പൊരുതി നേടിയ പുഞ്ചിരി

By പി.എസ്. റംഷാദ്  |   Published: 09th January 2022 04:35 PM  |  

Last Updated: 09th January 2022 04:35 PM  |   A+A-   |  

jayachandran

 

തിരുവനന്തപുരം തോന്നക്കല്‍ സായിഗ്രാമത്തിനടുത്ത് കോട്ടറ വീട്ടില്‍ താമസിക്കുന്ന റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി ജയചന്ദ്രന്‍ ഒരു സാധാരണ കുടുംബനാഥന്‍ മാത്രമായിരുന്നു, കഴിഞ്ഞ ഓഗസ്റ്റ് 27 വരെ. അധ്വാനിച്ചു കുടുംബം പുലര്‍ത്തുന്ന മുപ്പത്തിയഞ്ചുകാരന്‍. സ്വന്തം വീടും സമ്പാദ്യവുമില്ലെങ്കിലും ജീവിതപങ്കാളി രേഖയ്ക്കും മൂന്നില്‍ പഠിക്കുന്ന മകള്‍ ദേവിപ്രിയയ്ക്കുമൊപ്പം അല്ലലില്ലാത്ത സ്വസ്ഥ ജീവിതം. അതുതന്നെയായിരുന്നു വലിയ സമ്പാദ്യം. എന്നാലിന്ന് ജയചന്ദ്രന്റേയും കുടുംബത്തിന്റേയും ജീവിതം മാറിപ്പോയിരിക്കുന്നു. 

ആറ്റിങ്ങലും തോന്നക്കലും വേങ്ങോടും വാവറയമ്പലത്തും തലസ്ഥാന ജില്ലയിലും മാത്രമല്ല, കേരളമാകെ ഇവരെ അറിയാത്തവരില്ല. ആരവങ്ങളും അവകാശവാദങ്ങളുമില്ലാത്ത ഒരു നിയമപോരാട്ട വിജയത്തിന്റെ മുഖമാണ് അവര്‍ ഇപ്പോള്‍; പ്രത്യേകിച്ചും ജയചന്ദ്രന്‍. ആറ്റിങ്ങല്‍ ടൗണില്‍ വച്ച് പൊലീസ് വാഹനത്തില്‍നിന്ന് ഈ യുവാവ് മൊബൈല്‍ ഫോണ്‍ എടുത്തെന്നും അത് മകളെ ഏല്പിച്ചെന്നും തെറ്റിദ്ധരിച്ച് ആളെക്കൂട്ടി അഭിമാനത്തിനു മുറിവേല്പിച്ച പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയ്ക്കും അവരെ സംരക്ഷിക്കാന്‍ ശ്രമിച്ച സര്‍ക്കാരിനുമെതിരെ ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി നേടി. കോടതി നിര്‍ദ്ദേശിച്ച നഷ്ടപരിഹാരത്തുകയായ ഒന്നര ലക്ഷം രൂപ കിട്ടുമ്പോള്‍ അതിലൊരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ആദിവാസി കുട്ടികളുടെ പഠനത്തിനും നല്‍കാനാണ് തീരുമാനം. മൂന്നിലൊന്നു മാത്രമേ മകളുടെ പേരില്‍ നിക്ഷേപിക്കുകയുള്ളു. പൊതുജനങ്ങളുടെ നികുതിപ്പണത്തില്‍നിന്നു സര്‍ക്കാര്‍ തരുന്ന പണമായതുകൊണ്ടാണ് അങ്ങനെ തീരുമാനിച്ചതെന്ന് ജയചന്ദ്രന്‍ പറയുന്നു. 

പൊലീസ് ഉദ്യോഗസ്ഥ വ്യക്തിപരമായി നഷ്ടപരിഹാരം നല്‍കാനായിരുന്നു വിധിയെങ്കില്‍ ഇങ്ങനെ തീരുമാനിക്കില്ലായിരുന്നു. സത്യത്തില്‍, സംഭവിച്ചത് തെറ്റായിപ്പോയെന്നും അച്ഛനും മകള്‍ക്കുമുണ്ടായ വിഷമത്തില്‍ ദു:ഖമുണ്ടെന്നും രജിത ഫോണിലെങ്കിലും ഒന്നു പറഞ്ഞിരുന്നെങ്കില്‍ ക്ഷമിക്കുമായിരുന്നു ഈ കുടുംബം. പക്ഷേ, ഒന്നു വിളിക്കുകയോ കാണുകയോ ചെയ്യാന്‍ അവര്‍ തയ്യാറായില്ല. മാത്രമല്ല, ''അവന്‍ ഡി.എച്ച്.ആര്‍.എമ്മാണ്, തീവ്രവാദിയാണ്'' എന്ന് ബാലാവകാശ കമ്മിഷന്‍ അന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുക്കാന്‍ വിളിച്ചു വരുത്തിയപ്പോള്‍ പറയുക കൂടി ചെയ്തു. ജയചന്ദ്രനോ മകളോ ഫോണെടുത്തിട്ടില്ലെന്നും വണ്ടിക്കുള്ളിലെ സ്വന്തം ബാഗില്‍ അതുണ്ടായിരുന്നു എന്നും കണ്ടെത്തിയ ശേഷവും രജിത അവിടെ കൂടിയവരോടു പറഞ്ഞതിന്റെ തുടര്‍ച്ചതന്നെയായിരുന്നു ഈ മൊഴിയും: ''ഇവനൊക്കെ മോഷ്ടിക്കാനല്ലാതെ എന്തിനാ നടക്കുന്നതെന്ന് എങ്ങനെ അറിയാം?''

പണവും അധികാരകേന്ദ്രങ്ങളില്‍ സ്വാധീനവുമില്ലാത്ത, പാവപ്പെട്ട ദളിത് കുടുംബത്തിലെ അച്ഛനും മകള്‍ക്കും പറയാനുള്ളത് കേള്‍ക്കാന്‍ പോലും അന്വേഷണ ഉദ്യോഗസ്ഥ ഹര്‍ഷിത അത്തല്ലൂരി വിളിക്കുകയോ ചെല്ലുകയോ ചെയ്തില്ല. അല്ലാതെതന്നെ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് അനുകൂലമായി റിപ്പോര്‍ട്ടു കൊടുത്തു. സംസ്ഥാന ബാലാവകാശ കമ്മിഷന്‍, മനുഷ്യാവകാശ കമ്മിഷന്‍, പട്ടികജാതി, വര്‍ഗ്ഗ, ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ പീഡനവിരുദ്ധ കമ്മിഷന്‍, പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റി തുടങ്ങിയ വാതിലുകളിലെല്ലാം ജയചന്ദ്രന്‍ മുട്ടി നോക്കി. ചിലതു തുറന്നു, ചിലതു തുറന്നില്ല; ബാലാവകാശ കമ്മിഷന്റേയും എസ്.സി, എസ്.ടി, ഗോത്രവര്‍ഗ്ഗ കമ്മിഷന്റേയും വാക്കുകള്‍ക്ക് പൊലീസ് കാര്യമായ പരിഗണനയും കൊടുത്തില്ല. അങ്ങനെയാണ് എട്ടുവയസ്സുകാരി ദേവിപ്രിയ ഹൈക്കോടതിയെ സമീപിച്ചത്. പൊലീസുകാരിയുടെ വഴിവിട്ട നടപടിയെ ന്യായീകരിച്ച് സര്‍ക്കാര്‍ വക്കീല്‍ കോടതിയില്‍ നാണംകെട്ടു. വ്യക്തവും സംശയരഹിതവുമാണ് വിധി. ഇനി സര്‍ക്കാരിന്റെ ഊഴമാണ്. ഇക്കാര്യത്തില്‍ ഇതുവരെ ചെയ്ത അബദ്ധം ആവര്‍ത്തിക്കാതിരിക്കുകയാണ് പ്രധാനം. കോടതി വിധിച്ച നഷ്ടപരിഹാരവും കോടതിച്ചെലവും കൊടുക്കണം. പൊലീസുകാരിയെ മനുഷ്യത്വം പഠിപ്പിക്കാന്‍ വിധിയില്‍ പറഞ്ഞ കാര്യങ്ങളും ചെയ്യണം. 

ജയചന്ദ്രൻ, ഭാര്യ രേഖ, മകൾ ദേവപ്രിയ/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

മറക്കാനാകാത്ത പകല്‍

മന്ത്രി ജി.ആര്‍. അനില്‍ പ്രതിനിധീകരിക്കുന്ന നെടുമങ്ങാട് നിയമസഭാ നിയോജക മണ്ഡലത്തിലാണ് ജയചന്ദ്രന്റെ കുടുംബവീട്. പക്ഷേ, അദ്ദേഹം ഒരിക്കലും ഫോണില്‍ വിളിച്ചുപോലും വിവരങ്ങള്‍ തിരക്കിയില്ല. ഇത്ര വലിയ വാര്‍ത്തയും ചര്‍ച്ചയുമായ വിഷയം അറിയാത്തതല്ല. മനപ്പൂര്‍വം മുഖം തിരിച്ചു നിന്നതാണെങ്കില്‍ അതിന്റെ കാരണം ജയചന്ദ്രനോ കുടുംബത്തിനോ അറിയുകയുമില്ല. അതേ മന്ത്രിയാണ് ഗുണ്ടാസംഘങ്ങളുടെ പോരില്‍ പോത്തന്‍കോട് ഒരാള്‍ കൊല്ലപ്പെട്ട പിന്നാലെ പൊലീസിനെതിരെ പരസ്യവിമര്‍ശനം ഉയര്‍ത്തിയത്. ''പൊലീസിനെതിരെ മന്ത്രി അനില്‍'' എന്ന വാര്‍ത്താ തലക്കെട്ട് കിട്ടിയതോടെ പോത്തന്‍കോട് തന്നെ മറ്റൊരു സംഭവത്തിലും പൊലീസിനെതിരെ പരസ്യവിമര്‍ശനം ആവര്‍ത്തിച്ചു. പക്ഷേ, എട്ടു വയസ്സുള്ള പെണ്‍കുട്ടിയും അച്ഛനും നടുറോഡില്‍ അപമാനിതരായത് അറിഞ്ഞഭാവം നടിച്ചില്ല. മൂന്നു വട്ടം ഫോണില്‍ വിളിച്ചെങ്കിലും പരിചയമില്ലാത്ത നമ്പറായതുകൊണ്ടാകാം അദ്ദേഹമോ കൂടെയുള്ളവരോ എടുത്തില്ല എന്നാണ് ജയചന്ദ്രന്‍ പറയുന്നത്. മന്ത്രിയുടെ ഓഫീസില്‍ വിളിച്ച് പറഞ്ഞപ്പോള്‍ ഫോണ്‍ നമ്പര്‍ വാങ്ങി. പക്ഷേ, തിരിച്ചു വിളിച്ചില്ല. തോന്നക്കല്‍ ഉള്‍പ്പെടുന്ന ചിറയിന്‍കീഴിലെ എം.എല്‍.എ വി. ശശി, ആറ്റിങ്ങല്‍ എം.എല്‍.എ ഒ.എസ്. അംബിക, അടൂര്‍ പ്രകാശ് എം.പി എന്നിവരൊക്കെ വന്ന് വിവരം തിരക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു. മുഴുവന്‍ സമയവും കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രതിബദ്ധതയോടെ  കൂടെ നിന്നത് വിവിധ സാമൂഹിക പ്രവര്‍ത്തകരാണ്. സെക്രട്ടേറിയറ്റിനു മുന്നില്‍ ജയചന്ദ്രന്‍ നിരാഹാര സമരം നടത്തിയപ്പോള്‍ അവര്‍ ഒപ്പമുണ്ടായിരുന്നു. സൗജന്യമായി നിയമസഹായം നല്‍കി, ഹൈക്കോടതിയില്‍ ഒന്നിലധികം തവണ പോകേണ്ടിവന്നപ്പോഴും യാത്രാച്ചെലവു കൊടുത്തു. അതിലൊക്കെ അപ്പുറം, വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ധൈര്യം നല്‍കി. കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു, തുടക്കത്തില്‍. പക്ഷേ, അമ്മയുടെ സഹോദരിയുടെ മകന്‍ തോന്നക്കല്‍ മുരളിയും സാമൂഹിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കരയും ദിശ എന്ന സന്നദ്ധസംഘടനയും ധൈര്യം നല്‍കി. അങ്ങനെ നിരവധിപ്പേരുടെ പിന്തുണയാണ് കരുത്തായതും മോളെ സാധാരണ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നതും. ആവശ്യമെങ്കില്‍ നിയമപരമായ സഹായം റിട്ടയേഡ് ജസ്റ്റിസ് കെമാല്‍ പാഷയും അഡ്വക്കേറ്റ് ആശയും വാഗ്ദാനം ചെയ്തിരുന്നു. അഡ്വക്കേറ്റ് കെ. പ്രീതയാണ് കേസ് വാദിച്ചത്. 

സ്‌കൂളില്‍ പഠിക്കുമ്പോള്‍ കെ.എസ്.യു പ്രവര്‍ത്തകന്‍ ആയിരുന്നെങ്കിലും പിന്നീട് തെരഞ്ഞെടുപ്പ് കാലത്തെ കോണ്‍ഗ്രസ്സിന് അനുകൂല രാഷ്ട്രീയപ്രവര്‍ത്തനത്തിനപ്പുറം സജീവ പ്രവര്‍ത്തകനായിരുന്നില്ല. എന്നാലിപ്പോള്‍ നീതിക്കുവേണ്ടി നടക്കുന്ന ചില സമരങ്ങളിലെങ്കിലും പങ്കാളിയാകാന്‍ തുടങ്ങി. എം.ജി സര്‍വ്വകലാശാലയ്ക്കു മുന്നില്‍ ഗവേഷക ദീപ മോഹന്‍ നടത്തിയ സമരത്തിന് അവിടെപ്പോയി പിന്തുണ അറിയിച്ചു. ''ഞങ്ങള്‍ക്കു നീതി കിട്ടാന്‍ ഒരുപാടുപേര്‍ ഇടപെട്ടു; മറ്റുള്ളവരുടെ നീതിക്കുവേണ്ടി ഞങ്ങളും കൂടെ നില്‍ക്കണം, അത്രതന്നെ'' ലളിതവും ശക്തവുമാണ് അനുഭവക്കരുത്തു മാറ്റിയെടുത്ത ജീവിതവീക്ഷണം. ഗോപി-തുളസി ദമ്പതികളുടെ നാല് ആണ്‍മക്കളില്‍ മൂന്നാമനാണ് ജയചന്ദ്രന്‍. അച്ഛന്‍ ജീവിച്ചിരിപ്പില്ല. രേഖയുടെ കുടുംബത്തില്‍ മൂന്നു പെണ്‍കുട്ടികളാണ്. 

''എല്ലാം ദൈവം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് നീതി കിട്ടിയത്'' - ജയചന്ദ്രന്‍ പറയുന്നു. അന്ന് പൊലീസ് ഉദ്യോഗസ്ഥയുടെ മോശം പെരുമാറ്റത്തിന്റെ ദൃശ്യങ്ങള്‍ മറ്റൊരാള്‍ വീഡിയോയില്‍ എടുത്തതുപോലും അറിഞ്ഞില്ല. ചോദ്യം ചെയ്യലും മോളുടെ കരച്ചിലും ആള്‍ക്കൂട്ടവുമെല്ലാം കൂടിച്ചേര്‍ന്നു മനസ്സു തകര്‍ന്നുനില്‍ക്കുമ്പോഴാണ് കുറച്ചപ്പുറത്തു കിടന്ന കാറില്‍ നിന്ന് സിയാദ് എന്ന ആള്‍ ഇറങ്ങിവന്നതും സംസാരിച്ചതും. പൊലീസുകാരിയുടെ പെരുമാറ്റം വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ടെന്ന് പറഞ്ഞു, ഫോണ്‍ നമ്പറും വാങ്ങി. പൊലീസുകാരി അടുത്തേക്കു വിളിക്കുമ്പോള്‍ത്തന്നെ മോള്‍ കരയാന്‍ തുടങ്ങിയിരുന്നു. അതൊക്കെ വീഡിയോയിലുണ്ട്. കാറില്‍ എ.സി ഇട്ട് ഗ്ലാസ്സ് ഉയര്‍ത്തിവച്ചിരുന്നു. അതുകൊണ്ട് ആദ്യത്തെ വര്‍ത്തമാനങ്ങള്‍ കേള്‍ക്കുന്നില്ല. പൊലീസ് വണ്ടി കിടക്കുന്നിടവും തങ്ങള്‍ നിന്ന സ്ഥലവും തമ്മില്‍ അകലമുണ്ട്. പക്ഷേ, പൊലീസുകാരി തന്നെ അടുത്തേക്കു വിളിച്ചു. ചെന്നപ്പോള്‍ ഫോണ്‍ ചോദിച്ചു. കയ്യിലിരുന്ന സ്വന്തം ഫോണ്‍ കൊടുത്തപ്പോഴാണ് പറയുന്നത്, ഇതല്ല നീയെടുത്ത എന്റെ ഫോണാണ് ചോദിച്ചതെന്ന്. നീയെടുത്ത് കുഞ്ഞിന്റെ കയ്യില്‍ കൊടുക്കുന്നതു ഞാന്‍ കണ്ടല്ലോ എന്നായിരുന്നു എടുത്തിട്ടില്ലെന്ന് പറഞ്ഞപ്പോഴത്തെ മറുപടി. അപ്പോഴാണ് മോളെ വിളിച്ചത്. എന്റെ കയ്യില്‍ ഫോണില്ല എന്ന് മോള്‍ പറഞ്ഞപ്പോഴാണ് എടുക്കെടി കള്ളീ എന്നു സ്വരം മാറ്റിയത്. നിന്റച്ഛന്‍ നിന്റെ കയ്യില്‍ എടുത്തു തരുന്നത് ഞാന്‍ കണ്ടല്ലോ എന്നും പറഞ്ഞു. അതോടെ മോള്‍ ഉറക്കെ കരഞ്ഞു. ഇതെല്ലാം ശ്രദ്ധിച്ച് മൂന്നുനാലു പേര്‍ കുറച്ചപ്പുറത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഇവന്‍ വണ്ടിയില്‍നിന്ന് ഫോണെടുത്ത് ഈ കൊച്ചിന്റെ കയ്യില്‍ കൊടുത്തെന്ന് അവരെ അടുത്തേക്കു വിളിച്ച് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥയോട് നമ്പര്‍ ചോദിച്ച് അവര്‍ വിളിച്ചു നോക്കി. ബെല്ലുണ്ട്, പക്ഷേ, പുറത്തേക്കു കേള്‍ക്കുന്നില്ല. കുട്ടി ഫോണ്‍ എറിയുന്നത് കണ്ടെന്നായി പൊലീസുകാരി. എന്നിട്ട്, ഇങ്ങോട്ടെടുക്കെടീ, എവിടെ എറിഞ്ഞുകളഞ്ഞെടീ എന്നൊക്കെ ചോദിക്കാനും തുടങ്ങി. മോളുടെ കരച്ചിലും കൂടി. പക്ഷേ, അവര്‍ പിന്നെയും ആളുകളെ വിളിച്ചുകൂട്ടുകയാണ് ചെയ്തുകൊണ്ടിരുന്നത്. ഒരു കൊച്ചുപെണ്‍കുട്ടി കരഞ്ഞുകൊണ്ട് നില്‍ക്കുന്നു, ഫോണെടുത്തെന്ന് പൊലീസുകാരി പറയുകയും ചെയ്യുന്നു. കൂടിയ ആളുകള്‍ എന്തു പറയണം, എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയില്‍ നില്‍ക്കുകയായിരുന്നു. വണ്ടിക്കടുത്ത് ഇത്ര ആള്‍ക്കൂട്ടം എന്താണെന്നു നോക്കിയാണ് അപ്പുറത്തേയ്ക്കു പോയിരുന്ന സഹപ്രവര്‍ത്തക വന്നത്. ഇവന്‍ ഫോണെടുത്ത് ഈ കൊച്ചിന്റെ കയ്യില്‍ കൊടുക്കുന്നതു കണ്ടെന്ന് അവരോടും പറഞ്ഞു. ബാഗിലോ വണ്ടിയിലോ അല്ലെങ്കില്‍ ഓഫീസിലോ വച്ചു മറന്നതാണോ എന്ന് കൂടിയവരില്‍ ആരോ പറഞ്ഞു. അപ്പോള്‍ത്തന്നെ സഹപ്രവര്‍ത്തക ഇവരുടെ ബാഗില്‍ നോക്കിയപ്പോള്‍ ഫോണ്‍ അതിലുണ്ട്. സൈലന്റാക്കി വച്ചിരിക്കുകയായിരുന്നു. അതോടെ, ഇല്ലാത്ത മോഷണത്തിന്റെ പേരില്‍ ഇത്രനേരവും കുട്ടിയെ തടഞ്ഞുവച്ചത് ചോദ്യം ചെയ്ത് ആളുകള്‍ പ്രതിഷേധിക്കാന്‍ തുടങ്ങി. ആ സമയത്താണ് കാറിലിരുന്ന ആള്‍ ഇറങ്ങിവന്നത്. 

കരഞ്ഞുകൊണ്ടിരുന്ന മോളുടെ കൈ പിടിച്ച് സ്‌കൂട്ടറില്‍ കയറ്റി ഉടനെ തന്നെ ജയചന്ദ്രന്‍ വീട്ടിലേക്കു മടങ്ങുകയും ചെയ്തു. അപ്പോഴൊക്കെ ഐ.എസ്.ആര്‍.ഒയിലേക്കു യന്ത്രങ്ങളുമായി വന്ന കൂറ്റന്‍ ടോറസ് റോഡിലുണ്ട്. മകളെ അത് കാണിക്കാനാണ് അച്ഛന്‍ തോന്നക്കല്‍നിന്ന് ആറ്റിങ്ങല്‍ ടൗണിലേക്കു വന്നത്. ''അന്ന് ടോറസ് ആറ്റിങ്ങലെത്തുമെന്ന് മനസ്സിലാക്കി അച്ഛനോട് പറഞ്ഞത് മോളാണ്. അങ്ങനെയാണ് രണ്ടുപേരുംകൂടി കാണാന്‍ പോയത്. പറയുന്നതൊക്കെ ചെയ്തുകൊടുക്കുന്ന അച്ഛന്റെ കയ്യില്‍ തൂങ്ങിത്തന്നെയാണ് എപ്പോഴും നടപ്പ്'' - രേഖ പറയുന്നു. ഉച്ചയ്ക്ക് ഒരു മണിക്കാണു പോയത്. ടോറസ് കണ്ട്, അച്ഛനും മകളും വെള്ളവും കുടിച്ച് സ്‌കൂട്ടറിനടുത്തു വളരെ സന്തോഷത്തോടെ നില്‍ക്കുമ്പോഴാണ് പെട്ടെന്ന് പൊലീസുകാരിയുടെ വിളിയും ബഹളവും. 

പോത്തന്‍കോടിനടുത്ത് വേളാവൂരുകാരനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയ സിയാദ്. അയാള്‍ രാത്രിതന്നെ ദൃശ്യങ്ങള്‍ വാട്സാപ്പ് ചെയ്തു കൊടുത്തു. അടുത്ത സുഹൃത്ത് എം.എസ്. ബിനുവിനെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. രാത്രിതന്നെ ബിനു വീട്ടിലെത്തിയപ്പോള്‍ ദൃശ്യങ്ങളും കാണിച്ചു. അപ്പോഴും നടുറോഡില്‍ ആളുകളുടെ മുന്നില്‍ വച്ച് പൊലീസുകാരി അച്ഛനേയും തന്നെയും അവഹേളിച്ചതിന്റെ ആഘാതത്തില്‍ത്തന്നെ ആയിരുന്ന മോള്‍ ഉറങ്ങുന്നില്ല. അപ്പോള്‍ മാത്രമല്ല, ദിവസങ്ങളോളം അവള്‍ സ്വസ്ഥമായി ഉറങ്ങിയില്ല. ടിവി ചാനലുകള്‍ക്ക് രാത്രിതന്നെ വീഡിയോ അയച്ചുകൊടുത്തു. ഏഷ്യാനെറ്റ് ന്യൂസില്‍ ജോലി ചെയ്യുന്ന തോന്നക്കല്‍ മനോജ് വഴിയാണ് അവിടെ കൊടുത്തത്. രാവിലെ പരാതി കൊടുക്കാന്‍ ഇറങ്ങുമ്പോഴാണ് അവര്‍ വന്നത്. വേറെ ചാനലുകളൊന്നും എടുത്തില്ല. മാധ്യമങ്ങളില്‍ വന്നാലും ഇല്ലെങ്കിലും പിറ്റേന്നു രാവിലെ ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനില്‍ പോയി പരാതി കൊടുക്കാന്‍ തീരുമാനിച്ചിരുന്നു, വാര്‍ത്ത വന്നതോടെ നാട് ഇളകി. പിന്തുണയുമായി നിരവധി ആളുകള്‍ വിളിച്ചു. ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍തന്നെ എത്തി മോളുടെ മൊഴിയെടുത്തു. ശിശുക്ഷേമ സമിതിയുടെ പൂജപ്പുര സെന്ററില്‍ കൗണ്‍സലിങ്ങിനും വേണ്ടത് അദ്ദേഹം ചെയ്തു. ഇനി ഇക്കാര്യം സംസാരിക്കുമ്പോള്‍ മോളുടെ സാന്നിധ്യത്തിലാകരുതെന്ന് കൗണ്‍സലര്‍ പ്രത്യേകം പറഞ്ഞു. അത് പിന്നീട് ശ്രദ്ധിച്ചിരുന്നു. പിന്നീടും മോളുടെ പേടി മാറാതിരുന്നതോടെ പൂജപ്പുര മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ കൗണ്‍സലിങ്ങിനും പോയി. ഇപ്പോള്‍ പേടിയൊക്കെ മാറി പഴയ ഉത്സാഹം വീണ്ടെടുത്തിരിക്കുന്നു ദേവിപ്രിയ. ജയചന്ദ്രനുമായി സംസാരിക്കുമ്പോള്‍ ചിരിയോടെ കൂടെത്തന്നെ ഇരുന്നു. ആകാംക്ഷയോടെ ശ്രദ്ധിച്ചും കൗതുകത്തോടെ ചിരിച്ചും. 

ജയചന്ദ്രൻ, ഭാര്യ രേഖ, മകൾ ദേവപ്രിയ/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

ഇനിയെന്ത്

രജിത വിളിക്കുകയോ വരികയോ ചെയ്യാത്തതിലെ അത്ഭുതം ഇപ്പോഴുമുണ്ടെന്ന് ജയചന്ദ്രന്‍ പറയുന്നു. ഇങ്ങനെയും മനുഷ്യരുണ്ടല്ലോ. മിക്കവരും പറഞ്ഞതും ഈ കുടുംബം പ്രതീക്ഷിച്ചതും വരും എന്നാണ്. അങ്ങനെ വന്ന് ഖേദം പ്രകടിപ്പിച്ചാല്‍ അത് ഉള്‍ക്കൊള്ളണമെന്നും ആലോചിച്ചിരുന്നു. ചിലപ്പോള്‍ പറ്റിപ്പോയതായിരിക്കും, അല്ലെങ്കില്‍ കാക്കിയുടെ പവര്‍ കാണിച്ചതാകാം, എത്ര പ്രയാസപ്പെട്ടായിരിക്കും ഒരു ജോലിയൊക്കെ കിട്ടുന്നത്, തങ്ങളായിട്ട് അതിനു കുഴപ്പമൊന്നും വരുത്തേണ്ട എന്നൊക്കെയാണ് ചിന്തിച്ചത്. ''അബദ്ധം പറ്റിപ്പോയി മോളേ എന്ന് എന്റെ കുഞ്ഞിനോടൊന്ന് പറഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ ക്ഷമിക്കുമായിരുന്നു.'' പക്ഷേ, ഇന്നേവരെ അവര്‍ ഒന്നു വിളിച്ചിട്ടു പോലുമില്ല. അവര്‍ മാത്രമല്ല, അവര്‍ക്കുവേണ്ടി സഹപ്രവര്‍ത്തകരോ വേണ്ടപ്പെട്ടവരോ പോലും വിളിച്ചില്ല. എന്തിനേറെ, ഇത്രയുമൊക്കെ ആയിട്ടും ജില്ലാ പൊലീസ് മേധാവിക്കും സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി കൊടുത്തിട്ടും ഒരൊറ്റ പൊലീസുകാര്‍ വിളിക്കുകയോ തിരിഞ്ഞുനോക്കുകയോ ചെയ്തിട്ടില്ല. യാതൊരു പരിചയവുമില്ലാത്ത എത്രയോ ആളുകള്‍ വിളിക്കുകയും പണവും മോള്‍ക്കു മിഠായിയും പുസ്തകങ്ങളുമൊക്കെയായി ഈ വീട്ടിലെത്തുകയും ചെയ്തു. 

ഒരാളോടും പണം വാങ്ങിയിട്ടില്ല. അതു വേണ്ട, അധ്വാനിച്ചാണു ജീവിക്കുന്നത്, പുലര്‍ച്ചെ മൂന്നരയ്ക്കും നാലിനും ടാപ്പിംഗിനു പോയാണ് കുടുംബം പോറ്റുന്നത്. അതില്‍നിന്നുള്ള വരുമാനം മതി. പക്ഷേ, പൊലീസിന്റേയും പിന്നീട് കോടതിയില്‍ സര്‍ക്കാരിന്റേയും നിലപാട് വേദനിപ്പിച്ചെന്ന് ജയചന്ദ്രന്‍ പറയുന്നു. നഷ്ടപരിഹാരം പോലും കൊടുക്കരുത് എന്ന നിലയിലായിരുന്നു സര്‍ക്കാര്‍ വാദം. എന്താണ് ആറ്റിങ്ങല്‍ ടൗണില്‍ നടന്നതെന്നു കുറച്ച് ആഴ്ചകളായി കേരളത്തിന് മനസ്സിലായിട്ടുണ്ട്.  

പൊലീസിനെതിരെ നീതി തേടി ഉറച്ചുനിന്നത് മറ്റു പലര്‍ക്കും ധൈര്യം നല്‍കി എന്നാണ് ജയചന്ദ്രന്റെ നാലു മാസത്തെ അനുഭവം. പല മോശം അനുഭവങ്ങളും ഉണ്ടായിട്ടും അതിനെതിരെ പരാതി കൊടുക്കാന്‍ മടിച്ച പലരും ജയചന്ദ്രനും മകളും ഉറച്ചുനിന്നതില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ട് പരാതി കൊടുക്കാന്‍ തയ്യാറായി. എട്ടു വയസ്സുള്ള കുട്ടി ഇത്രയ്ക്കു ധൈര്യം കാണിക്കുന്നെങ്കില്‍പ്പിന്നെ മുതിര്‍ന്നവരായ തങ്ങളൊക്കെ മടിച്ചുനില്‍ക്കുന്നത് നാണക്കേടല്ലേ എന്ന് ചിന്തിക്കുകയും അത് ജയചന്ദ്രനെ വിളിച്ചു പറയുകയും ചെയ്തവരുണ്ട്. അതേസമയം, പൊലീസിനെതിരെയാണ് പോകുന്നത് എന്ന് ഓര്‍മ്മിപ്പിച്ച് നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചവരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചവരുമുണ്ടായിരുന്നു. പക്ഷേ, കുറ്റമൊന്നും ചെയ്യാത്തതുകൊണ്ട് പേടിയില്ല എന്ന നിലപാടാണ് അപ്പോള്‍ എടുത്തത്. പത്തുമുപ്പത്തിയഞ്ച് വയസ്സിനിടെ വാദിയായും പ്രതിയായും പൊലീസ് സ്റ്റേഷന്‍ കയറേണ്ട സാഹചര്യം വന്നിട്ടില്ല. പക്ഷേ, ഒരു വര്‍ഷം മുന്‍പ് ഒരു അടിപിടിക്കേസില്‍ സാക്ഷിയായിരുന്നു. അന്ന് യഥാര്‍ത്ഥ പ്രതികളെക്കുറിച്ച് പൊലീസിനു സാക്ഷിമൊഴി കൊടുത്തപ്പോള്‍ ''നിനക്കെന്താടേ അവരെത്തന്നെ പ്രതികളാക്കണമെന്ന് നിര്‍ബ്ബന്ധം'' എന്ന് ചോദിച്ച പൊലീസുകാരുണ്ട്. അന്ന് പൊലീസ് രക്ഷിക്കുകയോ രക്ഷിക്കാന്‍ ശ്രമിക്കുകയോ ചെയ്തവരാണ് അടുത്തയിടെ പോത്തന്‍കോട് യുവാവിനെ വെട്ടിക്കൊന്ന് കാല്‍പ്പാദം റോഡിലെറിഞ്ഞ ഗുണ്ടാസംഘത്തില്‍ ഉണ്ടായിരുന്നത്.

പൊലീസിന്റെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള ഇടപെടലും ഉണ്ടായില്ല; ഇത്രയും മോശം അനുഭവം അവരിലൊരാളില്‍നിന്ന് ഒരു യുവാവിനും എട്ടുവയസ്സുള്ള മകള്‍ക്കും ഉണ്ടായതായിപ്പോലും ഭാവിച്ചില്ല. സായിഗ്രാമത്തിലേക്കു റോഡ് തിരിയുന്നിടത്തു കടകളുണ്ട്. പകലൊക്കെ മിക്കപ്പോഴും ആ ഭാഗത്തുണ്ടാകും ജയചന്ദ്രന്‍. പൊലീസുകാര്‍ അതിലേ വന്നാല്‍ കുശലം ചോദിക്കും, പണിയൊക്കെ ഉണ്ടോ, മോള്‍ എന്തെടുക്കുന്നു എന്നൊക്കെ. പക്ഷേ, കേസിന്റെ കാര്യമോ വിവരങ്ങളോ അന്വേഷിച്ചിട്ടില്ല. അതിലൊന്നും വിഷമം തോന്നാറില്ല.

ബഹുഭൂരിപക്ഷം പൊലീസുകാരും നല്ലവരും ആളുകളോട് മാന്യമായി പെരുമാറുന്നവരുമാണ് എന്നാണ് ഇതുവരെയുള്ള അനുഭവമെന്ന് ജയചന്ദ്രന്‍ പറയുന്നു. അത് എവിടെയും പറയാറുണ്ട്, ആ അഭിപ്രായത്തില്‍ മാറ്റമില്ല. രജിത എന്ന പൊലീസ് ഉദ്യോഗസ്ഥ തന്നോടും മകളോടും അത്രയ്ക്കും മോശമായി പെരുമാറിയതിന് വീഡിയോ പോലെ ശക്തമായ തെളിവുണ്ടായിട്ടും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പൊലീസുകാരിക്കുവേണ്ടി ശക്തമായി വാദിച്ചതാണ് വിഷമിപ്പിച്ചത്. സര്‍ക്കാര്‍ ഇനി അപ്പീല്‍ പോകാന്‍ തീരുമാനിച്ചാലോ എന്ന ചോദ്യത്തിന്, ''എട്ടു വയസ്സു മാത്രമുള്ള ഒരു പെണ്‍കുട്ടിയുടെ അഭിമാനത്തിനു നേര്‍ക്ക് ഇത്രയും കടുംപിടുത്തം ഇനിയും പാടില്ല എന്നാണ് മറുപടി.'' ''അനീതി ചെയ്ത ഒരു പൊലീസ് ഉദ്യോഗസ്ഥയെ 'ജയിപ്പിക്കാന്‍' ഒരു കൊച്ചു പെണ്‍കുട്ടിയെ തോല്‍പ്പിക്കാന്‍ ശ്രമിക്കരുത്'' എന്നുകൂടി പറയാനുണ്ട്.  

ജീവിതത്തില്‍ വന്നത് അപ്രതീക്ഷിത മാറ്റം തന്നെയാണെന്ന് ആവര്‍ത്തിക്കുന്നു ജയചന്ദ്രന്‍. ആദ്യ ദിവസങ്ങളില്‍ ഒരുപാടു വിഷമിച്ചു, സങ്കടപ്പെട്ടു, പിന്നെ പിന്തുണയ്ക്കുന്നവരുടെ പ്രവാഹം കണ്ട് സന്തോഷത്തിനത് വഴിമാറി. ഇപ്പോള്‍ കാര്യകാരണസഹിതം സാഹചര്യങ്ങളെ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ആരൊക്കെ എവിടെയൊക്കെ എപ്പോഴൊക്കെ നില്‍ക്കുമെന്നും കുറേയൊക്കെ തിരിച്ചറിയാനായി. പക്ഷേ, കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രജിതയ്‌ക്കെതിരെ പൊലീസ് നേതൃത്വം എന്തു നടപടിയെടുക്കും എന്നറിയാന്‍ ആകാംക്ഷയുണ്ട്. ഇപ്പോഴും പശ്ചാത്താപവും ഒരിറ്റു വിഷമവുമില്ലാത്ത ആ പൊലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്നത് തന്റെ മകളോടെന്നല്ല, കേരളത്തോടുതന്നെ ചെയ്യുന്ന അനീതിയായിരിക്കും എന്നാണ് ദേവിപ്രിയയുടെ നിലവിളിക്കുന്ന മുഖം മനസ്സില്‍നിന്ന് ഇനിയും മായാത്ത ജയചന്ദ്രന്റെ മനസ്സു പറയുന്നത്.