എന്താണ് നമ്മുടെ സാംസ്‌കാരിക നയം?

എന്താണ് ഇന്ന് കേരളത്തിന്റെ സാംസ്‌കാരികത എന്നത് വലിയ ചോദ്യമാണ്. പകയുടേയും വിദ്വേഷത്തിന്റേയും അസഹിഷ്ണുതയുടേയും വിഭാഗീയതയുടേയും രാഷ്ട്രീയമാണ് നമ്മുടെ സംസ്‌കാരത്തെ നിയന്ത്രിക്കുന്നത്
എന്താണ് നമ്മുടെ സാംസ്‌കാരിക നയം?

ന്താണ് ഇന്ന് കേരളത്തിന്റെ സാംസ്‌കാരികത എന്നത് വലിയ ചോദ്യമാണ്. പകയുടേയും വിദ്വേഷത്തിന്റേയും അസഹിഷ്ണുതയുടേയും വിഭാഗീയതയുടേയും രാഷ്ട്രീയമാണ് നമ്മുടെ സംസ്‌കാരത്തെ നിയന്ത്രിക്കുന്നത്. സാംസ്‌കാരിക വികസനം കൂടി ഉള്‍പ്പെട്ടതാണ് ഒരു നാടിന്റെ വികസനം എന്നത് സര്‍ക്കാറുകള്‍ മറന്നുപോയിരിക്കുന്നു. ഒപ്പം നില്‍ക്കുന്നവരെ കുടിയിരുത്താനുള്ള സ്ഥലങ്ങളായി സാംസ്‌കാരിക സ്ഥാപനങ്ങളെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാറ്റിയെടുത്തു. സാംസ്‌കാരികമായി നേരിടുന്ന പ്രശ്‌നങ്ങളെ ചര്‍ച്ച ചെയ്യുകയും അതിനെ നയപരമായി ഏങ്ങനെ കൈകാര്യം ചെയ്യാം എന്നും ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. എല്ലാ വിഭാഗം ആളുകളേയും സാംസ്‌കാരികതയേയും ഉള്‍ക്കൊള്ളുന്ന ഒരു സാംസ്‌കാരിക നയത്തിലൂടെ ഇതിനെ മറികടക്കാന്‍ നമുക്കു കഴിഞ്ഞേക്കും. വളരെ പ്രത്യക്ഷത്തില്‍ത്തന്നെ കുറ്റകൃത്യങ്ങളും അസഹിഷ്ണുതയും വര്‍ഗ്ഗീയതയും സ്ത്രീവിരുദ്ധതയും ദളിത് വിരുദ്ധതയും ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള പരിഹാസവും നിറഞ്ഞുനില്‍ക്കുന്ന കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തെ സാംസ്‌കാരികമായ ഉന്നതിയിലേക്കെത്തിക്കേണ്ട ബാധ്യത സര്‍ക്കാരുകള്‍ക്കുണ്ട്. കലയും സാഹിത്യവും സിനിമയും കൃഷിയും പ്രകൃതിയും തുടങ്ങി സാംസ്‌കാരികമായ എല്ലാത്തിനേയും ഉള്‍ക്കൊള്ളുന്ന ഒരു നയം വിശാലമായ കാഴ്ചപ്പാടോടെ ചര്‍ച്ച ചെയ്ത് ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. 

സാംസ്‌കാരികമായ പ്രശ്‌നങ്ങളെ എങ്ങനെയാണ് സമീപിക്കേണ്ടത് എന്നതില്‍ ആളുകളില്‍ ആശങ്കയുണ്ട്. ശബരിമലയും ബാബറി മസ്ജിദും തുടങ്ങി പ്രാദേശികതലത്തില്‍ വരെ പലതരം സാംസ്‌കാരികമായ പ്രശ്‌നങ്ങളിലൂടെയാണ് സമൂഹം കടന്നുപോകുന്നത്. അടിസ്ഥാന സൗകര്യ വികസനംപോലെ അടിയന്തര പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ് സാംസ്‌കാരിക വികസനം എന്ന് സര്‍ക്കാര്‍ തിരിച്ചറിയേണ്ടതുണ്ട്. എല്ലാ വിഭാഗങ്ങളേയും ഇടങ്ങളേയും ഉള്‍ക്കൊള്ളുന്ന തരത്തിലാവണം നയരൂപീകരണം. വല്ലപ്പോഴും നടക്കുന്ന കെട്ടുകാഴ്ച സോഷ്യല്‍ മീഡിയ ക്യാംപെയിനുകള്‍ക്കപ്പുറം സ്ത്രീകളുടെ ജീവിതത്തെ അടിസ്ഥാനപരമായി സംബോധന ചെയ്യുന്ന സാംസ്‌കാരിക ബോധവും ഉള്‍ക്കാഴ്ചയും ഉണ്ടാക്കാന്‍ കഴിയണം. സംസ്‌കാരത്തിന്റെ ഭാഗമായ സാഹിത്യവും സിനിമയും കലകളും ഭാഷയും അന്തര്‍ദ്ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനും കൂടുതല്‍ ഗവേഷണങ്ങളും പഠനങ്ങളും ഉറപ്പാക്കി സാംസ്‌കാരികമായി ഔന്നത്യത്തിലുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനും കഴിയുന്ന രീതിയിലാവണം സാംസ്‌കാരിക നയം ഉണ്ടാവേണ്ടതും.

ടിഎം ജേക്കബ്
ടിഎം ജേക്കബ്

പരിഗണിക്കാതെ സര്‍ക്കാരുകള്‍ 

കേരളത്തിന് ഒരു സാംസ്‌കാരിക നയം എന്ന തരത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. 1990-കളില്‍ ടി.എം. ജേക്കബ്ബ് സാംസ്‌കാരിക മന്ത്രിയായിരുന്ന കാലത്ത് വിശദമായ ഒരു സാംസ്‌കാരിക നയം തയ്യാറാക്കുകയും സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അന്നത്തെ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയായിരുന്ന കെ. ജയകുമാര്‍ ഐ.എ.എസ്. ആയിരുന്നു നയം തയ്യാറാക്കിയത്. അതില്‍ പറഞ്ഞ ചില കാര്യങ്ങള്‍ നടപ്പായെങ്കിലും സാംസ്‌കാരിക നയം എന്ന രീതിയില്‍ പൂര്‍ണ്ണമായും നടപ്പാക്കപ്പെട്ടില്ല. അതിനു മുന്‍പും പല സര്‍ക്കാരുകളും ആലോചനകള്‍ കൊണ്ടുവരികയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നെങ്കിലും പൂര്‍ണ്ണതയിലെത്തിയിരുന്നില്ല. 

പല സര്‍ക്കാരുകളും അതാത് കാലത്ത് സാംസ്‌കാരിക വകുപ്പുകള്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നെങ്കിലും സാംസ്‌കാരിക നയം കേരളത്തിന് അത്യാവശ്യമാണ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ പോയില്ല. പിന്നീട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചര്‍ച്ചകള്‍ ഉണ്ടാവുകയും ചെയ്തത് 2014-ലാണ്. 

പി.ടി. തോമസ് ചെയര്‍മാനായ കമ്മിറ്റി നയം ഉണ്ടാക്കുകയും സാംസ്‌കാരിക വകുപ്പിനു കൈമാറുകയും ചെയ്തിരുന്നു. എം.എല്‍.എമാര്‍ക്കും സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പലര്‍ക്കും ഇതിന്റെ ഡ്രാഫ്റ്റ് കോപ്പി കൊടുക്കുകയും അവരില്‍നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് പുതുക്കുകയും ചെയ്തിരുന്നു. പല സംസ്ഥാനങ്ങളിലെയും സാംസ്‌കാരിക നയങ്ങള്‍ അന്ന് ലോക്സഭാ എം.പി.യായിരുന്ന പി.ടി. തോമസ് സംഘടിപ്പിച്ച് കേരളത്തിന്റെ സാംസ്‌കാരിക നയത്തിനായി ഉപയോഗപ്പെടുത്തിയിരുന്നു. ടി.പി. രാജീവന്‍, എം.ആര്‍. തമ്പാന്‍, അബ്ദുസമദ് സമദാനി, ജോര്‍ജ് ഓണക്കൂര്‍, തോമസ് ഉണ്ണിയാടന്‍ തുടങ്ങിയവരുള്‍പ്പെട്ട കമ്മിറ്റിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍, പിന്നീട് അതിന്മേല്‍ ചര്‍ച്ചകളൊന്നുമുണ്ടായില്ല. നയം നടപ്പായതുമില്ല.

പിടി തോമസ്
പിടി തോമസ്

2014-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന പ്രവര്‍ത്തന പദ്ധതികള്‍

സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നേരിട്ടുള്ള ഇടപെടലുകളില്‍നിന്നും ഒഴിഞ്ഞു നില്‍ക്കും. സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനം സ്വതന്ത്ര്യവും നിര്‍ണ്ണായകവുമാകും. 
* സംസ്‌കാരത്തെ സംരക്ഷിക്കാനും വികസിപ്പിക്കാനും ആസൂത്രണം ചെയ്യാനും വ്യത്യസ്ത മേഖലകളിലെ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി കേരള സാംസ്‌കാരിക ഉപദേശക കൗണ്‍സില്‍ രൂപീകരിക്കും.
സമൂഹത്തോടുള്ള വിവേചനപരമായ പരിഗണനകള്‍ മറികടക്കാന്‍ സാംസ്‌കാരിക പരിപാടികള്‍.
പരിസ്ഥിതി, സൗന്ദര്യം, സര്‍ഗ്ഗാത്മകത, സംസ്‌കൃതി തുടങ്ങിയവയെക്കുറിച്ചുളള ക്ലാസ്സുകള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക.
* കേരള കലാമണ്ഡലത്തെ കേരളത്തിലെ ഫോക് കലകളുള്‍പ്പെടെ ഉന്നത പഠനത്തിനും ഗവേഷണത്തിനുമുള്ള സര്‍വ്വകലാശാലയായി വികസിപ്പിക്കും. 
* വിവിധ കേരള കലകള്‍ക്കുള്ള പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങും. 
നാശോന്മുഖമായ കലാ സാംസ്‌കാരിക രൂപങ്ങളെ രേഖപ്പെടുത്തി സൂക്ഷിക്കാന്‍ സംസ്ഥാന ഡോക്യുമെന്റേഷന്‍ സെന്റര്‍ സ്ഥാപിക്കും.
സര്‍വ്വകലാശാല തലത്തിലുള്ള ഗവേഷണങ്ങളും പഠനങ്ങളും മലയാളത്തിലും ആവിഷ്‌കരിക്കാനും പ്രസിദ്ധീകരിക്കാനും ശ്രദ്ധിക്കും.

രാഷ്ട്രീയ നിയമനങ്ങള്‍ ക്രിയാത്മക ധാരയെ തടസ്സപ്പെടുത്തും

ഡോ. ബിജു 
(ചലച്ചിത്ര സംവിധായകന്‍)

സംസ്‌കാരം എന്നത് ഇന്‍വെസ്റ്റ്മെന്റ് ആവശ്യമുള്ള, കൃത്യമായ വീക്ഷണം വേണ്ട ഒരു സംഗതിയാണ് എന്ന തരത്തില്‍ ഗൗരവമായി സര്‍ക്കാറുകള്‍ എടുത്തിട്ടില്ല എന്നതാണ് പ്രശ്‌നം. സംസ്‌കാരത്തെ ആ രീതിയില്‍ സമീപിച്ചിട്ടില്ല. മറ്റു ചില വകുപ്പുകളുടെ കൂട്ടത്തില്‍ ഒരു മന്ത്രിയെ വെയ്ക്കുന്നു എന്നല്ലാതെ സംസ്‌കാരിക വകുപ്പ് കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ബൗദ്ധിക അടിത്തറയുള്ള ആള്‍ക്കാരല്ല വകുപ്പ് കൈകാര്യം ചെയ്യുന്നത്. സര്‍ക്കാര്‍ അത്ര ശ്രദ്ധയെ അതിനു കൊടുക്കുന്നുള്ളൂ എന്നതാണ് അടിസ്ഥാനപരമായ പ്രശ്‌നം. ഒരു സാംസ്‌കാരിക നയം വേണമെന്നോ വിഷന്‍ വേണമെന്നോ ധിഷണാപരമായ ഇന്‍വെസ്റ്റ്മെന്റ് വേണമെന്നോ അടുത്ത അഞ്ചോ പത്തോ വര്‍ഷം കഴിയുമ്പോള്‍ നമ്മുടെ സമൂഹം ഏതു തരത്തിലാണ് സാംസ്‌കാരികമായി മുന്നോട്ടു പോകണം എന്നൊക്കെയുള്ള തയ്യാറെടുപ്പുകള്‍ സര്‍ക്കാരുകള്‍ ഇതുവരേയും നോക്കിയിട്ടില്ല. അത് അനാവശ്യമാണ് എന്നൊരു ചിന്തയാണ് സര്‍ക്കാരുകള്‍ക്കുള്ളത്. സര്‍ക്കാറുകളുടെ ആ ബേസിക് കണ്‍സെപ്റ്റ് തന്നെ മാറേണ്ടതുണ്ട്. സാംസ്‌കാരികമായ ഒരു നയം ഉണ്ടാക്കി ഷോര്‍ട്ട് ടേമില്‍ എന്തൊക്കെയാണ് നടപ്പാക്കാന്‍ പറ്റുക, ലോംങ് ടേമില്‍ ഏതുതരം കള്‍ച്ചറാണ് കൊണ്ടുവരാന്‍ പറ്റുക എന്നൊക്കെയുള്ള ഒരു ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കേണ്ടതുണ്ട്. 

നമുക്ക് അക്കാദമികള്‍ കുറേയുണ്ട്. പക്ഷേ, ഒരു അക്കാദമിയും പ്രോഗ്രസ്സീവായി പ്രവര്‍ത്തിക്കുന്നതല്ല. അവരവരുടെ മേഖലയില്‍ എന്താണ് ഇത്രകാലമായി ഉണ്ടാക്കിയത് എന്നു നോക്കണം. ചലച്ചിത്ര അക്കാദമി ഉദാഹരണം എടുക്കുകയാണെങ്കില്‍ ആര്‍ട്ടിസ്റ്റിക്കായ, കള്‍ച്ചറലായ സിനിമയുണ്ടാക്കാന്‍ എന്തു സ്പേസാണ് ഇവിടെ ഉണ്ടാക്കിയിട്ടുള്ളത് എന്നു പുനരാലോചന ചെയ്യേണ്ടതാണ്. അതു സാധിക്കാത്തതിന്റെ ഒരു പ്രധാന കാരണം അതില്‍ വരുന്ന ആളുകളാണ്. അക്കാദമികളുടെ തുടക്കക്കാലത്ത് മികച്ച ആളുകള്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് അക്കാദമികള്‍ എന്തിനാണ് എന്നുപോലും ധാരണയില്ലാത്ത ആളുകളെ രാഷ്ട്രീയമായി ഇതിനകത്ത് കുത്തിക്കയറ്റി. അങ്ങനെ ചെയ്യുന്നതോടെ ഇതിന്റെ വിഷന്‍ അട്ടിമറിയുകയാണ്. ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന ധാരയെ അത് തടസ്സപ്പെടുത്തുകയാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് താല്പര്യമുള്ള, അവരോട് ചേര്‍ന്നുനില്‍ക്കുന്ന ഏതെങ്കിലും ആളുകളെ നിയമിക്കും. ചലച്ചിത്ര അക്കാദമിയില്‍ മുഖ്യധാരാ സിനിമക്കാരെയൊക്കെ നിയമിക്കുന്നത് അങ്ങനെയാണ്. അതുകൊണ്ട് അക്കാദമിക്ക് യാതൊരു തരത്തിലുള്ള പ്രോഗ്രസ്സോ സിനിമയെ ലോക നിലവാരത്തിലേക്ക് എത്തിക്കാനുള്ള കാര്യങ്ങള്‍ ചെയ്യാനോ ഒന്നും പറ്റില്ല. സാധാരണ നടക്കുന്ന ഫെസ്റ്റിവലുകള്‍, സ്റ്റേറ്റ് അവാര്‍ഡ് നല്‍കല്‍ അങ്ങനെയുള്ള കാര്യങ്ങളൊക്കെ നടന്നുപോകും. എല്ലാ അക്കാദമിയുടേയും കാര്യം ഇങ്ങനെ തന്നെയാണ്. സംഗീതനാടക അക്കാദമിയെടുത്താല്‍ സംഗീതത്തേയോ നാടകത്തേയോ ലോക നിലവാരത്തില്‍ ഉയര്‍ത്താനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ അതിനു സാധിച്ചിട്ടില്ല. അക്കാദമികളുടെ നടത്തിപ്പില്‍ അതിനെക്കുറിച്ച് ധാരണയുള്ള, ക്രിയേറ്റീവായ ഔട്ട്പുട്ട് കിട്ടാന്‍ സാധിക്കുന്ന ആളുകളെ കക്ഷിരാഷ്ട്രീയം നോക്കാതെ കൊണ്ടുവരിക എന്നതാണ് പ്രധാന കാര്യം. 

എന്തിനാണ് നമുക്കൊരു സാംസ്‌കാരിക നയം എന്നു ചോദിച്ചാല്‍ സാംസ്‌കാരികമായി ഇവിടെ ഇപ്പോള്‍ എന്താണ് ഉള്ളത് എന്ന മറുചോദ്യമാണ് ഉയരുക. സിനിമയെപ്പറ്റി പറഞ്ഞാല്‍, ദേശീയ അവാര്‍ഡോ സ്റ്റേറ്റ് അവാര്‍ഡോ കിട്ടുന്ന സിനിമ കൃത്യമായി തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനുള്ള സാഹചര്യം കേരളത്തിലില്ല. അങ്ങനെയുള്ള സിനിമകള്‍ക്ക് എന്തു പിന്തുണയാണ് ഉള്ളത്. ഒരു പൊളിറ്റിക്കല്‍ ആര്‍ട്ടിസ്റ്റിക് എക്‌സ്പിരിമെന്റല്‍ സിനിമയ്ക്ക് കേരള സര്‍ക്കാര്‍ എന്തു പിന്തുണയാണ് കൊടുക്കുന്നത്. സിനിമകള്‍ അധികമില്ലാത്ത കാശ്മീരില്‍ പോലും വലിയ സബ്സിഡികളാണ് കൊടുക്കുന്നത്. മറാത്തി, ബംഗാളി, തമിഴ്, ഒഡിഷ തുടങ്ങി എല്ലാ സിനിമകള്‍ക്കും അക്കാദമിക്ക് ആയി എങ്ങനെ വികസിപ്പിക്കാം എന്നതിനു പിന്തുണ കൊടുക്കുന്നുണ്ട്. കേരളത്തില്‍ അതില്ല. മികച്ച നാടകം പ്രവര്‍ത്തിപ്പിക്കാനുള്ള ഒരു വേദി നമുക്കില്ല. പേരിനൊരു ചലച്ചിത്രമേളയും നാടകമേളയും സംസ്ഥാന അവാര്‍ഡുകള്‍ കൊടുക്കുന്നതുമല്ലാതെ അതിനപ്പുറത്ത് എന്ത് ഇടപെടലാണ് കേരളത്തില്‍ നടക്കുന്നത്. 

സിനിമ, കല, സാഹിത്യം തുടങ്ങി എല്ലാ സാംസ്‌കാരിക മേഖലയേയും ചേര്‍ത്ത് അടുത്ത പത്തോ പതിനഞ്ചോ വര്‍ഷത്തേക്ക് പ്ലാന്‍ ചെയ്ത് അക്കാദമിക് ആര്‍ട്ട് ഫോമുകളെ നിലനിര്‍ത്താനും കൂടുതല്‍ ഉണ്ടാക്കുവാനുമുളള ഒരു സ്പേസ് ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്. അതിനു വലിയ ചര്‍ച്ചകള്‍ ഉണ്ടാവുകയും നയം രൂപീകരിക്കുകയും വേണം.  

കള്‍ച്ചറിനെ പൊളിറ്റിക്‌സില്‍നിന്നു മാറ്റണം. ഇപ്പോള്‍ അതു കൂടിക്കുഴഞ്ഞു കിടക്കുകയാണ്. അതുകൊണ്ടാണ് അക്കാദമികളില്‍ യോഗ്യരല്ലാത്തവര്‍ നിയമിക്കപ്പെടുന്നത്. കള്‍ച്ചറല്‍ സ്ഥാപനങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നതിന്റെ കുഴപ്പമാണ് ഇപ്പോഴുള്ളത്. അതു മാറണം. ഇത് കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ആര്‍ട്ടിസ്റ്റിക്കായ ഒരു സിനിമ ചെയ്യാന്‍ ഏറ്റവും പേടിയുള്ള ഭാഷയും സംസ്ഥാനവും മലയാളവും കേരളവുമാണ് എന്നു പറയേണ്ടിവരും. കഴിയുന്നതും മലയാളത്തില്‍ സിനിമയെടുക്കരുത് എന്നു തോന്നിപ്പോകുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. അത്തരം സിനിമകള്‍ ചെയ്യുമ്പോള്‍ കിട്ടുന്ന സ്പേസ് എന്താണ് എന്ന പ്രശ്‌നം ഉണ്ട്. മറ്റിടങ്ങളില്‍ കിട്ടുകയും ഇവിടെ കിട്ടാതിരിക്കുകയും ചെയ്യുന്ന തരത്തില്‍ സങ്കുചിതമാണ് കാര്യങ്ങള്‍. അത് അപകടമാണ്. കേരളത്തിന്റെ എല്ലാ അക്കാദമിക് സ്ഥാപനങ്ങളില്‍നിന്നും രാഷ്ട്രീയത്തെ മാറ്റിനിര്‍ത്തണം. അപ്പോള്‍ മാത്രമേ സ്വതന്ത്രമായി കലയെ പരിപോഷിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. അതിനു രാഷ്ട്രീയ നിയമനങ്ങളെ മാറ്റേണ്ടിവരും. അതു സാധ്യമാവും എന്നും തോന്നുന്നില്ല. അതു സാധ്യമാവാത്തിടത്തോളം കാര്യങ്ങള്‍ ശരിയാകും എന്നും തോന്നുന്നില്ല. 

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ യോഗ്യതയില്ലാത്ത ഒരാളെ പൊളിറ്റിക്കല്‍ അജന്‍ഡയുടെ ഭാഗമായി നിയമിക്കുമ്പോള്‍ നമ്മള്‍ എതിര്‍ക്കും. ഇവിടെയും അതുതന്നെയല്ലേ സംഭവിക്കുന്നത്. ഇവിടെ അക്കാദമികളുടെ തലപ്പത്ത് കൊണ്ടുവരുന്നവര്‍ക്ക് പൊളിറ്റിക്കല്‍ ബന്ധമല്ലാതെ മറ്റെന്താണുള്ളത്. സാംസ്‌കാരിക സ്ഥാപനങ്ങളോടും കള്‍ച്ചറിനോടും കേന്ദ്രം എന്താണോ ചെയ്തുകൊണ്ടിരിക്കുന്നത് അതിന്റെ ഒരു മിനിയേച്ചര്‍ തന്നെയാണ് കേരളത്തിലും നടപ്പാവുന്നത്. പക്ഷേ, മറ്റു പല സംസ്ഥാനങ്ങളും അതില്‍നിന്നു വിഭിന്നവുമാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അവരുടെ ആള്‍ക്കാരെ കുടിയിരുത്താനുള്ള വേദി എന്നതിനപ്പുറത്ത് കേരളത്തിന്റെ കള്‍ച്ചറല്‍ സ്പേസിനെ ഡവലപ് ചെയ്തില്ലെങ്കില്‍ സാംസ്‌കാരികം എന്ന വാക്കൊക്കെ വെറുതെ ഭംഗിക്കു പറയാം എന്നേയുള്ളൂ.

മനുഷ്യനെ ഐക്യപ്പെടുത്തുന്ന ഒരു സാംസ്‌കാരിക നയം വേണം 

അശോകന്‍ ചരുവില്‍ 
(എഴുത്തുകാരന്‍, പുരോഗമന 
കലാ സാഹിത്യസംഘം ജനറല്‍ സെക്രട്ടറി)

കേരളീയ സമൂഹത്തിന് അടുത്തകാലത്ത് വന്നിട്ടുള്ള മാറ്റം കൃത്യമായി പഠിച്ചിട്ടുവേണം സാംസ്‌കാരിക നയം ഉണ്ടാക്കാന്‍. കേരളം പുരോഗതി പ്രാപിച്ച ഒരു സംസ്ഥാനമാണ്. നൂറു ശതമാനം സാക്ഷരതയുണ്ട്. നവോത്ഥാനത്തിന്റെ ഭാഗമായി നിരവധി മുന്നേറ്റങ്ങളുണ്ടായിട്ടുണ്ട്. നയം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ ആധുനിക മലയാളിയെ അഡ്രസ് ചെയ്യണം. പക്ഷേ, ആധുനിക മലയാളി എത്രകണ്ട് അതിന്റെ തുടര്‍ച്ചയില്‍ നിലനില്‍ക്കുന്നു എന്നതുകൂടി പരിശോധിക്കേണ്ടതാണ്.

മുന്‍പ് കേരളീയ സമൂഹം വളരെ ജീര്‍ണ്ണമായിരുന്നു. ആ കാലഘട്ടത്തില്‍ മനുഷ്യത്വം തീരെയുണ്ടായിരുന്നില്ല. കുടുംബബന്ധങ്ങള്‍ ശിഥിലമായിരുന്നു. ഏറ്റവും അടിത്തട്ടിലുള്ള പിന്നാക്ക ദളിത് സമൂഹങ്ങളിലായാലും ഏറ്റവും ഉയര്‍ന്ന നമ്പൂതിരി നായര്‍ സമൂഹങ്ങളിലായാലും അങ്ങേയറ്റം അപചയങ്ങളാണ് ആ കാലത്ത് ഉണ്ടായിട്ടുള്ളത്. ഈ ഓരോ വിഭാഗത്തേയും മനുഷ്യനാക്കി മാറ്റിയത് കേരളീയ നവോത്ഥാനമാണ്. രാഷ്ട്രീയത്തിലോ പൊതുസമൂഹത്തിലോ മാത്രമല്ല, വീടുകളില്‍ത്തന്നെ അതു പ്രതിഫലിച്ചിരുന്നു. വീട്ടിലുള്ളവരെ സ്‌നേഹിക്കുന്നതിന്റെ ഒരു തുടര്‍ച്ച തന്നെയാണ് അയല്‍ക്കാരനെ സ്‌നേഹിക്കുക, അന്യമതസ്ഥനെ സ്‌നേഹിക്കുക എന്നതൊക്കെ. ആ തുടര്‍ച്ചയുടെ ഭാഗമായിട്ടാണ് കേരളത്തിന്റെ ഒരു ജനാധിപത്യ സമൂഹം ഉയര്‍ന്നുവന്നത്. പല നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞതും. 

നിര്‍ഭാഗ്യവശാല്‍ ലോക സാഹചര്യം തന്നെ മാറി. ജനാധിപത്യം മാനവികത എന്നതൊക്കെ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. പലയിടങ്ങളിലും മതരാഷ്ട്രവാദികളും ഫ്യൂഡല്‍ ശക്തികളും വര്‍ണ്ണ വ്യവസ്ഥയെ അനുകൂലിക്കുന്നവരും അധികാരത്തില്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍പോലും അതു സംഭവിച്ചു. ഇന്ത്യയുടെ ദേശീയ പ്രസ്ഥാനവുമായി ഒന്നും ബന്ധമില്ലാത്ത ഒരു രാഷ്ട്രീയ ശക്തിയാണ് അധികാരത്തില്‍ വന്നത്. അതിന്റെ പ്രതിഫലനം ഇന്ത്യയിലെമ്പാടുമുണ്ട്. രാഷ്ട്രീയത്തിനു പുറമെ സാംസ്‌കാരിക രംഗത്തും മനുഷ്യബന്ധങ്ങളിലും അതുണ്ട്. കേരളം അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മുഴുവനായി നടക്കുന്നില്ല. മതരാഷ്ട്രവാദികള്‍ അധികാരത്തില്‍ വന്നത് രാഷ്ട്രീയത്തില്‍ മാത്രമല്ല, അതിന്റെ പ്രതിഫലനം കുടുംബബന്ധങ്ങളെപ്പോലും ശിഥിലമാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഇന്നു നമ്മള്‍ വായിക്കുന്ന വാര്‍ത്തകള്‍ കുടുംബബന്ധങ്ങളിലെ ശൈഥില്യം, വ്യക്തിബന്ധങ്ങളിലെ ശൈഥില്യം, പ്രണയത്തിനുണ്ടായിട്ടുള്ള തകര്‍ച്ച ഒക്കെയാണ്. സ്‌നേഹത്തിന്റെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കേണ്ട പ്രണയത്തില്‍പ്പോലും പ്രതികാരവും കൊലയും ഉണ്ടാകുന്നു. അടിത്തട്ടില്‍ വളരെ മോശപ്പെട്ട ഒരു കേരളമായി മാറിക്കൊണ്ടിരിക്കുകയാണ്. മതരാഷ്ട്രവാദികളുടെ പ്രവര്‍ത്തനം തന്നെയാണ് കാരണം. അതിന്റെ ഭാഗമായി ജനാധിപത്യ, നവോത്ഥാന മൂല്യങ്ങള്‍ തകര്‍ന്നുപോകുന്നതാണ് കാരണം. ഇത്തരം ഒരവസ്ഥയില്‍ നില്‍ക്കുന്ന കേരളത്തെ കണ്ടുകൊണ്ടായിരിക്കണം ഒരു സാംസ്‌കാരിക നയം നമ്മള്‍ രൂപീകരിച്ചെടുക്കേണ്ടത്.  ഒരു ആത്മവിശകലനത്തിനുള്ള കലയും സാഹിത്യവുമാണ് ഈ കാലഘട്ടത്തിനാവശ്യം. അത്രമാത്രം സാമ്രാജ്യത്വവും മൂലധനവും മതരാഷ്ട്ര വാദവും അവരഴിച്ചുവിടുന്ന അന്യമത വിദ്വേഷവും ഒക്കെ ഏറ്റുവാങ്ങുകയും അതിനനുസരിച്ച് പരുവപ്പെട്ടുംകൊണ്ടിരിക്കുന്ന മലയാളിയാണ് ഇന്ന്. അവനറിയില്ല താന്‍ പരുവപ്പെട്ടുകൊണ്ടിരിക്കുന്നത് ഇങ്ങനെയൊക്കെയാണ് എന്ന്. അവനെ ആത്മവിശകലനത്തിനു പ്രേരിപ്പിക്കണം. അത്തരം കലയും സാഹിത്യവും ആണ് നമുക്കിന്ന് ആവശ്യം. മതം ഇന്നു വിശ്വാസികളുടെ കയ്യിലല്ല. അധികാരലബ്ധിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ ഉപകരണമായി മതം മാറി. മതം അതിന്റെ യഥാര്‍ത്ഥ സ്വഭാവത്തിലല്ല നമ്മുടെ മുന്നില്‍ നില്‍ക്കുന്നത്. 

അന്യമത വിദ്വേഷം ഉണ്ടാക്കുക എന്നതാണ് കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം. മതരാഷ്ട്രവാദികള്‍ സൂക്ഷ്മതലത്തിലാണ് പ്രവര്‍ത്തിക്കുക. 

മനുഷ്യനെ ബോധപൂര്‍വ്വം ഗൂഢാലോചന നടത്തി വിഭജിക്കുന്നതിനെതിരെയുള്ള ഒരു സാംസ്‌കാരിക നയമായിരിക്കണം നമ്മുടേത്. മനുഷ്യനെ ഐക്യപ്പെടുത്തുന്ന ഒരു നയമാകണം സാംസ്‌കാരിക നയം എന്ന് എഴുതിവെച്ചിട്ട് കാര്യമില്ല. അതിനൊരു പ്രവര്‍ത്തന പദ്ധതിയുണ്ടാകണം. സര്‍ക്കാറിന്റെ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ പലതും ഒരു ലക്ഷ്യവുമില്ലാതെ പ്രവര്‍ത്തിക്കുകയാണ്. എന്താണ് തങ്ങള്‍ ചെയ്യേണ്ടത് എന്ന് ഇത്തരം സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കോ അക്കാദമികള്‍ക്കോ ഒരു ബോധ്യവുമില്ല.

അക്കാദമികള്‍ക്ക് പകരം ആര്‍ട്ട് കൗണ്‍സിലുകള്‍ ഉണ്ടാവണം 

ടി.പി. രാജീവന്‍ 
(എഴുത്തുകാരന്‍)

കള്‍ച്ചര്‍ എന്നു പറയുന്നത് ഒരു രാജ്യത്തിന്റെ സോഫ്റ്റ് പവര്‍ ആണ്. കൊളോണിയല്‍ കാലത്ത് ബ്രിട്ടീഷുകാര്‍ വന്നത് തോക്കും ആയുധവുംകൊണ്ടു മാത്രമല്ല. അതിന്റെ കൂടെ അവരുടെ ഭാഷ, സാഹിത്യം ഒക്കെ ഉണ്ടായിരുന്നു. വേര്‍ഡ്സ്വര്‍ത്തിനേയും ഷേക്‌സ്പിയറിനേയും ഒക്കെ കൊണ്ടാണ് അവര്‍ വന്നത്. 

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെടുത്താല്‍ നമ്മള്‍ ആ രാജ്യങ്ങളെ അറിയുന്നത് അവിടത്തെ വ്യവസായ വികസനത്തിന്റെ പേരിലല്ല. അവിടത്തെ എഴുത്തുകാരുടെ പേരിലാണ്. മാര്‍ക്കേസ്, യോസേ, ഒക്ടോവിയോ പസ്, റോബര്‍ട്ടോ ബൊലാനോ ഇവരിലൂടെയൊക്കെയാണ്. ഇവരൊന്നും താനെ അറിയപ്പെട്ടതല്ല. അവിടത്തെ ഭരണകൂടങ്ങള്‍ക്ക് ഒരു സാംസ്‌കാരിക നയമുണ്ടായിരുന്നു. അവരുടെ സംസ്‌കാരത്തെ മറ്റു രാജ്യങ്ങളിലെത്തിക്കുക എന്നത് അവര്‍ക്ക് പ്രധാനമായിരുന്നു. അതിന്റെ ഭാഗമായി അവര്‍ പലപ്പോഴും അംബാസിഡര്‍മാരായി അയച്ചത് എഴുത്തുകാരെയൊക്കെയാണ്. നെരൂദയും ഒക്ടോവിയോ പസും ഒക്കെ അംബാസിഡര്‍മാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള അംബാസിഡര്‍മാരില്‍ പലരും എഴുത്തുകാരാണ്. അവരാണ് എഴുത്തുകാരെ ഇംഗ്ലീഷ് പബ്ലിഷേര്‍സിന് പരിചയപ്പെടുത്തുന്നത്. ഡിപ്ലോമസിയുടെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ അതിനെ കാണുന്നത്. അവര്‍ അതിലൂടെ ഉദ്ദേശിക്കുന്നത് സാംസ്‌കാരികമായ വിനിമയവും വ്യാപനവും കൂടിയാണ്. 

ഓരോ സംസ്ഥാനങ്ങള്‍ക്കും സ്വതന്ത്രമായ കള്‍ച്ചറല്‍ നയം ആവശ്യമാണ്. അത് അക്കാദിക സ്ഥാപനങ്ങള്‍ ഉണ്ടാവുക എന്നതല്ല. ഭാഷയോടുള്ള സമീപനം, ഓരോ ഭാഷയേയും എങ്ങനെ സമീപിക്കുന്നു, ഏതു പരിധിവരെ പോകാം എന്നതൊക്കെ അതിന്റെ ഭാഗമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇംഗ്ലീഷ് ഭാഷയെ മറികടക്കാന്‍ നമുക്കു പറ്റില്ല. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സ്പാനിഷ് പോലെ. അവിടത്തെ ഭാഷ സ്പാനിഷ് അല്ല. സ്പെയിനിന്റെ കോളനിയായതുകൊണ്ട് അങ്ങനെയായതാണ്. ഇന്ത്യ ബ്രിട്ടീഷ് കോളനിയായതുകൊണ്ട് ഇംഗ്ലീഷ് വന്നപോലെ. ഇംഗ്ലീഷ് ഇന്ത്യയിലെ മറ്റു ഭാഷകളെ മറികടന്നുകൊണ്ട് ശാസ്ത്ര സാങ്കേതികരംഗത്തെ ഏക ഭാഷയായി മാറി. ഇത് എങ്ങനെ നമ്മുടെ ഭാഷയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പറ്റും എന്ന് ആലോചിക്കണം. ടെക്നോളജിയുടേയും സയന്‍സിന്റേയും പുതിയ അറിവുകളുടെ മീഡിയം ഇംഗ്ലീഷാണ്. ഒരു പരിധിക്കപ്പുറം നമ്മുടെ കുട്ടികള്‍ക്ക് അതില്‍ വ്യാപരിക്കാന്‍ കഴിയില്ല. ഇതു മലയാളത്തിനു കൃത്യമായി ഒരു കള്‍ച്ചറല്‍ എജ്യുക്കേഷണല്‍ പോളിസി ഇല്ലാത്തതുകൊണ്ടാണ്. ഇതിനെ മറികടക്കാനുള്ള വലിയ ശ്രമങ്ങള്‍ ഉണ്ടായേ പറ്റൂ. 

അക്കാദമികള്‍ ചെയ്യുന്നത് ക്യാമ്പുകള്‍ സംഘടിപ്പിക്കുക, അവാര്‍ഡ് കൊടുക്കുക എന്നതൊക്കെയാണ്. ഇതല്ല അക്കാദമികള്‍ ചെയ്യേണ്ടത്. ഇതൊക്കെ സ്വകാര്യ സ്ഥാപനങ്ങള്‍ ചെയ്യേണ്ടതാണ്. ലോകത്ത് ഒരു രാജ്യത്തും സര്‍ക്കാര്‍ ചെലവില്‍ അവാര്‍ഡ് കൊടുക്കുന്ന ഏര്‍പ്പാട് ഉണ്ട് എന്നു തോന്നുന്നില്ല. നൊബേല്‍ ആണെങ്കിലും ബുക്കര്‍ ആണെങ്കിലും അതുപോലുള്ള അവാര്‍ഡുകള്‍ കൊടുക്കുന്നത് സ്വകാര്യ ഏജന്‍സികളാണ്. സര്‍ക്കാറിന്റെ പണം ഉപയോഗിച്ച് ഒരാളെ നിങ്ങള്‍ നല്ല പാട്ടുകാരനാണ്, നല്ല എഴുത്തുകാരനാണ്, നല്ല കവിയാണ് എന്നൊന്നും പറയുന്ന ഏര്‍പ്പാട് വേറെ ഇല്ല. 

യു.കെയിലും യു.എസിലുമൊക്കെ സര്‍ക്കാറിനു കീഴില്‍ ആര്‍ട്ട് കൗണ്‍സിലുകളുണ്ട്. പുതിയ പുസ്തകങ്ങള്‍ക്കോ ഗവേഷണങ്ങള്‍ക്കോ ഒക്കെ അവര്‍ ഗ്രാന്റ് നല്‍കും. നമ്മളതു ചെയ്യില്ല. നമ്മള്‍ ചെയ്യുന്നത് എഴത്തുകാരനെ സന്തോഷിപ്പിക്കാനും കൂടെ നിര്‍ത്താനും വേണ്ടി അവാര്‍ഡ് കൊടുക്കുകയാണ്. പൊളിറ്റിക്കല്‍ പാട്രൊനേജ് എന്നു പറയാം. പഴയ രാജാക്കന്‍മാര്‍ ചെയ്തപോലെ ആസ്ഥാന കവിയാക്കി വെയ്ക്കുന്ന ഏര്‍പ്പാടാണിത്. ഇതു മാറ്റണം. പുതിയ ആശയങ്ങള്‍ക്കും എഴുത്തുകാര്‍ക്കും വളരാനുള്ള സാഹചര്യം ചെയ്തുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അല്ലാതെ സര്‍ക്കാര്‍ ഒരിക്കലും അതിന്റെ വിധികര്‍ത്താവാകരുത്. 

ദേശത്തനിമയുള്ള കലാരൂപങ്ങള്‍ കണ്ടെത്തുകയും സംരക്ഷിക്കുകയും ആളുകള്‍ക്ക് കാണാനുള്ള സാഹചര്യം ഒരുക്കുകയും വേണം. അതിനെ ടൂറിസവുമായി ബന്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണം. ഇതൊന്നും വെറും ഷോ ആയിട്ടല്ല വരേണ്ടത്. 

കലാപ്രവര്‍ത്തനങ്ങള്‍ പോലും വിഭാഗീയമായാണ് നടക്കുന്നത്. സാംസ്‌കാരിക സംഘടനകളെയെല്ലാം രാഷ്ട്രീയ വിഭാഗീയതകള്‍ പകുത്തുകൊണ്ടുപോയിരിക്കുകയാണ്. ഇത് കലാവിരുദ്ധമായ പ്രവര്‍ത്തനമാണ്. കല എന്നു പറയുന്നത് ഒന്നിപ്പിക്കലാണ്. വിഭാഗീയമായതിനെ ഒന്നിപ്പിക്കലാണ് കല. വിഭാഗീയതയാണ് ഹിംസ ഉണ്ടാക്കുന്നത്. വിഭാഗീയതയ്ക്ക് എപ്പോഴും അതിരുകള്‍ വേണ്ടിവരും. ആ അതിരുകള്‍ ഭേദിക്കുന്നത് പ്രശ്‌നമാണ്. ബോര്‍ഡര്‍ ക്രോസിങ്- അത് കള്‍ച്ചറിലും ഉണ്ട്. ദളിതന്‍ പോയി ബ്രാഹ്മണന്റെ കിണറില്‍നിന്ന് വെള്ളമെടുക്കുന്നത് അതിര്‍ത്തി ലംഘനമാണ് എന്നതുപോലെ. അതുപോലെ തന്നെയാണ് ഇതും. ആര്‍.എല്‍.വി. രാമകൃഷ്ണന്‍ ഭരതനാട്യം കളിച്ചപ്പോള്‍ പ്രശ്‌നം ഉണ്ടാക്കുന്നതും ഇതുതന്നെയാണ്. പൊളിറ്റിക്കല്‍ ബോര്‍ഡര്‍ ക്രോസിങ് ആണെങ്കില്‍ നുഴഞ്ഞുകയറ്റം എന്ന പേരില്‍ വെടിവെച്ചു കൊല്ലും. അതുപോലെ ഇവിടെ അതിര്‍ത്തിലംഘിക്കുന്നവനെ സാംസ്‌കാരികമായി ഇല്ലാതാക്കാന്‍ നോക്കും. ഈ വയലന്‍സിനെയാണ് നമ്മള്‍ ഇല്ലാതാക്കേണ്ടത്. അതിനു നല്ലൊരു സാംസ്‌കാരിക സ്വത്വം രൂപപ്പെടണം. ഒരു ദേശത്തിന്റെ ചരിത്രത്തിലും സംസ്‌കാരത്തിലും ഊന്നിയിട്ടുള്ള കലാപ്രവര്‍ത്തന സംഘങ്ങള്‍ ഉണ്ടാവണം. ഏതെങ്കിലും ജാതിയുടേയോ പാര്‍ട്ടിയുടേയോ സ്വത്വത്തിലോ അതിന്റെ ഭാഗമായോ അല്ല അതുണ്ടാവേണ്ടത്.
 
സംസ്‌കാരം എന്നു പറയുന്നത് ഒരു അനുബന്ധ വിഭാഗമല്ല. ആളുകളെ കുടിയിരുത്താനുള്ള ഒരു സ്ഥലമാകരുത് അക്കാദമികള്‍. അതു സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട ഒന്നാണ്. ആ രീതിയില്‍ സര്‍ക്കാര്‍ അതിനെ മനസ്സിലാക്കണം. എന്റെ അഭിപ്രായത്തില്‍ അക്കാദമികളൊക്കെ പിരിച്ചുവിടേണ്ട കാലം കഴിഞ്ഞു. ഇന്നത്തെ കാലത്ത് അതിനു വലിയ റോളില്ല. അതിനു പകരമായി ആര്‍ട്ട് കൗണ്‍സിലുകള്‍ ഉണ്ടാവണം. ഗവേഷണത്തിന് ഗ്രാന്റ് നല്‍കുക, ഫെലോഷിപ്പ് നല്‍കുക, അതിലൂടെ പുതിയ അന്വേഷണങ്ങളെ പ്രോത്സാഹിപ്പിക്കുക ഒക്കെയാണ് വേണ്ടത്. 

വികസിത രാജ്യങ്ങളിലൊക്കെ സാംസ്‌കാരിക വകുപ്പുകള്‍ അതാണ് ചെയ്യുന്നത്. നമ്മുടെ ഭാഷയിലെ കൃതികളേയും എഴുത്തുകാരേയും മറ്റു ഭാഷകളിലേക്ക് എത്തിക്കുക എന്നത് വലിയ ഉത്തരവാദിത്വമാണ്. ഇവിടെ ഏതെങ്കിലും ഒരു എഴുത്തുകാരന്‍ ഭാഷയുടെ അതിര്‍വരമ്പ് കടന്നു പോയിട്ടുണ്ടെങ്കില്‍ അത് അയാളുടെ സ്വന്തം ശ്രമംകൊണ്ട് മാത്രമാണ്. മലയാള കൃതികളുടെ വ്യാപനത്തിനുവേണ്ടി സര്‍ക്കാര്‍ ആളുകളെ നിയമിക്കണം. അതു രാഷ്ട്രീയ നിയമനം ആവരുത്. ലോകത്തിനു മുന്നില്‍ എത്തിക്കേണ്ട കൃതികള്‍ ഏതാണ് എന്നു നിഷ്പക്ഷമായി തീരുമാനിച്ച് ചെയ്യണം. വ്യവസായം പോലെയും കൃഷി പോലെയും ഒരു ദേശത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണ് സംസ്‌കാരം. അതാവണം പോളിസിയുടെ കാതല്‍.

അധികാര രാഷ്ട്രീയത്തിന്റെ പകര്‍പ്പായി സാംസ്‌കാരിക സ്ഥാപനങ്ങളെ കാണരുത് 

കവിത ബാലകൃഷ്ണന്‍  
(ചിത്രകാരി, കലാനിരൂപക)

മുഖ്യധാര രാഷ്ട്രീയത്തിന്റെ ഒരു സൈഡ് ബിസിനസ് പോലെ മാത്രമാണ് സാംസ്‌കാരിക സ്ഥാപനങ്ങളെ ശ്രദ്ധിക്കുന്നുള്ളൂ. കള്‍ച്ചര്‍ എന്നതിനെ അതിനുള്ളിലെ എല്ലാ വൈവിദ്ധ്യങ്ങളോടും കൂടി അംഗീകരിക്കാവുന്ന ഒരു സ്ഥാപന വ്യവസ്ഥ ഇവിടുത്തെ അക്കാദമികള്‍ക്ക് മുഴുവനായി കൊണ്ടുവരാന്‍ കഴിയുന്നില്ല. ചിലയാളുകള്‍ വരുന്ന സമയങ്ങളില്‍ ചിലപ്പോള്‍ നന്നാകും എന്നല്ലാതെ. ഞാന്‍ ജോലി ചെയ്യുന്ന ഫൈന്‍ ആര്‍ട്ട്സ് കോളേജിന്റെ കാര്യമെടുത്താല്‍ ടെക്നിക്കല്‍ എജുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങള്‍ നോക്കുന്നത്. അക്കാദമിക്‌സ് നോക്കുന്നത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയും. ഇതു രണ്ടും ഒറ്റ കൊളീജിയത്തിന്റെ കീഴില്‍ വരാത്തതുകൊണ്ട് പ്രശ്‌നങ്ങളുണ്ട്. ഭരണപരമായ കാര്യങ്ങളുടെ തലപ്പത്ത് വരുന്നത് എന്‍ജിനീയറിംഗ് കോളേജിലെ പ്രൊഫസര്‍മാരാണ്. അവരുടെ സാംസ്‌കാരിക ബോധത്തിനനുസരിച്ചാണ് ഓരോ ഘട്ടത്തിലും നമുക്ക് എന്തെങ്കിലും ചെയ്തു കിട്ടുന്നത്. ടെക്നിക്കല്‍ പ്രശ്‌നങ്ങള്‍ ഫൈന്‍ ആര്‍ട്ട്സ് എജ്യുക്കേഷനെ ബാധിക്കുന്നുണ്ട്. 80 സെന്റ് ഭൂമിയിലാണ് തൃശൂര്‍ ഫൈന്‍ ആര്‍ട്ട്സ് കോളേജ് പ്രവര്‍ത്തിക്കുന്നത്. ചുരുങ്ങിയത് അഞ്ചേക്കര്‍ ഭൂമിയെങ്കിലും വേണം. ഇതുപോലെ അക്കാദമിക് ആയ കാര്യങ്ങളിലും വിഷനറിയായ ഒരു പ്രവര്‍ത്തനം ആവശ്യമുണ്ട്. 

ആര്‍ട്ട് എക്‌സ്ചേഞ്ച് പ്രോഗ്രാമുകളൊന്നും നടക്കുന്നില്ല. കേരളത്തിനകത്തുള്ള ഒരു വിഷനിലാണ് നമ്മളിപ്പോഴും നില്‍ക്കുന്നത്. സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സമകാലികമാവാനുള്ള ഒരു പരിശ്രമവും ലളിതകലാ അക്കാദമിയൊന്നും ചെയ്യുന്നതേയില്ല. വളരെ പ്രാദേശികമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് പലരും. അന്തര്‍ദ്ദേശീയ തലത്തില്‍ വിഷനുള്ള രീതിയിലേക്ക് കൊണ്ടുവരാന്‍ ഒട്ടും സഹായിക്കുന്നില്ല. അത്തരം കാര്യങ്ങള്‍ ഇങ്ങോട്ടും കൊണ്ടുവരുന്നുമില്ല. അക്കാദമി എന്നതിന്റെ അര്‍ത്ഥം തന്നെ പഠനം, ഗവേഷണം ഒക്കെ പ്രോത്സാഹിപ്പിക്കുക എന്നല്ലേ. അത്തരം ഗൗരവമായ ഗവേഷണ താല്പര്യങ്ങളൊന്നും തന്നെ കൊണ്ടുവരുന്നില്ല. 64 മുതല്‍ ഉള്ള ചരിത്രത്തില്‍ രണ്ടുവര്‍ഷത്തെ പരിമിതമായ ശ്രമത്തിലൂടെയാണ് കളമെഴുത്തുകളൊക്കെ ലളിത കലാ അക്കാദമി ഡോക്യുമെന്റ് ചെയ്തത്. അത് ഗംഭീരവുമായിരുന്നു. പക്ഷേ, എടുത്തുപറയാന്‍ ഇതു മാത്രമേ ഉള്ളൂ. വെറുതെ ഡയറക്ടറി ഉണ്ടാക്കലല്ല ചരിത്രം. വിഷനറിയായിട്ടുള്ള ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. ഈ രംഗത്തുള്ളവരൊക്കെ ഒറ്റയ്ക്കൊറ്റയ്ക്ക് അവരുടെ പിഎച്ച്.ഡി റിസര്‍ച്ച് ചെയ്യും എന്നല്ലാതെ അതിനപ്പുറം നമുക്കു സഹകരിച്ച് ചെയ്യാന്‍ പറ്റുന്നില്ല. പറയുന്ന പല കാര്യങ്ങളും മിനിട്സില്‍ എഴുതിവെയ്ക്കും എന്നല്ലാതെ നടപ്പിലാക്കുന്ന രീതിയിലേക്ക് അതൊന്നും വരാറില്ല. ഗവേഷണ പ്രൊജക്ടുകളൊന്നും ഇവര്‍ക്ക് ആവശ്യമില്ല. ഒരു പതിവുപോലെ ക്യാമ്പുകള്‍ നടത്തുക എന്നതൊക്കെയാണ്. 

സമൂഹത്തിന്റെ മുന്‍നിരയില്‍ നില്‍ക്കേണ്ട ആളുകളെ നിര്‍ത്താന്‍ പറ്റുന്നില്ല നമുക്ക്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരുണ്ട്. അവരുടെ കലയാണ് ശരിക്കും ഇന്റര്‍നാഷണല്‍ ലെവലിലുള്ള ഒരു സ്റ്റാന്‍ഡേര്‍ഡിലും ഏറ്റവും ശക്തമായ ആശയങ്ങളും കൊണ്ടുവന്ന് നമ്മള്‍ കാണുന്നത്. പക്ഷേ, അതൊന്നും ഒരിക്കലും അക്കാദമി നടത്തുന്ന ക്യാമ്പിലോ മറ്റോ കാണാറില്ല. അവിടെയൊക്കെ സ്ഥിരം ആളുകള്‍, ചട്ടപ്പടി മനുഷ്യര്‍ വന്നുനില്‍ക്കും. അതില്‍ത്തന്നെ കൂടുതലും പുരുഷന്മാരായിരിക്കും. ആ പുരുഷന്മാരുടെ 'ഔദാര്യ' പ്രകാരം ഒന്നോ രണ്ടോ സ്ത്രീകളും ഉണ്ടായിരിക്കും. പുരുഷ ഔദാര്യമൊന്നുമല്ല ഓരോ മേഖലയിലും സ്ത്രീകള്‍ വരിക എന്നത്. ഇങ്ങനെയാണ് അത് നടന്നുവരുന്നത്. ഇങ്ങനെയൊന്നുമല്ലാതിരിക്കണമെങ്കില്‍ കുറേക്കൂടി വിശാലമായ നയങ്ങള്‍ തന്നെ സര്‍ക്കാറിന് ഉണ്ടാവണം. 

ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന് സപ്പോര്‍ട്ടിംഗ് ആയ പല നയങ്ങളും ഉണ്ടായതുകൊണ്ടാണ് കേരള ലളിതകലാ അക്കാദമിക്ക് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് 2016-ല്‍ ഒരു ട്രാന്‍സ്ജന്‍ഡര്‍ ആര്‍ട്ട് ക്യാമ്പ് സംഘടിപ്പിക്കാന്‍ പറ്റിയത്. അതൊക്കെ ഒറ്റപ്പെട്ടാണ് നില്‍ക്കുന്നത്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലോ ഒന്നും അത്തരം ഒരു ട്രാന്‍സ്ജന്‍ഡര്‍ പ്രതിനിധിയെ കാണാനേയില്ല. 

ഇതിന്റെ അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാര്‍ക്കൊക്കെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം വേണം. രാഷ്ട്രീയക്കാരുടെ ആജ്ഞാനുവര്‍ത്തികളായിട്ടാണ് ഇവര്‍ നില്‍ക്കുന്നത്. ഇതിനെയൊക്കെ ഉള്‍ക്കൊണ്ടുകൊണ്ട് മുകളില്‍ നില്‍ക്കുന്നതാണ് കല. ഡോക്യുമെന്റേഷന്‍ ചെയ്യുന്നതും പ്രൊജക്ട് വിഭാവനം ചെയ്യുന്നതും ഫണ്ടിംഗ് നടത്തുന്നതും ഒക്കെ ഒരു സ്റ്റാന്‍ഡേര്‍ഡ് വെച്ചാവണം. യു.കെയിലൊക്കെയുള്ള ആര്‍ട്ട് കൗണ്‍സിലുകള്‍ എല്ലാ തരത്തിലുമുള്ള ആളുകളെ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്നതാണ്. നമ്മുടെ അക്കാദമികളില്‍ നടക്കുന്ന രീതിയിലല്ല അതൊന്നും. വിശാലമായ കാഴ്ചപ്പാടില്‍ ചിന്തിക്കാന്‍ നമ്മുടെ അക്കാദമികള്‍ക്ക് ആവുന്നില്ല. യു.കെയിലും യു.എസിലുമൊക്കെ കല വേറൊരു രീതിയില്‍ വികസിക്കുന്നത് അതുകൊണ്ടൊക്കെയാണ്. നമ്മുടെപോലെ പാര്‍ശ്വവത്കൃതമായ സാംസ്‌കാരിക അവസ്ഥ പുറത്ത് പലയിടത്തും ഇല്ല. സാംസ്‌കാരിക സ്ഥാപനങ്ങളുടെ വിഷനറി പ്രവര്‍ത്തനങ്ങള്‍ ഡവലപ് ചെയ്യേണ്ടതാണ്. അധികാര രാഷ്ട്രീയത്തിന്റെ പകര്‍പ്പായി സാംസ്‌കാരിക സ്ഥാപനങ്ങളെ കാണരുത്. അധികാര രാഷ്ട്രീയം മാത്രമല്ല, നമ്മുടെ സാമൂഹ്യജീവിതത്തിന് ആവശ്യമുള്ളത്. സര്‍ഗ്ഗാത്മക രാഷ്ട്രീയം കൂടി വേണം. ഇതു രണ്ടും തമ്മില്‍ ഒരേ ബന്ധമല്ല. സംസ്‌കാര രാഷ്ട്രീയത്തിന്റെ സ്വഭാവം തന്നെ വേറെയാണ്. അതു സൂക്ഷ്മമായ രാഷ്ട്രീയമാണ്. അതിന് അധികാര രാഷ്ട്രീയത്തെ സുഖിപ്പിക്കാനോ അതിനനുസരിച്ചുള്ള നയരൂപീകരണത്തിനോ സാധിക്കില്ല. അങ്ങനെ ഒരു സ്വതന്ത്ര ചിന്ത ഉണ്ടാവണം. 

നയ രൂപീകരണത്തിന് ശാസ്ത്രീയ അടിത്തറ ആവശ്യം

ഡോ. നിസാര്‍ കണ്ണങ്ങര  
(ആന്ത്രോപോളജിസ്റ്റ്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ബംഗളുരു)

കേരളത്തിന്റെ സാംസ്‌കാരിക രംഗം മുമ്പെങ്ങുമില്ലാത്തവിധം രോഗാതുരമാണ് എന്നതൊരു വാസ്തവമാണ്. വളരെ കുറഞ്ഞ സമയം കൊണ്ടാണ് ആളുകള്‍ സ്വസമുദായ പ്രേമികളും അപര വിരോധികളുമൊക്കെയായ് മാറിക്കൊണ്ടിരിക്കുന്നത്. മൂന്ന് പ്രധാന മതങ്ങളും നാനൂറിലധികം സമുദായങ്ങളും അധിവസിക്കുന്ന ഒരു സ്ഥലത്ത്, ഇവ തമ്മില്‍ ചരിത്രപരമായി നിലനിന്നിരുന്ന സാംസ്‌കാരിക വിനിമയങ്ങളെയൊക്കെ റദ്ദാക്കിക്കൊണ്ടാണ് അങ്ങേയറ്റം പ്രതിലോമകരമായ വര്‍ഗ്ഗീയത പൊതുവികാരമായി മാറുന്നത്. ഈ പ്രതിലോമതയാണ് നമ്മുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ കുറച്ചു കാലമായി നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്. 

ഭരണഘടനേതരമായ സ്ഥാപനങ്ങള്‍ സാംസ്‌കാരികരംഗത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നുണ്ട്. കൂടാതെ കാലാവസ്ഥാ വ്യതിയാനംപോലുള്ള പുതിയ വെല്ലുവിളികള്‍ ഭാവിയില്‍ കഠിനമായി അനുഭവിക്കാന്‍ പോവുന്ന സംസ്ഥാനം കൂടിയാണ് കേരളം. ഈ വെല്ലുവിളികളെയൊക്കെ അതിജീവിക്കുന്നതിനും പ്രതിരോധിക്കുന്നതിനും ഒരു സാംസ്‌കാരിക നയം ആവശ്യമാണ്. കേവലം സാംസ്‌കാരിക പൈതൃകങ്ങളെ പ്രദര്‍ശിപ്പിക്കുന്നതില്‍ മാത്രം ഊന്നുന്നതോ ഒരു ചെറു ന്യൂനപക്ഷത്തിന്റെ സംസ്‌കാരത്തെ ദേശീയവല്‍ക്കരിച്ച് കൊണ്ടാടുന്നതിനോ ഉള്ള ഉപകരണമാവരുത് സാംസ്‌കാരിക നയം. നമ്മുടെ സാംസ്‌കാരിക വൈവിധ്യങ്ങളും അതു രൂപപ്പെട്ട രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക കാരണങ്ങളും ഉള്‍ക്കൊള്ളുന്ന ശാസ്ത്രീയമായ അടിത്തറയിലാവണം സാംസ്‌കാരിക നയം രൂപപ്പെടുത്തേണ്ടത്. അതേപ്പോലെ സാംസ്‌കാരിക നായകരും സാഹിത്യകാരും സിനിമ, കലാപ്രവര്‍ത്തകരും ഭാഷാ അദ്ധ്യാപകരും മാത്രം ഉള്‍ക്കൊള്ളുന്ന സമിതികളിലല്ല സാംസ്‌കാരിക നയം രൂപപ്പെടുത്തേണ്ടത്. മറിച്ചു സംസ്‌കാരം ഒരു ശാസ്ത്രമാണെന്ന അറിവിന്റെ അടിസ്ഥാനം ഇത്തരം നയരൂപീകരണങ്ങള്‍ക്ക് ഉണ്ടാവണം.

സംസ്‌കാരം എന്നതിനെ വിവിധ കലാരൂപങ്ങളുടേയും സാഹിത്യ സൃഷ്ടികളുടേയും ആകെ തുകയായി കാണുന്നവരാണ് നമ്മുടെ നയരൂപീകരണ വിദഗ്ദ്ധര്‍ എന്നതാണ് വാസ്തവം. സംസ്‌കാരം എന്നത് വിപുലമായ അര്‍ത്ഥങ്ങളുള്ള മനുഷ്യന്റെ ജീവിതത്തെത്തന്നെ നിലനിര്‍ത്തുന്ന, അവന്റെ ശീലങ്ങളെയൊക്കെ നിര്‍ണ്ണയിക്കുന്ന ജീവവായു ആണെന്നാണ് സാമൂഹ്യശാസ്ത്രം നിര്‍വ്വചിക്കുന്നത്. ആ അര്‍ത്ഥത്തില്‍ കേരളത്തിന്റെ ഭാവിയെത്തന്നെ നിര്‍ണ്ണയിക്കാന്‍ പോവുന്നതാവണം സാംസ്‌കാരിക നയം. ഭരണഘടനേതര സ്ഥാപനങ്ങളില്‍നിന്നും സംസ്‌കാരത്തെ നിയന്ത്രിക്കുന്ന കടിഞ്ഞാണ്‍ ഏറ്റെടുക്കുന്ന ഒരു പ്രക്രിയ കൂടിയാണത്. വിപുലമായ രീതിയില്‍ ഗൃഹപാഠം ചെയ്തും സാമൂഹിക സാംസ്‌കാരിക ശാസ്ത്ര വിദഗ്ദ്ധരുടെ മേല്‍നോട്ടത്തിലുമാവണം അത്തരമൊരു പ്രക്രിയ വിഭാവനം ചെയ്യാന്‍.

സാംസ്‌കാരിക വൈവിധ്യങ്ങളേയും അതിനകത്തെ ചെറുവിഭാഗങ്ങളെപ്പോലും ഉള്‍ക്കൊള്ളുന്നതാവണം അത്. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഒരു സാംസ്‌കാരിക നയം നമുക്ക് ഇല്ലാത്തതുകൊണ്ട് നിശബ്ദമായ സാംസ്‌കാരിക ഉന്‍മൂലനത്തിന് ഇരയാക്കപ്പെടുന്നവരാണ് കേരളത്തിലെ ഗോത്ര സമുദായങ്ങള്‍. ഗോത്ര സമുദായങ്ങളെ പഴമയില്‍ തളച്ചിടണമെന്നല്ല പറയുന്നത്. മറിച്ച് ഗോത്ര മേഖലയിലെ വികസന പദ്ധികള്‍ മിക്കതും അവരുടെ സാംസ്‌കാരികവും സാമൂഹികവുമായ അസ്തിത്വത്തെ ഉള്‍ക്കൊള്ളാത്തതുകൊണ്ട് വിപരീതഫലങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത് എന്നതാണ് വാസ്തവം. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതും ടൂറിസം വഴി വരുമാനം ഉണ്ടാക്കുന്നതിന്റേയും വിപുലമായ ആശയങ്ങളെക്കൂടി അതിന് ഉള്‍ക്കൊള്ളാവുന്നതാണ്.

ഇരുതല വാളാണ് സാംസ്‌കാരിക നയം 

കെ. ജയകുമാര്‍   

കേരള സര്‍ക്കാരിനുവേണ്ടി പത്തിരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സാംസ്‌കാരിക നയം തയ്യാറാക്കാനുള്ള നിയോഗം എനിക്കുണ്ടായി. ടി.എം. ജേക്കബ് ആയിരുന്നു വകുപ്പ് മന്ത്രി. പുതിയ ആശയങ്ങളെ എന്നും സ്വാഗതം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത സമര്‍ത്ഥനായ മന്ത്രിയായിരുന്നു അദ്ദേഹം. ഞാന്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയും പ്രഗത്ഭനായ ഡോ. ബാബു പോള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും. (അന്ന് കമ്മിഷണര്‍ ആന്‍ഡ് സെക്രട്ടറി എന്നാണ് തസ്തികയുടെ പേര്.) ആ സാംസ്‌കാരിക നയം സര്‍ക്കാര്‍ അംഗീകരിച്ചെന്നാണ് ഓര്‍മ്മ. ഇപ്പോഴത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം, രാജാ രവിവര്‍മ്മ പുരസ്‌കാരം, സ്വാതി പുരസ്‌കാരം എന്നിവയെല്ലാം സ്ഥാപിതമായത് ആ നയത്തിന്റെ ഭാഗമായിട്ടായിരുന്നു. പിന്നീട് കേന്ദ്ര സാംസ്‌കാരിക വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായപ്പോഴും ഭാരത സര്‍ക്കാരിനു ഒരു സാംസ്‌കാരിക നയം രൂപീകരിക്കുന്ന ബൃഹദ്‌സമിതിയുടെ കണ്‍വീനറായും ഞാന്‍ പ്രവര്‍ത്തിച്ചു. ആ നയം കരട് രൂപത്തിലായെങ്കിലും അന്തിമമായി അംഗീകരിക്കപ്പെട്ടില്ല. 

ഈ പരിചയത്തില്‍ നിന്നെല്ലാം ഞാന്‍ പഠിച്ച പാഠം, സാംസ്‌കാരിക നയം രൂപീകരിക്കുക എന്ന പ്രക്രിയയില്‍ ഒരുപാട് ചതിക്കുഴികളുണ്ട് എന്നതാണ്. സാംസ്‌കാരിക മൂല്യങ്ങളിലും സാംസ്‌കാരിക നിര്‍മ്മിതിയിലും സര്‍ക്കാര്‍ നേരിട്ടു പ്രവേശിക്കാനോ സ്വാധീനിക്കാനോ പാടില്ല. മറിച്ച്, സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്വതന്ത്രമായും നിര്‍ഭയമായും സര്‍ഗ്ഗാത്മകമായും പ്രവര്‍ത്തിക്കാനുള്ള ഭൗതിക സാമ്പത്തിക സാഹചര്യങ്ങള്‍ ഒരുക്കുക മാത്രമായിരിക്കണം സര്‍ക്കാരിന്റെ ഉത്തരവാദിത്വം. അഥവാ സര്‍ക്കാര്‍ എന്തുചെയ്യും എന്നു മാത്രമേ നയം നിര്‍വ്വചിക്കാന്‍ പാടുള്ളൂ. അക്കാദമികള്‍ക്കും സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ഇതര സ്ഥാപനങ്ങള്‍ക്കും യഥാര്‍ത്ഥ ഓട്ടോണമി അനുഭവസിദ്ധമാകണം. ഇത്തരത്തിലുള്ള ഉദാത്ത മനോഭാവമില്ലാതെ രചിക്കപ്പെടുന്ന സാംസ്‌കാരിക നയം ഗുണത്തേക്കാള്‍ ഏറെ ദോഷമേ വരുത്തിവയ്ക്കൂ. 

അനൗപചാരികമായി നടക്കുന്ന ആശയസ്വാധീനം ഔപചാരികമാക്കുക എന്ന അപകടാവസ്ഥ ക്ഷണിച്ചുവരുത്തുന്ന മാരകോപകരണമായി സാംസ്‌കാരിക നയം മാറാതിരിക്കാനുള്ള ജാഗ്രതയാണ് ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com