ചുരുക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ എഡിറ്ററുടെ റോള്‍ നിര്‍വ്വഹിക്കും!

അധികാര കേന്ദ്രങ്ങളോട് യാഥാര്‍ത്ഥ്യം സംസാരിക്കുന്നത് മാധ്യമങ്ങളുടെ ധര്‍മ്മവും ചുമതലയുമാണ്
ചുരുക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ എഡിറ്ററുടെ റോള്‍ നിര്‍വ്വഹിക്കും!
Updated on
3 min read

രു ജനാധിപത്യ റിപ്പബ്ലിക്കിന്റെ സുദൃഢമായ പ്രവര്‍ത്തനത്തിന് സ്വതന്ത്ര മാധ്യമങ്ങള്‍ അത്യന്താപേക്ഷിതമാണ്. അധികാര കേന്ദ്രങ്ങളോട് യാഥാര്‍ത്ഥ്യം സംസാരിക്കുന്നത് മാധ്യമങ്ങളുടെ ധര്‍മ്മവും ചുമതലയുമാണ്. ജനാധിപത്യത്തെ ശരിയായി നയിക്കാന്‍ സാധാരണ പൗരന്മാരെ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്താനും തീരുമാനമെടുക്കാനും പ്രാപ്തരാക്കാനുള്ള ചുമതലയും അവര്‍ക്കുണ്ട്.

മീഡിയാ വണ്‍ ചാനലിന്റെ വിലക്ക് നീക്കിക്കൊണ്ട് മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തിയ സുപ്രധാന നിരീക്ഷണങ്ങളിലൊന്നാണ് ഇത്. ദേശീയ സുരക്ഷയെക്കുറിച്ചും ഈ വിധിപ്രസ്താവത്തില്‍ ഇങ്ങനെ വിവരിക്കുന്നു: 'ദേശീയ സുരക്ഷ' എന്ന പദപ്രയോഗം കോടതികള്‍ നിര്‍വ്വചിക്കുന്നത് അപ്രായോഗികമാണെന്നു ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി അത്തരമൊരു നിര്‍വ്വചനം വിവേകശൂന്യമാണെന്നും പറയുന്നു. നിയമത്തിനു കീഴില്‍ നില്‍ക്കുന്ന പൗരന്മാര്‍ക്ക് പരിഹാരങ്ങള്‍ നിഷേധിക്കുന്നതിനുള്ള ഒരു ഉപകരണമായി ഭരണകൂടം ദേശീയ സുരക്ഷയെ ഉപയോഗിക്കുന്നു. ഇത് നിയമവാഴ്ചയുമായി യോജിക്കുന്നതല്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. 

ഈ വിധി വന്നതിനു തൊട്ടുപിന്നാലെ ചര്‍ച്ചയായ വിഷയം ഐ.ടി നിയമത്തിലെ ഭേദഗതിയാണ്. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളോ മറ്റ് ഉള്ളടക്കങ്ങളോ കേന്ദ്രം തന്നെ വ്യാജമെന്നു മുദ്രകുത്തിയാല്‍ സമൂഹമാധ്യമങ്ങളില്‍നിന്ന് 72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യാന്‍ അധികാരം നല്‍കുന്ന ഐ.ടി ചട്ട ഭേദഗതി കടുത്ത എതിര്‍പ്പുകള്‍ക്കിടെയാണ്  വിജ്ഞാപനം ചെയ്തത്.  ഇതുപ്രകാരം കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്ന ഫാക്ട് ചെക്കിങ്ങ് ബോഡി കണ്ടെത്തുന്ന വാര്‍ത്തകളോ ലേഖനങ്ങളോ മറ്റ് ഉള്ളടക്കങ്ങളോ, അത് പങ്കുവെയ്ക്കുന്ന മൂന്നാം കക്ഷി (മെറ്റ, ട്വിറ്റര്‍ തുടങ്ങിയവ ഉള്‍പ്പെടെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍) നീക്കം ചെയ്യേണ്ടിവരും. 

വ്യാജമെന്ന് പി.ഐ.ബി (പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ) കണ്ടെത്തുന്ന വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു. ഗൗരവമായ മറ്റൊരു വസ്തുത ഇപ്പോള്‍ അന്തിമരേഖകളില്‍നിന്ന് പി.ഐ.ബിയെ ഒഴിവാക്കി എന്നതാണ്. ചുരുക്കിപ്പറഞ്ഞാല്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ എഡിറ്ററുടെ റോള്‍ നിര്‍വ്വഹിക്കും. വിവിധ സ്രോതസ്സുകളില്‍നിന്നു ലഭിക്കുന്ന വാര്‍ത്ത സര്‍ക്കാരിന് ഹിതകരമല്ലെങ്കില്‍ വ്യാജമെന്ന് എളുപ്പത്തില്‍ മുദ്രകുത്താം, നീക്കം ചെയ്യാം. കേന്ദ്രത്തിനെതിരെയുള്ള വാര്‍ത്തകള്‍ നീക്കം ചെയ്യാന്‍ ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യപ്പെടുന്നത് ഉറപ്പാണ്. എന്ത് പ്രസിദ്ധീകരിക്കണം, എന്ത് പ്രസിദ്ധീകരിക്കണ്ട കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കും. വാര്‍ത്താവെബ്‌സൈറ്റുകളില്‍ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന് വ്യവസ്ഥ ബാധകമല്ലെങ്കിലും ഇതു സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ചട്ടം ബാധകമാകും. ഇതാണ് ആശങ്കയ്ക്ക് അടിസ്ഥാനം.

യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകള്‍ക്കും എയര്‍ടെല്‍, ജിയോ, വൊഡാഫോണ്‍ ഐഡിയ തുടങ്ങിയ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും ചട്ടം ബാധകമാണ്. വെബ് ഹോസ്റ്റിങ് സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ക്കും സെര്‍ച്ച് എന്‍ജിനുകള്‍ക്കും ഈ ചട്ടം ബാധകമാണ്. ഈ മൂന്നാം കക്ഷികള്‍  അത്തരം പോസ്റ്റുകള്‍ ഉടനടി നീക്കം ചെയ്യണം. അല്ലെങ്കില്‍ അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും. സോഷ്യല്‍ മീഡിയ സൈറ്റുകള്‍ അത്തരം പോസ്റ്റുകള്‍ നീക്കം ചെയ്യുകയും ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ ഇത്തരം ഉള്ളടക്കത്തിന്റെ യു.ആര്‍.എല്‍ ബ്ലോക്ക് ചെയ്യുകയും വേണം. 

ജനുവരിയില്‍ 2002-ലെ ഗുജറാത്ത് കലാപത്തേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ യൂട്യൂബും ട്വിറ്ററും അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ നീക്കം ചെയ്തിരുന്നു. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു ഈ നടപടി. ഡോക്യുമെന്ററി സീരിസ് ലിങ്ക് അടങ്ങിയ ട്വീറ്റുകളെല്ലാം നീക്കം ചെയ്യണമെന്നായിരുന്നു നിര്‍ദ്ദേശം. ഇന്ത്യയെ ലോകത്തിനു മുന്‍പില്‍ മോശമാക്കുന്നതാണ് ഡോക്യുമെന്ററിയെന്നാണ് അതിനു ന്യായമായി വാര്‍ത്താപ്രക്ഷേപണ മന്ത്രാലയം പറഞ്ഞത്.

ഡിജിറ്റല്‍ മാധ്യമങ്ങളെ നിശബ്ദമാക്കാന്‍ 

ബി.ബി.സി ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ നീക്കം ചെയ്യുന്നതില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍ അന്ന് രംഗത്തെത്തിയിരുന്നു. ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരായ മഹുവ മൊയത്രയും ഡെറക് ഒബ്രിയാനും പ്രതിഷേധിച്ചത്. മുഖ്യധാരാ മാധ്യമങ്ങളുടെ കീഴടങ്ങല്‍ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി ശേഷിക്കുന്ന ശബ്ദം സാമൂഹ്യമാധ്യമങ്ങളും ഡിജിറ്റല്‍ മീഡിയയുമാണ്. ഇവ നിശ്ശബ്ദമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് അന്ന് കോണ്‍ഗ്രസ് വക്താവും പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ചെയര്‍പേഴ്സണുമായ സുപ്രിയ ശ്രീനതെ കുറ്റപ്പെടുത്തിയത്. വിവിധ കോടതികള്‍ 2021-ലെ ഐ.ടി ചട്ടത്തിലെ ചില വ്യവസ്ഥകള്‍ സ്റ്റേ ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. ബോംബെ ഹൈക്കോടതി ചട്ടങ്ങളുടെ ചില ഭാഗങ്ങള്‍ സ്റ്റേ ചെയ്തിരുന്നു. പിന്നെങ്ങനെ വീണ്ടും ഭേദഗതികള്‍ കൊണ്ടുവരാനാകും- അവരുടെ ചോദ്യം ഇതാണ്.

വിജ്ഞാപനത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. വാര്‍ത്ത വ്യാജമാണോ എന്ന് നിര്‍ണ്ണയിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഏകപക്ഷീയവും വിവേചനാധികാരവും നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നു സ്വതന്ത്ര ഡിജിറ്റല്‍ വാര്‍ത്താ പ്രസാധകരുടെ സംഘടനയായ ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷന്‍ വ്യക്തമാക്കി. വ്യാജവാര്‍ത്ത ഏതെന്നു നിശ്ചയിക്കാനും അത് നിര്‍ണ്ണയിക്കാനുമുള്ള അവകാശക്കുത്തക സര്‍ക്കാരിന്റെ കൈകളിലൊതുക്കാനാകില്ലെന്നാണ് എഡിറ്റേഴ്സ് ഗില്‍ഡ് ചൂണ്ടിക്കാട്ടിയത്. മാധ്യമങ്ങളെ ഈ രീതി പ്രതികൂലമായി ബാധിക്കുമെന്നും നിര്‍ദ്ദേശം ഉടന്‍ പിന്‍വലിക്കണമെന്നും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് ആന്‍ഡ് ഡിജിറ്റല്‍ അസോസിയേഷനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റിയും ഈ നീക്കത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. 

നിലവില്‍ വിശദീകരണമൊന്നും തേടാതെ തന്നെ കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനാത്മകമായ വാര്‍ത്തകളും ലേഖനങ്ങളും ഉള്ളടക്കങ്ങളും നീക്കം ചെയ്യാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളോട് ആവശ്യപ്പെടാറുണ്ട്. അവയൊക്കെ നീക്കം ചെയ്യപ്പെടാറുമുണ്ട്. 2015 ജനുവരി മുതല്‍ 2022 ജനുവരി വരെ ഇത്തരത്തില്‍ 56000 വെബ്സൈറ്റ് യു.ആര്‍.എല്ലുകളാണ് നീക്കം ചെയ്യപ്പെട്ടത്. ഇതില്‍ യൂട്യൂബ് ചാനലുകളും വെബ് ആപ്ലിക്കേഷനുകളും ഉള്‍പ്പെടും. 2019-ല്‍ ലോക്സഭയില്‍ വിവര-സങ്കേതിക മന്ത്രാലയം നല്‍കിയ കണക്ക് അനുസരിച്ച് ബ്ലോക്ക് ചെയ്യുന്ന യു.ആര്‍.എല്ലുകളുടെ എണ്ണത്തില്‍ 442 ശതമാനം വര്‍ദ്ധനയാണുണ്ടായത്. 2016-ല്‍ 633 യു.ആര്‍.എല്ലുകള്‍ നിരോധിച്ചെങ്കില്‍ 2019 ഒക്ടോബര്‍ വരെ 3,433 യു.ആര്‍.എല്ലുകളായി. ]

വിവര - സാങ്കേതികവിദ്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിക്കു മുന്നില്‍ 2022 ജനുവരി-മാര്‍ച്ച് കാലയളവില്‍ 1000 യു.ആര്‍.എല്‍ നിരോധിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2018 മുതല്‍ 29,154 യൂണീഫോം വാര്‍ത്താലിങ്കുകളാണ് ഇത്തരത്തില്‍ നീക്കം ചെയ്യപ്പെട്ടിട്ടുള്ളത്. കൊവിഡ് പ്രതിരോധത്തിലെ സര്‍ക്കാര്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്ന പോസ്റ്റുകള്‍ അടക്കം സമൂഹമാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്യപ്പെട്ടു. 2018, 2019, 2020, 2021, 2022 വര്‍ഷങ്ങളില്‍ യഥാക്രമം 2799, 3635, 9849, 6096, 6775 യു.ആര്‍.എല്ലുകളാണ് പൊതുജനങ്ങളില്‍നിന്ന് വിലക്കി. 

പത്രപ്രവര്‍ത്തകരുടേയും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടേയും സാമൂഹ്യപ്രവര്‍ത്തകരുടേയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാരില്‍നിന്ന് സമ്മര്‍ദ്ദമുണ്ടെന്ന് ട്വിറ്റര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഏറ്റവുമൊടുവില്‍ പഞ്ചാബിലെ വിമതനേതാവ്  അമൃത്പാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനു പിന്നാലെയായിരുന്നു ഈ നടപടി. കാനഡയിലെ രാഷ്ട്രീയനേതാവ് ജഗ്മീത് സിങ്, കവി രൂപി കൗര്‍ എന്നിവരുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ആവശ്യപ്പെടുകയായിരുന്നെന്ന് ട്വിറ്റര്‍ വെളിപ്പെടുത്തി. ബി.ബി.സിയുടെ പഞ്ചാബി അക്കൗണ്ടിനും വിലക്കേര്‍പ്പെടുത്തി. ടൊറന്റോയിലെ ബാസ് ന്യൂസിന്റെ സഹസ്ഥാപകന്‍ ജസ്‌കരണ്‍ സന്ദുവിന്റെ അക്കൗണ്ടും വിലക്കേര്‍പ്പെടുത്തി.  

അതേസമയം മെറ്റാ, ഗൂഗിള്‍ എന്നിവ ഉള്‍പ്പെടെയുള്ള മുന്‍നിര സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്യുന്ന സംശയാസ്പദമായ ഉള്ളടക്കം പരിശോധിക്കുന്ന വസ്തുത പരിശോധകരുടെ ഒരു ശൃംഖല സൃഷ്ടിക്കുന്നതിനുള്ള പദ്ധതികള്‍ വിശദീകരിക്കുന്ന ഒരു നിര്‍ദ്ദേശം കേന്ദ്രത്തിന് അയച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 'മിസ് ഇന്‍ഫര്‍മേഷന്‍ കോമ്പാറ്റ് അലയന്‍സ്' എന്നു വിളിക്കപ്പെടുന്ന നെറ്റ്വര്‍ക്കില്‍ പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ചേരും. സോഷ്യല്‍ മീഡിയ കമ്പനികള്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഐ.ടി മന്ത്രാലയത്തിന് അയച്ച അഞ്ച് പേജുള്ള നിര്‍ദ്ദേശമനുസരിച്ച്, ഈ സഖ്യം ഒരു 'സര്‍ട്ടിഫിക്കേഷന്‍ ബോഡി' ആയി പ്രവര്‍ത്തിക്കും, അത് 'വിശ്വസനീയ' വസ്തുത പരിശോധിക്കുന്നയാള്‍ ആരാണെന്നു പരിശോധിക്കും. എന്നാല്‍, ഈ ശൃംഖല സ്ഥാപിക്കപ്പെട്ടാലും കേന്ദ്രസര്‍ക്കാരുമായി ബന്ധമില്ലാത്ത വിവരങ്ങള്‍ മാത്രമാണ് പരിശോധിക്കുക.

മെറ്റ, ട്വിറ്റര്‍ അടക്കമുള്ള വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ മുന്‍പു തന്നെ ഫാക്ട് ചെക്കര്‍മാരെ നിയോഗിച്ചിട്ടുണ്ട്. യു. എസ് ആസ്ഥാനമായുള്ള പോയ്നറര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2015-ല്‍ സ്ഥാപിതമായ ഇന്റര്‍നാഷണല്‍ ഫാക്ട് ചെക്കിംഗ് നെറ്റ്വര്‍ക്കിലെ ഫാക്ട് ചെക്കര്‍മാരുമായി ചേര്‍ന്നാണ് നിലവില്‍ മെറ്റ പ്രവര്‍ത്തിക്കുന്നത്. സ്റ്റോറികളുടെ അവലോകനം നടത്തുകയും റേറ്റ് ചെയ്യുകയുമാണ് ഐ.എഫ്.സി.എന്‍ അംഗങ്ങള്‍ ചെയ്യുന്നത്. അതില്‍ പ്രാഥമിക ഉറവിടങ്ങള്‍ കണ്ടെത്തി അഭിമുഖം ചെയ്ത്, ഫോട്ടോകളും വീഡിയോയും ഉള്‍പ്പെടെ വാര്‍ത്തകളുടെ വിശകലനം നടത്തുക എന്നതും ഉള്‍പ്പെടുന്നു.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com