സംഘ്പരിവാറിന്റെ അതിദേശീയതാ അജന്‍ഡയ്ക്കനുസരിച്ചുള്ള പൊളിച്ചുപണിയല്‍

സിലബസ് യുക്തിസഹമാക്കുന്നതിന്റെ പേരില്‍ 2022-ല്‍ എന്‍സിഇആര്‍ടി പാഠ്യപദ്ധതിയുടെ 30 ശതമാനം നീക്കം ചെയ്തിരുന്നു. 2021 ഡിസംബറിലാണ് സിലബസ് യുക്തിസഹമാക്കല്‍ പ്രക്രിയ ആരംഭിച്ചത്
സംഘ്പരിവാറിന്റെ അതിദേശീയതാ അജന്‍ഡയ്ക്കനുസരിച്ചുള്ള പൊളിച്ചുപണിയല്‍

നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എന്‍സിഇആര്‍ടി) മുഗള്‍ സാമ്രാജ്യ ചരിത്രം പ്രതിപാദിക്കുന്നവ ഉള്‍പ്പെടെ ചില അധ്യായങ്ങള്‍ തിരഞ്ഞുപിടിച്ച് ഒഴിവാക്കി 11, 12 ക്ലാസ്സുകളിലെ ചരിത്ര പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചത് വലിയ വിവാദമാണ് ഉയര്‍ത്തിയിട്ടുള്ളത്. കൊവിഡ് 19-നെ തുടര്‍ന്ന് നഷ്ടപ്പെട്ട അദ്ധ്യയന സമയം നികത്തുന്നതിനു പാഠപുസ്തകങ്ങളിലെ ഉള്ളടക്കത്തെ യുക്തിസഹമാക്കേണ്ടതുണ്ട് എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഈ പരിഷ്‌കരണം എന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി അന്നപൂര്‍ണാ ദേവി ഈ പ്രക്രിയ തുടങ്ങിയവെച്ച ഘട്ടത്തില്‍ത്തന്നെ അവകാശപ്പെട്ടിരുന്നു. ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) 2020 പ്രകാരം ഉള്ളടക്കം ലഘൂകരിക്കേണ്ടതും സ്‌കൂള്‍ പാഠ്യപദ്ധതി കൂടുതല്‍ വഴക്കമുള്ളതാക്കേണ്ടതും അനിവാര്യമാണെന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ പരിഷ്‌കാരങ്ങളെന്ന് അന്നു മന്ത്രി വ്യക്തമാക്കിയിരുന്നു. ഇവയോടൊപ്പം ഹൃദിസ്ഥമാക്കി പഠിക്കുന്നതിനു പകരം സൃഷ്ട്യുന്മുഖതയ്ക്ക് ഊന്നല്‍ നല്‍കണമെന്നത് നയത്തിന്റെ ഭാഗമാണെന്നും അവര്‍ അന്നു ചൂണ്ടിക്കാട്ടിയിരുന്നു. 

സിലബസ് യുക്തിസഹമാക്കുന്നതിന്റെ പേരില്‍ 2022-ല്‍ എന്‍സിഇആര്‍ടി പാഠ്യപദ്ധതിയുടെ 30 ശതമാനം നീക്കം ചെയ്തിരുന്നു. 2021 ഡിസംബറിലാണ് സിലബസ് യുക്തിസഹമാക്കല്‍ പ്രക്രിയ ആരംഭിച്ചത്. വിഷയവിദഗ്ദ്ധരുടെ ഒരു ടീമിനൊപ്പം 2022 ജൂണില്‍ ഈ പ്രക്രിയ പൂര്‍ത്തിയായതായും എന്‍സിഇആര്‍ടി ഡയറക്ടര്‍ ദിനേഷ് സക്ലാനി അറിയിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയിലുടനീളമുള്ള എന്‍സിഇആര്‍ടി സിലബസ് പിന്തുടരുന്ന എല്ലാ സ്‌കൂളുകള്‍ക്കും എന്‍സിഇആര്‍ടി സിലബസ്സിനെ പിന്‍പറ്റുന്ന എസ്.സി.ഇ.ആര്‍.ടികള്‍ക്കും ഈ മാറ്റം ബാധകമാകും.

'ഇന്ത്യന്‍ ഹിസ്റ്ററി തീംസ്-പാര്‍ട്ട് 2' എന്ന ചരിത്രപുസ്തകത്തില്‍നിന്ന് 'കിങ്‌സ് ആന്റ് ക്രോണിക്ക്ള്‍സ്: ദ മുഗള്‍ കോര്‍ട്ട്‌സ് (സിര്‍ക്ക. 16, 17 സെന്‍ച്വറീസ്)' എന്നതുമായി ബന്ധപ്പെട്ട അധ്യായങ്ങള്‍ എന്‍സിഇആര്‍ടി നീക്കം ചെയ്തവയില്‍ ഉള്‍പ്പെടുന്നു. അതുപോലെതന്നെ, ഹിന്ദി പാഠപുസ്തകങ്ങളില്‍നിന്ന് മുഗള്‍ സാമ്രാജ്യത്തെ പരാമര്‍ശിക്കുന്ന കവിതകളും ഖണ്ഡികകളും നീക്കം ചെയ്യുന്നുണ്ട്. 

ഈ അക്കാദമിക് വര്‍ഷം തന്നെ (2023-2024) മാറ്റങ്ങള്‍ നടപ്പാക്കും. പന്ത്രണ്ടാം ക്ലാസ്സിലെ സിവിക്‌സ് പാഠപുസ്തകത്തില്‍നിന്നും 'അമേരിക്കന്‍ ആധിപത്യം ലോക രാഷ്ട്രീയത്തില്‍', 'ശീതയുദ്ധ കാലഘട്ടം' എന്നീ രണ്ട് അധ്യായങ്ങളും ഇനി മുതല്‍ ഉണ്ടാകില്ല എന്‍.സി.ഇ.ആര്‍.ടി ഗ്രേഡ് 12-ലെ പാഠപുസ്തകമായ 'സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയം' എന്നതില്‍നിന്ന് 'ജനകീയ പ്രസ്ഥാനങ്ങളുടെ ഉദയം', 'ഏകകക്ഷി ഭരണത്തിന്റെ കാലഘട്ടം' എന്നീ രണ്ട് അധ്യായങ്ങളും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഗ്രേഡ് 11-ലെ പാഠപുസ്തകമായ 'തീംസ് ഇന്‍ വേള്‍ഡ് ഹിസ്റ്ററി'യില്‍നിന്ന് 'സെന്‍ട്രല്‍ ഇസ്ലാമിക് ലാന്‍ഡ്‌സ്', 'ക്ലാഷ് ഓഫ് കള്‍ച്ചേഴ്‌സ്', 'ഇന്‍ഡസ്ട്രിയല്‍ റെവല്യൂഷന്‍' തുടങ്ങിയ അധ്യായങ്ങള്‍ ഒഴിവാക്കി. 2002-ലെ ഗുജറാത്ത് കലാപം, ശീതയുദ്ധം എന്നിവയെക്കുറിച്ചുള്ള പരാമര്‍ശങ്ങളും 12-ാം ക്ലാസ് പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പതിനൊന്നാം ക്ലാസ് പാഠപുസ്തകത്തില്‍നിന്ന് വ്യാവസായിക വിപ്ലവം ഒഴിവാക്കുകയും ഏഴാം ക്ലാസ് പാഠപുസ്തകത്തില്‍നിന്ന് ചില പ്രമുഖ ദളിത് എഴുത്തുകാരേയും ഒഴിവാക്കിയിട്ടുണ്ട്.

10, 11 ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളും എന്‍.സി.ഇ.ആര്‍.ടി പരിഷ്‌കരിച്ചിട്ടുണ്ട്. പത്താം ക്ലാസ്സിലെ 'ഡെമോക്രാറ്റിക് പൊളിറ്റിക്‌സ്-2' എന്ന പുസ്തകത്തില്‍നിന്ന് 'ജനാധിപത്യവും വൈവിധ്യവും', 'ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും', 'ജനാധിപത്യത്തിന്റെ വെല്ലുവിളികള്‍' എന്നീ അധ്യായങ്ങളും നീക്കം ചെയ്യപ്പെട്ടു. പുതിയ സിലബസ്സും പരിഷ്‌കരിച്ച പാഠപുസ്തകങ്ങളും ഈ വര്‍ഷം മുതല്‍ നടപ്പാക്കിവരുന്നതായി മന്ത്രാലയ ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നു. 

''ഗാന്ധിജിയുടെ വധം രാജ്യത്തെ സാമുദായിക സാഹചര്യത്തെ സ്വാധീനിച്ചു'', ''ഗാന്ധിയുടെ ഹിന്ദു-മുസ്ലിം ഐക്യം എന്ന മുദ്രാവാക്യം ഹിന്ദു തീവ്രവാദികളെ പ്രകോപിപ്പിച്ചു'' തുടങ്ങിയ ചില പരാമര്‍ശങ്ങളും 12-ാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

മോദി അധികാരമേറ്റതിനു ശേഷം ഇതു മൂന്നാംവട്ടം 

കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ എന്‍സിഇആര്‍ടി പുസ്തകങ്ങളുടെ പരിഷ്‌കരണം ഇതു മൂന്നാംവട്ടമാണ്. ആദ്യവട്ട പരിഷ്‌കരണം 2017-ലാണ് നടക്കുന്നത്. അവലോകനം (review) എന്നാണ് അന്നു വിളിച്ചത്. സമീപകാല സംഭവങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പാഠപുസ്തകങ്ങള്‍ കാലികമാക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയായിരുന്നു ഈ നീക്കം. അവലോകനത്തിന്റെ ഭാഗമായി 182 പാഠപുസ്തകങ്ങളില്‍ 1,334 മാറ്റങ്ങള്‍ അന്നു വരുത്തിയെന്നതാണ് കണക്കാക്കപ്പെടുന്നത്. ദേശീയതാവാദ രാഷ്ട്രീയത്തിനു മുന്‍തൂക്കം നല്‍കുന്ന തരത്തിലുള്ള പരിഷ്‌കാരമാണ് നടന്നതെന്ന് അന്നും ആരോപണമുയര്‍ന്നിരുന്നു. ദേശീയതാഭിമാന ചിഹ്നങ്ങളിലും ധീരനായകരിലും ഊന്നല്‍ നല്‍കുന്ന തരത്തിലുള്ളതാണ് പരിഷ്‌കാരങ്ങളെന്ന് അപ്പോള്‍ വിദ്യാഭ്യാസ മന്ത്രാലയം അവകാശപ്പെട്ടിരുന്നു. ഭാരതീയമായ പുരാതന വൈജ്ഞാനീയം, സമ്പ്രദായങ്ങള്‍ എന്നിവ അന്നു കൂടുതല്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. മൊത്തത്തില്‍ പാഠപുസ്തകങ്ങളില്‍ 20 ശതമാനം വെട്ടിക്കുറവു വരുത്തി. 

രണ്ടാമത്തെ പരിഷ്‌കാരം നടക്കുന്നത് 2018-ലാണ്. വിദ്യാഭ്യാസമന്ത്രി പ്രകാശ് ജാവദേക്കറുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു അത്. വിദ്യാര്‍ത്ഥികളുടെ സിലബസ് ഭാരം കുറയ്ക്കലായിരുന്നു ലക്ഷ്യം. ഒട്ടും യുക്തിസഹമല്ലാത്ത ദേശീയതാ അജന്‍ഡയ്ക്കനുസരിച്ച് പാഠപുസ്തകങ്ങളെ പരിഷ്‌കരിക്കുന്നതിനെ ആദ്യമായി യുക്തിസഹമായ പാഠപുസ്തക പരിഷ്‌കരണം എന്നു വിളിക്കുന്നത് ഈ സന്ദര്‍ഭത്തിലാണ്. എല്ലാ വിഷയങ്ങളിലും ഉള്ളടക്കം പകുതിയായി കുറച്ച് ഭാരം കുറയ്ക്കുകയാണ് എന്നതായിരുന്നു ഗവണ്‍മെന്റിന്റെ അന്നത്തെ വ്യാഖ്യാനം. ഭരിക്കുന്നവര്‍ തങ്ങള്‍ പ്രതിനിധീകരിക്കുന്ന വിഭാഗീയ രാഷ്ട്രീയത്തേയും സാമ്രാജ്യത്വ സേവയേയും വെളിവാക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കുന്നതിനെയായിരുന്നു ചുരുക്കത്തില്‍ പാഠപുസ്തകങ്ങളെ യുക്തിസഹമാക്കുക എന്ന വിശേഷണം കൊണ്ടു സൂചിപ്പിച്ചത്. 

ചരിത്ര, സാമൂഹ്യശാസ്ത്ര പുസ്തകങ്ങളിലായിരുന്നു മുഖ്യമായും അധികാരികള്‍ സംഘ്പരിവാറിനുവേണ്ടി അന്നും കൈവെച്ചത്. സാമൂഹിക പ്രസ്ഥാനങ്ങള്‍ നമ്മുടെ ഭാഷയിലും വേഷത്തിലും വരുത്തിയ മാറ്റങ്ങള്‍. അന്നു ഒഴിവാക്കപ്പെട്ടവയില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം കൂടി ഉള്‍പ്പെടുന്നുവെന്നതാണ് കൗതുകകരം. ഭരണതലത്തില്‍ ക്രിക്കറ്റിനെതിരെ ശ്രദ്ധേയമായ ഒരു നീക്കം ഇതു രണ്ടാംതവണയാണ്. ആദ്യം നെഹ്‌റു മന്ത്രിസഭയില്‍ വാര്‍ത്താവിതരണ വകുപ്പ് കയ്യാളിയായിരുന്ന ഹിന്ദുശുദ്ധിവാദിയായ ബി.വി. കേസ്‌കര്‍ ചലച്ചിത്രഗാനത്തോടൊപ്പം ക്രിക്കറ്റ് കമന്ററിയായിരുന്നു ആദ്യത്തേത്. ചലച്ചിത്രഗാനവും ക്രിക്കറ്റ് കളിയും ഭാരതീയ സാംസ്‌കാരിക പൈതൃകത്തെ തകര്‍ക്കുന്നുവെന്നതായിരുന്നു അന്നത്തെ ന്യായം. മയക്കുമരുന്നിന്റെ ഒരടിമയ്ക്ക് ഓപിയം എങ്ങനെയോ അതു കണക്കേയാണ് ദേശീയതാവാദികള്‍ക്ക് ചരിത്രം എന്നു വിഖ്യാത ചരിത്രകാരന്‍ എറിക് ഹോബ്‌സ്ബാം നിരീക്ഷിച്ചിട്ടുണ്ട്. ആ നിരീക്ഷണത്തെ തീര്‍ത്തും ശരിവയ്ക്കുന്ന തരത്തിലാണ് ചരിത്രത്തെ സംബന്ധിച്ച വ്യാഖ്യാനങ്ങളിലും ചരിത്രപാഠപുസ്തകങ്ങളിലുമുള്ള ഹിന്ദുരാഷ്ട്രീയക്കാരുടെ ആര്‍ത്തിയോടെയുള്ള ഇടപെടല്‍. 

2021-ല്‍ എന്‍സിഇആര്‍ടി മൂന്നാംഘട്ട പാഠപുസ്തക പരിഷ്‌കരണം പ്രഖ്യാപിച്ചു. പാഠ്യപദ്ധതി ലഘൂകരിക്കുക എന്ന പഴയ വ്യഖ്യാനത്തിനു പുറമേ കൊവിഡ് 19 മൂലം ഉണ്ടായ അദ്ധ്യയന സമയത്തിലുണ്ടായ നഷ്ടം നികത്തലും അതുമൂലമുണ്ടായ ബുദ്ധിമുട്ടുകളില്‍നിന്നും കരകയറാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കലും ഔദ്യോഗിക വിശദീകരണങ്ങളില്‍ സ്ഥാനം പിടിച്ചു. 
സി.ബി.എസ്.ഇ. ഉള്‍പ്പെടെ എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളെ പിന്‍പറ്റുന്ന വിദ്യാഭ്യാസ ബോര്‍ഡുകളെ ഈ തീരുമാനം ബാധിക്കുമെന്നാണ് കരുതുന്നത്. ഈ അക്കാദമിക് വര്‍ഷം തന്നെ ഉത്തര്‍പ്രദേശിലെ ഗവണ്‍മെന്റ് സ്‌കൂളുകള്‍ മുഗളന്മാരെക്കുറിച്ചുള്ള ഭാഗങ്ങള്‍ നീക്കം ചെയ്ത എന്‍.സി.ഇ.ആര്‍.ടിയുടെ പുതിയ 12-ാം ക്ലാസ് ചരിത്ര പാഠപുസ്തകങ്ങള്‍ സ്വീകരിക്കുമെന്ന് ആവേശപൂര്‍വ്വം പ്രഖ്യാപിച്ചിട്ടുണ്ട്. മുഗളന്മാരെക്കുറിച്ചുള്ള ഭാഗങ്ങള്‍ നീക്കം ചെയ്ത ഈ പാഠപുസ്തകങ്ങളില്‍നിന്നും ലോകരാഷ്ട്രീയത്തിലെ അമേരിക്കന്‍ അധീശത്വത്തെക്കുറിച്ചുള്ള വസ്തുതകളടങ്ങുന്ന ഭാഗങ്ങളും നീക്കം ചെയ്തിട്ടുണ്ടെന്നുള്ളത് ശ്രദ്ധേയമാണ്. ആഭ്യന്തര ശത്രുക്കളിലാണ് ഹിന്ദുസമൂഹം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന വ്യാഖ്യാനവുമായി ഈ നീക്കത്തെ ചേര്‍ത്തു വായിക്കാവുന്നതാണ്. 

ചരിത്ര പാഠപുസ്തകങ്ങളില്‍ ഭാരതീയാഭിമാനത്തെ ഉയര്‍ത്തിക്കാട്ടുന്ന രീതിയില്‍ പൊളിച്ചുപണി അനിവാര്യമാണെന്നു വിദ്യാഭ്യാസത്തെ സംബന്ധിച്ച പാര്‍ലമെന്ററി കമ്മിറ്റി 2021-ല്‍ ശിപാര്‍ശ ചെയ്തിരുന്നു. ചരിത്രപുസ്തകങ്ങളിലെ വളച്ചൊടിക്കലുകള്‍ ഒഴിവാക്കണമെന്നും ഇന്ത്യന്‍ നായകരുടെ ജീവചരിത്രത്തിനും സംഭാവനകള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നുമായിരുന്നു ശിപാര്‍ശകളില്‍ മുഖ്യം. സംഘ്പരിവാറിന്റെ അതിദേശീയതാ അജന്‍ഡയ്ക്കനുസരിച്ചുള്ള പൊളിച്ചുപണിയലാണ് നടക്കാന്‍ പോകുന്നതെന്നുള്ള ആശങ്ക പരസ്യമായി ചരിത്ര കൗണ്‍സിലും പ്രമുഖ ചരിത്രകാരന്മാരും പ്രകടിപ്പിക്കുകയും അധികാരികള്‍ക്ക് ഇതുസംബന്ധിച്ച് നിവേദനം നല്‍കുകയും ചെയ്തിരുന്നു. 

വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പാര്‍ലമെന്ററി കമ്മിറ്റി എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളിലെ ദേശീയ നായകന്മാരെക്കുറിച്ചുള്ള ചരിത്രത്തിലെ 'ചരിത്രവിരുദ്ധമായ വസ്തുതകളും' ദേശീയ നായകരുടെ ചരിത്രത്തെക്കുറിച്ചുള്ള വളച്ചൊടിക്കലും നീക്കം ചെയ്യണമെന്നും അന്നു നിര്‍ദ്ദേശിച്ചിരുന്നു. 

എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് രണ്ടാം വാജ്‌പേയ് ഗവണ്‍മെന്റിനോളം പഴക്കമുണ്ട്. പുതിയ തലമുറയുടെ ലോകവീക്ഷണത്തെ രൂപപ്പെടുത്തുന്നതില്‍ പാഠപുസ്തകങ്ങള്‍ക്കും വലിയ പങ്കുണ്ട്. അതിനാല്‍ത്തന്നെ എല്ലാക്കാലത്തും അത് ഭരണവര്‍ഗ്ഗത്തിന്റെ ആശയപരമായ ഉപകരണമായിട്ട് പ്രവര്‍ത്തിച്ചു പോന്നിട്ടുമുണ്ട്. ശാസ്ത്രബോധം, യുക്തിചിന്ത, മതനിരപേക്ഷത, സാംസ്‌കാരികമായ ബഹുലതയെ അംഗീകരിക്കുന്ന നിലപാട്, മാനവികത എന്നിവയെ അടിസ്ഥാന മൂല്യങ്ങളാക്കിയുള്ള ഒരു വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായിരുന്നു ഈ സഹസ്രാബ്ദത്തിന്റെ പിറവി വരെ നമ്മുടെ പാഠപുസ്തകങ്ങള്‍. പാരമ്പര്യത്തെ മാനിക്കുന്നതിനൊപ്പം ആധുനികതയെ ആശ്ലേഷിക്കുകയും ചെയ്യുന്ന ഒരു കാഴ്ചപ്പാടായിരുന്നു അതിനു നിദാനം. എന്നാല്‍, അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ആദ്യമായി ഈ രംഗത്ത് അതിദേശീയതാവാദികളുടെ അജന്‍ഡ നടപ്പാക്കാനുള്ള ശ്രമം നടക്കുന്നത്. ഇന്ത്യക്കാരെ വിഭജിച്ചു ഭരിക്കുന്നതിനു സഹായകമായ രീതിയില്‍ ബ്രിട്ടീഷ് കാലഘട്ടം, മുസ്‌ലിം കാലഘട്ടം, ഹിന്ദു കാലഘട്ടം എന്നിങ്ങനെ ചരിത്രത്തെ സംബന്ധിച്ച കൊളോണിയല്‍ വ്യാഖ്യാനത്തെ പിന്‍പറ്റിയുള്ള സംഘ്പരിവാര്‍ കാഴ്ചപ്പാടു നടപ്പാക്കുകയായിരുന്നു ഈ അജന്‍ഡയിലെ മുഖ്യ ഇനം. 2002-2003 കാലത്ത് വാജ്‌പേയി മന്ത്രിസഭയുടെ കാലത്ത് തയ്യാറാക്കിയ പാഠപുസ്തകങ്ങളില്‍ ഇന്ത്യയിലെ മുസ്‌ലിം ഭരണാധികാരികളെ ക്രൂരരായ ആക്രമണകാരികളായും മുഗളന്മാരടക്കമുള്ള മുസ്‌ലിം ഭരണാധികാരികളുടെ കാലത്തെ ഹിന്ദുഭൂതകാലത്തിന്റെ സുവര്‍ണ്ണശോഭ കെടുത്തിയ ഇസ്‌ലാമിക ആധിപത്യത്തിന്റെ ഇരുണ്ട കാലമായും ചരിത്രം തിരുത്തിയെഴുതിയത് അന്നു വലിയ വിവാദമാണ് ഉയര്‍ത്തിയത്. വിദ്യാഭ്യാസത്തിന്റെ കാവിവല്‍ക്കരണം (Suffronisation of education) എന്ന പ്രയോഗം അക്കാലത്ത് മാദ്ധ്യമങ്ങളില്‍ സാര്‍വ്വത്രികമായി പ്രയോഗിക്കപ്പെട്ടു. 2004-ല്‍ യു.പി.എ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടെ ഈ പാഠപുസ്തകങ്ങള്‍ റദ്ദാക്കപ്പെട്ടു. 

ചെറുപ്പത്തിലേ പിടികൂടുന്ന ഭരണകൂടം 

ചെറുപ്പത്തിലേ പിടികൂടുക (Catch'em young) എന്ന ആംഗലേയ പ്രയോഗത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ ബോധവാന്മാരായിരിക്കുന്നത് ഭരണകൂടവും മതസംഘടനകളുമാണ്. കുട്ടികളായിരിക്കുമ്പോള്‍ത്തന്നെ അവരെ സ്വാധീനിക്കാന്‍ തങ്ങളുടെ വിശ്വാസപ്രമാണങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളും ശ്രമിക്കുക എന്നതാണ് ഈ പ്രയോഗത്തിന്റെ പൊരുള്‍. ചെറുപ്പത്തില്‍ ഇക്കാര്യത്തില്‍ ലഭിച്ച പരിശീലനം മുതിരുമ്പോള്‍ കൂടുതല്‍ ശക്തിയായി നിലനില്‍ക്കുന്നതാണ് മനുഷ്യപ്രകൃതം. 

ആശയങ്ങള്‍, അവ നല്ലതോ ചീത്തതോ ആകട്ടെ, ബാല്യമനസ്സുകളില്‍ സന്നിവേശിപ്പിക്കുന്നതിനു ഭരണകൂടങ്ങള്‍ക്കും മതങ്ങള്‍ക്കും വിദ്യാഭ്യാസം ഒരു നല്ല ഉപാധിയാണ്. വിമര്‍ശനബുദ്ധിയേയും സ്വതന്ത്ര ചിന്തയേയും വളര്‍ത്തുന്ന തരത്തിലുള്ള വിദ്യാഭ്യാസം നല്‍കുന്നതിനു പകരം അതിദേശീയതാവാദികളും മതങ്ങളും തങ്ങളുടേതായ ലോകവീക്ഷണം കുട്ടികളില്‍ ഊട്ടിയുറപ്പിക്കുന്ന വിദ്യാഭ്യാസമാണ് നല്‍കിപ്പോരുക. അതുപ്രകാരം ലോകത്തിന് ഒരു അയ്യായിരം വര്‍ഷങ്ങള്‍ക്കപ്പുറം പഴക്കം കാണില്ല. അല്ലെങ്കില്‍ ചാതുര്‍വര്‍ണ്യം ദൈവത്തില്‍നിന്നും ഉണ്ടായതാണ് എന്ന ന്യായം പഠിപ്പിക്കപ്പെടും. ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിന്റെ ഇടം ഇന്റലിജന്‍സ് തിയറി കയ്യേറും. 

ദേശീയതയെ സംബന്ധിച്ച ആഖ്യാനങ്ങള്‍ (Narratives) രൂപപ്പെടുത്തുന്നതിലും പ്രചരിപ്പിക്കുന്നതിനും സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ നല്ല ഉപാധിയാണ്. ദേശീയതയെക്കുറിച്ച് നെഹ്‌റുവിയന്‍ കാലഘട്ടത്തില്‍ പുലര്‍ത്തിപ്പോന്ന ബഹുലതയെ അംഗീകരിക്കുന്ന സങ്കല്പമായിരുന്നു അടുത്തകാലം വരേയും നമ്മുടെ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ക്ക് അടിസ്ഥാനമായി വര്‍ത്തിച്ചത്. എന്നാല്‍, ഏകശിലാരൂപത്തിലുള്ള അതിദേശീയതാവാദത്തിന്റെ കാലത്ത് പാഠപുസ്തകങ്ങളില്‍ വിശേഷിച്ചും ചരിത്രപുസ്തകങ്ങളില്‍ മുഖ്യവംശീയതയാണ് കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കപ്പെടുന്നത്. മുഖ്യവംശീയതയാണ് ദേശീയസ്വത്വം തന്നേയും. രാജ്യത്ത് 18 സംസ്ഥാനങ്ങളിലെ അഞ്ചുകോടിയിലധികം വിദ്യാര്‍ത്ഥികളാണ് എന്‍സിഇആര്‍ടി പുസ്തകങ്ങളെ ആശ്രയിച്ചു പഠിക്കുന്നത്. 

പാഠപുസ്തകങ്ങളില്‍നിന്നും സംഘ്പരിവാറിനു അനഭിലഷണീയമായ ഭാഗങ്ങള്‍ നീക്കം ചെയ്തുകൊണ്ട് അഞ്ചുകോടി വിദ്യാര്‍ത്ഥികളില്‍നിന്നും ഇങ്ങനെ മറച്ചുപിടിക്കുന്നത് നമ്മുടെ സാംസ്‌കാരികമായ ബഹുലത മാത്രമല്ലെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 'ദ ഹിന്ദു' ദിനപത്രം പറയുന്നത്, നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സൃഷ്ടിച്ച ആഘാതങ്ങളും പാരിസ്ഥിതിക തകര്‍ച്ചയും രാജ്യത്തെ വര്‍ഗ്ഗാടിസ്ഥാനത്തിലുള്ള (Class based) കടുത്ത യാഥാര്‍ത്ഥ്യങ്ങളും പ്രതിപാദിക്കുന്ന പാഠഭാഗങ്ങള്‍ കൂടി നീക്കം ചെയ്തിട്ടുണ്ട് എന്നാണ്. വിദര്‍ഭയിലെ ജലക്ഷാമത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ നീക്കം ചെയ്തതാണ് അവയില്‍ ശ്രദ്ധേയം. പതിനൊന്നാം ക്ലാസ്സിലെ സോഷ്യോളജി പുസ്തകമായ Understanding Society-bnse Environment and Society എന്ന അദ്ധ്യായത്തിലെ Why are environmental problems alos social problems എന്ന സെക്ഷനാണ് വ്യക്തമായും ഒഴിവാക്കപ്പെട്ടത്. പാഠപുസ്തകത്തില്‍നിന്നും രണ്ടു കേസ് സ്റ്റഡികള്‍ വിശദമാക്കുന്ന മൂന്നു പേജുകള്‍ പൂര്‍ണ്ണമായും മാറ്റിയിട്ടുണ്ട്. 

വാട്ടര്‍ തീം പാര്‍ക്കുകളുടേയും അമ്യൂസ്‌മെന്റ് പാര്‍ക്കളുടേയും എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ജലക്ഷാമബാധിതമായ വിദര്‍ഭയിലെ സ്ഥിതിയാണ് ഇതിലാദ്യത്തേത്. 40 ഏക്കറില്‍ പരന്നുകിടക്കുന്ന 18 തരം വാട്ടര്‍സ്ലൈഡുകളും ഗെയിമുകളുമുള്ള നാഗ്പൂരിലെ ബസര്‍ഗാവോന്‍ ഗ്രാമത്തിലെ ഫണ്‍ ആന്റ് ഫൂഡ് വില്ലേജ് വാട്ടര്‍ അമ്യൂസ്മെന്റ് പാര്‍ക്ക് പ്രവര്‍ത്തനമാരംഭിച്ചതിനുശേഷം പ്രദേശം കടുത്ത ജലക്ഷാമത്തിന്റെ പിടിയിലായതിനെ സംബന്ധിച്ചുള്ള പാഠഭാഗമാണ് നീക്കം ചെയ്യപ്പെട്ടത്. ഇതേ പാര്‍ക്കിന്റെ ഒരു ശാഖ ഗുരുഗ്രാമിലും പ്രവര്‍ത്തിക്കുന്നു. ഈ രണ്ടു പാര്‍ക്കുകളും ഇപ്പോഴും പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും ദ് ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു. അഭൂതപൂര്‍വ്വമായ ജലക്ഷാമത്തിനാണ് 2004-ല്‍ ബസര്‍ഗാവോന്‍ ഉള്‍പ്പെടുന്ന പ്രദേശം സാക്ഷ്യം വഹിച്ചത്. വിദര്‍ഭ കാര്‍ഷിക ജലക്ഷാമത്തെ സംബന്ധിച്ച് പി. സായ്‌നാഥ് നല്‍കിയ റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയ പാഠഭാഗമാണിത്. 

അമിത ഭവിസ്‌കര്‍ എഴുതിയ 'Between violence and desire; space, power, identity in the making of metropolitan Delhi' എന്ന പ്രബന്ധത്തില്‍നിന്നുള്ള ഭാഗമാണ് നീക്കം ചെയ്യപ്പെട്ട മറ്റൊരു കേസ് സ്റ്റഡി. ഡല്‍ഹി എന്ന നഗരം ഒരു മനോഹര നഗരമായി വളര്‍ത്തിയെടുക്കാനാഗ്രഹിക്കുന്ന സമ്പന്നവര്‍ഗ്ഗവും തൊഴിലാളിവിഭാഗങ്ങളും തമ്മില്‍ ഇടങ്ങള്‍ക്കു വേണ്ടിയുള്ള മത്സരം അതു ചിത്രീകരിക്കുന്നു.

മുഗളന്‍മാരെ തമസ്‌കരിച്ചത് ആധുനിക ഭരണകൂടത്തെ കുറിച്ചുള്ള യാഥാര്‍ത്ഥ്യം മറച്ചുപിടിക്കാന്‍

ഡോ. കെ.എന്‍. ഗണേശ് 
ചരിത്രകാരന്‍ 

ഇപ്പോള്‍ നടക്കുന്ന പാഠപുസ്തക പരിഷ്‌കരണം ഒട്ടും അപ്രതീക്ഷിതമല്ല. 2020-ല്‍ പുത്തന്‍ വിദ്യാഭ്യാസ നയത്തില്‍ വ്യക്തമാക്കിയിട്ടുള്ള ഒന്നുരണ്ടു കാര്യങ്ങളുണ്ട്. മതനിരപേക്ഷത, ജനാധിപത്യം എന്നിവയൊന്നും പഠിപ്പിക്കേണ്ട കാര്യമല്ല, ഇന്ത്യന്‍ സംസ്‌കാരത്തെ സംബന്ധിച്ചുള്ള നരേറ്റീവ് പഠിപ്പിക്കാനാണ് പാഠപുസ്തകങ്ങളെ പ്രയോജനപ്പെടുത്തേണ്ടത് എന്നാണ് ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നവരുടെ കാഴ്ചപ്പാട്. അവരുടെ കണ്ണില്‍ ഇന്ത്യന്‍ സംസ്‌കാരം എന്നാല്‍ ഹിന്ദു സംസ്‌കാരം ആണ്. 

ഇതുവരെ ദേശീയതയെക്കുറിച്ചുള്ള നമ്മുടെ മുഖ്യമായ അടിസ്ഥാന തത്ത്വങ്ങളെ-ബഹുസ്വരത, ബഹുഭാഷാ സംസ്‌കാരങ്ങളുടെ പ്രാധാന്യം, വ്യത്യസ്ത സമൂഹങ്ങളുടെ പാരസ്പര്യം, വളര്‍ച്ച എന്നിവയെയൊക്കെ പ്രകാശിപ്പിക്കുന്ന ദേശീയതാ സങ്കല്പമായിരുന്നു നമ്മുടെ മുന്‍ ഭരണാധികാരികള്‍ക്ക് ഉണ്ടായിരുന്നത്. 

ഇത് ഇപ്പോഴൊന്നും തുടങ്ങിയതല്ല. 2002-ല്‍ വാജ്‌പേയിയുടെ കാലത്ത് ഇതിനുള്ള ശ്രമം ആരംഭിച്ചതാണ്. ചരിത്രപുസ്തകങ്ങളിലായിരുന്നു അന്ന് കൈവെച്ചത്. എന്നാല്‍, ഇത്തവണ അത് കൂടുതല്‍ വിപുലമായി. മറ്റു പാഠപുസ്തകങ്ങളിലേക്കു കൂടി അത് ബാധകമാക്കി. സോഷ്യല്‍ സയന്‍സ് പുസ്തകങ്ങളിലൊക്കെ ഇതു പ്രകടമാണ്. 

2005-ലെ കരിക്കുലം ഫ്രെയിംവര്‍ക്കിനുശേഷം നമ്മുടെ സോഷ്യോളജി ടെക്സ്റ്റുകളില്‍ ദളിതരുടേയും പ്രാന്തവല്‍ക്കൃത സമൂഹങ്ങളുടേയും പ്രശ്‌നങ്ങള്‍ക്കു വലിയ പ്രാധാന്യം ഉണ്ടായിരുന്നു. സാമൂഹികമായ സംഘര്‍ഷങ്ങളിലേക്ക് അന്വേഷണം നടക്കണമെന്നു വിദ്യാര്‍ത്ഥികള്‍ക്ക് ബോധ്യപ്പെടുത്തുന്ന രീതിയിലായിരുന്നു അവ. ഇതിനൊക്കെ പ്രാധാന്യം നല്‍കുന്ന ചില കേസ് സ്റ്റഡികള്‍ പാഠപുസ്തകങ്ങളിലുണ്ടായിരുന്നു. അതെല്ലാം ഇപ്പോള്‍ നീക്കം ചെയ്യപ്പെട്ടതായി മനസ്സിലാക്കുന്നു. 

ചരിത്ര പാഠപുസ്തകത്തിലെ മുഗള്‍ഭരണ കാലത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നീക്കം ചെയ്തത് കൂടുതല്‍ ശ്രദ്ധേയമാണ്. യഥാര്‍ത്ഥത്തില്‍ ആധുനിക സ്റ്റേറ്റിന്റെ ഉദ്ഭവം മുഗളന്മാരില്‍നിന്നും ആണ് ആരംഭിക്കുന്നത്. ബ്യൂറോക്രസി, കോടതി, പൊലിസ് സംവിധാനം തുടങ്ങിയവയൊക്കെ. കോടതികളില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ശ്രദ്ധിച്ചാലറിയാം. കച്ചേരി, ആമീന്‍, ശിപായി തുടങ്ങിയ പദങ്ങളൊക്കെ പേര്‍ഷ്യനില്‍നിന്നും മറ്റും ഉള്ളതാണ്. ആധുനിക ഭരണകൂടത്തിന്റെ വേരുകള്‍ തേടിയുള്ള അന്വേഷണം മുഗള്‍ ഭരണകാലത്തായിരിക്കും ചെന്നെത്തിനില്‍ക്കുക. മനുസ്മൃതിയിലോ ഹിന്ദുസുവര്‍ണ്ണ ഭൂതകാലത്തിലോ ഒന്നുമല്ല. അതവര്‍ക്ക് സുഖമുള്ള സംഗതിയല്ല. അതുകൊണ്ട് മുഗള്‍ കോടതിയെക്കുറിച്ചൊക്കെയുള്ള ഭാഗങ്ങള്‍ നീക്കം ചെയ്തു. പൊതുവേ സാമ്രാജ്യത്വ പാദസേവകരായതുകൊണ്ട് ബ്രിട്ടീഷുകാരാണ് ഇതൊക്കെ തുടങ്ങിവെച്ചത് എന്നു പറയുന്നതില്‍ അവര്‍ക്ക് വിരോധമൊന്നുമില്ലതാനും. ഡല്‍ഹി സുല്‍ത്താനേറ്റിന്റെ കാര്യമൊക്കെ നിലനിര്‍ത്തിയത് ക്ഷേത്രധ്വംസനത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മാത്രമാണ്.

പാഠപുസ്തക പരിഷ്‌കരണം സംഘ് പരിവാര്‍ അജന്‍ഡ

ജെ. പ്രസാദ്  
മുന്‍ ഡയറക്ടര്‍, എസ്സിഇആര്‍ടി

എന്‍സിഇആര്‍.ടി പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നതിനു പിന്നില്‍ നിരവധി അക്കാദമിക വിദഗ്ദ്ധരുടേയും ഗവേഷകരുടേയും നിരന്തര പരിശ്രമമുണ്ട്. അവരോടൊന്നും ആലോചിക്കാതെ, മദ്ധ്യകാലഘട്ടത്തിലെ നൂറ്റാണ്ടുകളുടെ ചരിത്രം നീക്കം ചെയ്തതിനു പിന്നില്‍ കൃത്യമായ അജണ്ട ഉണ്ട്: 'ഒരു ഭാഷ, ഒരു മതം, ഒരു രാഷ്ട്രം' എന്ന സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നതിനുവേണ്ടി പുനരാവിഷ്‌കരിച്ച, ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍ എന്ന മുദ്രാവാക്യത്തിന്റെ അക്കാദമിക വല്‍ക്കരണമാണ് ഇപ്പോള്‍ ശരവേഗത്തില്‍ നടക്കുന്നത്. സ്ഥലനാമങ്ങളില്‍ തുടങ്ങി ഭക്ഷണ പദാര്‍ത്ഥങ്ങളെ വരെ സംസ്‌കൃത/ഹിന്ദിവല്‍ക്കരിക്കുന്ന പ്രക്രിയ അതിന്റെ ഭാഗമാണ്. (പൊതുഭാഷാ പ്രശ്‌നത്തിന്റെ കാര്യത്തില്‍ സംസ്‌കൃതം ആ സ്ഥാനം ഏറ്റെടുക്കുന്നതുവരെ സൗകര്യത്തെ മുന്‍നിര്‍ത്തി നമുക്ക് ഹിന്ദിക്കു മുന്‍ഗണന നല്‍കേണ്ടതായി വരും. വിചാരധാര-പുസ്തകം 3-പുറം 161) പുത്തന്‍ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി ഒന്നും രണ്ടും ക്ലാസ്സുകള്‍ പ്രീസ്‌കൂളിന്റെ അനുബന്ധമാക്കി. അവിടങ്ങളില്‍ ഹൈന്ദവ ധാര്‍മ്മികത പഠിപ്പിക്കുന്നതിന് 'വിദ്യാഭാരതി'യുടെ നേതൃത്വത്തില്‍ സദാചാര്‍ കീ ബാതേം, സംസ്‌കാര സൗരഭ്, സംസ്‌കൃതജ്ഞാന്‍ തുടങ്ങി നിരവധി കുട്ടിപ്പുസ്തകങ്ങള്‍ കമനീയവും ആകര്‍ഷകവുമായ രീതിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുജിസി റിവ്യൂ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ചെയര്‍മാന്‍ ഡോ. ഹരിഗൗതം മുന്നോട്ടുവച്ച 'നിര്‍ദ്ദേശങ്ങള്‍', ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറവില്‍ നടപ്പാക്കപ്പെടുന്നതോടെ, പ്രീസ്‌കൂള്‍ വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ സമസ്തമേഖലയും കാവി/സംഘിവല്‍ക്കരിക്കപ്പെടും. ഈ പ്രക്രിയയ്ക്ക് തുടക്കം കുറിച്ചത് ഡോ. മുരളീ മനോഹര്‍ ജോഷി വിദ്യാഭ്യാസമന്ത്രി ആയിരുന്ന കാലത്താണ്.

1998 ഒക്ടോബര്‍ 22-24 തീയതികളില്‍ ദില്ലി വിജ്ഞാന്‍ ഭവനില്‍ ചേര്‍ന്ന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തില്‍ പതിവിനു വിപരീതമായി ഉണ്ടായ സരസ്വതീവന്ദനവും വന്ദേമാതര ഗാനാലാപനവുമെല്ലാം ഹിന്ദുവല്‍ക്കരണത്തിന്റെ കേളികൊട്ടായിരുന്നു. അന്ന് അജണ്ടയോടൊപ്പം ഒരു 'വിദഗ്ദ്ധഗ്രൂപ്പിന്റെ ശിപാര്‍ശ' എന്ന പേരില്‍ വിതരണം ചെയ്ത അനുബന്ധരേഖയിലൂടെ, വിദ്യാഭ്യാസത്തിന്റെ സംഘിവല്‍ക്കരണ പ്രക്രിയയ്ക്ക് തുടക്കം കുറിക്കുകയായിരുന്നു. സുപ്രധാനമായ ഏഴ് നിര്‍ദ്ദേശങ്ങള്‍ ആയിരുന്നു 'വിദഗ്ദ്ധസമിതി'യുടെ പേരില്‍ അന്ന് അവതരിപ്പിക്കപ്പെട്ടത്. 

ഇന്ത്യയുടെ മതനിരപേക്ഷ വിദ്യാഭ്യാസത്തിന്റെ അടിത്തറ തകര്‍ക്കാനുള്ള ഡയനാമിറ്റ് ആയിട്ടാണ് പ്രശസ്ത വിദ്യാഭ്യാസ ചിന്തകനായ ഡോ. എന്‍.എ. കരീം, അന്ന് ആ അനുബന്ധ അജണ്ടയെ വിശേഷിപ്പിച്ചത്. അതിശക്തമായ പ്രക്ഷോഭങ്ങളുടെ മലവെള്ളപ്പാച്ചിലില്‍ ആ ഡയനാമിറ്റ് നിര്‍വീര്യമാക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും അതിലൂടെ അവര്‍ നടത്തിയ ബീജാവാപം ക്രമേണ വളര്‍ന്നു വികസിക്കുകയായിരുന്നു.

വൈവിധ്യമാര്‍ന്ന മാനവ സംസ്‌കാരങ്ങളുടെ സംഗമഭൂമിയാണ് ഇന്ത്യ. അതില്‍ ആര്യമെന്നോ അനാര്യമെന്നോ ഇസ്‌ലാമികമെന്നോ അനിസ്‌ലാമികമെന്നോ ഹൈന്ദവമെന്നോ ദ്രാവിഡമെന്നോ ആസ്തികമെന്നോ നാസ്തികമെന്നോ ബുദ്ധിസമെന്നോ ജൈനിസമെന്നോ സ്വദേശീയമെന്നോ വൈദേശികമെന്നോ വേര്‍തിരിവുകളില്ലാത്ത അത്യപൂര്‍വ്വമായ പ്രതിഭാസമാണ് ഇന്ത്യ. വൈവിധ്യങ്ങളാലും വൈശിഷ്ട്യങ്ങളാലും സമ്പന്നമായ ഇന്ത്യന്‍ സംസ്‌കാരത്തെ ഏകാശിലാരൂപമാക്കുന്നതിനുള്ള 'വിദഗ്ദ്ധ' നിര്‍ദ്ദേശങ്ങള്‍ ആയിരുന്നു അന്നു അനുബന്ധക്കുറിപ്പില്‍ സന്നിവേശിപ്പിച്ചിരുന്നത്. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ഭാരതീയര്‍ ഒന്നടങ്കം പ്രകടിപ്പിച്ച സമരൈക്യത്തില്‍ വിള്ളലുണ്ടാക്കാന്‍, ജയിംസ് മില്ലിനെപ്പോലുള്ള ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ ബോധപൂര്‍വ്വം നമ്മുടെ മണ്ണില്‍ വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും വിഭജനത്തിന്റേയും വിത്ത് വിതയ്ക്കുകയുണ്ടായി. അവര്‍ ഇന്ത്യയുടെ പുരാതന കാലഘട്ടത്തെ ഹൈന്ദവ കാലഘട്ടമെന്നും മധ്യകാലഘട്ടത്തെ ഇസ്‌ലാമിക കാലഘട്ടമെന്നും ആധുനിക കാലഘട്ടത്തെ ബ്രിട്ടീഷ് കാലഘട്ടമെന്നും ബോധപൂര്‍വ്വം വിശേഷിപ്പിച്ചിരുന്നു. അതിന്റെ പരിണതഫലമായിരുന്നല്ലോ ഇന്ത്യയുടെ വെട്ടിമുറിക്കല്‍. ഇന്നിപ്പോള്‍ തങ്ങളുടെ യജമാനന്മാരായ ബ്രിട്ടീഷുകാര്‍ പയറ്റി വിജയിച്ച അതേ ഹീനതന്ത്രമാണ് സംഘപരിവാര്‍ പ്രയോഗിക്കുന്നത്. അവര്‍ വിഭാവനം ചെയ്യുന്ന അഖണ്ഡ ഭാരതഭൂപടത്തില്‍ ഇന്ത്യയെക്കൂടാതെ പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, ടിബറ്റ്, മ്യാന്മാര്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
 
2024-ലെ തെരഞ്ഞെടുപ്പ് ഒരുപക്ഷേ, മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ അവസാനത്തെ തെരഞ്ഞെടുപ്പ് ആയിക്കൂടെന്നില്ല. 2025-ല്‍ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്നതാണ് സംഘപരിവാര്‍ ലക്ഷ്യം വയ്ക്കുന്നത്. അതിന് ഇന്‍ഡ്യന്‍ ഭരണഘടനയുടെ സ്ഥാനത്ത് മനുസ്മൃതിയെ പ്രതിഷ്ഠിപ്പിക്കണം. 

സംഘപരിവാര്‍ അധികാരത്തില്‍ വന്നപ്പോഴൊക്കെ ആദ്യം കൈവച്ചത് വിദ്യാഭ്യാസ-സാംസ്‌കാരിക രംഗങ്ങളില്‍ ആയിരുന്നു. 1998-ല്‍ തന്നെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കര്‍മ്മകാണ്ഡവും യോഗവിദ്യയും പാഠ്യവിഷയമാക്കി. പുത്തന്‍ വിദ്യാഭ്യാസ നയത്തിലൂടെ മൂന്നാംതരം മുതല്‍ പന്ത്രണ്ടാംതരം വരെ സംസ്‌കൃതപഠനം നിര്‍ബ്ബന്ധമാക്കി. സംഘപരിവാര്‍ നടത്തിവന്ന വിദ്യാഭാരതി സ്ഥാപനങ്ങള്‍ എല്ലാം പ്രത്യേക 'ഭാരതീയ ശിക്ഷാ ബോര്‍ഡി'ന്റെ കീഴിലാക്കി, അവയ്ക്ക് ഔദ്യോഗിക പരിവേഷം ചാര്‍ത്തിനല്‍കി. അവിടങ്ങളില്‍ പഠിപ്പിച്ചുവരുന്ന ഇസ്ലാം മുക്തചരിത്രം ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിനുവേണ്ടിയാണ് 'വിദഗ്ദ്ധസമിതി'യുടെ നിര്‍ദ്ദേശങ്ങള്‍ എന്‍സിഇആര്‍ടി വഴി നടപ്പാക്കുന്നത്. ഇനി സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്തവരെന്നും സാമ്രാജ്യത്വത്തിന് ദാസ്യവൃത്തി ചെയ്തവരെന്നും ഗാന്ധിഘാതകരെന്നും ദേശദ്രോഹികളെന്നും മറ്റും വിശേഷിപ്പിക്കപ്പെട്ട അവരുടെ നേതാക്കളെല്ലാം മഹാന്മാരാകും. രാജ്യസ്‌നേഹികളും രക്തസാക്ഷികളുമെല്ലാം രാജ്യദ്രോഹികളും ദേശവിരുദ്ധരും ആയി ചിത്രീകരിക്കപ്പെടുകയും ചെയ്യും. അങ്ങനെ രാജ്യം ഇന്നും ആദരിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യസമര സേനാനികളേയും രക്തസാക്ഷികളേയും മനുഷ്യമനസ്സില്‍നിന്നുതന്നെ എല്ലാ കാലത്തേക്കുമായി നീക്കം ചെയ്യാനും ആ സ്ഥാനത്ത് സംഘപരിവാറിന്റെ ഫാസിസ്റ്റ് നേതാക്കളെ പ്രതിഷ്ഠിക്കാനുമാണ് 'വിദഗ്ദ്ധസമിതി'യുടെ പേരില്‍ എന്‍സിഇആര്‍ടി ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ ശബ്ദമുയര്‍ത്തേണ്ടത് ജനാധിപത്യവിശ്വാസികളും മതനിരപേക്ഷതയ്ക്കുവേണ്ടി വാദിക്കുന്നവരുമാണ്. നിര്‍ഭാഗ്യവശാല്‍ ഇതുവരെ ഇടതുപക്ഷത്തുനിന്നു മാത്രമാണ് ഈ പാഠപുസ്തക പരിഷ്‌കരണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ന്നിട്ടുള്ളത്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com