കാസര്‍കോട്  എയിംസ്; ആരോഗ്യത്തിനും ചികിത്സയ്ക്കും വേണ്ടിയൊരു സമരം

കേരളത്തിലാണ് കാസര്‍കോട് ജില്ല. എന്നാല്‍, വടക്കേ അറ്റത്തായിപ്പോയതുകൊണ്ടുമാത്രം പല കാര്യങ്ങളിലും കേരളത്തിന്റെ പരിഗണനയില്‍ ഈ ജില്ല വരാറേ ഇല്ല
കാസര്‍കോട്  എയിംസ്; ആരോഗ്യത്തിനും ചികിത്സയ്ക്കും വേണ്ടിയൊരു സമരം

കേരളത്തിലാണ് കാസര്‍കോട് ജില്ല. എന്നാല്‍, വടക്കേ അറ്റത്തായിപ്പോയതുകൊണ്ടുമാത്രം പല കാര്യങ്ങളിലും കേരളത്തിന്റെ പരിഗണനയില്‍ ഈ ജില്ല വരാറേ ഇല്ല. ആരോഗ്യകാര്യത്തില്‍ നമ്പര്‍ വണ്‍ കേരള എന്ന് അഭിമാനിക്കുന്ന അതേ സമയത്താണ് മെച്ചപ്പെട്ട ചികിത്സയ്ക്കായി ഇവിടത്തെ ജനങ്ങള്‍ തെരുവില്‍ സമരത്തിനിറങ്ങുന്നത്. ഭരണകൂടത്തിന്റെ ഉത്തരവാദിത്വമില്ലാത്ത പ്രവൃത്തികൊണ്ട് ജീവച്ഛവമായി ജീവിക്കുന്ന പതിനായിരക്കണക്കിന് എന്‍ഡോസള്‍ഫാന്‍ ബാധിതരുള്ള ജില്ല കൂടിയാണിത്. വിദഗ്ദ്ധ ചികിത്സ എന്നത് ഇവിടത്തുകാര്‍ക്ക് അയല്‍ സംസ്ഥാനത്തോ അയല്‍ ജില്ലയിലോ കിട്ടുന്ന ഒന്നുമാത്രമാണ്. കൊവിഡ് വ്യാപനം രൂക്ഷമായ കാലത്ത് കര്‍ണാടക അതിര്‍ത്തി അടച്ചതിനാല്‍ സ്ഥിരം ചികിത്സാകേന്ദ്രമായ മംഗലാപുരത്തേക്ക് പോകാന്‍ കഴിയാതെ ഇരുപതിലധികം പേരാണ് ജില്ലയില്‍ മരിച്ചത്. മരണത്തോട് മല്ലടിച്ചും സംസ്ഥാനത്തെ വിവിധ ആശുപത്രികളിലേക്ക് ഓടിയും വേറെയും കുറേ പേര്‍. 

ജില്ലാ ആശുപത്രിയിലേയും ജനറല്‍ ആശുപത്രിയിലേയും പരിമിതമായ ചികിത്സാ സൗകര്യങ്ങളിലാണ് കാസര്‍കോട് ജില്ലക്കാരുടെ ജീവിതം. പ്രഖ്യാപിക്കപ്പെട്ട മെഡിക്കല്‍ കോളേജ് എട്ടുവര്‍ഷത്തിനിപ്പുറം ഒ.പി. മാത്രമുള്ള പ്രാഥമിക ചികിത്സാലയത്തിന്റെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിക്കുന്ന എയിംസ് കാസര്‍കോട് എത്തിക്കണം എന്നാവശ്യമുന്നയിച്ച് നാട്ടുകാര്‍ സമരത്തിലാണിപ്പോള്‍. എയിംസിനായി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയത് കോഴിക്കോട് ജില്ലയിലെ കിനാലൂരാണ്. ആ ലിസ്റ്റില്‍ കാസര്‍കോടിനേയും ഉള്‍പ്പെടുത്തണമെന്നും എയിംസ് അനുവദിക്കുന്ന മുറയ്ക്ക് അത് കാസര്‍കോട് തന്നെ കൊണ്ടുവരണമെന്നുമാണ് എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ ആവശ്യപ്പെടുന്നത്. എന്‍ഡോസള്‍ഫാന്‍ ബാധിതരുള്‍പ്പെടെയുള്ളവര്‍ക്ക് അതിവിദഗ്ദ്ധ ഡോക്ടര്‍മാരുടേയും ചികിത്സാ സൗകര്യത്തിന്റേയും ആവശ്യമുണ്ടെന്നും എയിംസിലൂടെ ഇത് പൂര്‍ത്തീകരിക്കപ്പെടുമെന്നുമാണ് ഇവരുടെ പ്രതീക്ഷ. അധികാരത്തിലിരിക്കുന്നവര്‍ വിദേശരാജ്യങ്ങളില്‍ ചികിത്സ തേടി പോവുന്ന അതേ സമയത്താണ് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ജില്ലക്കാര്‍ പത്ത് ദിവസത്തിലധികമായി നിരാഹാരം ഇരിക്കുന്നത്. 

പ്രാഥമിക ആരോഗ്യകേന്ദ്രം പോലെ മെഡിക്കല്‍ കോളേജ്

കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയും കാസര്‍കോട്ടെ ജനറല്‍ ആശുപത്രിയുമാണ് ജില്ലയിലുള്ളവരുടെ പ്രധാന അഭയകേന്ദ്രം. വിദഗ്ദ്ധ ചികിത്സയ്ക്ക് കര്‍ണാടകയിലെ മംഗലാപുരത്തെയാണ് കൂടുതലും ആശ്രയിക്കേണ്ടത്. കണ്ണൂര്‍ ജില്ലയിലെ പരിയാരം മെഡിക്കല്‍ കോളേജിലോ മറ്റ് സ്വകാര്യ ആശുപത്രികളിലോ പോകേണ്ടിവരുന്നവരും ഏറെ. രോഗികളേയും കൂട്ടി ഇത്രയും ദൂരം യാത്ര ചെയ്ത് ചികിത്സ തേടേണ്ട ഗതികേടാണ് കാസര്‍കോട്ടുകാര്‍ക്ക്. സ്വകാര്യ വാഹനങ്ങളില്‍ പോവേണ്ടിവരുന്നവര്‍ക്കുള്ള സാമ്പത്തിക ബുദ്ധിമുട്ട് വേറെയും. എന്‍ഡോസള്‍ഫാന്‍ ബാധിതരേയും കൂട്ടി ചികിത്സയ്ക്കായുള്ള യാത്രയുടെ ദുരിതം വേറെയും. 

മികച്ച ചികിത്സ ഉറപ്പാക്കാനുള്ള ജനങ്ങളുടെ നിരന്തരമായ ആവശ്യപ്പെടലിന്റേയും സമരങ്ങളുടേയും ഭാഗമായാണ് 2013-ല്‍ ഉക്കിനടുക്കയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അനുവദിച്ചത്. 2013 നവംബറില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കലിട്ടു. എട്ടുവര്‍ഷത്തിനിപ്പുറവും പണിതീരാത്ത അവസ്ഥയിലാണ് മെഡിക്കല്‍ കോളേജ്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 2020-ല്‍ കൊവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് കൊവിഡ് ആശുപത്രിയാക്കി മാറ്റി. ഡോക്ടര്‍മാരേയും അനുബന്ധ ജീവനക്കാരേയും നിയമിച്ചു. എന്നാല്‍, കൊവിഡ് രൂക്ഷത കുറഞ്ഞതോടെ ആശുപത്രി പ്രവര്‍ത്തിക്കാതായി. ജീവനക്കാരെ മറ്റിടങ്ങളിലേക്ക് മാറ്റി നിയമിച്ചു. മെഡിക്കല്‍ കോളേജ്  ആശുപത്രി പ്രവര്‍ത്തനം തുടങ്ങണമെന്നാവശ്യപ്പെട്ട് സമരങ്ങളും നിവേദനം നല്‍കലും പിന്നീടും തുടരേണ്ടിവന്നു. ഒടുവില്‍ ജനുവരി മൂന്നിന് ഒ.പി. മാത്രമായി മെഡിക്കല്‍ കോളേജ് തുടങ്ങി. ഒരു പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ സൗകര്യം പോലും നല്‍കാനാവാതെ ഒരു മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ഉക്കിനടുക്കയില്‍. സ്‌കാനിങ്ങിനുപോലും സൗകര്യമില്ല. കാഞ്ഞങ്ങാട് നിന്ന് 50 കിലോമീറ്ററില്‍ അധികമുണ്ട് ഉക്കിനടുക്കയിലേക്ക്. ഇവിടെ ഡോക്ടറെ കാണാനെത്തുന്ന ഒരു രോഗി സ്‌കാനിങ്ങോ മറ്റോ ആവശ്യമുണ്ടെങ്കില്‍ വീണ്ടും കാഞ്ഞങ്ങാടോ കാസര്‍കോടോ പോയി ചെയ്ത് തിരിച്ചെത്തണം. 

എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികള്‍ക്ക് കൂടുതലായും ന്യൂറോ സര്‍ജന്‍മാരുടെ സേവനം ആവശ്യമായതിനാല്‍ ജില്ലയില്‍ ഒരു ന്യൂറോ സര്‍ജനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരങ്ങള്‍ വര്‍ഷങ്ങളായി നടക്കുന്നതാണ്. മെഡിക്കല്‍ കോളേജ് ഒ.പി. പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ നിയമിച്ച ഡോക്ടര്‍മാരില്‍ ഒരാള്‍ ന്യൂറോ സര്‍ജനാണ്. എന്നാല്‍, രോഗിയെ പരിശോധിക്കാം എന്നല്ലാതെ തുടര്‍ ചികിത്സയ്ക്കോ വിദഗ്ദ്ധ പരിശോധനയ്ക്കോ യാതൊരു അനുബന്ധ സൗകര്യങ്ങളും ഇവിടെയില്ല. 2020-ല്‍ കെ.കെ. ശൈലജയും 2021-ല്‍ വീണാ ജോര്‍ജും കാസര്‍കോട് നേരിട്ടെത്തി മെഡിക്കല്‍ കോളേജ് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന വാഗ്ദാനം നല്‍കിയിരുന്നു. 188 കോടിയുടെ പ്രോജക്ടായിരുന്നു 2013-ല്‍ പ്രഖ്യാപിക്കപ്പെട്ടത്. 88.20 കോടിയാണ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ചെലവ്. അക്കാദമിക് ബ്ലോക്കിന് 25 കോടിയും. ഇതിനു പുറമെ കിഫ്ബിയില്‍നിന്ന് റെസിഡന്‍ഷ്യല്‍ ബ്ലോക്കിന് 160 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

ചികിത്സ കിട്ടാതെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍

സര്‍ക്കാരിന്റെ ഔദ്യോഗിക പട്ടിക പ്രകാരം 6726 പേരാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍. പട്ടികയില്‍ ഉള്‍പ്പെടാത്ത നിരവധി പേര്‍ ജില്ലയിലുണ്ട്. മെഡിക്കല്‍ ക്യാമ്പ് നടക്കാത്തതിനാല്‍ അര്‍ഹതപ്പെട്ടവരെ പട്ടികയിലുള്‍പ്പെടുത്താന്‍ കഴിയാറില്ല. എന്നാല്‍, നിലവില്‍ പട്ടികയിലുള്ളവരില്‍ത്തന്നെ അനര്‍ഹരുണ്ടെന്നും പട്ടിക പുനഃപരിശോധിക്കണമെന്നുമാണ് കഴിഞ്ഞ വര്‍ഷം ജില്ലാ ഭരണകൂടം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്‍ഡോസള്‍ഫാന്‍ പീഡിതര്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരവും ആജീവനാന്ത ചികിത്സയും ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. പകുതിയിലധികം പേര്‍ക്കും നഷ്ടപരിഹാരം കിട്ടിയില്ല. കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി വീണ്ടും സുപ്രീംകോടതിയില്‍ പോയ നാല് പേര്‍ക്ക് നഷ്ടപരിഹാരം പിന്നീട് ലഭിച്ചു. എന്നിട്ടും ബാക്കിയുള്ളവരെ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സൗജന്യ ചികിത്സ പറയപ്പെടുന്നെങ്കിലും വിദഗ്ദ്ധ പരിശോധന നടത്താനോ എന്താണ് യഥാര്‍ത്ഥ രോഗാവസ്ഥ എന്ന് കണ്ടെത്താനോ സംവിധാനങ്ങളില്ല. മംഗലാപുരത്തെ രണ്ട് ആശുപത്രികളിലും കണ്ണൂര്‍ ജില്ലയിലെ പരിയാരം മെഡിക്കല്‍ കോളേജിലുമാണ് സര്‍ക്കാര്‍ സൗജന്യ ചികിത്സ ഉറപ്പാക്കിയത്. എന്‍.എച്ച്.എം. ജില്ല പ്രോഗ്രാം ഓഫീസറുടെ കത്തുമായി പോയി വേണം ഇവിടങ്ങളില്‍ ചികിത്സ തേടാന്‍. എന്‍മകജെ പോലെ അതിര്‍ത്തി ഗ്രാമങ്ങളിലുള്ള എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ പോലും കാസര്‍കോടെത്തി കത്ത് വാങ്ങണം. ആശുപത്രിക്ക് പിന്നീട് സര്‍ക്കാര്‍ തുക നല്‍കുന്നതാണ് പതിവ്. സര്‍ക്കാര്‍ കൃത്യമായി പണം നല്‍കാതെ വന്നതോടെ മംഗലാപുരത്തെ ഒരു ആശുപത്രി എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ സൗജന്യ ചികിത്സ നിര്‍ത്തി. കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ മാത്രമാണ് ഇപ്പോള്‍ സൗജന്യ ചികിത്സ. പരിയാരം മെഡിക്കല്‍ കോളേജിനെക്കുറിച്ച് വ്യാപകമായ പരാതികളാണ് എന്‍ഡോസള്‍ഫാന്‍ ബാധിത കുടുംബങ്ങള്‍ ആരോപിക്കുന്നത്. രോഗിയോടുള്ള സമീപനവും കൃത്യമായി ചികിത്സ ഉറപ്പാക്കാത്തതും ഇവര്‍ ആരോപിക്കുന്നു. പലപ്പോഴും ഇത്രയും യാത്ര ചെയ്ത് വളരെ ബുദ്ധിമുട്ടി ഇവിടെയെത്തുന്ന രോഗികള്‍ക്ക് ഡോക്ടര്‍മാരെ കാണാന്‍ കഴിയാതെ മടങ്ങേണ്ടിവരുന്ന അവസ്ഥയുണ്ടെന്നും ഇവര്‍ പറയുന്നു.

മംഗലാപുരത്തെ സ്പെഷ്യലിസ്റ്റ് ആശുപത്രികളില്‍ കൃത്യമായി രോഗം നിര്‍ണ്ണയിക്കുകയും വിദഗ്ദ്ധ ചികിത്സ ലഭിക്കുകയും ചെയ്യുന്ന കുട്ടികളുടെ ആരോഗ്യസ്ഥിതിയില്‍ നല്ല മാറ്റം കാണപ്പെടുന്നത് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കിയാല്‍ ഈ കുട്ടികളില്‍ പലരും രക്ഷപ്പെടും എന്ന പ്രതീക്ഷ എല്ലാവര്‍ക്കുമുണ്ട്. ഡിസംബര്‍ അവസാനമാണ് പതിനൊന്നുകാരനായ മാണിക്കോത്തെ മുഹമ്മദ് ഇസ്മയിലും അഞ്ചുവയസ്സുകാരിയായ ബേളൂരിലെ അമേയ എന്ന കുഞ്ഞാറ്റയും മരിച്ചത്. തല വളരുന്നതായിരുന്നു അമേയയുടെ പ്രശ്നം. അഞ്ചുവര്‍ഷമായിട്ടും വിദഗ്ദ്ധ ചികിത്സ കൊടുക്കാന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിനു കഴിഞ്ഞില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലുള്‍പ്പെടാത്തതിനാല്‍ മറ്റ് സൗജന്യ ചികിത്സയും കുട്ടിക്ക് ലഭിച്ചിരുന്നില്ല. കുടുംബത്തിന്റെ നിസ്സഹായാവസ്ഥ അറിഞ്ഞ് എറണാകുളത്തുള്ള ചിലര്‍ ഒടുവില്‍ ചികിത്സ ഏറ്റെടുത്തെങ്കിലും അമേയയുടെ രോഗാവസ്ഥ മൂര്‍ച്ഛിച്ചിരുന്നു. മുഹമ്മദ് ഇസ്മയില്‍ പട്ടികയിലുള്‍പ്പെട്ടിരുന്നെങ്കിലും ഇടയ്ക്ക് സൗജന്യ ചികിത്സ നിലച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സമരം ചെയ്താണ് ചികിത്സ പുനരാരംഭിച്ചത്. കുട്ടികളുടെ മരണത്തെത്തുടര്‍ന്ന് എയിംസ് കൂട്ടായ്മയും നാട്ടുകാരും കാഞ്ഞങ്ങാട് നഗരത്തില്‍ പ്രതിഷേധ സംഗമം നടത്തിയിരുന്നു.

എൻഡേസൾഫാൻ ഇരകൾക്ക് വേണ്ടി
എൻഡേസൾഫാൻ ഇരകൾക്ക് വേണ്ടി

എയിംസിനായി സമരം

കൊവിഡ് കാലത്താണ് കാസര്‍കോട്ടുകാര്‍ ഏറ്റവും ദുരിതമനുഭവിച്ചത്. കര്‍ണാടക അതിര്‍ത്തി അടച്ചതോടെ മംഗലാപുരത്ത് ചികിത്സയ്ക്ക് പോകാനാവാതെ 22 പേരാണ് മരിച്ചത്. മംഗലാപുരത്തേക്ക് പോകാനാവത്തതിനാല്‍ ചികിത്സിക്കാതേയും മറ്റ് ചെറിയ ആശുപത്രികളില്‍ ചികിത്സ തേടിയും മരണപ്പെട്ടവരുണ്ടെന്നും എയിംസ് കൂട്ടായ്മ അംഗങ്ങള്‍ പറയുന്നു. കൊവിഡ് കാലത്തെ മരണങ്ങളുടെ കൃത്യമായ കണക്ക് ഇവര്‍ ശേഖരിക്കുന്നുണ്ട്. ഇത്രയധികം മരണങ്ങളുണ്ടായിട്ടും ഇതിന്റെ ഗൗരവം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാതെ വന്നതോടെയാണ് ജനകീയ കൂട്ടായ്മകളും സമരവും കൂടുതല്‍ ശക്തമായത്. 2014-ല്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം കേരളത്തില്‍ എയിംസിന് അനുയോജ്യമായ സ്ഥലത്തിന്റെ പ്രൊപ്പോസല്‍ കേരള സര്‍ക്കാര്‍ നല്‍കിയിരുന്നു. കോഴിക്കോട് ജില്ലയിലെ കിനാലൂരിലെ 150 ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍, ചികിത്സാ സൗകര്യമില്ലാതെ ദുരിതമനുഭവിക്കുന്ന കാസര്‍കോടിനെ പ്രൊപ്പോസലില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അന്നുതൊട്ടെ നിവേദനങ്ങള്‍ നല്‍കാന്‍ തുടങ്ങിയിരുന്നു. ജില്ലയിലെ അന്നത്തെ അഞ്ച് എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, ഇ. ചന്ദ്രശേഖരന്‍, പി.ബി. അബ്ദുള്‍ റസാഖ്, കെ. കുഞ്ഞിരാമന്‍ എന്നിവര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയിരുന്നു. പിന്നീടിങ്ങോട്ട് ജനകീയ പ്രതിഷേധങ്ങളും സമരങ്ങളും നടന്നു. എയിംസ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സമരങ്ങള്‍ ശക്തമാക്കിയിരിക്കുകയാണിപ്പോള്‍. ഡിസംബര്‍ 15-ന് എന്‍ഡോസള്‍ഫാന്‍ ഇരകളടക്കം അഞ്ഞൂറിലധികം പേര്‍ പങ്കെടുത്ത സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. ജനുവരി 13 മുതല്‍ കാസര്‍കോട് നിരാഹാര സമരം തുടങ്ങിയിരിക്കുകയാണ് കൂട്ടായ്മ. ഏറ്റവും നൂതനമായ ചികിത്സാ സൗകര്യങ്ങളും വിദഗ്ദ്ധരായ ഡോക്ടര്‍മാരും കാസര്‍കോട് ജില്ലയ്ക്ക് ആവശ്യമാണെന്നും എയിംസിനായി വാദിക്കുന്നത് ഇതുകൊണ്ടാണെന്നും കൂട്ടായ്മ അഭിപ്രായപ്പെടുന്നു. റവന്യൂ ഭൂമി ആവശ്യത്തിന് ലഭ്യമാക്കാന്‍ കഴിയുന്ന ജില്ല കൂടിയാണ് കാസര്‍കോട്. 

മതിയായ ചികിത്സാ സൗകര്യം ഇല്ലാത്തതും എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് ഗവേഷണ സ്വഭാവമുള്ള ചികിത്സ ആവശ്യമുള്ളതും പരിഗണിച്ചാല്‍ നിലവില്‍ എയിംസ് വരാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം കാസര്‍കോടാണെന്ന് എയിംസ് ജനകീയ കൂട്ടായ്മ സമരത്തിന്റെ സംഘാടകസമിതി ചെയര്‍മാന്‍ നാസര്‍ ചെര്‍ക്കളം പറയുന്നു. 

''സര്‍ക്കാര്‍ മേഖലയിലോ സ്വകാര്യമേഖലയിലോ ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യം കാസര്‍കോടില്ല. എയിംസിനായി കോഴിക്കോട് കിനാലൂരില്‍ ഇന്റസ്ട്രിയല്‍ എസ്റ്റേറ്റ് ഭൂമി കണ്ടെത്തിയിട്ടുണ്ട് എന്നാണ് സര്‍ക്കാരിന്റെ മറുപടി. അവിടെ 148 ഏക്കര്‍ ഭൂമിയാണ് ഉള്ളത്. ബാക്കി 52 ഏക്കര്‍ സ്വകാര്യഭൂമിയാണ്. അത് ഏറ്റെടുക്കാന്‍ 40 കുടുംബങ്ങളെ കുടിയൊഴിപ്പിക്കണം. എന്നാല്‍, കാസര്‍കോട് സര്‍ക്കാരിന്റെ കയ്യില്‍ ആവശ്യത്തിന് ഭൂമിയുണ്ട്. അത് പരിഗണിക്കാതെയാണ് വ്യാവസായിക ആവശ്യത്തിന് വെച്ചതും കുടിയൊഴിപ്പിച്ചതുമായ ഭൂമി സര്‍ക്കാര്‍ കണ്ടെത്തിയത്. കാസര്‍കോട് ഉന്നത ചികിത്സാകേന്ദ്രം ഇല്ലാത്ത സ്ഥിതി നിലവിലുണ്ട്. അത് വരുന്നതുവരെ ഞങ്ങള്‍ സമരം തുടരും. എത്ര വര്‍ഷമായാലും അതിനുവേണ്ടി ഞങ്ങള്‍ സമരം തുടരും'' - നാസര്‍ ചെര്‍ക്കളം പറയുന്നു.

പ്രോപ്പോസലില്‍ പോലും കാസര്‍കോടിന്റെ പേര് ഉള്‍പ്പെടുത്താതിരിക്കാനുള്ള കാരണം മനസ്സിലാകുന്നില്ല എന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ പറയുന്നു. ''ഇത്രമാത്രം ആരോഗ്യപ്രശ്നങ്ങള്‍ ഇവിടെയുണ്ട്. ആരോഗ്യ പിന്നാക്കാവസ്ഥയ്ക്ക് പുറമെ എന്‍ഡോസള്‍ഫാന്‍ ഉണ്ടാക്കിയ ഒരു രോഗാവസ്ഥ കൂടിയുണ്ട്. വിദഗ്ദ്ധ ചികിത്സ കിട്ടാതെ കുട്ടികള്‍ മരിക്കുകയാണ്. കുട്ടികളുടെ രോഗം എന്താണെന്ന് കണ്ടെത്താനുള്ള ഒരു സംവിധാനവും ഇവിടെയില്ല. എയിംസ് വേണം എന്നാവശ്യപ്പെടുന്നതും അതുകൊണ്ടാണ്. രോഗം എന്താണെന്ന് കണ്ടെത്താനും അതിനനുസരിച്ച് മെച്ചപ്പെട്ട ചികിത്സ കിട്ടാനും ഇതിലൂടെ കഴിയും. കാസര്‍കോട്ടുകാര്‍ക്ക് ഒന്നും പിടിച്ചുവാങ്ങാന്‍ അറിയില്ല. നമുക്ക് വേണ്ടി പറയാനും അത് നടപ്പാക്കാനുമുള്ള നേതാക്കന്മാരും ഇല്ല. പാര്‍ട്ടി വിധേയത്വം കാരണം പലരും സംസാരിക്കുകയുമില്ല'' - അദ്ദേഹം പറയുന്നു.

എയിംസ് ജനകീയ കൂട്ടായ്മ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്
എയിംസ് ജനകീയ കൂട്ടായ്മ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്

രാഷ്ട്രീയ നേതാക്കളെല്ലാം ഇക്കാര്യത്തില്‍ നിശബ്ദരാണെന്നും കാസര്‍കോട്ടുകാര്‍ക്ക് ഇത്രമതി എന്ന ചിന്തയാണെന്നും അംബികാസുതന്‍ മാങ്ങാട് പറയുന്നു. ''മൂന്ന് മെഡിക്കല്‍ കോളേജുകളും പത്തിലധികം സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളും കോഴിക്കോടുണ്ട്. എന്നിട്ടും കോഴിക്കോടാണ് പരിഗണനയിലുള്ളത്. കാസര്‍കോടിന് ഇതൊന്നുമില്ല. ഇവിടെ ജനങ്ങളാണ് സമരം നടത്തുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികളല്ല. തിരുവനന്തപുരത്ത് അഞ്ഞൂറോളം കാസര്‍കോട്ടുകാര്‍ സമരം നടത്തി. ഒരു എം.എല്‍.എയോ രാഷ്ട്രീയ പ്രതിനിധിയോ അവിടെയെത്തിയില്ല. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളേയും നേരിട്ട് പോയി ക്ഷണിച്ചതാണ്. ഇടതുപക്ഷം വരാതിരുന്നത് നമുക്ക് മനസ്സിലാക്കാം. ബാക്കിയുള്ളവര്‍ക്ക് എന്താണ് പ്രശ്നം. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കൊന്നും കാസര്‍കോടിനോട് താല്പര്യമില്ല. ചികിത്സ കിട്ടാതെ മരിച്ചുപോട്ടെ എന്നാണ് ആളുകളുടെ മനസ്സിലിരിപ്പ് എന്ന് തോന്നിപ്പോകും. വലിയ നേതാക്കള്‍ക്കൊക്കെ പലയിടങ്ങളിലും ചികിത്സ കിട്ടുമല്ലോ. പാവങ്ങള്‍ക്കാണല്ലോ പ്രശ്നം'' - അദ്ദേഹം പറയുന്നു.
 
കക്ഷിരാഷ്ട്രീയത്തിനതീതമായാണ് കാസര്‍കോട്ടെ സമരങ്ങള്‍. എന്‍ഡോസള്‍ഫാന്‍ സമരത്തിലും എയിംസിനായുള്ള സമരത്തിലും ആരോഗ്യത്തോടെ  ജീവിക്കാനുള്ള ഒരു ജനതയുടെ പോരാട്ടമാണ് കാണാനാവുക. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീടനാശിനി പ്രയോഗത്തിലൂടെ രോഗാതുരരായ ഒരു ജനതയോടാണ് ഈ അവഗണന. വിദഗ്ദ്ധചികിത്സ കിട്ടാതെ കുഞ്ഞുങ്ങളടക്കം മരിക്കുകയും ചികിത്സ നിഷേധിക്കരുത് എന്നാവശ്യപ്പെട്ട് ഒരു ജനത തെരുവില്‍ സമരം നടത്തുകയും ചെയ്യുന്നത് സര്‍ക്കാര്‍ പരിഗണിക്കാത്തത് എന്തുകൊണ്ടാണ്. ഈ നിസ്സഹായരുടെ മുന്നിലൂടെയാണ് വിദേശരാജ്യങ്ങളില്‍ ചികിത്സ തേടി ഭരണാധികാരികള്‍ പോകുന്നത്. സമരം നടത്തിയും നിവേദനം കൊടുത്തും കാത്തിരിക്കുകയാണ് കാസര്‍കോട്ടുകാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com