അധികാര ധാര്‍ഷ്ട്യത്തെ തിരുത്തുമ്പോള്‍

കുത്തനെ നില്‍ക്കുന്ന വഴിയുടെ ചെരിവില്‍ കൂറ്റന്‍ പാറക്കെട്ടുകളോടു ചേര്‍ന്നാണ് രാജീവിന്റെ കൂര. ആ ചെരിവിലേക്കിറങ്ങാന്‍ വഴിയില്ല. നടന്ന് തെളിച്ച വരമ്പ് മാത്രം കാണാം
അധികാര ധാര്‍ഷ്ട്യത്തെ തിരുത്തുമ്പോള്‍

തെന്മല എന്ന അതിര്‍ത്തി ഗ്രാമത്തോട് ഓരം ചേര്‍ന്നാണ് ഉറുകുന്ന്. തേരി വലിച്ചുകയറുന്ന കൂറ്റന്‍ ലോറികള്‍ കിതപ്പ് മാറ്റുന്ന വഴിയോരത്തുനിന്ന് പിന്നെയും കുന്ന് കയറണം രാജീവിന്റെ വീട്ടിലേക്ക്. അണവെള്ളം ഒഴുകുന്ന കനാലും കടന്ന് ആറടി വീതിയുള്ള റോഡ് ഐഷാപാലത്തേക്കാണ്. കുത്തനെ നില്‍ക്കുന്ന വഴിയുടെ ചെരിവില്‍ കൂറ്റന്‍ പാറക്കെട്ടുകളോടു ചേര്‍ന്നാണ് രാജീവിന്റെ കൂര. ആ ചെരിവിലേക്കിറങ്ങാന്‍ വഴിയില്ല. നടന്ന് തെളിച്ച വരമ്പ് മാത്രം കാണാം. പിടിച്ചിറങ്ങാന്‍ പനകളുണ്ട്. കാലൊന്ന് പതറിയാല്‍ അഗാധമായ താഴ്ചയിലേക്കാകും വീഴുക. കഷ്ടിച്ച് ഒരു കസേര മാത്രമിടാന്‍ വീതി മാത്രമുള്ള മുറ്റത്തിരുന്നാണ് രാജീവ് കഴിഞ്ഞ ഒരു വര്‍ഷം അനുഭവിച്ച ക്രൂരമായ അപമാനത്തിന്റേയും പീഡനത്തിന്റേയും കഥകള്‍ പറഞ്ഞുതുടങ്ങിയത്. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ രാത്രി മുതല്‍ താന്‍ അനുഭവിച്ച ക്രൂരമായ ശാരീരിക-മാനസിക പീഡനം അദ്ദേഹം ഓര്‍ത്തെടുക്കുന്നു.  

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മൂന്നിനാണ് സംഭവങ്ങള്‍ക്ക് തുടക്കം. ലൈഫ് മിഷനില്‍ അമ്മയുടെ ചേട്ടത്തിയുടെ മകന് പഞ്ചായത്തില്‍നിന്ന് വീട് കിട്ടിയിരുന്നു. അത് പണി പൂര്‍ത്തിയാക്കാതെ ഗ്രാമസഭയില്‍ ബില്ല് മാറിക്കൊടുത്തു. തുകയും അനുവദിച്ചു കിട്ടി. അപ്പോഴും അമ്മ ചോര്‍ന്നൊലിക്കുന്ന ഷെഡ്ഡിന് അകത്താണ് കിടക്കുന്നത്. മകനും കുടുംബവുമാകട്ടെ അനുവദിച്ചു കിട്ടിയ പണംകൊണ്ട്  സ്വര്‍ണ്ണം വാങ്ങി. അവര്‍ വാടകയ്ക്കാണ് താമസിക്കുന്നത്. അങ്ങനെ ഞാന്‍ ഉദ്യോഗസ്ഥനെ വിളിച്ച് എന്തുകൊണ്ടാണ് പണി പൂര്‍ത്തീകരിക്കാതെ തുക മുഴുവന്‍ കൈമാറിയത് എന്ന് അന്വേഷിച്ചു. തൃപ്തികരമായ ഒരു മറുപടി കിട്ടാത്തതുകൊണ്ട് ഞാന്‍ കളക്ടര്‍ക്കും വിജിലന്‍സിനും പരാതി കൊടുത്തു. ഇത്രയും സംഭവങ്ങള്‍ നേരത്തേ നടന്നതാണ്.

ഇനി കാര്യത്തിലേക്ക് വരാം. ഞാന്‍ ടാക്സി വണ്ടിയാണ് ഓടിക്കുന്നത്. ഫെബ്രുവരി മൂന്നിന് ഓട്ടം കഴിഞ്ഞ് വണ്ടിയൊതുക്കി രാത്രി എട്ടേകാലോടെ വീട്ടിലേക്ക് വരുമ്പോള്‍ അമ്മയുടെ ചേട്ടത്തിയുടെ മകന്‍ ശിവാനന്ദന്‍ എന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. നീ എന്തിനാണ് പരാതി കൊടുത്തത് എന്ന് ചോദിച്ച് തെറിവിളിയായി. സഹിക്കാന്‍ വയ്യാതായപ്പോള്‍ ഞാന്‍ പരാതി നല്‍കുമെന്നും ഫോണ്‍ റെക്കോഡ് ചെയ്ത് പൊലീസിനെ കേള്‍പ്പിക്കുമെന്നു പറഞ്ഞു. എന്നിട്ടും ചീത്തവിളി തുടര്‍ന്നു. ഇതിന് പരാതി നല്‍കാനാണ് ഞാന്‍ രാത്രി ഒന്‍പതരയോടെ തെന്മലയിലെ പൊലീസ് സ്റ്റേഷനിലെത്തിയത്.

ഞാന്‍ സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ സി.ഐ. വിശ്വംഭരന്‍ സിവില്‍ ഡ്രസ്സില്‍ വണ്ടിയില്‍ ചാരി നില്‍ക്കുന്നു. സി.ഐ ആണെന്ന് എനിക്കറിയില്ലായിരുന്നു. എന്നെ കണ്ടപ്പോള്‍ എന്താടാ എന്ന് ചോദിച്ചു. ഒരു പരാതി നല്‍കാന്‍ വന്നതാണെന്നു പറഞ്ഞപ്പോള്‍ താന്‍ സി.ഐ. ആണെന്നു പറഞ്ഞ് പരാതി വാങ്ങി വായിച്ചു. ചേട്ടനായ ശിവാനന്ദന്റെ ഫോണ്‍ നമ്പരും ചോദിച്ചു. അത് ഞാന്‍ പരാതിയിലുണ്ടെന്നു പറയുകയും ചെയ്തു. അദ്ദേഹം തന്നെ അതില്‍നിന്ന് നമ്പരെടുത്ത് ശിവാനന്ദനെ വിളിച്ചു പിറ്റേന്ന്  രാവിലെ സ്റ്റേഷനില്‍ വരണമെന്നും പറഞ്ഞു. അതിനുശേഷം 'നീ പോ' എന്നു പറഞ്ഞ് സി.ഐ. കയ്യിലുള്ള ചൂരലുംകൊണ്ട് എന്റെ തുടയിലടിച്ചു. എനിക്ക് അതൊരു വിഷമമായി. 'പോടാ പോയിട്ട് രാവിലെ വാടാ' എന്ന് പറഞ്ഞുള്ള ആ അടി എനിക്ക് അപമാനമായിട്ടാണ് തോന്നിയത്. തിരിച്ചിറങ്ങി ഗേറ്റിനടുത്തെത്തിയപ്പോള്‍ എനിക്ക് പരാതി എഴുതിത്തന്ന മോഹന്‍ദാസ്  എന്ന അണ്ണനെ വിളിച്ച് നടന്ന സംഭവം പറഞ്ഞു. സാരമില്ല, നീ റസീപ്റ്റ് വാങ്ങിയിട്ട് വീട്ടില്‍ പൊയ്‌ക്കോ എന്ന് അണ്ണനും പറഞ്ഞു.

ഇത്രയും അപമാനിച്ച ഒരാള്‍ തിരിച്ച് ചെല്ലുമ്പോള്‍ എങ്ങനെ പ്രതികരിക്കും എന്നതിനെക്കുറിച്ചായി എന്റെ ചിന്ത. എനിക്കാണെങ്കില്‍ രാഷ്ട്രീയ പിന്തുണയോ കൂടെ വരാന്‍ ആളോ ഇല്ല. എന്തായാലും ഞാന്‍ എന്റെ പോക്കറ്റില്‍ കിടന്ന മൊബൈലെടുത്ത് വീഡിയോ ഓണാക്കിയിട്ടു. തിരിച്ചു ചെന്നപ്പോള്‍ നീ ഇതുവരെ പോയില്ലേയെന്ന്  സി.ഐ ചോദിച്ചു. സാറെ പരാതി തന്നതിന്റെ റസീപ്റ്റ് വേണം എന്ന് പറഞ്ഞു. റസീപ്റ്റുമില്ല, ഒരു കോപ്പുമില്ല എന്നായിരുന്നു മറുപടി. ഒപ്പം കേട്ടാലറയ്ക്കുന്ന തെറിവിളിയും. സാറെ എന്നെ ചീത്തവിളിക്കരുതെന്ന് പറഞ്ഞപ്പോഴാണ്  കരണക്കുറ്റിക്ക്  അടിച്ചത്. കോളറില്‍ പിടിച്ചുവലിച്ച് എന്നെ സ്റ്റേഷന്റെ മുന്നിലേക്ക് കൊണ്ടുപോയി. ഫോണും പിടിച്ചുവാങ്ങി. 

നീ പഞ്ചായത്തിനെതിരെ പരാതിയുമായി പോകുമല്ലേടാ എന്ന് ചീത്തവിളിക്കിടയില്‍ സി.ഐ പറയുന്നത് കേട്ടു. അപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്. ലൈഫ് മിഷന്റെ അന്വേഷണത്തില്‍  കുറേ രാഷ്ട്രീയക്കാര്‍ എനിക്കെതിരായിരുന്നു. അവരാരെങ്കിലും സ്റ്റേഷനില്‍ വിളിച്ചുകാണുമെന്ന ചിന്തയാണ് അപ്പോഴെനിക്കുണ്ടായത്. ഒരു പരാതിക്ക് റസീപ്റ്റ് ചോദിച്ചതിന് ഇത്രയും അപമാനിക്കണോ എന്ന് ചോദിച്ചുകൊണ്ട് ഞാന്‍ പൊട്ടിക്കരയുകയായിരുന്നു. അതല്ലാതെ ഒന്നും ചെയ്യാന്‍ എനിക്ക് കഴിയുമായിരുന്നില്ല. അതോടെ ഒരു വിലങ്ങ് എടുത്തോണ്ട് വരാന്‍ സി.ഐ. പറഞ്ഞു. വിലങ്ങിട്ട് പൂട്ടി സ്റ്റേഷനിലെ ഹാന്‍ഡ് റെയിലില്‍ എന്നെ ബന്ധിച്ചു. നീ ഇവിടെ കിടക്ക് എന്ന് പറഞ്ഞിട്ട് സി.ഐ എങ്ങോട്ടോ പോയി. 

വീട്ടില്‍നിന്ന് ഈ സമയം വിളിച്ചുകൊണ്ടിരിക്കുകയാണ്. സാറെ, ആ ഫോണൊന്നെടുക്ക്. പുലിയിറങ്ങുന്ന സ്ഥലമാണ്. ഒന്നെടുത്ത് കാര്യം പറയ് സാറെ എന്ന് ഞാന്‍ പൊലീസുകാരോട് കെഞ്ചി. സി.ഐ സാറ് വന്നിട്ടേ ഫോണെടുക്കൂ എന്നാണ് പൊലീസുകാര്‍ പറഞ്ഞത്. 11 മണി കഴിഞ്ഞാണ് സി.ഐ വന്നത്. പരാതി തരാന്‍ വന്ന എന്നെ ഇതുവരെ വിലങ്ങിട്ട് നിര്‍ത്തിയത് ഞാന്‍ മേലധികാരികളെ അറിയിക്കുമെന്ന് പറഞ്ഞപ്പോള്‍ മറുപടി ഇതായിരുന്നു: നീ ഇവിടുന്ന് പോയിട്ട് വേണ്ടേ പരാതി കൊടുക്കാന്‍! 

രാജീവും കുടുംബവും/ ഫോട്ടോ: അരവിന്ദ് ​ഗോപിനാഥ്
രാജീവും കുടുംബവും/ ഫോട്ടോ: അരവിന്ദ് ​ഗോപിനാഥ്

ദൃശ്യങ്ങള്‍ തേടി പൊലീസ്

പതിനൊന്ന് മണി കഴിഞ്ഞപ്പോള്‍  അമ്മയുടെ നിരന്തരമായ കോളുകള്‍ കണ്ടതോടെ സി.ഐ ഫോണെടുത്തു. പൊലീസിനെ ആക്രമിക്കാന്‍ വന്നെന്നും രണ്ട് ജാമ്യക്കാരേയും കൊണ്ടുവന്ന് ഇറക്കിക്കൊണ്ടുപോകാനും അമ്മയോട് പറഞ്ഞു. ഇതുവരെ ഒരു കേസിലും ഞാന്‍ പ്രതിയായിട്ടില്ല. അവര് സ്റ്റേഷനിലെത്തുന്നതിന് തൊട്ടുമുന്‍പ്  സി.ഐ വിലങ്ങ് അഴിച്ചിട്ട് എങ്ങോട്ടോ പോയി. അമ്മയും എസ്.ഐ ഷാലുവും ഒരേസമയത്താണ് വരുന്നത്. അമ്മ പൊട്ടിക്കരഞ്ഞോണ്ടാണ് ഓടിവന്നത്. ഷാലു വന്നയുടന്‍ എന്നെ വിളിച്ച് മാറ്റിനിര്‍ത്തിയിട്ട് ഇങ്ങനെ പറഞ്ഞു: സി.ഐ. സാറിന് ഒരു അബദ്ധം പറ്റി. നീ  ക്ഷമിക്കണം. ഫോണ്‍ തിരിച്ചു തന്നിട്ട് ലോക്ക് അഴിക്കാന്‍ പറഞ്ഞു. ഫോണ്‍ കയ്യില്‍ കിട്ടിയപ്പോള്‍ പിന്നെ ഞാനത് തിരികെ കൊടുത്തില്ല. ഫിംഗര്‍ പ്രിന്റ് അഴിച്ചതുമില്ല. ഫോണ്‍ ലോക്ക് തുറക്കാന്‍ പല ശ്രമങ്ങളും എസ്.ഐ നടത്തി. എന്തെങ്കിലുമൊ രു തെളിവ് എനിക്ക് വേണമെന്നുള്ളതുകൊണ്ട് ഞാന്‍ ഫോണ്‍ കൊടുത്തതുമില്ല. പിന്നെ സംസാരിക്കുന്നത് മുഴുവന്‍ ഞാന്‍ റെക്കോഡ് ചെയ്തു. സി.ഐക്ക് അബദ്ധം പറ്റിയതാണെന്നും പരാതിയായിട്ട് മുന്നോട്ടു പോകരുതെന്നുമൊക്കെ പറഞ്ഞു. ചേട്ടനേയും അമ്മയേയും വിളിച്ച് സംസാരിച്ചു. എന്നെ ഇത്രയും ഉപദ്രവിച്ച സി.ഐക്കെതിരെ പരാതിയുമായി മുന്നോട്ടു പോകുമെന്നതില്‍ ഞാന്‍ ഉറച്ചുനിന്നു. ഒടുവില്‍, എന്റെ കാല് വരെ പിടിക്കാമെന്ന് ഷാലു പറഞ്ഞു. ഒരു ഉദ്യോഗസ്ഥന്‍ ഇത്രയും താഴുന്നത് ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്. ഞാന്‍ പുനലൂര്‍ ഡി.വൈ.എസ്.പിയെ വിളിച്ച് കാര്യം പറഞ്ഞു. അന്വേഷിക്കട്ടെ എന്നായിരുന്നു മറുപടി. 

അതോടെ എനിക്കെതിരെ പെറ്റിക്കേസ് എടുക്കാനായി ശ്രമം. അമ്മയെക്കൊണ്ട് എന്തോ ഒപ്പിടാന്‍ ശ്രമിച്ചപ്പോള്‍ ഒപ്പിടണ്ടെന്ന് ഞാന്‍ പറഞ്ഞു. അവസാനം ഒരു വെള്ളപേപ്പറില്‍  ഒപ്പിടീപ്പിച്ച് എന്നെ വിട്ടു. പന്ത്രണ്ടേകാലോടെ ഞാന്‍ വീട്ടിലെത്തി. ഫോണ്‍ ഓണാക്കി നോക്കിയപ്പോള്‍  സി.ഐ എന്നെ അടിക്കുന്ന വീഡിയോ അതിലുണ്ട്. എനിക്കെന്തോ വല്ലാത്ത ആശ്വാസമാണ് അപ്പോള്‍ തോന്നിയത്. ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്നതിന്റേയും എന്നെ മര്‍ദിച്ചതിന്റേയും തെളിവായിരുന്നു അത്. എന്റെ മകനാണ് ആ ദൃശ്യം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. അത് വൈറലായി. അടിയുടെ വേദന കാരണം പിറ്റേന്ന് ഞാന്‍ ജോലിക്കു പോയില്ല. വണ്ടി ഉറുകുന്ന് ജംഗ്ഷനിലിട്ട് ബസില്‍ കയറി താലൂക്ക് ആശുപത്രിയില്‍ പോയി. കുറച്ച് കഴിയുമ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് ശശിധരന്‍, വാര്‍ഡ് മെമ്പര്‍ ഷാജന്‍ എന്നിവര്‍ വിളിച്ചു. പൊലീസിനെതിരെ പരാതി ഉന്നതങ്ങളില്‍ കൊടുക്കരുതെന്നായിരുന്നു അവരുടേയും ആവശ്യം. എങ്ങോട്ടാണ് പോകുന്നതെന്നും ചോദിച്ചു. ആശുപത്രിയിലേക്കാണെന്ന് ഞാന്‍ മറുപടിയും പറഞ്ഞു. ഒ.പി ടിക്കറ്റെടുക്കാന്‍ ക്യൂവില്‍ നില്‍ക്കുന്ന സമയത്താണ് എസ്.ഐ ഷാലുവും സംഘവും പാഞ്ഞുവരുന്നത്. എന്നെ പിടിച്ചുവലിച്ച് ജീപ്പില്‍ കയറ്റി വിലങ്ങിട്ടു. എന്റെ ഫോണ്‍ തട്ടിപ്പറിച്ചു. ഞാനാകെ പേടിച്ചു. ഫോണ്‍ ലോക്ക് അഴിക്കുമ്പോള്‍ ഒരു പ്രാദേശിക ചാനല്‍ ലേഖകന്റെ ഫോണിലേക്ക് ആ സമയം കോള്‍ പോയി. ഈ എസ്.ഐ പറയുന്നതടക്കം അത് റെക്കോഡ് ചെയ്യപ്പെട്ടു. ഫോണ്‍ ലോക്ക് അഴിച്ച് എന്റെ ഫോണില്‍ ഞാന്‍ ടൈപ്പ് ചെയ്യുന്നതുപോലെ പുള്ളി സി.ഐക്ക് മേസ്സേജ് അയച്ചു. ഞാന്‍ താലൂക്ക് ആശുപത്രിയിലുണ്ടെടാ, ചുണയുണ്ടെങ്കില്‍ എന്നെ എന്തെങ്കിലും ചെയ്യടാ എന്നായിരുന്നു ഷാലു അയച്ച മെസ്സേജ്. സി.ഐയുടെ ജോലി കളയുകയാണെങ്കില്‍ നിന്നെ ഞാന്‍ കുരുക്കുമെന്ന് അദ്ദേഹം ആക്രോശിക്കുന്നുണ്ടായിരുന്നു. ഈ ഫോണ്‍ വച്ചുകൊണ്ട് പല രീതിയിലും എന്നെ കുടുക്കുമെന്നു പറഞ്ഞു. ഷാലുവിന്റെ ഫോണില്‍നിന്ന് അശ്ലീല ദൃശ്യങ്ങള്‍ എന്റെ ഫോണിലേക്ക് അയച്ചു. എന്റെ കുട്ടികള്‍ പഠിക്കുന്ന ഫോണാണെന്നു പറഞ്ഞിട്ടും കേട്ടില്ല. ഈ ദൃശ്യങ്ങള്‍ മേലുദ്യോഗസ്ഥര്‍ക്ക് അയക്കും. അമ്മയേയും ഭാര്യയേയും കൂട്ടിയാണ് തെറിവിളി.

നീ പട്ടീടെ ജാതിക്കാരനാണ്. അതാണ് നിന്റെയൊക്കെ വിജയം 

എന്നാണ് അയാള്‍ പറഞ്ഞത്. അപ്പോഴേക്കും സി.ഐ വിളിച്ച് എന്നെ കൊണ്ടുവരാന്‍ പറഞ്ഞു. മര്‍ദ്ദിക്കാനുള്ള പുറപ്പാടാണ് എന്ന് എനിക്ക് മനസ്സിലായി. നിന്റെ അമ്മ എവിടുണ്ട് എന്നായി ഷാലുവിന്റെ അടുത്ത ചോദ്യം. അമ്മ തെന്മലയിലുണ്ടെന്ന് പറഞ്ഞു. അതോടെ സ്റ്റേഷനിലേക്ക് കൊണ്ടുവരണ്ട, ഡാം സൈറ്റിലേക്ക് കൊണ്ടുവരാന്‍ സി.ഐ  പറഞ്ഞു. നേരേ കുളത്തൂപ്പുഴയിലേക്കാണ് എന്നെ കൊണ്ടുപോയത്. ആര്‍.പി.എല്‍ എന്നു പറയുന്ന ഒരു ചെക്ക് പോസ്റ്റില്‍ നിര്‍ത്തിയിട്ടു. എസ്.ഐയുടെ വണ്ടിയില്‍ വിലങ്ങിട്ട് എന്നെ ഇരുത്തിയിരിക്കുകയാണ്. അപ്പോഴാണ് സി.ഐയുടെ വണ്ടി വരുന്നത്. എന്നെ പിടിച്ചിറക്കി ഉടുമുണ്ട് ഉടുക്കാന്‍ പോലും സമ്മതിക്കാതെ സി.ഐയുടെ വണ്ടിയിലിട്ട് ലോക്ക് ചെയ്തു. അവിടം തൊട്ട് എന്നെ ഭീഷണിപ്പെടുത്തി. ദൃശ്യങ്ങള്‍ എവിടെയാണെന്നും ആര്‍ക്കൊക്കെ അയച്ചുകൊടുത്തിട്ടുണ്ടെന്നും പെന്‍ഡ്രൈവിലാക്കിയിട്ടുണ്ടോ എന്നുമൊക്കെയാണ് ചോദ്യങ്ങള്‍. ഒരു ഗ്രേഡ് എസ്.ഐയും സി.ഐയുമാണ് വണ്ടിയിലുണ്ടായിരുന്നത്. 

അടിക്കുകയാണെങ്കില്‍ ഇനി എന്നെ നിങ്ങള്‍ കൊല്ലേണ്ടിവരും. അല്ലെങ്കില്‍ നിങ്ങടെയെല്ലാം പേരെഴുതിവച്ച് ഞാനും കുട്ടികളും ആത്മഹത്യ ചെയ്യുമെന്ന് ഞാന്‍ പറഞ്ഞു. കുളത്തൂപ്പുഴ ജംഗ്ഷനിലുള്ള മൊബൈല്‍ ഷോപ്പില്‍ കൊണ്ടുപോയി ഹെല്‍മെറ്റ് ഇട്ട് എന്നെ ഇറക്കി. ഫോണിലെ ഡേറ്റ മുഴുവന്‍ കളഞ്ഞു. എന്റെ മോന്‍ പത്താംക്ലാസ്സിലാണെന്നും അവന്റെ നോട്ടുകള്‍ മുഴുവന്‍ ആ ഫോണിലാണെന്നും ഞാന്‍ കരഞ്ഞുപറഞ്ഞു. ''സി.ഐയുടെ ജോലി കളഞ്ഞ് നിന്റെ മക്കള്‍ പഠിക്കേണ്ടടാ'' എന്നായിരുന്നു സി.ഐ. വിശ്വംഭരന്റെ മറുപടി.
 
അത്രയ്ക്ക് ഞാന്‍ അനുഭവിച്ചു. ഫോണിലെ  ഡേറ്റ മുഴുവന്‍ അങ്ങനെ അവര്‍ കളഞ്ഞു. ഇനി കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ എന്നായി ഞാന്‍. അത്രയ്ക്ക് മരവിച്ചുപോയി. പതിനൊന്ന് മണിയോടെ എന്നെ സ്റ്റേഷനിലെത്തിച്ചു. വിലങ്ങ് അണിയിച്ചാണ് സ്റ്റേഷനു മുന്നിലുള്ള ഹാന്‍ഡ് റെയിലില്‍ നിര്‍ത്തിയത്. ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന്റെ പേരില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തു. രാഷ്ട്രീയക്കാരും ചാനലുകാരും വന്നു. അങ്ങനെയാണ് ഏഷ്യാനെറ്റിലെ പ്രാദേശിക ലേഖകന്‍ വഴി എന്റെ അമ്മയെ വിളിക്കുന്നത്. ഉടനെ തന്നെ അമ്മയും പെങ്ങളും സ്റ്റേഷനില്‍ വന്നു. വന്നപ്പോള്‍ തന്നെ പെങ്ങള്‍ എന്നെ കെട്ടിയിട്ടിരിക്കുന്നത് ഫോട്ടോയെടുത്തു. ഇതോടെ സി.ഐയും എസ്.ഐയും എല്ലാവരും ചേര്‍ന്ന് ഇവരെ പിടിച്ചുവലിച്ച് ഫോണ്‍ പിടിച്ചുവാങ്ങി. വനിതാപൊലീസുകാരൊന്നുമുണ്ടായിരുന്നില്ല. അവിടെ നിന്നവരെയെല്ലാം അവര്‍ ഓടിച്ചു. ആരെങ്കിലും വീഡിയോ എടുക്കുന്നുണ്ടോ എന്നായിരുന്നു അവരുടെ സംശയം. 

എന്നെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പെങ്ങളുടെ  ഫോണിലുണ്ടോ എന്നറിയാനായി അവരുടെ ശ്രമം. ഫെയ്‌സ്ബുക്കിലേത് ഇവര്‍ ഡിലീറ്റ് ചെയ്യിപ്പിച്ചിരുന്നു. ഈ ഫോണുംകൊണ്ട് സി. ഐയും എസ്.ഐയും പോയി. ഒടുവില്‍ ചേട്ടന്‍ ശിവാനന്ദനെ വിളിച്ചുവരുത്തി എനിക്കെതിരെ പരാതി എഴുതിവാങ്ങി കേസെടുത്തു. ഇതിനിടയില്‍ അമ്മ വെള്ളം വാങ്ങി വന്നിട്ടും തരാന്‍ സമ്മതിച്ചില്ല. ഏഴു മണിയായപ്പോഴേക്കും മെഡിക്കലെടുക്കാന്‍ കൊണ്ടുപോയി. വേദനയുണ്ടെന്ന് നീ ആശുപത്രിയില്‍ പറഞ്ഞാല്‍ നിന്നെ റിമാന്‍ഡ് ചെയ്യുമെന്നായി എസ്.ഐ ഷാലുവിന്റെ ഭീഷണി. കുട്ടികളൊറ്റയ്ക്ക് ആയതിനാല്‍ ഞാന്‍ ഒന്നും പറഞ്ഞില്ല. അമ്മയും പെങ്ങളും സ്റ്റേഷനില്‍നിന്ന് പോകാന്‍ വേണ്ടിയാകണം, മെഡിക്കല്‍ കഴിഞ്ഞ ശേഷം എന്നെ അവര്‍ പല വഴികളില്‍ക്കൂടി  കൊണ്ടുപോയി. മെഡിക്കല്‍ എടുത്തതിനു ശേഷം മര്‍ദ്ദിക്കാനായിരുന്നു പദ്ധതി. അമ്മയും പെങ്ങളും പോകുന്നില്ലെന്ന് ഉറപ്പായപ്പോഴാണ് അവരെന്നെ സ്റ്റേഷനില്‍ കൊണ്ടുവരുന്നത്. അടിവസ്ത്രം മാത്രമിട്ട് ഫോട്ടോ എടുപ്പിച്ചിട്ടാണ് എന്നെ അന്ന് വിട്ടത്. ആത്മഹത്യ ചെയ്താലും ഞങ്ങള്‍ക്ക് തെളിവുവേണമെന്ന് പറഞ്ഞാണ് ഫോട്ടോ എടുത്തത്. അമ്മയുടേയും പെങ്ങടേയും ജാമ്യത്തിലാണ് എന്നെ അന്ന് വിടുന്നത്. എന്നെ അടിക്കുന്ന ദൃശ്യം ഞാന്‍ ഏഷ്യാനെറ്റ് ലേഖകന് അയച്ചുകൊടുത്തിരുന്നു. അത് രാത്രി അവര്‍ പ്രക്ഷേപണം ചെയ്തു. 

പരാതിയുമായി മുന്നോട്ടുപോകാന്‍ തന്നെയായിരുന്നു എന്റെ തീരുമാനം. അങ്ങനെ വക്കീലിനെ കണ്ടു. റൂറല്‍ എസ്.പിയെ കാണാന്‍ ചെന്നപ്പോള്‍ പരാതി വാങ്ങിവച്ചു. നേരിട്ട് കണ്ടാല്‍ തെളിവു കാണിക്കുമെന്നതുകൊണ്ടാകണം എന്നെ കാണാന്‍ എസ്.പി തയ്യാറായില്ല. അന്നു കൊടുത്ത പരാതിക്ക് ഇതുവരെ തുടര്‍നടപടിയുണ്ടായിട്ടില്ല. ഇവരൊക്കെ ഒറ്റക്കെട്ടായിരുന്നു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയപ്പോള്‍ സ്പെഷ്യല്‍ ബ്രാഞ്ചില്‍നിന്ന് അന്വേഷണം നടന്നു. മൊഴിയെടുക്കാന്‍ പൊലീസുകാര്‍ വീട്ടില്‍ വന്നു. ഈ പരാതിയുമായി ബന്ധമില്ലാത്ത എന്തെങ്കിലും അധികമായി പറയാനുണ്ടെങ്കില്‍ പറയാനായിരുന്നു അവര്‍ പറഞ്ഞത്. ഈ സംഭവങ്ങളൊക്കെ എഴുതി മോനെ കൊണ്ട് വായിപ്പിച്ച് നോക്കിയാണ് കൊടുത്തത്. എനിക്കെതിരേയുള്ള പൊലീസിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു റിപ്പോര്‍ട്ട്.  ഞാന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കൊന്നും  തെളിവില്ലെന്നായിരുന്നു മറുപടി. ഇതോടെ, ഞാന്‍ ഡി.ജി.പിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി കൊടുത്തു. അതിന്റെ അന്വേഷണം ഡി.സി.ആര്‍.ബി നടത്തി. ആ ഡി.വൈ.എസ്.പി മാത്രമാണ് സത്യസന്ധമായി മൊഴിയെടുത്തതും റിപ്പോര്‍ട്ട് കൊടുത്തതും. റൂറല്‍ എസ്.പിക്ക് ആ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, ആ റിപ്പോര്‍ട്ടിന്റെ കോപ്പിയെടുക്കേണ്ടെന്നായിരുന്നു വക്കീലിന്റെ വാദം. വക്കീലും എന്നെ ചതിക്കുകയായിരുന്നു. ഒടുവിലാണ് വിവരാവകാശ നിയമം വഴി ഞാന്‍ 14 പേജുള്ള റിപ്പോര്‍ട്ടിന്റെ കോപ്പി എടുക്കുന്നത്. സി.ഐയും എസ്.ഐയും ചെയ്തതെല്ലാം തെറ്റാണെന്ന് ആ റിപ്പോര്‍ട്ടിലുണ്ട്. 

2021 മേയ് മാസത്തില്‍ ഈ റിപ്പോര്‍ട്ട് റൂറല്‍ എസ്.പിക്ക് കിട്ടിയിട്ടും അത് പൂഴ്ത്തിവച്ചു. പട്ടികജാതി കമ്മിഷനിലും മനുഷ്യാവകാശ കമ്മിഷനിലും എനിക്ക് നീതി കിട്ടിയില്ല. ഡി.സി.ആര്‍.ബിയുടെ റിപ്പോര്‍ട്ട് ചാനലില്‍ വന്നതോടെ പലരും എന്നെ ബന്ധപ്പെട്ടു. അങ്ങനെ ദിശ സംഘടനയുടെ  സഹായത്തോടെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. അഡ്വ. ശാന്തമ്മയാണ് കേസില്‍ ഹാജരായത്. പട്ടികജാതി വകുപ്പ് പ്രകാരം ഇപ്പോള്‍ എസ്.ഐക്കും സി.ഐക്കുമെതിരെ ക്രിമിനല്‍ കേസ് എടുത്തിട്ടുണ്ട്. പുനലൂര്‍ ഡി.വൈ.എസ്.പിയാണ് അത് അന്വേഷിക്കുന്നത്. സി.ഐ. വിശ്വംഭരനെ ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരി സസ്പെന്‍ഡ് ചെയ്തു. എസ്.ഐക്ക് താക്കീതും സ്ഥലമാറ്റവും നല്‍കി. തൊട്ടടുത്ത സ്റ്റേഷനായ ഏരൂരിലാണ് ഇപ്പൊ ഷാലു ജോലി ചെയ്യുന്നത്. ബന്ധു ശിവാനന്ദന്‍ രാജീവിനെതിരെ നല്‍കിയ കേസ് കള്ളക്കേസാണെന്ന് എ.ഡി.ജി.പി ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കി.

രാജീവ് തന്റെ വീടിനു മുന്നിൽ
രാജീവ് തന്റെ വീടിനു മുന്നിൽ

വിവാദങ്ങള്‍ക്ക്  ശേഷം

കേസിനു ശേഷം താന്‍ ജോലിക്കു പോയിട്ടില്ലെന്നു പറയുന്നു രാജീവ്. സ്ഥിരവരുമാനം അതോടെ നഷ്ടമായി. ഡ്രൈവര്‍ ജോലിക്ക് ആരും വിളിക്കാതെയായി. മിക്കവര്‍ക്കും ധൈര്യത്തോടെ വണ്ടി തരാന്‍ മടിയാണ്. പൊലീസ് കള്ളക്കേസ് ഉണ്ടാക്കി വീണ്ടും കുടുക്കുമെന്നാണ് നാട്ടുകാര്‍ ഇപ്പോഴും കരുതുന്നത്. മൂന്നു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബം ജീവിച്ചു പോകുന്നത് പലരുടേയും സാമ്പത്തിക സഹായത്താലാണ്. ഇപ്പൊ ചെറിയ  ഒരു ടാപ്പിങ് കിട്ടിയിട്ടുണ്ട്. ദിവസം 250 രൂപ കിട്ടും. അതാണ് ആകെയുള്ള വരുമാനം. ഈ വരുമാനത്തില്‍നിന്നു വേണം മൂന്നു കുട്ടികളുടെയും വിദ്യാഭ്യാസത്തിനും വീടുകഴിയാനും പൈസ വേണ്ടത്. നിയമപോരാട്ടത്തിന് സഹായിച്ച ദിനുവാണ് മൂത്ത കുട്ടിയുടെ സ്‌കൂള്‍ഫീസ് അടച്ചത്. 

പലയിടത്തുനിന്നും ഭീഷണിയുണ്ട്. ഓഗസ്റ്റില്‍ പുതിയ സി.ഐ ചാര്‍ജ് എടുത്തപ്പോള്‍ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തി. ആരാ നിനക്ക് ഈ ബുദ്ധി ഉപദേശിച്ചു തന്നത്? ആരാ നിന്റെ പിന്നില്‍? ഏതു വക്കീലിനെയാണ് നീ കണ്ടത്? എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. ആ സമയത്ത് എന്റെ മക്കള്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. നീയൊക്കെ വീഡിയോ എടുക്കുകയാണോ എന്നാണ് സി.ഐ ചോദിച്ചത്. അതിനുശേഷം ഹൈക്കോടതിയുടെ പ്രൊട്ടക്ഷന്‍ ഉണ്ടായിരുന്നു. മൂന്നരമാസം ഈ മൂന്നു കുട്ടികള്‍ക്ക് പഠിക്കാന്‍ ഫോണില്ലായിരുന്നു. പഞ്ചായത്തുപോലും ആ വിഷയത്തില്‍ ഇടപെട്ടില്ല. ഫോണ്‍ കൊടുത്താല്‍ ഇതേപോലെ ഓരോന്ന് ഒപ്പിക്കുമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്. റേഷന്‍കാര്‍ഡ് പോലുമില്ലായിരുന്നു. എന്നാല്‍, വിവാദമായപ്പോള്‍ റേഷന്‍കാര്‍ഡ് ശരിയാക്കിത്തന്നു. 

തനിക്കെതിരെയുള്ള ഗൂഢാലോചന ഇപ്പോഴും നടക്കുന്നുണ്ടെന്ന് പറയുന്നു രാജീവ്. എന്റെ അമ്മയുടെ ഭൂമിയാണ് ഇത്. എനിക്ക് പഞ്ചായത്തില്‍നിന്ന് ഒരു മൂന്നു സെന്റ് ഭൂമി കിട്ടിയിരുന്നു. ഇതിന് അടുത്തുതന്നെയാണ് ആ ഭൂമി. അത് വച്ചിട്ട് ഞാന്‍ ലൈഫ് മിഷനില്‍ അപേക്ഷ കൊടുത്തിരുന്നു. എന്നാല്‍, ആ അപേക്ഷ പഞ്ചായത്ത് പരിഗണിച്ചതേയില്ല. അങ്ങനെ ഞാന്‍ വാര്‍ഡ് തലത്തില്‍ വിവരാവകാശരേഖ എടുത്തു. ഈ വാര്‍ഡില്‍ തന്നെ മൂന്ന് വീട് അനധികൃതമായി നല്‍കിയതായി തെളിഞ്ഞു. അവര്‍ക്കു വസ്തുവും വീടുമൊക്കെ ഉള്ളവരാണ്. ഇതോടെ ഞാന്‍ കളക്ടര്‍ക്ക് പരാതി നല്‍കി. മൂന്ന് റീ പെറ്റീഷനും നല്‍കി. ഒടുവില്‍ ലൈഫ് മിഷന്റെ ജില്ലാ കോര്‍ഡിനേറ്റര്‍ അന്വേഷിച്ച് പലിശസഹിതം പൈസ തിരിച്ചുപിടിക്കാന്‍ തീരുമാനമായി. ഇതോടെ പഞ്ചായത്തിനും ഉദ്യോഗസ്ഥര്‍ക്കുമൊക്കെ ഞാന്‍ ശത്രുവായി. ആ ഗൂഢാലോചനയാണ് ഈ കേസില്‍ വഴിത്തിരിവായത്. 

ഇപ്പോഴത്തെ മെമ്പറും പ്രസിഡന്റുമാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പറയുന്നു രാജീവ്. എനിക്ക് പിന്തുണ നല്‍കാന്‍ രാഷ്ട്രീയക്കാരില്ല, സാമ്പത്തികമില്ല, സമുദായവുമില്ല. എന്നിട്ടും ഞാന്‍ ഒറ്റയ്ക്ക് പോരാടി. നീതിയുടെ പക്ഷത്താണ് ഞാന്‍ എന്ന ഒറ്റവിശ്വാസമാണ് അതിനു പ്രേരിപ്പിക്കുന്നത്- രാജീവ് പറയുന്നു. 

പലര്‍ വഴി പൊലീസുകാര്‍ ഒത്തുതീര്‍പ്പിനു ശ്രമിച്ചിരുന്നു. ഹൈക്കോടതിയില്‍ കേസ് വന്ന ശേഷം ധന്യാരാമന്‍ പിന്തുണച്ച് വന്നു. എസ്.ഐ. ഷാലുവിനുവേണ്ടി പറയാനാണ് വന്നത്. വ്യക്തിപരമായി ഷാലുവിനോട് അടുപ്പമുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. പിന്നൊരു ദിവസം ഫോണില്‍ വിളിച്ചു. എനിക്ക് അനുകൂലമായിട്ടൊരു നീക്കം നടത്താനാണ് വന്നതെന്ന് പറഞ്ഞാണ് വിളിച്ചത്. ഫോണില്‍ക്കൂടി സംസാരിക്കില്ലെന്നും പറഞ്ഞു. എന്ത് ഉദ്ദേശ്യത്തിലാണ് അവര്‍ വന്നതെന്ന് എനിക്കറിയില്ല. പൈസ തന്നിട്ട് ഷാലുവിനെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് അവര്‍ ശ്രമിച്ചത്. അത് നടക്കില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് അവര്‍ പിന്‍മാറിയതെന്ന് രാജീവ് പറയുന്നു.

കേസ് വീണ്ടും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് രാജീവിനെ കാണുന്നത്. തനിക്കെതിരേയുള്ള കള്ളക്കേസ് കോടതി ഇല്ലാതാക്കില്ലേ എന്ന പ്രതീക്ഷയിലായിരുന്നു അയാള്‍. ശാരീരികമായും മാനസികമായും ജാതീയമായും  നേരിട്ട അപമാനം അയാളുടെ ആത്മവീര്യം കൂട്ടിയിട്ടേയുള്ളൂ. അധികാരപ്രബലതയോടു പോരാടി വിജയിച്ച രാജീവിന്റെ പ്രതിരോധം ഒരു രാഷ്ട്രീയ തിരുത്തു കൂടിയാണ്. അധികാരത്തിന്റെ മറവില്‍ സാധാരണക്കാരനോട് എന്തും ചെയ്തുകളയാം എന്ന അഹങ്കാരത്തിനേറ്റ തിരിച്ചടി!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com