'ജനാധിപത്യം വേണ്ടാ സ്വകാര്യവല്‍കരണം മതി എന്നു പറയുന്ന വലിയ ഭരണക്കാരെ എന്തിനാണ് കൈവെള്ളയില്‍  കൊണ്ടുനടക്കുന്നത്?' 

'എന്റെ അടുത്തുവരുന്ന ജനങ്ങളുടെ കാര്യങ്ങളില്‍ ഞാന്‍ ഇപ്പോഴും ഇടപെടുന്നുണ്ട്; അന്നും അതുപോലെ തന്നെയായിരുന്നു. ജനങ്ങളുമായി ബന്ധപ്പെടുന്നതില്‍നിന്ന് മാറിനില്‍ക്കാന്‍ പറ്റുമോ'
'ജനാധിപത്യം വേണ്ടാ സ്വകാര്യവല്‍കരണം മതി എന്നു പറയുന്ന വലിയ ഭരണക്കാരെ എന്തിനാണ് കൈവെള്ളയില്‍  കൊണ്ടുനടക്കുന്നത്?' 

രു തവണ ലോക്സഭയിലേക്കും അഞ്ചു വട്ടം നിയമസഭയിലേക്കും മത്സരിച്ച് ജയിച്ച സി.പി.ഐ നേതാവ് ഭാര്‍ഗവി തങ്കപ്പന്‍ 25 വര്‍ഷമാണ് ജനപ്രതിനിധിയായിരുന്നത്. 1971-ല്‍ അടൂരില്‍നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട അഞ്ചാം ലോക്സഭയുടെ കാലാവധി അവസാനിക്കുന്നതിനു മുന്‍പാണ് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സമയത്തു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ ഒരു വര്‍ഷം കൂടി പാര്‍ലമെന്റിന്റെ കാലാവധി നീട്ടി. പിന്നീട് അഞ്ചാം നിയമസഭയില്‍ നെടുവത്തൂര്‍ നിയമസഭാമണ്ഡലത്തില്‍നിന്ന് എം.എല്‍.എ ആയി. 1977 മാര്‍ച്ചില്‍ നിലവില്‍ വന്ന ആ സഭ 1979 നവംബര്‍ അവസാനം വരെയാണ് നിലനിന്നത്. കോണ്‍ഗ്രസ്സിനൊപ്പമായിരുന്ന സി.പി.ഐ ഇടതുപക്ഷ ഐക്യത്തിനുവേണ്ടി ആ സഖ്യം ഉപേക്ഷിച്ചതായിരുന്നു കാരണം. പിന്നീട് 1980, 1982, 1987, 1996 തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി കിളിമാനൂരില്‍ ജയിച്ചു. 

1980-ല്‍ ഇടതുപക്ഷത്തിനൊപ്പമായിരുന്ന എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് രണ്ടു വര്‍ഷമായപ്പോള്‍ മാതൃപാര്‍ട്ടിയുമായി ലയിക്കാന്‍ രാജിവച്ചതോടെ ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണു, നിയമസഭയ്ക്ക് കാലാവധി രണ്ടു വര്‍ഷം മാത്രം. തുടര്‍ന്ന് 1982 മേയില്‍ നിലവില്‍ വന്ന ഏഴാം നിയമസഭ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കി. 1987-ല്‍ വീണ്ടും ഭരണം ഇടതുമുന്നണിക്ക്. ഇ.കെ. നായനാര്‍ മുഖ്യമന്ത്രി, വര്‍ക്കല രാധാകൃഷ്ണന്‍ സ്പീക്കര്‍. പാര്‍ട്ടി ഭാര്‍ഗവി തങ്കപ്പനെ ഡെപ്യൂട്ടി സ്പീക്കറാക്കി. കേരള നിയമസഭയില്‍ ഡെപ്യൂട്ടി സ്പീക്കറാകുന്ന മൂന്നാമത്തെ സ്ത്രീ, ആദ്യ ദളിത് സ്ത്രീ. 

അതിനുശേഷം ഇതേവരെ മറ്റൊരു സ്ത്രീ ആ പദവിയില്‍ എത്തിയുമില്ല. നാലാം വര്‍ഷം നിയമസഭ പിരിച്ചുവിട്ട് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചു. ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ വന്‍വിജയം നല്‍കിയ പ്രതീക്ഷയില്‍ ഭരണത്തുടര്‍ച്ച തേടിയായിരുന്നു ആ നടപടി. ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒന്നിച്ചായിരുന്നു 1991-ലെ തെരഞ്ഞെടുപ്പ്.  ഭാര്‍ഗവി തങ്കപ്പന്‍ അടൂരില്‍നിന്ന് വീണ്ടും ലോക്സഭയിലേക്കാണ് മത്സരിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സഹതാപതരംഗത്തില്‍ യു.ഡി.എഫ് വിജയിച്ചു. 

പാര്‍ട്ടിയില്‍നിന്നു താന്‍ മാറിനിന്നിട്ടൊന്നുമില്ല എന്ന് കുറച്ചുകാലത്തെ അച്ചടക്ക നടപടിയെക്കുറിച്ച് അവര്‍ പറയുന്നു. പക്ഷേ, പാര്‍ട്ടി നടപടിക്ക് ഇടയാക്കിയ വിവാദത്തില്‍ പുതിയ ഒരു ചര്‍ച്ചയ്ക്കു വാതില്‍ തുറക്കാന്‍ അവര്‍ക്ക് താല്പര്യമില്ല. 'എന്റെ അടുത്തുവരുന്ന ജനങ്ങളുടെ കാര്യങ്ങളില്‍ ഞാന്‍ ഇപ്പോഴും ഇടപെടുന്നുണ്ട്; അന്നും അതുപോലെ തന്നെയായിരുന്നു. ജനങ്ങളുമായി ബന്ധപ്പെടുന്നതില്‍നിന്ന് മാറിനില്‍ക്കാന്‍ പറ്റുമോ. പാര്‍ട്ടിയിലല്ലേ ഇല്ലാതിരുന്നുള്ളു.' 81ാം വയസില്‍ ഭാര്‍ഗവി തങ്കപ്പന്‍ ജീവിതം പറയുന്നു. 

ഭാർ​ഗവി തങ്കപ്പൻ/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
ഭാർ​ഗവി തങ്കപ്പൻ/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

അപ്രതീക്ഷിതമായി രാഷ്ട്രീയത്തിലേക്ക്

കോട്ടയത്ത് റബ്ബര്‍ ബോര്‍ഡില്‍ ജോലികിട്ടി ആറുമാസം തികയും മുന്‍പാണ് കോട്ടയം പള്ളത്ത് വൈദ്യുതി ബോര്‍ഡ് ഓഫീസില്‍ ജോലി കിട്ടിയത്. ഭര്‍ത്താവിനും അവിടെയായിരുന്നു ജോലി. താമസവും കോട്ടയത്ത്. അപ്പോഴാണ് 1971-ലെ ലോക്സഭാ തെരഞ്ഞെടുപ്പ്. സി.പി.ഐയുടെ സ്ഥാനാര്‍ത്ഥിയാക്കാന്‍ താല്പര്യം അറിയിച്ച് പാര്‍ട്ടി നേതാക്കള്‍ വന്നു. 'എ.ഐ.ടി.യു.സിയുടെ പ്രസിഡന്റായിരുന്ന സഖാവ് പി. ഭാസ്‌കരന്‍ സാറും പാര്‍ട്ടി ജില്ലാ സെക്രട്ടറി സഖാവ് കെ.പി. ചന്ദ്രനും ആദ്യം, കൊട്ടാരക്കരയ്ക്കടുത്ത് അണ്ടൂരിലെ വീട്ടില്‍ച്ചെന്ന് അച്ഛനോടാണ് ചോദിച്ചത്. അച്ഛന്‍ പാര്‍ട്ടിക്കാരനാണ്. എന്നോടു ചോദിക്കാന്‍ അച്ഛന്‍ പറഞ്ഞു. അവര്‍ കോട്ടയത്തു വന്ന് ഭര്‍ത്താവിനോടാണ് ചോദിച്ചത്. ഭര്‍ത്താവ് എ.കെ. തങ്കപ്പന്‍ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ വലിയ താല്പര്യമുള്ളയാളും സംഘടനാപ്രവര്‍ത്തകനുമായിരുന്നു. ഭാര്‍ഗവിയുമായി സംസാരിച്ചിട്ടു പറയാമെന്നും താല്പര്യമുണ്ടാകുമെന്നുമാണ് അദ്ദേഹം അവരെ അറിയിച്ചത്. ഞാന്‍ ബി.എയ്ക്കും എം.എയ്ക്കും പൊളിറ്റിക്കല്‍ സയന്‍സായിരുന്നു. പക്ഷേ, വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴൊന്നും രാഷ്ട്രീയത്തില്‍ ഇറങ്ങി പ്രവര്‍ത്തിച്ചിട്ടില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ താല്പര്യം കാണിച്ചില്ല. കാരണം, അച്ഛനേയും അമ്മയേയും സഹായിക്കാനാണ് ഞാന്‍ പഠിച്ചതും ജോലി നേടിയതും. അതായിരുന്നു മനസ്സിലുണ്ടായിരുന്ന ഒരേയൊരു കാര്യം. ജോലി ചെയ്തു തുടങ്ങിയിട്ടേയുള്ളു. ചെറുകിട കര്‍ഷക കുടുംബമാണ്. മൂന്നര ഏക്കറോളം ഭൂമിയുണ്ട്. നേരം വെളിച്ചം വീഴുമ്പോഴേ അമ്മയും അച്ഛനും ഒരുമിച്ചു പറമ്പില്‍ ഇറങ്ങി പണി ചെയ്യുന്നതു കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്. കൃഷിയൊക്കെ ചെയ്യുന്നത് നമുക്കു കാണാനും സഹകരിക്കാനും ഇഷ്ടമാണെങ്കിലും അത് ചെയ്യാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. പഠിക്കുന്ന കാലത്തേ അച്ഛനുമൊക്കെ കൃഷിപ്പണി ചെയ്യുന്നതു കാണുമ്പോള്‍ കൂടെപ്പോയി ഒന്നു സഹായിക്കുന്നത് നല്ലതാണല്ലോ എന്നു കരുതി സഹായിക്കാന്‍ ചെല്ലുമ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് അറിയുന്നത്. ഇപ്പോള്‍ ഇവിടെത്തന്നെ, എന്തെങ്കിലുമൊരു പച്ചക്കറി വച്ചുപിടിപ്പിക്കാന്‍ വന്ന കാലം മുതല്‍ ശ്രമിക്കുന്നതാണ്. ഒരൊറ്റ ഒരെണ്ണം ഇതുവരെ പിടിച്ചില്ല. പല കാരണങ്ങളായിരിക്കും. ഏതായാലും ജോലി രാജിവച്ചാല്‍ അവരെ സഹായിക്കാന്‍ പറ്റില്ല എന്നതൊരു വല്ലാത്ത വിഷമമായിരുന്നു.' അത് ഭര്‍ത്താവിനോടു തുറന്നു പറഞ്ഞു. പക്ഷേ, 'ഇപ്പോഴൊന്നും പറഞ്ഞിട്ടില്ല, ഞാന്‍ അവരെ പറഞ്ഞു സമ്മതിപ്പിക്കാം' എന്നാണ് അദ്ദേഹം പാര്‍ട്ടി നേതാക്കളോട് പറഞ്ഞത്. അങ്ങനെയാണെങ്കില്‍ രണ്ടു ദിവസം കഴിഞ്ഞ് രണ്ടുപേരും കൂടി എം.എന്നെ പോയൊന്നു കാണണം എന്ന് അവര്‍ പറഞ്ഞു. എം.എന്‍. ഗോവിന്ദന്‍ നായര്‍ പാര്‍ട്ടി സെക്രട്ടറിയാണ്. 'അങ്ങനെ ഞങ്ങള്‍ രണ്ടുപേരും കൂടി തിരുവനന്തപുരത്ത് പ്ലാമ്മൂട്ടിലെ വീട്ടില്‍ച്ചെന്ന് എം.എന്നെ കണ്ടു. അതിനിടയില്‍ ഭര്‍ത്താവ് നിരന്തരം ക്ലാസ്സെടുത്തുകൊണ്ടിരിക്കുകയാണ്; രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം, ഇടതുപക്ഷത്തിന്റെ പ്രസക്തി, ഉന്നത വിദ്യാഭ്യാസമുള്ളവര്‍ പൊതുപ്രവര്‍ത്തനത്തില്‍ വരേണ്ടതിന്റെ ആവശ്യകത, അതിലൂടെ പുതിയ തലമുറയ്ക്ക് കൊടുക്കാന്‍ കഴിയുന്ന സന്ദേശം. അങ്ങനെയങ്ങനെ. ഒടുവില്‍ പകുതി സമ്മതിച്ചാണ് എം.എന്നെ കാണാന്‍ പോകുന്നത്.'

സ്ഥാനാര്‍ത്ഥിയാകുന്നു ജയിക്കുന്നു

'എം.എന്‍ ഭാര്യ ദേവകി ടീച്ചറെ വിളിച്ച് പരിചയപ്പെടുത്തി. എന്നിട്ട് കുറച്ചുനേരം എന്നോടു സംസാരിച്ചു. അതു കഴിഞ്ഞപ്പോള്‍ രാഷ്ട്രീയത്തിലേക്കു വരാനുള്ള എന്റെ സമ്മതം പൂര്‍ണ്ണമായി. എം.എന്റെ സംസാരം ഒരു പ്രത്യേകതയാണ്. കാര്യങ്ങള്‍ പറഞ്ഞ് മനുഷ്യരെ കൈയിലെടുക്കാന്‍, ഒരു തടസ്സവും പറയാന്‍ പറ്റാത്തവിധം പഴുതുകള്‍ അടച്ചാണ് സംസാരിക്കുന്നത്.'' അങ്ങനെ സ്ഥാനാര്‍ത്ഥിയായി. തെരഞ്ഞെടുപ്പിന് ഒരു മാസമേയുള്ളു. എനിക്ക് അന്നേരവും ജയിക്കുമെന്ന ഉറപ്പ് വന്നിട്ടില്ലായിരുന്നു. മനസ്സിലെന്തോ ഒരു ഉറപ്പില്ലായ്ക. അച്ഛനേയും അമ്മയേയും പോയി കാണണം, അവര്‍ എന്തുമാത്രം എനിക്കുവേണ്ടി കഷ്ടപ്പെട്ടതാണ് എന്ന വിചാരമാണ് മനസ്സു നിറയെ; അവരെപ്പോലെ എന്റെ സഹോദരങ്ങളുമെല്ലാം. പക്ഷേ, ഞാന്‍ രാഷ്ട്രീയത്തിലേക്കു മാറുന്നത് അച്ഛനും അമ്മയ്ക്കും വലിയ സന്തോഷമായിരുന്നു. ഏതായാലും ജയിച്ച് അടൂരില്‍നിന്നു പാര്‍ലമെന്റ് അംഗമായി. സത്യത്തില്‍ എന്നെ ജീവിതത്തില്‍ യഥാര്‍ത്ഥ മനുഷ്യനായിരിക്കാന്‍ സഹായിച്ചത് ഈ രാഷ്ട്രീയപ്രവര്‍ത്തനമായിരുന്നു.'

'എന്റെ വീട്ടിലും അന്ന് വലിയ വിദ്യാഭ്യാസമുള്ളവര്‍ ഇല്ല. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും അതുകൊണ്ടുള്ള മഹത്തരമായ നേട്ടങ്ങളും മനസ്സിലാക്കാത്ത ജനങ്ങളാണുള്ളത്. സ്‌കൂള്‍ ദൂരെയാണ്. പ്രൈമറി സ്‌കൂളില്‍പോലും കിലോമീറ്ററുകള്‍ നടന്നേ പോകാന്‍ പറ്റുകയുള്ളു. ബാഗൊന്നുമില്ലല്ലോ. പുസ്തകവും വാരിപ്പിടിച്ച് കൂടെ പെന്‍സിലും കൈയില്‍പിടിച്ചിരിക്കും. അങ്ങനെയൊക്കെ പഠിച്ചാണ് വന്നത്. സ്വാഭാവികമായും അങ്ങനെ പഠിപ്പിച്ച മാതാപിതാക്കളെക്കുറിച്ച് ഓര്‍ക്കും. അച്ഛന്‍ മൂന്നാം ക്ലാസ്സ് വരെയേ പഠിച്ചിട്ടുള്ളു. അച്ഛന്‍ പിന്നീട് ചുറ്റുപാടുകളൊക്കെ കണ്ടും അറിഞ്ഞും പത്രം വായിച്ചുമൊക്കെയാണ് എല്ലാം മനസ്സിലാക്കിയത്. പത്താം ക്ലാസ്സ് പഠിച്ചതുപോലുള്ള അറിവ് ഉണ്ടായിരുന്നു. ജംഗ്ഷനില്‍ പോയി മുറുക്കാന്‍ കടയില്‍നിന്നാണ് പത്രം വായിച്ചിരുന്നത് എന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അച്ഛന് ടൈഫോയിഡ് വന്നു. മരിച്ചുപോകുന്ന സ്ഥിതി എത്തിയിട്ടാണ് രക്ഷപ്പെട്ടത്. എങ്കില്‍ ഇനി കുഞ്ഞിനെ സ്‌കൂളില്‍ അയയ്ക്കേണ്ട എന്ന് തീരുമാനിച്ചു. ഒരു മോനേയുള്ളു; ഏഴ് മക്കളില്‍ ആറു പേരും മരിച്ചതാണ്. സ്വന്തം മക്കളെ പഠിപ്പിക്കുന്ന ഘട്ടം വന്നപ്പോള്‍ ഞങ്ങളെ പഠിപ്പിക്കണം എന്ന് അച്ഛന്‍ തീരുമാനിച്ചു. 

അമ്മയും അച്ഛന്റെ തീരുമാനത്തിനൊപ്പം നിന്നു. വര്‍ക്കല ശിവഗിരി സമ്മേളനത്തിനു പോയപ്പോള്‍ ശ്രീനാരായണ ഗുരുസ്വാമികളെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വാങ്ങിക്കൊണ്ടുവന്നു. അന്നൊന്നും സന്ധ്യയ്ക്ക് വീട്ടില്‍ നിലവിളക്കു വയ്ക്കില്ല. കുറേക്കഴിഞ്ഞാണ് മനസ്സിലാകുന്നത് അച്ഛന് വിശ്വാസമില്ലാത്തതുകൊണ്ടാണെന്നും അച്ഛന്‍ കമ്യൂണിസ്റ്റായതുകൊണ്ടാണെന്നും. എന്നാല്‍, അമ്മയെ വിലക്കിയിട്ടില്ല. അതുകൊണ്ട് അമ്മ നിലവിളക്ക് കത്തിച്ച് എവിടെയെങ്കിലും വച്ചിട്ട് അമ്മയ്ക്ക് അറിയാവുന്നത് ചൊല്ലും. അന്നൊക്കെ അറിയാതെ ഞങ്ങളും പാടിയിട്ടുണ്ട്. അങ്ങനെ ആ പുസ്തകങ്ങളൊക്കെ വായിച്ചിട്ടാണ് അച്ഛന്‍ ആദ്യം എന്റെ ചേച്ചിയേയും പിന്നെ എന്നെയും താഴെയുള്ള രണ്ട് അനിയന്‍മാരേയും പഠിക്കാന്‍ വിടുന്നത്. എന്റെ നേരേ ഇളയ ആള്‍ പഠിക്കാന്‍ നല്ല മിടുക്കനായിരുന്നു. ഡിഗ്രി രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ കഴുത്തില്‍ കാന്‍സര്‍ വന്നു. ചികിത്സയ്ക്ക് ആശുപത്രിയിലായിരിക്കുമ്പോള്‍ സ്മോള്‍ പോക്സ് വന്നു മരിച്ചു. മക്കളില്‍ ആരും പഠിക്കാത്തവര്‍ ഉണ്ടാകരുത് എന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു. ഏറ്റവും ഇളയ ആളും പഠിച്ചു. ചേച്ചിക്കും സ്‌കൂളിനപ്പുറം പഠിക്കാന്‍ കഴിഞ്ഞില്ല. പത്താംക്ലാസ്സ് ജയിച്ചപ്പോള്‍ കൂട്ടുകാരികളൊക്കെ കോളേജില്‍ പോകുന്നതിനെക്കുറിച്ചു സംസാരിക്കുന്നതു ഞാനും കേട്ടു. എനിക്കും അവരെപ്പോലെ പഠിക്കണം എന്നു തോന്നി. ഞങ്ങളുടെ നാട്ടില്‍ ഒരു ടീച്ചര്‍ ഉണ്ടായിരുന്നു. സിംഗപ്പൂരിലായിരുന്നിട്ടു തിരിച്ചുവന്നതാണ്. ആ ടീച്ചര്‍ വര്‍ണ്ണക്കുടയും പിടിച്ചാണ് പോകുന്നത്. അന്ന് നാട്ടില്‍ വേറെ ആര്‍ക്കും വര്‍ണ്ണക്കുടയില്ല. എനിക്കും അതുപോലൊന്നു വേണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. നമ്മള്‍ തന്നെ ജോലി ചെയ്തുണ്ടാക്കിയാലേ വാങ്ങാന്‍ പറ്റൂ എന്നും അറിയാം. ആ ടീച്ചറിനെപ്പോലെ ആയാല്‍ നമുക്കും അത് വാങ്ങാന്‍ പറ്റും. അതായിരുന്നു എന്റെ പ്രേരണ. അല്ലാതെ നോക്കിക്കണ്ടു പഠിക്കാന്‍ വേറെ ആരുമില്ല. പെണ്‍കുട്ടികളെ സ്‌കൂളില്‍ വിടുന്നവര്‍ കുറവ്. എത്രയോ കിലോമീറ്ററുകള്‍ക്കുള്ളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍  ആരുമില്ല. അങ്ങനെ ഒരു ദിവസം സ്‌കൂളില്‍ പോകുമ്പോള്‍ ഞങ്ങളുടെ വഴിക്കൊരിടത്തുനിന്ന് ഒരു പെണ്‍കുട്ടിയെ കിട്ടി. ഞങ്ങളൊരേ പ്രായക്കാരുമാണ്. പക്ഷേ, ഞങ്ങള്‍ രണ്ടുപേരും പോകുന്ന സമയം രണ്ടായതുകൊണ്ട് സ്ഥിരമായി ഒന്നിച്ചുപോകാന്‍ കഴിഞ്ഞില്ല. ചര്‍ച്ച ചെയ്ത്, ഒന്നിച്ചു കണ്ടുമുട്ടുന്ന സമയം തീരുമാനിക്കാനൊന്നും അറിഞ്ഞുകൂടാ. അതിനു പ്രാപ്തിയായില്ല. പിന്നെ പത്താംക്ലാസ്സൊക്കെ ആകാറായപ്പോഴാണ് അയാളെ വീണ്ടും കാണുന്നത്. പ്രീ യൂണിവേഴ്സിറ്റി അവസാന ബാച്ചാണ് ഞാന്‍. കൊല്ലം എസ്.എന്‍ വിമന്‍സ് കോളേജില്‍ ചേര്‍ന്നു. ഡിഗ്രിക്ക് എസ്.എന്‍ കോളേജില്‍ പഠിച്ചു. ബി.എ കഴിഞ്ഞപ്പോള്‍ കല്യാണാലോചനകളൊക്കെ വന്നുതുടങ്ങി. പക്ഷേ, മുന്നോട്ടു പഠിക്കണം എന്ന് ഞാന്‍ പറഞ്ഞു; ഒരാളും കല്യാണക്കാര്യം പറഞ്ഞു വീട്ടില്‍ വരണ്ട. എം.എ പഠിക്കണം എന്ന് പറഞ്ഞു. അന്ന് പിഎച്ച്.ഡിയെക്കുറിച്ചൊന്നും എനിക്കറിയില്ല. എം.എ ജയിച്ചു കഴിഞ്ഞാണ് കല്യാണത്തിനു സമ്മതിച്ചത്. പഠനം കഴിഞ്ഞപ്പോള്‍ ഗവണ്‍മെന്റ് സര്‍വ്വീസില്‍തന്നെ ജോലി കിട്ടാന്‍ ആഗ്രഹിച്ചു. അതാകുമ്പോള്‍ ശമ്പളത്തില്‍  ഉറപ്പുണ്ടല്ലോ എന്നതായിരുന്നു കാരണം. മറ്റൊന്ന്, വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി അന്വേഷിച്ചു നടന്നാല്‍ സമയനഷ്ടമാണ് എന്നു തോന്നി. അതുകൊണ്ടാണ് ക്ലറിക്കല്‍ പോസ്റ്റിനു ശ്രമിച്ചത്. റബ്ബര്‍ ബോര്‍ഡില്‍ കിട്ടുകയും ചെയ്തു. വൈദ്യുതിബോര്‍ഡില്‍ അന്ന് എല്‍.ഡി.സിക്ക് ഗ്രാജ്വേറ്റ് അലവന്‍സ് ഉണ്ടായിരുന്നു. പി.എസ്.സി വഴി വൈദ്യുതിബോര്‍ഡില്‍ കിട്ടി. മറ്റേ ജോലി രാജിവച്ച് കെ.എസ്.ഇ.ബിയില്‍ കയറി. അവിടെ ജോലി ചെയ്യുമ്പോള്‍ പി.എസ്.സി വഴി തന്നെ ഹൈസ്‌കൂള്‍ ടീച്ചര്‍ ജോലി കിട്ടി. കോളേജില്‍ കിട്ടുമ്പോള്‍ ടീച്ചറായാല്‍ മതി, സ്‌കൂളില്‍ അതിനു മുന്‍പു വേണ്ട എന്ന് തീരുമാനിച്ചു. ഞാന്‍ തന്നെയങ്ങ് തീരുമാനിക്കുകയാണ്. ആരോടും ആലോചിക്കാനില്ലല്ലോ.'

ഭാർ​ഗവി തങ്കപ്പൻ (പഴയ ചിത്രം)
ഭാർ​ഗവി തങ്കപ്പൻ (പഴയ ചിത്രം)

പാര്‍ലമെന്റില്‍

എം.പിയായി ഡല്‍ഹിയില്‍ ചെന്നപ്പോള്‍ നല്ല സൗഹൃദത്തോടെയാണ് എല്ലാവരും സ്വീകരിച്ചത്. അതില്‍ രാഷ്ട്രീയമൊന്നുമില്ല. എല്ലാ രാഷ്ട്രീയക്കാരും പുതിയ ആളുകളെ എവിടെ വച്ചു കണ്ടാലും നല്ല രീതിയിലാണ് സ്വീകരിക്കുന്നതും സഹകരിക്കുന്നതും. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സഖാവ് ഇന്ദ്രജിത്ത് ഗുപ്തയായിരുന്നു ലോക്സഭയില്‍. അവരൊക്കെ വളരെ മുതിര്‍ന്ന നേതാക്കളും വിദേശ വിദ്യാഭ്യാസം കഴിഞ്ഞുവന്നവരുമൊക്കെയാണ്. അവരുടെയൊക്കെ പ്രസംഗം കേട്ടാല്‍ അന്തംവിട്ട് ഇരുന്നുപോകും. ഞാനങ്ങോട്ടു വന്നതല്ലേയുള്ളു, പുതിയ ആളല്ലേ. അന്നെനിക്ക് 29 വയസ്സ്. അപ്പുറത്തും ഇപ്പുറത്തുമൊക്കെ ഇരിക്കുന്നവര്‍ വളരെ മുതിര്‍ന്നവര്‍. എത്ര കാലം വേണമെങ്കിലും അവര്‍ക്ക് അവരുടെ മണ്ഡലത്തില്‍നിന്നു ജയിച്ചു വരാം. ഒരിക്കലും അവര്‍ അവരുടെ സീറ്റ് വിട്ടുപോകുന്നില്ല. വനിതാസംവരണ ബില്ല് പാസ്സാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇടതുപക്ഷം അതിനെ വളരെ താല്പര്യത്തോടും സന്തോഷത്തോടും കൂടിയാണ് പിന്തുണയ്ക്കുന്നത്. അതൊക്കെ ശരിതന്നെയാണ്. പക്ഷേ, മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഉണ്ടെങ്കിലല്ലേ പാസ്സാക്കാന്‍ പറ്റുകയുള്ളു. ഭരണപക്ഷത്തിനു താല്പര്യമുണ്ടായാല്‍പോലും അവരുടെ ആളുകളല്ലേ ഇതിനു വേലവെയ്ക്കുന്നത്. അവര്‍ ഒരിക്കലും ബില്‍ പാസ്സാക്കാന്‍ പിന്താങ്ങിയിട്ടില്ലല്ലോ, മുന്‍പ് ഭരിച്ചവരും ചെയ്തിട്ടില്ല. ഇപ്പോള്‍ ഭരിക്കുന്നവരും ചെയ്യുന്നില്ല. എം.പി ആയിരിക്കുമ്പോള്‍ വിലക്കയറ്റത്തിനെതിരേ സമരം ചെയ്ത് രണ്ടാഴ്ച തിഹാര്‍ ജയിലില്‍ കഴിഞ്ഞു. ആദ്യത്തെ സമരമായിരുന്നു അത്. അതിനുമുന്‍പ് സമരം ചെയ്യാനും അറസ്റ്റ് വരിക്കാനുമൊന്നും അവസരമുണ്ടായിട്ടില്ല. റുമേനിയ, ഹംഗറി, റഷ്യന്‍ യാത്രയും ജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങളിലുണ്ട്. 'ഡാന്യൂബിന്റെ തീരങ്ങളില്‍' എന്ന പേരില്‍ എഴുതിയ യാത്രാവിവരണത്തിന്റെ ഒരു കോപ്പി പോലും ഇല്ലാത്തതാണ് വലിയ വിഷമങ്ങളിലൊന്ന്.  

ഇന്ദിരയുടെ തെറ്റ്

കോണ്‍ഗ്രസ്സുകാര്‍ ഒരിക്കലും ജനാധിപത്യത്തിന് എതിരെ നിന്നിട്ടില്ല എന്നാണ് ഭാര്‍ഗവി തങ്കപ്പന്റെ അഭിപ്രായം. ''ആ കാര്യത്തിലൊക്കെ അവര്‍ക്ക് നിലപാടുണ്ടായിരുന്നു. വേറൊരു കാര്യമുള്ളത്, ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ പുരുഷ പ്രധാനമന്ത്രിമാരേക്കാള്‍ ഭരണം കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ടായിരുന്ന ആളായിരുന്നു എന്നതാണ്. നല്ല കഴിവുള്ള, മികച്ച പാര്‍ലമെന്റേറിയനായിരുന്നു എന്നൊക്കെ കേട്ടിട്ടുണ്ട്. പക്ഷേ, സ്ത്രീകള്‍ ഭൂരിപക്ഷമുള്ള ഒരു രാജ്യത്തെ ജനാധിപത്യത്തെ ശരിയായി പ്രതിനിധീകരിക്കുന്ന സഭകളാക്കി പാര്‍ലമെന്റിന്റെ രണ്ടു സഭകളേയും മാറ്റാന്‍ അവര്‍ക്കു കഴിയേണ്ടതായിരുന്നു.  അവര്‍ക്ക് അന്നത് നല്ല രീതിയില്‍ ചെയ്യാന്‍ കഴിയുമായിരുന്നു. അങ്ങനെയൊരു നല്ല അവസരം ഉണ്ടായപ്പോള്‍ ഇന്ദിരാ ഗാന്ധി അതില്‍ ഒന്നും ചെയ്യാതെ പോയത് മഹാ അബദ്ധം തന്നെയാണ്. മാനസികമായി എന്തുകൊണ്ട് അങ്ങനെയൊന്നു വളരാന്‍ കഴിഞ്ഞില്ല എന്നറിയില്ല. ആരും ഒന്നും എതിര്‍ക്കില്ല; മൃഗീയ ഭൂരിപക്ഷത്തോടെ എന്നും ജയിച്ച് എന്നും ഭരിച്ചിരുന്ന പാര്‍ട്ടിയാണല്ലോ. വനിതാ സംവരണ ബില്ല് അവതരിപ്പിച്ചു പാസ്സാക്കാന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ശ്രമിച്ചിരുന്നെങ്കില്‍ ആ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എതിര്‍ക്കാന്‍ ആരും ഉണ്ടാകില്ലായിരുന്നു. അവര്‍ ശ്രമിച്ചിരുന്നെങ്കില്‍ ഈസിയായി സാധിക്കുമായിരുന്നു. ആവശ്യമല്ലേ, അത്? ഈ ജനാധിപത്യം എന്നത് പുരുഷാധിപത്യം തന്നെയാണ്. ഇന്ദിരാ ഗാന്ധി അതു ചെയ്തിരുന്നെങ്കില്‍ അവര്‍ എന്നും ഓര്‍ക്കപ്പെടുന്നത് അതിന്റെ പേരിലാകുമായിരുന്നു. ഒരു സ്ത്രീ എന്ന നിലയില്‍  പുരുഷന്മാരേക്കാള്‍ അവര്‍ക്ക് ആ കാര്യത്തില്‍ ഉത്തരവാദിത്വവുമുണ്ടായിരുന്നു.'' 
പക്ഷേ, അവര്‍ ഇന്ന് അടിയന്തരാവസ്ഥയുടെ പേരിലാണ് ഓര്‍മ്മിക്കപ്പെടുന്നത് എന്നും അതൊരു ട്രാജഡിയാണ് എന്നും ഭാര്‍ഗവി ചൂണ്ടിക്കാട്ടുന്നു; 'അടിയന്തരാവസ്ഥ ഒരു ട്രാജഡി തന്നെയായിരുന്നു. ഉള്ള നല്ല പേരും കൂടി അതിന്റെ പേരിലങ്ങു പോയി. ജനാധിപത്യത്തിനു വേണ്ടിയൊക്കെ നിലകൊണ്ട ആളുകളെ അനാവശ്യമായി ജയിലില്‍ ഇട്ട്, അവര് പറയുന്നതേ അംഗീകരിക്കില്ല എന്ന രീതിയില്‍ ജനാധിപത്യ അവകാശങ്ങള്‍ നിഷേധിച്ചതിനെ ഞങ്ങള്‍ക്ക് എതിര്‍ക്കാന്‍ കഴിഞ്ഞില്ല. ജനാധിപത്യ അവകാശങ്ങള്‍ക്കുവേണ്ടി മറ്റാരേക്കാള്‍ ശക്തമായി നിലകൊള്ളുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. പക്ഷേ, അടിയന്തരാവസ്ഥയ്ക്ക് അനുകൂലമായാണ് സി.പി.ഐ നിലപാടെടുത്തത്. അത് തെറ്റായിപ്പോയെന്ന് പാര്‍ട്ടി പിന്നീട് വിലയിരുത്തിയിട്ടുണ്ട്. ആ സാഹചര്യത്തില്‍ അതേ പറ്റിയുള്ളു. 

നിയമസഭയില്‍

ആദ്യത്തെ ജയത്തിനു ശേഷം പാര്‍ലമെന്റിലേക്ക് വീണ്ടും നിര്‍ത്താതെ നിയമസഭയിലേക്കു മത്സരിപ്പിച്ചതിന്റെ കാരണം അറിയില്ല എന്നാണ് ചോദ്യത്തിന് ഉത്തരമായി ഭാര്‍ഗവി പറയുന്നത്. 'പാര്‍ട്ടിയല്ലേ തീരുമാനിക്കുന്നത്. എന്തിനാ എന്നെ മാറ്റിയത് എന്നറിയില്ല. ആദ്യം അടൂരില്‍നിന്ന് ജയിച്ചു കഴിഞ്ഞ് രണ്ടാമതും അവിടെ എന്നെത്തന്നെ നിര്‍ത്താതിരുന്നത് എന്തുകൊണ്ടാണെന്നും അറിയില്ല. പാര്‍ട്ടിക്ക് അതൊരു പരാജയമായി. എന്നെത്തന്നെ നിര്‍ത്തിയിരുന്നെങ്കില്‍ ആ മണ്ഡലം പോകില്ലായിരുന്നു. എനിക്കൊരു സംശയവുമില്ല ആ കാര്യത്തില്‍.' 1991-ലെ തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മകലശം ഇവിടൊക്കെ കൊണ്ടുവന്നത് കോണ്‍ഗ്രസ്സിന്റെ ജയത്തെ സഹായിച്ചു എന്നാണ് അവരുടെ നിരീക്ഷണം. 'തുറന്ന ലോറിയില്‍ ഓരോ സ്ഥലത്തും അത് എത്തിച്ചപ്പോള്‍ സ്ത്രീകളൊക്കെ വലിയ കരച്ചിലായിരുന്നു. അതുപോലെയായിരുന്നു കോണ്‍ഗ്രസ്സുകാരുടെ സംസാരവും പ്രചാരണവും പ്രവര്‍ത്തനങ്ങളും. പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളുടേയും മുക്കിലും മൂലയിലും അവരത് എത്തിച്ചു. അവര്‍ക്ക് വേറൊന്നും ചെയ്യേണ്ടായിരുന്നു വിജയിക്കാന്‍.'

ഡെപ്യൂട്ടി സ്പീക്കറായപ്പോള്‍ ഗൗരിയമ്മയുണ്ട് മന്ത്രിസഭയില്‍. 'എല്ലാവരും നല്ല സഹകരണമാണ് തന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ക്ക് കാര്യമായി സഭയില്‍ പെര്‍ഫോം ചെയ്യാനൊന്നും അവസരമില്ല. നിയമമനുസരിച്ച് കാര്യങ്ങള്‍ നടക്കുന്നുണ്ടോ എന്ന് നോക്കുക. സര്‍ക്കാരിന്റെ ബിസിനസ് നന്നായി നടത്തിക്കൊടുക്കുകയാണല്ലോ സ്പീക്കറുടേയും ഡെപ്യൂട്ടി സ്പീക്കറുടെയുമൊക്കെ ചുമതല. എല്ലാ അംഗങ്ങളോടും ശരിയായ നീതി പുലര്‍ത്തുകയും വേണം. എല്ലാ എം.എല്‍.എമാരും ഞാന്‍ ചെയറില്‍ ഇരിക്കുമ്പോള്‍ നന്നായി മാത്രമേ പെരുമാറിയിട്ടുള്ളു. അതില്‍ പാര്‍ട്ടി വ്യത്യാസമൊന്നുമില്ല. നല്ലതല്ലാത്ത ഒരു അനുഭവം പോലുമില്ല. പിന്നെ, വലിയ രാഷ്ട്രീയ ബഹളമൊക്കെ ഉണ്ടായാല്‍ സ്പീക്കര്‍ തന്നെ എത്തി സഭയുടെ നിയന്ത്രണം ഏറ്റെടുക്കും. അതുകൊണ്ട് എനിക്ക് അങ്ങനെയുള്ള രംഗങ്ങളൊന്നും കൈകാര്യം ചെയ്യേണ്ടിവന്നിട്ടില്ല. എനിക്കു മുന്‍പ് ഞങ്ങളുടെ പാര്‍ട്ടിയിലെത്തന്നെ കെ.ഒ. ഐഷാ ബായി 1957-ലെ ഒന്നാം കേരള നിയമസഭയിലും പിന്നെ കോണ്‍ഗ്രസ്സിലെ എ. നഫീസത്തു ബീവി 1960-1964 കാലയളവിലും ഡെപ്യൂട്ടി സ്പീക്കറായിട്ടുണ്ട്. പക്ഷേ, എനിക്കു ശേഷം ഇതുവരെ ഒരു സ്ത്രീയെ ഒരു പാര്‍ട്ടിയും ഡെപ്യൂട്ടി സ്പീക്കറാക്കിയില്ല; സഭയുടെ ചരിത്രത്തില്‍ ഇതുവരെ ഒരു സ്ത്രീ സ്പീക്കറുമായില്ല.'

പക്ഷേ, സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കൊടുക്കാതിരിക്കാന്‍ പാര്‍ട്ടികള്‍ക്ക് കഴിയില്ല എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. 'നേരത്തേ പഠിച്ചുവച്ചിട്ടൊന്നുമല്ലല്ലോ, ചെന്നുകഴിഞ്ഞങ്ങ് പഠിക്കുകയല്ലേ. സ്ത്രീകളുടെ പങ്കാളിത്തമില്ലാതെ ജനാധിപത്യം എങ്ങനെയാ വിജയിക്കുന്നത്? അതിനേക്കുറിച്ചുള്ള ബോധമെങ്കിലും ഉണ്ടാകണ്ടേ ആളുകള്‍ക്ക്. സ്ത്രീകള്‍ക്കുപോലും ബോധമില്ല. ജനാധിപത്യം ജനങ്ങളുടെ ആധിപത്യമാണ്, ജനങ്ങളില്‍ പകുതിയും സ്ത്രീകളാണ്. എന്നിട്ടും അവരുടെ പങ്ക് എല്ലായിടത്തും വട്ടപ്പൂജ്യമായാല്‍ എന്തുചെയ്യും. നിയമസഭകളിലും പാര്‍ലമെന്റിലുമൊക്കെ സ്ത്രീപ്രാതിനിധ്യം എട്ടും ഒന്‍പതും പത്തും ശതമാനമൊക്കെയേ ഉള്ളൂ.'

ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

സ്ത്രീ സംവരണവും മാറ്റങ്ങളും

നിയമനിര്‍മ്മാണസഭകളിലെ സ്ത്രീ സംവരണം ഇതുവരെ യാഥാര്‍ത്ഥ്യമാകുന്നില്ല എന്നതു വസ്തുതയാണെങ്കിലും പക്ഷേ, അതാതു പാര്‍ട്ടികള്‍ക്ക് സ്വന്തം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സ്ത്രീസംവരണം നടപ്പാക്കാമല്ലോ എന്ന അതിപ്രധാന അഭിപ്രായം ഭാര്‍ഗവി തങ്കപ്പന്‍ മുന്നോട്ടു വയ്ക്കുന്നു. 'ഞങ്ങളിത് ഞങ്ങളുടെ പാര്‍ട്ടി വേദികളില്‍ പറയാറുണ്ട്. പാര്‍ലമെന്റ് പാസ്സാക്കിയില്ലെങ്കിലും നമ്മുടെ പാര്‍ട്ടിക്കാര്‍ക്കും മറ്റു പാര്‍ട്ടികള്‍ക്കും എന്തുകൊണ്ട് ആ വഴിക്കു ചിന്തിച്ചുകൂടാ? ഞങ്ങളുടെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ പാര്‍ട്ടി മാത്രം മതിയല്ലോ. വനിതാബില്ല് പാര്‍ലമെന്റില്‍ പാസ്സാക്കാന്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ അനുകൂലിക്കുന്നു; സ്വന്തം കാര്യത്തില്‍ അവര്‍ നടപ്പാക്കുന്നുമില്ല. കമ്യൂണിസ്റ്റുകാരുടെ പാര്‍ട്ടിക്കകത്ത് എന്തുകൊണ്ട് അങ്ങനെ ഒരു മാറ്റത്തിനു ശ്രമിച്ചില്ല? ജനാധിപത്യപരമായ ആ പങ്കാളിത്തം കൊടുക്കാന്‍ ആര്‍ക്കും ഒരു താല്പര്യമില്ലായ്മ പോലെയാണ്. സ്ത്രീകളെ പ്രതിനിധീകരിച്ചു സ്ത്രീകള്‍ തന്നെ വരാന്‍ ആകെ എത്ര സീറ്റുണ്ടോ ജനസംഖ്യാനുപാതികമായി പകുതി സീറ്റും സ്ത്രീകള്‍ക്കു നീക്കിവയ്ക്കണം. അതിനും സാധിക്കുന്നില്ല. എല്ലായിടത്തും പുരുഷന്മാരാണ് ഉടക്കിടുന്നത്. ജനാധിപത്യം വേണ്ടാ സ്വകാര്യവല്‍കരണം മതി എന്നു പറയുന്ന വലിയ ഭരണക്കാരെ, ഈ ഭരണാധികാരികളെ എന്തിനാണ് കൈവെള്ളയില്‍ കൊണ്ടുനടക്കുന്നത്? സ്ത്രീകളുടെ കാര്യത്തിന് സ്ത്രീകള്‍ തന്നെ ഇറങ്ങുന്നില്ല. അവര്‍ക്കാര്‍ക്കും ഒരു മന്ത്രിയുമാകണ്ട; അപ്പോള്‍ അവരുടെ വളര്‍ച്ച എങ്ങോട്ടാ? ഏതു പാര്‍ട്ടി എടുത്താലും അതാണു സ്ഥിതി, വനിതാ സംവരണ ബില്ല് പാസ്സാക്കാന്‍ മുന്നില്‍ നില്‍ക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെ. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ നടത്തുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം എന്നൊക്കെ പറയും. അങ്ങനെയാണ് പഠിച്ചുവന്നത് നമ്മളൊക്കെ. പക്ഷേ, തെരഞ്ഞെടുപ്പു വരുമ്പോള്‍ എല്ലാവരും പുരുഷന്മാരായാല്‍ കൊള്ളാം എന്ന മനോഭാവം. സ്ത്രീകളാരും കൊള്ളില്ല ഒന്നിനും. നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീ സംവരണ ബില്ല് പാസ്സാക്കുന്നതിനു മുന്‍പ് വലിയ ചര്‍ച്ചയായിരുന്നു. സ്ത്രീകളെക്കൊണ്ട് ഒന്നിനും പറ്റില്ല; അവരെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ അവരുടെ സ്ഥാനത്ത് ഒന്നുകില്‍ അച്ഛന്‍, അല്ലെങ്കില്‍ ഭര്‍ത്താവ് അതുമല്ലെങ്കില്‍ സഹോദരനായിരിക്കും ജോലിയെല്ലാം ചെയ്യുന്നത് എന്നായിരുന്നു. അങ്ങനെ വ്യാഖ്യാനിക്കുന്ന പുരുഷന്മാരുടെ ജനാധിപത്യ ബോധത്തെപ്പറ്റി എന്താണ് പറയേണ്ടത്.'

സ്ത്രീ സംഘടനകള്‍ സുഖലോലുപരമായി മാറുന്നുണ്ടോ എന്നുള്ളത് സ്വയം ചോദിക്കേണ്ട ചോദ്യമാണ് എന്ന് അവര്‍ പറയുന്നു. 'കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ താല്പര്യമുണ്ട്, ഇല്ലെന്നല്ല. സമരങ്ങളൊക്കെ നയിക്കുന്നുണ്ട്. പക്ഷേ, സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയിലേക്ക് സ്വതന്ത്ര ഇന്ത്യയെ കൊണ്ടെത്തിച്ചുകൊണ്ടേയിരിക്കുന്നതിനെതിരെ വേണ്ടവിധമുള്ള പ്രതികരണങ്ങള്‍ കാണുന്നില്ല. ജനാധിപത്യത്തെത്തന്നെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. പ്രത്യേകിച്ചും സ്ത്രീകളെ സംബന്ധിച്ച്, അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെപ്പോലെ രാജ്യമെമ്പാടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സ്ത്രീ സംവരണം നടപ്പാക്കാന്‍ എന്തുകൊണ്ട് കഴിയുന്നില്ല?'

ചേര്‍ത്തുനിര്‍ത്തിയ കുടുംബം

2012-ലാണ് ഭര്‍ത്താവ് മരിച്ചത്. ഒരസുഖവും ഇല്ലായിരുന്നു. ഒരു പനി വന്നു. വൈറല്‍ ഫീവറാണെന്നു കരുതി. പക്ഷേ, ഹൃദയവാല്‍വിനു വിള്ളലുണ്ടെന്നു കണ്ടെത്തി. പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യുന്ന ആളല്ലായിരുന്നു. 'എന്റെ കരുത്ത് അദ്ദേഹമായിരുന്നു. അദ്ദേഹം കൂടെയില്ലായിരുന്നെങ്കില്‍ എനിക്കു പറ്റില്ലായിരുന്നു. കൊച്ചുകുട്ടിയെ കൈപിടിച്ചു കൊണ്ടുനടക്കുന്നതുപോലെത്തന്നെ എന്നെ കൊണ്ടുനടന്നു. എന്തു കാര്യത്തിലും, ഏതിലും ഫുള്‍ സപ്പോര്‍ട്ടായിരുന്നു. സിദ്ധനര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. ആ സംഘടനയിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരൊക്കെ തെരഞ്ഞെടുപ്പിലും പ്രവര്‍ത്തിക്കാന്‍  ഇറങ്ങും. ജനപ്രതിനിധിയും പാര്‍ട്ടി പ്രവര്‍ത്തകയും എന്ന നിലയിലുള്ള പല പരിപാടികളും തീരുമ്പോള്‍ രാത്രി വൈകും. എത്ര വൈകിയാലും മടുക്കാതെ അദ്ദേഹം കാത്തുനില്‍ക്കും. എന്റെ കുഞ്ഞുങ്ങള്‍ മൂന്നുപേരും എന്തുമാത്രം ബുദ്ധിമുട്ടിയിരിക്കുന്നു. പ്രസവിച്ച് അമ്പത്തിയാറ് കഴിയുന്നതിനു മുന്‍പേ ഇട്ടിട്ട് ഇറങ്ങും. ഒന്നിലും ഒരു  പരിധിയും വയ്ക്കാതെയാണ് ഓടിനടന്നത്. സ്ത്രീ എന്ന പരിഗണനയൊന്നും ഞാന്‍ സ്വയം കൊടുത്തിട്ടില്ല. അര്‍ദ്ധരാത്രിയിലൊക്കെയാണ് പ്രസംഗമൊക്കെ കഴിഞ്ഞു വരുന്നത്. ദൂരെ സ്ഥലങ്ങളിലാണ് പോകുന്നതെങ്കില്‍ ഒറ്റയ്ക്കു പട്ടത്തു വന്ന് ബസില്‍ ഇറങ്ങും. ഒരു യാത്രയിലും ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ജനപ്രതിനിധിയുടെ കാര്‍ഡ് കൈയിലിരിക്കുന്നത് വലിയ പ്രൊട്ടക്ഷനായിരുന്നു അത്തരം സന്ദര്‍ഭങ്ങളിലൊക്കെ. സ്നേഹവും ബഹുമാനവും കൊടുത്തതുകൊണ്ടുതന്നെ തിരികെയും കിട്ടിയിട്ടുണ്ട്.'

ഭാർ​ഗവി തങ്കപ്പൻ സമര രം​ഗത്ത് (പഴയ ചിത്രം)
ഭാർ​ഗവി തങ്കപ്പൻ സമര രം​ഗത്ത് (പഴയ ചിത്രം)

പാര്‍ട്ടി നാഷണല്‍ കൗണ്‍സില്‍ അംഗമായും സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറിയും രണ്ടുവട്ടം സംസ്ഥാന സെക്രട്ടറിയുമായിരുന്നു. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ (എന്‍.എഫ്.ഐ.ഡബ്ല്യു) ദേശീയ കൗണ്‍സില്‍ അംഗമായി. കശുവണ്ടിത്തൊഴിലാളി കേന്ദ്ര കൗണ്‍സില്‍ (എ.ഐ.ടി.യു.സി) വൈസ് പ്രസിഡന്റായിരുന്നു. ആ സ്ഥാനങ്ങളിലൊക്കെ ഇരുന്നു കഴിയുന്ന രീതിയിലൊക്കെ സംഘടനാപ്രവര്‍ത്തനം നന്നായി നടത്തി. ദേശീയ തലത്തിലൊക്കെ പ്രവര്‍ത്തിക്കാന്‍ പരിമിതിയുണ്ട്. എന്താന്നുവച്ചാല്‍, ജനപ്രതിനിധി ആയിരിക്കുമ്പോള്‍ ആ മണ്ഡലത്തിലെ ജനങ്ങളുടെ കാര്യങ്ങള്‍ പ്രധാനമാണ്. അതില്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ശരിയായ ജനപ്രതിനിധിയാകില്ല. 'അവര്‍ നമ്മളോട് കാണിക്കുന്ന സ്നേഹം, പ്രതീക്ഷ ഇതൊക്കെ കാണാതെ പോകാനാകില്ല. ജനപ്രതിനിധിയായിക്കഴിഞ്ഞാല്‍ പിന്നെ ഏതെങ്കിലും പാര്‍ട്ടിയുടെ ആളായല്ലല്ലോ പെരുമാറേണ്ടത്. വികസനപ്രവര്‍ത്തനങ്ങളിലും ജനങ്ങളുടെ ആവശ്യങ്ങളിലും രാഷ്ട്രീയ വ്യത്യാസം പാടില്ല. മനപ്പൂര്‍വം അതില്‍നിന്നു വിട്ടുനിന്നുവേണം പ്രവര്‍ത്തിക്കാന്‍. രാഷ്ട്രീയം മാത്രം കൈകാര്യം ചെയ്തു നടക്കുകയും ഇലക്ഷന്‍ വരുമ്പോള്‍ മാത്രം ആളുകളെ ഓര്‍ക്കുകയും ചെയ്താല്‍ പോരാ. അവരുടെ പ്രശ്നങ്ങള്‍ക്ക് ചെവി കൊടുക്കണം. എന്തുമാത്രം പ്രശ്നങ്ങളാണെന്നറിയാമോ? എത്രയേ പേര്‍ അതു കേട്ടിട്ടു മിണ്ടാതെ പോകുന്നുണ്ട്; അല്ലെങ്കില്‍ പേരിന് ഒരു കടലാസും വാങ്ങിക്കൊണ്ടു പോവുക മാത്രം ചെയ്യുന്നുണ്ട്. പിന്നെ ഒന്നും ചെയ്യില്ല. അതു ശരിയായ  രീതിയല്ല. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടണം. ജനപ്രതിനിധി ആയിക്കഴിഞ്ഞാല്‍ അവരെ നമ്മളിലൊരാളായി കണ്ടുകൊണ്ട് സ്നേഹിക്കുകയും അവരുടെ പ്രശ്നങ്ങളിലും പരാതികളിലും ഇടപെടുകയും വേണം. അതു സാധിക്കുന്നില്ലെങ്കില്‍ എന്തു

നിരാശയാണെന്നറിയാമോ' അവര്‍ മനസ്സുകൊണ്ടാണ് ചോദിക്കുന്നത്; അനുഭവസമ്പത്തിന്റെ കരുത്തുകൊണ്ടും.

കൊവിഡ് കാലത്തണ് ഗൗരിയമ്മ മരിച്ചത്. പോയിക്കാണാന്‍ കഴിഞ്ഞില്ല. നിയമസഭയില്‍ വച്ച് കാണുമ്പോഴൊക്കെ വലിയ സ്നേഹമാണ് അവര്‍ തന്നിരുന്നത്. മൂന്നു മക്കളാണ്. രണ്ടു പെണ്‍മക്കളും ഡോക്ടര്‍മാരാണ്. മകന്‍ ഐ.ടി സ്ഥാപനം നടത്തുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com