കൊവിഡ്  മൂന്നാം തരംഗം പിഴയ്ക്കുന്ന കണക്കുകൂട്ടലുകള്‍

കൊവിഡിന്റെ വകഭേദങ്ങളുടെ (ഡെല്‍റ്റ, ഒമിക്രോണ്‍) വ്യാപനം തുടരുമ്പോള്‍ നമ്മുടെ വാക്സിന്‍ യജ്ഞം എത്രമാത്രം ഫലപ്രദമാണ്?
കൊവിഡ്  മൂന്നാം തരംഗം പിഴയ്ക്കുന്ന കണക്കുകൂട്ടലുകള്‍

ദ്യത്തെ രണ്ടു തരംഗങ്ങളെ അപേക്ഷിച്ച് വ്യാപനവേഗം വളരെ കൂടുതലായ മൂന്നാം തരംഗം രാജ്യമെമ്പാടും പടര്‍ന്നുപിടിച്ചത് വെറും മൂന്നാഴ്ച കൊണ്ടാണ്. 2021 ഡിസംബര്‍ 27-ന് 733 ജില്ലകളില്‍ 19 ജില്ലകളില്‍ മാത്രമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിനു മുകളില്‍. 20 പേരെ പരിശോധിക്കുമ്പോള്‍ ഒരാള്‍ പോസിറ്റീവായെന്നര്‍ത്ഥം. ജനുവരി പതിനൊന്നിന് 311 ജില്ലകളില്‍ ടി.പി.ആര്‍ അഞ്ചു ശതമാനത്തിനു മുകളിലായി. അതായത് മൊത്തം ജില്ലകളുടെ 42 ശതമാനം. വര്‍ദ്ധനയാകട്ടെ 15 മടങ്ങും. ഡിസംബര്‍ 27-ന് പത്തു ശതമാനത്തിനു മുകളില്‍ ടി.പി.ആര്‍ ഉള്ള അഞ്ച് ജില്ലകള്‍ മാത്രമായിരുന്നുവെങ്കില്‍ ജനുവരി പതിനൊന്നിന് അത് 34 മടങ്ങ് വര്‍ദ്ധിച്ച് 174 ജില്ലകളായി. ഡിസംബര്‍ 27-ന് അരുണാചല്‍ പ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ ജില്ലകളില്‍ മാത്രമായിരുന്നു പത്തു ശതമാനത്തിനു മുകളില്‍ പോസിറ്റിവിറ്റി. എന്നാല്‍, ജനുവരി 11-ന് 36 സംസ്ഥാനങ്ങളിലെ (കേന്ദ്രഭരണപ്രദേശമടക്കം) ജില്ലകളില്‍ 30 എണ്ണത്തിലും പോസിറ്റിവിറ്റി 10 ശതമാനത്തിനു മുകളിലായി. ടി.പി.ആര്‍ കണക്കാക്കുന്ന രീതിയെക്കുറിച്ച് ചില വിമര്‍ശനങ്ങളുണ്ടെങ്കിലും സ്ഥിരമായ ഈ വര്‍ദ്ധന രണ്ട് കാര്യങ്ങളാണ് സൂചന നല്‍കുക- 1. വ്യാപനം കൂടുന്നു, 2. വേണ്ടത്ര ആളുകള്‍ക്ക് പരിശോധനയില്ല. ലോകാരോഗ്യസംഘടനയുടെ വിലയിരുത്തല്‍ അനുസരിച്ച് ടി.പി.ആര്‍ അഞ്ചു ശതമാനത്തില്‍ താഴെയാണെങ്കില്‍ മാത്രമാണ് വ്യാപനം നിയന്ത്രണത്തിലാകുക.

വാക്സിന്‍ എടുത്തവരിലെ വ്യാപനകണക്ക്

കൊവിഡിന്റെ വകഭേദങ്ങളുടെ (ഡെല്‍റ്റ, ഒമിക്രോണ്‍) വ്യാപനം തുടരുമ്പോള്‍ വാക്സിന്‍ എത്രമാത്രം ഫലപ്രദമാണ്? കീഴടക്കാന്‍ അസാധ്യമായ പ്രതിസന്ധികളെ നേരിട്ട് തോല്‍പ്പിച്ചെന്ന് അവകാശപ്പെടുന്ന കേന്ദ്രസര്‍ക്കാര്‍ കണക്കുകളും യാഥാര്‍ത്ഥ്യവും വച്ചാണോ ഇത് വിലയിരുത്തിയത്? വ്യാപനം കുറഞ്ഞില്ലെങ്കിലും രോഗം ഗുരുതരമാകുന്ന രോഗികളുടെ എണ്ണവും മരണനിരക്കും വാക്സിനേഷന്‍ കൊണ്ടു കുറയ്ക്കാനായി എന്നാണ് സര്‍ക്കാരിന്റെ വാദം. അത് ശരിയുമാണ്. എന്നാല്‍, അത് വ്യക്തമാക്കുന്ന കണക്കുകള്‍ കേന്ദ്രസര്‍ക്കാരിന്റെ കൈവശമില്ലെന്നതാണ് വാസ്തവം. വാക്സിനേഷന്‍ രോഗതീവ്രതയും മരണനിരക്കും കുറച്ചുവെന്നും ചില സംസ്ഥാനങ്ങളുടെ കണക്കുകളില്‍നിന്ന് വ്യക്തമാണ്. എന്നാല്‍, ദേശീയതലത്തില്‍ ഇത് രേഖപ്പെടുത്തുന്ന ഒരു നിരീക്ഷണ സംവിധാനം ഇല്ലെന്നതാണ് വസ്തുത. ഏറ്റവും പുതിയ തരംഗത്തെക്കുറിച്ച്, അതിന്റെ തീവ്രത അളക്കാന്‍ സാധിക്കുന്ന വിശകലനങ്ങളില്ല. അങ്ങനെ വിലയിരുത്താന്‍ സാധിക്കുന്ന സൂക്ഷ്മമായ ഡേറ്റയുടെ അഭാവം ഈ പ്രശ്നം ഗുരുതരമാക്കുന്നു.

2021 സെപ്റ്റംബര്‍ ഒന്‍പതിന് ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയം ഐ.സി.എം.ആറിന് വേണ്ടി ഒരു വാക്സിന്‍ ട്രാക്കര്‍ തുടങ്ങിയെന്ന് വ്യക്തമാക്കിയിരുന്നു. ഫോണ്‍ നമ്പര്‍ ഉപയോഗിക്കുന്ന വാക്സിന്‍ ഡേറ്റാബേസും കൊവിഡ് പരിശോധനകളുടെ ഐ.സി.എം.ആറിന്റെ ഡേറ്റാബേസും ലിങ്ക് ചെയ്തുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്. ഇതു വഴി വാക്സിന്‍ എടുത്തവര്‍ക്ക് എത്രമാത്രം രോഗം ഗുരുതരമാകുമെന്നും എത്ര മരണമുണ്ടാകുമെന്നും കൃത്യതയോടെ അറിയാനാകുമെന്നാണ് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞിരുന്നത്. 2021 ഏപ്രില്‍ 18 മുതല്‍ വാക്സിനേഷനും മരണനിരക്കും ഉള്‍പ്പെടുന്ന കണക്കുകള്‍ ആഴ്ച അടിസ്ഥാനത്തില്‍ ഈ ട്രാക്കറില്‍ ലഭ്യമാക്കി. ഇത് അനുസരിച്ച് ഒരു ഡോസ് വാക്സിന്‍ സ്വീകരിക്കുന്നവരില്‍ 98.4 ശതമാനത്തിനും വാക്സിന്‍ ഫലപ്രദമാണെന്നാണ് കണ്ടെത്തിയത്. രണ്ട് ഡോസ് സ്വീകരിച്ചാല്‍ 99.1 ശതമാനവും. അതായത് മരണം ഒഴിവാക്കാന്‍ വാക്സിന്‍ ഫലപ്രദമാണെന്ന് അര്‍ത്ഥം. എന്നാല്‍, ഈ വാദത്തിന് അടിവരയിടുന്ന കൃത്യമായ മരണങ്ങളുടെ എണ്ണം വ്യക്തമല്ല. രോഗപ്രതിരോധം സംബന്ധിച്ച നയത്തിനും നടപടികള്‍ക്കും ഈ ധാരണക്കുറവ് വലിയ പരിമിതിയുമാണ്. 

ഈ കണക്കുകള്‍ ഇതുവരെ വിശകലനം ചെയ്തിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വ്യക്തമാക്കിയത്. വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന മറുപടിയാണ് നീതി ആയോഗ് ആരോഗ്യസമിതി അംഗമായ വി.കെ. പോളും പറയുന്നത്. ശാസ്ത്രീയമായ വിശകലനങ്ങളുടെ അടിസ്ഥാനത്തിലാണ് ബൂസ്റ്റര്‍ ഡോസിന് അനുമതി നല്‍കിയതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, സംസ്ഥാനങ്ങള്‍ക്ക് ഇതില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. ഐ.സി.എം.ആറിന്റെ ഡേറ്റാബേസ് വാക്സിനേഷനും മരണനിരക്കും വിലയിരുത്താന്‍ പര്യാപ്തമല്ലെന്ന് പല സംസ്ഥാനങ്ങളും കുറ്റപ്പെടുത്തുന്നു. ഉദാഹരണത്തിന് തമിഴ്നാട്ടില്‍ വാക്സിന്‍ എടുത്തവരുടെ മരണനിരക്ക് ആശുപത്രികളില്‍ മാത്രമാണുള്ളത്. സംസ്ഥാനതലത്തില്‍ ഒരു കണക്ക് അവര്‍ക്കില്ല. കേന്ദ്രസര്‍ക്കാരുകള്‍ കണക്കുകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഓരോ ആശുപത്രിയില്‍നിന്നും പ്രത്യേകം കണക്കുകളെടുത്താണ് നല്‍കിയത്. ബീഹാറില്‍ കഴിഞ്ഞ തരംഗങ്ങളിലുണ്ടായ മരണനിരക്ക് പോലുമില്ല. കണക്കുകളുടെ കൃത്യത ഉറപ്പിക്കാനാവില്ലെന്നാണ് ഇത് ബോധ്യപ്പെടുത്തുന്നത്. എന്നാല്‍, പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന ഒറ്റ മറുപടിയില്‍ ഐ.സി.എം.ആര്‍ പ്രതിരോധിക്കുന്നു. പക്ഷേ, അതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരമില്ല.
 
ഇതാദ്യമല്ല ഇത്തരമൊരു പ്രശ്നം. 2021 ഏപ്രിലില്‍ വാക്സിന്‍ ഫലപ്രദമാണെന്ന് ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടിരുന്നു. കണക്കുകളല്ലായിരുന്നു അന്നും ആ അവകാശവാദത്തിന്റെ മാനദണ്ഡം. വാക്സിന്‍ എടുത്ത 10,000 പേരില്‍ രണ്ട് മുതല്‍ നാലു പേര്‍ക്ക് മാത്രമാണ് രോഗബാധയുണ്ടാകുന്നുവെന്നാണ് അന്ന് സര്‍ക്കാര്‍ പറഞ്ഞത്. അതും രോഗികളുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരാണെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. വാക്സിനേഷന്‍ യജ്ഞം തുടങ്ങി മൂന്നു മാസം പിന്നിട്ടപ്പോഴും വ്യക്തമായ കണക്കുകള്‍ സര്‍ക്കാരിന്റെ കൈവശമില്ലായിരുന്നു. വാക്സിനേഷന്‍ കഴിഞ്ഞവരുടെ രോഗബാധ കൃത്യതയോടെ റിപ്പോര്‍ട്ട് ചെയ്യുകയോ രേഖപ്പെടുത്തുകയോ ചെയ്യുന്നില്ലെന്ന് അര്‍ത്ഥം. ഈ രീതിയെ വൈറോളജിസ്റ്റുകള്‍ ചോദ്യം ചെയ്തിരുന്നു. ക്ലിനിക്കല്‍ പരീക്ഷണത്തില്‍ കൊവിഷീല്‍ഡ് രണ്ട് ഡോസുമെടുത്താല്‍ 70 ശതമാനം ഫലപ്രദമാണെന്നും മരണം 100 ശതമാനം ഒഴിവാക്കാന്‍ കഴിയുമെന്നും വ്യക്തമാക്കിയിരുന്നു. കോവാക്സിന്റെ മൂന്നാം ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഫലം വരാനിരിക്കുന്നതേയുള്ളൂ. എങ്കിലും 78 ശതാനം ഫലപ്രാപ്തി നിര്‍മ്മാതാക്കള്‍ അവകാശപ്പെടും. ഈ ഫലപ്രാപ്തി നേടിയോ എന്ന് എങ്ങനെ മനസ്സിലാക്കും. സര്‍ക്കാരിന്റെ കൈവശമുള്ള കണക്കുകളാകട്ടെ സംശയം ജനിപ്പിക്കുന്നതുമാണ്.  വാക്സിന്‍ എടുക്കാത്ത, രോഗം ഗുരുതരമായവരുടെ പട്ടിക മാത്രമാണ് ചില സംസ്ഥാനങ്ങള്‍ നല്‍കിയത്.  ഇതാണ് വിലയിരുത്തലുകള്‍ക്ക് മാനദണ്ഡമായുള്ള ഏക ഏകകം.

മുംബൈയില്‍ 2022 ജനുവരി ആറ് വരെയുള്ള കണക്ക് അനുസരിച്ച് ഓക്സിജന്‍ വേണ്ടിവന്ന 1900 രോഗികളില്‍ 96 ശതമാനവും വാക്സിന്‍ സ്വീകരിക്കാത്തവരായിരുന്നു. 100 ശതമാനം പേരും ഒരു ഡോസെങ്കിലും സ്വീകരിച്ചവരാണെന്നാണ് സര്‍ക്കാരിന്റെ വാദം. അപ്പോള്‍ പിന്നെ ഇത്രയും വാക്സിന്‍ സ്വീകരിക്കാത്തവര്‍ ആരാണ് എന്നാണ് സംശയം. രോഗം അത്ര ഗുരുതരമായവരുടെ കണക്ക് മാത്രമാണ് ഇത്. എത്രപേര്‍ വാക്സിന്‍ സ്വീകരിക്കാത്തവരുണ്ട് എന്നതില്‍ ഒരു വ്യക്തതയുമില്ല. അടുത്ത ജില്ലകളില്‍നിന്ന് ചികിത്സയ്ക്കായി വന്നവരാണ് അവരെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. ഏതായാലും ഒരു ഡോസെങ്കിലും സ്വീകരിക്കാത്തവരാണ് മരിച്ചവരില്‍ 94 ശതമാനമെന്ന് 2021 ഫെബ്രുവരി മുതലുള്ള കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. 2021 മാര്‍ച്ചിലാണ് 60 വയസ്സിനു മുകളിലുള്ളവര്‍ വാക്സിന്‍ നല്‍കി തുടങ്ങിയത്. രണ്ടാം തരംഗം രൂക്ഷമായ ഏപ്രിലിലാണ് 45 വയസ്സിനു മുകളിലും മേയിലാണ് 18 വയസ്സിനു മുകളിലുള്ളവര്‍ക്കും നല്‍കി തുടങ്ങിയത്.

കര്‍ണാടകയില്‍ വാക്സിന്‍ എടുക്കാത്തവരിലാണ് വാക്സിന്‍ എടുത്തവരെക്കാള്‍ ലക്ഷണങ്ങള്‍ തീവ്രമായത്. ഐസിയുവും വെന്റിലേറ്ററും ആവശ്യമായി വന്ന വാക്സിന്‍ സ്വീകരിക്കാത്തവരുടെ എണ്ണം വാക്സിനെടുത്തവരേക്കാള്‍ മുപ്പതു മടങ്ങ് കൂടുതലാണ്. 2021 ഓഗസ്റ്റിലും സെപ്റ്റംബറിലും കൊവിഡ് ബാധിച്ചു മരിച്ചവരില്‍ 69 ശതമാനവും വാക്സിന്‍ സ്വീകരിക്കാത്തവരായിരുന്നു. അതുകൊണ്ടു തന്നെ വാക്സിന്‍ ഫലപ്രദമാണ് എന്നതിനെ സംശയിക്കേണ്ടതില്ലെന്നും വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍, മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കുന്നതില്‍ നമുക്ക് വീഴ്ച സംഭവിച്ചിരിക്കുന്നുവെന്ന് പറയുന്നു അശോക യൂണിവേഴ്സിറ്റി പ്രൊഫസറായ ഗൗതം മേനോന്‍. ഇന്ത്യ സ്പെന്‍ഡിലെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്യുന്നു. ഹൈബ്രിഡ് ഇമ്യൂണിറ്റിയെക്കുറിച്ച് അറിയാന്‍ ഒരു വിവരവുമില്ലെന്നും അദ്ദേഹം പറയുന്നു. ജൂലൈ പകുതിയോടെ പ്രായപൂര്‍ത്തിയായവരില്‍ 74 ശതമാനം പേര്‍ക്കും ആന്റിബോഡിയുണ്ടെന്നാണ് കണക്കുകൂട്ടല്‍. ഒന്നുകില്‍ രോഗബാധയുണ്ടായി അല്ലെങ്കില്‍ വാക്സിന്‍ എടുത്തതുകൊണ്ടാവാം ഇത്. എന്നാല്‍, ഇതില്‍ വ്യക്തതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ബൂസ്റ്റര്‍ ഡോസും വാക്സിന്‍ അസമത്വവും

ഒമിക്രോണ്‍ വകഭേദം രാജ്യത്ത് വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഡിസംബര്‍ 25-ന് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ആകെ ജനസംഖ്യയുടെ 10 ശതമാനം വരുന്ന ജനതയ്ക്ക് ഇനിയും ഒന്നാം ഡോസ് നല്‍കാനുണ്ട്. രണ്ടാം ഡോസാകട്ടെ കിട്ടാനുള്ളത് 36 ശതമാനം പേര്‍ക്കാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണിപ്പോരാളികള്‍ക്കുമാണ് മൂന്നാം ഡോസ് ലഭ്യമാക്കുക. മൂന്നു കോടി പേര്‍ക്കെങ്കിലും ഈ കാറ്റഗറിയില്‍ വാക്സിന്‍ വേണ്ടിവരും.  60 വയസ്സ് പിന്നിട്ട ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് കിട്ടും. 13.7 കോടി പേര്‍ക്കാണ് ഈ കാറ്റഗറിയില്‍ ബൂസ്റ്റര്‍ ഡോസ് കിട്ടുക. ജനുവരി മൂന്നു മുതല്‍ 15 വയസ്സ് മുതല്‍ 17 വയസ്സ് വരെയുള്ള ഏഴര കോടി കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി തുടങ്ങിയിട്ടുമുണ്ട്. ആരോഗ്യമന്ത്രാലയം മേയില്‍ പറഞ്ഞ കണക്ക് അനുസരിച്ച് ഡിസംബര്‍ 31 ഓടെ 216 കോടി വാക്സിന്‍ ലഭ്യമാകുമെന്നാണ്. അതായത് പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ കഴിയുമെന്നര്‍ത്ഥം. എന്നാല്‍, ഡിസംബര്‍ 30-ലെ കണക്ക് നോക്കിയാല്‍ 144 കോടി വാക്സിന്‍ മാത്രമാണ് നല്‍കിയത്. അതായത് മൊത്തം ജനസംഖ്യയുടെ 64 ശതമാനം മാത്രം. ഡിസംബര്‍ 23 മുതല്‍ 29 വരെയുള്ള ആഴ്ചയില്‍ ഒരു ദിവസം 58 ലക്ഷം ഡോസുകളാണ് നല്‍കിയത്. 

ഈ കണക്ക് അനുസരിച്ച് പ്രായപൂര്‍ത്തിയായ മുഴുവന്‍ പേര്‍ക്കും ഡോസ് നല്‍കാന്‍ മാര്‍ച്ച് പകുതി വരെയെടുക്കും. ബൂസ്റ്റര്‍ ഡോസ് കൂടി നല്‍കാന്‍ തീരുമാനിച്ച സ്ഥിതിക്ക് ചുരുങ്ങിയത് 107 ദിവസമെങ്കിലും വേണ്ടിവരും. അതായത് ഏപ്രില്‍ പകുതിയോടെ മാത്രമേ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ കഴിയൂ. ഇതിനു പുറമേ 60 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ചുരുങ്ങിയത് 24 ദിവസമെങ്കിലും എടുക്കും. മേയ് രണ്ടാം വാരമാകും ഇത് പൂര്‍ത്തിയാകുക. ഇനി എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തീരുമാനിച്ചാല്‍ ഇന്നത്തെ നിലയില്‍ 262 ദിവസം കൂടി വേണ്ടി വരും. അതായത് സെപ്റ്റംബര്‍ അവസാനത്തോടെ മാത്രമേ ബൂസ്റ്റര്‍ ഡോസ് എല്ലാവര്‍ക്കും കിട്ടൂ. എന്നാല്‍, വാക്സിന്‍ വിതരണത്തിലെ അസമത്വം കാരണം ഈ കാലയളവ് കൂടാനേ സാധ്യതയുള്ളൂ. സംസ്ഥാനങ്ങള്‍, ഗ്രാമവും നഗരവും, സ്ത്രീയും പുരുഷനും, ഗോത്രവര്‍ഗങ്ങള്‍ എന്നിങ്ങനെ ഈ അസമത്വം പല രീതിയില്‍ ബാധിച്ചേക്കാം. ഉദാഹരണത്തിന് ജനുവരി 18 വരെയുള്ള കണക്ക് അനുസരിച്ച് മുംബൈയില്‍ വാക്സിന്‍ സ്വീകരിച്ച പുരുഷന്‍മാരുടെ എണ്ണം 1.10 കോടി. അതേ സമയം സ്ത്രീകളുടെ എണ്ണം 76.98 ലക്ഷം. അതായത് 1000 പുരുഷന്‍മാര്‍ വാക്സിന്‍ സ്വീകരിച്ചപ്പോള്‍ സ്ത്രീകളില്‍ 694 പേര്‍ മാത്രമാണ് ഡോസ് സ്വീകരിച്ചത്. ഡല്‍ഹിയില്‍ 1.64 കോടി പുരുഷന്‍മാര്‍ വാക്സിന്‍ സ്വീകരിച്ചപ്പോള്‍ 1.22 സ്ത്രീകള്‍ക്ക് മാത്രമാണ് വാക്സിന്‍ കിട്ടിയത്. അതേ സമയം കേരളമടക്കമുള്ള ഒമ്പത് സംസ്ഥാനങ്ങളില്‍ വാക്സിനേഷനില്‍ മുന്നിലുള്ളത് സ്ത്രീകളാണ്.  

ബൂസ്റ്റര്‍ ഡോസിലൂടെ ഒരു രാജ്യവും മഹാമാരിയില്‍നിന്ന് മോചനം നേടുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് ഗബ്രിയേസിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആഗോള വാക്സിന്‍ വിതരണത്തിലെ അസമത്വം എത്രയും വേഗം പരിഹരിച്ചാല്‍ മാത്രമേ മഹാമാരിയെ നേരിടാനാകൂ. അല്ലെങ്കില്‍ ഒമിക്രോണ്‍ പോലെയുള്ള വകഭേദങ്ങള്‍ വീണ്ടും ഭീഷണിയാകുമെന്നും അദ്ദേഹം പറയുന്നു. ഒരു മാസം 25-27 കോടി കൊവിഷീല്‍ഡ് ഡോസുകളാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. കൊവാക്സിന്‍ അഞ്ചു മുതല്‍ ആറ് കോടി ഡോസു വരെയും. 2021 ഡിസംബര്‍ 14-ന് രാജ്യസഭയില്‍ ആരോഗ്യമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ പറഞ്ഞതാണ് ഇത്. പ്രായപൂര്‍ത്തിയായവര്‍ക്ക് മൂന്നാമതൊരു ഡോസു കൂടി കൊടുക്കണമെങ്കില്‍ 1.52 ബില്യണ്‍ അധികഡോസ് വേണ്ടി വരും. അങ്ങനെയാണെങ്കില്‍ ഉല്പാദനം പൂര്‍ത്തിയാകാന്‍ തന്നെ ഏപ്രില്‍ കഴിയും.

മരണനിരക്ക് കുറഞ്ഞു വ്യാപനവേഗം കൂടിയെങ്കിലും

വാക്സിനേഷന്‍ കാരണം മരണനിരക്ക് കുറയ്ക്കാനായി എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. രണ്ടാം തരംഗത്തെ അപേക്ഷിച്ച് രോഗം ഗുരുതരമാകുന്നവരുടെ എണ്ണത്തിലും മരണനിരക്കിലും കുറവുണ്ടെന്നാണ് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കുന്നത്. 90 ശതമാനം പേര്‍ക്കും വാക്സിനേഷന്‍ നല്‍കാനായി എന്നതാണ് ഇതിനു കാരണമെന്നും അദ്ദേഹം പറയുന്നു. 2021 ഏപ്രില്‍ മുപ്പതിന് 3,86,452 പുതിയ രോഗികളും 3,059 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. അന്ന് 31,70,228 കേസുകളാണ് ആകെയുണ്ടായിരുന്നത്. ആകെ ജനസംഖ്യയുടെ രണ്ടു ശതമാനം മാത്രമായിരുന്നു വാക്സിനേഷന്‍ സ്വീകരിച്ചവരുടെ അനുപാതം. എന്നാല്‍, 2022 ജനുവരി 20-ന് 33,17,532 പുതിയ കേസുകളുണ്ട്. എന്നാല്‍, മരണം 380 മാത്രം. ആകെ ജനസംഖ്യയുടെ 72 ശതമാനം പേര്‍ രണ്ട് ഡോസും വാക്സിന്‍ സ്വീകരിച്ചവരാണ്. വാക്സിന്റെ ആദ്യ ഡോസ് 94 ശതമാനം പേരും സ്വീകരിച്ചെന്നാണ് സര്‍ക്കാര്‍ വാദം. പ്രായപൂര്‍ത്തിയായവരില്‍ 72 ശതമാനം രണ്ടാം ഡോസ് എടുത്തവരാണെന്നും രാജേഷ് ഭൂഷണ്‍ പറയുന്നു. കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഉത്തര്‍പ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലും വ്യാപനം രൂക്ഷമാണ്. ഈ സംസ്ഥാനങ്ങളിലെ സ്ഥിതിഗതി വിലയിരുത്താനും ആവശ്യമായ നിര്‍ദ്ദേശം നല്‍കുന്നതിനും കേന്ദ്രസംഘത്തെ അയച്ചിട്ടുണ്ട്. കേരളം, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, ഒഡീഷ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കൂടുതലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com