെന്ന് ബി.ജെ.പി കരുതുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എസ്.പി-ബി.എസ്.പി സഖ്യത്തില്‍ മത്സരിച്ചപ്പോള്‍ ബി.എസ്.പി 10 സീറ്റുകളില്‍ വിജയിക്കുകയും 19 ശതമാനം വോട്ട് നേടുകയും ചെയ്തു. ബി.എസ്.പി മൊത്തം രേഖപ്പെടുത്തിയ വോട്ടിന്റെ 22 ശതമാനം അവര്‍ നേടി. എസ്.പി 47 സീറ്റും 21 ശതമാനം വോട്ടും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടി. 6.25 ശതമാനം വോട്ടുകള്‍ നേടിയ കോണ്‍ഗ്രസ്സിനു കിട്ടിയത് ഏഴു സീറ്റുകളാണ്. സമാജ്വാദി പാര്‍ട്ടിയുടെ ഭരണകാലത്ത് ഗുണ്ടാരാജ് ആയിരുന്ന ഭരണം വികസനത്തിനായി ഉപയോഗിച്ചെന്ന വാദം പരസ്യങ്ങളിലൂടെ ബി.ജെ.പി ഉയര്‍ത്തുന്നുണ്ട്. 2024-ല്‍ മോദിയെ പ്രധാനമന്ത്രിയാക്കണമെങ്കില്‍ 2022-ല്‍ യോഗിയെ മുഖ്യമന്ത്രിയാക്കൂ എന്നാണ് അമിത്ഷാ തെരഞ്ഞെടുപ്പു റാലികളില്‍ ആഹ്വാനം ചെയ്യുന്നത്. മോദിയുടെ പിന്‍ഗാമി എന്ന നിലയിലുള്ള അവരോധനം കൂടിയാണ് ഇത്.

അതേസമയം, ഇത്തവണ എത്ര ഒ.ബി.സി വോട്ടുകള്‍ ബി.ജെ.പിക്കു ലഭിക്കുമെന്നത് സംശയമാണ്. ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട മൂന്ന് മന്ത്രിമാര്‍ ഇതിനകം പാര്‍ട്ടിയില്‍നിന്ന് രാജിവച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ കൂടിയായ സ്വാമി പ്രസാദ് മൗര്യയും ധാരാസിങ് ചൗഹാനും സമാജ്വാദി പാര്‍ട്ടിയിലാണ് ചേര്‍ന്നത്. എം.എല്‍.എമാരും ഒട്ടേറെ നേതാക്കളും ബി.ജെ.പിയില്‍ നിന്ന് രാജിവച്ചിട്ടുണ്ട്.  അടിമത്തം അവസാനിപ്പിക്കൂ, സാമൂഹ്യ ഏകീകരണത്തിനുവേണ്ടി ഒരുമിക്കൂ എന്നാണ് ഓംപ്രകാശ് രാജ്ഭറിന്റെ ആഹ്വാനം. സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവായിരുന്ന ഓംപ്രകാശ് ആയിരുന്നു കഴിഞ്ഞതവണ ബി.ജെ.പി. സഖ്യത്തില്‍ പിന്നാക്ക വോട്ട് സമാഹരിക്കുന്നതില്‍ പ്രധാനി. രാജിക്കത്തില്‍ എല്ലാവരും ഒരു കാരണമാണ് പറഞ്ഞത്- പിന്നാക്കക്കാരോടുള്ള അവഗണന. ദളിതരേയും കര്‍ഷകരേയും വേണ്ടത്ര പരിഗണിച്ചില്ലെന്നും യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കപ്പെട്ടില്ലെന്നും കത്തുകളില്‍ പറയുന്നു. കാശി ഇടനാഴിയും മുസ്ലിം വിരുദ്ധതയുംകൊണ്ട് ഇതൊക്കെ ബി.ജെ.പിക്കു മറികടക്കാനായേക്കാം. വിശാല ഹിന്ദു സമൂഹത്തിന്റെ കീഴില്‍ പിന്നാക്കക്കാരേയും കൂടി ഉള്‍പ്പെടുത്തി അവര്‍ക്കും കൂടി ഇടം നല്‍കുന്നതാവും ബി.ജെ.പിയുടെ പ്രായോഗിക സമീപനം.

സാമൂഹ്യഘടനയും ജാതിസമവാക്യവും

യു.പിയിലെ രാഷ്ട്രീയശക്തികളില്‍ വന്ന മാറ്റത്തെക്കുറിച്ച് വിശദീകരിക്കുന്ന സീമ ചിഷ്തിയുടെ ലേഖനം 'ദ ഹിന്ദു' പ്രസിദ്ധീകരിച്ചിരുന്നു. 2010-ലെ സാമ്പത്തിക പ്രതിസന്ധിയോടെ മണ്ഡല്‍ കമ്മിഷന്റെ ഗുണഫലം അനുഭവിച്ച, അതിനുശേഷമുള്ള തലമുറയുടെ സ്വപ്നങ്ങള്‍ ഇല്ലാതായെന്ന് അവര്‍ പറയുന്നു. യുവത്വം കൂടുതല്‍ നേട്ടവും വളര്‍ച്ചയും പ്രതീക്ഷിച്ചു. എന്നാല്‍, നിരാശയായിരുന്നു ഫലം. 2014-ല്‍ യുവാക്കളായ ആ തലമുറ സ്വപ്നസാക്ഷാല്‍ക്കാരത്തിനുള്ള നേതാവായാണ് മോദിയെ കണ്ടത്. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.പിയിലെ 18 മുതല്‍ 25 വയസ്സ് വരെയുള്ള ആ തലമുറയില്‍പ്പെട്ട 68 ശതമാനം വോട്ടുരേഖപ്പെടുത്തിയതില്‍ 34.4 ശതമാനവും ലഭിച്ചത് ബി.ജെ.പിക്കായിരുന്നു. അതായത് സംസ്ഥാനത്ത് ലഭിച്ച ശരാശരി വോട്ടിനേക്കാള്‍ മൂന്നു ശതമാനം കൂടുതല്‍. സാമൂഹ്യനീതിയെന്ന മുദ്രാവാക്യം ഉപേക്ഷിച്ച് താല്‍ക്കാലികമായെങ്കിലും കാവിക്കൊടിയുടെ കീഴില്‍ അണിനിരക്കണമെന്ന മോദിയുടെ വാഗ്ദാനം അവര്‍ വിശ്വസിച്ചെന്നുവേണം വിലയിരുത്താനെന്നും സീമ ചിസ്തി ലേഖനത്തില്‍ പറയുന്നു. 
എന്നാല്‍, ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. 2016-ലെ സാമ്പത്തിക പ്രതിസന്ധി ഉത്തര്‍പ്രദേശില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ജീവിതനിലവാരം കുറഞ്ഞതും പ്രശ്നങ്ങളും മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നതാണ് വസ്തുത. യു.പിയില്‍ മാത്രമല്ല, പിന്നോക്ക സംസ്ഥാനങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാനിലും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ തൊഴിലന്വേഷകരുടെ എണ്ണം രണ്ട് കോടിയിലധികമായി. ജോലിയുള്ളവരുടെ എണ്ണം 16 ലക്ഷമായി ചുരുങ്ങി. 2012 മുതല്‍ യുവാക്കളിലെ തൊഴിലില്ലായ്മയില്‍ അഞ്ച് മടങ്ങ് വര്‍ദ്ധനയുണ്ടായി. 2017-'22 കാലയളവില്‍ ജി.എസ്.ഡി.പി (ഗ്രോത്ത് സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രൊഡക്റ്റ്) വളര്‍ച്ച 1.95 ശതമാനം മാത്രം. 2012-'17 കാലയളവില്‍ 6.92 ശതമാനമായിരുന്നു വളര്‍ച്ച. വിലക്കയറ്റം രൂക്ഷമായതോടെ 38 ശതമാനം വരുന്ന പാവപ്പെട്ടവരുടെ ജീവിതം വഴിമുട്ടി. നീതി ആയോഗിന്റെ സൂചികയില്‍ വളരെ പിന്നിലാണ് യു.പി. ആരോഗ്യനിലവാര സൂചികയിലും ദാരിദ്ര്യത്തിലും പോഷകാഹാരക്കുറവിലും മലിനീകരണത്തിലും ഏറ്റവും താഴെത്തട്ടിലാണ് യു.പിയുടെ സ്ഥാനം. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്ത രീതിയാകട്ടെ, വ്യാപക വിമര്‍ശനത്തിനു വഴിതെളിക്കുകയും ചെയ്തു. ഈ സാമ്പത്തികാവസ്ഥ ജാതിസമവാക്യങ്ങളില്‍ മാത്രമായി ഒതുക്കാനാകില്ലെന്ന സൂചനയാണ് യു.പി. രാഷ്ട്രീയം നല്‍കുന്നതെന്ന് അവര്‍ പറയുന്നു.

യാദവ ഇതര പിന്നാക്ക സമുദായങ്ങള്‍, ജാട്ട് ഇതര ദളിത് സമുദായങ്ങള്‍ എന്നിവയെ കൂടെ നിര്‍ത്തുന്നതാണ് ബി.ജെ.പിയുടെ വിജയരഹസ്യം. ബി.എസ്.പിയുടെ അടിത്തറ തന്നെ ജാട്ട് വിഭാഗത്തില്‍ വരുന്ന ദളിതരാണ്. ഇതുകൂടാതെയുള്ള ദളിത് സമൂഹങ്ങളുടേയും ജാട്ട് സമുദായത്തിന്റെ പിന്തുണയും 2014 മുതല്‍ ബി.ജെ.പിക്കാണ്. അതായത് യാദവ (10 ശതമാനം)-പിന്നോക്ക- മുസ്ലിം (19 ശതമാനം) സഖ്യമെന്ന സമാജ്വാദി പാര്‍ട്ടിയുടെ സാമൂഹ്യസഖ്യത്തെ മറികടന്നതാണ് ബി.ജെ.പിയുടെ നേട്ടം. യാദവ ഇതര പിന്നാക്ക വിഭാഗങ്ങളെ 2014-ല്‍ കൂടെ കൂട്ടിയെങ്കിലും ഇന്ന് അവര്‍ ഒപ്പമില്ല. സമാജ്വാദി പാര്‍ട്ടിയുടെ പഴയ ഫോര്‍മുല ആവര്‍ത്തിച്ചാല്‍ ഒരുപക്ഷേ, ബി.ജെ.പി പരാജയപ്പെടും. ഇതിനു പുറമേ യു.പിയില്‍നിന്ന് ബി.ജെ.പിയെ പുറത്താക്കാന്‍ ലക്ഷ്യമിട്ടുള്ള മിഷന്‍ യു.പി ദൗത്യവുമായി മുന്നോട്ടു പോകുമെന്ന് കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കിയിട്ടുണ്ട്. വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ചതിനു പിന്നാലെ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ജാട്ട് വിഭാഗത്തിന്റെ അസംതൃപ്തി എസ്.പിയെ സഹായിക്കുമെന്ന് കരുതുന്നു. ഠാക്കൂര്‍ സമുദായാംഗമായ യോഗി ആദിത്യനാഥിന്റെ നയങ്ങളോട് ബ്രാഹ്മണ വിഭാഗത്തിനുള്ള എതിര്‍പ്പ് കിഴക്കന്‍ യു.പിയില്‍ തിരിച്ചടിയാകുമോ എന്ന പേടി കൂടി ബി.ജെ.പിക്കുണ്ട്. ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ ആശിഷ് മിശ്രയുടെ പിതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്രയാണ് കിഴക്കന്‍ മേഖലയില്‍ ബി.ജെ.പിയുടെ മുഖം. ജനസംഖ്യയുടെ പത്തു ശതമാനം വരുന്ന ബ്രാഹ്മണ വോട്ട് പൂര്‍ണ്ണമായി ബി.ജെ.പിയിലേക്ക് പോകാതിരിക്കാന്‍ കിഴക്കന്‍ യു.പിയില്‍ ബ്രാഹ്മണ സ്ഥാനാര്‍ത്ഥികളെയാണ് സമാജ്വാദി പാര്‍ട്ടി രംഗത്തിറക്കിയത്. 

ജാട്ട് നേതാവ് ചരണ്‍സിങ്ങിന്റെ കൊച്ചുമകന്‍ ജയന്ത് സിങ് ചൗധരി നയിക്കുന്ന രാഷ്ട്രീയ ലോക്ദള്‍ എസ്.പിയുമായി സഖ്യത്തിലാണ്. കഴിഞ്ഞ തവണ ബി.ജെ.പി നേടിയ 40 ശതമാനം വോട്ടുവിഹിതത്തില്‍ എത്രത്തോളം വിള്ളലുണ്ടാക്കാന്‍ അഖിലേഷ് യാദവിനു കഴിയുമെന്നതാണ് നിര്‍ണ്ണായകം. ബി.എസ്.പിയുമായുള്ള കൂട്ട് ഉപേക്ഷിച്ച എസ്.പി. ആര്‍.എല്‍.ഡി, എസ്.ബി.എസ്.പി, ശിവ്പാല്‍ യാദവിന്റെ പ്രഗതിശീല്‍ സമാജ്വാദി പാര്‍ട്ടി, അപ്നാദള്‍ (കെ) എന്നിവയുമായാണ് സഖ്യം. ഇതില്‍ ഏഴു ശതമാനമുള്ള കുര്‍മി വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോകുന്നത് ഒഴിവാക്കാനാണ് അപ്നാദളുമായി സഖ്യമുണ്ടാക്കിയത്. കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍ നയിക്കുന്ന അപ്നാദള്‍ (എസ്) ബി.ജെ.പിക്ക് ഒപ്പമാണ്.  ആംആദ്മി പാര്‍ട്ടിയുമായും സഖ്യസാധ്യത നിലനില്‍ക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com